Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, January 23, 2009

നൈസ് റ്റു മീറ്റ് യൂ

ഒരു നാലഞ്ച് ദിവസം തുടർച്ചയായിട്ടല്ല്ലാതെ എ ടി എം കാർഡിന് വേണ്ടി കയറിയിറങ്ങിയപ്പോൾ എനിക്കുതോന്നി ബാങ്കുകാരുടെ അഹങ്കാരം അങ്ങനെ വിട്ടുകൊടുക്കരുതെന്ന്. പൈസ കുറച്ചേ അക്കൗണ്ടിൽ ഉള്ളൂ എങ്കിലും എനിക്കും അത് എ ടി എം ഉള്ളിടത്തുപോയി പിൻവലിക്കാൻ ഒരു ആശയുണ്ടാവില്ലേ? ആ ആശയെയാണ് ബാങ്ക് കണ്ടില്ലെന്ന് നടിക്കുന്നത്. അങ്ങനെ ഒരുദിവസം രാവിലെത്തന്നെ ജോലിയൊക്കെ ഒരു വഴിക്കാക്കി ഒരുങ്ങിയിറങ്ങി. ചെക്കും എഴുതി ഒപ്പിട്ടെടുത്തു. എന്റെ പുന്നാരബാഗും എടുത്തു. പൈസ നിറച്ചു കൊണ്ടുവരേണ്ടതല്ലേ. ;) എന്റെ പൈസ കൊണ്ട് ബാങ്ക് അങ്ങനെ തലയുയർത്തിനിൽക്കരുത്. ബാങ്കെന്നു പറഞ്ഞാൽ എനിക്ക് വല്യ പേടിയും ഇല്ല. അമ്മയുടെ അനിയത്തി ബാങ്ക് ഉദ്യോഗസ്ഥ ആയിരുന്നു. വളന്ററി റിട്ടയർമെന്റ് എടുത്തു. അച്ഛന്റെ അനിയത്തി ഇപ്പോഴും ബാങ്ക് ഉദ്യോഗസ്ഥ ആണ്. അച്ഛന്റെ അനിയന്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥ ആണ്. ബാങ്കെന്നു പറഞ്ഞാൽ എനിക്ക് പുല്ല്. അതുകൊണ്ട് ആ വഴിക്കു ഞാൻ ഒറ്റയ്ക്ക് പോകില്ല, നിവൃത്തിയുണ്ടെങ്കിൽ. ;)

പോയപ്പോൾ ബാങ്ക് തുറന്നുവരുന്നേയുള്ളൂ. കാത്തുനിന്നു. അപ്പോഴേക്കും ഒരു സ്ത്രീയും ഒരാളും പേന രണ്ട് പ്രാവശ്യം കടം ചോദിച്ചു. മൂന്ന് പ്രാവശ്യം ആയാൽ...ആയാൽ... പേന നിങ്ങൾ തന്നെ വെക്കേണ്ടിവരും എന്ന് മനസ്സിലോർത്തു. ബാഗ് തുറയ്ക്കുക, അടയ്ക്കുക. എനിക്കു വേറെ ജോലിയൊന്നുമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ ഹേ എന്നൊരു ചോദ്യം അവർ എന്റെ മുഖത്ത് കണ്ട് പേടിച്ചാവണം പിന്നെ ചോദിച്ചില്ല.

കുറച്ചുകഴിഞ്ഞപ്പോൾ ബാങ്ക് ജോലിക്കാരെല്ലാം ജോലി തുടങ്ങി. ഞാൻ ചെക്ക് ഏൽപ്പിച്ചു. പൈസയും എടുത്ത് നാടുവിടാൻ ആണോന്നൊരു ചോദ്യം, പൈസ തരുമ്പോൾ കാഷ്യറുടെ മുഖത്ത് കണ്ടു. ഇല്ലില്ല പിന്നേം വരും എന്ന് എന്റെ മുഖത്ത് അദ്ദേഹവും വായിച്ചിരിക്കണം. പൈസ കിട്ടിയപ്പോൾ ബാഗ് തുറന്ന് അതിലേക്കിട്ടു.

നല്ല തിരക്കാണ് ബാങ്കിൽ. അവിടെനിന്നിറങ്ങിയപ്പോൾ തോന്നി, ഡ്രൈവിംഗ് ഗുരുവിനെക്കൂടെക്കണ്ട് അനുഗ്രഹം വാങ്ങാം എന്ന്. പഠിച്ചിറങ്ങിയതിനുശേഷം അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. കാറും വാങ്ങി വഴിയിലിറങ്ങി ഓടിച്ചപ്പോൾ, നാട്ടുകാർ ആരെങ്കിലും ഓടിച്ചുകാണും എന്ന് അദ്ദേഹം വിചാരിച്ചുകാണും. അദ്ദേഹം വിചാരിക്കുന്നതുപോലെ ഞങ്ങൾ കാർ വാങ്ങിയൊന്നുമില്ലെന്ന് എനിക്കല്ലേ അറിയൂ.

അദ്ദേഹത്തെക്കണ്ട് കാര്യങ്ങളൊക്കെ ചോദിച്ച്, പറഞ്ഞ് വീട്ടിലെത്തിയപ്പോൾത്തോന്നി, വളരെക്കാലമായി സന്ദർശിച്ചിട്ടില്ലാത്ത ബ്യൂട്ടിപ്പാർലർ സന്ദർശനം നടത്തിക്കളയാം എന്ന്. എല്ലാർക്കും അറിയാവുന്നതുപോലെ സൗന്ദര്യം ഉള്ളത് വർദ്ധിപ്പിക്കാൻ പോകുന്നതാണെങ്കിലും, ഇല്ലാത്തവർക്കും പോകുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ.

അങ്ങനെ പുന്നാരബാഗിൽനിന്ന് പൈസയെടുത്തപ്പോൾ വിചാരിച്ചു, ബാങ്കിൽ നിന്ന് എണ്ണിയിട്ട് പുറത്തിറങ്ങുമ്പോൾ ആരെങ്കിലും അടിച്ചുകൊണ്ടുപോകണ്ട എന്നുകരുതി എണ്ണിയില്ലല്ലോ, ഒന്ന് ചുമ്മാ എണ്ണിക്കളയാം എന്ന്. എണ്ണി. 5000 രൂപയാണ് എടുത്തത്. അഞ്ഞൂറിന്റെ എട്ട് നോട്ടും നൂറിന്റെ പത്ത് നോട്ടും. കാഷ്യർ സ്പീഡിൽ എണ്ണുന്നത് അശ്രദ്ധയോടെ ശ്രദ്ധിച്ചിരുന്നു. ആയിരത്തിന്റെ നോട്ട് തന്നാൽ എനിക്ക് നല്ലത് എന്നുവിചാരിക്കുകയും ചെയ്തിരുന്നു.

എണ്ണി ആദ്യം അഞ്ഞൂറ്- ഒന്ന്, രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത്....

പിന്നെ നൂറ് - ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത്.....

രണ്ട് പ്രാവശ്യം എണ്ണി. വേറെ ജോലിയൊന്നുമില്ലായിരുന്നു തൽക്കാലം.

രണ്ട് പ്രാവശ്യം മുഴുവൻ എണ്ണിക്കഴിഞ്ഞപ്പോഴാണ് ആകെയുള്ള കുറച്ച് ബുദ്ധി ഓടിയത്.

ഈശ്വരാ....

അഞ്ഞൂറും പത്ത്.
നൂറും പത്ത്.
അപ്പോ ആകെമൊത്തംടോട്ടൽ ആറായിരം.
പിൻ‌വലിച്ചത് അയ്യായിരം.
ആയിരം അധികപ്പറ്റ്. അഥവാ അധികം പറ്റിയത് അല്ലെങ്കിൽ കാഷ്യർക്ക് തെറ്റുപറ്റിയത്.

ഒന്നും കൂടെ എണ്ണി.

പരിഭ്രമമായി. പിന്നെ ആലോചിച്ചപ്പോൾ അധികം പരിഭ്രമമായി. പുന്നാരബാഗ് എടുക്കുന്നത് അത്യാവശ്യത്തിനുമാത്രം. ആയിരം അതിൽ പണ്ടേ ഉണ്ടായിരുന്നില്ല എന്നതിനു ഉറപ്പൊന്നുമില്ല. ഉണ്ടാവും എന്നതിനും ഉറപ്പൊന്നുമില്ല. അച്ഛൻ തന്നത് ഒക്കെ തീർന്നിരുന്നില്ലെങ്കിലോ.

ചേട്ടനെ വിളിച്ചു.

കുരിശ് കോളിംഗ്...

ചേട്ടന്റെ മൊബൈലിൽ തെളിഞ്ഞു.

“ഒരു കാര്യം ഉണ്ട്.”

“എന്താ?”

“ബാങ്കിൽ പോയിരുന്നു.”

“അവിടെ തീവ്രവാദികൾ വന്നോ?”

“ഞാനുള്ളപ്പോൾ വേറെ എന്തിന്?”

“പിന്നെന്താ വിളിച്ചത്?”

“പൈസ അധികം കിട്ടിയോന്ന് സംശയം.”

എന്റെ സംശയങ്ങൾ പറഞ്ഞപ്പോൾ ചേട്ടനും സംശയം. ബാഗിൽ പണ്ട് ഉണ്ടായിരുന്നുവോന്ന് സംശയം ഉള്ളതുകൊണ്ടാണ് പെട്ടെന്ന് തിരിച്ചുകൊടുക്കാൻ പോകാതിരുന്നത് എന്നു പറഞ്ഞു. ചിലപ്പോൾ നിന്റെ തന്നെ ആയിരിക്കും എന്ന് ചേട്ടൻ. ഇനിയും സംശയം ഉണ്ടെങ്കിൽ ഇപ്പോൾ പോകണ്ട, വൈകുന്നേരം ബാങ്ക് കണക്കെടുപ്പ് കഴിയുമ്പോൾ ഷോർട്ട് കാണും, അപ്പോ ചെന്നാൽ അവർക്ക് അറിയാൻ കഴിയും എന്നു പറഞ്ഞു. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ട്.

പിന്നെ, വൈകുന്നേരം പോകാമല്ലോന്ന് വിചാരിച്ച് പാർലറിൽ പോയി. കുറേ ദിവസമായി കാണാത്തതിന്റെ ചോദ്യങ്ങളും, ഡ്രൈവിംഗ് പഠിക്കാൻ പോയ കാര്യങ്ങളും ഒക്കെപ്പറഞ്ഞ് വീട്ടിൽ തിരിച്ചെത്തി.

വൈകുന്നേരം ചേട്ടൻ വന്നപ്പോൾ കൂടെ ബാങ്കിൽ പോയി നോക്കി. ആദ്യം എ ടി എം കാർഡ് ചോദിച്ചു. രണ്ടുദിവസം കൂടെ കഴിയും കിട്ടാൻ എന്നുപറഞ്ഞു. അതുകഴിഞ്ഞ് കാഷ്യറോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉറപ്പില്ല. കണക്ക് നോക്കിയാലേ അറിയൂ, അര മണിക്കൂർ കൂടെ കഴിയണം എന്നു പറഞ്ഞു. ഫോൺ നമ്പർ
എഴുതിവെക്കാൻ പറഞ്ഞ് , അവിടെനിന്നിറങ്ങി കടയിലൊക്കെപ്പോയി തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വിളിച്ചിട്ടുണ്ട്, ബാങ്കിൽ നിന്ന്. കോളർ ഐഡിയിൽ കിടപ്പുണ്ട് നമ്പർ.

പിന്നെ, പിറ്റേന്ന് രാവിലെ പൈസയും എടുത്ത് പോയിനോക്കുമ്പോൾ അദ്ദേഹം പറഞ്ഞു വിളിച്ചിരുന്നു എന്ന്. അറിഞ്ഞിരുന്നു എന്നു പറഞ്ഞു. ഇപ്പോഴും വിളിച്ചിരുന്നു എന്നു പറഞ്ഞു, ഞാൻ വഴിയിൽ അല്ലേന്ന് പറഞ്ഞു. വെറുതെയല്ല അദ്ദേഹത്തിനു കണക്കു ശരിയാവാത്തത്! കൊടുത്തപ്പോൾ ഒരുപാട് താങ്ക്സ് പറഞ്ഞു. ഞാൻ
നൈസ് ടു മീറ്റ് യൂ എന്നും പറഞ്ഞു. താങ്ക്സ് പറഞ്ഞാൽ എന്തോ പറയണംന്ന് എനിക്കറിയാം. വെറുതേ എനിക്ക് നാലഞ്ചാറ് ഉദാത്തമായ പോസ്റ്റുകൾ ബ്ലോഗിലിടാനുള്ള വിലപ്പെട്ട സമയം ഇങ്ങനെ നിസ്സാരകാര്യങ്ങൾക്ക് ചെലവിടാൻ എന്നെ നിർബ്ബന്ധിപ്പിക്കരുത് എന്നൊരു ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഞാൻ ബാങ്കിൽ നിന്നിറങ്ങി.

ആയിരം രൂപയെന്നത് ബാങ്കിനോ, അത് പോയാൽ കൈയിൽനിന്ന് വെക്കേണ്ട കാഷ്യർക്കോ നിസ്സാരമായിരിക്കും ചിലപ്പോൾ. പക്ഷെ എനിക്കർഹതയില്ലാത്തത്, എന്റേതല്ലാത്തത്, എനിക്ക് അധികപ്പറ്റാണ്. ആയിരമായാലും അഞ്ചുരൂപയാലും. ഒരാഴ്ച മുമ്പാണ്, സൂപ്പർമാർക്കറ്റിൽ വെച്ച്, അവിടെനിന്നുതന്നെ വാങ്ങിയ വസ്തുക്കളുടെ സഞ്ചി, മറന്നുവെച്ച് പോന്നിട്ട് പിറ്റേ ദിവസം പോയി എടുത്തുകൊണ്ടുവന്നത്. നമുക്കുള്ളതൊക്കെ നമുക്കു കിട്ടും. വേറാരും കൊണ്ടുപോകില്ല.

വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ രണ്ട് വർഷമായി യാതൊരു വിവരവും അറിയാത്ത ഒരു സുഹൃത്തിന്റെ ഭർത്താവ് മുന്നിൽ വണ്ടിയിൽ. അവനും സുഹൃത്തുതന്നെ. കുട്ടികളും ജോലിക്കാര്യങ്ങളും വീട്ടുകാര്യവും ഒക്കെ ആയി തിരക്കിലായിരുന്നെന്നും വീട് അവളുടെ മാതാപിതാക്കളുടെ വീടിനടുത്തേക്ക് മാറിയെന്നും, അവൾക്കും ജോലി കിട്ടിയെന്നും വീട്ടിലേക്ക് എല്ലാരും കൂടെ ഒരു ദിവസം വരാമെന്നും പറഞ്ഞു. ഞങ്ങൾ അവർ താമസിച്ചിടത്ത് മൂന്നോ നാലോ പ്രാവശ്യം പോയിരുന്നു. പിന്നെ അവരുടെ നമ്പറും വിളിച്ചുനോക്കിയിരുന്നു. പലരോടും ചോദിച്ചപ്പോഴാകട്ടെ പല മറുപടികളാണ് കിട്ടിയത്. എന്തായാലും നല്ലൊരു കാര്യമായി കണ്ടത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തിരക്കിനിടയ്ക്ക് സൗഹൃദം പലപ്പോഴും കൂടെ ഓടുന്നില്ലെന്ന് മാത്രം.

വീട്ടിലെത്തി ചേട്ടനെ വിളിച്ചു.

“പോയിരുന്നു.”

“എന്തു പറഞ്ഞു.”

“വിളിച്ച കാര്യവും ഷോർട്ട് ആയ കാര്യവും അദ്ദേഹം പറഞ്ഞു. പൈസ കൊടുത്തു. ”

കൂട്ടുകാരിയുടെ ഭർത്താവിനെ കണ്ടകാര്യവും പറഞ്ഞു.

“നീ സൂപ്പർമാർക്കറ്റിൽ കയറി അല്ലേ?”

“എന്താ?”

“ഐസ്ക്രീം തിന്നുന്നുണ്ടെന്ന് ഞാൻ ഊഹിച്ചു. നിനക്ക് പ്രമേഹം വരും കേട്ടോ.”

“വരട്ടേ, വരട്ടേ, അതുവരെ തിന്നാലോ.”


ആത്മഗതം :‌- ഞാനെന്തായിരിക്കണം എന്ന് മറ്റുള്ളവർ കരുതുന്നത് ഞാൻ ചിലപ്പോൾ ആയില്ലെന്നു വരും. പക്ഷെ ഞാൻ എന്തായിരിക്കണം എന്ന് എന്റെ ചില നിയമങ്ങളും രീതികളും ഉണ്ട്. അതനുസരിച്ച് ഞാൻ നടന്നിരിക്കും.

Labels:

21 Comments:

Blogger മേരിക്കുട്ടി(Marykutty) said...

ഇതിന്റെ തുടക്കം നേരത്തെ ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്, അല്ലെ?
ഇനി ബാക്കി വായിക്കട്ടെ :))

Fri Jan 23, 12:30:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

ഇല്ല...വന്നിട്ടില്ല... അത് വേറെ ബാങ്ക്!

Fri Jan 23, 12:32:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

ചേച്ചി നല്ല പോസ്റ്റ്.
അപ്പോള്‍ കാര്‍ വാങ്ങി, ഡ്രൈവിങ്ങും പഠിച്ചു, അല്ലെ?? ട്രീറ്റ്‌ ഉണ്ട്.ഏതാ കാര്‍??(ചുമ്മാ ചോയ്ച്ചതാ...ചേച്ചിക്ക് ദേഷ്യാവ്വല്ലേ..)

Fri Jan 23, 12:39:00 pm IST  
Blogger സു | Su said...

മേരിക്കുട്ടീ :) ഇത് അതല്ല. ബാങ്ക് ഒന്നുതന്നെ. പക്ഷേ വേറെ വേറെ ദിവസം. അത് പണ്ട്. ഇതിപ്പോ. കാർ വാങ്ങിയെന്ന് ഗുരു വിചാരിച്ചുകാണും എന്നാ പറഞ്ഞത്. കാർ വാങ്ങിയില്ല. വാങ്ങിയാൽ ബാംഗളൂർക്ക് കൊണ്ടുവരാം. പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (ഓടാൻ റെഡിയായി നിൽക്കണം) ;)

Fri Jan 23, 12:48:00 pm IST  
Blogger BS Madai said...

നന്നായിട്ടുണ്ട് - nice to read it. ATM card ഇതുവരെ കിട്ടിയില്ല?!

Fri Jan 23, 02:59:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആത്മഗതം ക്ഷ ബോധിച്ചു :)

Fri Jan 23, 07:49:00 pm IST  
Blogger മയൂര said...

താങ്ങ്സ് പറഞ്ഞപ്പോള്‍ വെല്‍ക്കം പറയാഞ്ഞത് നന്നായി,ഇല്ലെങ്കില്‍ ബാങ്കില്‍ ഇതു പോലെ ഇതു പോലെ വീണ്ടും കയറിയിറങ്ങാന്‍ ഇടയായേനെ :)

കാറ് വാങ്ങുമ്പോള്‍ പറയൂ ഇങ്ങട് വരാനുള്ള മാപ്പ് അയച്ചുതരാം, വേണ്ടി വര്യോ :)



ഓഫ്, വേര്‍ഡ് വെരിഫിക്കേഷന്‍ 4, 5 തവണ കുഴക്കി, വയസായില്ലെ കണ്ണ് പിടിക്കണില്ല :( ഒരു വട്ടം പേരെന്താനും ചോദിച്ചു (peradha).

Sat Jan 24, 08:24:00 am IST  
Blogger പാറുക്കുട്ടി said...

“നൈസ് റ്റു മീറ്റ് യൂ”

കൊള്ളാം കേട്ടോ.

പിന്നെ ബ്ലോഗിൽ ചിലവഴിക്കേണ്ട വിലപ്പെട്ട സമയത്തിൽ കുറച്ചെടുത്ത് വല്ലപ്പോഴും ഇവിടേക്കും വരൂ.

Sat Jan 24, 11:45:00 am IST  
Blogger പകല്‍കിനാവന്‍ | daYdreaMer said...

ഞാനെന്തായിരിക്കണം എന്ന് മറ്റുള്ളവർ കരുതുന്നത് ഞാൻ ചിലപ്പോൾ ആയില്ലെന്നു വരും. പക്ഷെ ഞാൻ എന്തായിരിക്കണം എന്ന് എന്റെ ചില നിയമങ്ങളും രീതികളും ഉണ്ട്. അതനുസരിച്ച് ഞാൻ നടന്നിരിക്കും.

അനുസരണക്കേട്‌... അടി വാങ്ങിക്കും...

Sat Jan 24, 03:58:00 pm IST  
Blogger ശ്രീ said...

പൈസ തിരിച്ചു കൊടുത്തപ്പോള്‍ കാഷ്യര്‍ക്ക് ആശ്വാസമായിക്കാണും.

പിന്നെ, ചിന്തകള്‍ എല്ലാം കൊള്ളാം. (പക്ഷേ, തടി കൂട്ടി പ്രമേഹം വരുത്തുന്ന കാര്യത്തിനെതിരെ ചേട്ടന്റെ പക്ഷത്താണ് ഞാന്‍)

Sat Jan 24, 05:44:00 pm IST  
Blogger സഞ്ചാരി said...

അയ്യോ പാവം.ചേച്ചി ഐസ്ക്രീം കഴിച്ചോട്ടോ..എന്നിട്ടു വേണം തടിച്ചു ബോണ്ട പോലായി വേഗം കിഴിയിലേക്കു പോകാന്‍!.....ഹ..ഹ..കുറച്ചേ കഴിക്കിതൊക്കെ..ഇല്ലേല്‍ problem ആണേ

Sun Jan 25, 02:53:00 am IST  
Blogger Jayasree Lakshmy Kumar said...

പോസ്റ്റ് കലക്കി സൂ. താങ്ക്യൂ..നൈസ് റ്റു മീറ്റ് യൂ :)

Mon Jan 26, 05:08:00 am IST  
Blogger ചീര I Cheera said...

സൂ ആളു മോശല്യലോ, ഗുഡ്,ഗുഡ് ...:)

Tue Jan 27, 12:26:00 am IST  
Blogger Bindhu Unny said...

ഒരു സാധാരണകാര്യം ഇതുപോലെ തമാശ നിറച്ച് എഴുതി, അവസാനം ചിന്തിക്കാനിത്തിരിയും ഇട്ടുകൊടുത്ത് ആള്‍ക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സൂവിന്റെ ഒരു കഴിവേ! :-)

Wed Jan 28, 12:15:00 pm IST  
Blogger Sureshkumar Punjhayil said...

ഞാനെന്തായിരിക്കണം എന്ന് മറ്റുള്ളവർ കരുതുന്നത് ഞാൻ ചിലപ്പോൾ ആയില്ലെന്നു വരും. പക്ഷെ ഞാൻ എന്തായിരിക്കണം എന്ന് എന്റെ ചില നിയമങ്ങളും രീതികളും ഉണ്ട്. അതനുസരിച്ച് ഞാൻ നടന്നിരിക്കും.

Best wishes.

Thu Jan 29, 01:42:00 pm IST  
Blogger Unknown said...

സു പണ്ടത്തെ ഫോമിലായി .. :) സന്തോഷം.. :)

ഓ.ടോ. - സു ബാംഗ്ലൂര്‍ വരുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളു കുറേ ആയല്ലോ.. ദാ ഇവിടെ നോക്കൂ. വരും വരാതിരിക്കില്ലാ അല്ലേ ;)

Fri Jan 30, 11:28:00 pm IST  
Blogger സു | Su said...

ബി. എസ് :) എ ടി എം കാർഡ് വേണംന്ന് ഇല്ലായിരുന്നു. ഇപ്പോ തോന്നിയപ്പോ പെട്ടെന്ന് കിട്ടിയില്ല.

പ്രിയ ഉണ്ണികൃഷ്ണൻ :)

മയൂര :) അമേരിക്കയിലേക്ക് കാറിൽ വരാം ല്ലേ?

പാറുക്കുട്ടീ :) പാറുക്കുട്ടിയുടെ ബ്ലോഗിൽ വന്നിട്ടുണ്ട്. ഇപ്പോ കുറച്ച് തിരക്കായിപ്പോയി. ഇനി വരുമ്പോൾ അഭിപ്രായം എഴുതാംട്ടോ.

ലക്ഷ്മീ :)

പകൽ‌കിനാവൻ :) ഹിഹിഹി.

ശ്രീ :)

സഞ്ചാരി :) കുറച്ച് കഴിച്ചാലും കൂടുതൽ കഴിച്ചാലും കുഴിയിലേക്ക് തന്നെ. അപ്പോപ്പിന്നെ കഴിച്ചിട്ട് കുഴിയിലേക്ക് പോകുന്നതല്ലേ നല്ലത്?

പി. ആർ :) ഞാനൊരു പാവം അല്ലേ?

ബിന്ദൂ :‌)

സുരേഷ്കുമാർ :)

കുഞ്ഞൻസേ :) എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് വിജയൻ പണ്ട് പറഞ്ഞിട്ടില്ലേ? ;)

വായിക്കാൻ വന്നവർക്കും അഭിപ്രായം പറയാൻ സന്മനസ്സ് കാണിച്ചവർക്കും നന്ദി.

Tue Feb 03, 10:18:00 pm IST  
Blogger മറ്റൊരാള്‍ | GG said...

:)

Sun Feb 08, 01:44:00 pm IST  
Blogger സു | Su said...

മറ്റൊരാൾ :)

Mon Feb 09, 08:39:00 am IST  
Blogger M@mm@ Mi@ said...

This comment has been removed by the author.

Fri Dec 03, 11:36:00 pm IST  
Blogger M@mm@ Mi@ said...

enikku ithil eattavum ishtappetathenthannu ariyuvo? "kurishu calling..." etra chirichunnu enikku thanne ariyilla...
Su-nte chettane sammathikkanam.anganeyanu save cheythirikkunnathenkil ;)

blog aadyam thottu vayichu njan ividem vare ethye ollu...

Fri Dec 03, 11:37:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home