ചേട്ടന് തിരക്കിലാണ്!
തിരക്കാ തിരക്കാ...ന്നു മാത്രം ഒരു മന്ത്രമുണ്ട് ചിലപ്പോള്‍. ഫുട്ബോള്‍ തുടങ്ങിയതില്‍പ്പിന്നെ ഒരു തിരക്കും ഞാന്‍ കണ്ടിട്ടില്ല. വൈകുന്നേരം വേഗം വരുന്നു. ചായയൊക്കെ കുടിച്ച് പെണ്ണ് കാണാന്‍ ചെറുക്കന്‍ വീട്ടുകാര് വരുന്നത് പോലെ പ്രതീക്ഷയില്‍ ഇരിക്കുന്നു. മാച്ച് തുടങ്ങിയാല്‍പ്പിന്നെ ദിനോസര്‍ (ഞാന്‍ അല്ല) വന്ന് മുന്നില്‍ നിന്നാല്‍പ്പോലും ‘ഒന്നങ്ങോട്ട് മാറി നില്‍ക്കുന്നുണ്ടോ’ എന്ന് ചോദിക്കും. അങ്ങനെ ഉക്രെയിനും സ്പെയിനും കളി തുടങ്ങി. ഞാന്‍ അടുക്കളയില്‍ പാചകത്തിരക്കില്‍ ആയിരുന്നു. ഇടയ്ക്ക് റെയിഞ്ച് വന്ന മൊബൈലു പോലെ ഓരോന്നൊക്കെ കേള്‍ക്കാം. അതു ടി.വി യില്‍ പരസ്യം വരുമ്പോള്‍ ചാനല്‍ മാറ്റി വെച്ച് എന്നോട് മിണ്ടിയേക്കാം എന്ന് കരുതുന്നതാണ്. ഇടയ്ക്കിടയ്ക്ക് ‘അയ്യെ ഛെ, പിന്നെ പാമ്പ് ചീറ്റുന്നത് പോലെ ശ്ശ്ശ്... എന്നൊക്കെ കേള്‍ക്കാം. കേട്ടാല്‍, മാച്ചിനിറങ്ങിയവരുടെ കോച്ച് ;) ഇയാള്‍ ആണെന്നു തോന്നും. പഠിപ്പിച്ച് അങ്ങോട്ട് വിട്ടിരിക്കുകയല്ലേ കളിക്കളത്തിലേക്ക്.
പാചകം കഴിഞ്ഞ് കുറച്ച് ടി.വി യിലേക്ക് കണ്ണും നട്ട് ഇരുന്നു. മരുഭൂമിയിലെ മഴ പോലെ, ചാനല്‍ മാറ്റുമ്പോള്‍ മറ്റു ചാനലില്‍ കിട്ടുന്ന പരസ്യങ്ങളിലും നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ്, ഇന്ന് അത്താഴം നേരത്തെ ആയേക്കാം എന്നു കരുതി ഒക്കെ ചൂടോടെ കൊണ്ടുവെച്ചു. വെക്കുമ്പോള്‍ ‘അങ്ങോട്ട് നില്‍ക്ക്, മുന്നില്‍ നില്‍ക്കാതെ’ എന്നൊക്കെ പറഞ്ഞു. ഞാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്നിട്ടും അനങ്ങുന്നില്ല. ഭക്ഷണം തൊടാന്‍ ഭാവമില്ല. ഈ ഫുട്ബോള്‍ ഉണ്ടെങ്കില്‍ മനുഷ്യര്‍ക്ക് ഭക്ഷണം വേണ്ടി വരില്ലെങ്കില്‍ എന്നും ഫുട്ബോള്‍ ആയാല്‍ ഇവിടെ പട്ടിണി പട്ടിണി എന്ന് പറയേണ്ടി വരില്ലല്ലോ എന്ന് പോലും ഞാന്‍ സംശയിച്ചു. അതിനിടയ്ക്കാണു അതുണ്ടായത്. ‘ശ്ശോ’ എന്നൊരൊച്ച കേട്ടു. " ഒക്കെ നശിപ്പിച്ചു. ഗോളി ഇങ്ങോട്ട് കയറി വന്നത് കണ്ടില്ലേ, ഇപ്പോള്‍ ഗോളടിച്ചിരുന്നെങ്കിലോ, മറ്റേയാള്‍ വീണ് തടുത്തത് കൊണ്ട് രക്ഷപ്പെട്ടു. ഒരു ശ്രദ്ധയും ഇല്ല". ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഇല്ല. വീട്ടിലേയോ, ഞങ്ങളുടെ ബന്ധുക്കളുടേയോ, നാട്ടുകാരുടേയോ, എന്തിനു ഒരു ഇന്ത്യക്കാരന്റെ പൊടിപോലും ഇല്ല ആ ടീമില്‍. എന്നിട്ടും എന്റെ ചേട്ടന് എന്തൊരു അര്‍പ്പണബോധം. ഞാന്‍ പറഞ്ഞു “അതെ ഒരു ഗോള്‍ അടിച്ചിരുന്നെങ്കില്‍ ഇപ്പോ എന്തായേനെ?” കുറച്ചെങ്കിലും, ഒരു മിനുട്ട് നേരമെങ്കിലും (റീകാപ്പ് കാണിക്കുന്ന ) ചാനലില്‍ നിന്ന് കണ്ണ് മാറ്റി മുന്നിലുള്ള ഭക്ഷണത്തില്‍ നോക്കിയേനെ എന്ന് മനസ്സില്‍ വിചാരിച്ചു. റീകാപ്പൊക്കെ കാണിച്ചു. അപ്പോള്‍ അടിക്കാതെ മിസ്സ് ആയ ഒരു ഗോളിനെപ്പറ്റി, രണ്ടു പക്ഷത്തും ചേര്‍ന്ന് ആവേശം കൊണ്ടതല്ലാതെ ഭക്ഷണത്തിലേക്ക് ഒരു വലം കണ്ണു പോലും നട്ടില്ല. ഞാന്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈകഴുകി മുന്നിലുള്ള ഭക്ഷണം എടുത്ത് അടുക്കളയില്‍ കൊണ്ടു വെച്ചു. ആ ഭക്ഷണം അടുത്ത ജന്മം ഫുട്ബോള്‍ ആയി ജനിക്കണേയെന്ന് പ്രാര്‍ത്ഥിച്ചിരിക്കും, അത്രയ്ക്ക് ആവേശമല്ലേ കാണിച്ചത്. ഫുട്ബോള്‍ കഴിഞ്ഞു ആവേശം ഇറങ്ങിയപ്പോള്‍ വിശപ്പ് കയറി.
"ഇവിടെ വെച്ചിരുന്നല്ലോ എവിടെ?” എന്ന് ചോദിച്ചു.
“അടുക്കളയില്‍ കൊണ്ടുവെച്ചു”.
“അതെന്തിന് ? ഇവിടെ വെച്ചാല്‍ മതിയായിരുന്നല്ലോ”.
“അതെ അതു മതിയായിരുന്നു. വര്‍ഷങ്ങളോളം പ്രാക്റ്റീസ് ചെയ്ത് വിജയിച്ച് കളിക്കളത്തില്‍ എത്തിയ ടീമിനെ വിമര്‍ശിച്ച ആള്‍ക്ക് അടുക്കളയില്‍ ഉള്ള ഭക്ഷണം എടുത്തുകൊടുക്കാന്‍ വേറെ ആള്‍ വേണം. ഇത്രേം മടി ഉള്ളതുകൊണ്ടാവും ഇന്ത്യ ഫുട്ബോള്‍ വേള്‍ഡ് കപ്പ് ടി. വിയിലും ഫോട്ടോയിലും മാത്രം കാണുന്നത്. ”
പിന്നെ ഒന്നും കേള്‍ക്കാന്‍ നിന്നില്ല. പോയി ഭക്ഷണം എടുത്തുകൊണ്ട് വന്ന് കഴിച്ചു. അടുത്തത് തുടങ്ങുമ്പോളേക്കും കഴിച്ച് പിന്നേം ഇരിക്കണ്ടേ. കഴിച്ച് കഴിഞ്ഞ് വീണ്ടും അതിനുമുന്നില്‍ ഇരിക്കുമ്പോള്‍ എന്നോട് പറഞ്ഞു
“അഥവാ ഞാനുറങ്ങിപ്പോയാല്‍ പന്ത്രണ്ടരയ്ക്ക് വിളിക്കണേ, ജര്‍മനിയുടെ കളിയാ.”
“ഒലക്കേടെ മൂട് ” എന്ന് ആദ്യം പ്രയോഗിച്ചത് ആരാണാവോ? ആ മഹാന്‍ അല്ലെങ്കില്‍ മഹതി എത്ര ക്ഷമ കാട്ടിക്കാണും?
ഓം ഫുട്ബോളായ നമഃ
22 Comments:
സൂ, ഇതു കണ്ടിട്ടുണ്ടോ? :)
ഇപ്പോള്‍ കണ്ടു പാപ്പാനേ :)
ഈ പന്തെന്ന സാധനം ആരാണോ ആവൊ കണ്ടു പിടിച്ചത്?? ഏതെല്ലാം രീതിയിലാ വന്നു കളിപ്പിക്കുന്നത്... :)
(Pl pardon me for using English)
This is the best post in this blog. I repeat, THE BEST POST.
Completely agree with the point. and one doubt, Does your husband behave the same way when you spend time on blogs ?
:)
വഴിപോക്കന്‍ :) അത് ഉഷാറായി കേട്ടോ. പിന്നെ സീരിയലെങ്കില്‍ സീരിയല്‍. ആള്‍ക്കാരെ മുഴുവന്‍ അതിനു മുന്നില്‍ പിടിച്ച് ഇരുത്താന്‍ കഴിയുന്നുണ്ടല്ലോ.
ബിന്ദു :) താല്പര്യം കാണിച്ച് നോക്കൂ.
ബിജു വര്‍മ :) ഇത് ഈ ബ്ലോഗിലെ ബെസ്റ്റ് പോസ്റ്റ് ആണെന്നു പറഞ്ഞതിനു നന്ദി.
അല്ല. ബ്ലോഗ്ഗര്‍.കോം ഉള്ളിടത്തോളം കാലം ബ്ലോഗ്ഗിങ്ങിനു സന്തോഷത്തോടെ അനുമതി തന്നിട്ടുണ്ട്.
ആദിയേ :) തിരക്കില്‍ ആണ് അല്ലേ ?
അതല്ലാ... ഇവിടെ ഞാന്‍ എന്തെങ്കിലും ഒക്കെ എഴുതി എന്തിനാ ഫുട്ബോള്‍ ഭ്രാന്താന്നു ഒന്നൂടെ വിളി കേള്‍ക്കുന്നെന്നു വെച്ചിട്ടാണ്... :-)
ഈ ഫുട്ബോള്‍ ഫുട്ബോള്‍ എന്നു പറഞ്ഞാല്‍ എഡി 1437-ല്‍ ...(അല്ലെല്‍ വേണ്ട...) :-)
മനോഹരമായിട്ടുണ്ട് സൂ. ഇത്രയും തന്മയത്വമായി എഴുതാന്‍ കഴിയുന്നത് ഒരു കഴിവ് തന്നെ. സമ്മതിതിച്ചിരിക്കുന്നു. ഈ കഥ ഞാന്‍ നന്നായി ആസ്വദിച്ചു. നന്ദി.
അനോണികളെ പാടേ ഒഴിവാക്കി അല്ലേ. നന്നായി. ഞാനത് പറയാന്‍ ഇരിക്കുകയായിരുന്നു. ആ അനോണിക്ക് ധൈര്യമുണ്ടെങ്കില്‍ ഇനി നേര്‍ക്ക്നേരെ വരട്ടെ.
“അഥവാ ഞാനുറങ്ങിപ്പോയാല്‍ പന്ത്രണ്ടരയ്ക്ക് വിളിക്കണേ, ജര്‍മനിയുടെ കളിയാ.”
എന്റെ സൂ .. ഇതു എത്ര ശരി.. :)
സൂ,
Football Fever ഭംഗിയായി പറഞ്ഞിരിയ്കുന്നു :)
പരീക്ഷക്കാലത്തോ, സമയത്തിന് ഓഫീസിലെത്താനോ നേരത്തേ എഴുന്നേറ്റു ശീലമില്ലാത്തവര്‍ വരെ പാതിരാത്രിയിലൊക്കെ alarm വച്ചെഴുന്നേല്‍ക്കുന്നതാണീയിടെ എന്റെ രാത്രി കാഴ്ച്ചകള്‍... :D
സൂ,
ചേട്ടന്‍ ഭാഗ്യവാന്‍.. കളിയുടെ സമയം 630pm, 930pm, 1230pm അല്ലേ നാട്ടില്‍...
ഞാന്‍ കാണുന്നതു 900pm, 1200am, 0300am..
സമയം, ഭക്ഷണം, ഉറക്കം ഞങ്ങള്‍ ഫൂട്ബാള്‍ കാണുന്നവര്‍ക്കു ഒരു പ്രശ്നം അല്ല...
സൂവേ , സൂ-ചേട്ടനോട് ഒരു ചോദ്യം. ഇപ്പോള്‍ അരങ്ങേറുന്ന ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന ഒരു ടീം രണ്ടു രാജ്യങ്ങളെയാണു പ്രതിനിധീകരിക്കുന്നത്. അതിലൊന്ന് ഭൂപടത്തിലെ ഏറ്റവും പുതിയ രാജ്യവുമാണ്. ഏതാണാ ടീം? ഏതാണാ പുതു രാജ്യം? വെറുതേ അറിഞ്ഞുവെക്കാനാ ട്ടോ.
സൂ ചേട്ടന്‍ പാവമല്ലേ, കണ്ടോട്ടെന്നേ. നാലു കൊല്ലത്തിലൊരിക്കലല്ലേ. എന്റെ അച്ഛന്‍ ടി വി കാണാന്‍ വരുന്നത് 4 കൊല്ലത്തിലൊരിക്കലാ.. ഫുട്ബാള്‍ കാണാന്‍ മാത്രം.
ആദിയേ , വാചാലന്‍ ആകുന്നതില്‍ പ്രശ്നം ഇല്ല.:)
ശ്രീജിത്ത് :)സന്തോഷം.
മുല്ലപ്പൂവേ :)
മഴനൂലുകള്‍ :)ചിലര്‍ക്ക് പ്രണയം പോലെ ഒരു മനോഹരമായ കാര്യം ആവും ഇതും.
സപ്തവര്‍ണങ്ങളും ഫുട്ബോള്‍ ആരാധകന്‍ ആണ് അല്ലേ ? :)
കുഞ്ഞന്‍സേ :) കാണുമല്ലോ. കണ്ടോട്ടെ.
രേഷ് :) തിരിഞ്ഞുനോക്കൂ. ഹെഡ്‌മാഷ്. ഓടിക്കോ...
wv (urpee)
കിടിലം സൂ.
ഇക്കാര്യത്തില്‍ ഞാന്‍ ചേട്ടന്റെ ഭാഗത്താ. ആണുങ്ങളെ മനസമാധാനമായി ഫുട്ബോള്‍ കാണാന്‍ പെണ്ണൂങ്ങള്‍ അനുവദിച്ചേ പറ്റൂ. ആ സമയത്ത് സീരിയലെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സീരിയല്‍ എന്നും കാണാം. ലോകകപ്പോ?
ഒരുമാതിരി ആണുങ്ങള്‍ക്ക് ടി.വി.ഭ്രാന്ത് വേള്‍ഡ് കപ്പ് കഴിയുമ്പോഴേക്കും തീരും. പക്ഷെ, പെണ്ണുങ്ങള്‍ടെ കാര്യമതാണോ?
സൂ, നല്ല പോസ്റ്റ്.
വഴിനടക്കാന്‍ വയ്യാത്ത ആവേശമായിരുന്നെന്റെ നാട്ടില്‍. അറിയാതെ റൊണാള്‍ഡീഞ്ഞ്യൊന്ന് പറഞ്ഞത് കാരണം ബ്രസീലിന്റെ ഫ്ലെക്സ് ബോര്‍ഡ് വെക്കാന്‍ പിരിവും കൊടുക്കേണ്ടി വന്നു. ആനുകാലികപ്രസക്തിയുള്ള പോസ്റ്റ് . നന്നായിരിക്കുന്നു.
ഇ സു ചേചി ആളു ക്കൊളളാമെല്ലൊ.സു ചേട്ടനെ റ്റിവി കാന്നുവാന് കുടി സമ്മ്തികുന്നില്ല. ദിനോസര്‍ തന്നെ….. This is my first post in malayalam.
കലേഷ് :)
വിശാലന്‍ :)
ഇബ്രു :)
Harisasathar :)
അഭിനന്ദനങ്ങള്‍. പഠിച്ചെടുത്തു അല്ലേ. ഇനി ബ്ലോഗ് തുടങ്ങുന്നില്ലേ?
സൂവേച്ചി,
ഒലക്കേടെ മൂഡ്ഡ് എനിക്കാങ്ങാടു പിടിച്ചു...:)
എന്താ ചെയ്യാന്നേ, ഇവിടെ ആണെങ്കില്‍ ഏതു നേരവും ഇതു തന്നെ.ഒന്നില്ലെങ്കില്‍ ബാസ്ക്കെറ്റ് ബാള്‍,അല്ലെങ്കില്‍ മറ്റേ ബാള്‍,മറിച്ച ബാള്‍..
എന്റെ ഒരു കൂട്ടുകാരീനെ വിളിച്ചപ്പം പറയാ..
“ടി.വി വേണൊ കെട്ടിയോനെ വേണോ എന്നു ഒരു തീരുമാനം എടുക്കാന്‍ പോവാണു എന്നു”
ക്രിക്കറ്റ് കളീടെ സമയത്ത്.. :)
എല്‍ ജീ :) നന്ദി. കാര്യമായാലും കഥയായാലും മനസ്സിലാക്കുന്നവരോട്, അതേ അനുഭവം ഉള്ളവരോട് ഒക്കെ പറയുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാ.
Post a Comment
Subscribe to Post Comments [Atom]
<< Home