ചിണ്ടുവും പിന്റുവും
പണ്ടുപണ്ടൊരു നാട്ടിൽ ചിണ്ടൻ മുയലും ചിന്നി മുയലും ഉണ്ടായിരുന്നേ. അവരുടെ മോളാണ് ചിണ്ടുമുയൽ. ചിണ്ടു എവിട്യേങ്കിലും പോയാൽ അമ്മയും അച്ഛനും ചിണ്ടൂ...ചിണ്ടൂ...ചിണ്ടൂന്ന് നീട്ടിവിളിക്കും. ചിണ്ടു കുസൃതിയോടെ ഓടിക്കിതച്ചുവരും. പക്ഷെ പാവം നമ്മുടെ ചിണ്ടു. അതിന്റെ കാലിന് കുറച്ച് ഉവ്വാവു ഉണ്ടേ. അതുകൊണ്ട് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോവാൻ ചിണ്ടൂനു വല്യ മടിയാ. കൂട്ടുകാരു പാവം ചിണ്ടു എന്നു പറേണത് കേക്കാൻ ചിണ്ടൂന് ഇഷ്ടേയില്ല. അതുകൊണ്ട് ചിണ്ടൂനെ കളിക്കാൻ വിളിച്ചാൽ ചിണ്ടു ‘നിയ്ക്ക് വയ്യേ’ ന്നും പറഞ്ഞ് മടിച്ചിയെപ്പോലെ ഇരിക്കും. ചിണ്ടൂന് ഓടാനും ചാടാനുമൊക്കെ പറ്റുംട്ടോ. എന്നാലും മറ്റുള്ളോരെപ്പോലെ ആവില്ല. പക്ഷെ, ചിണ്ടൂന് ഇടയ്ക്ക് വിഷമം ആവും. എന്നാലും ചിണ്ടു, കൂട്ടുകാരൊക്കെ കളിക്കുന്നതും നോക്കി ഇരിക്കും. അമ്മയും അച്ഛനും ആവതും പറഞ്ഞുനോക്കും. കളിച്ചോ കളിച്ചോന്ന്. പക്ഷെ ചിണ്ടൂനൊരു നാണം. ഓടിയാൽ വീണുപോയാലോ, ഉവ്വാവു ഉള്ള കാലു വേദനിച്ചാലോന്നൊക്കെ. കുതിച്ചുപായുന്നതൊക്കെ കാണാൻ ചിണ്ടൂന് വല്യ ഇഷ്ടാ. അതുകൊണ്ട് കളിക്കളത്തിലേക്കൊന്നും പോവാൻ ചിണ്ടൂന് ഒരു മടീംല്ല. ചിണ്ടു പക്ഷെ കളിക്കില്ല. പിന്നെ ചിണ്ടു എന്നും വന്ന്, അവിടെ കൂട്ടുകാർ ഓടിച്ചാടിയതും, തിന്നാനുണ്ടോന്ന് നോക്കി ഒരുമിച്ച് നടന്നതും ഒക്കെ പറയും, കഥകൾ. അങ്ങനെയിരിക്കുമ്പോഴാണ് ആ നാട്ടിലേക്ക് പങ്കനാമയും, പങ്കിയാമയും, കുട്ടിപ്പിന്റുവും വരുന്നത്. പതുക്കെപ്പതുക്കെ പോകുന്ന പിന്റുവിനെക്കണ്ടപ്പോൾ ചിണ്ടൂന് വല്യ കാര്യമായി. പിന്റുവും ചിണ്ടുവും കൂട്ടുകാരായി. പിന്റൂന്റെ കൂടെ ഓടുമ്പോൾ മിക്കവാറും ചിണ്ടു ജയിക്കും. ഇടയ്ക്ക് ചിണ്ടൂന് പാവം തോന്നും, എന്നിട്ട് തോറ്റുകൊടുക്കും. അപ്പോ പിന്റൂന്റെ മുഖത്തെ സന്തോഷം കാണും ചിണ്ടു. അങ്ങനെയിരിക്കെ ഒരുദിവസം അവിടെ ഓട്ടമത്സരം സംഘടിപ്പിച്ചു. ചിണ്ടൂനു പിന്നെ അതിലൊന്നും താല്പര്യമേയില്ല. വേഗത്തിൽ ഓടാൻ കഴിയില്ലല്ലോ. പക്ഷെ, പിന്റു പറഞ്ഞു, മത്സരത്തിൽ പങ്കെടുക്കാംന്ന്. അതു കേട്ടതും ചിണ്ടു ചിരിച്ചു ചിരിച്ചു മതിയായി. ഓടാൻ കഴിയാത്ത രണ്ടുപേരും മത്സരത്തിൽ പങ്കെടുക്കുന്നതാലോചിച്ച് ചിണ്ടു ആർത്തുചിരിച്ചു. പക്ഷെ, പിന്റു നിർബന്ധിച്ച് രണ്ടാളുടേം പേരു കൊടുത്തു. ചിണ്ടൂന്റെ അച്ഛനും അമ്മയ്ക്കും സന്തോഷമായി. ഓടാൻ തയ്യാറായി നിൽക്കുന്നവരുടെ കൂടെ നിന്നപ്പോൾ ചിണ്ടൂന്, ബാക്കിയുള്ളവരൊക്കെ കളിയാക്കുമോന്നൊരു പേടി. പക്ഷെ പിന്റുവിനെ നോക്കിയപ്പോൾ, പിന്റു ഉഷാറായി ചിരിച്ചുംകൊണ്ടു നിൽക്കുന്നു. ചിണ്ടുവും ചിരിച്ചും കൊണ്ടുനിന്നു. ഓട്ടം തുടങ്ങിയപ്പോൾ ചിണ്ടു, ശരിക്കും ഓടി. കാലിന് വയ്യെന്നൊക്കെ മറന്നുപോയിരുന്നു. ഓടിയോടി ചിണ്ടുവിന് രണ്ടാംസ്ഥാനം കിട്ടി. പിന്റു വളരെ പിറകിൽ ആയിരുന്നു. ചിണ്ടുവിന് രണ്ട് കാരറ്റ് സമ്മാനം കിട്ടി. അത് അച്ഛന്റേം അമ്മേടേം കൈയിൽ കൊടുത്തിട്ട് പിന്റുവിന്റെ അടുത്തെത്തി. പിന്റുവിന് വിഷമം ആയോന്നൊരു സംശയം ചിണ്ടുവിന് ഉണ്ടായിരുന്നു. പിന്റു ചിരിച്ചുംകൊണ്ടു നിൽക്കുന്നു. പിന്റു പറഞ്ഞു മടിച്ചിരുന്നെങ്കിൽ സമ്മാനം കിട്ടുമായിരുന്നോ? ചിണ്ടു നാണിച്ച് ചിരിച്ചു. എന്നിട്ട് പിന്റൂനോടു ചോദിച്ചു, പിന്റൂനു വിഷമമായില്ലേന്ന്. പിന്റു പറഞ്ഞു “എനിക്കിത്രയേ ഓടാൻ കഴിയൂന്ന് എനിക്കറിയാലോ, അതുകൊണ്ട് ഒരു വിഷമവുമില്ല. നമ്മുടെ കഴിവ് അറിയണം, അതിനോളമേ ആഗ്രഹിക്കാനും പാടുള്ളൂ. എന്നാൽ യാതൊരു വിഷമവും വരില്ല, എന്നാൽ അതിനൊപ്പം തന്നെ, എനിക്കൊന്നും പറ്റില്ലേന്ന് വിചാരിക്കാനും പാടില്ല. ആവുന്നപോലെ ശ്രമിക്കുക.” ചിണ്ടൂന് എല്ലാം മനസ്സിലായി. ചിണ്ടുവും പിന്റുവും പിന്നെ മറ്റുള്ള കൂട്ടുകാരോടൊപ്പം ഓടാനും ചാടാനുമൊക്കെ പോയി. ചിണ്ടൂന്റെ കാലു വയ്യാത്തതു കണ്ടിട്ട് ആരും പാവംന്ന് പറഞ്ഞില്ല, പിന്റൂന് വേഗതയില്ലാഞ്ഞിട്ട് ആരും കളിയാക്കിയുമില്ല. അങ്ങനെ പിന്റുവും ചിണ്ടുവും സന്തോഷത്തോടെ കൂട്ടുകാരായി ജീവിച്ചു.
Labels: കുട്ടിക്കഥ
10 Comments:
ചാത്തനേറ്: നല്ല കഥ, എത്ര പേരോടിയാലും ആരെങ്കിലുമൊക്കെ അവസാന സ്ഥാനത്തേക്കും വേണ്ടേ?.....
ഓടോ: പാരഗ്രാഫൊന്നും തിരിക്കാന് പറ്റാതായോ?
കുട്ടിക്കഥ നന്നായി ചേച്ചി.
:-)
ഇഷ്ടായി.
ഉപാസന
കുട്ടിച്ചാത്താ :) അതെ. എല്ലാരും ഓടി മുന്നിലെത്തിയാൽ സമ്മാനം കൊടുക്കേണ്ടവർ വിഷമിക്കും. ഇതൊരു കുട്ടിക്കഥയല്ലേ. അതുകൊണ്ട് പാര വേണ്ടെന്നു വെച്ചു. തിരിക്കാൻ പറ്റാതായോന്നുള്ള ചോദ്യം ഒരു പാരയാണല്ലേ? ;)
ശ്രീ :)
ഉപാസന :)
നമ്മുടെ പഴയ ആമയേയും മുയലിനേയും പുതിയ കുപ്പിയിലാക്കിയതു നന്നായി കേട്ടോ!!
സൂ,
നല്ല കഥ. ‘അഭിനന്ദനങ്ങള്!’.
ആത്മ ഇപ്പോഴും നാട്ടിലെത്തിയില്ല. കുറച്ചു ദിവസം കൂടി ധൈര്യമായി പുറത്തൊക്കെ ഇറങ്ങിക്കോളൂ ട്ടൊ. :)
ജി മെയില് അറിയാതെ മാറിപ്പോയതുകൊണ്ടാണ് പേര് മീര എന്നായിപ്പോയത്. ക്ഷമിക്കുമല്ലൊ,
:)
കെ. എം. എഫ് :) വായിച്ചല്ലോ. നന്ദി.
തൂലികാജാലകം :) ഇത് പഴയതല്ല. പുതിയ ആമയും പുതിയ മുയലും ആണ്. കൂട്ടുകാർ. നന്ദി.
ആത്മ ജി :) നന്ദി. അതു ഞാൻ തമാശ പറഞ്ഞതാണ്.
നല്ല കഥ ചേച്ചി..ഇഷ്ടപ്പെട്ടു.
സ്മിത :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home