തലവേദന
അഷ്ടമൂർത്തിയ്ക്ക് പതിവുപോലെ കൃത്യം നാലേകാലിനാണ് തലവേദന തുടങ്ങിയത്. നാലേകാലിനു തലവേദന വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഓഫീസ് സമയം തീരാൻ ഇനിയും കുറച്ചുകൂടെ നേരം കഴിയാനുള്ളപ്പോൾ തലവേദന വന്നതാണ്, അല്ല, വരുന്നതാണ് അഷ്ടമൂർത്തിയെ കുഴക്കുന്നത്.
അഷ്ടമൂർത്തി തലയിൽ കൈവെച്ചാൽ, അല്ലെങ്കിൽ നെറ്റിയിലൊന്ന് തടവിയാൽ സഹപ്രവർത്തകർ അതുവരെ ചെയ്തിരുന്ന ജോലികളൊക്കെ, തിരക്കിട്ടതായാല്പ്പോലും, മാറ്റിവെച്ച് തലവേദനയുടെ ചർച്ചയിലെത്തും.
“ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങ്യേതല്ലല്ലോ.”
“എന്തൊക്കെ നോക്കി, എന്നിട്ടും അതേപോലെ.”
“ഡോക്ടർക്ക് തന്നെ മനസ്സിലാവുന്നില്ലെന്നാ.”
ഇങ്ങനെ അഭിപ്രായങ്ങളും കുറച്ച് സഹതാപങ്ങളും ഒക്കെ കേൾക്കും. പിന്നെ കുറേ അനുഭവങ്ങളും. ആദ്യമാദ്യം അഷ്ടമൂർത്തിയ്ക്ക് അലോസരം തോന്നിയിരുന്നു. ഇപ്പോഴില്ല. ഒന്നാലോചിച്ചാൽ അവരൊക്കെ മനുഷ്യർ തന്നെയല്ലേ. സഹതപിക്കും, അനുഭവം പറയും, അഭിപ്രായം പറയും. അതൊക്കെ വേണെങ്കിൽ കാര്യമാക്കിയാല്പ്പോരേ. പറഞ്ഞോട്ടെ.
പക്ഷെ കുറച്ചുകഴിഞ്ഞാൽ, ഒരു അര മണിക്കൂർ കഴിഞ്ഞാൽ തലവേദന പോയി. അതിശയമായിട്ട് പോയി. അഷ്ടമൂർത്തിയ്ക്ക് ഒന്നും മനസ്സിലാവില്ല. എല്ലാരും “ഇപ്പോ ഭേദായല്ലേ”ന്ന് ചോദിക്കും. പിന്നേം കുറച്ച് ചർച്ച ചെയ്യും. അപ്പോഴേക്കും ചിലപ്പോൾ അഷ്ടമൂർത്തിയ്ക്ക് വീട്ടിൽ പോയാൽ കൊള്ളാമെന്നു തോന്നും. എന്നും പറ്റില്ല. ഇടയ്ക്ക് ജോലിത്തിരക്കില്ലെങ്കിൽ മേലുദ്യോഗസ്ഥനോട് ചോദിച്ചിട്ട് പോകും. പോയാലും കുഴപ്പം. രാധികയ്ക്ക് അയാളെ നേരത്തേ കാണുമ്പോഴേ വെപ്രാളം തുടങ്ങും.
“ഇന്ന് ജാസ്തിയുണ്ടോ?”
ഇല്ല. തിരക്കില്ലാഞ്ഞതുകൊണ്ട് പോന്നതാണെന്ന് പറഞ്ഞാലും അവൾക്ക് തൃപ്തിയാവില്ല. പിന്നെ, ചൂടുകാപ്പി, വിക്സ്, ബാം. അങ്ങനെയൊക്കെ വീട്ടുചികിത്സ നടത്തും. കുട്ടികൾ രണ്ടുപേരും, ഇതൊക്കെ എത്ര കണ്ടതാ എന്നുള്ള മട്ടിൽ, പുറത്തേക്ക് പോകും കളിക്കാൻ. അസുഖമായാൽ ശല്യം ചെയ്യരുതെന്ന് അവർക്കറിയാം.
രാധികയുടെ നിർബ്ബന്ധത്തിനുവഴങ്ങി ഡോക്ടറെ കാണാൻ പോയാലോ.
ഡോക്ടർ ചിരിക്കും. മോഹൻ, രാധികയുടെ കസിനും കൂടെയാണ്. അതുകൊണ്ട് അവളുടെ വെപ്രാളം അറിയാം.
എന്നാൽ മിനിയാന്ന് പോയപ്പോൾ മോഹൻ ഒരു കാര്യം പറഞ്ഞു. ചിലപ്പോൾ ആ സമയത്ത് എന്തെങ്കിലും ഓർമ്മ വരുന്നുണ്ടാവും. ചില സംഭവങ്ങൾ, അത്യാഹിതങ്ങൾ അങ്ങനെ. അപ്പോ പെട്ടെന്ന് ഒന്നും ഓർമ്മ വന്നില്ല. ഇന്ന് പോരുന്ന വഴി സ്കൂളിന്റെ മുന്നിൽ കുട്ടികളെകണ്ടപ്പോഴാണ് ഓർമ്മ വന്നത്. നാലേകാലിന് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി, കാറിടിച്ചതും കുറച്ച് നേരം ഓർമ്മയില്ലാതായിപ്പോയതും ഒക്കെ. പക്ഷേ എത്രകാലമായി അതൊക്കെ. ഇപ്പോ മൂന്നാലുമാസം ആയിക്കാണും, തലവേദന സ്ഥിരം തുടങ്ങിയിട്ട്.
മോഹനെ വിളിച്ചു.
“അതെയോ, അതാവാനും സാദ്ധ്യതയുണ്ട്. വെറുതേ ഓർത്ത് വരുന്നതാവും ചിലപ്പോൾ.”
“അല്ലല്ല. ഞാനൊന്നും ഓർത്തില്ല. ഇതിപ്പോഴല്ലേ ഓർമ്മ വന്നത്.”
‘നാളെ വാ എന്തായാലും. എന്തു ചെയ്യണമെന്ന് നോക്കാം.”
“വരാം.”
വരാം എന്നു പറഞ്ഞത് കാപ്പിയും കൊണ്ടുവന്ന രാധിക കേട്ടു.
“മോഹന്റെ അടുത്തേക്കായിരിക്കും.”
“അതേ.”
“പക്ഷെ ഇനി അതുകൊണ്ട് കാര്യമെന്ത്?”
“പക്ഷെ പോകാതെ പറ്റുമോ?”
“ഞാനൊരു കാര്യം പറയട്ടെ.”
“പറ,”
“പുഴക്കരയിലെ വൈദ്യനെ കാണാൻ പോയാലോ?”
“വൈദ്യനോ? മന്ത്രവാദി! അയാളെന്ത് വൈദ്യം പഠിച്ചു? കുറച്ച് പൊടിയും എടുത്ത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടും. അതു തന്നെ.”
“അങ്ങനെ പറയാനൊന്നുമില്ല. ഉണ്ടെങ്കിൽ ഇത്രേം തിരക്കുണ്ടാവുമോ അവിടെ?”
“നിനക്കു വേറെ ജോലിയില്ല അല്ലേ?”
“അങ്ങനെ തന്നെ പറയണം. ഇതിപ്പോ എത്രനാളായി ഇങ്ങനെ. ചികിത്സയ്ക്ക് ഒന്നും കാണാനുമില്ലെന്ന് ഡോക്ടർമാരും.”
നാലേകാലിന് തലവേദന വരുന്നതിൽ ഇത്രേം കുഴപ്പമില്ല. അവൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ ബാക്കിയുള്ളവർക്ക് തലവേദന തന്നെ.
മന്ത്രവാദിയുടെ മുറിക്കുമുന്നിൽ, പേരുവിളിക്കുന്നതിനുമുമ്പ് രാധിക ഒരു നൂറുപ്രാവശ്യമെങ്കിലും മുഖത്തേക്ക് നോക്കിയിട്ടുണ്ടാവും. തിരക്ക് കണ്ടോ, ഞാൻ നിർബ്ബന്ധിച്ചതുകൊണ്ടല്ലേ എന്നൊക്കെയാവും അതിന്റെ അർത്ഥം.
“എത്ര ദിവസമായെന്നാ പറഞ്ഞത്?”
അഷ്ടമൂർത്തിയ്ക്ക് മന്ത്രവാദിയുടെ മട്ടും ഭാവവും പിടിച്ചു. ഒന്നാമത്തേത് പൂജ ചെയ്യാനുള്ള ഒരുക്കങ്ങൾ ഇല്ല. പിന്നെ, തീ പുകയുന്നില്ല. കൈയിൽ പൊടിയില്ല. തലയോട്ടിയും വടിയുമൊന്നുമില്ല. കാഷായവസ്ത്രവും മാലയും ഉണ്ട്. കുറേ ദേവന്മാരുടേയും ദേവികളുടേയും ചിത്രങ്ങളും ഉണ്ട് ചുവരിൽ മുഴുവൻ. പക്ഷെ പീഠത്തിലാണിരിപ്പ്. കാണാൻ വരുന്നവർക്ക് പായയും. രാധിക പറഞ്ഞതുപോലെ വൈദ്യൻ തന്നെ എന്നു കരുതാം.
“മൂന്നുമാസത്തിലധികമായിക്കാണും. എന്നും ഒരേ സമയത്ത് തലവേദന.” രാധികയാണ് പറഞ്ഞത്.
“മരുന്ന് കഴിച്ചോ?”
“വേദനസംഹാരികൾ.”
“ടെസ്റ്റൊക്കെ ചെയ്തു. സ്കാനിംഗും. ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ പറഞ്ഞു. അവൻ എന്റെ ബന്ധുവും കൂടിയാണ്.” മന്ത്രവാദിയ്ക്ക് വിശ്വാസമാവാൻ വേണ്ട രീതിയിൽത്തന്നെ അവൾ പറഞ്ഞു.
മന്ത്രവാദി പീഠത്തിൽ നിന്നെഴുന്നേറ്റ്, അഷ്ടമൂർത്തിയുടെ അടുത്തേക്കിരുന്നു. കണ്ണുകളും നാഡിയുമൊക്കെ പിടിച്ചുനോക്കി.
പിന്നേയും കുറേ ചോദിച്ചു.
പേരു ചോദിച്ചത് ഒടുവിലാണ്.
അഷ്ടമൂർത്തിയെന്ന് പറഞ്ഞപ്പോൾ മന്ത്രവാദി ഒന്ന് ഞെട്ടിയപോലെ തോന്നി. പിന്നെ വീണ്ടും വീണ്ടും ചോദിച്ച് വിശദവിവരങ്ങളും വീട്ടുവിവരങ്ങളും ഒക്കെ ചോദിച്ചെടുത്തു. ഓരോന്നും പറഞ്ഞു കേൾക്കുമ്പോൾ അയാൾക്ക് പരിഭ്രമം ഏറുന്നതുപോലെ അഷ്ടമൂർത്തിയ്ക്ക് തോന്നി.
എന്തൊക്കെയോ ചികിത്സാവിധികൾ തിടുക്കത്തിൽ പറഞ്ഞുകൊടുത്ത് അവരെ ഒഴിവാക്കി. അടുത്തയാൾ തിരക്കിട്ട് മന്ത്രവാദിയെ കാണാൻ കയറുന്നു, നിരനിരയായി ആൾക്കാർ ഇരിക്കുന്നു. അഷ്ടമൂർത്തിയ്ക്ക് അതിശയം തോന്നി. തന്നെപ്പോലെത്തന്നെ പ്രിയപ്പെട്ടവരുടെ നിർബ്ബന്ധത്തിന് വഴങ്ങി വന്നതാവും എന്നു കരുതുകയും ചെയ്തു.
കുറച്ചുദിവസം കഴിഞ്ഞ്, ഉച്ചയൂണും കഴിഞ്ഞ്, കൂടെ ജോലിചെയ്യുന്നവരോടൊപ്പം കുശലങ്ങൾ ചോദിച്ചും പറഞ്ഞും അല്പസമയം ജോലിത്തിരക്കില്ലാതെ ചെലവഴിക്കുമ്പോഴാണ് അഷ്ടമൂർത്തിയെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പ്യൂൺ പറയുന്നത്. ഓഫീസിൽ ആരുവരാൻ. അതും മോബൈൽ ഫോണുള്ള ഇക്കാലത്ത് വിളിക്കാതേം പറയാതേം ആരു കാണാൻ ചെല്ലാൻ. കുറേ ചോദ്യങ്ങളുണ്ടായിരുന്നു അഷ്ടമൂർത്തിയ്ക്ക് ആലോചിച്ച് ഉത്തരം കാണാൻ.
വരാന്തയിലെത്തിയപ്പോൾ അവിടെ നിൽക്കുന്നുണ്ട്. മന്ത്രവാദി. ഇന്നലെത്തെ കാഷായവേഷമൊന്നുമല്ല. മുണ്ടും ഷർട്ടും തന്നെ. അതിശയത്തോടെ അഷ്ടമൂർത്തി അയാളുടെ അടുത്തേക്ക് നടന്നു.
“ഞാൻ...”
“എന്താണ് ഇങ്ങോട്ട് വന്നത്? ഓഫീസിൽ എന്തെങ്കിലും ആവശ്യം ഉണ്ടോ?”
“ഇല്ല...”
പിന്നെ എന്താണാവോയെന്ന് അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്, പറയുന്നതും കാത്ത് നിൽക്കുമ്പോൾ അയാൾ പെട്ടെന്ന് ചോദിച്ചു.
“നിനക്കെന്നെ മനസ്സിലായില്ലേ അഷ്ടമൂർത്തി?”
“ങേ!”
ആരാവും എന്ന് ആലോചിച്ച് നോക്കുമ്പോഴേക്കും അയാൾ പറഞ്ഞു.
“ഞാൻ കരുണാകരനാണ്. നിന്റെ കൂടെ പഠിച്ച...”
ഓ...ഓർമ്മ വന്നു. ഒക്കെ ഓർമ്മ വന്നു. ഇവനോട് വഴക്കിടുമ്പോഴാണ് പെട്ടെന്ന് തെറിച്ച് കാറിനുമുന്നിലേക്ക് പോയത്. കാറിടിച്ച് ബോധം കെട്ടത്. പിന്നെ ഇവനെ കണ്ടില്ല. മുറിവൊക്കെയുണങ്ങി, എല്ലാം ഭേദമായി തിരിച്ചെത്തിയപ്പോൾ കുറച്ച് ദിവസം കഴിഞ്ഞിരുന്നു. അത്ര വല്യ അടുപ്പമൊന്നും ഇല്ലാതിരുന്നതുകൊണ്ട് അധികം അന്വേഷിച്ചില്ല. അന്ന് വഴക്കുകൂടിയതിന്റെ ഓർമ്മയിൽ, ഇവൻ ഇനി സ്കൂളിൽ ഇല്ലെങ്കിൽ നന്നായെന്നും തോന്നിയിരുന്നു.
“എവിടെപ്പോയിരുന്നു?”
“നാടുവിട്ടു. ഇളയച്ഛൻ ദൂരെനാട്ടിൽ ഉണ്ടായിരുന്നു. അങ്ങോട്ട്പോയി. കാരണമൊന്നും പറഞ്ഞില്ല. അന്ന് വഴക്കിട്ട്, നീ കാറിനുമുന്നിൽ പോയപ്പോൾ, എല്ലാരും പറയുന്ന വഴക്കുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും അങ്ങനെ, എന്താ ചെയ്യേണ്ടത് എന്നാലോചിക്കാനുള്ള മനസ്സും ഇല്ലല്ലോ.”
“തിരിച്ച് എപ്പോ വന്നു?”
“പഠിത്തം കഴിഞ്ഞ് ഒരുപാടലഞ്ഞു. ഒടുവിൽ നാടുതന്നെയാണ് നല്ലതെന്ന് തോന്നി.”
“വൈദ്യം?”
“പഠിച്ചിട്ടുണ്ട്.”
അപ്പോ മന്ത്രവാദിയല്ല. ആശ്വാസം! രാധിക ഇതൊക്കെയറിയുമ്പോൾ എന്തു പറയുമോയെന്തോ!
“എന്നാലും നീ ആരോടും പറയേണ്ട കേട്ടോ.”
“ഇല്ല.” അഷ്ടമൂർത്തി ഉറപ്പുകൊടുത്തു. പഴയ വഴക്കിന് ഇനിയും പ്രതികാരം വീട്ടുമെന്ന് കരുതുന്നുണ്ടോയെന്തോ!
“പോകുന്നു.”
“അങ്ങോട്ടു വരാം.”
ഒന്നും പറയാതെ കരുണാകരൻ പോകുന്നതും നോക്കി അഷ്ടമൂർത്തി നിന്നു. പിന്നെ തിരിച്ചെത്തി ജോലി തുടങ്ങി.
വൈകുന്നേരം നാലേകാലിന് അഷ്ടമൂർത്തിയ്ക്ക് തലവേദന വന്നില്ല. എല്ലാവരും അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
“അതിശയം.”
“ഇന്നു തലവേദന ഇല്ലല്ലോ.”
“വൈദ്യന്റെ മരുന്നു ഫലിക്കുന്നുണ്ടാവും.”
“ഒടുക്കം ആ ബാധ ഒഴിഞ്ഞുകിട്ടി.”
അഭിപ്രായങ്ങൾ, ചർച്ചകൾ ഒക്കെയായി. അഷ്ടമൂർത്തിയും വിശ്വാസം വരാതെ അതൊക്കെ കേട്ട് വെറുതേ ഇരുന്നു. ഒന്നേമുക്കാലിന് കരുണാകരൻ ഇറങ്ങിപ്പോകുമ്പോൾ എന്തോ ഒരു മാറ്റം തന്നിൽ വന്നതുപോലെ അഷ്ടമൂർത്തിയ്ക്ക് തോന്നിയിരുന്നു. വാക്കു കൊടുത്തതുകൊണ്ട് ഒന്നും ആരോടും പറയാൻ പറ്റില്ല. ചിലപ്പോൾ അസുഖകരമായ ഓർമ്മയിൽനിന്ന് വിട്ടുപോന്നതുകൊണ്ടാവും. അവനെ തെറ്റിദ്ധരിച്ചിരുന്നോ? മനസ്സിലെന്നും വെറുപ്പുണ്ടായിരുന്നോ? പകരം വീട്ടണമെന്ന് തോന്നിയിരുന്നോ? ഒന്നും മനസ്സിലാവുന്നില്ല. അതൊക്കെ മനസ്സിൽ കിടക്കുന്നുണ്ടാവും. മനസ്സിനെ ആർക്കറിയാം. അത് പ്രതികരിച്ചത് തലവേദനയുടെ രൂപത്തിലാവും. അവൻ മാപ്പു പറഞ്ഞപ്പോൾ ആശ്വാസമായോ? എന്തൊക്കെയോ കാര്യങ്ങൾ.
“അറിഞ്ഞോ?” രണ്ട് ദിവസം കഴിഞ്ഞ് രാധിക ചോദിച്ചു. തലവേദന പോയതിൽ അവൾ വളരെ സന്തോഷിച്ച് ഇരിക്കുകയായിരുന്നു.
“എന്ത്?”
“വൈദ്യൻ പോയി.”
“എങ്ങോട്ട്?”
“ആരോടും പറഞ്ഞില്ല. ശിഷ്യന്മാരോടും സഹായികളോടും യാത്ര പോയിട്ട് വരാം എന്നു പറഞ്ഞുവത്രേ. എന്തായാലും നിങ്ങളുടെ തലവേദന ഒരാഴ്ചകൊണ്ട് മാറിയല്ലോ. നിങ്ങൾ പറഞ്ഞതുപോലെ വല്ല മന്ത്രവാദിയോ മറ്റോ ആയിരിക്കും അയാൾ. വൈദ്യമാണെങ്കിൽ ഇത്രേം പെട്ടെന്ന് മാറുമോ? എത്ര ചികിത്സ നോക്കിയതാ.”
ഇത്രേ ഉള്ളൂ ആൾക്കാരുടെ കാര്യം. മാറ്റിപ്പറയാൻ സമയമൊന്നും എടുക്കില്ല. എന്തായാലും ഒന്നും ആരോടും തൽക്കാലം പറയുന്നില്ലെന്ന് അഷ്ടമൂർത്തി തീരുമാനിച്ചു. തലവേദനയും കൊണ്ട് കരുണാകരൻ പോയല്ലോ. തലവേദന പോയെന്ന് അവനോട് പറയാൻ കഴിഞ്ഞില്ല. ഇനിയും പ്രായശ്ചിത്തം എന്ന മട്ടിൽ അലഞ്ഞുതിരിഞ്ഞ് സമാധാനം കണ്ടെത്താൻ പോയതാവും. കുറ്റബോധം ഉണ്ടാവും. ഇനി തിരിച്ചുവരുമ്പോൾ പോയിക്കാണാം. ഇനി അതു വിചാരിച്ച് തലപുകച്ച്, പോയ തലവേദന തിരികെ വരുത്തേണ്ടെന്ന് കരുതി, അഷ്ടമൂർത്തി, മുറ്റത്ത് കുട്ടികൾ കളിക്കുന്നതും നോക്കി വരാന്തയിലിരുന്നു.
Labels: കഥ
12 Comments:
കൊള്ളാം. എത്രയോ നാളുകൾക്കുശേഷം സൂര്യഗായത്രിയിൽ ഒരു നീണ്ട ചെറുകഥ!
നന്നായിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ?
രസായിട്ടുണ്ടേ... :-)
ഇതൊക്കെ എങ്ങിനെ ചിന്തിച്ചെടുക്കുന്നു!
--
വ്യത്യസ്തമായ കഥ, ചേച്ചീ
കഥ നന്നായിട്ടുണ്ട്. ഞാൻ സൂവിന്റെ സ്ഥിരം വായനക്കാരിയാണ്.
ചേച്ചീ, നല്ല കഥ. ഞാന് പോസ്റ്റൂകള് വായിക്കാറുണ്ട്. കമന്റ് വല്ലപ്പോഴുമേ ഇടാറുള്ളു എന്നേ ഉള്ളു.
അങ്ങിനെ സൂ വലിയ കഥാകൃത്തായി അല്ലെ?
ആശംസകള്!
ആത്മയോട് മിണ്ടിയില്ലെങ്കിലും വേണ്ടില്ല,
നല്ല നല്ല കഥകളൊക്കെ വായിക്കാമല്ലോ...
കനമുള്ള വാക്കുകൾ
:))
പാവം സുകുമാരന്...അയാള് വീണ്ടും ഒളിച്ചോടി അല്ലേ.
പിന്നെ..ഞാന് കറിവേപ്പില നോക്കി ചെറുപയര് പരിപ്പ് ലഡ്ഡു ഉണ്ടാക്കി...എല്ലാര്ക്കും ഒത്തിരി ഇഷ്ടമായി. എനിക്കും ഇഷ്ടമായി.
വിശ്വം ജി :) നന്ദി.
ഹരീ :) അങ്ങനെയിങ്ങനെ ചിന്തിച്ചെടുക്കുന്നു.
ശ്രീ :) നന്ദി.
പാറുക്കുട്ടി :) നന്ദി. പോസ്റ്റുകൾ വായിക്കുന്നതിൽ സന്തോഷം.
ബാലു :) സമയം കിട്ടുമ്പോൾ വായിക്കുകയും പിന്നേം സമയം കിട്ടുമ്പോൾ അഭിപ്രായം പറയുകയും ചെയ്യൂ. നന്ദി.
ആത്മേച്ചീ :) കഥാകൃത്താണ്. കഥയെഴുതുന്നതുകൊണ്ട്. “വലിയ” ആയിട്ടില്ല. നന്ദി.
ദൈവം :) ങേ! ഇതിലെവിട്യാ കനം?
മേരിക്കുട്ടീ :) ഏത് സുകുമാരൻ?
ലഡ്ഡു കൊണ്ട് എന്നെ എറിയാംന്ന് ആരും പറഞ്ഞില്ലല്ലോ. ഭാഗ്യം.
അയ്യോ...ആളുമാറിപ്പോയി. സുകുമാരന് അല്ല കരുണാകരന്...
കഥ കൊള്ളാ ട്ടോ, വ്യത്യസ്തതമായ ആ ആശയവും നന്നായി, അതിന്റെ അവതരണവും.
(Why this word verification?)
മേരിക്കുട്ടീ :)
ആര്യൻ :) നന്ദി. സ്പാം കമന്റ്സ് വരുന്നത്കൊണ്ട് വേ. വെ ഇട്ടതാണ്.
Post a Comment
Subscribe to Post Comments [Atom]
<< Home