നിന്റെ തല
ഏപ്രില്‍ മേയ് മാസങ്ങളിലാണ് പല മഹത്തായ സംഭവങ്ങളും അരങ്ങേറുന്നത്. വിഷു, മെഗാ-സൂപ്പര്‍സ്റ്റാര്‍ റിലീസുകള്‍, ഉത്സവങ്ങള്‍ എന്നിവ. ഇതുകൂടാതെ ഉള്ള കാര്യങ്ങള്‍ ഒന്ന് പരീക്ഷയും പിന്നൊന്ന് കല്യാണങ്ങളും ആണ്. ചിലര്‍ കല്യാണം, പരീക്ഷ പോലെ എടുക്കും. അങ്കലാപ്പില്‍ നടക്കും. ചിലര്‍ പരീക്ഷ കല്യാണം പോലെ എടുക്കും. ആര്‍മാദിച്ച് നടക്കും. എന്റെ അച്ഛനും അമ്മയ്ക്കും, മോളു പഠിച്ച് ജില്ലാകലക്ടര്‍ ആയിക്കാണണം എന്ന് ആഗ്രഹമില്ലാതിരുന്നതുകൊണ്ടും അവരുടെ മോള്, സിനിമാപോസ്റ്ററുകള്‍ വീക്ഷിക്കുന്ന നേരത്തിന്റെ അത്രയും ടൈം എങ്കിലും പുസ്തകങ്ങളിലും നോക്കണമെന്ന് മാത്രം കരുതിയത് കൊണ്ടും പരീക്ഷകളൊന്നും എനിക്ക് പരീക്ഷണങ്ങള്‍ അല്ലായിരുന്നു. എല്ലാ പരീക്ഷകളിലും നൂറും ഇരുന്നൂറും മുന്നൂറും ശതമാനം അടിച്ച് ഇനിയും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ കൊണ്ടുവാ എന്ന് പരീക്ഷകരെ വെല്ലുവിളിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കും കസിന് സഹോദരീ സഹോദരങ്ങള്‍ക്കും ഇടയില്‍ "അവളെക്കണ്ട് പഠിയ്ക്ക്" എന്ന് നാട്ടുകാരെക്കൊണ്ട് "പറയിപ്പിക്കാതെ” ഞാന്‍ പറമ്പിലെ മരങ്ങളേയും, മരക്കൊമ്പുകളേയും, പക്ഷിമൃഗാദിഉറുമ്പുകളേയും സ്നേഹിച്ച് ജീവിച്ച് പോന്നു.
അങ്ങനെ ഡിഗ്രിപ്പരീക്ഷയും ബസ്സമരവും സയാമീസ് ഇരട്ടകളായി ജനിച്ചു. സമരം കാരണം പരീക്ഷ നീട്ടിയിരുന്നെങ്കില്‍ നാലുബുക്കു കൂടെ കരണ്ട് തിന്നാമായിരുന്നു എന്ന് വിചാരിക്കുന്ന പഠിപ്പിസ്റ്റുകള്‍ക്കും, സമരം കാരണം പരീക്ഷയേ ഇല്ലായിരുന്നെങ്കില്‍, എന്ന് പ്രാര്‍ത്ഥിച്ചിരുന്ന ഉഴപ്പിസ്റ്റുകള്ക്കും ഇടയില്‍ ദൈവത്തെപ്പോലെ നിസ്സംഗയായി ഞാന്‍ നിലകൊണ്ടു.
ഹാള്‍ ടിക്കറ്റ് വാങ്ങുന്ന ദിനം വന്നു. ചേച്ചിയ്ക്ക് അകമ്പടി സേവിക്കാന്‍ നറുക്ക് വീണത് സഹോദരിയ്ക്ക് തന്നെ ആയിരുന്നു. ഉറുമ്പ് തൊട്ട് ഉടുമ്പ് വരേയും, മൈന തൊട്ട് ചൈന വരേയും, ലാലേട്ടന് തൊട്ട് "കാലേ"ട്ടന് വരേയും ഉള്ള എന്തിനെപ്പറ്റിയും വാചാലയാകുന്ന ചേച്ചിയ്ക്ക് അകമ്പടി സേവിക്കാന്‍ കിട്ടുന്നത് രാജ്യസഭയിലേക്ക് നോമിനേഷന് കിട്ടുന്നപോലെയാണ്. അതുകൊണ്ട് അവള്‍ക്ക് നറുക്ക് വീണതില്‍ നിരാശപ്പെട്ട് , ഒരിക്കല്‍ ഞങ്ങള്‍ക്കും നറുക്ക് വീഴും എന്നാശ്വസിച്ച് നില്ക്കുന്ന ബാക്കി കസിന്‍സിന്റെ മുന്നില്‍ക്കൂടെ ആദ്യമായി വിദേശപര്യടനത്തിനു ഇറങ്ങുന്ന ദമ്പതികളെപ്പോലെ ആഹ്ലാദവും ആശങ്കയും ഒരുമിച്ച് ഉള്ളില്‍ വെച്ച് ഇറങ്ങി.
ബസ് കിട്ടുമോന്ന് അറിയില്ലല്ലോ. വരുന്നിടത്ത് വെച്ച് ഓടാം എന്നല്ലാതെ എന്ത് പറയാന്‍. ബസ് സ്റ്റോപ്പിലെത്തി. കുറച്ച് നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു ബസ് വന്നു. അതിന്റെ ഉള്ളിലേക്ക് നോക്കിയപ്പോള്‍ അപൂര്‍വ്വം കാണുന്ന, വിദേശികള്‍ പുറകില്‍ തൂക്കിയിടുന്ന ബാഗ് ആണ് എനിക്കോര്‍മ്മ വന്നത്. ഈ ലോകത്തുള്ള സകലമാനവസ്തുക്കളും കുത്തിനിറച്ച ഒരു സാധനം. ബസും അതുപോലെ തന്നെ. നീ കയറുമെങ്കില്‍ ഞാനും കയറണമല്ലോ എന്ന ഭാവത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി. കിളി ആണെങ്കില്‍, മിസ്സുകളേ നിങ്ങള്‍ കേറാന്‍ താമസിച്ചാല്‍ അടുത്ത സ്റ്റോപ്പിലുള്ള ആള്ക്കാര് ‘മിസ്സ്’ ആകും എന്ന മട്ടില്‍ തിരക്കിത്തുടങ്ങി. കിളി പുറത്തിറങ്ങി നിന്ന് അകത്തേക്ക് ‘ഗെറ്റ് ഔട്ട് ’ അടിച്ചു. ഇസ്തിരിക്കാരന്‍ അടുക്കിവെച്ച് നടുവില്‍ നിന്ന് വലിക്കപ്പെടുന്ന ഡ്രെസ്സുകളെപ്പോലെ കുറേ ആള്ക്കാര് ഓരോ സ്റ്റോപ്പ് വരുമ്പോഴും ഇറങ്ങിപ്പോകുന്നു. അതിലും കൂടുതല്‍ ആള്ക്കാര് ഭഗവാന്റെ മേല്‍ വീഴുന്ന പൂവുപോലെ വന്ന് ഞങ്ങളുടെയൊക്കെ മേലു വീഴുന്നുമുണ്ട്.
അങ്ങനെ അതിനകത്ത് കിടന്ന് മണ്ചട്ടിയിലിട്ട മലരുപോലെ പൊരിയുന്ന സമയത്ത് ഒന്ന് പുറകോട്ട് നോക്കിയപ്പോഴാണ് കീറിയ ഓലമറയ്ക്കുള്ളില്ക്കൂടെ വരുന്ന പ്രകാശം പോലെ രണ്ടുകണ്ണുകള് എന്നെ നോക്കുന്നത് കണ്ടത്. ഞാന്‍ നോക്കിയതും ആ കണ്ണിന്റെ സോള്‍ പ്രൊപ്രൈറ്റര്‍, ദമയന്തിയെക്കണ്ട നളനെപ്പോലെ പുഞ്ചിരിച്ചു. അവന്റെ വേഷം കണ്ടിട്ട് എനിക്കൊരു തകരാറും തോന്നിയില്ല. അടിപൊളി തന്നെ. ഇനി അവന്റെ തലയ്ക്കുള്ളിലെ മിക്സിയുടെ വാഷര്‍ കേടായിട്ട് തിരിയാത്തതാണോ ഈശ്വരാ എന്ന് ഞാന്‍ ചിന്തിച്ചു. പരീക്ഷ, ബസ് സമരം, ഉത്സവങ്ങള്‍ , ലാലേട്ടന്റെ വിഷു റിലീസുകള്‍ എന്നിങ്ങനെ പലതുംകൊണ്ട് , സര്‍ക്കാരാഫീസിലെ പൊടിപിടിച്ച ഷെല്‍ഫുപോലെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന മനസ്സില്‍ അവനും ഡൌണ്‍ലോഡ് ആയി. അവനെ എന്റെ മെമ്മറിയിലെ അഡ്രസ്സ് ബുക്കില്‍ സേര്ച്ചിനിട്ടു. ബസിലും റെയില്‍വേസ്റ്റേഷനിലും, ഷോപ്പിങ്ങ് കോമ്പ്ലക്സുകളിലും ഒന്നും വെച്ച് പെണ്ണറിയാതെ പെണ്ണ് കാണുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലാത്തതുകൊണ്ട് അതിനും ചാന്‍സ് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ബസ് അവിടെ നിര്‍ത്തിച്ചേനെ. പിന്നെ എന്ത് പരീക്ഷ? എന്ത് ഹാള്‍ട്ടിക്കറ്റ്?
ഞാന്‍ അനിയത്തിയോട് പറഞ്ഞില്ല. അവളു പരിഭ്രമിച്ച്, ഞാന്‍ പരിഭ്രമിച്ച്, ഒക്കെ ആയാല്‍ അതൊരു മെഗാസീരിയസ് ആയിപ്പോകും. ഒരുവിധത്തിലും സേര്‍ച്ചിയിട്ടും അവനെ എനിക്ക് മനസ്സിലായില്ല. അവന്റെ മുഖത്ത് കണ്ട പുഞ്ചിരി എന്റെ മനസ്സിലിട്ട് ഫില്‍ ഇന്‍ ദ ബ്ലാങ്കസ്യ എന്ന മട്ടില്‍ ഞാന്‍ നിന്നു. ഭഗവാനു പാര ആയ ( ഭഗ്വാന് കോ പ്യാരാ ഹോഗയാ എന്ന് രാഷ്ട്രഭാഷ ഹേ) അവന്റെ ഏതെങ്കിലും സ്വന്തക്കാരുടെ ഛായ എന്റെ മുഖത്ത് ദര്‍ശിച്ച് പ്രേതത്തെ കണ്ടപോലെയുള്ള ഒരു പുഞ്ചിരിയല്ലേ ഞാന്‍ കണ്ടത് എന്നൊരു വഴിത്തിരിവില്‍ ഞാന്‍ എത്തിച്ചാരിനിന്നു. ആ സഹതാപതരംഗത്തില്പ്പെട്ട് ബസ് പാസിലെ ഫോട്ടോ അവന്റെ വീട്ടില്‍ മാലയിട്ട് തൂക്കാന്‍ കൊടുക്കാന്‍ വരെ എന്റെ ലോലഹൃദയം തയ്യാറായി. ഏതോ ഒരു വീടിന്റെ ചുമരില്‍ ഫോട്ടോയില്‍ മാലയുമിട്ട് കിടക്കുന്ന രംഗം മനസ്സിലോര്‍ത്ത് എനിക്ക് രോമാഞ്ചം വന്നു. കണ്ണും മൂക്കും തുടയ്ക്കാന്‍ കൈ ഒഴിവില്ലാത്തതുകൊണ്ട് കരച്ചിലിനു ഞാന്‍ അവധി കൊടുത്തു.
അങ്ങനെ ഓവനിലിരിക്കുന്ന ബട്ടര്‍ ബിസ്ക്കറ്റുപോലെ പാകം വന്ന്, പെട്ടിയില്‍ പൂട്ടിക്കിടന്ന അവാര്‍ഡ് പടം വിതരണക്കാരനെക്കിട്ടി റിലീസ് ആവുന്നത് പോലെ ഞങ്ങള്‍ ബസില്‍ നിന്നും പുറത്തെത്തി വെളിച്ചം കണ്ടു. ആശ്വസിക്കുമ്പോഴേക്കും ശ്വാസം നിന്നു. പിന്നില്‍ ദേ അവനും ഇറങ്ങിയിട്ടുണ്ട്. നേരെ വന്ന് " എന്താ കോളേജൊന്നും ഇല്ലല്ലോ. ബസ് സമരമായിട്ട് എങ്ങോട്ടിറങ്ങിയതാ " എന്ന് ചോദിച്ചു. അതു കേട്ടതും കളരിപരമ്പരദൈവങ്ങളേയും മറ്റുള്ള ദൈവങ്ങളെയും ഒന്നും ഓര്‍ത്ത് സമയം പാഴാക്കാന്‍ നില്‍ക്കാതെ “നിന്റെ തലയിലേക്ക്" എന്ന് പറഞ്ഞു. അവന് ശരിക്കും ഞെട്ടി. ബസ് സ്റ്റോപ്പില്‍ നിന്ന് കോളേജിലേക്ക് കുറച്ച് ദൂരം ഉണ്ട്. ഞങ്ങള്‍ വേഗം ഓട്ടോയില്‍ കയറി. അവള് ചോദിച്ചു ആരാ അയാള്‍ , നിന്റെ തല എന്നു പറഞ്ഞത് എന്തിനാ എന്ന്. ഞാന്‍ സംഭവം പറഞ്ഞു. ഹാള്‍ട്ടിക്കറ്റും വാങ്ങി മടങ്ങി.
പരീക്ഷ തുടങ്ങി. അവസാന ദിവസം ആയി. അന്ന്, പരീക്ഷ കഴിഞ്ഞില്ലേ, ബസ് സ്റ്റോപ്പ് വരെ നടക്കാം എന്ന് എല്ലാവരും കൂടെ തീരുമാനിച്ചു. നടന്ന് ബസ് സ്റ്റോപ്പിനടുത്ത് എത്താറായപ്പോള്‍ പുതുതായി തുടങ്ങിയ ഒരു കടയില്‍ അവന്! ഇനി ബസ് വരുന്നതുവരെ അവന്റെ കഥ പറയാം എന്ന് വിചാരിച്ച് ഞാന്‍ വായ തുറന്നപ്പോഴേക്കും ഒരു കൂട്ടുകാരി പറഞ്ഞു, ആ നില്‍ക്കുന്നത് അവളുടെ ഒരു ബന്ധു ചേട്ടന് ആണെന്ന്. എഴുതിയ പരീക്ഷ ഒന്നുംകൂടെ നടത്തും എന്ന് കേട്ടാല്‍പ്പോലും ഞെട്ടാത്ത ഞെട്ടല്‍ ഞാന്‍ ഞെട്ടി. അവന് ഞങ്ങളെ ഒരുമിച്ച് കണ്ടിട്ടുണ്ടാവും. അതായിരിക്കും ലോഗ്യം പറയാന്‍ വന്നത് എന്ന് എനിക്കു മനസ്സിലായി. ഞാന്‍ അവളോട് പറഞ്ഞു അവനെ കണ്ട കാര്യവും തര്‍ക്കുത്തരം പറഞ്ഞ കാര്യവും.
പിന്നെപ്പിന്നെ ആരു ചിരിച്ചാലും ഞാന്‍ ഐഡി തപ്പിയെടുക്കാതെ ആയി. മറ്റുള്ളവര്‍ക്ക് വെറുതേ കൊടുക്കാന്‍ കഴിയുന്ന നമ്മുടെ പക്കലുള്ള വിലയുള്ള ഒന്നാണു പുഞ്ചിരി എന്ന് മനസ്സിലാക്കി. തര്‍ക്കുത്തരം ഇല്ലാതെ ഉത്തരങ്ങളും നല്‍കിത്തുടങ്ങി.
(ഈ പോസ്റ്റ് , ഈ ബ്ലോഗ് വായിക്കുന്ന, അച്ഛമ്മ മുതല്‍ 4 വയസ്സുകാരന്, എന്റെ കസിന്റെ മകന് അപ്പു വരെയുള്ള, ഒരുപാട് പേരുള്ള, സ്നേഹം നിറഞ്ഞ എന്റെ അച്ഛന് വീട്ടുകാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു )
25 Comments:
"കിളി പുറത്തിറങ്ങി നിന്ന് അകത്തേക്ക് ‘ഗെറ്റ് ഔട്ട് അടിച്ചു.“യെനിക്ക് വയ്യ!! മൊത്തം ആര്‍ഭാടം!
സൂ ഒരു മുട്ടന്‍ സിനിമാഭ്രാന്തത്തി ആണല്ലേ?സിനിമാ ഉപമകള്‍ രസിച്ചു. എന്നാലും എനിക്കേറ്റവും ഇഷ്റ്റപെട്ട വരികളള്‍ ‘പിന്നെപ്പിന്നെ ആരു ചിരിച്ചാലും ഞാന്‍ ഐഡി തപ്പിയെടുക്കാതെ ആയി. മറ്റുള്ളവര്‍ക്ക് വെറുതേ കൊടുക്കാന്‍ കഴിയുന്ന നമ്മുടെ പക്കലുള്ള വിലയുള്ള ഒന്നാണു പുഞ്ചിരി എന്ന് മനസ്സിലാക്കി. തര്‍ക്കുത്തരം ഇല്ലാതെ ഉത്തരങ്ങളും നല്‍കിത്തുടങ്ങി.“ ആണ്. എന്താന്ന് അറീല്ല, ഒരു വല്ലാത്ത ഇഷ്ടം:)
സു സുഖമായിരിക്കൂ.
ആ അവസാനത്തെ ഖണ്ഠിക ഒന്നാന്തരം.
ഒപ്പം പോസ്റ്റും.
നല്ല പോസ്റ്റിങ്ങായിട്ടുണ്ട് സൂ. ഉപമകള്‍ രസകരം.
കണ്ണുകളുടെ സോള്‍ ഓപ്പറേറ്റര്‍.. നളന് ദമയന്തി യെക്കണ്ടപോലെ.. നൈസ്.
നല്ല പോസ്റ്റ് സൂ
വായിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് .....അടിപൊളിയായിരിക്കുന്നു.
കൊറേ നാളായി, ഈ വഴിക്കൊന്നും എറങ്ങന് പറ്റാറില്ല. എന്തായാലും ഇന്നന്നെ പോന്നത് വെറുത്യായില്ല. സുന്റെ കഥ ഇഷ്ടായി.
ദൈവമേ.. കൂട്ടുകാരിയുടെ ചേട്ടന് ആയിരുന്നൊ അത്?? ഇതു പോലെ തിരിച്ചും പറ്റാം ചിലപ്പോള്‍, പരിചയം ഉള്ള ആരെങ്കിലും ആവും എന്നു കരുതി ചിരിച്ചു പിന്നെ കുരിശായി മാറുന്നതും ;)
സൂ, വളരെ നല്ലപോസ്റ്റ് -സു-
നന്നായിട്ടുണ്ട്. പക്ഷെ, ഉപമകള്‍ കൂടിയത് ഇത്തിരി കൃത്രിമത്വം അനുഭവപ്പെടുത്തുന്നു. മനപ്പൂര്‍വ്വമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മുതിര്ന്നില്ലെ എന്ന് സംശയം.
കൊള്ളാം സൂ.. കിളി പുറത്തുനിന്നും അകത്തേക്ക് ഗറ്റൌട്ടടിച്ചതും, മിസ്സുകളേ നിങ്ങള്‍ താമസിച്ചാല്‍ അടുത്ത സ്റ്റോപ്പിലെ ആള്ക്കാര് മിസ്സാകും....... കൊള്ളാം
രേഷ് :) നന്ദി. ഞാന്‍ രേഷിനെ കാണുമ്പോള്‍ ഒരു പുഞ്ചിരി തരും. അപ്പോള്‍ തിരിച്ചും തരും. ഞാന്‍ പിന്നേം പുഞ്ചിരിക്കും. പിന്നേം തിരിച്ച് തരും. ഞാന്‍ പിന്നേം... എന്തെങ്കിലും പറയൂ സൂ എന്ന് രേഷ് പറയും. ഞാന്‍ തോളുവെട്ടിച്ച് കാണിക്കും. ഓ...എനിയ്ക്കതൊക്കെ ഓര്‍ക്കുമ്പോള്‍...
വര്‍ണം :)വല്യ തിരക്കില്‍ ആയിരുന്നു അല്ലേ?
വിശാലന് :)
കലേഷ് :)
തണുപ്പാ :)
കെവിന് :) സന്തോഷമായി. ഇടയ്ക്കൊക്കെ വരണം ഈ ബ്ലോഗിലേക്ക്.
ബിന്ദു :) അനുഭവം ഗുരു ആണോ ;)
സുനില്‍ :)
വക്കാരീ :) നന്ദി.
ആനക്കൂടാ :)കറിവേപ്പില കറികളിലൊക്കെ വിലസിയിട്ട് കാണുമ്പോള്‍ ചേട്ടന് ചോദിക്കും നീ കറിവേപ്പിലത്തോട്ടം കാണാന്‍ പോയിരുന്നോ എന്ന്. ഉള്ളപ്പോള്‍ ഇട്ടുനിറയ്ക്കുക. അതുപോലെ ഉപമയും പിന്നേയ്ക്ക് വെക്കാതെ നിറച്ചതാ. ബോറായി അല്ലേ?
ഹഹ! സൂവേച്ചി വിവരണം കൊള്ളാം..
പണ്ടു ഇങ്ങിനെ ആളുകള്‍ നോക്കി ചിരിക്കുമ്പൊ ഞാന്‍ കരുതുമായിരുന്നു,ദേ! ഈ അങ്കിളു ചിരിക്കുന്നു,അമ്മേനെം അപ്പനേം അറിയാമായിരിക്കും എന്നു.എനിക്കു വയ്യ!
എത്ര വായില്നോക്കികള്ക്കു ഞാന്‍ ചിരി തിരിച്ചു കൊടുത്തിണ്ടോന്നു ചോദിച്ചാല്‍..ഹൊ! കുറേ ടൈം പിടിച്ചു അതു കത്താന്‍..
സൂ ഇതു വളരെ രസകരമായി പറഞ്ഞിരിയ്ക്കുന്നു :-)
വക്കാരി പത്രക്കാരെ കാണുന്നതു പോലെയാണു സൂ പ്രൈവറ്റു ബസിലെ കിളികളെ കാണുന്നതല്ലെ? :-) ഇടയ്ക്കിടയ്ക്ക് അവര്‍ക്കിട്ടു നല്ല കൊട്ടുന്നതു കാണാം... :-)
ആരെക്കണ്ടാലും എനിക്കു ഭയങ്കര മര്യാദയാ . കാരണം വേറൊന്നുമല്ല, ആളുകളേ മറന്നു പോകും. മുഖം മാത്രം മിക്കവാറും മറന്നു പോകും ആളുകളെ ഓര്‍മ്മ കാണും.
ആദ്യമൊക്കെ "ഹല്ലോ ഇതാരാ ദെത്ര കാലമായി, ഇപ്പോ എവിടാ, കുട്ടികളെത്ര, കുറച്ചു തടി വച്ചല്ലോ, ഫോണ്‍ നമ്പര്‍ എന്റെ പഴയ മൊബൈല്‍ കളഞ്ഞു പോയപ്പോ പോയി" എന്നൊക്കെ പറഞ്ഞിട്ട് ആളു പോകുമ്പോ "അത് ആരാണോ ആവോ" എന്നു പറയുമ്പോ ഭാര്യ "എന്തൊരു മര്യാദകേട്" എന്നൊക്കെ പറയുമായിരുന്നു. ഇപ്പോ എന്റെ നിസ്സഹായാവസ്ഥ മനസ്സിലായി വിദ്യക്ക്
എല്‍ ജീ :) ഹി ഹി
വഴിപോക്കന് :) അങ്ങനെയൊരു പെണ്ണുകാണല്‍ ഇല്ല.
ആദി :) കിളികള്‍ കേള്‍ക്കണ്ട.
സൂ
വളരെ മനോഹരമായിരിക്കുന്നീ വിവരണം.
നന്നായി ആസ്വദിച്ചു.
മറ്റുള്ളവര്‍ക്ക് വെറുതേ കൊടുക്കാന്‍ കഴിയുന്ന നമ്മുടെ പക്കലുള്ള വിലയുള്ള ഒന്നാണു പുഞ്ചിരി എന്ന് മനസ്സിലാക്കി
എന്റെ നല്ലോരു ത്രെഡ് സൂ കൊത്തി കൊണ്ടുപോയി :)
ദേവന് :)
ഇബ്രു :)
സു, വായിച്ചു കുറെ ചിരിച്ചു.. ഒര്‍ത്തു വീണ്ടും ചിരിച്ചു..
തര്‍ക്കുത്തരത്തിനു ഏറ്റവും പറ്റിയ വാക്കു..
മുല്ലപ്പൂവേ :)
മൈ ഹെഡ് - എന്റെ തല, വീട്ടീപ്പോയാ അച്ഛന്റെ തല, സ്കൂളീപ്പോയാ ടീച്ചര്‍ടെ തല...
തലപുരാണം കലക്കി!
“സിനിമാപോസ്റ്ററുകള്‍ വീക്ഷിക്കുന്ന നേരത്തിന്റെ അത്രയും ടൈം എങ്കിലും പുസ്തകങ്ങളിലും നോക്കണമെന്ന് മാത്രം കരുതിയത് കൊണ്ടും “
“വരുന്നിടത്ത് വെച്ച് ഓടാം എന്നല്ലാതെ എന്ത് പറയാന്‍“
“നീ കയറുമെങ്കില്‍ ഞാനും കയറണമല്ലോ എന്ന ഭാവത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി“
“ഇസ്തിരിക്കാരന്‍ അടുക്കിവെച്ച് നടുവില്‍ നിന്ന് വലിക്കപ്പെടുന്ന ഡ്രെസ്സുകളെപ്പോലെ “
അത് കലക്കി!
ഉപമകള്‍ക്ക് സൂവിനേക്കഴിഞ്ഞേ ആളുള്ളൂ.. :-)
ശനിയാ :) അഹോ രൂപമഹോ സ്വരം ആണോ? ;)
പ്രിയ സു,
വായിച്ച് കഴിഞ്ഞപ്പോള്‍ പരിചയമുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ കേറി മുട്ടാനുള്ള ആവേശം ഒന്ന് കുറഞ്ഞില്ലേ എന്ന് സംശയം. എല്ലാവരും ബൂലോകം വായിച്ച് കാണില്ലല്ലോ...
ഇനി അവരെങ്ങാനും അനിയത്തി പ്രാന്തത്തിയുടെ ഗാങ്ങില്പ്പെട്ടവരാണെങ്കില് മാനവും പോകും. എങ്കിലും ചില കുട്ടികളെ കാണുമ്പോള്‍....റിസ്ക്കാണ് എങ്കിലും....
ദില്ബാസ് മാഷേ, അത് കലക്കി! അധികം മുട്ടാതിരിക്കുന്നതു തന്നെയല്ലേ ആരോഗ്യത്തിനു നല്ലത്? ഇല്ലെങ്കില്‍ ആരെങ്കിലും ദില്‍-ബാസിന്റെ ട്രെബിള്‍ കൂട്ടി സ്പീക്കറടിച്ചു കളയും.. ;-)
(തമാശ പറഞ്ഞതാണേ.. ഞാന്‍ ഓടി ;))
ദില്ബാസുരന് :) സ്വാഗതം. വെറുതേ മുട്ടിനോക്കി ബുദ്ധിമുട്ടുണ്ടാക്കേണ്ട.
ശനിയാ :)അതെ അങ്ങനെ ഉപദേശിക്കൂ.
കൊള്ളാം.....നല്ല പോസ്റ്റ്
Post a Comment
Subscribe to Post Comments [Atom]
<< Home