Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 02, 2009

മാസപ്പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? ഒരുപാടൊരുപാടുണ്ട്. ചിങ്ങം, കന്നി...മുതലായ മാസങ്ങൾ ഉൾപ്പെട്ട പഴഞ്ചൊല്ലായാലോ? വൃശ്ചികത്തിലെ പഴഞ്ചൊല്ല് കിട്ടിയില്ല. അതുപോലെ ചിലതിന്റെയൊന്നും അർത്ഥം എനിക്കറിയുകയുമില്ല. ഞാൻ നോക്കിയ പുസ്തകത്തിലുമില്ല. പഴഞ്ചൊല്ല് ചിലതൊക്കെ പണ്ടേ അറിയുന്നത്, പറഞ്ഞുകേട്ടിട്ടുള്ളത്.

ബാക്കിയുള്ളവയ്ക്ക് കടപ്പാട് :- പഴഞ്ചൊൽ പ്രപഞ്ചം - പി. സി. കർത്താ.

ചിങ്ങം

ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും.

ചിങ്ങമാസത്തിലെ മഴ ഇടവിട്ടിടവിട്ട് കുറച്ച്കുറച്ചായിട്ട് പെയ്യും. അതാണ് ഈ പഴഞ്ചൊല്ല്.

ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.

ചിങ്ങത്തിൽ ആദ്യം തന്നെ മഴ പെയ്തു തുടങ്ങിയില്ലെങ്കിൽ, ആ മാസം മുഴുവൻ മഴയില്ല എന്നാണോ ഇതിനർത്ഥം? ആയിരിക്കും.

ചിങ്ങമാസത്തിൽ തിരുവോണത്തിന്നാൾ പൂച്ചയ്ക്കു വയറുവേദന.

ഓണസദ്യയുടെ പങ്ക് പൂച്ചയ്ക്കും കിട്ടും. പക്ഷെ പൂച്ചയ്ക്ക് വയറുവേദനയായാൽ പിന്നെ എന്ത് കിട്ടിയിട്ടെന്ത്?


ചിങ്ങം ഞാറ്റിൽ ചിനിങ്ങിചീനി

കുറച്ചുകുറച്ചായിട്ടാണ് ചിങ്ങത്തിൽ മഴ പെയ്യുന്നത്.

കന്നി

കന്നിക്കാറു പൊന്നുരുക്കും.

കന്നിയിൽ ഭയങ്കര ചൂടാണ്.

കന്നിമാസത്തിലെ വെയിൽ കള്ളനും കൊള്ളില്ല.

കള്ളന്മാർക്ക് ഒന്നിനും ധൈര്യക്കുറവുണ്ടാവില്ല. പക്ഷെ ആ കള്ളനും കന്നിമാസത്തിലെ കൊടും വെയിൽ താങ്ങാനാവില്ല.

കന്നിവെയിൽ പാറപൊളിക്കും.

അത്രയും കടുത്ത വെയിലെന്നർത്ഥം.

തുലാം

തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം.

മഴയൊക്കെ കുറയുമെന്നർത്ഥം. പിന്നെ എവിടെ വേണമെങ്കിലും ജീവിക്കാം.

തുലാവർഷം കണ്ട് ഓടിയവനുമില്ല; കാലവർഷം കണ്ട് ഇരുന്നവനുമില്ല.

തുലാമാസത്തിൽ മഴക്കാറ് കണ്ടാലും കുറേക്കഴിഞ്ഞേ മഴ പൊഴിയൂ. കാലവർഷത്തിൽ പെട്ടെന്ന് മഴ വീഴും.

ധനു

ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം.

കൃഷി തുടങ്ങാം എന്നർത്ഥം.

മകരം

മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടി ഇല്ല.

മകരത്തിൽ മഴ പെയ്യാത്തതുകൊണ്ടാവും ഇങ്ങനെ ചൊല്ല്. പെയ്താൽ വിഷമം ആവും.

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.

മഞ്ഞുണ്ടാവേണ്ട കാലത്ത് മഴ പെയ്താൽ കഷ്ടം ആവും.

മകരമഞ്ഞിനു മരം കോച്ചും.

കൊടും തണുപ്പായിരിക്കും.

കുംഭം

കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിലായാൽ മീൻ‌കണ്ണിനോളം.

ചേന കുംഭത്തിൽ നട്ടുണ്ടാക്കിയാൽ വലുതാവുമെന്നായിരിക്കും അർത്ഥം.

കുഭത്തിൽ മഴപെയ്താൽ കുപ്പയിലും നെല്ല്.

കൃഷി നന്നാവും എന്നാണോ?

മീനം

മീനമാസത്തിൽ മഴ പെയ്താൽ മീനും എരയില്ല.

മീനമാസത്തിലെ ഇടി മീൻ‌കണ്ണിലും വെട്ടും.

ഇടിവെട്ടിയാൽ ചെറിയതിനെക്കൂടെ ബാധിക്കും എന്നായിരിക്കും.


മേടം

മേടം പത്തിനുമുമ്പെ പൊടിവിത കഴിയണം.

മേടം തെറ്റിയാൽ മോടോൻ തെറ്റി.

ഇടവം

ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം.

നല്ല മഴക്കാലം.

ഇടവം കഴിഞ്ഞു തുലാത്തോളം കുടകൂടാതെ നടന്നീടിൽ പോത്തുപോലെ നനഞ്ഞീടാം.

നല്ല മഴക്കാലത്ത് നടക്കുന്ന കാര്യം.

മിഥുനം

മിഥുനം തീർന്നാൽ വിഷമം തീർന്നു.

നല്ല മഴക്കാലം ആയതുകൊണ്ടാവുമോ ഈ ചൊല്ല്?

കർക്കിടകം

കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനു ദോഷം.

ഇടിയുടെ ശക്തിയെ കാണിക്കാൻ ആവും ഈ പഴഞ്ചൊല്ല്.

കർക്കടകത്തിൽ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കിടകമാസത്തിൽ “നിറ” നടത്തും. അതുപോലെ മുറപ്പെണ്ണിനെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കടം കഴിഞ്ഞാൽ ദുർഘടം തീർന്നു.

കർക്കടകമാസത്തിനെ അല്ലേ പഞ്ഞമാസം ആയി കണക്കാക്കുന്നത്?

കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം.

അത്രയ്ക്കും സ്വാദാണെന്നർത്ഥം. ഗുണമുണ്ടെന്നുമാവാം.

Labels:

15 Comments:

Blogger ശ്രീ said...

ഇതില്‍ പലതും കേട്ടിട്ടുണ്ട്, ചിലത് ആദ്യമായി കേള്‍ക്കുന്നു.
:)

Thu Apr 02, 09:41:00 am IST  
Blogger അല്‍ഭുത കുട്ടി said...

മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടി ഇല്ല.

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.

മകരമഞ്ഞിനു മരം കോച്ചും.

കൊടും തണുപ്പായിരിക്കും.


സു
ഈ പഴഞ്ചൊല്ലുകളുടെ അര്‍ഥം. മകര മാസത്തിലാണ് നമ്മുടെ നാട്ടില്‍ നെല്ല് വിളവ് ആകുന്നത് ആ കാലത്ത് നെല്ല് ഒരു വിധം പാകമായി സ്വര്‍ണ നിറമായി ചാഞ്ഞു തുടങ്ങും. അപ്പോള്‍ മഴപെയ്താല്‍ നെല്ല് മുളക്കുന്നു. അല്ലെങ്കില്‍ ചീഞ്ഞ് പോകും. നെല്ലില്ലെങ്കില്‍ ഭക്ഷണമില്ല ‘ പിന്നെ മലയാളം മുടിയും എന്നത് തീര്‍ച്ച “

ഇപ്പോള്‍ കാലം മാറി ആന്ധ്രായില്‍ മഴപെയതാല്‍ മലയാളം പട്ടിണിയില്‍ എന്ന് മാറ്റി പറയണം.

ഏതായാലും നല്ല ഉദ്യമം. പഴഞ്ചൊല്ലുകളുടെ വിശദീകരണം പലതും ശരിയല്ല. പഴമക്കാരോട് ചോദിക്കാമായിരുന്നു.

“ കര്‍ക്കടകത്തിലെ പത്ത് വെയിലില്‍ ആനത്തോലും ഉണക്കാം “ എന്നൊരു ചൊല്ല് കൂടി പലരും പറയുന്നത് കേട്ടിട്ടുണ്ട്.


ഏതായാലും നല്ല കാര്യം.

Thu Apr 02, 10:30:00 am IST  
Blogger സു | Su said...

ശ്രീ :)

അൽഭുതകുട്ടി :) ശരിയല്ല എന്നു തോന്നുന്നത്, ശരിക്കും അറിയില്ല എന്നു തോന്നുന്നത് അർത്ഥം എഴുതിയിട്ടില്ല. എഴുതിയ വിശദീകരണമൊക്കെ ഉറപ്പിച്ച് എഴുതിയിട്ടുമില്ല. വിശദീകരണം പലതും ശരിയല്ല എന്നു വെറുതേ പറഞ്ഞ് പോകുന്നതും അത്ര ശരിയല്ലല്ലോ അല്ലേ?

Thu Apr 02, 10:54:00 am IST  
Blogger Bindhu Unny said...

വൃശ്ചികത്തെക്കുറിച്ച് മാത്രം ആര്‍ക്കും ഒന്നും പറയാനില്ലേ? നമുക്കൊന്നുണ്ടാക്കിയാലോ? മത്സരം തുടങ്ങാം. :-)

Thu Apr 02, 03:38:00 pm IST  
Blogger ജെസ്സ് said...

സൂ ചേച്ചീ
ഞാനിതില്‍ പലതു ആദ്യമായിട്ടാ കേള്‍ക്കുന്നത് ..
അത്തം കറുത്താല്‍ ഓണം വെളുക്കും എന്നൊരു ചൊല്ല് ഞങ്ങടവിടെ കേട്ടിട്ടുണ്ട് .
അത്തത്തിന്റന്നു മഴ പെയ്താല്‍ ഓണത്തിനു പെയ്യില്ല എന്നോ മറ്റോ ആണര്ത്ഥം

Thu Apr 02, 07:20:00 pm IST  
Blogger പാറുക്കുട്ടി said...

ഈ പഴഞ്ഞൊല്ലുകളിൽ ചിലത് എനിക്കും അറിയാം. അറിയാത്തത് പറഞ്ഞുതന്നതിന് നന്ദി.

Thu Apr 02, 09:50:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

വൃശ്ചികക്കാറ്റിനെ വിശ്വസിക്കാന്‍ കൊള്ളൂല്ല.

നേരം നോക്കാതെ വീശിയടിക്കും ന്ന്

Thu Apr 02, 10:00:00 pm IST  
Blogger Mr. X said...

കൊള്ളാമല്ലോ, ഈ പഴഞ്ചൊല്ല് സമാഹാരം.

thanks...

Fri Apr 03, 07:19:00 pm IST  
Blogger പാവപ്പെട്ടവൻ said...

ദേ ഇങ്ങോട്ട് നോക്കിയെ പഴംചൊല്ലില്‍ പതിരില്ല

Fri Apr 03, 09:35:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

ഞാന്‍ ഇവിടെ ഇട്ട കമന്റ് കാണുന്നില്ല....:(( എന്റെ ഒരു കാര്യം. വേറെ ഏതോ ബ്ലോഗിലാണോ ദൈവമേ പോയി പഴഞ്ചൊല്ലിനെ പറ്റി എഴുത്യത്‌?
എന്തായാലും- അടിപൊളി റഫറന്‍്സ് ചേച്ചി :))

Tue Apr 07, 09:25:00 am IST  
Blogger സു | Su said...

ബിന്ദൂ :) തുടങ്ങാം.

പ്രിയ ഉണ്ണികൃഷ്ണൻ :)

പാറുക്കുട്ടീ :)

ജെസ്സ് :)

ആര്യൻ :)

പാവപ്പെട്ടവൻ :)

മേരിക്കുട്ടീ :)

Mon Apr 13, 11:52:00 am IST  
Blogger Aranmula Vijayakumar said...

നല്ല ഉദ്യമം.
അഭിനന്ദനങ്ങൾ

Wed Jul 31, 08:04:00 am IST  
Blogger pkpaulose said...

കന്നിമാസത്തിലെ കാറും പൊറത്തെ വെയിലും, കന്യാപ്പെണ്ണിന്റെ കാമോം പൊറുക്കാവുന്നതല്ല എന്നും കേട്ടിട്ടുണ്ട് .

Thu Jul 16, 06:18:00 pm IST  
Blogger Unknown said...

വൃശചികമാസo.. അതിന് ഒരു ചൊല്ല് ഉണ്ടോ

Sat Aug 22, 10:25:00 pm IST  
Blogger MJ Army girl said...

Super I like this very much.....

Thu Aug 19, 12:42:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home