Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 25, 2009

വെറുതേ കുറച്ച് കാര്യങ്ങൾ

എനിക്കു സങ്കടായി. കാരണം, രമണൻ ഒരു പഞ്ചപ്പാവം തന്നെ എന്നെനിക്കു മനസ്സിലായി. ഞാനതങ്ങുറപ്പിച്ചു. പണ്ടൊക്കെ, രമണൻ, ചന്ദ്രികയെത്ര പറഞ്ഞിട്ടും കൂടെക്കൂട്ടിയില്ല എന്നൊക്കെ വിചാരിച്ചിരുന്നു. കഴിഞ്ഞദിവസം രമണൻ രണ്ടുപ്രാവശ്യം വായിച്ചു. വായിക്കാൻ കണ്ടൊരു ബുക്ക് എന്ന് ചില ബുദ്ധിജീവികൾ വിചാരിക്കും. എനിക്കിഷ്ടമുള്ളത് ഞാൻ വായിക്കും. രമണൻ എന്ന കാവ്യത്തിന്റെ പുതിയ പുസ്തകം വാങ്ങി. പണ്ടൊക്കെ വായിച്ചതാണ്. മലരണിക്കാടുകൾ തിങ്ങിവിങ്ങി എന്ന വരികളൊക്കെ എനിക്കോർമ്മയുണ്ട്. നമ്മളു കാണുന്നപോലെയൊന്നുമല്ല ലോകം എന്ന് രമണൻ പറയുന്നുണ്ട്. ചന്ദ്രിക, പക്ഷെ ആരാ. വിട്ടുകൊടുക്കുമോ? “കുറ്റം പറയുവാനിത്രമാത്രം മറ്റുള്ളവർക്കിതിലെന്തു കാര്യം” എന്നാണ് ചോദ്യം. രമണനാകട്ടെ ചന്ദ്രികയുടെ അച്ഛനമ്മമാരെക്കുറിച്ച്പോലും ചിന്തിക്കുന്നുണ്ട്. അവർക്കൊന്നും തോന്നില്ലെന്ന് ചന്ദ്രിക. പറഞ്ഞുപറഞ്ഞ് ചന്ദ്രിക വേറെ കല്യാണം കഴിച്ചു. രമണൻ ആത്മഹത്യ ചെയ്തു. (ചന്ദ്രിക വേറെ കെട്ടി, രമണൻ തൂങ്ങിച്ചത്തു എന്നാ എഴുതാൻ പോയത്. പക്ഷെ, അങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ? അതുകൊണ്ട് മര്യാദയ്ക്ക് എഴുതി). വായിക്കുമ്പോൾ രമണനെയോർത്ത് സങ്കടം വരും. പിന്നെ ഏതോ വാരികയിൽ വായിച്ചു. ചിത്രം വരയ്ക്കാൻ സഹായിക്കാൻ ചന്ദ്രിക പറഞ്ഞപ്പോൾ, രമണൻ പാടിയ പാട്ട്. “സ്വയംവര ചന്ദ്രികേ...” (കടപ്പാട് ആ വാരികയ്ക്കും എഴുതിയ ആൾക്കും).

ദി നെയിം സേക്ക് വായിക്കുന്നു. മുക്കാൽഭാഗം ആയി. സിനിമ രണ്ടുപ്രാവശ്യം കണ്ടു. തബുവും ഇർഫാൻ ഖാനും ആണ് സിനിമയിൽ കുടുംബനാഥനും നാഥയും. പിന്നെ അവരുടെ കുട്ടികൾ. പ്രിയപ്പെട്ട കഥാകൃത്തിന്റെ പേരാണ് - ഗോഗോൾ - കുടുംബനാഥൻ മകന് ഇടുന്നത്. അതിന്റെ പിന്നിൽ, അദ്ദേഹം മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു കഥയുണ്ട്. മകനാകട്ടെ, ഇങ്ങനെയൊരു പേര് കുറച്ചു ഭാരം തന്നെ. സ്കൂളിൽ ചേർത്തപ്പോൾ വേറെ പേരിട്ടെങ്കിലും, കൊച്ചുകുട്ടിയായ അവൻ പ്രതികരിക്കുന്നത് പഴയ പേര് വിളിക്കുമ്പോഴാണ്. കുട്ടികൾ രണ്ടുപേർ. അവർ വലുതാവുന്നു. പിന്നെ അവരുടെ ജീവിതം. അങ്ങനെ പോകുന്നു കഥ. നാടിന്റെ ഓർമ്മകളുണ്ട് അവരിൽ. മുഴുവൻ വായിച്ചിട്ട് തോന്നിയാൽ എഴുതാം.

ഒരു കഥ വായിച്ചു. സിംഹക്കുട്ടി, ആട്ടിടയന്റെ കൂടെപ്പെടുന്നതും, ആട്ടിൻപറ്റത്തിന്റെ കൂടെ ജീവിക്കുന്നതും, ഒടുവിൽ സിംഹം, അതിനെ തിരിച്ചെടുത്തുകൊണ്ടുപോയി നീ സിംഹക്കുട്ടിയാണെന്ന് ഓർമ്മിപ്പിച്ച് അതിനെ നേർവഴിക്കാക്കുന്നതുമായ കഥ. അതുപോലെയാണത്രേ നമ്മളോരോരുത്തരും. നമ്മുടെ ശക്തി സ്വയം തിരിച്ചറിയണം. അല്ലെങ്കിൽ ആരെങ്കിലും വേണം പറഞ്ഞുതരാൻ.

തൊണ്ടവേദന, പനിയൊക്കെയുണ്ട്. ചെറിയ യാത്ര നടത്തിയപ്പോൾ കിട്ടിയത്. ഐസിട്ട ജ്യൂസ് കുടിച്ചിട്ട് കിട്ടിയതാണ്. ഐസ് പ്രത്യേകം ചോദിച്ചുവാങ്ങിയതാണ്. അതുകൊണ്ട് രോഗം ഫ്രീയായിട്ട് കിട്ടിയതല്ല. ചോദിച്ചുവാങ്ങിയെന്നു പറയാം.

മൂന്ന് പുസ്തകം വാങ്ങി. അലമാരയിൽ നിരത്തിവെച്ച് പൊങ്ങച്ചം കാണിക്കാനൊന്നുമല്ല. അടുത്ത സുഹൃത്തുക്കൾ മാത്രം കാണുന്ന അലമാരയിൽ വെക്കുന്നത് എന്റടുത്ത് ഇത്ര പുസ്തകം ഉണ്ടെന്ന് പറയാനൊന്നുമല്ല. അല്ലെങ്കില്‍പ്പിന്നെ അലമാര കയറിവരുന്നിടത്തെ വാതിലിനുമുന്നിൽ വെക്കണം. പത്രക്കാരനും പോസ്റ്റുമാനും, പാൽക്കാരനും, പിരിവുകാരും എന്നുവേണ്ട സകലരും കണ്ടോളും. പൊങ്ങച്ചത്തിനായിരുന്നെങ്കിൽ വജ്രം വാങ്ങി കഴുത്തിലും കാതിലുമൊക്കെ ഇട്ടാൽ നാട്ടുകാരും കൂടെ കാണില്ലേ. അല്ലപിന്നെ! എനിക്ക് വജ്രം ധരിച്ചാൽ അലർജിയൊന്നുമില്ല. ;)

പഴയ കുറേ പുസ്തകങ്ങൾ അമ്മയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവന്നിട്ടുണ്ട്. അതിന്റെയൊക്കെ പേജ് ഓരോന്നായി എടുക്കാം. പിന്നെ അതൊക്കെ പൊടി തൊഴിയാനും തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അതൊക്കെ നശിക്കും. അവിടെ അലമാരയിൽ ഇനിയും കുറേ കിടപ്പുണ്ട്. എനിക്കത്ര പരിചയമില്ലാത്ത പുസ്തകങ്ങളായതുകൊണ്ട് എടുത്തില്ല. ചിലപ്പോ വിലപിടിപ്പുള്ളതാവും. ആർക്കറിയാം. പഴയ കുറേ പുസ്തകങ്ങൾ ഉണ്ടായിരുന്നു, യൂനിവേഴ്സിറ്റിയിലേക്കോ മറ്റോ കൊടുത്തെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞെട്ടി. പക്ഷെ, കൊടുക്കുന്നേരം അറിയില്ലല്ലോ, ഇതൊക്കെ ആരെങ്കിലും വായിക്കുംന്ന്. ആർക്കാ അതൊക്കെ നോക്കാൻ നേരം എന്ന ഭാവത്തിൽ കൊടുത്തതായിരിക്കും. പോട്ടെ. കുറേപ്പേർക്ക് ഉപകാരമാവുമല്ലോ.

എനിക്ക് അവകാശികൾ എന്ന പുസ്തകം കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അതിനി അച്ചടിക്കുമോ ആവോ! നാലു ഭാഗവും പണ്ടെങ്ങോ വായിച്ചു. അച്ഛന്റെ സുഹൃത്തിന്റേതായിരുന്നു. അവിടെപ്പോയാൽ വായിക്കാൻ കിട്ടുമായിരിക്കും.

യാത്ര പോയപ്പോഴാണ് ജീവിതവും തീവണ്ടിപോലെയാവുമോന്ന് തോന്നിയത്. സ്വസ്ഥമായ മനസ്സുപോലെ ഒരു എഞ്ചിൻ. മുന്നോട്ടുപോകാൻ ആത്മവിശ്വാസത്തിന്റെ ഇന്ധനം. ബോഗികളായി, ദുഃഖവും, സ്നേഹവും, സന്തോഷവും, നിരാശയും അങ്ങനെയങ്ങനെ.... ദൈവം ചങ്ങല പിടിച്ച്നിർത്തിയാൽ പെട്ടെന്ന് നിൽക്കും. അല്ലെങ്കിൽ ദൈവം മുൻ‌കൂട്ടി നിശ്ചയിച്ചിടത്ത് എത്തുമ്പോൾ നിൽക്കും. അവഗണനേടെ ബോംബും വയ്ക്കും ചിലപ്പോൾ ആരെങ്കിലും. അതാണ് കുഴപ്പം. അപ്പോഴാണ് ആകെ നുറുങ്ങിച്ചതഞ്ഞ്...ശ്രദ്ധിച്ച് പോയില്ലെങ്കിൽ പാളം തെറ്റി മറിഞ്ഞും പോകും.

ശിവരാത്രിയ്ക്ക് അമ്പലത്തിൽ പോയപ്പോൾ ജനക്കൂട്ടം കണ്ടപ്പോൾ തോന്നി. മനുഷ്യന്മാർക്ക് ഭക്തി വർദ്ധിച്ചെന്ന്. അല്ലെങ്കിൽ ഭക്തന്മാർ വർദ്ധിച്ചെന്ന്. ഇനിയിപ്പോ എവിടേങ്കിലും ഒന്നു പോയ്ക്കളയാംന്ന് വിചാരിച്ച് അമ്പലത്തിൽ വന്നതാവുമോ? അതാവില്ല.

ബ്ലോഗർമാരുടെ മീറ്റിനെക്കുറിച്ച് എന്റെ സ്വപ്നം എന്നുവെച്ചാൽ, മലയാളത്തിലെ ബ്ലോഗർമാരൊക്കെക്കൂടെ കേരളത്തിൽ എന്നെങ്കിലുമൊരിക്കൽ ഒത്തുചേരണം. രണ്ടുദിവസം. എല്ലാവരും വേണം. ഒട്ടും സൗകര്യമില്ലെങ്കിൽ മാറിനിൽക്കാം. അടുത്ത വർഷം അങ്ങനെയൊരു മീറ്റായാലോ? നന്നായിരിക്കും. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ആണോ? സ്വപ്നം കാണാൻ അജണ്ട വേണ്ടല്ലോ. വഴക്ക് നേരിട്ടാവാംന്നു കരുതീട്ടാ. ഹിഹിഹി.

ഓസ്കാർ ഒരു മലയാളിയ്ക്ക് കിട്ടിയതിൽ എനിക്കു സന്തോഷമുണ്ട്. നമ്മുടെ നാട്ടുകാരൻ അല്ലേ? അങ്ങനെയൊക്കെ വിചാരിച്ചാൽ മതി. മലയാളികൾ എത്തിച്ചേരാത്ത സ്ഥലമില്ലെന്ന് തമാശയുണ്ട്. അങ്ങനെ ഓസ്കാർ വേദിയിലും എത്തി. സിനിമ കാണണംന്ന് വിചാരിച്ചിരുന്നു. പിന്നേക്ക് വെച്ചു. ടാറ്റാ സ്കൈക്കാർ കാണിച്ചിരുന്നു, മൂന്നുദിവസം. നേരമില്ലാത്തതുകൊണ്ട് ഞങ്ങൾ “ടിക്കറ്റെ“ടുത്തില്ല.

പരിചയമില്ലാത്തൊരു സ്ഥലത്തെത്തിയാൽ നമ്മൾ കാണേണ്ടത്, നല്ലൊരു വഴികാട്ടിയെയാണ്. അതെവിട്യാ, ഇതെവിട്യാന്ന് ചോദിക്കുമ്പോൾ മര്യാദയ്ക്ക് കാട്ടിത്തരാൻ ഒരാൾ. അങ്ങനെയൊരാൾ ആവുമോ നിങ്ങൾ? അല്ലെങ്കിൽ, ഞാനെന്താ അന്വേഷണക്കൗണ്ടർ ആണോന്ന് ചോദിക്കുന്ന ടൈപ്പ് ആണോ? അങ്ങനെയൊരാൾ ആണെങ്കിൽ എനിക്കുറപ്പാണ് നിങ്ങൾ എവിടേം പോവാത്തൊരാളാണ്. അങ്ങനെയുള്ളവർക്ക് മറ്റുള്ളവരുടെ, വഴിയറിയാതെയുള്ള വിഷമം മനസ്സിലാവില്ലല്ലോ.

ദുഃഖം വരുമ്പോ മാത്രം മറ്റുള്ളവരെ ഓർമ്മിക്കുകയാണോ പതിവ്? എന്നാൽ ഇനിമുതൽ അങ്ങനെ ചെയ്യരുത്. സന്തോഷം വരുമ്പോഴും മറ്റുള്ളവരെക്കുറിച്ചോർക്കുക. അവർക്കൊക്കെ ഇപ്പോ വിഷമം ആയിരിക്കുമോന്ന് ഓർക്കുക. നമ്മൾക്കൊരു ബാലൻസ് വരും.

ഇത്രയൊക്കെയേ ഉള്ളൂ ഇപ്പോപ്പറയാൻ.

Labels:

15 Comments:

Anonymous Anonymous said...

സുചേച്ചീ,ഞാൻ ഇവിടെ ആദ്യമാണ്‌......കറിവേപ്പിലയിൽ ഇന്നലെ കയറി....നല്ലഎഴുത്ത്‌.....ഇഷ്ടായി...പിന്നെ നെയിം സേക്ക്‌ ഉണ്ടല്ലോ....അത്‌ എഴുതിയ ജമ്പാ ലാഹിരി ഒരു പുലിയാണ്‌ കെട്ടൊ...അവരുടെ പുലിറ്റ്സർ അവർഡ്‌ നേടിയ The interpreter of maladies,അതു പോലെ unaccustomed earthവായിക്കാൻ ഞാൻ സജസ്റ്റ്‌ ചെയ്യുന്നു...അത്രക്കു നല്ല എഴുത്താണ്‌ അവരുടേത്‌....(എതിരഭിപ്രായങ്ങൾ ഉണ്ടാകം,,,ഉണ്ടാകണമല്ലോ...)
ആശം സകൾ

Wed Feb 25, 10:49:00 am IST  
Blogger ശ്രീ said...

വെറുതേ ചിന്തിയ്ക്കുന്നതാണെങ്കില്‍ കൂടി ഇത്തരം ചിന്തകള്‍ ഇടയ്ക്ക് വേണ്ടതു തന്നെ, സൂവേച്ചീ...
ജീവിതത്തെ തീവണ്ടിയുമായി ഉപമിച്ചതും നന്നായി.

ബൂലോക സംഗമം മിക്കവാറും നടക്കാത്ത സ്വപ്നം തന്നെയായി അവശേഷിയ്ക്കാന്‍ തന്നെയാണ് സാധ്യത.

അവസാനത്തെ ആശയവും നല്ലതു തന്നെ. ദു:ഖം വരുമ്പോള്‍ മാത്രം എല്ലാവരെയും ഓര്‍ത്താല്‍ പോരല്ലോ...

Wed Feb 25, 11:06:00 am IST  
Blogger നിലാവ് said...

മാധവികുട്ടിയുടെ ഡയറികുറിപ്പുകള്‍ വായിച്ചൊരു പ്രതീതിയുണ്ട് ചേച്ചി, ഈ പോസ്റ്റ് വായിച്ചപ്പോള്‍...
പനിയോക്കേമാറി വേഗം സുഖാവട്ടേ ...

Wed Feb 25, 11:21:00 am IST  
Blogger പകല്‍കിനാവന്‍ | daYdreaMer said...

വെറുതെ കുറച്ചു വായിച്ചു.. വെറുതെ കുറച്ചിങ്ങനെ എഴുതിയാല്‍ പിന്നേം വന്നു വെറുതെ അങ്ങ് വായിക്കാം.. രസമുണ്ട്... ഇങ്ങനെ വേറൊരാളുടെ ഡയറി വായിക്കാന്‍..
:)

Wed Feb 25, 12:34:00 pm IST  
Blogger Bindhu Unny said...

കുറേ ചിന്തകളുണ്ടല്ലോ.
‘ദി നെയിംസേക്ക്’ നോവലും സിനിമയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. നോവലില്‍ മകനാണ് പ്രാധാന്യം. സിനിമയില്‍ അച്ഛനുമമ്മയ്ക്കും.
പിന്നെ, എവിടേയ്ക്കാ യാത്ര പോയത്? അതിനെക്കുറിച്ചു എഴുതൂ. ഇവിടെ വന്നാല്‍ എനിക്കറിയാവുന്ന വഴിയൊക്കെ ഞാന്‍ കാണിച്ചുതരാം ട്ടോ. :-)

Wed Feb 25, 01:35:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

നെയിംസേക്ക് നോവലാണ്‌ ഞാന്‍ വായിച്ചത്. എനിക്ക് ഒത്തിരി ഇഷ്ടമായി. അത് ഒരാള്‍ കടം വാങ്ങി. തിരിച്ചു തന്നില്ല. interpreter of maladies-എനിക്ക് ഇഷ്ടമായില്ല. unaccustomed ഏര്‍ത്ത് ഞാന്‍ ബുക്ക് സ്റ്റോര്‍ ല് ഇരുന്നു വായിച്ചു. കുറൂറു കൊറിയേലായിരുന്നപ്പോള്‍. അതില്‍് കുറെ കഥകള്‍ ഞാന്‍ മുന്‍പ് വായിച്ചിട്ടുള്ളതാണ്,എന്റെ കയ്യില്‍ സോഫ്റ്റ് കോപ്പി ഉണ്ട്. സു ചേച്ചി ക്ക് വേണമെന്കില്‍ അയച്ചു
തരാം.
പിന്നെ, തൊണ്ട വേദന സൂക്ഷിക്കണം. എനിക്ക് അതിനെ ഒട്ടും ഇഷ്ടമല്ല. ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അത് സുഖമായി. നാട്ടിലെ ചൂട് കാരണമായിരിക്കും.

സ്വന്തമാക്കാന്‍ തോന്നുന്ന രണ്ടു പുസ്തകങ്ങള്‍- MT യുടെ വാരണാസി, രണ്ടാമൂഴം

Wed Feb 25, 03:18:00 pm IST  
Blogger അല്‍ഭുത കുട്ടി said...

നല്ല ഒന്നാന്തരം കുറിപ്പുകള്‍, ഇഷ്ടമായി.
ഒരു വര്‍ഗ്ഗീയ വാദി എന്ന നിലക്ക് ചിലകാര്യങ്ങള്‍ പറഞ്ഞോട്ടെ.

മലയാളത്തില്‍ എഴുതിയതില്‍ വെച്ച് ഏറ്റവും നല്ല സാഹിത്യ രചന നടത്തിയത് ബഷീര്‍ ആണെന്നതില്‍ രണ്ട് തരമില്ല. ബഷീര്‍ ഒരു മുസ്ലിമായത് കൊണ്ട് തന്നെ അതിന്റെ മേന്മ അല്പം കൂടുതലുമാണ്. ബഷീര്‍ സമ്പൂര്‍ണ ക്യതികള്‍ വായ്ച്ചിട്ടുണ്ടോ ? ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകം എനിക്കിഷ്ടമല്ല കാരണം അതില്‍ ‘മൊല്ലാക്ക’ യെ കുറ്റം പറയുന്നുണ്ട് . അല്ലാ പിച്ക മൊല്ലാക്ക.

മുസ്ലിംഗളെ മോശമായി ചിത്രീകരിക്കുന്ന ഒരു പുസ്തകവും എനിക്കിഷ്ടമല്ല.
തുടര്‍ന്നും എഴുതൂ.

Wed Feb 25, 03:38:00 pm IST  
Blogger ആത്മ/പിയ said...

എത്ര കാര്യങ്ങളാണ് ഒറ്റ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്!:)
എല്ലാം ഒന്നിനൊന്ന് മെച്ചം!

Wed Feb 25, 09:15:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടുത്തിരുന്നോണ്ട് പറയുന്നപോലെ തോന്നി സൂ :)

Wed Feb 25, 10:20:00 pm IST  
Blogger സു | Su said...

വേറിട്ട ശബ്ദം :) Interpreter of Maladies ഞാൻ വാങ്ങിയിട്ടുണ്ട്. നെയിം സേക്ക് കഴിഞ്ഞിട്ട് വായിക്കാമെന്നുവച്ചു.

ശ്രീ :)

നിലാവ് :) പനി വേഗം മാറട്ടേന്ന് പറഞ്ഞതിന് നന്ദി.

പകൽകിനാവൻ :) വായിക്കുമെന്നറിഞ്ഞതിൽ സന്തോഷം.

ബിന്ദൂ :) മുംബൈയിൽ കുറച്ചൊക്കെ അറിയാം. മൂന്നുതവണ വന്നു.

മേരിക്കുട്ടീ :) സ്റ്റാർ മൂവീസിൽ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നുണ്ട് സിനിമ. സമയം കിട്ടുമ്പോൾ കണ്ടുനോക്കൂ. ബുക്ക് ഞാൻ നോക്കിക്കോളാം കേട്ടോ. രണ്ടാമൂഴം ഇവിടെയുണ്ട്.

അൽഭുതകുട്ടി :) ഇത് വളരെച്ചെറിയ കാര്യങ്ങൾ ഉള്ള കുറിപ്പല്ലേ. വർഗീയവാദമൊക്കെ ഇവിടെ എന്തിനാ? ഞാൻ എല്ലാ പുസ്തകങ്ങളും വായിക്കും.

ആത്മേച്ചീ :) വായിച്ചതിൽ സന്തോഷം.

എല്ലാർക്കും നന്ദി.

Wed Feb 25, 10:21:00 pm IST  
Blogger സു | Su said...

പ്രിയ ഉണ്ണികൃഷ്ണൻ :)

Fri Feb 27, 02:58:00 pm IST  
Blogger വല്യമ്മായി said...

This comment has been removed by the author.

Fri Feb 27, 07:16:00 pm IST  
Blogger വല്യമ്മായി said...

രമണന് ചന്ദ്രികയെ വേദനിപ്പിക്കാനല്ലെ മരിച്ചത്? നെയിം സേക്ക് ഇ ന്നലെ ബുക്ഷോപ്പില്‍ കണ്ടു.ഏതാണാ പുതിയ പുസ്തകങ്ങള്‍? ജീ വിതത്തെ കുറിച്ച് പറഞ്ഞത് വളരെ ശരി :)

മീറ്റ് നല്ല ആശയം :)


സ്വയം നല്ല വഴി തിരഞ്ഞെടുക്കാനും മറ്റുള്ള വര്‍ക്ക് വഴികാട്ടിയാകാനും എല്ലാവര്‍ക്കും കഴിയട്ടെ അല്ലേ :)

Fri Feb 27, 07:17:00 pm IST  
Blogger ദൈവം said...

ഹോ, നമിച്ചു!

Sat Feb 28, 10:59:00 pm IST  
Blogger സു | Su said...

വല്യമ്മായീ :) നെയിം സേക്ക് വായിച്ചിരുന്നോ? നന്നായിട്ടു തോന്നി. ഞാൻ വാങ്ങിയത് രാമകൃഷ്ണപരമഹംസന്റേയും ശങ്കരാചാര്യരുടേയും പുസ്തകങ്ങളാണ്. അവരുടെ ജീവിതകഥകൾ. ചെറിയ പുസ്തകങ്ങളാണ്.

ദൈവമേ :) എന്നെ നമിക്കല്ലേ.

Sun Mar 01, 12:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home