Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 20, 2007

തറവാട്

മഴ ശക്തമായിത്തന്നെയുണ്ട്. യാത്ര പുറപ്പെടുന്നതിനുമുമ്പ് തന്നെ തുടങ്ങിയിരുന്നതുകൊണ്ട് കുറ്റം പറയാന്‍ പറ്റില്ല. വെറുതെ ഒന്ന്
തിരിഞ്ഞുനോക്കി. ശശാങ്ക്, അമ്മയുടെ മടിയില്‍ തലവെച്ച് ഉറക്കം തന്നെയാണ്. കളിയും ചിരിയും കഴിഞ്ഞ് ക്ഷീണിച്ചു. വിന്‍ഡോ തുറക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യവും. വീണയും മയങ്ങുകയാണെന്ന് തോന്നുന്നു. വേണമെങ്കില്‍ അവള്‍ക്ക് മുന്നിലിരിക്കാമായിരുന്നു. അച്ചാച്ചന്റെ അടുത്ത് ആയാലും ശശാങ്കിന് വിരോധമില്ല.

“എന്താ അച്ഛാ? വെള്ളമോ മറ്റോ വേണോ?” സോമന്‍ ചോദിച്ചു.

“വേണ്ട വേണ്ട. ശശാങ്ക് ഉണര്‍ന്നോയെന്ന് നോക്കിയതാ. മഴ കണ്ടോട്ടെ എന്ന് കരുതി.”

“ഉറങ്ങുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കില്‍ വഴിയില്‍ വെറുതെ നിര്‍ത്തണമെന്ന് ശാഠ്യം പിടിക്കും. മഴ നനയുകയും ചെയ്യും.”

ശാഠ്യം എന്ന വാക്ക് കാറ്റുപോലെ എവിടേക്കോ നയിച്ചുകൊണ്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പെ കേട്ടത് ഇന്നും ഓര്‍മ്മയില്‍.

“അവന്റെയൊരു ശാഠ്യം നോക്ക്. നടുമുറ്റത്തിരുന്ന ചെമ്പിലേക്ക് വെറുതേ കടലാസ്സ് ചീന്തിയിടുകയാണ്. ഒപ്പം മഴ നനയുകയും.”

അവള്‍, അലറിക്കരയുന്ന സോമനെ പിടിച്ച് വെച്ച്, നിര്‍ബ്ബന്ധപൂര്‍വ്വം തല തുടയ്ക്കുന്നുണ്ട്.

അവളിന്നില്ല. ഓര്‍മ്മകള്‍ മാത്രം. നടുമുറ്റമോ... അതിനെക്കുറിച്ചൊന്നും ഓര്‍ക്കാതിരിക്കുന്നതാവും നല്ലത്. ആ ശാഠ്യക്കാരന്‍ കുട്ടി ഇന്ന് മഴ നനയുന്നതിനെപ്പറ്റി വിഷമത്തോടെ പറയുന്നു. കാലം എത്ര വേഗമാണ് പോകുന്നത്.ഏഴ് വര്‍ഷം കൊണ്ട് ഒക്കെ മാറിയിരിക്കുമോ? ദിവസംതോറും മാറ്റങ്ങള്‍ വരുമ്പോള്‍, വര്‍ഷങ്ങള്‍ എത്ര മാറ്റം വരുത്തിയിരിക്കും?
അവള്‍ വിട്ടുപോയപ്പോഴാണ്, സോമന്റെ കുടുംബത്തോടൊപ്പം കഴിയാമെന്ന് തീരുമാനിച്ചത്. ഓര്‍മ്മകളും ശൂന്യതയും ഒക്കെക്കൂടെ ഒരു വിഷമാവസ്ഥ തന്നെ ആയിരുന്നു. വലിയ നഗരം, അതിന്റെ ആര്‍ഭാടങ്ങളിലൊന്നും കുരുക്കിയില്ലെങ്കിലും, അവിടെത്തന്നെ കഴിയാനാണ് തോന്നിയത്.

അടുത്തുള്ള നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്ന് അവന്‍ പറഞ്ഞപ്പോള്‍, എന്തോ ഒരു സന്തോഷവും തോന്നി. സുഹൃത്തുക്കളെയൊക്കെ, കാലവും, ജീവിതത്തിരക്കുകളും അകറ്റിയിരുന്നു. ഓര്‍മ്മകളില്‍ മാത്രം അവരൊക്കെ എന്നും വന്ന് മിണ്ടിപ്പോയ്ക്കൊണ്ടിരുന്നു.

ശശാങ്കാണ് ഒരു ദിവസം ചോദിച്ചത്.

“നമുക്ക് അച്ഛന്റെ പഴയ വീട്ടില്‍ പോയാലോ?”

“രണ്ട് മൂന്ന് ദിവസം അച്ഛന് അവധി കിട്ടുമ്പോള്‍ പോകാം. അച്ചാച്ചന്റേയും അച്ഛന്റേയും കൂട്ടുകാരേയുമൊക്കെ കാണാം.” സോമന്‍ ഉറപ്പ് കൊടുത്തിരുന്നു.

മാറ്റം കിട്ടിയപ്പോള്‍, വീട് വിറ്റ് വന്നതുകൊണ്ട് അവന്‍, പുതിയ വീട് നോക്കുന്ന തിരക്കിലായിരുന്നു.

അന്ന് ഉപേക്ഷിച്ചിറങ്ങുമ്പോള്‍ എത്ര വേദനയുണ്ടായിരുന്നോ, ഇന്ന് കാണാന്‍ പോകുമ്പോള്‍ അതിന്റെ ഇരട്ടി സന്തോഷമുണ്ട്. കൈവിട്ട് പോയെങ്കിലും, തന്റെ സാമ്രാജ്യത്തിലേക്ക്, അടുത്ത് നിന്ന് കാണാന്‍ ഒരു പോക്ക്. മഹാനഗരം ഒരിക്കലും സ്വന്തമെന്ന് തോന്നിപ്പിച്ചിരുന്നില്ല. ഓര്‍മ്മകള്‍ എന്നും ഇവിടെ ആയിരുന്നു. പുതുതായി വന്നിടത്ത് നിന്ന് കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ യാത്ര.

മഴത്തുള്ളികള്‍ കനം കുറച്ച് തുടങ്ങി. എത്തുമ്പോള്‍ മഴയില്ലെങ്കില്‍ നല്ലത്. എല്ലാവരേയും കണ്ട് വൈകുന്നേരത്തോടെ മടങ്ങാം.
ആരൊക്കെയുണ്ടാവുമോയെന്തോ?

“എവിടേക്കാ അച്ഛാ ആദ്യം പോകേണ്ടത്? അങ്കിളിന്റെ വീട്ടില്‍ പോവാം അല്ലേ?“

കൂട്ടുകാരന്റെ വീട്ടില്‍ ആദ്യം പോകണോ? അവിടെ ആരൊക്കെയുണ്ടാവുമെന്ന് ആര്‍ക്കറിയാം?

“നമ്മുടെ വീട്ടില്‍ ആദ്യം കയറാം.”

നമ്മുടെ എന്നത് ഉപേക്ഷിക്കാന്‍ വിട്ടു. അവന്‍ പക്ഷെ അത് ശ്രദ്ധിച്ചതായി തോന്നിയില്ല.

ഏഴ് വര്‍ഷങ്ങള്‍ കൊണ്ട്, ആധുനികരീതിയിലെ വീടും, അതിനൊത്ത പരിസരങ്ങളും കണക്കുകൂട്ടിവെച്ചിരുന്നു. മരങ്ങളൊക്കെ അവിടെത്തന്നെ ഉണ്ടാവുമോയെന്തോ.

ശശാങ്കിനെ വീണ തട്ടിയുണര്‍ത്തുന്നുണ്ടായിരുന്നു.

ഇലഞ്ഞിമരമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. വിശ്വസിക്കാനായില്ല. അത് വെട്ടിനിരത്തിയില്ലെന്നോ? പതുക്കെപ്പതുക്കെ മനസ്സിനെ അടക്കിയാണ് വീട് നോക്കിയത്. സ്വപ്നത്തില്‍ നിന്നുണരൂയെന്ന് മനസ്സിനോട് പറഞ്ഞു.

“അച്ചാച്ചാ, വീടെത്തി അല്ലേ?” ശശാങ്കിന്റെ ചോദ്യമാണ് താന്‍ കാണുന്നത് സ്വപ്നമല്ലെന്ന് ഓര്‍മ്മിപ്പിച്ചത്.

എല്ലാവരും, നനഞ്ഞ മണ്ണിലേക്ക് ഇറങ്ങി. മണ്ണിന്റെ മാത്രം കുളിര്‍മ്മയല്ലെന്ന് അയാള്‍ക്ക് തോന്നി.

“ഒന്നും മാറിയിട്ടില്ലല്ലേ?” വീണയുടെ സ്വരത്തില്‍ ഉത്സാഹം. സോമന്‍ മാത്രം കാര്‍ ലോക്ക് ചെയ്യുന്നതില്‍ ശ്രദ്ധിച്ചു. വീണ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ മുഴുവന്‍ സമയവും താമസിച്ചിരുന്നത്.

അതേ വീട്, അതേ മുറ്റം, അതേ തൊടി. പൂച്ചട്ടികളില്‍ പുതിയ തരം ചില ചെടികള്‍. തൊടിയില്‍നിന്ന് ചില പഴയ ചെടികള്‍ വലുതാവുകയും, അല്പം പുതിയ ചെടികള്‍ വരുകയും ചെയ്തു എന്നതൊഴിച്ചാല്‍, ഒക്കെ വിട്ടുപോയ പോലെ തന്നെ.

കണ്ണ് നിറഞ്ഞിരുന്നു.

ഓടി വന്നു അമ്മയും മകനും.

“നടുമുറ്റത്ത് തോണി കളിക്കുകയാണ്. ഒരു വസ്തു പറഞ്ഞാല്‍ കേള്‍ക്കില്ല.” വെള്ളമുള്ളതുകൊണ്ട് അവന്റെ കൈ വഴുതിപ്പോകുന്നുണ്ട്.

അപരിചിതരെ കണ്ടതും, അവന്‍ കരച്ചില്‍ നിര്‍ത്തി. ശശാങ്കിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സിനിളപ്പം ഉണ്ടാവും.

“വരൂ, വരൂ, മഴയായിപ്പോയി അല്ലേ?”

ഉമ്മറത്തേക്ക് കയറാനുള്ള പടികള്‍ പോലും മാറ്റിയിട്ടില്ല. കയറിയപ്പോള്‍ എന്തോ ഒരു സന്തോഷം വന്നുപൊതിഞ്ഞു.

സ്വന്തം സ്ഥലത്തെത്തി, മതിയാവാതെ, അനേകം മണിക്കൂറുകള്‍ കഴിഞ്ഞ് ഇറങ്ങാന്‍ ആയപ്പോള്‍ എന്തോ നഷ്ടബോധം ഉണ്ടായിരുന്നു. ശശാങ്കിന്റെ കൂട്ടായി മാറിയിരുന്നു ആ കുട്ടി. അവരുടെയൊപ്പം എല്ലായിടത്തും കറങ്ങിനടന്നു. കിടപ്പ് മുറിയുടെ ജനലില്‍ക്കൂടെ കാണാവുന്ന മുല്ലച്ചെടിപോലും അതേപടി ഉണ്ടായിരുന്നു. ഈ ഗ്രാമത്തില്‍ ജോലി കിട്ടിവന്നപ്പോള്‍, രണ്ടുപേരുടെയും സ്വപ്നം പോലെ പണിത വീടും, സ്വന്തമാക്കിയ പരിസരങ്ങളും.

ഗൃഹനാഥന്‍, സോമനോട് പറയുന്നത് ഞെട്ടലോടെയാണ് കേട്ടത്.

“അടുത്ത വ്യാഴാഴ്ച ഞങ്ങള്‍ പോകും. നിങ്ങള്‍ക്ക്, ഒക്കെ കൊണ്ടുവന്നാല്‍, ഞായറോടെ താമസിക്കാം. ഒന്നും മാറ്റിയിട്ടില്ല വീട്. ഞങ്ങള്‍ക്കും ഇങ്ങനെ ആയിരുന്നു ഇഷ്ടം. പിന്നെ പോകാതിരിക്കാന്‍ നിവൃത്തിയില്ലാതെയായി. നിങ്ങള്‍ തന്നെ വാങ്ങാന്‍ താല്പര്യം കാട്ടിയപ്പോള്‍, വിലപേശലിനെക്കുറിച്ച് ചിന്തിച്ചുമില്ല.“

കള്ളന്‍. സോമന്‍ ഒന്നും പറഞ്ഞില്ല. വീണയ്ക്കും അറിയാമായിരുന്നോ എന്തോ.


ആരേയും നോക്കാതെ കേട്ടതൊന്നും സ്വപ്നത്തിലല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ച് നില്‍ക്കുമ്പോള്‍, നിന്നുപോയ മഴയെ വെല്ലുവിളിച്ചുകൊണ്ട് അയാളുടെ കണ്ണില്‍ നിന്ന് മഴ പെയ്തുകൊണ്ടിരുന്നു. സ്വന്തമായത്, നഷ്ടപ്പെടുമ്പോള്‍ ഉള്ള ദുഃഖവും,
തിരിച്ചുകിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷവും അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വവിധിയാണെന്ന് അയാള്‍ക്ക് തോന്നി. ആ വീട് മാറാതെ നിന്നതില്‍, ഒരുപോലെ ചിന്തിക്കുന്ന മനസ്സുകളും ഉണ്ടെന്നതിന്റെ തെളിവ് ആണെന്ന് അയാള്‍ അറിഞ്ഞു.

Labels:

36 Comments:

Blogger വക്കാരിമഷ്‌ടാ said...

നന്നായിരിക്കുന്നു, സൂ. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്.

Thu Jun 21, 03:37:00 AM IST  
Blogger ഇത്തിരിവെട്ടം said...

നന്നായിരിക്കുന്നു.

Thu Jun 21, 09:24:00 AM IST  
Blogger സൂര്യോദയം said...

വളരെ ഇഷ്ടപ്പെട്ടു... ശരിക്കും മനസ്സിനെ സ്പര്‍ശിച്ചു....

Thu Jun 21, 09:25:00 AM IST  
Blogger ഇട്ടിമാളു said...

നഷ്ടമായതെല്ലാം ഇങ്ങനെ തിരിച്ചു കിട്ടുമായിരുന്നെങ്കില്‍

Thu Jun 21, 09:50:00 AM IST  
Blogger ദീപു : sandeep said...

ഒരിയ്ക്കെ നഷ്ടപ്പെട്ടതെല്ലാം/പെടുത്തിയതെല്ലാം ഇങ്ങനെ തിരിച്ചു കിട്ടുമോ സു?

കിട്ടുമായിരിയ്ക്കും ല്ലേ...

Thu Jun 21, 09:57:00 AM IST  
Blogger Haree | ഹരീ said...

നഷ്ടപ്പെട്ടതെല്ലാം നമ്മുടെയായിരുന്നോ? ഇപ്പോള്‍ തിരിച്ചു കിട്ടുമ്പോള്‍ അത് ശരിക്കും നമ്മുടേതാവുന്നുണ്ടോ?
--

Thu Jun 21, 10:07:00 AM IST  
Blogger കരീം മാഷ്‌ said...

"കൊണ്ടു നടന്നതും നീയേ ചപ്പാ കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ"
എന്നു ചൊല്ലി ഒരു പൂര്‍ണ്ണവിരാമം ഇടാനിരുന്നതാ.
അപ്പോള്‍ വീണ്ടും ഒരു പ്രതീക്ഷ തരുന്നു.
----------

“അടുത്ത വ്യാഴാഴ്ച ഞങ്ങള്‍ പോകും. നിങ്ങള്‍ക്ക്, ഒക്കെ കൊണ്ടുവന്നാല്‍, ഞായറോടെ താമസിക്കാം. ഒന്നും മാറ്റിയിട്ടില്ല വീട്. ഞങ്ങള്‍ക്കും ഇങ്ങനെ ആയിരുന്നു ഇഷ്ടം. പിന്നെ പോകാതിരിക്കാന്‍ നിവൃത്തിയില്ലാതെയായി. നിങ്ങള്‍ തന്നെ വാങ്ങാന്‍ താല്പര്യം കാട്ടിയപ്പോള്‍, വിലപേശലിനെക്കുറിച്ച് ചിന്തിച്ചുമില്ല.“

Thu Jun 21, 10:33:00 AM IST  
Blogger വിനയന്‍ said...

////////// നൊള്‍സ്റ്റാള്‍ജിക് \\\\\\\\\
---നന്നായി---

Thu Jun 21, 10:40:00 AM IST  
Blogger സണ്ണിക്കുട്ടന്‍ said...

ഹായ് സുനില, വളരെ നന്നായിരിക്കുന്നു. അതിമനോഹരം.

some one can help me. My blog is not appearing in boolokablog. Please advise me to get that in malayalam blog.

http://kaagidham.blogspot.com

Thu Jun 21, 12:15:00 PM IST  
Blogger സാരംഗി said...

നന്നായിട്ടുണ്ട് സൂ. ശരിയ്ക്കും മനസ്സിനെ തൊടുന്ന ഒരു കഥ.

Thu Jun 21, 12:22:00 PM IST  
Blogger സു | Su said...

സണ്ണിക്കുട്ടാ :) എന്റെ പേര് സുനില എന്നല്ല. സു എന്നാണ് പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. അതു വിളിച്ചാല്‍ മതി. പിന്നെ ബൂലോഗക്ലബ്ബില്‍ ആരുടേയും പോസ്റ്റ് വരില്ല. തനിമലയാളത്തിലാണ് വരുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ് വായിക്കുക.

http://ashwameedham.blogspot.com/2006/07/blog-post_28.html

സ്വാഗതം.

Thu Jun 21, 12:34:00 PM IST  
Blogger kaithamullu : കൈതമുള്ള് said...

“.....സ്വന്തമായത്, നഷ്ടപ്പെടുമ്പോള്‍ ഉള്ള ദുഃഖവും,
തിരിച്ചുകിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷവും അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വവിധിയാണെന്ന് അയാള്‍ക്ക് തോന്നി“

-സത്യമായും അതെ, സൂ!

zqrcgfgm....വീവിക്കിത്ര നീളമോ?

Thu Jun 21, 12:37:00 PM IST  
Blogger G.manu said...

good one Su.ji

Thu Jun 21, 12:50:00 PM IST  
Blogger പടിപ്പുര said...

ആ അച്ഛന്, അതിലും വലുതായി മറ്റെന്താണ് മകന് കൊടുക്കാനാവുക.

Thu Jun 21, 03:11:00 PM IST  
Blogger P.R said...

മാതാപിതാക്കള്‍ക്ക് അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത വീടിനോടു തോന്നുന്നതെന്തെന്ന് മനസ്സിലാക്കാന്‍ മക്കള്‍ക്കും, അതുപോലെ തന്നെ സാഹചര്യങ്ങള്‍ക്കും കഴിഞ്ഞെങ്കില്‍ അതു തന്നെ അവരുടെ ഏറ്റവും വലിയ ഭാഗ്യം.
നന്നായിരിയ്ക്കുന്നു സൂ..

Thu Jun 21, 05:10:00 PM IST  
Blogger സു | Su said...

വക്കാരീ :) ആദ്യത്തെ കമന്റിന് നന്ദി. അരി വേവാനിട്ട് കഥ വായിച്ചതാവും അല്ലേ?

ഇത്തിരിവെട്ടം :)

സൂര്യോദയം :)

ഇട്ടിമാളൂ :) കിട്ടുമായിരുന്നെങ്കില്‍ വീണ്ടും നഷ്ടപ്പെടുത്തും അല്ലേ? ;)

ദീപൂ :) കിട്ടുമായിരിക്കും എന്നുള്ള വിശ്വാസം.

ഹരീ :) എല്ലാം നമ്മുടേത്. അല്ലെങ്കില്‍ ഒന്നും നമ്മുടേതല്ല.

കരീം മാഷേ :) പ്രതീക്ഷ.

വിനയന്‍ :)

സാരംഗീ :)

കൈതമുള്ളേ :) അത് കൈതമുള്ളിന് സ്പെഷല്‍ വേവെ ആവും.

മനു :)

പടിപ്പുര :) അതെ.

പി. ആര്‍ :) അങ്ങനെ ഭാഗ്യം ഉള്ളവര്‍ യഥാര്‍ത്ഥഭാഗ്യവാന്മാര്‍.


കഥ വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Thu Jun 21, 06:09:00 PM IST  
Blogger kichu said...

സു.....

വളരെ നല്ല കഥ.

എനിക്ക് എല്ലാം കാണാം.

ആ വീട്... മഴ.. കൈവിട്ടുപോയ വീട് തിരിച്ചുകിട്ടിയ അഛന്റെ സന്തോഷക്കണ്ണീര്.... അതു കണ്ടു മനം കുളുര്‍ത്ത മകന്റെ സംത്രുപ്ത്തി.

എല്ലാം.. എല്ലാം....

ആശംസകള്‍..

Thu Jun 21, 06:47:00 PM IST  
Blogger മുരളി വാളൂര്‍ said...

rഇഷ്ടപ്പെട്ട പലതും, നഷ്ടപ്പെട്ടുപോയെന്നു തോന്നുന്ന പലതും തിരിച്ചുകിട്ടുമ്പോഴുള്ള നിര്‍വൃതി സോമന്റെ മുഖത്തു വായിച്ചു.... നല്ല വരികള്‍...

Thu Jun 21, 06:48:00 PM IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
നന്ദി, സൂചേച്ചീ‍ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ വായിക്കാന്‍ തന്നതിന്..:)

Thu Jun 21, 10:45:00 PM IST  
Blogger Physel said...

നന്നായി....ഇങ്ങനെ ഒരു പോസ്റ്റിലേക്കുള്ള കാത്തിരിപ്പ് ഇപ്രാവശ്യം കുറച്ച് നീണ്ട് പോയില്ലേ എന്നൊരു ആശങ്ക...അത്ര മാത്രം. കഥയുടെ ആ ഒരു മൂഡ് കൃത്യമായും തരുന്നുണ്ട് ഈ കഥ. എന്തായാലും പറയുമ്പോള്‍ എല്ലാം പറയണമല്ലോ.

“ആരേയും നോക്കാതെ കേട്ടതൊന്നും സ്വപ്നത്തിലല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ച് നില്‍ക്കുമ്പോള്‍, നിന്നുപോയ മഴയെ വെല്ലുവിളിച്ചുകൊണ്ട് അയാളുടെ കണ്ണില്‍ നിന്ന് മഴ പെയ്തുകൊണ്ടിരുന്നു.“

ഇവിടെ “വെല്ലുവിളിച്ചുകൊണ്ട്“ എന്ന ആ പ്രയോഗം മൊത്തം കഥയുടെ ഒരു അന്തരീക്ഷത്തോട് ചേര്‍ന്നു പോകുന്നുണ്ടോ എന്നൊരു സംശയം ഇല്ലേ ന്നു ചോദിച്ചാല്‍ ഉത്തരം അതേന്നാവുമോ എന്നൊരു ശങ്ക! പറഞ്ഞൂന്നേ ഉള്ളൂ കേട്ടോ.

Thu Jun 21, 11:12:00 PM IST  
Blogger കുതിരവട്ടന്‍ | kuthiravattan said...

നല്ല കഥ. :-)

Fri Jun 22, 01:11:00 AM IST  
Blogger സു | Su said...

കിച്ചു :) നന്ദി.

മുരളീ :) നന്ദി. സോമന്റെ അല്ല സോമന്റെ അച്ഛന്റെ.

കുട്ടിച്ചാത്താ :) അങ്ങോട്ടും നന്ദി. വായിക്കാന്‍ എത്തിയതിന്.

ഫൈസല്‍ :) നന്ദി. വെല്ലുവിളിച്ചുകൊണ്ട് എന്നത്, മഴയേക്കാളും കൂടുതല്‍, കണ്ണില്‍ നിന്ന് എന്നേ അര്‍ത്ഥമാക്കിയുള്ളൂ.

കുതിരവട്ടന്‍ :) നന്ദി.

Fri Jun 22, 02:25:00 PM IST  
Blogger Manu said...

സു കഥ ഇഷ്ടപ്പെട്ടു... :)

Fri Jun 22, 03:39:00 PM IST  
Blogger മുസാഫിര്‍ said...

സൂ,
അടുത്തകാലത്ത് വായിച്ച സൂവിന്റെ നല്ല കഥ.നഷ്ടപ്പെട്ടുന്നത് തിരിച്ച് കിട്ടിയാല്‍ സന്തോഷിക്കാം.കിട്ടിയില്ലെങ്കില്‍ നഷ്ടപ്പെടുന്നതെല്ലാം നല്ലതിന്.. എന്നു തുടങ്ങുന്ന ഗീതാവാക്യം ആലോചിച്ച് ആശ്വസിക്കാം :-)

Fri Jun 22, 04:52:00 PM IST  
Blogger ശെഫി said...

നന്നായിരിക്കുന്നു

Sat Jun 23, 02:10:00 AM IST  
Blogger സു | Su said...

മനു :)

മുസാഫിര്‍ :)

ശെഫീ :)

കഥ ഇഷ്ടമായതില്‍ സന്തോഷം. നന്ദി.

Sat Jun 23, 09:33:00 PM IST  
Blogger strangebeauty said...

വളരെ നന്നായി ചേച്ചി. മലയാളം റ്റൈപ്പ് ചെയ്യാന് ശെരിക്കും പ്രാക്റ്റീസ് ആകുമ്പൊ ഞാന്‍ അഭിപ്രായം ശരിക്കും പറയാം കേട്ടൊ

Sun Jun 24, 03:39:00 PM IST  
Blogger സു | Su said...

strangebeauty :)സ്വാഗതം. നന്ദി.

qw_er_ty

Sun Jun 24, 06:26:00 PM IST  
Blogger സാല്‍ജോ+saljo said...

മഴ തകര്‍ത്തു പെയ്തു!

Mon Jun 25, 09:33:00 AM IST  
Blogger ശരണ്യ said...

നന്നായി....സൂചേച്ചി,വായിച്ചപ്പോള്‍ മോഹന്‍ലാലിന്റെ ഒരു പടം കണ്ട സുഖം.

Mon Jun 25, 12:16:00 PM IST  
Blogger സു | Su said...

സാല്‍ജോയ്ക്കും ശരണ്യയ്ക്കും നന്ദി. :)

Mon Jun 25, 12:56:00 PM IST  
Blogger sheeba said...

buetifull story...........!!!
physal paranjathinodu yojikkunnu..
mattellam bhangiyayi...
Angini oru makanaayi pirakkan kazhinjenkil ennashichu pokunnu.....
Thanks su.......

Mon Jun 25, 04:24:00 PM IST  
Blogger സു | Su said...

sheeba :) welcome.

Mon Jun 25, 10:16:00 PM IST  
Blogger ശ്രീ said...

സൂവേച്ചി...

വളരെ വളരെ ഇഷ്ടപ്പെട്ടു... ശരിക്കും മനസ്സിനെ സ്പര്‍‌ശിച്ചു. (കാരണം ഇതിലെ തീം എന്റെയും ഒരു സ്വപ്നമാണ്. നടക്കുമോന്നറിയില്ല. ഞാന്‍‌ ജനിച്ചു വളര്‍‌ന്ന തറവാട് ഒരു സാഹചര്യത്തില്‍‌ കൈവിടേണ്ടി വന്നു.)
“നമ്മുടെ എന്നത് ഉപേക്ഷിക്കാന്‍ വിട്ടു“ എന്ന വാചകം പോലെ, ഞങ്ങളും ആ വീടിനെ പറ്റി പറയുമ്പോള്‍‌ നമ്മുടെ വീട് എന്നു തന്നെ ഇപ്പോഴും പറഞ്ഞു പോകുന്നു.

Fri Jun 29, 04:23:00 PM IST  
Blogger സു | Su said...

ശ്രീ :) നന്ദി. അങ്ങനെ സ്വന്തം സാഹചര്യം പോലെയൊന്ന് ഈ കഥയ്ക്ക് തോന്നിയെങ്കില്‍ സന്തോഷം.

Thu Jul 05, 05:56:00 PM IST  
Blogger Kunjipenne - കുഞ്ഞിപെണ്ണ് said...

നന്ദി...ഇപ്പോഴും ഇങ്ങനുള്ള മക്കളെ!!!!

Thu Apr 02, 06:25:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home