Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 23, 2009

അങ്ങനെയങ്ങനെ

കുറച്ചുദിവസങ്ങളായിട്ട് തിരക്കാണ്. കാര്യമായിട്ടുള്ളതല്ലെങ്കിലും തിരക്ക്, തിരക്ക് തന്നെ. ഒഴുക്കില്‍പ്പെട്ടപോലെയങ്ങനെ പോകും. തിരക്കില്ലാത്തപ്പോൾ, കുളത്തിൽ വീണൊഴുകിനടക്കുന്ന ഇലയാവും. ഒഴുകിയൊഴുകി, ചുറ്റുപാടും കണ്ടാസ്വദിച്ച് ജീവിക്കും. തിരക്കുള്ളപ്പോൾ, കടലിലേക്ക് പോകുന്ന പുഴയിൽ വീണ ഇലയെപ്പോലെ. ഒന്നും കണ്ടുനിൽക്കാനോ നോക്കാനോ സമയം കിട്ടില്ല. ഒക്കെയങ്ങ് വേഗത്തിൽ കടന്നുപോകും. കാഴ്ചകളും അനുഭവങ്ങളും നല്ലതാണെങ്കിൽ കുളത്തിൽക്കിടക്കുന്നത് നല്ലതുതന്നെ. അല്ലെങ്കിൽ ഒന്നുമറിയാതെ ഒഴുകുന്നതാവും നല്ലത്.

വീട്ടുകാരൊക്കെക്കൂടെ ഒത്തുകൂടിയപ്പോ, കസിൻസിന്റെ കൂടെ ചിരിച്ച് ചിരിച്ച് മരിച്ചു. കൂടെ കുട്ടികളുടെ കളിയും ബഹളവും. ഇതെന്താ കഥ ന്ന് കുറച്ചുംകൂടെ മുതിർന്നവർ ചോദിക്കുമ്പോഴാണ്, ഞങ്ങളൊന്നും കുട്ടികളല്ലെന്ന ബോധത്തിലേക്ക് തിരിച്ചുവരുക. കുറേക്കാലം കൂടി കാണുന്നവർക്കാണെങ്കിൽ, വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇത്തവണ ഞങ്ങളെല്ലാം കൂടെ ഒരു ദിവസം ചിരിച്ചത്രയും എല്ലാരും കൂടെ എത്രദിവസം ചിരിച്ചാലും എത്തില്ല. ചക്ക നുറുക്കലും, അപ്പമുണ്ടാക്കലും ചിരിക്കിടയിൽ തീർന്നുകിട്ടി. തിന്നലിന്റെ കാര്യം പറയാത്തതാവും നല്ലത്. ശിവരാത്രി പോലെ, തിരുവാതിര പോലെ ഒരുദിവസം കൂടെ ഉറങ്ങാതെ ഇരുണ്ടു വെളുത്തു.

പിന്നെ ചെറിയൊരു യാത്രയ്ക്കിടയിൽ ഇത്തവണ നല്ലൊരു കാര്യമുണ്ടായി. എപ്പോഴും മോശം കാര്യമൊന്നും ഉണ്ടാവാറില്ല. ചിലതൊക്കെ സാധാരണ യാത്രകൾ. എന്നാലും പലതിലും രസകരമായ അനുഭവങ്ങളുണ്ടാകും. പണ്ടൊരിക്കൽ, വിശന്നവൻ കൈനീട്ടിയപ്പോൾ കൊടുക്കാതിരുന്നിട്ട്, ട്രെയിനിൽ കയറി തട്ടിപ്പിടിച്ചെടുത്തത്, ബ്ലോഗിൽ എഴുതിയിരുന്നു. ഇത്തവണ, നല്ല തിരക്കായിരുന്നു. കാലുകുത്താൻ പോലും സ്ഥലമില്ലാത്ത കമ്പാർട്ട്മെന്റ്. അവധിക്കാലം ആയതുതന്നെ കാരണം. എങ്ങനെയൊക്കെയോ സീറ്റൊക്കെ ഒപ്പിച്ചെടുത്തു. അതിനിടയ്ക്ക് പഴമ്പൊരി കണ്ടപ്പോൾ വേണമെന്ന് തോന്നി. ചേട്ടൻ വാങ്ങുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു ചെറിയ പെൺകുട്ടി, എല്ലാവരുടെ മുന്നിലും കൈയും നീട്ടിവന്നത്. എന്റെ മുന്നിൽ വന്ന്, തിന്നാൻ വേണംന്ന് ആംഗ്യം കാണിച്ചു. എന്റെ കൈയിൽ ബാഗുപോലും കാണാത്തതുകൊണ്ട് മുന്നോട്ട് കടന്നുപോയി. തിരക്കിൽ, കൈ തന്നെ ഒന്ന് മാറ്റിവച്ചാലോന്ന് വിചാരിക്കുമ്പോഴാണോ ബാഗും കൂടെ പിടിക്കേണ്ടത്! ചേട്ടന്റെ കൈയിൽ കിട്ടിയ പഴമ്പൊരിയിൽ നിന്ന് വലിച്ചെടുത്ത്, തിരക്കിൽ, കുട്ടിയെ തോണ്ടിവിളിച്ച് കൊടുത്തു. എനിക്കെന്തോ, പഴയ കടം വീട്ടിയതുപോലെ തോന്നി. ഭക്ഷണം ഇല്ലായിരുന്നെങ്കിൽ, പൈസ കൊടുക്കേണ്ടിവരും, പലപ്പോഴും. ശരിക്കും, അങ്ങനെ ചെയ്യരുത്. കൊച്ചുകുട്ടികളുടെ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്. പക്ഷെ, അതൊക്കെ വെറുതേ മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കും. കൈനീട്ടുമ്പോൾ കൊടുത്തുപോകും. പഴമ്പൊരിയ്ക്ക് നല്ല സ്വാദായിരുന്നു.

ഒരു വൃദ്ധൻ പതിവായി വീട്ടിൽ ഭിക്ഷയ്ക്കു വരുമായിരുന്നു. കുറച്ചൊന്നും പോര. നല്ല പൈസ തന്നെ വേണം. എപ്പോ ചോദിച്ചാലും മോളുടെ കല്യാണമാണ്, പൈസ തന്നെ വേണമെന്ന് പറയും. പറഞ്ഞ് പറഞ്ഞ് എട്ടോ പത്തോ മക്കളുടെ കല്യാണത്തിനു വാങ്ങികൊണ്ടുപോയി. പറഞ്ഞപ്പോൾ, അയ‌ൽ‌വക്കത്തെ ചേച്ചി പറഞ്ഞു “മക്കളും മരുമക്കളുമൊന്നുമില്ല. വെറുതേ പറയുന്നതാ.” എന്ന്. അവർക്കറിയാമായിരുന്നെന്ന് തോന്നുന്നു. അല്ലെങ്കിലും മക്കളുടെ കാര്യം പറഞ്ഞത് തട്ടിപ്പാണെന്ന് ഞങ്ങൾക്കും അറിയാമായിരുന്നു. ആലോചിക്കുമ്പോൾ തോന്നുന്നത്, നമ്മളൊക്കെ എത്ര നല്ല നിലയിലാണെന്ന്. കൈനീട്ടാതെ, വെട്ടിവിഴുങ്ങുന്നുണ്ടല്ലോ, മൂന്നും നാലും നേരം.

അക്ഷയതൃതീയ പിന്നേം വരുന്നുണ്ട്. മാന്ദ്യം എത്രത്തോളമുണ്ടെന്നറിയാൻ, ആഭരണക്കടയുടെ മുന്നിലേക്കൊന്ന് വെറുതേ നോക്കിയാൽ മതി. ഉള്ളിലേക്ക് കാണാൻ പറ്റില്ല, തിരക്കുകൊണ്ട്. മാന്ദ്യം തന്നെ മാന്ദ്യം! നീയെന്തിനാ മടിച്ചുനിൽക്കുന്നത് എന്നാണ് ഇവിടെ ചോദിച്ചത്. ശരിയാണ്. പക്ഷേ, എന്തിനാ കുറേ സ്വർണ്ണം. എല്ലാം ആവശ്യത്തിനേ പാടുള്ളൂ. ഞാൻ തന്നെ ചിലപ്പോൾ ഇത് മാറ്റിയും പറയും. കുറച്ചുവാങ്ങിവെച്ചാൽ, പിന്നെ വിറ്റ് കാശാക്കാമല്ലോ.

പുസ്തകങ്ങൾ കുറച്ചുവാങ്ങി. വായിച്ചു, വായിക്കുന്നു, വായിക്കും, വായിച്ചേക്കാം, എന്ന സ്ഥിതിയിലാണ്.

ഇന്ന് ഐ പി എല്ലിൽ ഷാരൂഖ്ഖാന്റെ ടീം ആണ് കളിക്കുന്നത്. ;)

പിന്നെന്ത്? എന്തൊക്കെയോ ഉണ്ട്. പിന്നേം എഴുതാമല്ലോ.

ചിന്തിക്കേണ്ടത്:-

പാലി:- യോ സഹസ്സം സഹസ്സേന സംഗാമേ മാനുസേ ജിനേ
ഏകം ചഃ ജേയ്യ മത്താനം സ വേ സംഗാമജൂത്തമോ

അതായത്

സംസ്കൃതം :- യഃ സഹസ്രം സഹസ്രേണ സംഗ്രാമേ മാനുഷാൻ ജയേൽ
ഏകം ച ജയേദാത്മാനം സ വൈ സംഗ്രാമജിദുത്തമഃ

ആയിരമായിരം (പത്തുലക്ഷം) മനുഷ്യരെ യുദ്ധത്തിൽ ജയിച്ചവനേക്കാൾ തന്നെത്താൻ ജയിച്ചവനാകുന്നു അധികം ശ്രേഷ്ഠൻ.

എന്ന് ശ്രീബുദ്ധൻ.

ഒക്കെ, പുസ്തകത്തിൽ മലയാളത്തിലായതുകൊണ്ട്, എനിക്കെഴുതാൻ പറ്റി.

Labels:

15 Comments:

Blogger അല്‍ഭുത കുട്ടി said...

എന്തെങ്കിലും ഒക്കെ എഴുതി വിട് എന്റെ ഏച്ചീ.

Thu Apr 23, 11:18:00 pm IST  
Blogger സു | Su said...

അങ്ങനെ ചെയ്യാം കേട്ടോ അൽഭുത അനിയൻ കുട്ടീ.

:)

Fri Apr 24, 10:08:00 am IST  
Blogger Rare Rose said...

അങ്ങനെയങ്ങനെ കടന്നു പോകുന്നത് വായിക്കാന്‍ നല്ല രസമുണ്ടാരുന്നു..:)

Fri Apr 24, 12:15:00 pm IST  
Blogger സു | Su said...

റെയർ റോസ് :) കുറേ നാളായല്ലോ കണ്ടിട്ട്. വായിക്കാൻ വന്നതിൽ നന്ദിട്ടോ.

Fri Apr 24, 01:49:00 pm IST  
Blogger കെ.കെ.എസ് said...

പിന്നെന്ത്? എന്തൊക്കെയോ ഉണ്ട്. പിന്നേം എഴുതാമല്ലോ. എഴുതണം .ആശംസകൾ.

Fri Apr 24, 07:21:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചക്ക നുറുക്കലിന്റെ കാര്യമൊക്കെ പറഞ്ഞപ്പോ...

ഇവിടെ ചക്ക കിട്ടാന്‍ ഞാന്‍ തേടാത്ത സ്ഥലങ്ങളില്ല. ഒടുവില്‍ ഇന്നലെ ഇടിച്ചക്കക്കഷ്ണം ഒപ്പിച്ചെടുത്തു. ഇന്നത് തോരന്‍ വെയ്ക്കാ :)

Fri Apr 24, 08:15:00 pm IST  
Blogger ബാജി ഓടംവേലി said...

"കുറച്ചുദിവസങ്ങളായിട്ട് തിരക്കാണ്. കാര്യമായിട്ടുള്ളതല്ലെങ്കിലും തിരക്ക്, തിരക്ക് തന്നെ. ഒഴുക്കില്‍പ്പെട്ടപോലെയങ്ങനെ പോകും."
തുടക്കം നന്നായിരിക്കുന്നു...

Fri Apr 24, 08:42:00 pm IST  
Blogger ആത്മ/പിയ said...

സൂജീ,
ഇന്നലെ പോയി രാഷ്ട്രീയം കസറുന്നത് കണ്ടു!
ഉങ്കളുക്ക് വഴങ്കാത്തത് ഒന്നുമേ ഇല്ലിയാ? (തമിഴ്,തമിഴ്!) :)

Sat Apr 25, 08:33:00 am IST  
Blogger വല്യമ്മായി said...

ഞങ്ങളും അങ്ങനെയാ,കസിന്‍സൊക്കെ കൂടിയാ ആണുങ്ങളെയൊക്കെ പുറത്താക്കി എല്ലാരും ഒരു മുറിയില്‍ കൂടും എന്നിട്ട് വര്‍ത്തമാനം പറഞ്ഞ് നേരം വെളുപ്പിക്കും.

നെയി സേക്ക് പച്ചാനാടെ ലൈബ്രറിയില്‍ നിന്നെടുത്തത് രണ്ടാഴ്ചയായിട്ടും വായിച്ച് തീര്‍ന്നില്ല,അതുകൊണ്ട് പുതിയ പുസ്തകങ്ങളുടെ ഭാഗത്തേക്ക് നോക്കുന്നില്ല ;)

Sat Apr 25, 09:52:00 am IST  
Blogger സു | Su said...

കെ. കെ. എസ്. :) ആശംസകൾക്ക് നന്ദി. എഴുതാൻ കഴിയുന്നതുപോലെ എപ്പോഴും എഴുതണമെന്ന് ആഗ്രഹം.

പ്രിയ :) അവിടെയൊക്കെ ചക്കയൊക്കെ വല്ലപ്പോഴും കിട്ടും എന്നതുതന്നെ വല്യ കാര്യമല്ലേ. ഒരു ചക്കക്കാലത്ത് നാട്ടിലേക്കു വന്നൂടേ?

ബാജി :) കുറേയായല്ലോ കണ്ടിട്ട്.

ആത്മേച്ചീ :) നമുക്കറിയാവുന്നതു പറയുന്നതിൽ തെറ്റൊന്നുമില്ലല്ലോ. തമിഴ് കൊഞ്ചം കൊഞ്ചമേ തെരിയൂ. ഞാൻ മലയാളി തന്നെയാണുട്ടോ.

വല്യമ്മായീ :) ഞാൻ കുറച്ചെണ്ണം വാങ്ങി. കവിതകളും കഥകളും. അഷിതയുടെ കഥ - ചെറുകഥകൾ- വായിച്ചു തീർത്തു.

Sat Apr 25, 10:08:00 am IST  
Blogger smitha adharsh said...

'അങ്ങനെയങ്ങനെ' ഇഷ്ടായി..

Sat Apr 25, 07:18:00 pm IST  
Blogger ചീര I Cheera said...

സൂ...
കുറേ ദിവസായി വന്നു നോക്കീട്ട്‌.
അപ്പോൾ കസിൻസുമായി ചിരിച്ചുാർമ്മാദിച്ചു അല്ലേ, ഉം. (അസൂയ,അസൂയ) :)
പിന്നെ ആ അവസാനം പറഞ്ഞതുണ്ടല്ലോ, ശ്രീ ബുദ്ധൻ പറഞ്ഞത്‌; പണ്ടെപ്പൊഴോ കേട്ടിട്ടുണ്ട്‌, പക്ഷേ-അതിന്റെ അർത്ഥം ഇപ്പോ കുറേശ്ശെ മനസ്സിലായിവരുന്നു...

Sat Apr 25, 08:40:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ ഞാന്‍ ഒന്നരവയസ്സില്‍ പാലിയിലായിരുന്നു സംസാരിച്ചിരുന്നതെന്നു തോന്നുന്നു :)

Sat Apr 25, 09:37:00 pm IST  
Blogger സു | Su said...

സ്മിത :)

പി. ആർ. :) തിരക്കിലാണല്ലേ? അർത്ഥം കുറച്ചെങ്കിലും മനസ്സിലാവുന്നുണ്ടല്ലോ. അതുതന്നെ വല്യ കാര്യം.

പണിക്കർ ജീ :) ആയിരിക്കും. ഇതൊക്കെയാണോ പറഞ്ഞത്? ഇങ്ങനെയൊക്കെയാവും വീട്ടുകാർ കേട്ടത് അല്ലേ?

Sun Apr 26, 11:42:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

:))
നാട്ടില്‍ പോയിരുന്നു. പോസ്റ്റുകള്‍ ഒക്കെ വായിച്ചു വരുന്നേ ഉള്ളു. ഇവിടെ പിടിപ്പതു പണി.

ഞാനും കുറച്ചു പുസ്തകങ്ങള്‍ വാങ്ങി...

Mon Apr 27, 05:46:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home