നെല്ലെന്ന പൊന്ന്
മഴ സമയനിഷ്ഠയില്ലാതെ വന്നുകയറി. ചില്ലുജാലകങ്ങള്‍ക്ക് പുറത്ത് മഴവന്നുമ്മവച്ച് പോകുന്നതും നോക്കിയിരിക്കാന്‍ സുഖമാണ്. നല്ലനല്ല മഴച്ചിത്രങ്ങളും മഴവാര്‍ത്തകളും കണ്ടിരിക്കാന്‍ കൊതിതോന്നും. ചിലരുടെയൊക്കെ മനസ്സിലേക്ക് തീ കോരിയിട്ടാണ് മഴ പെയ്തു തിമിര്‍ക്കുന്നതെന്നുകാണുമ്പോള്‍ വാര്‍ത്തകളിലേയ്ക്ക് നോക്കാനും ചെവികൊടുക്കാന്‍ പോലും അസഹ്യത തോന്നും. പൊന്ന് വിളയിക്കുന്ന പാടങ്ങളില്‍, മഴ പെയ്ത് തിമര്‍ത്ത് പതിരാക്കി കടന്നുപോയി. വിളയിക്കണോ വേണ്ടയോ എന്നുപോലും ചിന്തിച്ച് അധ്വാനികളാവാന്‍ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചവരുടെ വയലുകളിലേക്ക് മഴ ചിരിച്ചുകൊണ്ടോടിച്ചെന്ന് അവരുടെയൊക്കെ ചിരി, കണ്ണീരിലേക്ക് മാറ്റിയെഴുതി. അരിയില്ല, ചോറു തിന്നേണ്ടെന്ന ഭരണാധികാരികളുടെ വാക്കുപോലെ തന്നെയായി കാര്യങ്ങള്‍. അരിവില കൂടും. അരി കിട്ടാനില്ല എന്നൊക്കെപ്പറഞ്ഞ് അരിവിശേഷങ്ങള്‍ ഇറങ്ങുമ്പോള്‍, അപൂര്‍വ്വമായിട്ടുള്ള നെല്‍ കൃഷിക്കാരുടെ മനസ്സില്‍ എന്തായിരിക്കും? അടുത്ത വര്‍ഷം, അവര്‍ ഞാറു നടുന്നതിനുമുമ്പ് എത്രവട്ടം ചിന്തിക്കും? അവര്‍ക്ക് നശിച്ച നെല്ലിനു പകരം, പ്രതിഫലം കിട്ടിയേക്കും. എന്നാലും നശിച്ചതിനൊപ്പമെത്തുമോ അത്?
കേരളത്തില്‍ വെറും ഫ്ലാറ്റുകള്‍ മാത്രമാകുമോ കൃഷി? അയല്‍ക്കാരോട് കടം വാങ്ങിയിട്ട് കഴിയാം. അവരുടെയൊക്കെ പാടങ്ങള്‍ നികത്തി ഫ്ലാറ്റ് വയ്ക്കുന്നില്ലല്ലോയെന്ന് ആശ്വസിക്കാം. ഇനി ഇവിടെ ഫ്ലാറ്റുകള്‍ക്ക് സ്ഥലമില്ലെങ്കില്‍, ഇവിടെ ഫ്ലാറ്റ്കൃഷി നടത്തുന്നവര്‍ അങ്ങോട്ടും പോകുമായിരിക്കും. പണം വേണം. ആ പണം കൊണ്ട് ഭക്ഷണം വാങ്ങാനുള്ളതും വേണ്ടേ? ഉണ്ടെങ്കിലല്ലേ വാങ്ങൂ.
മഴയെന്തിനായിരിക്കും കാലം തെറ്റി വന്നത്? ഭൂമിയോട് എന്തിനായിരിക്കും ദേഷ്യം വന്നത്? പാവങ്ങള്‍ കൊയ്ത്തുനടത്തി, മടിയന്മാര്‍ ചോറുവച്ചുണ്ണേണ്ടെന്ന് കരുതിയാവുമോ? അതോ ഇനിയെങ്കിലും നിങ്ങളെന്തെങ്കിലും അധ്വാനിച്ച് പഠിക്കൂ എന്നു പറയാന്‍ ആവുമോ? അധ്വാനിക്കുന്നവനെ ബഹുമാനിക്കൂ എന്ന് പറയാന്‍ ആവുമോ? അരിയില്ലെന്ന് പറയുമ്പോള്‍, ചോറുപ്രിയര്‍ക്ക് എത്ര വിഷമം ഉണ്ടാകും? അപ്പോ, ഞാറു നട്ട് അരിയാവുന്നതിനുമുമ്പേ നശിച്ചുപോകുന്നതു കാണുന്നവര്‍ക്ക് വിഷമം എത്രയാവും?
ശരിക്കും പറഞ്ഞാല്‍ വയലുകള്‍ നിരത്താതെ, ഫ്ലാറ്റിനും വീടിനും കൊടുക്കാതെ, കൃഷി മതിയെന്നു തീരുമാനിക്കുന്നവര്‍, അവര്‍ക്കറിയില്ലെങ്കിലും, അങ്ങനെ മനസ്സിലായില്ലെങ്കിലും, മറ്റുള്ളവരെസ്സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ് ചെയ്യുന്നത്. അതിലേക്കാണൊരു മഴ കാലം തെറ്റിയൊഴുകിവന്നത്. വര്‍ഷം തോറും കുറഞ്ഞുവരുന്ന നെല്‍പ്പാടങ്ങളില്‍ നിന്ന് കേഴുന്നത് ആരാവും? ഭൂമീദേവിയാവുമോ? കേള്‍ക്കാനാവില്ല ഒന്നും. മഴയും, ചില്ലുകൂടും, ആര്‍ഭാടങ്ങളുടെ കൂട്ടിവയ്പ്പും, മാറുന്ന ഭക്ഷണരീതികളും ഒക്കെ നമ്മെ, വയലുകളുടെ രോദനം കേള്‍പ്പിക്കില്ല. തന്നിലേക്കു തന്നെയൊതുങ്ങുന്ന മനുഷ്യരെ ഒന്നുകൂടെയൊതുക്കുവാന്‍ ഒരു മഴയും.
ടി. വി. വയ്ക്കുക. മഴയില്‍ പുഴയായ റോഡുകള്‍ കാണുക. പത്രത്തില്‍ അതിന്റെയൊക്കെ ചിത്രം കാണുക. നെല്ലുകളുടെ ജഢം കാണാത്ത ഭാവത്തില്‍ ഇരിക്കുക.
നെല്ല് കൊയ്തെടുത്ത് അരിയാക്കുന്ന കര്‍ഷകര്‍ മുഴുവന്‍, അതൊറ്റയ്ക്ക് ഭക്ഷിക്കുന്നതല്ലെന്നും, നമ്മുടെയൊക്കെ ഊണുമേശയിലിരിക്കുന്ന ചോറ്, അവരുടേയും അധ്വാനത്തിന്റെ ഒരു ഭാഗമാണെന്നും ഇടയ്ക്ക് ഓര്‍ക്കുക. വയലില്ല, ഉഴുതുമറിയ്ക്കാന്‍ കഴിയില്ല, ഞാറു നടാന്‍ കഴിയില്ല, കൊയ്തെടുത്ത് അരിയാക്കാന്‍ കഴിയില്ല. പക്ഷെ ചെയ്യുന്നവരെ ബഹുമാനിക്കാം. അധ്വാനിച്ചുണ്ടാക്കുന്ന പൈസ കൊണ്ട് വാങ്ങുന്ന അരിയും, ചിലരുടെ അധ്വാനത്തിന്റെ ഫലമാണെന്ന് ഓര്‍ക്കാം. അല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ കഥ പറഞ്ഞുകൊടുക്കേണ്ടിവരും. പണ്ട് പണ്ടൊരു കാലത്ത് നമ്മുടെ നാട്ടില്‍ ചോറെന്നൊരു ഭക്ഷണം ഉണ്ടായിരുന്നു എന്ന്! കാരണം, ഉണ്ണുന്നവര്‍ക്ക് വേണമെന്നില്ലെങ്കില്‍ തരുന്നവര്‍ക്ക് ഉണ്ടാക്കിത്തരണം എന്നുണ്ടാവുമോ? അവര്‍ക്കൊക്കെയെന്താ നിലം വിറ്റ് കാശാക്കിക്കൂടേ? നമ്മള്‍ വാങ്ങുന്നതുപോലെ കടയില്‍ നിന്നു മതിയെന്ന് വെച്ചൂടേ? കടയില്‍ ഇല്ലെങ്കില്‍ വേണ്ടെന്ന് വെച്ചൂടേ?
കഴിയുന്നത്ര പാടങ്ങള്‍ നികത്തിപ്പോകാതെ നോക്കാം. നെല്‍കൃഷിക്കാര്‍ക്ക് അവര്‍ ചെയ്യുന്നത് മഹത്തരമായൊരു കാര്യമാണെന്ന് തോന്നിപ്പിച്ചാല്‍ ഒക്കെ ശരിയായി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അറിയുന്നവര്‍ ഉണ്ടെങ്കില്‍ അവരോട് സംസാരിക്കുക. അത്രയെങ്കിലും ചെയ്തൂടേ?
മഴയേ നീയിനി കാലം തെറ്റി പെയ്യാതിരിക്കുക,
ഞങ്ങളുടെ ചോറില്‍ കല്ലിടാതിരിക്കുക.
പണ്ട് വീട്ടിലേക്ക് നടന്നു പോകുന്ന വഴികളില്‍ നെല്‍പ്പാടങ്ങളായിരുന്നു. ഇന്ന് ആ സ്ഥാനത്ത് കാണുന്നത് കെട്ടിടങ്ങളും! എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലല്ലോന്നൊരു നിസ്സഹായതയുണ്ടാവാറുണ്ട്. അവരൊക്കെ പാടം വിറ്റുപോയതോ, കെട്ടിടങ്ങള്‍ കെട്ടിയതോ അവരുടെ നിസ്സഹായത കൊണ്ടാവും.
നെല്പാടങ്ങളുടെ നടുവില്‍ ഒരുവീട്. ആലോചിക്കാന്‍ എന്തൊരു രസം! അവിടെ കഴിയുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് നിങ്ങളോടിതുവരെയാരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിലും അതൊരു ദൌര്‍ഭാഗ്യമായി കാണാതിരിക്കുക. നിങ്ങളുടെ ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും, പാടങ്ങളും, അവിടത്തെ നെല്ലിന്റെ ചോറും, മറ്റുള്ളവരുടെ മനം കുളിര്‍പ്പിക്കുന്നുണ്ടാവും. അതിന്റെ നന്മ നിങ്ങള്‍ക്ക് എന്നെങ്കിലും കിട്ടും.ഒരു മഴയ്ക്കും വിട്ടുകൊടുക്കാതിരിക്കുക, നിങ്ങളുടെ പൊന്ന്.
7 Comments:
നല്ല ചിന്തകള്‍ സു.
-സുല്‍
ഒന്നും പറയാനില്ല സൂ..
ആദ്യം എന്തെങ്കിലും ചെയ്തു തുടങ്ങട്ടെ.
നാട്ടില്‍ പോയി, (അല്ല ഇവിടെ തന്നേയും) കുറഞ്ഞത് ആലോചിയ്ക്കാറുണ്ട് , ഒരു തണല്‍ മരമെങ്കിലും പിടിപ്പിയ്ക്കണമെന്ന്, അത് അമ്മൂന് കാണിച്ചു കൊടുക്കണമെന്ന്..
നന്നായി ഇതെഴുതിയിട്ടത്.
എനിയ്ക്കൊരു ഇന്‍സ്പിരേഷന്‍ ഒക്കെ തോന്നുന്നു,പാടം എന്നൊക്കെ കേട്ട്.!
കുട്ടനാടിലെ നെല്ലിനെ കൊന്നത് മഴയോ അതോ മനുഷ്യനോ? അതിനെ മഴക്ക് വിട്ടു കൊടുക്കാതെ രക്ഷിക്കാന് ഉണ്ടായിരുന്ന വഴി ഇല്ലാതാക്കിയതാര്?
സുവേച്ചി , നെല്കൃഷി അല്ല നഷ്ടം. പക്ഷെ അതിനെ ഒന്നു കരക്കെത്തിക്കാന് അനുഭവിക്കേണ്ടി വരുന്ന പങ്കപ്പാടാ നെല്കൃഷി ഇല്ലാതാക്കിയത്. ഓരോ പ്രാവശ്യവും നെല്കൃഷി തുടങ്ങുമ്പോള് അമ്മ പറയും, ലാഭം ഉണ്ട്, പക്ഷെ അത് സമയത്തിന് ഒന്നു വിതച്ചു കൊയ്തെടുക്കാന് ആളെ എവിടെ കിട്ടും?
പറഞ്ഞു വന്നത് മുഴുവന് ആക്കിയില്ല. പാടം നികത്തരുതെന്നും കൃഷി ചെയ്യണമെന്നും പറയുന്നവര് ആദ്യം നിര്ബദ്ധം പിടിക്കേണ്ടത് , ലോകം നേടിയ സൌകര്യങ്ങളെ ഉപയോഗപെടുത്താന് പഠിക്കണം എന്നാ. കമ്പ്യൂട്ടര് വന്നാല് നാടു മൊത്തം തൊഴിലില്ലാത്തവര് ആകുമെന്ന വാദം ഒരു 15 വര്ഷം മുന്നേ കേട്ടിരുന്നത് എല്ലാവരും ഓര്ക്കുന്നുണ്ടാകുമല്ലോ? ഇപ്പോള് ആരെങ്കിലും അത് ഉയര്തുന്നുണ്ടോ?
കൊയ്ത്ത് മെതി യന്ത്രങ്ങള് എല്ലായിടത്തും വ്യാപകമായാല്, തീര്ച്ചയായും നെല്കൃഷി നിലനില്ക്കും. എന്റെ നാട്ടില് എങ്കിലും. ഇല്ലെങ്കില് പാടം പൂത്ത കാലം പാടു പാടാന് മാത്രം ആകും.
നെല്‍പ്പാടങ്ങള്‍ക്കു നാടുവിലൊരു കൊച്ചു വീട്!
പണ്ട് ഏറെ കൊതിച്ചിട്ടുണ്ട്, ചില വൈകുന്നേരങ്ങളില്‍ ചേട്ടനോടും കൂട്ടുകാരോടുമൊത്ത് അടുത്തുള്ള വയല്‌വരമ്പുകളില്‍ ഇളം കാറ്റു കൊണ്ട് വര്‍ത്തമാനം പറഞ്ഞിരിയ്ക്കുമ്പോള്‍...
നല്ല ചിന്ത തന്നെ, സൂവേച്ചീ...
നെല്ലോ? എന്തരാണത്, അരിച്ചെടി തന്നേ? (ക്രെ. മലയാറ്റൂര്‍)
നമുക്ക് നെല്ലൊന്നും അറിയത്തില്ല. അരിച്ചാക്ക് അറിയാം, അതെങ്ങനെയാ ഉണ്ടാവുന്നതെന്ന് ചോദിച്ചാ.. പാണ്ടിലോറിയില്‍ വളരുന്നതാണെന്ന് പറയുമേ
സുല്‍ :)
പി. ആര്‍ :) വീട്ടില്‍ പൂച്ചട്ടിയില്‍ നടുന്നതെങ്കിലും കാണിക്കാലോ അല്ലേ? അങ്ങനെ ചെയ്യൂ.
പ്രിയ :)ആള്‍ക്കാരില്ലാഞ്ഞാണോ? അറിയില്ല. ആളില്ല ജോലിയ്ക്ക് എന്നത് തന്നെയാവും. എങ്കില്‍ യന്ത്രങ്ങള്‍ ചെയ്യട്ടെ എന്നു വിചാരിക്കുക. എന്തെങ്കിലും നല്ല കാര്യം വരുമ്പോള്‍ എതിര്‍ത്ത് സമരം ചെയ്യാന്‍ എവിടുന്നു വരുന്നു ആവോ ആള്‍ക്കാര്‍!
ദേവന്‍ :) അതു തന്നെ. അത്രയെങ്കിലും അറിയാലോ! കുറേക്കഴിഞ്ഞാല്‍ ആ പാണ്ടിലോറികളും വരവുണ്ടാവില്ല. അരിയെന്നൊരു വസ്തുവും ഉണ്ടാവില്ല.
ശ്രീ :)
വായിച്ചവര്‍ക്കൊക്കെ നന്ദി.
മിണ്ടാന്‍ വന്നവര്‍ക്ക് പ്രത്യേക നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home