നാരങ്ങമുട്ടായി
“എന്താ കയ്യില്‍? കാണിക്കൂ."ഭാനുമതിട്ടീച്ചര്‍ വടിയുമെടുത്ത് കണ്ണുരുട്ടിയപ്പോള്‍ രാമിനു പേടിയായി. ഉച്ചയൂണുകഴിക്കാന്‍ വീട്ടില്‍ പോയിട്ടു വരുമ്പോള്‍, കനാലിലൂടെ ഒഴുകിയൊഴുകിനടക്കുന്ന മീനുകളെ കല്ലെടുത്തെറിഞ്ഞും, വയലിന്റെ വരമ്പില്‍ നിന്നിറങ്ങിയും കയറിയും കളിച്ചും കൊണ്ടു നിന്നിട്ട് നേരം വൈകിയതറിഞ്ഞില്ല. എന്നാലും പതിവു തെറ്റിക്കാന്‍ വയ്യാഞ്ഞിട്ട്, ഗോപാലേട്ടന്റെ കടയില്‍ നിന്ന് അഞ്ചുപൈസയ്ക്ക് വാങ്ങിയ നാരങ്ങമുട്ടായി വായിലിടാന്‍ സമയം കിട്ടിയില്ല. കീശയൊക്കെ നനഞ്ഞതുകൊണ്ട് പുസ്തകത്തിന്റെ കൂടെയുള്ള കുഞ്ഞുപെട്ടിയില്‍ ഇട്ടുവെക്കാമെന്നു കരുതി. ക്ലാസ്സിലേക്ക് എത്തുമ്പോഴേ ടീച്ചറെ കണ്ടു. എല്ലാവരും നോക്കുന്നുണ്ട്. കളിക്കൂട്ടുകാരൊക്കെ വേറെ വേറെ ക്ലാസ്സിലായതുകൊണ്ട് ആരുമില്ല തുണയ്ക്ക്. അടി കിട്ടിയതു തന്നെ.
"കയറി വാ." ടീച്ചര്‍ പറഞ്ഞു. "നനഞ്ഞുകുളിച്ചല്ലോ. തോട്ടില്‍ നിന്നെണീറ്റു വരുകയാണോ?”ക്ലാസില്‍ എല്ലാവരും ചിരിച്ചു.
കൈ മുറുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടാണു ടീച്ചര്‍ വീണ്ടും ചോദിച്ചത്. "എന്താ കയ്യില്‍? കാണിക്കൂ." മടിച്ചുമടിച്ച് കൈനീട്ടി. വിറയ്ക്കുന്നുണ്ട്.
"മുട്ടായിയോ? അച്ഛനുമമ്മയും വാങ്ങിത്തരാതെ ഓരോന്ന് കടയില്‍ നിന്നു വാങ്ങിക്കഴിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതല്ലേ?"ക്ലാസ്സിനെ മൊത്തം നോക്കിയിട്ട് ടീച്ചര്‍ ചോദിച്ചു. ഒരാളും ഒന്നും മിണ്ടിയതേയില്ല.
വെള്ളമൊലിച്ചുകൊണ്ടിരുന്ന നാരങ്ങമുട്ടായി ടീച്ചര്‍ എടുത്ത് മേശപ്പുറത്തിട്ടു. കൈയില്‍ നല്ല അടിയും തന്നു. വേദനയേക്കാള്‍, ഇനി നാളെയല്ലേ മുട്ടായി തിന്നാന്‍ പറ്റൂ എന്ന വിഷമം ആയിരുന്നു. അച്ഛന്‍ നാളെ തരുമായിരിക്കും പൈസ എന്നു വിചാരിക്കാം. പെന്‍സില്‍ എന്തായാലും വാങ്ങണം. നനഞ്ഞുകുളിച്ച് ക്ലാസ്സില്‍ ഇരുന്നു. ടീച്ചര്‍ പോകുമ്പോഴേക്കും മേശപ്പുറത്തിരുന്ന മുട്ടായിയില്‍ ഉറുമ്പ് വന്നിരുന്നു. ടീച്ചര്‍ ഇറങ്ങിയതും ഒരു വിരുതന്‍ അത് തട്ടി താഴെ ഇടുകയും ചെയ്തു.
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ത്തന്നെ വയ്യാത്തതുപോലെ. മുത്തശ്ശിയോടും അമ്മയോടും കുറേ എന്തൊക്കെയോ പറഞ്ഞു. പതിവുപോലെ കളിക്കാന്‍ മാത്രം പോയില്ല. അച്ഛനാണ് രാത്രി പറഞ്ഞത്.
"പനിക്കുന്നുണ്ടല്ലോ നന്നായി. വെള്ളത്തില്‍ക്കളി തന്നെ ആയിരുന്നു അല്ലേ?"
ഒന്നും മിണ്ടാന്‍ പോയില്ല. രാത്രിയില്‍ പനി അധികമായി.
ആശുപത്രിയില്‍ നിന്ന് രാവിലെ ഉണരുമ്പോള്‍ ആശങ്കയോടെ അച്ഛനും അമ്മയും നില്‍പ്പുണ്ട്. ഡോക്ടര്‍ വന്നു.
"ഉണര്‍ന്നല്ലോ. ഇന്നലെ രാത്രി എന്തായിരുന്നു ബഹളം. നാരങ്ങമുട്ടായി കൊണ്ടുവാ, നാരങ്ങമുട്ടായി വേണം എന്നൊക്കെപ്പറഞ്ഞ്. നാരങ്ങമുട്ടായി എന്നു മാത്രമേ വിചാരമുള്ളൂ അല്ലേ?" ഡോക്ടറുടെ ചോദ്യം കേട്ട് അച്ഛനും അമ്മയും ചിരിച്ചു.
എല്ലാവരോടും ദേഷ്യം തോന്നി. ഭാനുമതിട്ടീച്ചറിനോട് പ്രത്യേകിച്ചും. രണ്ട് ദിവസവും ശനിയും ഞായറും കഴിഞ്ഞ് സ്കൂളിലേക്ക് പോയപ്പോള്‍, ആദ്യം ചെയ്തത് നാരങ്ങമിട്ടായി വാങ്ങുകയായിരുന്നു.
"നാരങ്ങമുട്ടായിയെ കണ്ടില്ലല്ലോ രണ്ടു ദിവസം" എന്ന് ഗോപാലേട്ടന്‍. ഒന്നും പറയാതെ ഓടി. നാരങ്ങമുട്ടായിയെന്ന് പേരു വന്നിരുന്നു. എല്ലാവരും പുതിയ പുതിയ മുട്ടായി വാങ്ങുമ്പോള്‍ നാരങ്ങയല്ലിയുടെ ആകൃതിയില്‍ ഉള്ള, കയ്യില്‍ അല്‍പ്പം വെച്ചാല്‍ ഒട്ടിപ്പിടിക്കുന്ന മുട്ടായി താന്‍ മാത്രമേ വാങ്ങാറുള്ളൂ. അതും ദിവസവും.
----------------
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അങ്ങാടിയില്‍ ഈ നടത്തം എന്ന് രാം ഓര്‍ത്തു. സ്കൂളിനടുത്തെത്തിയപ്പോഴാണ് ഗോപാലേട്ടന്റെ കട കണ്ടത്. പരിഷ്കരിച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടില്‍ വിവിധതരം ചോക്ലേറ്റുകളും പലഹാരങ്ങളും. പുസ്തകങ്ങള്‍, പെന്‍സിലുകള്‍, പെന്‍ എന്നിവയുടെ സെക്‍ഷന്‍ വേറെത്തന്നെ. ഗോപാലേട്ടന്റെ മകന്‍ ചിരിച്ചുകാട്ടി. സ്കൂളില്‍, തന്റെ സീനിയര്‍ ആയിരുന്നു അവന്‍.
"എപ്പോ വന്നു? അച്ഛന്‍ പലപ്പോഴും അന്വേഷിക്കാറുണ്ട്. വരാറുണ്ടോയെന്ന്."
അത്ഭുതം തോന്നി. എത്രയോ കുട്ടികള്‍ ഉണ്ടാകും. എന്നിട്ടും തന്നെ ഓര്‍ക്കുന്നുണ്ടല്ലോ.
"വീട്ടില്‍ വിശ്രമത്തിലാണ്. കടയിലേക്ക് അപൂര്‍വ്വമായേ വരാറുള്ളൂ. കട പരിഷ്കരിച്ചപ്പോഴാണ് ഒരിക്കല്‍ അച്ഛന്‍ പറഞ്ഞത്. നമ്മുടെ നാരങ്ങമുട്ടായി ഇനി വന്നാല്‍ എന്തുകൊടുക്കും എന്ന്. നാരങ്ങമുട്ടായിയൊന്നും ഇപ്പോള്‍ കിട്ടാനേയില്ല."
ഗോപാലേട്ടനെ ഒന്ന് കാണണം പോകുന്നതിനുമുമ്പ്. പലരേയും കണ്ടു. പലരും മറന്നിരുന്നു. കുറേ ആയല്ലോ നാട്ടില്‍ വരാതെ. പക്ഷെ പലരും പറഞ്ഞുകേട്ടപ്പോള്‍ അവസാനം എത്തുന്നത് നാരങ്ങമുട്ടായിയില്‍ ആണ്. ഗോപാലേട്ടന്റെ വീട്ടില്‍ പോയി. ഒക്കെ പരിഷ്കാരങ്ങള്‍. നാടിനു എത്ര വേഗം മാറ്റം വരുന്നു. കുട്ടിക്കാലത്തെ കഥകള്‍ പറഞ്ഞ് ഇരുന്നു. മോന് ഇപ്പോള്‍ തരാന്‍ നാരങ്ങമുട്ടായി ഇല്ലല്ലോന്ന് പറഞ്ഞപ്പോള്‍ വിഷമം ആയി. പഠിക്കാന്‍ വേണ്ടി നാടുവിടുന്നതുവരെ നാരങ്ങമുട്ടായി ഒരുദിവസം പോലും വാങ്ങാതെ ഇരുന്നില്ലല്ലോ എന്നോര്‍ത്തു. അതുകൊണ്ടായിരിക്കും ഗോപാലേട്ടനും ഇത്ര ഓര്‍മ്മ. ഇറങ്ങിയപ്പോള്‍ വൈകിയിരുന്നു.
അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലരും കണ്ട് പരിചയം ഭാവിച്ച് ചിരിച്ചു. മനസ്സിലായില്ലെങ്കിലും അങ്ങോട്ടും പുഞ്ചിരിച്ചു. നാട്ടിന്‍പുറത്ത് അങ്ങനെയൊക്കെയാണല്ലോ. സെറ്റുമുണ്ടുടുത്ത് തലമുടിയില്‍ ഒരുപാട് വെള്ളിനൂലിട്ട സ്ത്രീ മുന്നില്‍ നിന്ന് "നാരങ്ങമുട്ടായിയല്ലേ” ന്ന് ചോദിച്ചപ്പോള്‍ ശരിക്കും അമ്പരന്നു. ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്. ഭാനുമതിട്ടീച്ചര്‍. ടീച്ചര്‍, ജോലിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. അച്ഛനേയും അമ്മയേയും ഇടയ്ക്ക് കാണാറുണ്ടെന്നും ഒക്കെ പറയാറുണ്ടെന്നും, വരുന്ന കാര്യം പറഞ്ഞുവെന്നും പറഞ്ഞു. സന്തോഷം തോന്നിയിരുന്നു. എന്നാലും അന്നത്തെ അടിയുടെ കയ്പ്പും പനിയും മരുന്നും ഒക്കെ ഓര്‍മ്മയില്‍ വന്നു. പോകുന്നതിനുമുമ്പ് വീട്ടില്‍ വന്നിട്ടുപോകൂ എന്നും പറഞ്ഞ് ടീച്ചര്‍ പോയി.
വീട്ടിലെത്തിയപ്പോള്‍ ഇരുട്ടിയിരുന്നു. അച്ഛന്‍ അങ്ങാടിയില്‍ പോയെന്ന് അമ്മ പറഞ്ഞു. ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് മെയില്‍ ചെക്കു ചെയ്യാം എന്നുകരുതിയത്. പ്രതീക്ഷിച്ചപോലെ നിത്യം കാണുന്ന മെയില്‍ ഉണ്ടായിരുന്നു. എന്റെ നാരങ്ങമുട്ടായിയ്ക്ക്, എന്നും പറഞ്ഞ് തുടങ്ങുന്ന മെയില്‍. അച്ഛനോടും അമ്മയോടും പറയാന്‍ സമയം കാത്തുനില്‍ക്കുന്ന മറ്റൊരു സ്വപ്നം. നാരങ്ങമുട്ടായി പോലെത്തന്നെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു സന്തോഷം. രാം എണീറ്റ് പോയി, അമ്മ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും നോക്കി ഇരുന്നു.
Labels: കഥ.