Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 28, 2006

പൂ...തുമ്പപ്പൂ...

തുമ്പച്ചെടി വളരെ സന്തോഷത്തിലായിരുന്നു. നാളെ അത്തം ആണ്. ഓണപ്പൂക്കളം ഒരോ വീട്ടുമുറ്റത്തും വിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങുന്ന ദിവസം. തനിക്കുള്ള സ്ഥാനം ഒന്നാമതാണ്. തുമ്പപ്പൂ ഇല്ലാതെ ഓണം ഇല്ല.

ഓരോ കുട്ടികളും മത്സരിച്ച് വരും, പൂ പറിയ്ക്കാന്‍. പിറ്റേ ദിവസവും വേണ്ടത് കൊണ്ട് മെല്ലെ മെല്ലെ തന്നെ വേദനിപ്പിക്കാതെ, പൂ നശിപ്പിക്കാതെ നുള്ളിയെടുക്കും, കുട്ടികള്‍. പിറ്റേ ദിവസം വന്നിട്ട് പറയുന്നതും കേള്‍ക്കാം ‘ഇന്നലെ ഞങ്ങള്‍ക്ക് ഒരുപാട് തുമ്പപ്പൂ കിട്ടിയിരുന്നു’, ഇന്നലെ തുമ്പപ്പൂ നിറഞ്ഞു നിന്നിരുന്നു പൂക്കളത്തില്‍’ എന്നൊക്കെ. വേറെ എന്തൊക്കെ പൂവുണ്ടായാലും തുമ്പപ്പൂ ഇല്ലെങ്കില്‍ പൂക്കളം ഒരു ഭംഗീം ഉണ്ടാവില്ല.

തുമ്പച്ചെടി കാറ്റ് വന്നപ്പോള്‍ ചാഞ്ചാടി. ഇനി പത്ത് ദിവസം ഉത്സവം തന്നെ.

ആരോ വരുന്നുണ്ടല്ലോ.

‘ഇവിടെ നിറച്ചും ചെടിയും പുല്ലും നിറഞ്ഞിട്ടുണ്ടല്ലോ’‍ യെന്നല്ലേ പറയുന്നത്?

തുമ്പച്ചെടിയെ വെറും ചെടികളുടെ കൂട്ടത്തില്‍ കൂട്ടിയോ?

ഒരു കൊച്ചുകുട്ടി വന്ന് തലോടിയല്ലോ.

‘മോനേ, ആ വൃത്തികെട്ട ചെടികള്‍ ഒന്നും തൊടേണ്ട. പുഴുവൊക്കെ ഉണ്ടാകും’.

അയ്യേ, തുമ്പച്ചെടിയെ തിരിച്ചറിയാത്ത ജനങ്ങളോ. ചെടിയ്ക്ക് നല്ല സങ്കടം വന്നു. ഒപ്പം ദേഷ്യവും.

“ഇതൊക്കെ വൃത്തിയാക്കിയിട്ടുവേണം നമ്മുടെ വീടിന്റെ ജോലി തുടങ്ങാന്‍” വേറെ ആരോ പറയുന്നു.

“നാളെത്തന്നെ തുടങ്ങാം എന്നാല്‍.”

“നിന്നോടല്ലേ പറഞ്ഞത് അതൊന്നും തൊടരുതെന്ന് ”

‘അയ്യോ ആരോ തന്നെ മണ്ണില്‍ നിന്ന് പിഴുതെടുത്തുവല്ലോ.’

വലിച്ചെറിഞ്ഞപ്പോള്‍ വീണത് വെള്ളം നിറഞ്ഞ ഏതോ സ്ഥലത്തും.


അവിടെ നനഞ്ഞിരുന്ന്, ജീവന്‍ പോകാനായി കിടക്കുമ്പോള്‍ പഴയ ഓണക്കാലം ഓര്‍ത്ത്‍ തുമ്പച്ചെടിയ്ക്ക് നിസ്സഹായത തോന്നി. അപ്പോഴും അല്പമെങ്കിലും സന്തോഷം വന്നത് “പൂവേ, പൊലി, പൂവേ പൊലി, പൂവേ പൊലി പൂവേ...” എന്ന പാട്ട് ഓര്‍മ്മ വന്നപ്പോഴായിരുന്നു..

തുമ്പച്ചെടികള്‍ നിറഞ്ഞ തൊടിയും, തുമ്പപ്പൂ നിറഞ്ഞ പൂക്കളങ്ങളും, സ്വപ്നം കണ്ട്, പഴയ ഓണക്കാലത്തിന്റെ തിരിച്ചുവരവിനു കാതോര്‍ത്ത്, മാവേലി നാടിന്റെ പുതിയൊരു ഉദയത്തിനായി പ്രാര്‍ത്ഥിച്ച്, തുമ്പച്ചെടി കണ്ണടച്ചു.

31 Comments:

Blogger വല്യമ്മായി said...

പാവം തുമ്പപ്പൂ

Mon Aug 28, 10:32:00 AM IST  
Blogger ഗന്ധര്‍വ്വന്‍ said...

സു -വിന്റെ കഥകളുടെ ഏറ്റവും വലിയ ക്വാളിറ്റി അതില്‍ ഉപയോഗിക്കുന്ന ശുദ്ധമലയാളം. അ -സു- യാവഹമാം വിധം അക്ഷരത്തെറ്റുകളില്ലാതെ തുമ്പപ്പൂവിന്റെ വിശുദ്ധിയോടെ അവ ബൂലോഗ കളങ്ങളില്‍ ധവളാഭമായി ഒളി വിതറുന്നു.

ആധുനിക ജീവിതത്തിന്റെ അപചയങ്ങളെ വേദനയോടെ നോക്കിക്കാണുന്നൊരു മനസ്സിനെ ഭംഗിയായി അവതരിപ്പിക്കുന്നു ഇക്കഥയില്‍.

Mon Aug 28, 11:16:00 AM IST  
Blogger മുല്ലപ്പൂ || Mullappoo said...

തുമ്പപൂവേ..
പാവം..

Mon Aug 28, 11:18:00 AM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

പൂക്കള്‍ക്കും ഓണം നന്മയും സന്തോഷവും നിറഞ്ഞ ഗതകാല സ്മരണയാവുന്നു. പഴമയുടെ സുഗന്ധങ്ങള്‍, പൂവും പൂമ്പാറ്റയുമടക്കം സകല‍തും ആധുനികലോകം ഞെരിച്ചുകൊല്ലുന്നു. ഇന്നിന്റെ നഷ്ടങ്ങളിലൂടെ നാം ഇന്നലെയുടെ വിലയറിയുന്നു...

നിസംഗത തന്നെ ഭൂഷണം.
സൂ കഥ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടമായി.

Mon Aug 28, 11:27:00 AM IST  
Blogger saptavarnangal said...

സൂ,
നന്നായിരിക്കുന്നു.
തുമ്പ പൂവ്, മുക്കുറ്റി, അരി പൂവ്‍,ഇവയൊക്കെ നിറയുന്ന പൂക്കളങ്ങള്‍ ഇന്നെവിടെ കാണാന്‍??

Mon Aug 28, 11:28:00 AM IST  
Blogger ദില്‍ബാസുരന്‍ said...

തുമ്പപ്പൂവ് എന്ന് പറഞ്ഞാല്‍ മഞ്ഞപ്പൂവല്ലേ? അതോ വെള്ളയോ?
(കുമാറേട്ടാ, ഹെല്‍പ്പ് മീ)

സു ചേച്ച്യേ,
കഥ കലക്കി. സംഭവം സത്യാണ്.

Mon Aug 28, 01:18:00 PM IST  
Blogger രമേഷ് said...

തുമ്പപൂവിനു മാത്രമല്ല ഈ ദുരവസ്‌ഥ,കേൊല്‍പൂവ്‌( എന്താണാവേൊ ശരിക്കുളള പേര്‌, ഒരു നീല പൂവാണ്‌) ഒോണപൂവ്‌,കാശിതുമ്പ,കൃഷ്ണകിരീടം...... പിന്നെ പേരറിയാത്ത എത്രയൊപൂക്കള്‍

Mon Aug 28, 01:29:00 PM IST  
Blogger അഗ്രജന്‍ said...

നല്ല കഥ സൂ..
ഇപ്പോ തുമ്പപ്പൂ കാണുന്നതേ കുറവ്... കുറഞ്ഞിട്ടോ, അതോ ‘തിരക്കുള്ള’ നമ്മള്‍ അതൊന്നും കാണാഞ്ഞിട്ടോ..!!
തുമ്പയുടെയും, മുക്കൂറ്റിയുടെയും, തൊട്ടാവാടിയുടെയുമൊക്കെ വാസസ്ഥലങ്ങള്‍ കയ്യേറി അവയെ അപൂര്‍വ്വ ഇനങ്ങളാക്കുന്നതും നമ്മള്‍ തന്നെ.

Mon Aug 28, 01:38:00 PM IST  
Blogger ശിശു said...

ഹാ! തുമ്പ പുഷ്പമേ അതികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നുനീ മഹാബലിരാജാവു തിരുമനസ്സുപോലെ..

Mon Aug 28, 01:47:00 PM IST  
Blogger സു | Su said...

വല്യമ്മായീ :) അതിലും പാവം നമ്മള്‍.

ഗന്ധര്‍വന്‍ :) നന്ദി. അഭിപ്രായത്താല്‍ ധന്യമായി ഈ പോസ്റ്റ്.

മുല്ലപ്പൂവേ :) പാവം പാവം.

ഇത്തിരിവെട്ടം :)പൂക്കളേയും പൂമ്പാറ്റകളേയും സ്നേഹിക്കുന്ന പലരും ഉണ്ട്. പക്ഷെ പൂക്കളും പൂമ്പാറ്റകളും ഇന്നില്ല.

സപ്തവര്‍ണം :) പൂക്കള്‍ ഉണ്ടെങ്കിലും ഒക്കെ ഒരുമിച്ചുകൂട്ടാന്‍ ആര്‍ക്കും സമയമില്ല.

ദില്‍‌ബൂ :) തുമ്പപ്പൂവ് എന്ന് പറഞ്ഞാല്‍ കടുംചുവപ്പ് നിറത്തില്‍, സാധാരണയായി 5 ദളങ്ങളില്‍ കാണപ്പെടുന്നതാ. ആവശ്യം വരും. അറിഞ്ഞുവെച്ചോ ;)

രമേഷ് :) കൃഷ്ണകിരീടം എവിടെയെങ്കിലും ഉണ്ടാകുമോ ഇക്കാലത്ത്? തുളസിയുടെ നാട്ടില്‍ ഉണ്ടാവുമായിരിക്കും.

അഗ്രജാ :) തുമ്പച്ചെടിയ്ക്ക് സ്ഥലമുണ്ടോ എവിടെയെങ്കിലും? എന്നാലല്ലേ പൂവുണ്ടാകൂ.

ശിശൂ :) സ്വാഗതം.

Mon Aug 28, 04:03:00 PM IST  
Blogger ബിന്ദു said...

തുമ്പയും തുളസിയും കുടമുല്ലപ്പൂവും....
വീണ്ടപ്പൂവും, മന്ദാരപ്പൂവും കദളിപ്പൂവും... :( ഇതൊക്കെ ഇപ്പോഴും ഉണ്ട് അവിടെ നാട്ടില്‍. എനിക്കിപ്പോള്‍ നാട്ടില്‍ പോണം.

Mon Aug 28, 10:07:00 PM IST  
Blogger Adithyan said...

നല്ല കഥ. ഗന്ധര്‍വന്‍ പറഞ്ഞ പോലെ സൂവിന്റെ മലയാളിത്തമുള്ള കഥകള്‍ വായിക്കാനൊരു കുളിര്‍മ്മ.

ഓടോ: പൂവുകളെക്കുറിച്ചും ചെടികളെക്കുറിച്ചും തനിക്കൊരു ചുക്കും അറിഞ്ഞൂടെന്ന് ദില്‍ബു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ;) ഒരു മണ്ണും അറിഞ്ഞൂടെങ്കിലും ചുള്ളന് അതിന്റെ അഹങ്കാരം അശേഷം ഇല്ല. മണ്ടത്തരങ്ങള്‍ എടക്കെടക്ക് വിളിച്ചു പറഞ്ഞോളും.

Mon Aug 28, 10:39:00 PM IST  
Blogger ജ്യോതിര്‍മയി said...

കമന്റ്‌ 1

നന്ദി, സൂ തുമ്പപ്പൂവിന്‌:-)

"വേറെ എന്തൊക്കെ പൂവുണ്ടായാലും തുമ്പപ്പൂ ഇല്ലെങ്കില്‍ പൂക്കളം ഒരു ഭംഗീം ഉണ്ടാവില്ല."

കേരളത്തിലല്ലെങ്കിലും ഫ്ലാറ്റിലാണെങ്കിലും ഞാനുമിട്ടു ഒരു കൊച്ചു കളം. ചട്ടീലും കൊട്ടേലുമായി ഉണ്ടായ രണ്ടു നന്ദ്യാര്‍വട്ടവും അനിയന്‍ സംഘടിപ്പിച്ചുതന്ന ചെമ്പരത്തീം ഒക്കെയായി:-) അല്ല ഇതിപ്പോ പൂക്കളമല്ല എന്നു സൂ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല.

(ഇനിക്കിനീം എഴുതാനുണ്ട്‌, വീണ്ടും വരും:-)

Tue Aug 29, 07:59:00 AM IST  
Blogger bodhappayi said...

തുമ്പപ്പൂവിനു ഒരു പ്രത്യേക മണമുണ്ട് അതു പറിക്കുമ്പോള്‍. പുഴുക്കളല്ല കറുത്ത തടിയന്‍ ഉറുമ്പൂകള്‍ കാണും അതില്‍. ഓണക്കലം തന്നെ ആ ഉറുമ്പുകടിയും തുമ്പപ്പൂമണവും ആണ്. ഞാന്‍ വരുന്നു എന്‍റെ പറമ്പിലേ തുമ്പപ്പൂകളേ... :)

Tue Aug 29, 11:41:00 AM IST  
Blogger പരസ്പരം said...

സൂ..പതിവുപോലെ നല്ല കഥ. ഇതിന്റെ തലക്കെട്ട് ഒരു തുമ്പപൂവിന്റെ മരണം എന്നാക്കാമായിരുന്നു.

തനി കേരളീയ ശൈലിയിലുള്ള വീടും അതിനു ചുറ്റും തെറ്റിപൂവും, തുമ്പപൂവും, നന്ത്യാര്‍വട്ടവും, മുക്കുറ്റിപൂവും, ചെമ്പരത്തിപൂവുമൊക്കെയുള്ള ഉദ്യാനങ്ങളും ഇപ്പോള്‍ കേരളത്തില്‍ തിരിച്ചു വരുന്നുണ്ട്. മലയാളിയുടെ ഈ തനത് ശൈലിയിലേക്കുള്ള തിരിച്ചു വരവില്‍ നമുക്കഭിമാനിക്കാം. തുമ്പപൂക്കള്‍ മരിക്കാതിരിക്കട്ടെ.

Tue Aug 29, 12:10:00 PM IST  
Blogger അപ്പൊള്‍ ദമനകന്‍ ... said...

തുമ്പപ്പൂ കമിഴ്ത്തി അതിന്റെ തണ്ടില്‍ ഒരു കക്കാത്തിപ്പൂ കുത്തിവച്ചാല്‍ താറാവായി. നാട്ടിലെ ഞങ്ങളുടെ പറമ്പില്‍ തുമ്പപ്പൂ ഇപ്പോഴും കാണാം, പറിക്കാനോ പൂവിടാനോ കുട്ടികളെയാണ് കാണാത്തത്.

Tue Aug 29, 12:13:00 PM IST  
Blogger രമേഷ് said...

കൃഷ്ണകിരീടം ഇപ്പേൊഴുമുണ്ട്‌ ട്ടോ...

Tue Aug 29, 01:18:00 PM IST  
Blogger രമേഷ് said...

ആരാ ചേച്ചീ തുളസി....

Tue Aug 29, 01:24:00 PM IST  
Blogger സു | Su said...

രമേഷ്,

തുളസി ഇവിടെയുണ്ട്.

http://thulasid.blogspot.com/

Tue Aug 29, 01:42:00 PM IST  
Blogger സു | Su said...

ബിന്ദൂ :)

ആദിത്യാ :) നന്ദി. ദില്‍‌ബൂന് ഒക്കെ മനസ്സിലായി. അല്ലെങ്കിലും സാരമില്ല ;)

ജ്യോതീ :) എത്ര കമന്റുണ്ട് മൊത്തം? അയ്യേ, തുമ്പയില്ലാതെന്ത് പൂക്കളം?
ഇനീം വന്നുകൊണ്ടേയിരിക്കണം.

കുട്ടപ്പായീ :) അപ്പോ ഓണത്തിന് ബാംഗ്ലൂരെ ജനസംഖ്യ കുറയും അല്ലേ? കല്യാണിയെപ്പോയൊന്ന് മീറ്റിയാലോ.

പരസ്പരം :) തിരക്കില്‍ ആയിരുന്നോ? അതെ പഴയ കേരളം മനസ്സില്‍ മാത്രം ആവാതിരിക്കട്ടെ.

ദമനകന്‍ :) കുട്ടികള്‍ക്കൊക്കെ പഠിപ്പൊഴിഞ്ഞിട്ടു വേണ്ടേ.

രമേഷ് :)

Tue Aug 29, 02:53:00 PM IST  
Blogger ജ്യോതിര്‍മയി said...

കമന്റ്‌ 2

തുമ്പയും മുക്കുറ്റിയും നന്ദ്യാര്‍വട്ടവും കൃഷ്ണകിരീടവും ഒക്കെ നാട്ടില്‍ ഇന്നുമുണ്ട്‌. അതുകാണാന്‍ കുട്ടികള്‍ക്കു താല്‍പര്യമില്ല. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതിനുമുന്‍പ്‌, അമ്മമാര്‍ പൂക്കളേയും പൂമ്പാറ്റകളേയും എന്തേ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നില്ല? കുട്ടിക്കാലത്തു ഇവരോടൊക്കെ സംവദിക്കാനുള്ള അവസരം മുതിര്‍ന്നവര്‍ നിഷേധിക്കുകയല്ലേ. അതുപോലെ ഓണം വീട്ടിലുള്ളവരെല്ലാം ഒരുമിച്ചുത്സാഹിച്ച്‌ ആഘോഷിച്ചാല്‍ അതുകാണുന്ന കുട്ടികളും കൂട്ടായ്മ, സ്നേഹം, സന്തോഷം എന്നിവ മനസ്സിലാക്കില്ലേ. സ്ത്രീ/സ്ത്രീകള്‍ മാത്രം അടുക്കളയില്‍ 'നരകിയ്ക്കുക'യല്ല, വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ച്‌, ഉത്സാഹത്തോടെ.. അതൊരു രസമല്ലേ. ചിലരുടെ മാത്രം പണിയാവുമ്പോള്‍ ഓണക്കിറ്റും സൂര്യടിവിയും തന്നെ ഓണം, അതാവും ഭേദം. പിന്നെ കൂട്ടായ്മ ഒരു കുന്നായ്മ. പൂച്ചെടി ഒരു കാട്ടുചെടി, ഓണം ഒരു കിറ്റ്‌.

(കഥ കഥ കസ്തൂരി:-), ഇഷ്ടായി soo.

Tue Aug 29, 05:36:00 PM IST  
Blogger സു | Su said...

ജ്യോതീ :) തീര്‍ന്നോ കമന്റ് ;)

അമ്മമാര്‍ പലര്‍ക്കും നേരമില്ല എന്നതാവും കാരണം. അല്ലെങ്കില്‍ തൊടിയിലൊന്നും കളിക്കാന്‍ കുട്ടികള്‍ക്ക് സമയമില്ല. സ്കൂള്‍, ട്യൂഷന്‍, വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ പിന്നേം പഠിപ്പ്. എല്ലാവര്‍ക്കും ഒപ്പമെത്തണമെങ്കില്‍ ഓടിയേ തീരൂ എന്നാവുമ്പോള്‍ നിന്ന് കാഴ്ച കാണാന്‍ സമയമില്ല. പൂക്കളും പക്ഷികളും അന്യമാവുന്നു. പിന്നെ വീട്ടിലും ഇപ്പോ ഓണാഘോഷമൊക്കെ എല്ലാവരും ചേര്‍ന്ന് തന്നെയാണെന്ന് തോന്നുന്നു. സ്ത്രീകള്‍ മാത്രം അടുക്കളയില്‍ എന്നത് മാറിയില്ലേ? (ഇവിടെ മാറിയില്ല;))
പിന്നെ എന്താ... ഒന്നുമില്ല.

Tue Aug 29, 06:17:00 PM IST  
Blogger ജ്യോതിര്‍മയി said...

മാവേലി ഇനീം കേരളം ഭരിയ്ക്കാന്‍ വരികയോ? മാവേലി കേക്കണ്ട. മൂപ്പര്‍ ഇന്ദ്രനാവാന്‍ തയ്യാറെടുക്കുകയാണ്‌. 16ആം (?) മന്വന്തരത്തില്‍ ഇന്ദ്രപദവിയില്‍ ഇരിയ്ക്കാനുള്ള പോസ്റ്റിംഗ്‌ ഓര്‍ഡര്‍ വിഷ്ണുജി അന്നു തന്നെ മാവേലിയുടെ കയ്യില്‍ നേരിട്ടുകൊടുത്തതാണ്‌. ആ സമയം ആവും വരെ സുതലത്തില്‍(ദേവന്മാര്‍ പോലും കൊതിയ്ക്കുന്ന ഒരു ലോകമാണത്‌) സുഖവാസം.
[ഭാഗവതത്തില ഇങ്ങനെയാണു സൂചന.]


* മഹാബലി മഹാനായ ഒരു രാജാവു തന്നെയായിരുന്നു. പക്ഷേ അദ്ദേഹത്തിനൊരു ദോഷമുണ്ട്‌. താന്‍ മഹാ ദാനശീലനാണെന്നൊരു അഹംകാരം. രാജ്യത്തെ ഒരു സേവകനെപ്പോലെ പരിപാലിയ്ക്കുക എന്നതാണു രാജാവിന്റെ ധര്‍മ്മം. രാജ്യം മുഴുവന്‍ തന്റെ സ്വന്തമാണെന്നുകരുതുന്നത്‌ അഹംകാരം. ആ ഒരു ദോഷം കളഞ്ഞ്‌ ശുദ്ധാത്മാവാക്കിയിട്ടു വേണം അനുഗ്രഹിയ്ക്കാന്‍. അതാണു വിഷ്ണു ചെയ്തതും.
*തൃക്കാക്കരയപ്പനെയാണ്‌ ഓണത്തിനു പൂജിയ്ക്കുന്നത്‌. തൃക്കാക്കരയപ്പനെന്നാല്‍ വാമനന്‍, വിഷ്ണുവിന്റെ അവതാരം. ആ തിരുവോണത്തിന്‍ നാള്‍ മഹാബലിയും പ്രജകളെ കാണാന്‍ വരും. പ്രജകളുടെ സന്തോഷം കാണാന്‍.
*മഹാബലിയും വിഷ്ണുവും ശത്രുക്കളല്ല.
*നമ്മള്‍ പാഠപുസ്തകങ്ങളില്‍ പഠിച്ച പാഠഭേദത്തിനു മൂലം എന്താണ്‌? കുറച്ചുകാലമായി അന്വേഷിച്ചുതുടങ്ങിയിട്ട്‌. എനിയ്ക്കിനിയും ഉത്തരം കിട്ടിയിട്ടില്ല.

Tue Aug 29, 06:19:00 PM IST  
Blogger ജ്യോതിര്‍മയി said...

സൂ, കമന്റടി തല്‍ക്കാലം നിര്‍ത്തുന്നു. തിരിച്ചടി, പേടി:-)

തുമ്പപ്പൂക്കഥയ്ക്കു വീണ്ടും നന്ദി.

കറിവേപ്പിലയില്‍ കാണാം:-)

Tue Aug 29, 06:24:00 PM IST  
Blogger സു | Su said...

ഹിഹിഹി

മാവേലി വന്നോട്ടെ. ഭരിക്കാന്‍. അതിനെന്താ? രാജാവിനേക്കാള്‍ അഹങ്കാരം പ്രജകള്‍ക്കല്ലേ ഇപ്പോ ;)
ദാനശീലന്‍ ആയതുകൊണ്ടല്ലേ അദ്ദേഹത്തെ ചതിക്കാന്‍ പറ്റിയത്. മിണ്ടാണ്ട് ഒക്കെ കൈവശപ്പെടുത്തി ഇരുന്നാല്‍പ്പോരായിരുന്നോ.

Tue Aug 29, 06:27:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

തുമ്പപ്പൂവിനെക്കൊണ്ട് താറാവുണ്ടാക്കുന്നത് എനിക്കുമിഷ്ടമായിരുന്നു.
സു) ഓണത്തിന് വരുന്നെങ്കില്‍ പോരേ.. ഞാനും ഇവിടെയുണ്ടാകും.

Wed Aug 30, 12:35:00 AM IST  
Blogger റീനി said...

കഥ തുടരുന്നു............

കഴിഞ്ഞു പോയ നല്ല തിരുവോണ നാളുകളെയോര്‍ത്ത്‌ തുമ്പപ്പൂവ്‌ ഏകനായി തൊടിയില്‍ കിടന്നു. കടുത്ത വേദന ദേഹത്ത്‌ അനുഭവപ്പെട്ടപ്പോളാണ്‌ തലയുയര്‍ത്തി നോക്കിയത്‌. സാക്ഷാല്‍ മാവേലി അറിയാതെ തന്റെ പുറത്ത്‌ ചവുട്ടിയിരുന്നു.

ദയവുതോന്നിയ മാവേലി തുമ്പപ്പൂവിനെ തന്റെ മടിക്കുത്തില്‍ തിരുകിവച്ചു. ആവര്‍ വിടുകള്‍തോറും കയറിയിറങ്ങി ഓണം ആഘോഷിച്ചു. പതാളത്തിലേക്ക്‌മടങ്ങും മുമ്പായി മാവേലി തുമ്പപ്പൂവിനെ ആകാശത്തിന്റെ അനന്തതയിലേക്കു പറത്തിവിട്ടു. പൂവ്‌ ചന്ദ്രന്റെ മടിയില്‍ വീണു. അന്നു മുതല്‍ കവികള്‍ പാടി......."...തുമ്പപ്പൂ പെയ്യുന്ന പൂനിലാവേ".........

Wed Aug 30, 07:29:00 AM IST  
Blogger യാത്രാമൊഴി said...

വിശുദ്ധിയുടെയും, നന്മയുടെയും പൂക്കള്‍ ഒന്നൊന്നായി പിഴുതെറിഞ്ഞ് കുതിക്കുകയല്ലേ നാം.
തുമ്പപ്പൂവിന്റെ തേങ്ങല്‍ കേള്‍ക്കുന്നു.
നന്നായി എഴുതി സു.

Wed Aug 30, 07:47:00 AM IST  
Blogger സു | Su said...

കുഞ്ഞന്‍സേ :) ഇപ്പോ ഇല്ല. വരുന്നുണ്ട്, പിന്നെ.

റീനി :)നന്ദി.
യാത്രാമൊഴി :) നന്ദി.

Wed Aug 30, 10:43:00 AM IST  
Blogger ദേവന്‍ said...

കാശിത്തുമ്പ.
അതേല്‍ നാലഞ്ചെണ്ണം മതി മാനത്ത്‌ പൊന്നോണം തീര്‍ക്കാന്‍

അതിന്റെ നാലില മതി കൊതുകിനെ പമ്പ വഴി പറത്താന്‍

അതേലെ നാലു പൂ മതി അരയന്നത്തെ ഉണ്ടാക്കാന്‍

മ്മടെ തുമ്പ!

Fri Sep 01, 01:19:00 AM IST  
Blogger സു | Su said...

ദേവാ :)

Fri Sep 01, 09:38:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home