വിഷുക്കൈനീട്ടം
കടക്കാരന് പൊതി കെട്ടുന്നതും നോക്കി അയാള്‍ നിന്നു. വൈകുന്നേരമായിട്ടും ചൂടിനു കുറവില്ല. ഒരു മഴ വന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് അയാള്‍ ആശിച്ചിരുന്നു.
"മോന് വന്നോ?"
കടക്കാരന് ചിരിച്ചുകൊണ്ട് ചോദിക്കുന്നു.
"ഇല്ല. നാളെ രാവിലെ എത്തും."
ദൂരനാട്ടില്‍ പഠിക്കുന്ന മകനെക്കുറിച്ചാണ് അന്വേഷണം. നാളെ അവനും കൂടെ എത്തിയാല്‍ വീട്ടില്‍ മേളം തന്നെ. വിഷു, മറ്റന്നാള്‍. നാളെ, വെറുതേ ഇതൊക്കെ വാങ്ങിക്കൂട്ടാന്‍ മാത്രം പുറത്തിറങ്ങേണ്ടല്ലോ എന്ന് കരുതിയാണ് ജോലി കഴിഞ്ഞപ്പോള്‍ത്തന്നെ വാങ്ങിച്ചെല്ലാം എന്ന് കരുതിയത്. കുട്ടികള്‍ വലുതായെങ്കിലും, പടക്കമില്ലാതെ എന്ത് വിഷു എന്നാണു അവരുടെ ചോദ്യം.
"നീ പോയിട്ട് നാളെ വാ. നോക്കാം."
അപ്പോഴാണ് അയാള്‍, കടക്കാരന് ആരോടാണ് പറഞ്ഞതെന്ന് നോക്കുന്നത്. ഒരു ആണ്‍കുട്ടി. പത്ത് വയസ്സുണ്ടാകും. കടയിലെ അലമാരയുടെ മുകളിലെ പൊടി തുടയ്ക്കാനെന്ന മട്ടില്‍ കൈ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നു. അയാള്‍ നോക്കിയപ്പോള്‍, ഒരു നാണം പോലെ മുഖം തിരിച്ചു.
"നിക്കണ്ട. നിന്നിട്ട് കാര്യമില്ല. ഇപ്പോ സാധനങ്ങള്‍ക്കൊക്കെ എന്ത് വിലയാണെന്നറിയാമോ? ഒരു പത്ത് തേങ്ങയെങ്കിലും കൊണ്ടുവാ. പടക്കവും തരാം. "
അയാള്‍ പൈസ കൊടുത്ത് ഇറങ്ങിയപ്പോള്‍, അവനും, മനസ്സില്ലാമനസ്സോടെ ഇറങ്ങി. ബസ് സ്റ്റോപ്പിലേക്ക് കുറച്ച് നടക്കാനുണ്ട്. പണ്ടേ ഉള്ള കടയായതുകൊണ്ട് ബസ് സ്റ്റോപ്പിനടുത്തേക്ക് മാറ്റാന്‍ കടക്കാരന് തുനിഞ്ഞില്ല. സ്ഥിരം ആള്‍ക്കാരൊക്കെ അവിടെ നിന്ന് വാങ്ങും. ഓഫീസിനടുത്തുള്ള ബസ് സ്റ്റോപ്പില്‍, കടകള്‍ ഉണ്ടെങ്കിലും, ഇവിടെ നിന്ന് വാങ്ങാന്‍ തന്നെയാണ് അയാള്‍ക്കുമിഷ്ടം. പടക്കവും അവിടെത്തന്നെയുണ്ടെന്ന് കണ്ടപ്പോള്‍ സന്തോഷവുമായി.
വെറുതെ ഒന്ന് തിരിഞ്ഞുനോക്കി. സൈഡിലുള്ള വീട്ടുമതിലിലെ ഉണങ്ങിയ പുല്ക്കൊടികള് പിച്ചിപ്പറച്ച്, പിന്നാലെ തന്നെ വരുന്നുണ്ട് അവന്. സാധനങ്ങളൊക്കെയുള്ള സഞ്ചികളും, ബാഗും, പടക്കത്തിന്റെ കവറും താഴെ വെച്ചു. മുണ്ട് ശരിയാക്കാനെന്ന മട്ടില്‍. അവന് അടുത്തെത്തി. അയാള്‍ ഒന്ന് ചിരിച്ചുകാട്ടി. അവനും സംശയിച്ച് നിന്ന് ചിരിച്ചുകാണിച്ചു. അതിനു തീരെ വെളിച്ചമില്ലായിരുന്നു. നിര്ബ്ബന്ധിച്ചുചെയ്യിച്ചതുപോലെ. അയാള്‍ ഒക്കെ എടുത്ത്, പതുക്കെ നടന്നുതുടങ്ങി.
"എന്താ പേര്?"
"അനൂപ്"
"എവിടെയാ വീട്?"
"കോട്ടയുടെ പിന്നിലുള്ള വഴിയില്ക്കൂടെ പോയാല്‍ എത്തും."
കോട്ട, അയാള്‍ക്ക് പോകാനുള്ള ബസ് പോകുന്ന വഴിക്കല്ല.
"എന്താ ഒന്നും വാങ്ങാതെ തിരിച്ചുപോന്നത്?"
തനിക്ക് ഒരു ധൃതിയുമില്ലെന്ന് അയാള്‍ ഓര്‍ത്തു. വീട്ടില്‍ എല്ലാവരും ചിരിക്കും. പരിചയമില്ലാത്ത ഒരു കുട്ടിയോട് മിണ്ടിക്കൊണ്ട് പോരുകയായിരുന്നു എന്ന് പറഞ്ഞാല്‍. എന്നാലും വിഷുവിന്റെ ഉത്സാഹം മനസ്സില്‍ ഉണ്ട്. പ്രായമായാലും, ആഘോഷങ്ങള്‍ വരുമ്പോള്‍ മനസ്സിനൊരു ലാഘവം വരും.
"പൈസയില്ലായിരുന്നു. തേങ്ങ കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു. എന്നാല്‍ വേണ്ടതൊക്കെ തരാമെന്ന്."
ചിലര്‍ക്ക് ഇല്ലാത്ത പൈസയാണല്ലോ നാളെയും മറ്റന്നാളും നിമിഷനേരം കൊണ്ട് തീര്‍ത്തുകളയാന്‍ പോകുന്നത് എന്ന് അയാള്‍ ഓര്‍ത്തു.
"അച്ഛന് ഇല്ലേ വീട്ടില്‍? ജോലിയൊന്നും ചെയ്യുന്നില്ലേ?"
"ഉണ്ട്. അപകടം പറ്റി കിടപ്പിലാണ്. അല്ലെങ്കില്‍ ഒക്കെ കൊണ്ടുത്തന്നേനെ. പുത്തനുടുപ്പും പടക്കവും ഒക്കെ. കഴിഞ്ഞ വിഷുവിനു ഞങ്ങള്‍ കുറേ പടക്കങ്ങള്‍ പൊട്ടിച്ചു. "
"അമ്മയ്ക്ക് പോയ്ക്കൂടെ ജോലിക്ക്?"
"ഇല്ല. അനിയത്തി ചെറിയ കുട്ടിയാണ്."
"വേറെ സ്വന്തക്കാരോ?"
"അവര്‍ക്കൊക്കെ ജോലിയില്ലേ? അല്ലെങ്കിലും വെറുതെ ആരെങ്കിലും വീട്ടില്‍ വന്ന് സഹായിച്ചുനില്ക്കുമോ? അച്ഛന്റെ കൈയില്‍ കൊടുക്കാന്‍ ഉണ്ടായിരുന്നപ്പോള്‍ പലരും വരാറുണ്ടായിരുന്നു. "
അവന്, ഇത്ര ചെറുപ്പത്തില്‍ മനസ്സിലാക്കിവെച്ചിട്ടുള്ള കാര്യങ്ങള്‍, തന്റെ മക്കള്‍ എന്നെങ്കിലും പഠിക്കുമോന്ന് അയാള്‍ അതിശയത്തോടെ ഓര്‍ത്തു.
"തേങ്ങയുണ്ടോ വീട്ടില്‍?"
"ഉണ്ടായിരുന്നു. ഒക്കെ, അച്ഛന് പണം കൊടുക്കാനുള്ള കൂട്ടുകാരന് വന്ന് ഇടീച്ച് കൊണ്ടുപോയി. അവര്‍ക്കും വിഷു ആഘോഷിക്കേണ്ടേ?"
"ഇനി എന്തു ചെയ്യും വിഷുവിന്?"
അനാവശ്യചോദ്യങ്ങള്‍ ചോദിച്ചുപോകുന്നത് എന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല.
ഉത്തരം ഒന്നും കിട്ടിയില്ല.
"ബസ് സ്റ്റോപ്പ് വരെ ഇതൊന്ന് പിടിക്കാമോ?" കുറച്ച് സാധനങ്ങളുള്ള ചെറിയ സഞ്ചിയും, പടക്കമുള്ള കവറും അവന്റെ കൈയില്‍ കൊടുത്തു. ഓഫീസ് ബാഗും, വലിയ സഞ്ചിയും താന്‍ തന്നെ പിടിച്ചു. ബസ് സ്റ്റോപ്പിലെത്തിയിട്ടും, അവനോട് വാങ്ങിയില്ല. ബസ് വന്നപ്പോള്‍, അവന് "സാര്‍" എന്ന് വിളിക്കുന്നത് കേട്ടില്ലെന്ന് നടിച്ച് ബസിലേക്ക് കയറി. തിരക്കുള്ള ബസില്‍, കയറാനുള്ളവരുടെ തിക്കിലും തിരക്കിലും പെട്ട് എങ്ങനെയോ അകത്തേക്കെത്തി, ജനാലയിലൂടെ നോക്കുമ്പോള്‍, അവന്, അമ്പരന്ന മട്ടില്‍, സഞ്ചിയും, കവറും പിടിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്.
അവന് ജനലരികില്‍, തന്റെ മുഖം കണ്ട് ഓടിവന്ന്, സഞ്ചിയും കവറും ഉയര്‍ത്തി നീട്ടി.
“വീട്ടില്‍ കൊണ്ടുപൊയ്ക്കോ. അടുത്ത തവണ തേങ്ങ ഇടീക്കാനാവുമ്പോള്, വില തന്നാല്‍ മതി. വിഷു സന്തോഷമായി ആഘോഷിക്ക്.”
അവന്, ഞെട്ടി നില്‍ക്കുകയായിരുന്നു.
ബസ് വിട്ടപ്പോള്‍, അയാള്‍ എന്തെന്നറിയാതെ ആശ്വസിച്ചു. അവന് ഒരു പൊട്ടുപോലെ മറഞ്ഞപ്പോള്‍, ഒരു പടക്കത്തിനു തീ കൊളുത്തി വിട്ടുപോന്ന പോലെ അയാള്‍ക്ക് തോന്നി. പൊട്ടിത്തെറിച്ചേക്കും, വലിയ ശബ്ദത്തോടെത്തന്നെ. പക്ഷെ, ആ വെളിച്ചത്തിനും വര്‍ണത്തിനും പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ ഒന്നും ഉണ്ടാവില്ലെന്ന് അയാള്‍ക്ക് അറിയാം.
പിന്നോട്ട് നടന്നുപോയാല്‍, പല ഘട്ടങ്ങളിലും, അയാളും, പകച്ചുനിന്നിരുന്ന ഒരു കുട്ടിയായിരുന്നല്ലോ.
Labels: കുഞ്ഞുകഥ
31 Comments:
എന്നാ പിന്നെ എന്റെ വക ഒരു തേങ്ങ സുവിനിരിക്കട്ടെ.
പടക്കമൊക്കെ വാങ്ങാന്‍ തുടങ്ങിയോ?
സൂ, നന്മയുടെ ഈ നുറുങ്ങും നന്നായി.
പട്ടിണിതിന്നു ചുരുണ്ടൊരു ജനകന്
പട്ടടതേടിപ്പോകുമ്പോള്
കാണുവതെങ്ങനെ കണ്ണാ നിന്നുടെ
കമലക്കണ്ണൂം കൈവളയും
ഇതു ഈ പോസ്റ്റിനു ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു
ചാത്തനേറ്:: “സൈഡിലുള്ള വീട്ടുമതിലിലെ ഉണങ്ങിയ പുല്ക്കൊടികള് പിച്ചിപ്പറച്ച്, പിന്നാലെ തന്നെ വരുന്നുണ്ട് അവന്“ ചാത്തനും വരുന്നൂണ്ട് പിന്നാലെ.
“അവന്, ഇത്ര ചെറുപ്പത്തില്‍ മനസ്സിലാക്കിവെച്ചിട്ടുള്ള കാര്യങ്ങള്‍“
അതൊഴിവാക്കാമായിരുന്നു. കൊച്ചു പിള്ളേരുടെ വായീന്ന് വലിയ വര്‍ത്തമാനമോ?
:)
ഇനി പടക്കം മേടിക്കാന്‍ സൂ തന്നെ പോ, ചേട്ടായിയെ വിടാതെ!
:-)
യഹൂനെതിരെ ഒരു ചീറ്റപ്പുലിയേപ്പോലേ ..ക്ഷമിക്കാന്‍ ഉപദേശിച്ചവരെയൊന്നും വകവയ്ക്കാതെ..പോരാടിയ സൂവിന്റെ വേറെ ഒരു മുഖം .. നന്നായിരിക്കുന്നു.
എല്ലാവര്ക്കും ഈ കഥയിലെ നായകനെപ്പോലെ ആവാന്‍ കഴിഞ്ഞെങ്കില്‍ ഈ ലോകം എത്ര നല്ലതായേനെ!
സൂവേച്ചി.... എന്നത്തേയും പോലെ ഈ കഥയും നന്നായിരിക്കുന്നു.
നന്മയുടെ ഒരു കണം.. നന്ദി :)
ആ കുട്ടിയ്ക്കു കിട്ടിയ നല്ല വിഷുക്കൈനീട്ടം. :)
കൊള്ളാം, നൊമ്പരത്തോടെ വായിച്ചു...
:)
--
വളരെ അപൂര്‍വ്വമായി കാണാവുന്ന ദയ എന്ന വികാരം ഭംഗിയായി വരച്ചിട്ടിരിക്കുന്നു.
കുഞ്ഞന്‍സേ :) നന്ദി. പടക്കം, വാങ്ങിയില്ല. ഇനി ഒരാഴ്ചയുണ്ടല്ലോ.
കുട്ടമ്മേനോന്‍ :)
ജി. മനു :) അതൊരു ചോദ്യമായി.
കുട്ടിച്ചാത്താ :) അവന് പറഞ്ഞോട്ടെ. വിവരം ഉള്ളതുകൊണ്ടല്ലേ.
ഇട്ടിമാളൂ :)
കൈതമുള്ളേ :) ഞാന്‍ തന്നെ പൊയ്ക്കോളാം.
ഉണ്ണിക്കുട്ടന് :)
നിര്‍മ്മലച്ചേച്ചീ :) അങ്ങനെ സംഭവിക്കില്ല.
ശ്രീ :)
മനു :)
ബിന്ദൂ :)
ഹരീ :)
നന്ദൂ :)
എല്ലാവര്ക്കും നന്ദി.
സു നന്നായി :)
നന്നായിട്ടുണ്ട് സുചേച്ചി
നിര്‍മ്മലാജി പറഞ്ഞതു പോലെ കുറച്ചെങ്കിലും ആ നല്ല മനസ്സു് എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍.:)
സുവേച്ചി..ഈ നല്ല മനസ്സ് എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍.
നല്ല കുഞ്ഞിക്കഥ :) ഈ നന്മ കണ്ട കാലം തന്നെ നമ്മള് ഇപ്പൊ മറക്കാന്‍ തുടങ്ങിയിരിക്കുന്നു അല്ലേ സൂച്ചേച്ചി?
സുല്‍ :)
സോന :)
അപ്പൂ :)
വേണു ജീ :)
നിമിഷയ്ക്ക് സ്വാഗതം :)
എല്ലാവര്ക്കും നന്ദി.
ഒറ്റ ശ്വാസത്തില്‍ വായിച്ചു...പടക്കങ്ങള്‍ പൊട്ടാത്ത കുട്ടിക്കാലം ഓര്മിപ്പിച്ചതിനു നന്ദി..
നന്നായി :)
ആ വെളിച്ചത്തിനും വര്‍ണ്ണത്തിനും പകരമായി ഇന്ന് ആറു ജീവനും ഒരു തെരുവിന്റെ ജീവനും തന്നെ കൊടുക്കേണ്ടി വന്നല്ലോ സൂ.
“പിന്നോട്ട് നടന്നുപോയാല്‍, പല ഘട്ടങ്ങളിലും, അയാളും, പകച്ചുനിന്നിരുന്ന ഒരു കുട്ടിയായിരുന്നല്ലോ.” ഇഷ്ടായി.
കെ പി :)
ചക്കര :)
നന്ദി.
രേഷ്, കത്തുന്നതും കണ്ട് നോക്കിയിരുന്നു. എന്താ ചെയ്യാ വേറെ. പടക്കപ്പുരയ്ക്ക് തീ പിടിച്ച് മരിച്ച അച്ഛനായിരുന്നു, ആദ്യം ഈ കഥയിലെ കുട്ടിയുടേത്. വിഷുവായതുകൊണ്ട് അങ്ങനെ എഴുതിയില്ല. നന്നായി എന്നിപ്പോള്‍ തോന്നുന്നു.
പിന്നെ എന്താ? “എന്റെ കുട്ടികളൊക്കെ വീട്ടില്‍ത്തന്നെയുണ്ടല്ലോ” എന്നൊരു വാചകവും പറഞ്ഞ് വിഷു ആഘോഷിക്കാം.
ഞങ്ങള്‍ പുറത്തിറക്കുന്ന ഒരു മാഗസിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്. കുറച്ചു ചോദ്യങ്ങള്‍ എത്തിക്കാനായി നിങ്ങളുടെ E -മെയില്‍ വിലാസം അയച്ചു തരാമോ? എന്റെ വിലാസം- tcrajeshin@gmail.com
പതിവുപോലെ നന്നായിരിയ്ക്കുന്നു സൂ..കുട്ടിക്കാലത്തെ വിഷു ഓര്‍ത്തുപോയി...നന്ദി ഈ പോസ്റ്റിനു.
സാരംഗീ :) നന്ദി.
qw_er_ty
സൂ... കഥാതന്തു കൊള്ളാം, പക്ഷെ കഥയ്ക്ക് ഒരു മുറുക്കം അനുഭവപ്പെട്ടില്ല. വെറുതെ വായിച്ചു പൊയ പോലെ തോന്നി. അടുത്തതില്‍ ഈ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുമല്ലോ
സസ്നേഹം
ദൃശ്യന്‍
ദൃശ്യന്‍ :) ഇനി ശ്രദ്ധിക്കാം. വെറുതെ എഴുതിക്കൂട്ടുന്നതല്ലേ.
qw_er_ty
Beautiful..elegant.
സു-കഥ വായിച്ച് ബേജാറായി, ഇക്കൊല്ലത്തെ വിഷു അലമ്പായി..
Post a Comment
Subscribe to Post Comments [Atom]
<< Home