Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 24, 2008

അങ്ങനെ ഒരു ദിവസം

ഒരു ദിവസം എന്നു പറയുന്നത് ഒരുപാട് സമയമാണ്. അത് ചെലവാക്കാൻ എങ്ങനെ നമ്മളുദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ഒരു ദിവസം വെറുതേ പോയി എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഞാനും പറയാറുണ്ട്, വിചാരിക്കാറുമുണ്ട്. എങ്ങനെയാണ് വെറുതേ ഒരുദിവസം പോകുന്നത്? എണീറ്റ്, യാതൊരു കാര്യമായ പ്രവൃത്തിയും ചെയ്യാതെ വീണ്ടും ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതാണ് വെറുതെയുള്ള ദിവസം. അങ്ങനെ എന്നെങ്കിലും ജീവിതത്തിൽ ഉണ്ടാവാത്തവരുണ്ടോ? ഓരോ ദിവസവും പുതുമയിലേക്ക് വാതിൽ തുറക്കുന്നവർ എത്രയോ പേരുണ്ടാവും. ഓരോ ദിവസവും വ്യത്യസ്തമായവർ?
കുറേപ്പേരുണ്ടാവും.

ഏതെങ്കിലും ഒരു ദിവസം പ്രത്യേകമായെടുത്ത് എഴുതിയാൽ എന്തെങ്കിലും ഉണ്ടാവും പറയാൻ. അല്ലെങ്കിൽ എല്ലാ ദിവസവും ഒരുപോലെ പോകുന്നവർക്ക്, ഒരു ദിവസത്തെക്കുറിച്ച് കാര്യമായൊന്നും പറയാനുണ്ടാവില്ല. എന്റെ കാര്യം അതാണ്. ദൈവത്തിനെ വന്ദിച്ച് എഴുന്നേറ്റ്, ദൈവത്തിന് നന്ദി പറഞ്ഞ് ഉറങ്ങുന്നതുവരെയുള്ള ഓരോ ദിവസത്തിലും കാര്യമായി മാറ്റം ഉണ്ടാവാറില്ല.

ഓരോ ദിവസവും അങ്ങനെയിങ്ങനെ കളയാതെ ഞാനെന്താവും നല്ല കാര്യം ചെയ്യുന്നത്? എനിക്കുവേണ്ടി അല്ലെങ്കിൽ മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്. മറ്റുള്ളവർ എന്നു പറയുന്നത് വീട്ടിലെ ആൾക്കാരല്ല. അവർക്കുവേണ്ടി ദിവസവും കഞ്ഞിയും ചമ്മന്തിയും, സ്വാദ് മാറ്റിമാറ്റി പരീക്ഷിച്ചിട്ട്, ദിവസം വ്യത്യസ്തമാക്കി, മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യം ചെയ്തു എന്നൊന്നും അഭിമാനിച്ച് ഇരുന്നിട്ട് യാതൊരു കാര്യവുമില്ല. എനിക്കുവേണ്ടി നല്ല കാര്യം ചെയ്യുക എന്നുവേച്ചാൽ, എന്തെങ്കിലും ഒരു പുസ്തകം വായിക്കുക, ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് എവിടെനിന്നെങ്കിലും അറിവ് സമ്പാദിക്കുക, വായിക്കാതെ വിട്ടിരുന്ന പത്രവാർത്തകൾ ഉണ്ടായിരുന്നു എന്നു തോന്നുമ്പോൾ പത്രം അരിച്ചുപെറുക്കി വായിക്കുക, ഇവയൊക്കെയുമാണ് പ്രധാനം. ഇത്രയേ ഉള്ളൂ എന്നില്ല. മറ്റുള്ളവർക്കുവേണ്ടി എന്നു പറഞ്ഞാൽ, അസുഖമായിരിക്കുന്ന ഒരു സുഹൃത്തിനെ വിളിച്ച് അത്യാവശ്യം കാര്യങ്ങൾ ചോദിച്ചറിയുക. അവരെ വിളിച്ച് രണ്ടു മണിക്കൂർ പ്രസംഗിച്ച് അവരുടെ അസുഖം വർദ്ധിപ്പിക്കുക എന്നത് ഉദ്ദേശിക്കുന്നില്ല. എന്തെങ്കിലും സഹായം വേണോന്ന് അന്വേഷിക്കുക. പിന്നെ വല്ല കൂട്ടുകാരും വിളിച്ചാൽ, കടയിലേക്കോ, വില്പന നടക്കുന്നിടത്തോ ഒക്കെ അവരെ പിന്തുടരുക, ഇവയൊക്കെയാണ് മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്നത്. ഇതും ഇത്രയേ ഉള്ളൂ എന്നില്ല. ചുരുക്കിപ്പറഞ്ഞെന്ന് മാത്രം. സത്യം പറഞ്ഞാൽ, ചെയ്യുന്നത് അവർക്കുവേണ്ടി എന്നു പറഞ്ഞാലും, അതൊക്കെ എന്റെ സന്തോഷമാണ്. ഓരോ ദിവസവും കടന്നുപോകുമ്പോൾ, എന്തെങ്കിലും നല്ലത്, അല്ലെങ്കിൽ കാര്യമായത് ചെയ്തെന്ന തോന്നൽ, സംതൃപ്തി തരും എന്നെന്നോട് ഒരു ചേച്ചി
അഥവാ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്. അത് ഒരു ഉപദേശം പോലെയാണ് ഞാൻ കണ്ടിട്ടുള്ളത്.

ഒരു ദിവസം വെറുതെ കളയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ഒരു ദിവസം അല്ലെങ്കിൽ ക്രിയാത്മകമായ ഒരു വിഷയം എന്ന ബൂലോകപരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് താല്പര്യക്കുറവ് തോന്നിയില്ല. ഒരു ദിവസത്തെക്കുറിച്ച് വിശദമായ രീതിയിൽ എഴുതാൻ, ദിവസങ്ങൾ മാറിമാറി പോകുന്ന, അല്ലെങ്കിൽ ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങൾ ഉള്ള ഒരാളല്ല ഞാൻ. പ്രത്യേകിച്ചൊരു ദിവസത്തെക്കുറിച്ച് എഴുതാൻ ആണെങ്കിൽ കഴിഞ്ഞുപോയ ദിവസങ്ങളിൽ ഏതെങ്കിലുമൊന്നിനെപ്പിടിച്ച് കൊണ്ടുവരേണ്ടിവരും. അതുകൊണ്ട് മൊത്തത്തിൽ അങ്ങ് എഴുതിവിട്ടു. ക്രിയാത്മകമായ വേറൊരു വിഷയത്തെക്കുറിച്ചും എനിക്ക് കാര്യമായി ഒന്നും തന്നെ എഴുതാനില്ല. അങ്ങനെ ക്രിയാത്മകമായ വിഷയത്തെക്കുറിച്ചെഴുതാൻ, തല പുകച്ചിരിക്കാനുള്ള ആരോഗ്യം തൽക്കാലമില്ല. തലയുമില്ല. എന്നാലും, എങ്കിലും, എന്തൊക്കെയായാലും ... ബൂലോകത്തിലെ ഒരംഗം എന്ന നിലയ്ക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാനുള്ള അവകാശം എനിക്കുമുള്ളതുകൊണ്ട് എനിക്ക് എഴുതാനുള്ളത് എഴുതിവെച്ച് മലയാളം മനോഹരം എന്ന സന്തോഷത്തിലേക്ക് ഞാനും പങ്കുചേരുന്നു.


ഒരു ദിവസമെന്നത്,
ചെരിഞ്ഞും മറിഞ്ഞും,
ഓടിയും, നടന്നും,
ഇഴഞ്ഞും, പറന്നും,
കൊഴിഞ്ഞും തീരുന്ന സമയമാണ്.
പോട്ടേ, പോട്ടേന്നും പറഞ്ഞ്,
മണിക്കൂറുകൾ പിന്തള്ളിപ്പോകുന്നത്,
നമ്മെയല്ല,
നമ്മുടെ ജീവിതത്തെത്തന്നെയാണ്.
ഒരു ദിവസം നമ്മൾ തോല്ക്കും,
പിന്നെ ‘ഒരു ദിവസം’ നമുക്കില്ല.
എന്നാലും മറ്റുള്ളവർ പറയും.
അങ്ങനെ ഒരു ദിവസം
ആ ജീവിതം തീർന്നുപോയെന്ന്!

Labels:

11 Comments:

Blogger ശ്രീ said...

അങ്ങനെ സംഭവബഹുലമായ ദിവസങ്ങള്‍ എപ്പോഴും ഉണ്ടാകണമെന്നില്ലെങ്കിലും നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ദിവസങ്ങള്‍ എങ്കിലും ഇടയ്ക്കിടെ ഉണ്ടായാല്‍ മതി...
:)

Thu Jul 24, 12:26:00 pm IST  
Blogger Unknown said...

നമസ്ക്കാരം ചേച്ചീ,
പോസ്റ്റ് കണ്ടു, നന്ദി...

Thu Jul 24, 05:37:00 pm IST  
Blogger ബൈജു സുല്‍ത്താന്‍ said...

ഓരോ നിമിഷവും വിലപ്പെട്ടതാണ്‌. നഷ്ടപ്പെടുന്നവയൊന്നും തിരിച്ചു കിട്ടണമെന്നില്ല.

Thu Jul 24, 06:19:00 pm IST  
Blogger ജിജ സുബ്രഹ്മണ്യൻ said...

മിക്കവാറും ദിവസങ്ങള്‍ വിരസമായി പോകുകയാണു പതിവ്.എങ്കിലും വല്ലപ്പോഴും ഒരു മാറ്റം വരുത്താന്‍ ശ്രമിക്കാ‍ാറൂണ്ട്.. അല്ലെങ്കില്‍ ജീവിതം തന്നെ ബോറാകില്ലെ
നല്ല പോസ്റ്റ് സൂ ചേച്ചീ

Thu Jul 24, 07:19:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സു.. ഒന്നാമതെത്തി അല്ലെ?

എനിക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ മിക്കവാറും ഒരു പോലെ തന്നെ.. ശനിയും ഞായറും യാത്രയും.. അതും വലിയ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല.. ഒരേ അച്ചില്‍ വാര്‍ത്തത്..

Fri Jul 25, 12:42:00 pm IST  
Blogger നരിക്കുന്നൻ said...

നന്നായിരിക്കുന്നു. അങ്ങനെ ഒരു ദിവസം കഴിഞ്ഞു....സു ചേച്ചി, ഒന്നാമതെത്താന്‍ മത്സരിക്കുകയായിരുന്നു.

Fri Jul 25, 12:55:00 pm IST  
Blogger സു | Su said...

ശ്രീ :) അവിടെ ബോംബ് പൊട്ടിയിട്ടെന്തായി?

നിഷാദ് :)

ബൈജു സുൽത്താൻ :)

കാന്താരിക്കുട്ടീ :) എന്തു വിരസത? അവിടെ അടിപൊളിയായി ജീവിക്കൂന്നേ.

ഇട്ടിമാളൂ :) അതെ. ഒന്നാമതെത്തി. ഒന്നാമതെത്തുന്നയാൾക്ക് ഒരു ചാക്ക് അരിയുണ്ടെന്നാ ഞാൻ വിചാരിച്ചത്. നിഷാദ് പോസ്റ്റിട്ടിട്ട് ഒരാഴ്ചയായി. അപ്പോ ആർക്കും ഒന്നാമതെത്താമായിരുന്നു.

നരിക്കുന്നൻ :)

Sat Jul 26, 09:32:00 am IST  
Blogger ബഷീർ said...

അങ്ങനെ ഒരു ദിവസം കഴിഞ്ഞു :(

Sun Jul 27, 06:48:00 pm IST  
Blogger സു | Su said...

ബഷീർ :) ഇനിയുള്ള ദിവസങ്ങൾ അങ്ങനെ തീർക്കാതെ നോക്കൂ.

Sun Jul 27, 10:12:00 pm IST  
Blogger രസികന്‍ said...

അങ്ങിനെ മലയാളത്തിലുള്ള ആ ദിവസവും അടര്‍ന്നു വീണു...

Thu Jul 31, 03:48:00 pm IST  
Blogger സു | Su said...

രസികൻ :) അതെ.

Mon Aug 04, 03:00:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home