Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, May 27, 2006

വീട് വാങ്ങുമ്പോള്‍

നിങ്ങള്‍ക്ക് ഒരു വീട് വാങ്ങാനുള്ള ഗ്രഹനില ഒത്തുവന്നു എന്നു വിചാരിക്കുക. വീടു വാങ്ങുമ്പോള്‍ ശ്രദ്ധിക്കാനായി പലരും പലതും പറഞ്ഞുതരും, പല പുസ്തകങ്ങളും നിങ്ങള്‍ തലയും കുത്തി നിന്ന് വായിക്കും, തല പുകഞ്ഞ് ആലോചിക്കും. പക്ഷെ നിങ്ങള്‍ ഇങ്ങോട്ടൊന്ന് നോക്കാനുള്ള സന്മനസ്സ് കാട്ടിയാല്‍ നിങ്ങളുടെ വീട് വാങ്ങല്‍‍ ചിന്തകള്‍ക്ക് അല്പം ആശ്വാസമാകും.


1) വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ ഭൂതം, പ്രേതം എന്നിവ ഇല്ലെന്ന് ഉറപ്പ്‌ വരുത്തുക. കാരണം പിശാചും ചെകുത്താനും കുട്ടിപ്പിശാചുക്കളും താമസത്തിനെത്തിയാല്‍ അവര്‍ക്ക്‌ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ പ്രയാസം ആയിരിക്കും.

2)നിങ്ങളുദ്ദേശിക്കുന്ന വീടിന് ഒന്നിലധികം ഉടമസ്ഥന്മാര്‍ ഉണ്ടാവരുത്‌.
ഉദാഹരണത്തിന്, ഏട്ടന്റേയും അനിയന്റേയും ഉടമസ്ഥതയില്‍ ഉള്ള വീട്‌, സഹോദരിക്കും സഹോദരനും അവകാശമുള്ള വീട്‌, അമ്മയ്ക്കും മക്കള്‍ക്കും ഒരുപോലെ അവകാശമുള്ള വീട്‌ എന്നിവ. കാരണം, നിങ്ങള്‍ക്ക്‌ വീടു വിറ്റവര്‍ ഓരോരുത്തര്‍, എന്റെ വീടാ അവര്‍ വാങ്ങിയത്‌, എന്റെ വീടാ അവര്‍ വാങ്ങിയത്‌ എന്ന് മാറിമാറിപ്പറഞ്ഞാല്‍ നിങ്ങളുടെ പിറകേ നടക്കുന്ന ഇന്‍കംടാക്സ്‌കാര്‍ നിങ്ങള്‍ ടോട്ടല്‍ എത്ര വീട്‌ വാങ്ങി എന്നാലോചിച്ച്‌ “കണ്‍ഫ്യൂഷ്യസ്” ആവും. നിങ്ങള്‍ വീട് വാങ്ങിയതിന് ആ പാവങ്ങള്‍ എന്തു പിഴച്ചു?

3) ഓഫീസിനടുത്തുള്ള വീട്‌ വാങ്ങിയാല്‍ നിങ്ങള്‍ക്ക്‌ ഉപകാരവും ഉപദ്രവവും ഒരുപോലെ ഉണ്ടാവും. ഉപകാരം എന്താണെന്നു വെച്ചാല്‍, ഓഫീസ്‌ ടൈം കഴിഞ്ഞതും ഓടി വീടു പിടിയ്ക്കാം. സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ്‌ വീട്ടിലെത്തിക്കിട്ടിയാലേ നിങ്ങള്‍ക്ക്‌ വല്ലതും വിശപ്പകറ്റാന്‍ കിട്ടൂ.

ഉപദ്രവം എന്താണെന്നു വെച്ചാല്‍, ഉള്ള ലീവ്‌ എടുത്ത്‌ വീട്ടിലിരിക്കാം എന്ന് വെച്ചാല്‍ ഓഫീസുകാര്‍ സമ്മതിക്കില്ല. അവര്‍ ഓഫീസിലെ നിങ്ങളുടെ മേശപ്പുറത്തെ ഫയലൊക്കെ നിങ്ങളുടെ വീട്ടിലെ മേശപ്പുറത്തെത്തിക്കുന്ന ആത്മാര്‍ഥത കാണിച്ചുകളയും. അതുകൊണ്ട്‌ അതിനൊരു തീരുമാനം ആലോചിച്ച്‌ എടുക്കുക. ഒരു പോംവഴിയുണ്ട്‌. വീടുവാങ്ങിയ കാര്യം ഓഫീസിലെ ആരും അറിയാതെ സൂക്ഷിക്കുക.

4) വീട്‌ വലുതാണെങ്കിലും ചെറുതാണെങ്കിലും അതിനു പിന്‍വശത്ത്‌ ഒരു രണ്ടാം വാതില്‍ ഉറപ്പുവരുത്തുക. അല്ലെങ്കില്‍ മാജിക്ക്‌ പഠിക്കുക. കടക്കാരും, പിരിവുകാരും വരുമ്പോള്‍ അപ്രത്യക്ഷനാവാന്‍ നിങ്ങള്‍ മുന്‍പ് മാജിക്ക്‌ പഠിച്ചിട്ടുണ്ടാവില്ലല്ലോ.

5) വിമന്‍സ്‌ കോളേജിനടുത്ത്‌ ഒരിക്കലും വീട്‌ വാങ്ങരുത്‌. നിങ്ങള്‍ക്ക്‌ നയനസുഖം തരുമെങ്കിലും നിങ്ങളുടെ വീട്ടുകാരുടെ വസ്ത്രാനുകരണം കൊണ്ട്‌ നിങ്ങള്‍ കുത്തുപാളയെടുക്കും. നിങ്ങളുടെ വീട്‌ ഫാഷന്‍ മാഗസില്‍ പോലെ ആവും.

6) നിങ്ങള്‍ ഒരു പ്രകൃതിസ്നേഹിയാണെങ്കില്‍ എത്രയും വലിയ വീട്‌ വാങ്ങണം. പല്ലി, എട്ടുകാലി, പാമ്പ്‌, പഴുതാര, തവള തുടങ്ങിയവര്‍ക്കും ഒരിടം ആവും.

7)ഏറ്റവും പ്രധാനപ്പെട്ട കാര്യം. വാങ്ങുന്ന വീട്‌ ബാറിന് എത്രയും അകലെ ആയിരിക്കുന്നുവോ അത്രയും നല്ലത്‌. കാരണം ബാറിന് അടുത്താണെങ്കില്‍ നിങ്ങള്‍ സ്മോളില്‍ തുടങ്ങി ലാര്‍ജ്‌ ആവുമ്പോഴേക്കും “ഓര്‍മ്മയുണ്ടോ ഈ മുഖം? നിങ്ങള്‍ക്കിപ്പോള്‍ ഓര്‍മ കാണില്ല....ല്ലല്ലല്ല(എക്കോ) എനിക്കറിയാം” എന്ന ഡയലോഗ്‌ എഴുതിപ്പിടിപ്പിച്ച നിങ്ങളുടെ വീട്ടുകാരിയുടെ മുഖം ബാറിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും.

8) നിങ്ങള്‍ വീട് വാങ്ങുന്ന കാര്യം പത്രത്തില്‍ കൊടുത്ത് അറിയിക്കുക. ലോണ്‍ തേടി അലയേണ്ടി വരില്ല. നിങ്ങളെ അന്വേഷിച്ച് നിങ്ങള്‍ ഉള്ളിടത്ത് വന്നോളും.

16 Comments:

Blogger Visala Manaskan said...

പോസ്റ്റ് കൊള്ളാം. സൂ.

എന്റെ വീട് ബാറിന് തൊട്ടടുത്താണ്. വീട് ബാറിനടുത്ത് വച്ചതല്ല, ബാര്‍ വീടിനടുത്ത് വച്ചതായിരുന്നു.

ബാറിനടുത്ത് താമസിച്ചിരുന്നതുകൊണ്ട്, അവിടെ ജോലി ചെയ്തിരുന്ന സമയത്ത് അല്ലറ ഗുണങ്ങള്‍ ഉണ്ടായിരുന്നെനിക്ക്.

എന്നും പതിനൊന്നര നേരത്ത് ഞാന്‍ ‘ചേയ്ഞ്ച്‘ വാങ്ങാന്‍ എന്നുപറഞ്ഞ് മുങ്ങി വീട്ടില്‍ പോയി, പപ്പടം വറുത്തതും, കറി സാമ്പിളും മീന്‍ ഫ്രയുമൊക്കെ അടുക്കളിയില്‍ അമ്മയോട് വര്‍ത്താനം പറഞ്ഞ് ഒരു ‘സൈഡ് ’ ആയി തട്ടിയിരുന്നു.

Sat May 27, 04:44:00 pm IST  
Anonymous Anonymous said...

1. no one will buy your house

Sat May 27, 04:55:00 pm IST  
Anonymous Anonymous said...

സൂ ഇതൊക്കെ ആദ്യം പറഞ് തരണ്ടേ? -സു-

Sat May 27, 05:20:00 pm IST  
Blogger ബിന്ദു said...

ഞങ്ങള്‍ വീടു വാങ്ങാന്‍ ആലോചിക്കുന്ന കാര്യം സു എങ്ങനെ അറിഞ്ഞു?? ;)

Sat May 27, 06:27:00 pm IST  
Blogger പരസ്പരം said...

പോസ്റ്റ് കൊള്ളാം..തുടക്കം കണ്ടപ്പോള്‍ ഒരു വനിതയോ,ഗ്രഹലക്ഷ്മിയോ വായിക്കാന്‍ പോവുകയാണെന്നു തോന്നി.സ്വന്തമായി ഒരു വീട് തനിക്കിഷ്ടപ്പെടുന്ന രീതിയില്‍ വയ്ക്കുക എന്നത് പണക്കാരനെന്നോ പാ‍വപ്പെട്ടവനെന്നോ ഭേദമില്ലാതെ ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്.അതുകൊണ്ട് ഞങ്ങളെപ്പോലുള്ളവര്‍ ജീവിച്ച്‌ പോകുന്നു. ഇതുകൂടെ ചേര്‍ക്കാമായിരുന്നു....വീട് വയ്ക്കുമ്പോള്‍ ഒരു ജ്യോതിഷനെ മാത്രം കണ്‍സല്‍റ്റ് ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ മുറികളുടെ സ്ഥാനവും ഘടനയും മാറ്റികൊണ്ടേയിരുന്ന് അതൊരു പണിതീരാത്ത വീടായി നിലനില്‍ക്കും.

Sat May 27, 06:29:00 pm IST  
Blogger സു | Su said...

വിശാലമനസ്കാ :) നന്ദി.
ബാറുകാരന്‍ വായിക്കും കേട്ടോ. സാമ്പിള്‍ അടിയ്ക്കാന്‍ വീട്ടില്‍ പോയ കാര്യം.

സുനില്‍ :) വൈകിപ്പോയി. വീടു വാങ്ങിപ്പോയെങ്കില്‍ സാരമില്ല. ഇനി ഒന്നുകൂടെ ആവാം. ഇത് വായിച്ച് മനസ്സിലാക്കിയ വകയില്‍.

ബിന്ദു :) ആഹാ. ഉം. ഉപദേശത്തിന്റെ ഫീസ് തരണേ.

പരസ്പരം :) സ്വാഗതം. നന്ദി.

Sat May 27, 09:42:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

എനിക്ക് ഒരു കിലോമീറ്റര്‍ നടക്കണം, വീട്ടില്‍ നിന്ന് ബസ് കിട്ടാന്‍.. പരസ്പരം പറഞ്ഞ പോലെ വീട് പണിതു ഞങ്ങളും പഞ്ച വത്സര പദ്ധതി ആഘോഷിച്ചതാ!

എന്തായാലും ഇനി വാങ്ങുമ്പോള്‍ നോക്കാം...

:-)

Mon May 29, 10:52:00 am IST  
Blogger Sreejith K. said...

കലക്കി സൂ, ഇത്രേം ഉപദേശങ്ങള്‍ കൊണ്ട് നടക്കുന്ന ഒരാളാണ് സു എന്ന് അറിഞ്ഞില്ല. പോസ്റ്റ് ഞാന്‍ പ്രിന്റ് എടുത്ത് വയ്ക്കട്ടെ. ഇനി വീട് വാങ്ങുമ്പോള്‍ ഉപയോഗിക്കാമല്ലോ.

Mon May 29, 11:01:00 am IST  
Blogger സു | Su said...

ശനിയാ :) ബിന്ദുവിനോട് പറഞ്ഞത് ആവര്‍ത്തിക്കാം.
ഫീസ്.

ശ്രീജിത്തേ, ഇത്രേം ഉപദേശങ്ങളോ? ഇതൊക്കെ ഒരു ശതമാനം മാത്രമേ ആവുന്നുള്ളൂ. ഒക്കെ ശരിക്കും അനുസരിക്കണേ.

Mon May 29, 12:16:00 pm IST  
Blogger Satheesh said...

വനിതാ കോളെജിനടുത്ത് വീടുണ്ടായിരുന്ന ഒരു ഹതഭാഗ്യന്‍ എന്റെ ക്ലാസ്മേറ്റായി ഉണ്ടായിരുന്നു. അവന് ഏകദേശം ഒരു മുന്നൂറ് സുഹ്രുത്തുക്കളെങ്കിലും ഉണ്ടാവും എന്നാണു അവന്റെ അമ്മ പറഞ്ഞു കേട്ടത്. അതില്‍ 90% ആള്‍ക്കാരുടെയും പേരു പോലും അവനു അറിയില്ല എന്നതാണതിന്റ്റെ ദുരന്തം. ഈ സുഹ്രുത്തുക്കള്‍ മിക്കതും കോളെജു വിടുംബ്ലേക്കു ഇവന്റെ വീട്ടില്‍ ഹാജര്‍!

Tue May 30, 01:58:00 am IST  
Blogger Satheesh said...

ചെണ്ടയുടെ ണ്ട എങ്ങനെയാ എഴുതുക മാഷെ? I am using mozhi key map with Anjali font..

Tue May 30, 02:00:00 am IST  
Blogger രാജ് said...

സതീഷെ ഈ ലിങ്കൊന്നു നോക്കൂ ണ = N, ട = T എന്നിങ്ങനെയാകുമ്പോള്‍ ണ്ട = NT എന്നിങ്ങനെയെല്ലാം ഊഹിച്ചെടുക്കേണ്ടിയിരിക്കുന്നു. Nt and nT will also work.

Tue May 30, 02:21:00 am IST  
Blogger Adithyan said...

ലേഡീസ്‌ ഹോസ്റ്റലിനടുത്തുള്ള വീട്‌ ആരാ വില്‍ക്കുന്നേന്നാ പറഞ്ഞെ?
ആ വീട്‌ വാങ്ങി ത്യാഗം സഹിക്കാന്‍ ഞാന്‍ റെഡിയാണേയ്‌ ;-)

Tue May 30, 06:49:00 am IST  
Blogger സു | Su said...

സതീഷിനു സ്വാഗതം :)
chenTa, maNtan, kaNtu, maNti.
ചെണ്ട, മണ്ടന്‍, കണ്ടു, മണ്ടി.

ഒക്കെ പെരിങ്ങ്സ് മാഷ് പറഞ്ഞില്ലേ ;)

ആദിയേ,
ആരും വില്‍ക്കുന്നില്ല. ഇനി വാങ്ങണം എന്നുണ്ടെങ്കില്‍ പരസ്യം അങ്ങനെ ചെയ്താല്‍ മതി കേട്ടോ.

Tue May 30, 12:08:00 pm IST  
Blogger Unknown said...

ഇതു കൊള്ളാം സു.
ആ ഒന്നാം നമ്പ്ര കാര്യം: വീടുകളിലെ ഭൂതം പ്രേതം ഇത്യാദി സംഗതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് “ഊര്‍മ്മിളാ മാഡം ഡക്കറിനെയോ, രാമകോവാല വര്‍മ്മനെയോ” സമീപിച്ചാല്‍ മതിയാകും എന്നു കൂടി ചേര്‍ത്താല്‍ ഗ്ലാമര്‍ കൂടിയേനേ..

Wed May 31, 05:44:00 am IST  
Blogger സു | Su said...

വഴിപോക്കന്‍ :) അതെ. അക്കാരണം കൊണ്ട് തന്നെ ബാറിനടുത്ത് വീട് വാടകയ്ക്ക് എടുത്താലോന്ന് ഒരു ആലോചനയുണ്ട്. ഒക്കെ പഠിച്ച് വീട് മാറാമല്ലോ.

യാത്രാമൊഴി :) ഞാന്‍ തന്നെ വിശദമായി പറഞ്ഞുകൊടുക്കും.

Wed May 31, 07:48:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home