കത്ത്
മഴ കനത്തുകൂടി നില്ക്കുന്നുണ്ടായിരുന്നു. ബള്‍ബിന്റെ വെളിച്ചത്തിലും തെളിയാത്ത ഇരുട്ടിലിരുന്നാണ് അയാള്‍ ഓരോ കത്തും സീലടിച്ച് വേര്‍തിരിച്ചുകൊണ്ടിരുന്നത്. ഇടയ്ക്കുള്ള ഇടിയും മിന്നലും അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു കത്തെടുത്ത്, സീലടിച്ച് കഴിഞ്ഞപ്പോഴാണ് മേല്‍വിലാസത്തില്‍ പുതുമ കണ്ടത്. ദൈവം, സ്വര്‍ഗ്ഗം, പിന്നെയൊരു പിന്‍കോഡ്പോലെ ഒന്നു മുതല്‍ പത്ത് വരേയും എഴുതിയിട്ടുണ്ട്. മേല്‍വിലാസക്കാരനെ തേടിപ്പോകാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത ആ കത്ത് അയാള്‍ മാറ്റി വച്ചു.
ജോലി ഒരു വിധം തീര്‍ത്തതിനുശേഷം അയാള്‍ കത്ത് എടുത്ത് തുറന്നു.
'ദൈവത്തിന്,' - ആ കത്ത് ആരംഭിച്ചത് അങ്ങനെ തന്നെ ആയിരുന്നു.
"ദൈവമേ, ഇടയ്ക്കിടയ്ക്ക് കത്തെഴുതി ശല്യം ചെയ്യുന്നു എന്ന് വിചാരിക്കരുതേ. ഇവിടെയുള്ളവരൊക്കെ വല്യ സ്നേഹത്തിലും സമാധാനത്തിലും തന്നെയാണ്. പരാതിയും പരിഭവവും ഒന്നും അക്കാര്യത്തില്‍ ഇല്ല. പക്ഷെ ഇനിയും എത്ര ദിവസമാണ് എന്റെ കാര്യങ്ങള്‍ ഉപേക്ഷിച്ച് ഇവിടെയിങ്ങനെ നില്‍ക്കുന്നത്? തോമാച്ചായന് ഇപ്പോള്‍ വല്യ പരിഭവത്തിലാണ്. അല്ല, അല്ലെങ്കിലും എത്രയാന്നു വെച്ചിട്ടാ ഒരാള്‍ ക്ഷമിച്ച് ഇരിക്കുക? കൂടെച്ചെല്ലാന്‍ പറഞ്ഞിട്ടും ചെല്ലാത്തതില്‍ കുറച്ചൊന്നുമല്ല പരാതി. എന്നും വന്ന് വിളിക്കും."
ഇത്രയും എഴുതിയപ്പോഴാണ് കത്ത് എഴുതിയതാരാണെന്ന് അയാള്‍ നോക്കുന്നത്. ഏലിയാമ്മ. ഇവള് ആളു കൊള്ളാമല്ലോന്ന് അയാള്‍ക്ക് തോന്നി. വായന തുടര്‍ന്നു.
"നിനക്ക് വീട്ടുകാര്‍ മാത്രം മതി, എന്നോട് സ്നേഹമില്ല, അല്ലെങ്കില്‍ ഇറങ്ങിവന്നാലെന്താ? എന്നൊക്കെയാണു ചോദിക്കുന്നത്. അങ്ങനെ ഒക്കെ ഉപേക്ഷിച്ച് പെട്ടെന്ന് ചെല്ലാന്‍ പറ്റുമോ? എല്ലാത്തിനും ഒരു സമയം വരണ്ടേ? ഇനി കൂടുതല്‍ എഴുതുന്നില്ല. തോമാച്ചായന് വരുന്ന സമയമായി."
എന്ന് അങ്ങയുടെ മകള്‍.'
‘തോമാച്ചനാണോ വില്ലന്‍? അതോ വീട്ടുകാരോ? എന്താണോ ഇറങ്ങിച്ചെല്ലാന്‍ ഇത്ര മടി? വീട്ടുകാരെ സ്നേഹിക്കുന്നുണ്ടാവും. അതാവും കാരണം. എന്തായാലും ദൈവത്തിന്റെ മകളെ ഒന്ന് കണ്ടുകളയാം. കത്ത്, ദൈവത്തിന് അയക്കുന്നതിനു പകരം തോമാച്ചനു അയച്ചാല്‍, ഒന്നിച്ച് ജീവിക്കുന്ന ദിവസങ്ങളില്‍ വായിച്ച് ആസ്വദിക്കാം എന്നൊരു ഉപദേശവും കൊടുക്കാം. എന്തായാലും എഴുതിയ ആളുടെ മേല്‍വിലാസം കത്തിനു പിറകില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
പിറ്റേ ദിവസം, കൊടുക്കാനുള്ള കത്തുമെടുത്ത് വിതരണത്തിനിറങ്ങിയപ്പോഴാണ്, ഇന്നലെ മാറ്റി വെച്ച കത്തിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അത് എടുത്തു. കുറച്ച് ദൂരം പോവാനുണ്ട് ആ വീട്ടിലേക്ക്. പള്ളിയുടെ മുന്നില്‍ ആണെന്ന് മേല്‍വിലാസത്തില്‍ എഴുതിയിട്ടുണ്ട്.
കത്തൊക്കെ കൊടുത്ത് കഴിഞ്ഞപ്പോള്‍, ബസില്‍ ആവാം യാത്ര എന്ന് തീരുമാനിച്ചു. പത്ത് മിനുട്ട് പോലും ഇല്ല. അത്രയ്ക്കും അടുത്താണ്. ബസ്സിറങ്ങിയത് പള്ളിക്ക് മുമ്പില്‍ത്തന്നെ. അരികെ കണ്ട കടയിലെ ആളോട് ചോദിച്ചപ്പോള്‍, പെട്ടെന്ന് തന്നെ കാണിച്ചു തന്നു. പള്ളിക്ക് മുന്നിലെ ഇടവഴിയിലൂടെ രണ്ടടി നടന്നാല്‍ കാണുന്ന വലിയ വീട്. വീട്ടിലെത്തിയപ്പോള്‍ കുറേ ആള്‍ക്കാരെ കണ്ടു. കുട്ടികളും, വല്യവരും, ഒക്കെ ഒരു ബഹളം. വെറുതെയല്ല ഏലിയാമ്മയ്ക്ക് ഇവിടെ നിന്ന് പോകാനൊരു മടി. പരിചയം കാണിച്ച് അടുത്ത് വന്ന വീട്ടുകാരിലൊരാളുടെ മുന്നില്‍ ഒന്ന് പരുങ്ങി അയാള്‍. 'ഏലിയാമ്മയെ ചോദിച്ചാല്‍ എന്തെങ്കിലും കരുതിയാലോ? സാരമില്ല. എന്തെങ്കിലും പറയാം.'
‘ഏലിയാമ്മ...’ അയാള്‍ പറഞ്ഞുതുടങ്ങി.
"അമ്മച്ചിയ്ക്ക് ഹാര്‍ട്ട് അറ്റാക്കായിരുന്നു. മക്കളും പേരക്കുട്ടികളുമൊക്കെ ഇവിടെത്തന്നെ ഉണ്ടായിരുന്നത്കൊണ്ട് എല്ലാം ഒരുവിധം വേണ്ടപോലെ കഴിഞ്ഞു."
അയാള്‍ മനസ്സിനോട് വാക്കുകള്‍ ആവശ്യപ്പെട്ടു. ഒന്നും കിട്ടിയില്ല.
"വരൂ. ഇരിക്കൂ."
പൂമുഖത്ത് ഇരിക്കുമ്പോള്‍ രണ്ട് ഫോട്ടോ കണ്ടു. ഒന്ന് ഏലിയാമ്മ ആവും. മറ്റേ ഫോട്ടോയിലേക്ക് നോക്കിയപ്പോള്‍ വീട്ടിലെ ആള് പറഞ്ഞു."അപ്പച്ചന് മരിച്ചിട്ട് ആറു കൊല്ലമായി. അതിനുശേഷം അമ്മച്ചി തീര്‍ത്തും വിഷമത്തിലായിരുന്നു. പള്ളിയില്‍ മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ."
തോമാച്ചായന് ആരാണെന്ന്, ചോദിക്കാതെ തന്നെ അയാള്‍ക്ക് മനസ്സിലായി. കുറച്ച് നേരം കൂടെ അവിടെ ചെലവഴിച്ച് മടങ്ങുമ്പോള്‍ താന്‍ ആരാണെന്ന് അവിടെയുള്ളവര്‍ ചോദിക്കാഞ്ഞതില്‍ അയാള്‍ക്ക് ആശ്വാസം തോന്നി. ഒരുപക്ഷെ, മരണവീടായതുകൊണ്ടാവും.
പള്ളിയ്ക്ക് മുന്നിലുള്ള തപാല്‍പ്പെട്ടി കണ്ടപ്പോഴാണ് അയാള്‍ക്ക് പോക്കറ്റില്‍ കിടക്കുന്ന കത്തിനെക്കുറിച്ച് ഓര്‍മ്മ വന്നത്. മകള്‍ എന്നെഴുതിയപ്പോള്‍, കത്ത് വായിച്ചപ്പോള്‍, പ്രായം കണക്കാക്കിയില്ല. എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആണല്ലോ. പള്ളിയ്ക്ക് മുന്നില്‍ ആ കത്ത് വെച്ച് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍, മഴ പെയ്യാന്‍ തുടങ്ങി.
16 Comments:
ഹേ, സൂര്യാ.... ഈ ആശയങ്ങളൊക്കെ എങ്ങിനെ കിട്ടുന്നു? നന്നായി ഒതുക്കി പറഞ്ഞിരിക്കുന്നു. എന്നാലും തോമാച്ചായന്റെ സ്റ്റാന്റ് ശരിയല്ല കെട്ടൊ, കാര്യം ഏലിയാമ്മയോടുള്ള സ്നേഹം കൊണ്ടാണ് വിളിക്കുന്നതെങ്കിലും.
സൂ നല്ല കഥ. അസ്സലായി. ഒത്തിരി ഇഷ്ടമായി.
കത്ത്, സഹയാത്രിക.... എല്ലാം ആത്മാക്കളെ കുറിച്ചാണല്ലൊ...
സൂ, കഥ നന്നായിരിക്കുന്നു കേട്ടോ..
നല്ല കഥ സൂ... മുരളി പറഞ്ഞത് ശരി തന്നെ... എവിടുന്ന് കിട്ടുന്നു ഇതൊക്കെ...
കുറച്ച് കാലം പോസ്റ്റോഫീസില്‍ സറ്റാമ്പടിച്ചിരുന്നു... പക്ഷേ ഇതുപൊലൊരഡ്രസ്സ് ഞാനിത് വരെ കണ്ടിട്ടില്ല :)
ഹൃദ്യമായ രചന.... ആ കത്തിന്റെ തീവ്രത മനസ്സിലാകുന്നത് അവസാനമാണ്.
പതിവുപോലെ വളരെ നന്നായി എഴുതിയിരിക്കുന്നു.
ഇങ്ങനെയുള്ള പല ഏലിയാമമമാരേയും അറിയാം, തോമാച്ചന് വന്നു വിളിക്കുന്നതും കാത്തിരുക്കുന്ന ഒരു ഏലിയാമ്മ ഞങ്ങളുടെ കുടുംബത്തില്‍ തന്നെയുണ്ട്.
സൂ അതീവ ഹൃദ്യമായി എഴുതിയിരിക്കുന്നു. ആശംസകള്‍. എനിക്ക് വളരെ വളരെ ഇഷ്ടമായി.
മരണം എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ഒരു സമസ്യ പോലെ..കൊതിപ്പിക്കുന്ന ഒരു സൂയിസൈഡ് പോയിന്റ്,പക്ഷേ മിച്ചം നിന്ന് പോകുന്നവരുടെ ഏകാന്തത ഞാന്‍ എത്ര ഭീകരമാണെന്ന് ഈയിടെയായി കണ്മുമ്പില് കാണുന്നു.
-പാര്‍വതി.
അവര്ക്കവിടേയും ഒന്നു ചേരാനാകട്ടെ.നന്നായിരിക്കുന്നു.
ദൈവ പ്രേതം ഏലിയാമ്മ പ്രേതത്തിനോട് ചോദിച്ചു എന്തിനാ ഇപ്പൊ തോമ്മാച്ചന് പ്രേതത്തിനെ കൂട്ടി എന്നെ കാണാന്‍ വന്നത് എന്ന്.അപ്പോള്‍ അവര്‍ കോറസ്സില്‍ പറഞ്ഞു ഞങ്ങള്‍ക്കറിയില്ല അതൊന്നും എല്ലാം സു പ്രേതം തീരുമാനിക്കുന്നു എന്ന്.
ഇതെഴുതിയതും ദില്ബ പ്രേതം ലുങ്കി മടക്കിക്കുത്തി വേലി ചാടിക്കടന്ന് കാല് നിലം തൊടാതെ ഓടിപ്പോയി.
(ഓടോ: സു ചേച്ചീ :-))
This comment has been removed by a blog administrator.
മുരളീ :) നന്ദി. ആശയങ്ങളൊക്കെ അങ്ങനെയങ്ങ് വരുന്നതല്ലേ.
ഇത്തിരിവെട്ടം :) കഥ ഇഷ്ടമായതില്‍ സന്തോഷം.
കണ്ണൂരാന്‍ :)ഹിഹിഹി അതെ. ആത്മാക്കളെക്കുറിച്ച് ഗവേഷണത്തിലാ. കുറച്ച് കഴിഞ്ഞാല്‍ ഒരു ആത്മാവ് ആകില്ലേ ;)
ഇടിവാള്‍ :) സന്തോഷം.
അഗ്രജാ :) കാണാഞ്ഞത് നന്നായി. ഇല്ലെങ്കില്‍ അതിനുപിന്നാലെ പോയി അഗ്രജന് പുലിവാല് പിടിച്ചേനെ.
തുളസീ :) ഹി ഹി ഹി. ഒറിജിനല്‍ ദൈവം ഞെട്ടിക്കാണും ;)
സൂര്യോദയം :) നന്ദി.
വല്യമ്മായീ :)നന്ദി.
ശാലിനി :) നന്ദി. എല്ലായിടത്തും ഉണ്ടാകും. നീളുന്ന കാത്തിരിപ്പുകള്‍.
വിശാലാ :) നന്ദി.
പാര്‍വതീ :) ഏകാന്തത ആരേയും മനം മടുപ്പിക്കും. മിച്ചം നിന്നുപോകുന്നവര്‍ കുറേ ഓര്‍മ്മകളുമായി സല്ലപിച്ച് കടന്നുപോകുന്നു ഒടുവില്‍.
ദില്‍ബൂ :) എന്നെ പ്രേതം ആക്കിയോ ;) എല്ലാവരും പ്രേതം ആയി അല്ലേ?
കരിന്തിരി :) നന്ദി. ആണ് അല്ലേ?
സു,
വ്യത്യസ്ഥമായ കഥ.സൂ ഒരു ഒറ്റയാന് തന്നെ (ഒറ്റയാന്റെ സ്ത്രീ ലിംഗം അറിയില്ല , ക്ഷമീക്കുക)
പിന്നെ എന്റെ ഒരു ബന്ധു,എയര്ഫൊര്സില് പൈലറ്റായിരുന്നു.പതിനഞ്ചു വര്‍ഷം മുന്‍പു രാജി വച്ച് ആത്മാക്കളുടെ വിഷയത്തില്‍ ഗവേഷണം നടത്തുന്നു.വിശദമായി പിന്നെ എപ്പോഴെങ്കിലും പറയാം.കഥ നന്നായിട്ടുണ്ട്.
മുസാഫിര്‍ :)
സംഗീത :) സ്വാഗതം. ഇഷ്ടമായില്ല എന്ന് അഭിപ്രായം പറഞ്ഞതിലും സന്തോഷം. എഴുതരുത് എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home