മലയാളം മരിക്കൂല
കേടായ കളിപ്പാട്ടങ്ങളുടെ ഫാനും ലൈറ്റും എടുത്ത് സെല്ല് വെച്ച് പ്രവർത്തിപ്പിക്കുകയാണ് അവധിക്കാലവിനോദം. വേറൊന്നും വേണ്ട. ആരും ഇടപെടാനും പാടില്ല. മേശയ്ക്കുമേലെ നിരത്തിയിരിക്കുന്നതു കണ്ടാൽ ഏതെങ്കിലും പരീക്ഷണശാലയാണെന്നേ തോന്നൂ. ഇനി അതല്ലെങ്കിൽ നൂറുതവണ കണ്ട കോമഡിസിനിമയുടെ സിഡി ഇട്ട് കാണൽ.
അതിനിടയ്ക്കാണ് കുറച്ച് പുതിയ പുസ്തകങ്ങൾ വായിക്കാൻ മുന്നിൽ കൊണ്ടു ചെല്ലുന്നത്. മലയാളം മനോഹരം എന്നൊക്കെ പറയാം. പക്ഷേ ഇവരോട് പറയരുത്. ഒരാൾ ശുദ്ധമലയാളത്തിൽ പറഞ്ഞു, “എനിക്ക് മലയാളം വായിക്കാൻ അറിയില്ല.” പുസ്തകം നീട്ടിയ ആൾ ഞെട്ടി. നിരാശയില്ലാതെ അടുത്തയാൾക്ക് നീട്ടി. അവനൊന്ന് സംശയിച്ചപ്പോൾ അവന്റെ സഹായത്തിന് വേറൊരാൾ എത്തി. “അവനും മലയാളം വായിക്കാൻ പറ്റില്ല. ഇംഗ്ലീഷാ.” ഞെട്ടാൻ നേരമില്ലായിരുന്നു. ആദ്യത്തവന്റെ ചേച്ചിയ്ക്ക് നീട്ടി. ഒന്ന് സംശയിച്ചെങ്കിലും ഒരു പുസ്തകം തെരഞ്ഞെടുത്തു. തപ്പിത്തടഞ്ഞ് വായന തുടങ്ങി. നിസ്സാരമെന്ന് നമുക്കു തോന്നുന്ന പല വാക്കിന്റേം അർത്ഥം അറിയില്ല. ആരോടെങ്കിലുമൊക്കെ ചോദിച്ച് വായന തുടർന്നു. പിന്നൊരാൾ, വീട്ടിലും സ്കൂളിലും ഒക്കെ ഇംഗ്ലീഷാ. പക്ഷേ മലയാളം നല്ല അസ്സലായിട്ട് വായിക്കും. എന്നാലും പുസ്തകങ്ങൾ കണ്ടപ്പോൾ പരീക്ഷണശാലയിലുള്ള കളി വിട്ട് വായിക്കാൻ മടി. പറഞ്ഞതല്ലേ വായിച്ചേക്കാം എന്ന മട്ടിൽ ഒരു വായനയൊക്കെ നടത്തി. അവന്റെ ഇളയ ആളാണെങ്കിൽ രണ്ടാം ക്ലാസ്സിലെത്തി. കുളിമുറിയിൽ വരെ ഇംഗ്ലീഷാ. പക്ഷെ, പുസ്തകം കിട്ടിയപ്പോൾ അതിലെ പാട്ടൊക്കെ അഞ്ചാറ് പേജ് ശ്രദ്ധയോടെ വായിച്ചു. ആദ്യത്തെ ദിവസം മാത്രം. ബാക്കി ദിവസമൊക്കെ പുസ്തകം വായിച്ചുതീർക്കേണ്ടേന്ന് ചോദിച്ചാൽ “ഞാൻ ആറ് പേജ് വായിച്ചു. അറിയ്യോ” ന്ന് ചോദിക്കും. ചേച്ചിയും ചേട്ടന്മാരും വായിക്കാത്തത് പിന്നെ ഞാനാണോ വായിക്കേണ്ടത് എന്നൊരു വിചാരം ഉണ്ടാവും ആ പാവത്തിന്. ഇങ്ങനെ പോകുന്നു, കാര്യങ്ങൾ. ഇതൊക്കെ വായിക്കാനുള്ള മടി കൊണ്ടാണെന്ന് വെക്കാം. ഇവരിൽ ചിലരൊക്കെ കാറ്റടിച്ചാൽ കറന്റ് പോയാല്‍പ്പിന്നെ വരാത്ത, ഒരു മഴ പെയ്താൽ, വഴി തോടാവുന്ന, കുഗ്രാമം എന്നതിൽനിന്ന് അല്പം കൂടെ മാത്രം മുന്നോട്ട് പോയ, ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് എന്നതാണ് കാര്യം. വല്ല ടൗണിലും ആണെങ്കിൽ പിന്നേം ആശ്വസിക്കാമായിരുന്നു.
മലയാളം നിന്നിടത്ത് നിൽക്കും. കാരണം, സ്കൂളിൽ ഇംഗ്ലീഷല്ലേ പഠിക്കുന്നത്. അതുമാത്രം മുന്നോട്ടുപോകും. ആശ്വസിക്കാനുള്ളത്, എല്ലാരോടും ഇംഗ്ലീഷ് പറയാനും തുടങ്ങിയിട്ടില്ലല്ലോ എന്നതാണ്. അതും കൂടെ ആയിരുന്നേൽ ഒക്കെത്തീർന്നേനെ കാര്യം. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മലയാളം മരിച്ചേക്കും എന്നു തോന്നും. മലയാളം എന്തായാലും മരിക്കൂല. താളവട്ടത്തിലെ മോഹൻലാലിനെപ്പോലെ കോമയിൽക്കിടക്കും. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്, എന്നാൽ ഉണ്ടായിട്ടും ഇല്ലാത്തതുപോലെ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതി. ദിനോസർ, ഹിപ്പോപ്പൊട്ടാമസ് എന്നൊക്കെപ്പറയുന്നതുപോലെ അത്ഭുതം തോന്നിക്കുന്ന ഒന്നാവും മലയാളം എന്നതും. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
Labels: എനിക്കു തോന്നിയത്
6 Comments:
ഈ തലമുറയില്‍ വായനാശീലമുള്ളവര്‍ തീരെ കുറവാണ് എന്നു തന്നെ പറയാം. മലയാളമെന്നല്ല, പഠന പുസ്തകങ്ങളല്ലാതെ വേറെ എന്തെങ്കിലും വായിച്ചാലും ആശ്വസിയ്ക്കാമായിരുന്നു.
ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ വായനാ ശീലം തീരെ കുറവാണെന്നത് പൂര്‍ണമായും ശരിതന്നെ. ഇന്റര്‍നെറ്റും, കേബിള്‍ ടീവിയും മറ്റുമായി ലോകം വേഗതയിലേക്ക് പറക്കുമ്പോള്‍ പുസ്തകങ്ങളോടുള്ള ആരാധന കുറയും എന്ന് ആശ്വസിക്കാം...
:)
വായന പൊതുവെ കുറഞ്ഞിട്ടുണ്ട് എന്നുള്ളത് ശരിതന്നെ. ടി.വിയും ഇന്റര്‍നെറ്റും ഒക്കെ പ്രചാരത്തിലാകുന്നതിനുമുമ്പ് വളര്‍ന്നുവന്നതുകൊണ്ട് ഒത്തിരിപുസ്തകങ്ങള്‍ വായിക്കാന്‍പറ്റി. ഇപ്പോഴത്തെ ലോകത്ത് ജനിച്ചിരുന്നെങ്കില്‍ നോവല്‍ എന്നുപറഞ്ഞാലെന്താ? വൈക്കം മുഹമ്മദ് ബഷീര്‍ നാടകക്കാരനാണോ? മാധവിക്കുട്ടി പഴയ നടിയല്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഞാനും ചോദിച്ചേനെ. (വെറുതെ പറഞ്ഞതല്ല, എന്റെ നാട്ടില്‍ എട്ടാംക്ലാസിലെ കുട്ടി ചോദിച്ചതാണ്. ഇവനൊക്കെ എന്തിനാ പഠിക്കുന്നേ?)
മലയാളം മരിക്കുകയുംമറ്റുമില്ല. അതിനെ നിലനിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഇപ്പോഴും ഉണ്ട്. അതിന്റെ ഒരു തെളിവാണല്ലോ ബൂലോഗമലയാളം....
ശ്രീ :) വായനാശീലം കുറവാണ് എന്നതുതന്നെയാണ് കാര്യം. മലയാളം വായിക്കുന്നില്ല എന്നൊന്നുമല്ല. പഠിക്കേണ്ടതൊഴിച്ച്, അത്യാവശ്യമുള്ളതൊഴിച്ച് കൂടുതൽ എന്തെങ്കിലും വായിക്കാൻ, കുട്ടികൾക്കും മുതിർന്നവർക്കും സൗകര്യമില്ല.
ഹരിശ്രീ :) വായനാശീലം ഉള്ളതാണ് നല്ലത്. പക്ഷെ ആർക്കും മനസ്സില്ല.
സുപ്രിയ :) ഇന്റർനെറ്റ് ഉള്ളതുകൊണ്ട് വായന കുറഞ്ഞു എന്നൊന്നും പറയാൻ പറ്റില്ല. എന്നാലും, പൊതുവേ ആൾക്കാർക്ക് വായനശീലം കുറഞ്ഞു. ടി. വി. യും ഇന്റർനെറ്റും ഒരുപരിധിവരെ കാരണമാവുന്നുണ്ട് അതിന്.
കേരളത്തില്‍ വളരുന്ന കുട്ടികള്‍ മലയാളം മറന്നെങ്കില്‍ പിന്നെ മലയാളത്തിന്റെ കാര്യം അധോഗതി!
വായനാശീലം വളരെ ചെറുപ്പത്തിലേ ശീലിപ്പിക്കണം. എങ്കിലേ താത്പര്യമുണ്ടാവൂ. എനിക്കടുപ്പമുള്ള എല്ലാ കുട്ടികള്‍ക്കും മൂന്നുവയസ്സുമുതല്‍ പുസ്തകങ്ങള്‍ (പ്രായത്തിനനുസരിച്ചുള്ള) മാത്രമേ സമ്മാനം കൊടൂക്കൂ.:-)
ബിന്ദൂ :) പുസ്തകങ്ങളോട് കുട്ടികളിൽ പലരും വല്യ ഇഷ്ടം കാണിക്കുന്നില്ല. അവർക്കു കാണാൻ വേറെ കാഴ്ചകൾ കുറേയുണ്ടെന്നതാവും കാരണം.
Post a Comment
Subscribe to Post Comments [Atom]
<< Home