Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, November 06, 2008

ഞഞ്ഞാപിഞ്ഞാ പറയരുത്

അ - അമ്മ ചെന്നൊരുമ്മ നൽകീ,
കണ്ണുതുറന്നൂ പൊന്നുണ്ണി.
പല്ലുതേച്ചു കുളിച്ചൊരുങ്ങി,
പ്രാതലിനായി വന്നെത്തി.

ആ - ആരുണ്ടവിടെ പിള്ളേരേ,
ആന വരുന്നതുകണ്ടില്ലേ,
വാഴപ്പഴവും ശർക്കരയും
തേങ്ങാപ്പൂളുമെടുത്താട്ടേ.

ഇ - ഇല്ലത്തപ്പയ്യിന്റെ പിന്നാലെ ചെന്നപ്പോൾ,
അയ്യോ, എനിക്കൊരു കുത്തുകിട്ടി.
പയ്യിനെ കെട്ടാൻ കയറു പരത്യപ്പോ
കയ്യിൽത്തടഞ്ഞതു പാമ്പിൻ‌കുട്ടി.

ഈ - ഈച്ചയിരുന്നൂ കാപ്പിക്കപ്പിൽ,
ആരും കാപ്പി കുടിച്ചില്ല.
ഈച്ച പറന്നകന്നൂ പിന്നെ
കാപ്പി മുഴുവൻ ബാക്കിയുമായ്.

ഉ - ഉള്ളതുകൊണ്ടു കഴിയേണം,
ഉണ്മയറിഞ്ഞു വളരേണം.
ഉയരത്തിലെത്തുമ്പോഴും നമ്മൾ,
വന്നൊരു വഴികൾ നിനയ്ക്കേണം.

ഊ - ഊണുകഴിക്കാനായല്ലോ
പച്ചടി കിച്ചടിയുണ്ടല്ലോ
ഊണിന്നൊടുവിൽ കഴിക്കാനായ്
പായസം പലതരമുണ്ടല്ലോ.

ഋ - ഋണത്തിൽ മുഴുകിയിരുന്നെന്നാൽ,
ജീവിതസൗഖ്യം പോയീടും.
ഋണങ്ങളെല്ലാം തീരാനായ്
എല്ലുമുറിയെ പണിതോളൂ.


എ - എതിരെ വരുന്നൂ അമ്മാമൻ,
കൂടെ വരുന്നൂ അമ്മായി.
കുട്ടികൾ നമ്മൾക്കുണ്ടല്ലോ
പൊതികൾ നിറച്ചും മുട്ടായി.

ഏ - ഏലക്കാട്ടിൽ പോയിട്ട്
ഏലയ്ക്ക കിട്ടുമോ നോക്കീടാം
ഏലയ്ക്ക മുഴുവൻ വാരിയെടുത്ത്
ഐലസാ പാടി വന്നീടാം.

ഐ - ഐവർ മക്കൾ കുഞ്ചിയ്ക്ക്
അഞ്ചാമൻ കുഞ്ചു പഞ്ചാര.
പഞ്ചാര തിന്നു നടക്കും കുഞ്ചു
പണ്ടാരോ പാടിത്തന്നല്ലോ.

ഒ - ഒത്തൊരുമിച്ചു നടന്നീടിൽ
ഉലകം മുഴുവൻ കാൽക്കീഴിൽ.
ഒത്തുപിടിച്ചാൽ മലയും പോരും
പഴയാ ചൊല്ലൊന്നോർമ്മിക്കൂ.

ഓ - ഓടിപ്പോവും തീവണ്ടീൽ,
ഓടിച്ചാടിക്കയറല്ലേ.
ഓടിച്ചാടിക്കയറാൻ പോയാൽ
കാലു പിഴച്ചു വീണാലോ.

ഔ - ഔഷധമൊന്നു കഴിച്ചെന്നാൽ,
ഓടിപ്പോവും രോഗങ്ങൾ.
ഓടിച്ചാടിക്കളിച്ചീടാം
കൂട്ടരുമൊത്ത് നടന്നീടാം.

അം - അം അം എന്നു പൊന്നുണ്ണി,
വയറു നിറച്ചും മാമുണ്ടു.
മാമുണ്ടപ്പോൾ പൊന്നുണ്ണി
വാവോ വാവോ ഉറങ്ങിപ്പോയ്.

ക - കള്ളനു കഞ്ഞി വയ്ക്കരുത്,
കളവും കാട്ടി നടക്കരുത്.
കള്ളന്മാരായ് നടന്നീടിൽ
കഷ്ടം വയ്ക്കും എല്ലാരും.

ഖ - ഖഡ്‌ഗം കൊണ്ടു മുറിച്ചെന്നാലും,
വാക്കുകൾ കൊണ്ടു മുറിക്കല്ലേ.
ഖഡ്‌ഗം കൊണ്ടു മുറിഞ്ഞീടിൽ
മരുന്നുവെക്കാനുണ്ടല്ലോ.

ഗ - ഗഗനം നോക്കി നടന്നീടിൽ
വീഴും, പല്ലും പോയീടും.
മേലേ നോക്കി നടക്കാതെ,
നേരെ നോക്കിനടന്നീടൂ.

ഘ - ഘനീഭവിച്ചൊരു ദുഃഖം നീക്കാൻ,
ഘനശ്യാമനു മാത്രേ കഴിയുള്ളൂ.
ഘനഗംഭീരരായ് ഇരിക്കുന്നവരും
ഘനശ്യാമനെപ്പോയ്ത്തൊഴുതീടും.


ങ - ങ , ങ്ങാ, എന്നു കാരണവർ,
എന്തിനുമുത്തരമോതീടും.
ങ ങ്ങ എന്നാൽ എന്താണോ?
ശരിയെന്നർത്ഥം കരുതീടാം.

ച - ചതിയാരോടേലും ചെയ്തെന്നാൽ,
ദൈവം ശിക്ഷകൾ നൽകീടും.
ചതിയില്ലാതെ നടന്നീടിൽ
ദൈവം നല്ലത് തന്നീടും.

ഛ - ഛത്രം നല്ലത് വാങ്ങീടാം,
മഴ നനയാതെ പോയീടാം.
മഴയും നനഞ്ഞു നടന്നീടിൽ
പനിയതു വരുമെന്നോർത്തോളൂ.

ജ - ജയിച്ചുവന്നീടുമ്പോഴുണ്ണീ,
നൽകാം ഞാനൊരു പൊന്നുമ്മ.
പഠിച്ചു നന്നായ് പോവുക നീ
മടിച്ചു നിൽക്കാൻ നോക്കരുതേ.

ഝ - ഝൽ ഝിൽ ഝൽ ഝിൽ മഴ വന്നൂ,
കുടയെല്ലാരും നിവർത്തിക്കോ
കുടയില്ലാത്തവരുണ്ടെങ്കിൽ
വേഗം നനയാതോടിക്കോ.

ഞ - ഞഞ്ഞാപിഞ്ഞാ പറയരുത്,
ഞാനെന്ന ഭാവം കാട്ടരുത്.
ഞങ്ങളെന്നു പറഞ്ഞീടാതെ,
നമ്മളെന്നു പറഞ്ഞോളൂ.

ട - ടക് ടക് ടക് ടക് മുട്ടീടുന്നൂ
ആരു തുറക്കും ഈ വാതിൽ?
വാതിൽ തുറന്നു നോക്കീടുമ്പോൾ
അമ്മാ തായേ പിച്ചക്കാർ.


ഠ - ഠ എന്നൊരു മുഴുവട്ടത്തിൽ
മാർക്കതു കിട്ടും മടിയന്മാരേ.
ഠ എന്നു കിട്ടേണ്ടെങ്കിൽ
നന്നായ് പഠിച്ചു നടന്നീടൂ.


ഡ - ഡയറിയിലെന്നും എഴുതീടൂ
അന്നന്നുള്ളൊരു കാര്യങ്ങൾ.
പിന്നെയൊരിക്കൽ നോക്കീടുമ്പോൾ
എല്ലാം രസമായ് തോന്നീടും.

ഢ - ഢക്കയെടുത്തു കളിക്കരുത്,
വാദ്യം നാശം ചെയ്യരുത്.
പറഞ്ഞതു കേൾക്കാതിരുന്നീടിൽ
ഡും ഡും ഡും ഡും ഇടികിട്ടും.


ത - തർക്കിച്ചുനിൽക്കാൻ പോകരുത്,
സൗഹൃദം നമ്മൾ മറക്കരുത്.
തലയിൽക്കയറി നിരങ്ങരുത്,
തറവാടിത്തം കളയരുത്.



ദ - ദണ്ണം നിങ്ങൾക്കുണ്ടെങ്കിൽ
കൂട്ടരോടെല്ലാം ചൊല്ലീടൂ.
പങ്കുവെച്ചാൽ കുറഞ്ഞീടും
പകരം സൗഖ്യം വന്നീടും.


ധ - ധനമോഹികളാവരുതേ,
സ്നേഹം നിങ്ങൾ വെടിയരുതേ.
ധനവും നോക്കിപ്പായാതെ
അറിവുണ്ടാക്കാൻ നോക്കീടൂ.


ന - നന്ദികേടാരും കാട്ടരുത്,
നന്മ വിട്ടു ചലിക്കരുത്.
നന്ദി പറയാൻ മടിവന്നാൽ
നാണക്കേടെന്നോർത്തോളൂ.

പ - പകയില്ലാതെ നടന്നീടൂ,
പകരം പുണ്യം കിട്ടീടും.
പകയില്ലാതെ നടന്നീടിൽ
പകലും രാവും സന്തോഷം.


ഫ - ഫണമുയർത്തീടും സർപ്പത്തോടായ്
പായ്യാരം പറഞ്ഞു നിൽക്കരുതേ.
ഫണമുയർത്തിയ സർപ്പം കണ്ടാൽ
പറപറന്നോടാൻ മടിക്കരുത്.

ബ - ബഹുമാനിക്കുകയെല്ലാരേം
വലുപ്പവും ചെറുപ്പവും നോക്കാതെ.
ബഹുമാനിച്ചു നടന്നീടിൽ
പകരം കിട്ടും ബഹുമാനം.

ഭ - ഭൂമിയിലുള്ളവരെല്ലാരും
ദൈവത്തിന്റെ പൊന്മക്കൾ.
ഒരുമയോടെ വാഴുക നാം.
ഓർക്കുമ്പോഴൊരു സുഖമില്ലേ?


മ - മരണം വരേയും മറക്കല്ലേ
പിന്നിട്ടു പോന്നൊരാ വഴികൾ നമ്മൾ
വന്നൊരു വഴികൾ മറന്നെന്നാൽ
മോശം കാര്യമതോർത്തോളൂ.

യ - യത്നിച്ചീടേണമെന്നെന്നും
ഫലവും നോക്കിയിരിക്കാതെ
യത്നം നമ്മുടെ ഭാഗത്തെങ്കിൽ
ദൈവം ഫലവും നൽകീടും.

ര - രക്തബന്ധമതില്ലെന്നാലും
സ്നേഹം നമ്മളെച്ചേർക്കുന്നു.
രക്തം ദാനം ചെയ്തീടിൽ
ജീവൻ തന്നെ നൽകീടാം


ല - ലക്കു ലഗാനുമില്ലാതെയാരും
ജീവിതയാത്ര നടത്തല്ലേ.
ലക്ഷ്യമതൊന്നുണ്ടെങ്കിൽ,
വേഗം നോക്കി നടന്നോളൂ.

വ - വരനും വധുവും വന്നെത്തീ
ഡും ഡും പെപ്പേ കല്ല്യാണം
വന്നുകൂടിയവരെല്ലാരും
അനുഗ്രഹിച്ചു മടങ്ങേണം

ശ - ശത്രുവിനോട് പൊറുക്കുന്നവരെ
ആരും തോല്‍പ്പിക്കില്ലല്ലോ.
ശത്രുത മനസ്സിൽ വയ്ക്കാതെ
മാപ്പു കൊടുത്തു നടന്നീടൂ.


ഷ - ഷഡ്പദങ്ങളെ ദ്രോഹിക്കരുതേ
ജീവൻ അവരിലുമുണ്ടല്ലോ.
ഷഡ്‌പദങ്ങൾ വന്നീടിൽ
ദൂരേ നിന്നും നോക്കീടാം.

സ - സഹായം ചെയ്ത് തരുന്നവരോട്,
നന്ദിയെന്നോതാൻ മടിക്കരുത്.
സഹായിക്കുന്നവരെ നമ്മൾ
ഒരുകാലത്തും മറക്കരുത്.

ഹ - ഹ ഹ എന്നു ചിരിച്ചീടിൽ,
കാണുന്നോരും ചിരിച്ചീടും.
ഹ ഹ എന്നു ചിരിച്ചീടൂ
ദുഃഖം മറന്നുനടന്നീടൂ.

ക്ഷ - ക്ഷണിക്കാതെവിടേം പോകരുത്.
ക്ഷണിക്കാൻ നമ്മളും മറക്കരുത്.
ക്ഷണക്കത്തൊന്നു കിട്ടീടിൽ
പോവാൻ നമ്മൾ മടിക്കരുത്.


[ഇനിയും അക്ഷരങ്ങൾ ഉണ്ട്. പാട്ടു കിട്ടുമ്പോൾ പോസ്റ്റ് ചെയ്യും. ഇതൊക്കെ പലരും പറഞ്ഞുവെച്ചുപോയിട്ടുള്ളതുതന്നെയാവും. ഞാനൊന്ന് അക്ഷരത്തിന്റെ കൂടെ പാട്ടായിട്ട് ഇട്ടു എന്നു മാത്രം. എനിക്ക് മനസ്സിൽ തോന്നിയതുപോലെ എഴുതിയതാണ്. അത്ര ഗൗരവമായിട്ട് എഴുതിയില്ല. തെറ്റുകുറ്റങ്ങളൊക്കെ പൊറുക്കുക. ഇതിൽ ഇല്ലാതെപോയ അക്ഷരങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ ഒരു പാട്ടുണ്ടെങ്കിൽ പറഞ്ഞുതരിക.]

Labels:

15 Comments:

Blogger Haree said...

കൊള്ളാല്ലോ ഈ അക്ഷരക്കവിതകള്‍! :-)

ഊ - “...കഴിക്കാനായ്, പ്രഥമന്‍ പലതരമുണ്ടല്ലോ.” എന്നായാല്‍ ചൊല്ലിനു തുടര്‍ച്ചയുണ്ട്.
ഋ - ഋണം എന്നാല്‍?
ഏ - “ഏലക്കാട്ടില്‍ പോയിട്ട്, ഏലക്കായ പറിച്ചീടാം; ഏലക്കായും കുട്ടയിലാക്കി, ഓടിച്ചാടി നടന്നീടാം.”
ഐ - “ഐക്യമത്യം മഹാബലം, ചൊല്ലതു കേട്ടു പഠിച്ചിട്ട്; പിന്നതു മാറി നടന്നിട്ട്, ബലമില്ലാതെ വലയുന്നു!”
ണ - “‘ണ’യെന്നക്ഷരമോര്‍ത്താലോ, ഇല്ലൊരു വാക്കുമെന്നാലും;
ണ, ണാ, ണി, ണീ പഠിക്കാഞ്ഞാല്‍, നാണിടീച്ചര്‍ തല്ലൂല്ലോ!”
ഥ - “ഥവളമെന്നെഴുതി ഞാനും, ധവളമെന്നു തിരുത്തി സാറും;
പറയുമ്പോളതു ഥവളമോ, ധവളമോ എന്നതെനിക്കിന്നും സംശ്യം”
--

Thu Nov 06, 11:18:00 am IST  
Blogger smitha adharsh said...

സു ചേച്ചീ..ഇഷ്ടപ്പെട്ടു..അക്ഷരങ്ങളെ കൊണ്ടൊരു കളി..ഹരീടെ കമന്റും നന്നായി.

Thu Nov 06, 12:06:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

സു ചേച്ചീ.. നന്നായി.
ഹരീ, ഋണം എന്നാല്‍ കടം.അല്ലേ?

Thu Nov 06, 04:13:00 pm IST  
Blogger വേണു venu said...

ആരുണ്ടവിടെ പിള്ളേരേ,
ആന വരുന്നതുകണ്ടില്ലേ,
വാഴപ്പഴവും ശർക്കരയും
തേങ്ങാപ്പൂളുമെടുത്താട്ടേ.

ഇതാണു് കൊച്ചു കുഞ്ഞുങ്ങള്‍ക്കു വേണ്ട കവിത.
എന്തിനു് ആശയം.എന്തിനു് വാക്യാര്‍ഥം. സുന്ദരം. എല്ലാം ഇഷ്ടപ്പെട്ടതിലെ ഒന്നു മാത്രം.
..

Thu Nov 06, 11:42:00 pm IST  
Blogger രാജ് said...

നന്നായിണ്ട് സൂ.

Fri Nov 07, 12:30:00 am IST  
Blogger ചീര I Cheera said...

സൂ എഴുതീത് കണ്ടപ്പൊ വെറുതെ ഒരു മോഹം..

ഴ - ഴായെന്നാലെന്തൊരഴക്
മഴയ്ക്കഴക്, പുഴയ്ക്കഴക്
ഴായിന്നഴകു വഴിയുന്നതത്രേ
തമിഴെന്ന മൊഴിയ്ക്കുമൊഴക്!

(പ്രചോദനം - ശ്രീ. വൈരമുത്തു സര്‍. “കണ്ണ്ക്ക് മയി അഴക്“ എന്നൊരു പാട്ടിലെ ഓര്‍മ്മ)

ള - ളേ,ളേ തൊള്ള തുറക്കുന്നൊരു
പൈതലിന്നൊച്ചയില്‍ മതി-
മറന്നക്ഷണമുള്ളം നിറഞ്ഞു
ചുരത്താനമൃതുള്ളോളത്രേ തള്ള!


സൂ.. എല്ലാം നന്നായിട്ട്ണ്ട് ട്ടൊ.

Fri Nov 07, 01:34:00 am IST  
Blogger ചീര I Cheera said...

ഒരബദ്ധം..
ഴായില്‍, അവസാനം
“തമിഴെന്ന മൊഴിയ്ക്കുമഴക്“
എന്നാ ഉദ്ദേശ്ശിച്ചതേ.. :)

Fri Nov 07, 01:49:00 am IST  
Blogger പാഞ്ചാലി said...

"റാകിപ്പറക്കുന്ന ചെമ്പരുന്ത്" എടുക്കുമോ ?
ഇല്ലെങ്കില്‍ ഇതാ...

റമ്മും വിസ്കിയും ജിന്നുമെല്ലാം
എന്നും പ്രലോഭനം നല്കിയേക്കാം...
നിത്യം കഴിച്ചു പഠിച്ചു പോയാല്‍
സത്യം! മോചനം ബുദ്ധിമുട്ടാ...

Fri Nov 07, 10:36:00 am IST  
Blogger BS Madai said...

രസമുള്ള കവിത - കൊച്ചുകൊച്ചു നുറുങ്ങുകളായതുകൊണ്ട് വായിക്കാന്‍ നല്ല സുഖം -നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

Fri Nov 07, 11:26:00 pm IST  
Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അക്ഷരക്കവിത നന്നായിട്ടുണ്ട്.

Sat Nov 08, 12:08:00 pm IST  
Blogger ധൂമകേതു said...

സുവേച്ചീ അക്ഷരപ്പാട്ടു കലക്കീട്ടോ... നമുക്കിതു പാഠപുസ്തക കമ്മറ്റിക്കാര്‍ക്ക്‌ അയച്ചു കൊടുത്താലോ?

Sat Nov 08, 03:09:00 pm IST  
Blogger സു | Su said...

ഹരീ :) ണ, ണാ, ണി, ണീ ...ഹിഹി.

കേരള :) എല്ലാ പോസ്റ്റിലും അറിയിപ്പ് വെക്കണമെന്നില്ല. നന്ദി.

സ്മിത :)

മേരിക്കുട്ടീ :) അർത്ഥം പറഞ്ഞതിനു ഒരു സ്പെഷൽ നന്ദി.

വേണുവേട്ടാ :)

രാജ് :) വായിച്ചതിൽ സന്തോഷം.

പി. ആർ :) എവിടെ ആയിരുന്നൂ? നന്നായിട്ടുണ്ടേ പി. ആറിന്റെ വരികളും.

പാഞ്ചാലി :)

ബി എസ് :)

രാമചന്ദ്രൻ :)

ധൂമകേതു :) അക്ഷരപ്പാട്ട് എന്റെ ബ്ലോഗിൽത്തന്നെ കിടക്കുന്നതിൽ എനിക്കു വിരോധം ഒന്നുമില്ല കേട്ടോ. ഇവിടെക്കിടന്നോട്ടെ.


എന്തായാലും പോസ്റ്റ് വായിച്ച് അഭിപ്രായം പറയാൻ സന്മനസ്സ് കാണിച്ച 11 പേർക്കും നന്ദി. വേറൊന്നും തരാനില്ലാത്തോണ്ടാ. കുറച്ച് സോപ്പിടാംന്നുവെച്ചാൽ അതും അറിയില്ല. :(

Sat Nov 08, 08:55:00 pm IST  
Blogger Jayasree Lakshmy Kumar said...

അസ്സലായിരിക്കുന്നു ഈ അക്ഷരപ്പാട്ട്

Sun Nov 09, 02:08:00 am IST  
Blogger സു | Su said...

ലക്ഷ്മി :)

Sun Nov 09, 10:54:00 am IST  
Blogger ശ്രീ said...

ഇതു കലക്കീല്ലോ.
:)

Tue Nov 18, 09:24:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home