Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, May 24, 2007

വീണ്ടും ഒരുപോലെ

ഞാനും അവളും.

ജനിച്ചുവീണത്‌ ഒരുദിവസമായിരുന്നു. ആദ്യമായി കരഞ്ഞപ്പോള്‍ ശബ്ദം ഉയര്‍ന്നതും, ചുറ്റും നിന്നവര്‍ സന്തോഷത്തോടെ ചിരിച്ചുനിന്നതും ഒരുപോലെയായിരുന്നു. പിച്ചവെച്ചതും, പിടിച്ചുനില്‍ക്കാന്‍ പഠിച്ചതും ഒരുമിച്ചായിരുന്നു. യൂനിഫോമിട്ട്‌ സ്കൂളിലേക്കുള്ള ആദ്യയാത്ര ഒരേദിവസം ആയിരുന്നു.

നെറ്റിയിലെ ചന്ദനവും, തലയിലെ തട്ടവും, നമസ്കാരവും, നിസ്കാരവും ഒക്കെ ഞങ്ങളെ വേര്‍തിരിച്ചുതുടങ്ങി. ഞങ്ങളുടെ ഇടയില്‍ ഒരു കാണാവേലി കെട്ടിത്തുടങ്ങി.

ഒടുവിലെന്റെ ചന്ദനച്ചിത പുകഞ്ഞതും, അവളെ അടക്കിയതും ഒരേ ദിവസമായി. ചുറ്റുമുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ഒരുപോലെയായിരുന്നു. ഞങ്ങള്‍ വീണ്ടും ഒരുപോലെയായി. ഞങ്ങളുടെ സ്വന്തമായിത്തീര്‍ന്ന ആറടി മണ്ണിന്റെ മേലെ വീഴുന്ന വെയിലിനും, പൊഴിയുന്ന മഴയ്ക്കുമൊന്നും വ്യത്യാസമേയില്ല.

ജനനത്തിനും മരണത്തിനും ഇടയില്‍ ഒരു നേര്‍ത്ത മതിലില്‍ക്കൂടെ നടക്കുമ്പോള്‍, മനസ്സില്‍ വേറൊരു മതിലും കൂടെ കെട്ടി ജീവിക്കുന്ന ജീവി.

മനുഷ്യന്‍.

Labels: ,

36 Comments:

Blogger Haree | ഹരീ said...

അവസാനം എന്താണ്, പി.എസ്.സി പരീക്ഷയുടെ ചോദ്യവും ഉത്ത്രരവും പോലെ! അതൊഴികെ എനിക്കിഷ്ടമായി... :)

പിന്നെ വേര്‍തിരിക്കാന്‍ നിക്കറും പാവാടയും തന്നെ ധാരാളമാണ്... പിന്നെ നിക്കറുകളെ വേര്‍തിരിക്കുവാന്‍ നമസ്കാരവും നിസ്കാരവും... പിന്നെ നമസ്കാരങ്ങളെ വേര്‍തിരിച്ച് നമസ്കാരമണ്ഡപങ്ങളും...
--

Thu May 24, 06:44:00 PM IST  
Blogger അപ്പൂസ് said...

ഇതിഷ്ടമായി

Thu May 24, 07:05:00 PM IST  
Blogger കരീം മാഷ്‌ said...

സു വിന്റെ ഈയടുത്ത പോസ്റ്റുകളില്‍ മികച്ചു നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ സ്കൂള്‍ കെട്ടിടത്തിനു തീ പിറ്റിച്ചപ്പോള്‍ വിവിധ മതവിഭാഗങ്ങളിലെ കുട്ടികളൂടെ മൃതദേഹങ്ങള്‍ നിര നിരയായി കിടത്തിയതു കണ്ടു ഞെട്ടിയ ഞെട്ടല്‍ മനസ്സിലെക്കു വീണ്‍ടും.

Thu May 24, 07:30:00 PM IST  
Blogger ദീപു : sandeep said...

ഞാന്‍ പറയാന്‍ വന്ന കാര്യം ഹരി പറഞ്ഞിട്ടുപോയി.. പാവാടയുടേയും നിക്കറിന്റേയും കാര്യം... ഇഷ്ടമായി :)

Thu May 24, 07:36:00 PM IST  
Blogger :: niKk | നിക്ക് :: said...

ന്താപ്പോ പറയ്ക :-|

Thu May 24, 08:31:00 PM IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

നിക്കറും പാവാടേം ഒക്കെ കമന്റിലു മാത്രേ കാണുന്നുള്ളൂ!!! അത് എടുത്ത് കളഞ്ഞതാണേല്‍ ചാത്തന്റെ കമന്റ് ഇങ്ങനെ..

ആറടി മണ്ണ് ഇത്തിരി അധികാ ഒരു അഞ്ച് അഞ്ചര തന്നെ ധാരാളം.. മലയാളികളല്ലെ? :)

Thu May 24, 08:38:00 PM IST  
Blogger ശ്രീ said...

സൂവേച്ചി...
മറ്റു പോസ്റ്റുകള്‍‌ പോലെ ഇതും വ്യത്യസ്തമായ അവതരണം തന്നെ....
കരീം മാഷുടെ കമന്റും നന്നായി...
ഇത്തരം ചിന്തകള്‍‌ എല്ലാവര്‍‌ക്കും തോന്നിയിരുന്നെങ്കില്‍‌...

Thu May 24, 08:46:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

നന്നായിരിക്കുന്നു.

Fri May 25, 12:04:00 AM IST  
Blogger മഹിമ said...

ശരിയാണ് സൂ..

നശ്വരമായ ലോകത്ത് ഏതൊരു വ്യക്തിക്കും തുല്യ നീതി ലഭിക്കുന്നത് രണ്ടേരണ്ട് കാര്യ്ങ്ങളിലാണെന്നാണ് എനിക്കും തോന്നുന്നത്. നിഷ്കളങ്കമായ ജനനവും ഒഴിവാക്കാനാവാത്ത മരണവും. പണക്കാരനും പാവപ്പെട്ടവനും, പണ്ഠിതനും പാമരനും, ശക്തരും അശക്തരും.. അങ്ങനെ എല്ലാവരും പിറന്നു വീണപ്പോള്‍ സമന്‍ മാരായിരുന്നു. പിന്നെ, മരണം വന്നുവിളിച്ചപ്പോഴും അവരെല്ലാവരും ഒന്നുതന്നെയായി.

ആചാരങ്ങളും അനുഷ്ടാനങ്ങളും ബാഹ്യമായി നിങ്ങളെ വേര്‍തിരിച്ചിരുന്നുവെങ്കിലും, മനസ്സിന്റെ നെരിപ്പോടിലെവിടെയോ നിങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഒരു നൂല്‍പ്പാലം ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കട്ടെ! അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.

Fri May 25, 01:15:00 AM IST  
Blogger SAJAN | സാജന്‍ said...

സു ഇത് നന്നായി..
നല്ല ചിന്തകള്‍, നന്നായി എഴുതിയിരിക്കുന്നു...:)

Fri May 25, 03:41:00 AM IST  
Blogger ആഷ | Asha said...

:)

Fri May 25, 06:01:00 AM IST  
Blogger സൂര്യോദയം said...

കുഞ്ഞുചിന്തയാണെങ്കിലും നല്ല ചിന്ത...

Fri May 25, 09:25:00 AM IST  
Blogger സു | Su said...

ഹരീ :) അത് കഥയോട് ചേര്‍ത്തുവെച്ചതാ. വേണ്ടായിരുന്നോ? മനുഷ്യനെ വേര്‍തിരിക്കാന്‍, ഇതൊന്നും വേണ്ട. പരസ്പരം അറിയാത്ത മനസ്സുണ്ടായാല്‍ മതി.

അപ്പൂസ് :) ഇഷ്ടമായല്ലോ അല്ലേ?

കരീം മാഷേ :) നന്ദി.


ദീപു :) നന്ദി.

നിക്ക് :) എന്തെങ്കിലും പറയൂ.

കുട്ടിച്ചാത്താ :) അത് കമന്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റില്‍ ഇല്ല.

ശ്രീ :)നന്ദി.

മഹിമ :) അഭിപ്രായത്തിന് നന്ദി.

സാജന്‍ :)നന്ദി

ആഷ :)

വക്കാരീ :)

സൂര്യോദയം :) നന്ദി.

Fri May 25, 11:44:00 AM IST  
Blogger മൃദുല്‍....|| MRIDUL said...

ഹ്രസ്വം...പക്ഷേ സുന്ദരം..!!!

Fri May 25, 11:57:00 AM IST  
Blogger indiaheritage said...

തമ്മിലിടിക്കുമ്പോള്‍ തലപൊട്ടിയൊഴുകുന്ന ചോര നക്കിക്കുടിക്കുവാന്‍ കാത്തുനില്‍ക്കുന്ന കുറുക്കന്മാരെ ആടുകള്‍ എന്നു വരെ തിരിച്ചറിയുന്നില്ലയോ അന്നു വരെ ഈ മതിലിനു ഉയരവും കനവും കൂടിക്കൊണ്ടിരിക്കും

നന്നായി എഴുതിയിരിക്കുന്നു പതിവുപോലെ

Fri May 25, 12:01:00 PM IST  
Blogger ദൃശ്യന്‍ | Drishyan said...

സുന്ദരം!

സസ്നേഹം
ദൃശ്യന്‍

Fri May 25, 03:50:00 PM IST  
Blogger സു | Su said...

മൃദുല്‍ :) നന്ദി.

പണിക്കര്‍ ജീ :) മതിലിടിഞ്ഞുവീഴുമ്പോഴേക്കും ആളുമുണ്ടാകില്ല.

ദൃശ്യന്‍ :) നന്ദി.

Sat May 26, 09:56:00 AM IST  
Blogger ചേച്ചിയമ്മ said...

നന്നായിട്ടുണ്ട്.

Sat May 26, 05:04:00 PM IST  
Blogger Sha : said...

നന്നായിരിക്കുന്നു.........

Sun May 27, 10:25:00 AM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

പതിവ് പോലെ നല്ല ചിന്ത.

Sun May 27, 10:37:00 AM IST  
Blogger kuttan said...

അതെലൊ.........പോസ്റ്റ് വായിച്ചു..........നന്നായിട്ടുണ്ട്....

Sun May 27, 02:53:00 PM IST  
Blogger കുട്ടന്മേനൊന്‍::KM said...

സൂ.. നന്നായി വരികള്‍..
ജനനത്തിനും മരണത്തിനും ഇടയില്‍ ഒരു നേര്‍ത്ത മതിലില്‍ക്കൂടെ നടക്കുമ്പോള്‍, മനസ്സില്‍ വേറൊരു മതിലും കൂടെ കെട്ടി ജീവിക്കുന്ന ജീവി.

Sun May 27, 02:57:00 PM IST  
Blogger കുതിരവട്ടന്‍ | kuthiravattan said...

ചന്ദനച്ചിതയിലെരിഞ്ഞ എനിക്ക്
ആറടി മണ്ണു പോലും സ്വന്തമായില്ല.

അല്പം പുഴയിലും,
കുറച്ചു കടലിലും,
പൊട്ടിയ കലത്തിലും,
മണ്ണിലും....

അതല്ലേ ശരി, സൂ ചേച്ചി?

ഓടോ:
ചന്ദനച്ചിത...
മാവിന്‍ വിറക്, വറളി... പേരിനൊരു ചന്ദനക്കഷണവും.
ഞാന്‍ പേടിപ്പിച്ചില്ലാല്ലോ, അല്ലേ :-)

Sun May 27, 03:16:00 PM IST  
Blogger സാല്‍ജോ ജോസഫ് said...

മനുഷ്യനും,മനുഷ്യത്വവും..!

അതിലാണ് അതിന്റെ പൂര്‍ണ്ണത? മനുഷ്യത്വമില്ലാത്തിടത്തോളം മനുഷ്യനില്ല. പിന്നെ അതു മൃഗമാണ്.

നല്ല ഭാവന,...ആശംസകള്‍

Sun May 27, 03:24:00 PM IST  
Blogger Sul | സുല്‍ said...

ഇതു കുഞ്ഞുചിന്തയല്ല സു
ഇക്കാലത്തെ ഏറ്റവും വലിയ ചിന്ത.

“ഞങ്ങളുടെ ഇടയില്‍ ഒരു കാണാവേലി കെട്ടിത്തുടങ്ങി.“ ഇങ്ങനെ ചിന്തിക്കുന്നതിന്റെ പ്രശ്നമാണ് ഇന്നു നാം അനുഭവിക്കുന്നത്. എന്തിനിങ്ങനെ ചിന്തിക്കണം. ഒരു ലക്ഷ്യത്തിലേക്കടുക്കാന്‍ ഒരു നൂറ് വഴികള്‍ കാണും. പലരുടേയും വഴികള്‍ വ്യത്യസ്ഥമായിരിക്കും. അതു മനസ്സിലാക്കിയാല്‍ പിന്നെ കാണാവേലികള്‍ എവിടന്നുണ്ടാവാന്‍?

-സുല്‍

Sun May 27, 03:40:00 PM IST  
Blogger Sapna Anu B. George said...

എത്ര സത്യം സൂ,
ബന്ധങ്ങക്ക് വരമ്പുകളും അതിരും
കല്‍പ്പിക്കാന്‍ ജാതി മുന്നിട്ടിറങ്ങി
ആറടിണ്ണ്, എല്ലാ ജാതിക്കും തുല്യം.

Sun May 27, 03:47:00 PM IST  
Blogger കുട്ടു | kuttu said...

വലിയ ചിന്ത. നന്നായിട്ടുണ്ട്.

Mon May 28, 09:19:00 AM IST  
Blogger സു | Su said...

ചേച്ചിയമ്മയ്ക്കും, കുട്ടനും, ഇത്തിരിവെട്ടത്തിനും, ഷായ്ക്കും, കുട്ടുവിനും, കുട്ടമ്മേനോനും നന്ദി.

സപ്ന :) ആറടിമണ്ണില്‍ എല്ലാവരും തുല്യരായിരിക്കും അല്ലേ?

സുല്‍ :) കാണാവേലി, അറിയാതെ അറിയിക്കാതെ വരുന്ന ഒരു വേലിയാണ്.

സാല്‍ജോ :) സ്വാഗതം. നന്ദി.

കുതിരവട്ടാ :) അതെ. അതൊക്കെയാണ് സ്വന്തമായിട്ട് ഉണ്ടെന്ന് പറയാന്‍ പറ്റുക. മണ്ണിലല്‍പ്പം, പുഴയിലല്‍പ്പം.

Mon May 28, 01:08:00 PM IST  
Blogger കുതിരവട്ടന്‍ | kuthiravattan said...

സൂ ചേച്ചി, എന്റെ സംശയം ഇത്രേയുള്ളൂ, ചിതയില്‍ ദഹിച്ചു പോയ ശരീരം പിന്നെ എങ്ങെയാ ആറടി മണ്ണിനു താഴെ പോയത്? :-)

Mon May 28, 01:21:00 PM IST  
Blogger സു | Su said...

ചിത കൂട്ടാന്‍ ആറടിമണ്ണ് വേണമല്ലോ. അപ്പോ, അതാണ് ഓരോരുത്തര്‍ക്കും സ്വന്തം. ഇപ്പോള്‍, അതിന്റെ ആവശ്യം പോലും ഇല്ല. ചാരമാക്കിക്കൊണ്ടുവന്ന് പുഴയിലൊഴുക്കും.

qw_er_ty

Mon May 28, 01:27:00 PM IST  
Blogger അജി said...

നല്ല ചിന്തകള്‍.., ദേവരാജന്‍ മാഷിന്റേയും, വയലാറിന്റേയും വരികള്‍ ഓര്‍മ്മ വരുന്നു.

Mon May 28, 01:32:00 PM IST  
Blogger സു | Su said...

അജീ :) സ്വാഗതം. നന്ദി.

qw_er_ty

Mon May 28, 07:34:00 PM IST  
Blogger Jasu said...

എനിക്കിഷ്ടമായി സൂചേച്ചി

Tue May 29, 09:15:00 AM IST  
Blogger സു | Su said...

ജാസു :) സ്വാഗതം. നന്ദി.

qw_er_ty

Tue May 29, 10:02:00 AM IST  
Blogger Sona said...

സൂചേച്ചി..നല്ല ചിന്ത..പിറന്നുവീഴുമ്പോഴും,ആറടി മണ്ണിലേയ്ക്കു തന്നെ തിരിച്ചെത്തുമ്പോഴും,എല്ലാ‍വരും ഒരുപോലെയല്ലെ..

Wed May 30, 11:56:00 AM IST  
Blogger സു | Su said...

സോന :) നന്ദി. അങ്ങനെയാണ്.

Thu May 31, 11:50:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home