Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 17, 2009

പ്രിയമാനസ നീ പോയ്‌വരേണം

പ്രിയമാനസ നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽ‌വാൻ
പ്രിയമെന്നോർത്തിതു പറകയോ മമ?
ക്രിയകൊണ്ടേവമിരുന്നീടുമോ നീ?

എന്നാണ് നളൻ ഹംസത്തോട് പറയുന്നത്.ആമുഖം

എന്നുവെച്ചാൽ “ആ മുഖം കണ്ട നാൾ” എന്ന പാട്ടല്ല. നളന്റേം ദമയന്തീടേം കഥ ഇവിടെ എഴുതിയിട്ടേക്കാംന്ന് കരുതി. സംഭവബഹുലമായ ആ ജീവിതകഥ ഇടയ്ക്ക് ഇവിടെ നോക്കിയാൽ മതിയല്ലോ. നിങ്ങൾക്കെല്ലാവർക്കും നളനേം ദമയന്തിയേം നേരിട്ട് പരിചയമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് പ്രശ്നമില്ല. കഥ അറിയാത്ത ഒരാളെങ്കിലും ഇത് വായിക്കും. വലിയൊരു കഥയാണ്. ചുരുക്കിപ്പറയാം.

ഇനി കഥയിലേക്ക് കടക്കാം.

ചൂതുകളിയിൽ തോറ്റുതൊപ്പിയിട്ട് കാട്ടില്‍പ്പോയി കിടക്കുന്ന പാണ്ഡവന്മാരോട് ലോഗ്യം പറയാനും, അവരെ, തോൽ‌വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നാശ്വസിപ്പിക്കാനും മഹർഷിമാർ വരും പോകും. അങ്ങനെ ബൃഹദശ്വൻ എന്ന മുനിയാണ് നളന്റേം ദമയന്തിയുടേം കഥ പറഞ്ഞുകൊടുക്കുന്നത്. ഇത് മഹാഭാരത്തിൽ വനപർവ്വത്തിൽ ഉണ്ടത്രേ. ഞാൻ നോക്കിയിട്ടില്ല. നിങ്ങൾ വേണേൽ നോക്കിക്കോ. ഞാൻ പറയുന്നത് സത്യമാണോന്ന് നിങ്ങൾക്ക് സംശയം ഉണ്ടാവുമെന്ന് എനിക്കറിയാം.

ഇനി ശരിക്കുള്ള കഥയിലേക്ക് കടക്കാം.

നിഷധം എന്ന രാജ്യത്തെ വീരസേനൻ രാജാവിന്റെ പുത്രനായിരുന്നു നളൻ. ഭയങ്കര ഹാൻഡ്സം ആയിരുന്നു. പിന്നെ വീരനും. വിദർഭരാജ്യത്തിലെ ഭീമരാജാവിന് നാലു മക്കൾ ഉണ്ടായിരുന്നു. ദമൻ, ദാന്തൻ, ദമനൻ, ദമയന്തി. ദമയന്തി സുന്ദരിയായിരുന്നു. മിടുക്കിയായിരുന്നു. ആൾക്കാർ ഇവരെ പുകഴ്ത്തിപ്പറഞ്ഞ് പുകഴ്ത്തിപ്പറഞ്ഞ് എല്ലാ നാട്ടിലും ഇവരുടെ പേരെത്തിച്ചേർന്നു. അങ്ങനെ നളൻ ആളുകൊള്ളാമല്ലോന്ന് ദമയന്തിക്കും, ദമയന്തി ആളു കൊള്ളാമല്ലോന്ന് നളനും തോന്നി. നളൻ ഒരു ദിവസം വെറുതേ സമയം പാഴാക്കുമ്പോൾ, (അന്നേരം ബ്ലോഗ് ഇല്ലായിരുന്നല്ലോ. ഉണ്ടെങ്കിൽ പോസ്റ്റിട്ട് ഇരുന്നേനെ നളൻ) രണ്ട് അരയന്നങ്ങളെക്കണ്ടു. ഒന്നിനെ പിടിച്ചുവെച്ചു. അത് പേടിച്ചപ്പോൾ പാവം നളൻ വിട്ടു. അപ്പോ അത് സ്ഥലം വിടാതെ നളനോടു പറഞ്ഞു, ദമയന്തിയുടെ അടുത്തുചെന്ന് നളൻ അന്വേഷിച്ചതായിപ്പറയാംന്ന്. ദമയന്തിയുടെ അടുക്കെച്ചെന്ന് നളന്റെ കാര്യമൊക്കെപ്പറഞ്ഞ്, ദമയന്തിയുടെ മനസ്സും ചോർത്തിയെടുത്ത് വന്ന് നളനേയും കേൾപ്പിച്ചു. ദമയന്തിയുടെ അച്ഛൻ, ഹംസത്തെ കാണാഞ്ഞത് നന്നായി. അല്ലെങ്കിൽ അദ്ദേഹം അതിന്റെ സൂപ്പ് കുടിച്ചേനെ.

ഹംസം വന്നതും നളനും ദമയന്തിയും ഐ ലവ് യൂ പരസ്പരം പറഞ്ഞതും ഒന്നുമറിയാതെ രാജാവ് ദമയന്തിയുടെ സ്വയംവരം നിശ്ചയിച്ചു. എല്ലാ രാജാക്കന്മാരേം ക്ഷണിച്ചു. നാരദൻ പോയിട്ട് ആ വാർത്ത സ്വർഗ്ഗത്തിൽ ചെന്ന് പറഞ്ഞു. അപ്പോ ഇന്ദ്രനും യമനും അഗ്നിയ്ക്കും വരുണനും ദമയന്തിയെ കെട്ടിക്കളയാം എന്നു തോന്നി. ഒന്നുകിൽ ദമയന്തിയെ കെട്ടാം അല്ലെങ്കിൽ ദോശേം ചമ്മന്തീം തട്ടാം എന്നും പറഞ്ഞ് അവരും പുറപ്പെട്ടു. അവർ വഴിയിൽ‌വെച്ച് നളനെ കണ്ടു. നളനോടു പറഞ്ഞു, ദമയന്തിയോട് അവരുടെ ഗുണങ്ങളൊക്കെപ്പറയാൻ. പാവം നളൻ. ഒരു എ.കെ 47 ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനേം ഡിഷൂം ഡിഷൂം ആക്കുമായിരുന്നു. അതില്ലാത്തതുകൊണ്ട് ദമയന്തിയുടെ അടുക്കൽച്ചെന്ന് ഇവരൊക്കെ സ്വയംവരത്തിനു വന്നിട്ടുള്ളതായി പറഞ്ഞു. പക്ഷെ ദമയന്തി, കയറൊന്നും എടുത്തില്ല. നളനോടു പറഞ്ഞു, കെട്ടുന്നെങ്കിൽ നിങ്ങളെയേ കെട്ടൂന്ന്. സ്വയംവരത്തിന് എല്ലാരും ഇരുന്നു. ദമയന്തി നോക്കുമ്പോഴുണ്ട് അഞ്ച് നളന്മാർ. മറ്റവരു നാലുപേരും നളനെപ്പോലെ വേഷം മാറിയിരിക്കുന്നു. പരിഭ്രമത്തിൽ “എവിടെ ബാക്കി രണ്ടെണ്ണം?” എന്നു ചോദിക്കാൻ ദമയന്തി വിട്ടുപോയി. ഒരാളെപ്പോലെ ഏഴാളുണ്ടെന്നല്ലേ പറയപ്പെടുന്നത്. ഇനിയിപ്പോ നളനെ ഈ അഞ്ചെണ്ണത്തിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കും എന്നോർത്ത് ദമയന്തി നിന്നു. ദമയന്തി പ്രാർത്ഥിച്ചപ്പോൾ അവരെയൊക്കെ തിരിച്ചറിഞ്ഞു, നളനെ തിരിച്ചറിഞ്ഞു. ഇന്നായിരുന്നെങ്കിൽ ദമയന്തി മോബൈൽ ഫോണെടുത്ത് മിസ്സ് കോൾ അടിച്ചു നോക്കും. അപ്പോ നളന്റെ ഫോൺ ശബ്ദിക്കുമല്ലോ. അന്നു പക്ഷെ അതു പറ്റിയില്ല. പക്ഷെ നളനെ തിരിച്ചറിഞ്ഞു. കല്യാണം കഴിച്ചു.

കഥ തുടരുന്നു...


ഇന്ദ്രനൊക്കെ തിരിച്ചുപോകുമ്പോഴാണ് കലി വരുന്നത്. അവർക്ക് കലി വരുന്നത് എന്നല്ല. സാക്ഷാൽ കലി എന്ന മഹാൻ വരുന്നത്. അദ്ദേഹത്തിനും ദമയന്തിയെ കല്യാണം കഴിക്കണം. എന്താ ചെയ്യ! കല്യാണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ കലിയ്ക്ക് കലിപ്പ് കയറി. നളനിട്ട് ഒരു പാര പണിയണം എന്നൊരു ചിന്ത. കലി പന്ത്രണ്ട് കൊല്ലം കാത്തിരുന്നു, നളനിൽ പ്രവേശിക്കാൻ. ഒരു പഴുതും കിട്ടിയില്ല. (അന്ന് ഞാനില്ലായിരുന്നല്ലോ. അല്ലെങ്കിൽ എന്റെ കൂടെ വന്നു നിന്നേനെ). അങ്ങനെ ഒരുദിവസം കാൽ കഴുകാതെ സന്ധ്യാവന്ദനം ചെയ്തപ്പോൾ കലി നളനെ കയറിപ്പിടിച്ചു. എന്നിട്ട് നളന്റെ സഹോദരൻ പുഷ്കരനെക്കൊണ്ട് നളനെ ചൂതുകളിക്ക് വിളിച്ചു. നളൻ കളിച്ചു കളിച്ച് ഒക്കെ പണയം വെച്ച് വെച്ച് അവസാനം ഒക്കെ നശിച്ച്, ഇറങ്ങി. ദമയന്തിയും കൂടെയിറങ്ങി. ഇതാണെനിക്കു പിടിക്കാത്തത്. കുറച്ച് സ്വൈരം കൊടുത്തൂടേ?

ഇറങ്ങിനടക്കുമ്പോൾ, പക്ഷികളെക്കണ്ട് അവയെപ്പിടിക്കാൻ നളൻ ആകെയുണ്ടായിരുന്ന വസ്ത്രം അഴിച്ചെറിഞ്ഞ് വീശും. ആ വസ്ത്രവും കൊണ്ട് ആ പക്ഷികൾ, നളനെ തോലിപ്പിച്ച ചൂതുകൾ ആണെന്നും പറഞ്ഞ് സ്ഥലം വിടും. ഇനി നളനും ദമയന്തിക്കും കൂടെ ദമയന്തിയുടെ വസ്ത്രമേയുള്ളൂ. രണ്ടാളും ഒരേ വസ്ത്രത്തിൽ ദേഹം മറച്ച് നടക്കും. അങ്ങനെ അവർ രണ്ടുപേരും കാട്ടിൽ നടന്ന് ഒടുവിൽ ഉറങ്ങുമ്പോൾ നളൻ വിചാരിച്ചു ഇവളെങ്കിലും രക്ഷപ്പെടട്ടെ എന്ന്. നളൻ ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ പോയ്ക്കോളുമല്ലോ. എന്നിട്ട് ദമയന്തിയെ വിട്ട് വസ്ത്രം പകുതിയെടുത്ത് പോയി. ദമയന്തി ഉണർന്നു നോക്കുമ്പോൾ നളനെ കാണുന്നില്ല. വഴിയിൽ പെരുമ്പാമ്പ് പിടിക്കും. അതിനെ കൊന്ന് രക്ഷിച്ച കാട്ടാളൻ, ദമയന്തിയെ ആഗ്രഹിച്ചതുകൊണ്ട് കാട്ടാളനെ ശപിക്കും. അങ്ങനെ നടന്ന് നടന്ന് ചേദിരാജ്യത്ത് എത്തി. അവിടെ താമസിച്ചു. രാജകുമാരി സുനന്ദയുടെ തോഴിയായി. ആരാണെന്നൊന്നും പറഞ്ഞില്ല. ശരിക്കും സുനന്ദയുടെ അമ്മ, ദമയന്തിയുടെ അമ്മയുടെ സഹോദരി ആണ്.

നളൻ ദമയന്തിയേം വിട്ട് നടക്കുമ്പോൾ കാട്ടുതീയില്‍പ്പെട്ട് നാഗരാജാവ് കാർക്കോടകൻ നിലവിളിക്കുന്നതുകണ്ട് അവനെ രക്ഷപ്പെടുത്തും. എന്നിട്ട് തന്നെ എടുത്തും കൊണ്ട് പത്തടി എണ്ണിക്കൊണ്ട് നടക്കാൻ കാർക്കോടകൻ പറഞ്ഞു. എണ്ണിക്കൊണ്ട് നടക്കുമ്പോൾ ദശ എന്നു നളൻ പറഞ്ഞപ്പോൾ സർപ്പം നളനെ ദംശിക്കും/ കൊത്തും. നളനെന്ന സുന്ദരൻ വിരൂപനായിത്തീരും. ഇത് നളനിൽ ഉള്ള ദുഷ്ടഭൂതത്തെ ബാധിക്കാൻ ആണെന്നും നളനെ ആരും ഇപ്പോൾ തിരിച്ചറിയില്ലെന്നും പറഞ്ഞ് വസ്ത്രവും കൊടുക്കും. ആവശ്യമുള്ളപ്പോൾ അതുടുത്ത് കാർക്കോടകനെ ഓർത്താൽ പഴയ രൂപം തിരിച്ചുകിട്ടുമെന്ന് പറഞ്ഞു. പിന്നെ ഋതുപർണ്ണന്റെ അടുക്കൽ നിന്ന് അക്ഷഹൃദയവിദ്യ പഠിച്ചാൽ ബാധിച്ചിരിക്കുന്ന ഭൂതം മാറിപ്പോകുമെന്നും ദമയന്തിയെ കാണാൻ കഴിയുമെന്നും പറഞ്ഞു. നളൻ ഋതുപർണ്ണന്റെ അടുത്തെത്തി അവിടെ സാരഥിയായി ജീവിച്ചു. നളൻ, ജീവലൻ എന്ന കൂട്ടുകാരനോട് ഒരു കഥപോലെ, സ്വന്തം ജീവിതം പറയും.

ഭീമരാജാവ് നളനേം ദമയന്തിയേം അന്വേഷിച്ച് ഒടുവിൽ ദമയന്തിയെ കണ്ടുപിടിച്ചു. പിന്നെ നളനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ദമയന്തി ഒരു പാട്ടും പറഞ്ഞുകൊടുത്തു.

“എൻ വസ്ത്രാർദ്ധമറുത്തും കൊണ്ടെങ്ങു പോയിതു ധൂർത്ത നീ!
കാട്ടിൽ കിടന്നുറങ്ങീടും പ്രിയയേ വിട്ടു ഹേ പ്രിയ!
നീ കണ്ടമട്ടുതാൻ നില്‍പ്പു നിന്നെത്താൻ കാത്തുകൊണ്ടവൾ
ഏറ്റമുൾച്ചൂടേറ്റു ബാല വസ്ത്രാർദ്ധം ചുറ്റിയങ്ങിനേ
ആ സങ്കടത്താൽ കരയുമിവളിൽ ചെറ്റു മന്ന! നീ
പ്രസാദിക്കേണമേ വീര! മറുവാക്കരുളേണമേ!”

എന്നും പറഞ്ഞ് ദൂതന്മാർ പലദിക്കിലും തിരയും. ഋതുപർണ്ണന്റെ സഭയിൽ വിരൂപനായ ബാഹുകൻ എന്ന സാരഥി മാത്രമേ ഇതിനുത്തരം പറഞ്ഞുള്ളൂ എന്ന്, തിരഞ്ഞുപോയവർ, ദമയന്തിയെ അറിയിക്കും.

“വൈഷമ്യമെങ്കിലും ഗോപിച്ചീടുമേ കുലനാരിമാർ
ഭർത്താക്കൾ പോകിലുമവർ കോപിച്ചീടില്ലൊരിക്കലും
പാതിവ്രത്യചട്ടയിട്ടു ജീവിക്കും വരനാരിമാർ
വിഷമത്തില്‍പ്പെട്ട മൂഢൻ സുഖം കെട്ടുഴലുന്നവൻ
അവൻ ത്യജിക്കിലുമവളതിൽ കോപിക്കയില്ലതാൻ.”

എന്നാണ് ഉത്തരം.

അപ്പോ ദമയന്തി ഈ ഉത്തരം കൊണ്ടുവന്ന സുദേവനെ വിളിച്ചുവരുത്തി വഴിയാത്രക്കാരനെപ്പോലെ ഋതുപർണ്ണന്റെ രാജധാനിയിൽ പോയി, “നളൻ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് അറിയില്ല, ദമയന്തിയ്ക്ക് വീണ്ടും സ്വയംവരം തീരുമാനിച്ചിട്ടുണ്ട്” എന്നു പറയണം എന്നു പറഞ്ഞു.

ഋതുപർണ്ണനു പണ്ടേ ദമയന്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അതുകൊണ്ട് സ്വയംവരം എന്നു കേട്ട് അങ്ങോട്ടു പുറപ്പെട്ടു. ബാഹുകൻ തേരു തെളിച്ചു. ഓടിക്കുന്നതുകണ്ട് ബാഹുകൻ നളൻ തന്നെയാണോന്ന് സംശയിച്ചു, ഋതുപർണ്ണൻ. വഴിക്ക് ഒരു താന്നിമരം കാണും. താന്നിമരത്തിൽ എത്ര ഇലയുണ്ടെന്ന് ഋതുപർണ്ണൻ പറയും. ബാഹുകൻ. അതെണ്ണിനോക്കാൻ പുറപ്പെട്ടപ്പോൾ, നേരം വൈകിയാലോന്ന് വിചാരിച്ച് ഋതുപർണ്ണൻ, ബാഹുകന് (നളന്) അക്ഷഹൃദയം ഉപദേശിക്കും. അക്ഷഹൃദയം കിട്ടിയ ഉടനെ കലി നളന്റെ ദേഹത്തുനിന്ന് ഇറങ്ങിപ്പോകും. നളൻ ശപിക്കാൻ തുടങ്ങും. പക്ഷേ മാപ്പു ചോദിച്ചതുകൊണ്ട് വെറുതേ വിടും. നളന്റെ പേരു വിളിക്കുന്നവരെ താൻ ബാധിക്കുകയില്ലെന്ന് കലി നളനോട് പറയും. (ഞാൻ വിളിക്കാറില്ല). എന്നിട്ട് കലി മുമ്പിലുള്ള താന്നിമരത്തിൽ കയറും. അതുകൊണ്ടാണ് താന്നിമരത്തിനു കലിദ്രുമം എന്ന പേരു കിട്ടിയത്. നോട്ട് ദി പോയന്റ്.

അവർ വീണ്ടും യാത്ര തുടർന്ന് ദമയന്തിയുടെ രാജ്യത്ത് എത്തും. സ്വയംവരത്തിന്റെ പരിപാടിയൊന്നും അവിടെ കാണാതെ ചമ്മിയ ഋതുപർണ്ണൻ, ഈ വഴിക്കൊന്നു പോയപ്പോൾ ഇവിടെയൊന്ന് കയറി എന്നാണ് ഭാവിച്ചത്. പറഞ്ഞതും. ദമയന്തിയ്ക്ക് നളനാവും തേർ തെളിക്കുന്നത് എന്നു തോന്നി. പക്ഷെ ഇറങ്ങിയത് വിരൂപനായ ബാഹുകൻ. ഋതുപർണ്ണനും വാർഷ്ണേയനും കൂടെയുണ്ട്. അശ്വഹൃദയം അറിയാമെന്ന് ദമയന്തിക്ക് അറിയാമല്ലോ. അത് തന്റെ സാരഥിയായ വാർഷ്ണേയനേയും പഠിപ്പിച്ചിട്ടുണ്ടാവും നളൻ, എന്ന് ദമയന്തി വിചാരിച്ചു. നളനും ദമയന്തിയും കാട്ടിൽ പോയപ്പോൾ വാർഷ്ണേയൻ, ഋതുപർണ്ണന്റെ അടുത്ത് പോയിത്താമസിക്കുകയായിരുന്നു.

എന്നാലും ബാഹുകനെ ഒന്നു പരീക്ഷിച്ചുനോക്കാംന്നു കരുതി പല പരീക്ഷകളും ചെയ്യിപ്പിച്ചു. പാചകം വരെ ചെയ്യിപ്പിച്ചു. ഒക്കെക്കഴിഞ്ഞപ്പോൾ ബാഹുകൻ, നളൻ തന്നെയെന്ന് ദമയന്തിക്കു മനസ്സിലായി. അതുകഴിഞ്ഞ്, നളൻ, കാർക്കോടകനെ ഓർത്തുകൊണ്ട് ഒരു വസ്ത്രം ധരിച്ചപ്പോൾ പഴയ രൂപം കിട്ടുകയും ചെയ്തു.

പിന്നെ, പുഷ്കരനെ ചൂതിനു വിളിക്കുകയും തോല്‍പ്പിച്ച് പണ്ടു നഷ്ടപ്പെട്ടിരുന്നതെല്ലാം വീണ്ടെടുക്കുകയും ചെയ്തു.

ഇതാണ് കഥ. വളരെ ചുരുക്കിപ്പറഞ്ഞില്ലേ?

(വായിച്ചതും പാട്ടുകൾ എഴുതിയിരിക്കുന്നതും സാഹിത്യകുശലൻ ഏ. ഡി. ഹരിശർമ്മ വ്യാഖ്യാനിച്ചിരിക്കുന്ന നളചരിതം (ഒന്നാം ദിവസത്തെ കഥ) എന്ന പുസ്തകത്തിൽ നിന്ന്).

Labels:

15 Comments:

Blogger ചാര്‍ളി[ Cha R Li ] said...

കൊടൂകൈ...
പഴയ ബാലരമ കഥകളും..
അമ്പലപ്പറമ്പിലെ നളചരിതം ബാലെയും ഒരു നിമിഷം ഓര്‍ത്തു പോയി..
താങ്ക്സ്.....പിള്ളേര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു കഥ ഓര്‍മ്മിപ്പിച്ചത്..
ഓ.ടോ: കലി ഇപ്പോഴും കൂടെയുണ്ടോ..?

Tue Mar 17, 02:01:00 PM IST  
Blogger പ്രിയ said...

:) ശൊ , ഇത്രെം സിംപ്ലന്‍ കതയാരുന്നോ അതു?
:) ഒരു ചാക്യാര്‍കൂത്തിന്റെ രസമുണ്ട് സുവിന്റെ അവതരണത്തിന്

Tue Mar 17, 02:54:00 PM IST  
Blogger ആത്മ said...

ഇത്രയും കുഴഞ്ഞു മറിഞ്ഞ ഒരു ലവ് സ്റ്റോറി പുരാണത്തില്‍ മറ്റൊന്നുമില്ലെന്നു തോന്നുന്നു.
പലപ്രാവശ്യം പലയിടത്തും വായിച്ചിട്ടുണ്ട് എന്നാലും
കുറച്ചു നാള്‍ കഴിഞ്ഞ് പല രംഗങ്ങളും വീണ്ടും മറന്നു പോകുന്നു. എന്നാല്‍ നളനെയും ദമയന്തിയേയും ഇഷ്ടവുമാണ്. അതെങ്ങിനെയെന്നറിയില്ല.
ഏതിനും സൂജിയ്ക്ക് മിനക്കെട്ടിരുന്ന് ഇതൊക്കെ എഴുതി
വീണ്ടും ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നല്ലൊ
ഹൃദയം നിറഞ്ഞ നന്ദി

Tue Mar 17, 07:08:00 PM IST  
Blogger ViswaPrabha വിശ്വപ്രഭ said...

സൂസൂപ്പർ സൂപോസ്റ്റ്!
ഇത്ര മനോഹരമായിട്ട് ഞാനിതുവരെയും കേട്ടിട്ടില്ലൊരു നളചരിതം!

നളനു് എന്തൊക്കെ വന്നാലും, നളൻ എങ്ങനെ വന്നാലും, ദമയന്തിയ്ക്കു് കൺഫ്യൂഷൻ ഉണ്ടാവില്ല എന്നായിരിക്കണം കഥയുടെ സാരാംശം, അല്ലേ?


ബാഹുകനെക്കുറിച്ച് എന്നെങ്കിലും നെടുനീളമായൊരു കഥ, ഒരു നോവൽ തന്നെ, എഴുതണം എന്നു വിചാരിക്കുന്നുണ്ട്.
അങ്ങനെയുണ്ടായാൽ ആദ്യം തിരിഞ്ഞുനോക്കുക ഈ സൂലോഗത്തിലേക്കായിരിക്കും. അത്രയ്ക്കും നന്നായിരിക്കുന്നു!

ആച്ചിയ്ക്കും ഇഷ്ടമാവും ആ കഥ ഈ മട്ടിൽതന്നെ കേൾക്കാൻ.

-കലിപ്പുബാധിച്ച, കാർക്കോടകൻ കടിച്ച ഒരു നളൻ.

Wed Mar 18, 05:37:00 AM IST  
Blogger സു | Su said...

ചാർളീ :) കൈ തന്നാൽ മോതിരം അടിച്ചെടുക്കില്ലേ? ;) കലി കൂടെയുണ്ട്. അതിനെന്നോട് വല്യ ഇഷ്ടം.

പ്രിയ :) ചാക്യാരു കേൾക്കണ്ട.

ആത്മേച്ചീ :) സു എന്നു വിളിച്ചാല്‍പ്പോരേ? എന്തിനാ ഒരു ജീ? ഞാൻ ജീ വിട്ടല്ലോ. ഞാൻ ഇത് ഇടയ്ക്ക് വായിക്കും. അപ്പോത്തോന്നി, ഇവിടെയിട്ടേക്കാംന്ന്.

വിശ്വം ജീ :) ദമയന്തിക്ക് ഒരു കൺഫ്യൂഷനും ഉണ്ടാവില്ല. ബാധിച്ച കലിപ്പ് പൂർണ്ണമായും വിട്ടുപോകട്ടെ എന്നാശംസിക്കുന്നു. പോസ്റ്റ് നന്നായെന്നറിഞ്ഞതിൽ സന്തോഷം. ബാഹുകനെക്കുറിച്ച് നോവൽ എഴുതൂ. നന്നാവും.

നാലാൾക്കും നന്ദി. അഭിപ്രായത്തിന്.

Wed Mar 18, 03:51:00 PM IST  
Blogger ശ്രീ said...

ഹായ്... കഥ ഇത്രയ്ക്കൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം

“ഇന്നായിരുന്നെങ്കിൽ ദമയന്തി മോബൈൽ ഫോണെടുത്ത് മിസ്സ് കോൾ അടിച്ചു നോക്കും.” ഇതു ശരിയ്ക്കു ചിരിപ്പിച്ചൂട്ടാ :)

Wed Mar 18, 03:58:00 PM IST  
Blogger മേരിക്കുട്ടി(Marykutty) said...

katha enikku ksha ishtayi.

Wed Mar 18, 04:40:00 PM IST  
Blogger സു | Su said...

ശ്രീ :)

മേരിക്കുട്ടീ :)

വായിക്കാൻ എത്തിയതിൽ സന്തോഷം.

Wed Mar 18, 07:22:00 PM IST  
Blogger ...പകല്‍കിനാവന്‍...daYdreamEr... said...

Good Post
:)

Thu Mar 19, 07:57:00 PM IST  
Blogger സുപ്രിയ said...

നല്ല പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ.

നളചരിതത്തിന് വി.കെ.എന്‍ എഴുതിയ ഭാഷ്യം വായിച്ചിട്ടുണ്ടോ? അതൊന്നുവായിക്കണം. നളചരിതം മൂലം എന്നാണ് കഥയുടെ പേര്.
നളചരിതത്തിന്റെ ഒരു വി.കെ.എന്‍ വേര്‍ഷനാണ്. ഈ പോസ്റ്റ് വായിച്ചപ്പോ ആ കഥ ഓര്‍മ്മവന്നു.

Fri Mar 20, 03:48:00 PM IST  
Blogger smitha adharsh said...

ഇഷ്ടപ്പെട്ടു..
നളന്റെയും,ദമയന്തിയുടെയും കഥ അറിയാമായിരുന്നെന്കിലും ഇത്ര ഡീറ്റയില്‍ ആയി അറിയില്ലായിരുന്നു.
അപ്പൊ,രുചിയുള്ള ഭക്ഷണം പാചകം ചെയ്തു കൊടുത്തു നളന്‍, ദമയന്തിയുടെ മനസ്സ് കവര്‍ന്നത് എപ്പഴാ?

Fri Mar 20, 05:25:00 PM IST  
Blogger വികടശിരോമണി said...

എനിയ്ക്കു തോന്നിയത് സുപ്രിയ പറഞ്ഞു.വി.കെ.എന്നിനെ ഓർമ്മവന്നു.
കുറേക്കാലം കണ്ടുനടന്ന/നടക്കുന്ന ഒന്ന് ഇങ്ങനെ കേൾക്കുമ്പോൾ ഒരു രസം.

Fri Mar 20, 09:51:00 PM IST  
Blogger സു | Su said...

പകൽകിനാവൻ :)

സുപ്രിയ :) വി. കെ. എന്നിന്റെ കഥ വായിച്ചില്ല. ഇനി വായിക്കാം.

വികടശിരോമണി :)

സ്മിത :) ബാഹുകനായിട്ട്, വന്നപ്പോളാവും. പാചകം പരീക്ഷിച്ചെന്ന് എഴുതിയിട്ടുണ്ടല്ലോ.

നാലാൾക്കും നന്ദി.

Tue Mar 24, 03:50:00 PM IST  
Blogger നിഷ്ക്കളങ്കന്‍ said...

കാർക്കോടകനെ ഓർത്തുകൊണ്ട് ഒരു വസ്ത്രം ധരിച്ചപ്പോൾ പഴയ രൂപം കിട്ടുകയും ചെയ്തു.
ഇതു കഴിഞ്ഞിട്ട് ബാഹുകന്‍സാര്‍ കലിപ്പിള‌കി
"അഭിലാഷം കൊണ്ടുതന്നെ ഗുണ‌ദോഷം വേദ്യമ‌ല്ല.
....
..
തരുണീനാം മ‌നസ്സില്‍ മേവും കുടിലങ്ങ‌ള്‍ ആരറിഞ്ഞു.
... എന്നൊക്കെ സെന്റിയടിച്ച് കൊള‌മാകുന്ന ഒരു ഭാഗം കൂടിയില്ലേ സൂ? അതും കൂടി ഉള്‍ക്കൊള്ളിക്കൂ.

"ഇത്രേം കാലം കഷ്ട‌പ്പെട്ടിരുന്ന് തപ്പിയെടുത്തോണ്ട് വന്നപ്പം ഒരു മാതിരി ചൊറ വ‌ര്‍ത്താനം പറയല്ലേ നായരേ" എന്ന് ദമ‌യന്തിക്ക് ചോദിയ്ക്കാവുന്ന സന്ദ‌ര്‍ഭം. ടെന്‍ഷന്‍. ഏന്റി ഗ്ലൈമാക്സ്.

ന‌ല്ല പോസ്റ്റ്.

Thu Mar 26, 05:11:00 PM IST  
Blogger സു | Su said...

നിഷ്കളങ്കൻ :) നന്ദി.

Sun Mar 29, 07:52:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home