Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, November 02, 2006

കള്ളന്മാരുണ്ട്. സൂക്ഷിക്കേണ്ടേ?

അന്യര്‍ക്ക്‌ പ്രവേശനമില്ല എന്നൊരു ബോര്‍ഡ്‌ പലയിടത്തും കണ്ടിട്ടുണ്ടാകും. എന്നാല്‍ കള്ളന്മാര്‍ക്ക്‌ പ്രവേശനമില്ല എന്നൊരു ബോര്‍ഡ്‌ പലരും വെക്കാന്‍ ആഗ്രഹിക്കുന്നില്ലേ? കള്ളന്മാര്‍ വീട്ടില്‍ കയറരുത്‌, എന്ന് ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നു. കള്ളന്മാരുടെ കുടുംബാംഗങ്ങള്‍ വരെ, "അവനിങ്ങോട്ട്‌ വന്നാല്‍ അവന്റെ മുട്ടുകാലു ഞങ്ങള്‍ തല്ലിയൊടിക്കും” എന്ന് പറയുന്നു.

കള്ളന്മാരുടെ പുതിയ രീതിയനുസരിച്ച്‌ ടി. വി, ഫ്രിഡ്ജ്‌, മേശ, കസേര എന്നിവയൊന്നും അവരുടെ അജണ്ടയില്‍ പെടുന്നില്ല. അവര്‍ക്ക്‌ വേണ്ടത്‌, സത്യസന്ധനായ ഗാന്ധിജിയുടെ ചിത്രമുള്ളതും ഇല്ലാത്തതും ഒക്കെ ആയ നോട്ടുകളാണ്‌. കള്ളന്മാര്‍ക്ക്‌ അദ്ദേഹത്തിന്റെ സംസര്‍ഗ്ഗം കൊണ്ടെങ്കിലും നല്ല ബുദ്ധി വരണേന്ന് നമുക്ക്‌ വിചാരിക്കാം.

കള്ളന്മാരിലും നല്ലവരും ചീത്തയാള്‍ക്കാരും ഉണ്ട്‌. ഉള്ളവനില്‍ നിന്ന് കട്ട്‌, ഇല്ലാത്തവനു കൊടുക്കുന്ന കായംകുളം കൊച്ചുണ്ണി മുതല്‍, നമ്മുടെ വോട്ട്‌ വരെ അടിച്ചെടുത്ത്‌ സ്വന്തം കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാര്‍ വരെ ഉണ്ട്‌. സ്ത്രീകളില്‍ ഇല്ലേ കള്ളികള്‍? ഉണ്ട്‌. എന്നാലും പുരുഷന്മാരാണ്‌ അധികവും, അല്ലെങ്കില്‍ നമ്മളറിയുന്നതില്‍ അധികവും (അയ്യോ, ഞാനാരേം അറിയില്ല.). അതിനെപ്പറ്റിയൊക്കെ ഗവേഷണം നടത്താന്‍ വല്ല യൂണിവേഴ്സിറ്റിയും, പ്രത്യേകം തുറക്കേണ്ടി വരും. എല്ലാ മേഖലയിലും കള്ളന്മാരുണ്ട്‌. എന്നാലും പൊതുജനങ്ങളുടെ വീട്ടില്‍ക്കയറി വന്ന് മോഷ്ടിക്കുന്നവരെക്കുറിച്ച്‌ തല്‍ക്കാലം പറയാം. ചിലതൊക്കെ, നിങ്ങളു മോഷ്ടിച്ചോ മോഷ്ടിച്ചോന്നും പറഞ്ഞ്‌ നിന്നുകൊടുത്തിട്ട്‌ മോഷ്ടിക്കുന്നതാണ്‌‍. മോഷണചരിത്രത്തിനു സാക്‌ഷ്യം വഹിച്ച പലരുടേയും, വീരകഥകള്‍ കേട്ട്‌, ഉള്‍പ്പുളകം കൊണ്ട ഒരാളെന്ന നിലയ്ക്ക്‌ കള്ളന്മാരെ എങ്ങനെ നേരിടാം എന്നൊരു ലേഖനം എഴുതിക്കളയാംന്നു തോന്നി. വായിക്കുന്നവര്‍ക്ക്, അല്ലെങ്കില്‍ അവരുടെ വീട്ടുകാര്‍ക്ക് പ്രയോജനപ്പെടട്ടെ.

ഞാന്‍ അറിഞ്ഞ വിവരങ്ങള്‍, അഥവാ എനിക്ക് വെച്ച വിവരം.

1) മിക്ക കള്ളന്മാരും പേടിത്തൊണ്ടന്മാരാണ്‌. അതുകൊണ്ടാണ്, കള്ളന്മാര്‍ അധികവും, ആരും വീട്ടില്‍ ഇല്ലാത്തപ്പോഴും, എല്ലാവരും ഉറങ്ങുമ്പോഴും വരുന്നത്‌. നിങ്ങള്‍, പകല്‍ വീട്ടില്‍ കയറ്റി സല്‍ക്കരിക്കുന്ന പലരും അവരുടെ ഒറിജിനല്‍ തൊഴിലും കൊണ്ട്‌ രാത്രിയും കടന്ന് വരാം. അതുകൊണ്ട്‌ വീട്ടില്‍ വരുന്ന കച്ചവടക്കാരെ- ബുക്ക്‌, ആഭരണം, ചൂല്, ചെപ്പിത്തോണ്ടി, ഒന്നെടുത്താല്‍ രണ്ട്‌, രണ്ട്‌ കൊടുത്താല്‍ മണ്ടി,- എന്നുള്ളവരെയൊന്നും- സല്‍ക്കരിക്കാതിരിക്കുക.

2) ഒരു വീട്‌, വഴിയില്‍ക്കൂടെ പോകുമ്പോള്‍ അപ്രതീക്ഷിതമായി കണ്ട്‌, എന്തൊരു വീടെന്റെ ദൈവമേ, ഇന്ന് കലാപരിപാടി ഇവിടെ നടത്തിക്കളയാം എന്ന് വിചാരിച്ച്‌ കയറുന്ന കള്ളന്മാര്‍ അപൂര്‍വ്വം ആണ്‌‍. വീടിന്റെ മുമ്പില്‍ക്കൂടെ, കുറച്ചുദിവസം, തെക്കും, വടക്കും, പിന്നെ പടിഞ്ഞാറും, കിഴക്കും, അളന്നതിനു ശേഷം മാത്രമാണ്‌ വീട്ടില്‍ക്കയറുക. ആ നടത്തത്തിനിടയ്ക്കാണ്‌‍, ആ വീട്ടില്‍ എന്തൊക്കെ നടക്കുന്നു, എന്ന് കള്ളന്‍ കണ്ടെത്തുന്നത്‌. നിങ്ങളുടെ വീടിനു മുന്നില്‍, പതിവില്ലാത്ത വിധം കാറ്റു വീഴ്ചയുള്ള തെങ്ങ്‌ പോലെയോ, കള്ള്‌ ഷാപ്പില്‍ നിന്ന് അന്നേരം എക്സിസ്റ്റ്‌ അടിച്ചവനെപ്പോലെയോ ഒക്കെ നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടാല്‍ ഒരു കണ്ണ്‌‍ വെച്ചേക്കണം. രണ്ടു കണ്ണും വെച്ചാല്‍ അത്രേം നല്ലത്‌. എന്ന് വെച്ച്‌ സകലരേം സംശയിക്കരുത്‌. ചെരുപ്പുകുത്തി, പഴക്കച്ചവടം, പഴയകച്ചവടം, പെട്ടി, പാട്ട പെറുക്കികള്‍ (ആരേം കുറ്റം പറഞ്ഞതല്ല) എന്നിവരെയൊക്കെ കണ്ടാല്‍ കുറച്ച്‌ സംശയത്തില്‍ വീക്ഷിക്കാം. ഇവരൊക്കെ എന്നും നമ്മുടെ ചുറ്റും കറങ്ങുന്നുണ്ടെങ്കില്‍, (എന്ത്‌ പോലെ എന്നൊരു ഉപമ വന്നു. ഉപമകള്‍ കേട്ട്‌ ബോറടിച്ചു പലര്‍ക്കും. അതുകൊണ്ട് കുറച്ചു. പാവം ഞാന്‍) നിങ്ങള്‍ക്കു സുന്ദരിയായ ഒരു മകള്‍ ഇല്ലാത്തിടത്തോളം കാലം ഇവരെയൊക്കെ സംശയിക്കാം. (ഉണ്ടെങ്കിലും സംശയിക്കാം)

3) പിന്നെ (ഞാനടക്കമുള്ള- എന്ന് വേണോ?) സ്ത്രീകള്‍ക്കൊരു കാര്യമുണ്ട്‌. സകലപരദൂഷണവും കഴിഞ്ഞ്‌, ഭര്‍ത്താവ്‌ എങ്ങനെയോ രക്ഷപ്പെട്ട്‌, ബൈ ബൈ പറഞ്ഞ്‌, ഗേറ്റിനു പുറത്ത്‌ എത്തുമ്പോഴായിരിക്കും പുറകില്‍ നിന്ന് വിളി വരുന്നത്‌. "ദേ, മറ്റന്നാള്‍, കൊച്ചങ്ങാടീലെ കൊച്ചുണ്ടാപ്രീടെ കല്യാണം അല്ലേ, നിങ്ങളാ ലോക്കറീന്ന്, എന്റെ അറുപത്തിയെട്ട് പവനും ഇങ്ങെടുക്കണേന്ന് പറയുന്നത്‌. അയല്‍ക്കാരെ കേള്‍പ്പിക്കലാവും മുഖ്യ ഉദ്ദേശം. നിങ്ങള്‍ക്ക്‌ അറുപത്തിയെട്ട് പവന്‍ അല്ല, നൂറ്റിയറുപത്തെട്ട് ഉണ്ടായാലും അവര്‍ക്കൊന്നുമില്ല. പക്ഷെ ചെവിയില്‍ സ്പീക്കറും വെച്ച്‌ ഇതൊക്കെ കേട്ട്‌ രസിക്കുന്ന കള്ളന്മാരുണ്ടാകും. പിറ്റേന്ന് പോലീസു വരുമ്പോള്‍ "അറുപത്തെട്ട് പവന്‍ എടുക്കണംന്ന് പറയുന്നത്‌ കേട്ടു, പക്ഷെ അതു കള്ളനും കേട്ടൂന്ന് ഞങ്ങളറിഞ്ഞില്ലേ” ന്ന് അയല്‍ക്കാര്‍ പറയും. അവര്‍ക്കിതു വേണം എന്ന് മനസ്സിലും പറയും.

4) കട്ടേ പോവൂ എന്ന് ഉദ്ദേശിച്ച്‌ വരുന്ന കള്ളന്മാര്‍ക്ക്‌, കഞ്ഞി പോയിട്ട്‌ ഫലൂദ പോലും വെച്ചുകൊടുക്കരുത്‌. പോനാല്‍ പോകട്ടും പോടാ എന്നൊരു കാര്യം ഈ അവസരത്തില്‍ ഓര്‍ക്കണം. അവര്‍ രണ്ടും കല്‍പ്പിച്ച്‌ വരുന്നവര്‍ ആയിരിക്കും. ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ ഒളിവില്‍. നാളെ നല്ല മുഖവും വെച്ച്‌ പുറത്തിറങ്ങണമെങ്കില്‍ അങ്ങോട്ട്‌ ആക്രമിക്കാതിരിക്കുക. കരാട്ടേ പഠിച്ചിട്ടുണ്ടെങ്കില്‍ പ്രശ്നമില്ല. പക്ഷെ കള്ളനും പഠിച്ചിട്ടുണ്ടെങ്കില്‍ പ്രശ്നമാകും. ധൈര്യമുണ്ടെങ്കില്‍ നേരിടുക. അല്ലാതെ ശൂ, ശൂ, എന്ന് ഊതിയാലൊന്നും കള്ളന്മാര്‍ പറന്നുപോവില്ല. നമ്മുടെ സുരക്ഷ ഓര്‍ക്കുക.


5)ബാങ്കുകാര്‍ ഈച്ചയെ ആട്ടാന്‍ വല്യ കെട്ടിടവും തുറന്ന് വെച്ച്‌ ഇരിക്കുകയല്ല. നിങ്ങളുടെ പണവും സ്വര്‍ണ്ണവും അവിടെ സുരക്ഷിതമായിരിക്കും. ജ്വല്ലറിയുടെ പരസ്യം പോലെ നിന്നാല്‍, ആ പരസ്യത്തിനു നിങ്ങള്‍ക്ക്‌ നയാപ്പൈസ കിട്ടില്ലെന്ന് മാത്രമല്ല, വന്നവന്റെ കൂടെ നിന്നതും പോയി എന്ന അവസ്ഥയാവും. പിന്നെ ലോക്കറും തുറന്ന് എടുക്കുന്നില്ലേന്ന് ചോദിച്ചാല്‍ "പാപി ചെല്ലുന്നിടം പാതാളം" എന്നേ ഉത്തരമുള്ളൂ.


6) വിലപ്പെട്ട രേഖകളുടെ കോപ്പികള്‍ എടുത്ത്‌, വിവിധസ്ഥലങ്ങളില്‍ വയ്ക്കുക. വീട്ടില്‍ക്കയറി തിരയുന്നതിനിടയ്ക്ക്‌ കള്ളനു ദേഷ്യം വന്നാല്‍ കീറാന്‍ രേഖകളേ ഉള്ളൂ എന്ന് വെച്ചാലോ? പിന്നെ അത്‌ പോയീ ഇത്‌ പോയീ എന്നൊന്നും പറഞ്ഞ്‌ കിടന്ന് കാറിയിട്ട്‌ പ്രയോജനമില്ല. നഷ്ടപ്പെട്ടിട്ട്‌ അതല്ല, ഇതല്ല, എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല എന്ന് ജഗദീഷ്‌ പറഞ്ഞപോലെ. (ഉപമ : )

7)അയല്‍പക്കവുമായി നല്ല ബന്ധം ഉണ്ടാവുക. അയല്‍ക്കാരനേയും, ഭാര്യയേയും, മക്കളേയും ഒക്കെ സ്നേഹിക്കുക (പരിധി കടക്കരുത്‌ പറഞ്ഞേക്കാം). അവര്‍ നിങ്ങളുടെ നല്ല കൂട്ടുകാര്‍ ആവട്ടെ. ഇല്ലെങ്കില്‍ നിങ്ങള്‍ യാത്ര പോയി വരുമ്പോഴേക്കും, വണ്ടിയും കൊണ്ടുവന്ന് വീട് മുഴുവന്‍, അടിച്ചെടുത്താല്‍പ്പോലും, ആരും ചോദിക്കാനുണ്ടാവില്ല. അങ്ങനെ പലയിടത്തും നടന്നിട്ടുണ്ട്. പരിചയം ഉള്ളവര്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്.

8) വീടിന്റെ പുറത്ത്‌ പോകുമ്പോള്‍ വീടിന്റെ ജനലുകള്‍ മുഴുവന്‍, നല്ലപോലെ അടയ്ക്കാന്‍ മനസ്സുവെച്ചാല്‍, പിന്നെ നിങ്ങളുടെ മനസ്സ്‌ തകരേണ്ടി വരില്ല. "തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടെ" എന്ന പാട്ടിന്റെ ആദ്യവരി, വീട്ടിലിരിക്കുമ്പോള്‍ മാത്രം അല്ല, പുറത്ത്‌ പോകുമ്പോഴും ഓര്‍ക്കുക.

9)സീരിയലും, സിനിമയും ഒന്നും കാണുന്നതില്‍ ഒരു വിരോധവുമില്ല. നിങ്ങളുടെ വീട്‌, നിങ്ങളുടെ ടി. വി. , നിങ്ങളുടെ കണ്ണ്‌‍, നിങ്ങളുടെ കൊച്ചുണ്ണി. പക്ഷെ ഉച്ചത്തില്‍ ടി.വിയും വച്ച്‌ കാണുമ്പോഴോ, പാട്ടും വച്ച്‌, പുസ്തകവും കൈയിലെടുത്ത്‌ ഇരിക്കുമ്പോഴോ, ഒരു ശ്രദ്ധ നിങ്ങളുടെ, വീടിനു ചുറ്റും ഉണ്ടാകണം. വെറുതെ കള്ളന്മാരെക്കൊണ്ട് ശ്രദ്ധിപ്പിക്കരുത്, പറഞ്ഞേക്കാം . വീട് നിങ്ങളുടേതല്ലേ? നിങ്ങള്‍ക്കങ്ങ് ശ്രദ്ധിച്ചാല്‍ എന്താ?

10) നിങ്ങളുടെ വീട്ടിലെ പണിയായുധങ്ങള്‍ മുഴുവന്‍, പോലീസ്‌, വേട്ട നടത്തി പിടിച്ചെടുത്ത, ആയുധങ്ങള്‍ പോലെ, വീടിനു പുറത്ത്‌ പ്രദര്‍ശിപ്പിക്കേണ്ട കാര്യം ഇല്ല. ആവശ്യത്തിനെടുത്താല്‍, തിരിച്ച്‌ അകത്ത്‌ വെച്ച്‌ കിടന്നുറങ്ങാന്‍ നോക്കുക. നിങ്ങളുടെ വീട്ടിലെ പണിയായുധങ്ങള്‍ ഉപയോഗിച്ച്‌, നിങ്ങള്‍ക്ക്‌ പണിയുണ്ടാക്കും, കള്ളന്‍.

കള്ളന്റെ കഥകള്‍ ഇവിടെ തീരുന്നില്ല. ഒരുപാടുണ്ട്‌ പറയാന്‍. പക്ഷെ അടുക്കളപ്പുറത്തെ കതകും തുറന്നിട്ടാണോ ഇതൊക്കെ എഴുതുന്നത്‌ എന്നെനിക്കൊരു സംശയം. ഈ വീട്ടിലെ ആകെ പൊന്ന് ഞാന്‍ ആണെങ്കിലും ഒന്നു നോക്കിവരാം. ഇവിടെയൊക്കെത്തന്നെ കാണൂലോ അല്ലേ എന്ന് ലാലേട്ടന്‍... ഇല്ല... ബാക്കി പറയുന്നില്ല.

15 Comments:

Anonymous rp said...

കള്ളന്‍ കേറുമ്പോള്‍ ഉറക്കെ അടിക്കുന്ന സെക്യൂരിറ്റി അലാമും അതോടൊപ്പം നമ്മുടെ ഫോണിലേക്കും പോലിസിന്റെ ഫോണിലേക്കുമൊക്കെ ഓട്ടോമാറ്റിക് ആയിട്ട് കോള്‍ പോകുന്ന സംവിധാനവുമൊക്കെ നമ്മുടെ നാട്ടിലാ വേന്ടത്. ഈ കള്ളന്മാരെ ഒരു പാഠം പഠിപ്പിക്കേന്ട കാലം കഴിഞ്ഞു.
ഇടക്ക് ചില വാക്കുകള്‍ റിപ്പീറ്റ് ചെയ്തെഴുതിയിരിക്കുന്നത് പുതിയ ശൈലിയാണോ അതോ റ്റെക്നിക്കല്‍ എററോ?
എന്തായാലും നന്നായിട്ടുന്ട്. അവിടെ കള്ളന്‍ കേറീലല്ലോ അല്ലേ?

Fri Nov 03, 02:01:00 AM IST  
Blogger പട്ടേരി l Patteri said...

അയ്യോ ആരെങ്കിലും ഉപമ വേണ്ടെന്നു പറഞ്ഞിട്ടു അതൊക്കെ നിറ്ത്തിക്കളഞ്ഞോ///
ഉപമ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ടിവിടെ,,,വേണ്ടാത്തവര്‍ അതൊക്കെ ഒഴിവാക്കിയിട്ടു വായിക്കട്ടെ....
...പോരട്ടെ ഇതിന്റെ ബാക്കി ;;) ഉപമ സഹിതം
ഓ ടോ : അടുക്കളയില്‍ നിന്നു കാണാതായ ഉണ്ണിയപ്പം കട്ടതു ഞാനല്ല :D

Fri Nov 03, 02:22:00 AM IST  
Blogger ഖാദര്‍ (പ്രയാണം) said...

ആര്‍ യു ടൂയിങ് റിസേര്‍ച്ച് ഇന്‍ ക്രിമിനോളജി?
ഒരു കള്ളനും അബദ്ധവശാല്‍ ഇത് വായിക്കാതിരിക്കട്ടെ!
ആള്‍ തി ബെസ്റ്റ്

Fri Nov 03, 03:10:00 AM IST  
Blogger സന്തോഷ് said...

ഇതൊക്കെ പറഞ്ഞു കൊടുത്താല്‍ ആരു കേള്‍ക്കാന്‍ സൂ. കൊണ്ടാലേ അറിയൂ:)

Fri Nov 03, 04:58:00 AM IST  
Blogger Adithyan said...

ഹഹഹഹ്
സൂച്ചേച്ചീ ഇതുഗ്രന്‍...
ഏതോ കള്ളന്‍ വീട്ടിനു വെളിയില്‍ വെച്ചിരുന്ന ഉരുളീം മൊന്തേം ഒക്കെ അടിച്ചോണ്ടു പോയ ലക്ഷണം ഉണ്ടല്ലോ ;)

പിന്നെ ഈ സ്വയം എഴുതാന്‍ അറിയാത്തതു കൊണ്ട് മറ്റുള്ളവനെ വിമര്‍ശിച്ച് ആളാകാന്‍ വേണ്ടി ഇറങ്ങിയിരിക്കുന്ന ചില ബുദ്ധിജീവികളുടെ വാക്ക് വിലവെയ്ക്കരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിയ്ക്കുന്നു. പട്ടേരി പറഞ്ഞതാണ് കാര്യം :)

Fri Nov 03, 05:49:00 AM IST  
Blogger അനംഗാരി said...

സൂവിന്റെ വീട്ടിലെ ആകെ പൊന്ന് സൂവാണെന്ന് പറഞ്ഞ സ്ഥിതിക്ക് അതിനി ഏതെങ്കിലും കള്ളന്‍ അടിച്ചോണ്ട് പോകാന്‍ വഴിയില്ല.(ആ കള്ളന്‍ വീട്ടില്‍ തന്നെയുണ്ടല്ലോ)പക്ഷെ പൊന്നല്ലാത്തത് എന്തോ കള്ളന്‍ കൊണ്ട് പോയ ഒരു ലക്ഷണം വരികളില്‍ എവിടെയൊക്കെയോ മണക്കുന്നു.
എന്തായാലും, എനിക്കിതു ഉപകരിക്കും. നാളെ കേസുമായി വരുന്ന കള്ളന്‍‌മാര്‍ക്ക് ഇത് വായിച്ച് അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കാമല്ലോ?

ഓ:ടോ:ദാ കണ്ണൂര്‍ ഡീലക്സ് വഴിയില്‍.ഞാന്‍ ഓടട്ടെ.അല്ലെങ്കില്‍ എന്നെ കള്ളന്‍ പിടിക്കും.

Fri Nov 03, 10:04:00 AM IST  
Blogger സൂര്യോദയം said...

കള്ളന്മാരുടെ രഹസ്യങ്ങള്‍ ചുരുളഴിക്കുകയും മോഷണം തടയുവാന്‍ ചില മാര്‍ഗ്ഗങ്ങള്‍ വിവരിക്കുകയും ചെയ്യുന്ന സു ചേച്ചിയുടെ അത്യുഗ്രന്‍ ലേഖനം.. :-)

Fri Nov 03, 10:32:00 AM IST  
Anonymous Anonymous said...

ബ്ലൊഗില്‍ കള്ളനെക്കുറിച്ച്‌ ഇങ്ങനെയൊക്കെ പറയുന്നതിനിടയില്‍ സൂര്യഗായത്രിയുടെ ഹൃദയം വല്ല ബ്ലോഗനും കട്ടോണ്ടുപോകാന്‍ സാദ്ധ്യതയുണ്ട്‌. ബ്ലൊഗുന്നതിനുമുന്‍പ്‌ സൂര്യഗായത്രിയുടെ മനസിന്റെ വാതിലും ജനലും അടച്ചു വച്ചിട്ടുണ്ടെന്ന്‌ ഉറപ്പു വരുത്തുകയാണ്‌ ഇതിനുള്ള പ്രതിവിധി.!!

Fri Nov 03, 10:45:00 AM IST  
Blogger Sul | സുല്‍ said...

സുചേചി,
കള്ളനെപ്പേടിയാനല്ലെ. എനിക്കും :(

-സുല്‍ഫ്

Fri Nov 03, 11:31:00 AM IST  
Blogger Siju | സിജു said...

വെറുമൊരു മോഷ്ടാവായ എന്നെ സൂചേച്ചി കള്ളനെന്ന് വിളിച്ചില്ലേ..
മോശമായിപ്പോയി..
ഒരു കള്ളന്‍

Fri Nov 03, 12:20:00 PM IST  
Blogger പടിപ്പുര said...

കള്ളന്മാര്‍ക്കെതിരെയുള്ള സു-വിന്റെ 10 പ്രമാണങ്ങള്‍
അ:1, ഖ:7 എനിക്കിഷ്ടപ്പെട്ടു. (അയല്‍ക്കാരുമായി സൗഹൃദം പുലര്‍ത്തുക)

Fri Nov 03, 01:36:00 PM IST  
Blogger കുട്ടേട്ടന്‍ : kuttettan said...

"കള്ളന്റെ കഥകള്‍ ഇവിടെ തീരുന്നില്ല. ഒരുപാടുണ്ട്‌ പറയാന്‍. പക്ഷെ അടുക്കളപ്പുറത്തെ കതകും തുറന്നിട്ടാണോ ഇതൊക്കെ എഴുതുന്നത്‌ എന്നെനിക്കൊരു സംശയം. ഈ വീട്ടിലെ ആകെ പൊന്ന് ഞാന്‍ ആണെങ്കിലും ഒന്നു നോക്കിവരാം."

സൂ ചേച്ചീ നന്നായിരിക്കുന്നു.

Fri Nov 03, 06:16:00 PM IST  
Blogger അരവിശിവ. said...

കള്ളന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനുമുന്‍പ് അഖിലലോക കള്ളന്മാരേ സൂ ചേച്ചിയ്ക്ക് ചിലവ് ചെയ്യുവിന്‍...അല്ലെങ്കില്‍ നിങ്ങളുടെ കാര്യം കട്ടപ്പൊഹ... :-)

Fri Nov 03, 07:00:00 PM IST  
Anonymous Anonymous said...

സൂചേച്ചീ,
നന്നായിരിക്കുന്നു...ഒര്‍ ഗവേഷണം തന്നെ നടത്തിയിട്ടൂള്ള ലക്ഷണം.. പ്രാക്ടിക്കലും ഉണ്ടോ എന്നൊരു സംശയം....
എങ്കിലും എല്ലാം ആധികാരികം തന്നെ...

Sat Nov 04, 12:54:00 PM IST  
Blogger സു | Su said...

ആര്‍. പി. :) നന്ദി. ആദ്യത്തെ കമന്റിന് പ്രത്യേകം നന്ദി. ഇവിടെ കള്ളന്‍ കയറിയില്ല. കേറുമോ?

പട്ടേരി :) ഉപമ വേണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ. അധികമായി എന്ന് പറഞ്ഞു. അധികമായാല്‍ ബോറാവില്ലേ. അതുകൊണ്ട് ചുരുക്കി. ഉണ്ണിയപ്പം ഏതെങ്കിലും പൂച്ച കട്ടതായിരിക്കും ;)

പ്രയാണം :) കള്ളന്‍ വായിക്കുമോ? പേടിപ്പിക്കല്ലേ. ഞാന്‍ ഒരു റിസര്‍ച്ചും നടത്തുന്നില്ല. കിട്ടിയ വിവരങ്ങള്‍ ബ്ലോഗിലിട്ടതാ.

സന്തോഷ് :)

ആദീ :) കള്ളന്‍ ഇവിടെ വന്നില്ല. ആദിയ്ക്ക് ഒരു മുന്നറിയിപ്പ് തന്നതാ. ആരും വിമര്‍ശിച്ചില്ല. ബുദ്ധിജീവികളൊന്നും എന്റെ ബ്ലോഗ് വായിക്കാറില്ലല്ലോ ;) ഇതൊരു പാവം ബ്ലോഗല്ലേ. അവരുടെ നിലവാരത്തിനു യോജിച്ചതേ അവര്‍ വായിക്കൂ.

അനംഗാരീ :) കള്ളന്മാര്‍ക്ക് ടിപ്സ് വേണമെങ്കില്‍, ഞാന്‍ കുറേ പറഞ്ഞു തരാം. പക്ഷെ അവസാനം അനംഗാരീടെ ജോലി പോകും. അവര്‍ തന്നെ വാദിക്കാന്‍ തുടങ്ങും.

സൂര്യോദയം :) നന്ദി. ഇതൊക്കെ വായിച്ച് ഓര്‍ത്തുവെച്ചാലും, കള്ളന്‍ കയറേണ്ടിടത്ത് കയറും.

ഒരു ചിത്രകാരന്‍ :) അതുണ്ടാവില്ല.

സുല്‍ :) അയ്യേ. പേടിയുണ്ടോ? അപ്പോ സുല്‍- ന്റെ കൈയില്‍ കുറേ ഉണ്ടല്ലേ? സ്വത്തും പണവും. എന്റെ കൈയില്‍ ഇല്ല. അതുകൊണ്ട് പേടീം ഇല്ല.

സിജു :) ഹിഹിഹി. മോഷ്ടാവിന്റെ ശരിക്കുള്ള മലയാളം ആണ് കള്ളന്‍.

പടിപ്പുര :) നന്ദി.

കുട്ടേട്ടന്‍ :) സ്വാഗതം. നന്ദി.

അരവിശിവ :) ഈശ്വരാ, അവരു ചെലവു തരാന്‍ വരുമോ?

സുകുമാരപുത്രന്‍ :) സ്വാഗതം. നന്ദി. പ്രാക്ടിക്കല്‍- പോലീസുകാര് കേള്‍ക്കണ്ട. അവര്‍ക്ക് കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിച്ചാലും മതിയാകും.

Sat Nov 04, 01:29:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home