Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 24, 2007

മനം മാറ്റം

അയാള്‍ പതിവില്ലാതെ അലസനായി ഇരിക്കുകയായിരുന്നു.
ആദ്യം വന്നുകയറിയത്‌ സിസ്റ്റര്‍ ദീനാമ്മയായിരുന്നു. കര്‍ത്താവിന്റെ മണവാട്ടി, പക്ഷെ, ചെകുത്താന്റെ സ്വരത്തിലാണു സംസാരിച്ചത്‌.

"നിങ്ങള്‍ക്കെങ്ങനെ തോന്നി അപവാദം പറയാന്‍? എന്റെ മാതാപിതാക്കള്‍ക്ക്‌ സ്വത്തും പണവും ഇല്ലാത്തതുകൊണ്ടും, കുറേ മക്കള്‍ ഉള്ളതുകൊണ്ടും നേര്‍ച്ചനേര്‍ന്നിട്ട്‌ എന്നെ മഠത്തിലേക്കയച്ചതാണെന്നോ? ഞാന്‍ എന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത വഴിയാണിത്‌."പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ സിസ്റ്റര്‍ ഇറങ്ങിപ്പോയി.

കണ്ണപ്പനായിരുന്നു അടുത്ത ആള്‍. മുഖവുരയൊന്നുമില്ലാതെ തുടങ്ങി. "കള്ളന്മാര്‍ മനുഷ്യരല്ലേ? വലിയ വലിയ കള്ളന്മാരുണ്ടാവും. പണം പണം എന്ന് മാത്രം വിചാരിക്കുന്നവര്‍. പക്ഷെ, വയസ്സായ അമ്മയ്ക്ക്‌ ഒരു നേരമെങ്കിലും, ഡോക്ടര്‍ പറഞ്ഞ മരുന്ന് കൊടുക്കാനും, പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ അല്‍പ്പം ഭക്ഷണം കൊടുക്കാനുമാണ്‌ ഞാന്‍ കക്കുന്നത്‌. നിങ്ങള്‍ പറയുന്നതുപോലെ ഇന്ന് കള്ളനായി, നാളെ മാന്യനായി ജീവിക്കാനല്ല. പറയുന്നതിനും ഒരു കണക്കൊക്കെ വേണ്ടേ സാറേ?"കണ്ണപ്പന്‍ മുറുക്കാനെടുത്ത്‌ വായിലിട്ട്‌ പോയി. ചെല്ലത്തിന്റെ അടുത്ത്‌ വച്ചിരുന്ന കത്തിയുംകൊണ്ട്‌ പോവാതിരിക്കാന്‍, അയാള്‍ അതില്‍ തന്നെ കണ്ണു നട്ട്‌ ഇരുന്നിരുന്നു. പോയപ്പോള്‍ ആശ്വാസമായി.

ടിറ്റി വന്നത്‌ മൊബൈലില്‍ കൊഞ്ചിയും കുഴഞ്ഞുമാണ്‌. അയാളുടെ അടുത്ത്‌ എത്തിയപ്പോള്‍ പറഞ്ഞുനിര്‍ത്തി കോള്‍ കട്ട് ചെയ്ത്‌ അയാളെ ക്രുദ്ധയായി നോക്കി. "ഏയ്‌ മിസ്റ്റര്‍, നിങ്ങള്‍ക്ക്‌ എന്തൊക്കെയാ കമ്പ്ലെയിന്റ്‌? എന്റെ കോളേജ്‌ ബാഗില്‍ ബുക്കിനുപകരം മേക്കപ്പ്‌ വസ്തുക്കളാണെന്നോ? ഞാന്‍ ബുക്ക്‌ വായിക്കുന്നതിലുമധികം എസ്‌ എം എസ്‌ വായിക്കുന്നെന്നോ? എന്താ നിങ്ങളുടെ പ്രോബ്ലം? ഇതൊക്കെ നോക്കാന്‍ നിങ്ങളെ ആരെങ്കിലും ഏല്‍പ്പിച്ചോ? എന്നെ വെറുതേ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ." അപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കുകയും, അയാളെ മറന്ന് കലപില പറഞ്ഞ്‌ ഇറങ്ങിപ്പോകുകയും ചെയ്തു. ഹോ...കൊടുങ്കാറ്റ്‌ വന്നുപോയപോലെ തോന്നി അയാള്‍ക്ക്‌.

ആശ്വസിക്കുമ്പോഴേക്കും ഞെട്ടല്‍ വന്നു. ഗുണ്ടാത്തലവനും അനുയായികളും വന്നത്‌, അത്രയ്ക്കും സ്പീഡിലായിരുന്നു. അയാള്‍ ശരിക്കും പേടിച്ചു. എന്തെങ്കിലും പറയുന്നതിനുമുമ്പ്‌ തലവന്‍ പറഞ്ഞു. "പറയുന്നതിനുമുമ്പ്‌ സൂക്ഷിക്കുക. ഞങ്ങള്‍ക്ക്‌ മനസ്സാക്ഷിയില്ലെന്നും, പണം കിട്ടിയാല്‍ എന്തും ചെയ്യുമെന്നുമൊക്കെയാണല്ലോ നിങ്ങളുടെ അഭിപ്രായം. വെറുതേ വായില്‍ത്തോന്നിയതൊക്കെപ്പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കരുത്‌." പറയലും ഇറങ്ങിപ്പോകലും കഴിഞ്ഞു. അനുയായികള്‍ വാലുപോലെ പിന്നാലെയും.

ഞെട്ടലില്‍ നിന്ന് മോചനം നേടുമ്പോഴേക്കും നാണിവല്യമ്മ പ്രാഞ്ചിപ്രാഞ്ചി വന്നു. "ദൈവദോഷം പറയരുത്‌ മോനേ. എനിക്ക്‌ സീരിയല്‍ കണ്ട്‌ മതിയായില്ലെന്നും, ജീവിതവും മെഗാസീരിയല്‍ പോലെ നീട്ടിത്തരണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമെന്നും...ശിവ ശിവ... ഇതൊക്കെപ്പറഞ്ഞിരുന്നോ? വേണ്ടായിരുന്നു മോനേ...."

ചെല്ലം കണ്ടപ്പോള്‍, ബാക്കി പറയാനുള്ളതൊക്കെ മറന്നപോലെ കുറേ വെറ്റിലയും, പുകയില, അടയ്ക്കക്കഷണങ്ങളും കൈക്കലാക്കി സ്ഥലം വിട്ടു. സമാധാനം. അയാള്‍ വിചാരിച്ചു.

തെറ്റാലിയുമെടുത്ത്‌, ടക്‌, ടക്‌, ടക്‌ എന്ന് കുതിരശബ്ദമുണ്ടാക്കിയാണ്‌ ടിന്റുമോന്‍ വന്നത്‌. "അങ്കിളേ..." എന്നു വിളിച്ച്‌ തിരിഞ്ഞുനിന്ന് തെറ്റാലിയില്‍ കല്ലുവെച്ച്‌ ബള്‍ബിനു നേരെ ഉന്നം പിടിച്ച്‌ നിന്നത്‌ അയാളെ പേടിപ്പിച്ചു. "അങ്കിള്‍ എന്നെപ്പറ്റി എന്തൊക്കെയാ വിചാരിക്കുന്നത്‌? ഞാനത്രയ്ക്ക്‌ മോശമോ? വയറുവേദന അഭിനയിച്ച്‌ സ്കൂളില്‍ പോവില്ല. പോയാലും ടീച്ചര്‍മാരോട്‌ തര്‍ക്കുത്തരമേ പറയൂ, മറ്റുള്ളവരുടെ പറമ്പില്‍ കയറി നടന്ന് മങ്ങയും പേരയ്ക്കയും വെറുതേ പൊട്ടിച്ച്‌ നശിപ്പിക്കും. അയല്‍ക്കാരുടെ ജനല്‍ച്ചില്ല് ഉടയ്ക്കും. വേണ്ടങ്കിളേ വേണ്ട. എന്നെ ഇനി കുറ്റം പറഞ്ഞാല്‍..." തെറ്റാലികൊണ്ട്‌ അയാളുടെ കണ്ണിനുനേരെ ഉന്നം പിടിച്ച്‌, അയാളെ മിണ്ടാന്‍ വിടാതെ, ടക്‌ ടക്‌ ടക്‌ എന്ന് ശബ്ദമുണ്ടാക്കി തിരിച്ചുപോവുകയും ചെയ്തു.

ശക്തമായ മിന്നലും കൂടെയുള്ള ഇടിയുമാണ്‌, അയാളെ, ഇതുവരെ എന്തൊക്കെയാണ്‌ സംഭവിച്ചതെന്ന് ആലോചിക്കാന്‍ പ്രേരിപ്പിച്ചത്‌. മൊത്തത്തില്‍ വിശകലനം ചെയ്തപ്പോള്‍ അയാള്‍ അയ്യടാ എന്നായി. പരാതി, പരിഭവം, ഭീഷണി. ഇതൊക്കെ കേള്‍ക്കേണ്ട ആവശ്യം എന്താ.

അയാള്‍ എഴുന്നേറ്റ്‌ മുറിയിലേക്ക്‌ നടന്നു. മേശപ്പുറത്ത്‌ എഴുതി, ശുഭം എന്നു തീര്‍ത്തുവെച്ച കഥ ഉണ്ടായിരുന്നു. അയാള്‍ ഓരോ കടലാസ്സെടുത്ത്‌ കീറിക്കളയാനാരംഭിച്ചു. ഒക്കെ കുഞ്ഞുകുഞ്ഞു കഷ്ണങ്ങളാക്കി പെയ്തുതുടങ്ങിയ മഴയിലേക്കിട്ടു. സിസ്റ്ററും, കണ്ണപ്പനും, ഗുണ്ടാത്തലവനും, നാണിവല്യമ്മയും, ടിറ്റിയും, ടിന്റുമോനും മഴയില്‍ അലിഞ്ഞു ചേര്‍ന്നു. ഒപ്പം അവരുടെ പരാതിയും. കൂട്ടത്തില്‍, വന്ന് കാര്യം പറയാന്‍ പോലും നേരം കിട്ടാത്ത പഞ്ചായത്ത്‌ പ്രസിഡന്റും, മന്ത്രിയും, കോളേജ്‌കുമാരനും, സിനിമാനടനും, പോലീസും, പിന്നെയും ചെറിയ റോളുള്ള കഥാപാത്രങ്ങളും. ഇതിലില്ലാത്ത വിമര്‍ശകരും. അവരെക്കൊണ്ടൊന്നും ഇനി ശല്യമുണ്ടാവില്ലെന്ന് അയാള്‍ ആശ്വസിച്ചു.

"മഴ പെയ്യുമ്പോഴേക്കും, തലേന്ന് ആകാശത്ത്‌ ഉദിച്ചുനിന്ന നക്ഷത്രങ്ങള്‍ എന്റെ മനസ്സിലേക്ക്‌ കുടിയേറിയിരുന്നു."

അടുത്ത കഥയുടെ ആദ്യവാചകം എഴുതിയിട്ട്‌ അയാള്‍ മഴയെ നോക്കി. മഴ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൊഴിഞ്ഞുകൊണ്ടിരുന്നു. അയാളുടെ മനസ്സില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുകയും ചെയ്തു.

Labels:

20 Comments:

Blogger Haree | ഹരീ said...

അതിന്‍ മഴയ്ക്ക് ഭാവവ്യത്യാസം വരുവാന്‍ മാത്രമൊന്നുമില്ലല്ലോ ആ വരിയില്‍... അവസാനം അയാള്‍ ചേതനയറ്റ വസ്തുക്കളെ വെച്ചുമാത്രം കഥയെഴുതി തുടങ്ങിയെന്നാണോ?

മൊത്തത്തില്‍ എനിക്കിഷ്ടമായി... :)

...പറഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്ത്‌ അയാളെ ക്രുദ്ധയായി... ~ ...അപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കുകയും, അയാളെ... - അതെങ്ങിനെയാപ്പാ, ഓഫായ മൊബൈലില്‍ ബെല്ലടിക്കുന്നേ?
--

Tue Jul 24, 10:22:00 AM IST  
Blogger G.manu said...

nalla post su.ji

Tue Jul 24, 10:57:00 AM IST  
Blogger ദീപു : sandeep said...

നല്ല പോസ്റ്റ്‌ സു ചേച്ചി...

:) ഒരു ഇസ്മൈലി

Tue Jul 24, 11:10:00 AM IST  
Blogger വേണു venu said...

മൊത്തം കീറിക്കളഞ്ഞു് പെരുമഴയിലേയ്ക്കിട്ട അയാള്‍‍ക്കു് ആശ്വാസം താല്‍ക്കാലികമായിരുന്നു.
അടുത്ത കഥയുടെ ആദ്യവാചകം എഴുതിയിട്ട്‌ അയാള്‍‍ വീണ്ടും മഴയേ നോക്കുന്നു. മാറുന്ന മനസ്സു്.:)

Tue Jul 24, 12:03:00 PM IST  
Blogger Viswanathan said...

മൊത്തം കീറിക്കളഞ്ഞു് പെരുമഴയിലേയ്ക്കിട്ട അയാള്‍‍ക്കു് ആശ്വാസം താല്‍ക്കാലികമായിരുന്നു.
അടുത്ത കഥയുടെ ആദ്യവാചകം എഴുതിയിട്ട്‌ അയാള്‍‍ വീണ്ടും മഴയേ നോക്കുന്നു. മാറുന്ന മനസ്സു്.:)

Tue Jul 24, 01:12:00 PM IST  
Blogger വിനയന്‍ said...

കൊള്ളാം

Tue Jul 24, 01:16:00 PM IST  
Blogger സു | Su said...

ഹരീ :) ആദ്യകമന്റിന് നന്ദി. തെറ്റ് തിരുത്തിയിട്ടുണ്ട്.

മനു :) നന്ദി.

ദീപൂ :) നന്ദി. സന്തോഷം.

വേണു ജീ :)

വിശ്വം ജീ :)

വിനയന്‍ :) നന്ദി.

Tue Jul 24, 03:09:00 PM IST  
Blogger കൃഷ്‌ | krish said...

"മഴ പെയ്യുമ്പോഴേക്കും, തലേന്ന് ആകാശത്ത്‌ ഉദിച്ചുനിന്ന നക്ഷത്രങ്ങള്‍ എന്റെ മനസ്സിലേക്ക്‌ കുടിയേറിയിരുന്നു."

നല്ല വരികള്‍.

Tue Jul 24, 04:14:00 PM IST  
Blogger കുതിരവട്ടന്‍ | kuthiravattan said...

:-)

Tue Jul 24, 10:16:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

ഹ ഹ സുവിന്റെ സ്വപ്നത്തില്‍ എല്ലാരും ഒന്നിച്ച് വന്ന് നന്നായി വിരട്ടിയ ലക്ഷണമുണ്ടല്ലോ :)

ഇനി വിരട്ടാന്‍ വന്നാല്‍ അടുത്ത കഥയില്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തും എന്ന് പറഞ്ഞേരെ കേട്ടോ.. (അയാള്‍ കഥയെഴുതുകയാണ്‍ -ലെ മോഹന്‍ലാല്‍ ‌- ശ്രീനിവാസന്‍ ഡയലോഗ്ഗ് വേണേമെങ്കില്‍ അത് :) :) )

Wed Jul 25, 02:14:00 AM IST  
Blogger Umesh::ഉമേഷ് said...

സൂവിന്റെ പഴയ പോസ്റ്റുകള്‍ വായിക്കാന്‍ നോക്കിയിട്ടു പറ്റുന്നില്ല. Archives ഉള്ള ഒരു ടെമ്പ്ലേറ്റ് ഉപയോഗിക്കാമോ? റീഡറിലും വളരെക്കുറ്രച്ചു പോസ്റ്റിന്റെ ഫീഡേ കിട്ടുന്നുള്ളൂ.

Wed Jul 25, 07:20:00 AM IST  
Blogger സു | Su said...

കൃഷ് :) നന്ദി.

കുതിരവട്ടന്‍ :)

കുഞ്ഞന്‍സേ :)ഇനി ശരിപ്പെടുത്തേണ്ടിവരും.

ഉമേഷ്ജീ :) വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. (എല്ലാവരും എന്റെ ബ്ലോഗുവായന ഉപേക്ഷിച്ചു എന്നുവിചാരിച്ചു.)ടെമ്പ്ലേറ്റ് മാറ്റണോ? പുള്ളിയുടുപ്പിട്ട പുന്നാരബ്ലോഗല്ലേ ഇത്. ഇതിനും ആര്‍ക്കൈവ്സ് ഉണ്ടല്ലോ. ആര്‍ക്കൈവ്സില്‍ എനിക്കെല്ലാ പോസ്റ്റും കാണുന്നുണ്ട്. അവിടെ എന്താ കുഴപ്പം എന്നു മനസ്സിലായില്ല. ഞാന്‍ നോക്കാം. നന്ദി.

Wed Jul 25, 10:51:00 AM IST  
Blogger ശ്രീ said...

സൂവേച്ചി...
ഇത്തവണ മനം മാറ്റം വിഷയമാക്കി അല്ലേ.... മനം മാറും മുമ്പേ എഴുതിയതു നന്നായി...ഇല്ലെങ്കില്‍ നല്ലൊരു പോസ്റ്റ് മിസ്സായേനെ...
:)

Wed Jul 25, 12:33:00 PM IST  
Blogger സു | Su said...

ശ്രീ :) നന്ദി.

Thu Jul 26, 07:08:00 AM IST  
Blogger P.R said...

ഇത് രസായി സൂ, ശരിയ്ക്കും..

Thu Jul 26, 11:03:00 AM IST  
Blogger സു | Su said...

പി. ആര്‍. :)

Thu Jul 26, 01:05:00 PM IST  
Blogger ദൃശ്യന്‍ | Drishyan said...

സൂ... എനിക്കിഷ്ടപ്പെട്ടു.

സസ്നേഹം
ദൃശ്യന്‍

Fri Jul 27, 11:25:00 AM IST  
Blogger സു | Su said...

ദൃശ്യന്‍ :) നന്ദി.

Fri Jul 27, 07:43:00 PM IST  
Blogger ബിന്ദു said...

ഹഹഹാ... കൊള്ളാം.:)
ഞാന്‍ കരുതി അയാള്‍ യമനാണോയെന്ന്‌.

Tue Jul 31, 04:53:00 AM IST  
Blogger സു | Su said...

ബിന്ദൂ :)

Tue Jul 31, 08:55:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home