വീണ്ടും ഒരുപോലെ
ഞാനും അവളും.
ജനിച്ചുവീണത് ഒരുദിവസമായിരുന്നു. ആദ്യമായി കരഞ്ഞപ്പോള്‍ ശബ്ദം ഉയര്‍ന്നതും, ചുറ്റും നിന്നവര്‍ സന്തോഷത്തോടെ ചിരിച്ചുനിന്നതും ഒരുപോലെയായിരുന്നു. പിച്ചവെച്ചതും, പിടിച്ചുനില്‍ക്കാന്‍ പഠിച്ചതും ഒരുമിച്ചായിരുന്നു. യൂനിഫോമിട്ട് സ്കൂളിലേക്കുള്ള ആദ്യയാത്ര ഒരേദിവസം ആയിരുന്നു.
നെറ്റിയിലെ ചന്ദനവും, തലയിലെ തട്ടവും, നമസ്കാരവും, നിസ്കാരവും ഒക്കെ ഞങ്ങളെ വേര്‍തിരിച്ചുതുടങ്ങി. ഞങ്ങളുടെ ഇടയില്‍ ഒരു കാണാവേലി കെട്ടിത്തുടങ്ങി.
ഒടുവിലെന്റെ ചന്ദനച്ചിത പുകഞ്ഞതും, അവളെ അടക്കിയതും ഒരേ ദിവസമായി. ചുറ്റുമുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ഒരുപോലെയായിരുന്നു. ഞങ്ങള്‍ വീണ്ടും ഒരുപോലെയായി. ഞങ്ങളുടെ സ്വന്തമായിത്തീര്‍ന്ന ആറടി മണ്ണിന്റെ മേലെ വീഴുന്ന വെയിലിനും, പൊഴിയുന്ന മഴയ്ക്കുമൊന്നും വ്യത്യാസമേയില്ല.
ജനനത്തിനും മരണത്തിനും ഇടയില്‍ ഒരു നേര്‍ത്ത മതിലില്‍ക്കൂടെ നടക്കുമ്പോള്‍, മനസ്സില്‍ വേറൊരു മതിലും കൂടെ കെട്ടി ജീവിക്കുന്ന ജീവി.
മനുഷ്യന്‍.
Labels: കുഞ്ഞുകഥ., കുഞ്ഞുചിന്ത

