സാരി
രാംലാലിന്റെ ഭാര്യയ്ക്ക് പൊള്ളലേറ്റ് ആശുപത്രിയിൽ ആണെന്ന് ഭർത്താവ് വിളിച്ചുപറയുമ്പോൾ, ശ്രുതിയുടെ കൂടെ സാരിക്കടയിൽ പോകാൻ ഏതു സാരിയുടുക്കണം എന്നുമാലോചിച്ച് അലമാരയിലെ വസ്ത്രങ്ങളിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ. നീ തനിയേ വരില്ലേ എന്നു ചോദിച്ചപ്പോൾ, ഷോപ്പിംഗിന്റെ കാര്യം അവൾ മിണ്ടിയില്ല. വന്നോളാം എന്നുമാത്രം പറഞ്ഞു. രാംലാൽ അവരുടെ പഴയ ഡ്രൈവർ ആയിരുന്നു. അവളുടെ ഭർത്താവിന്റെ കമ്പനിയിലെ ഡ്രൈവർ ആയി ജോലി കിട്ടിയപ്പോൾ അതായിരിക്കും കൂടുതൽ നല്ലതെന്ന് പറഞ്ഞ് അവനെ പറഞ്ഞയയ്ക്കുകയാണുണ്ടായത്. അവന്റെ ഭാര്യയായിരുന്നു, കുട്ടികൾ കുറച്ചുവലുതാവുന്നതുവരെ നോക്കിയിരുന്നത്. ഇടയ്ക്കൊക്കെ വന്ന് കുശലമന്വേഷിക്കും. എന്തെങ്കിലും പാർട്ടിയോ ആഘോഷങ്ങളോ ഉണ്ടാവുമ്പോൾ സഹായിക്കാനും വരും. കഴിഞ്ഞയാഴ്ചയാണ് വന്ന് കുറച്ചുനേരം ജോലിയൊക്കെ ചെയ്തിട്ടുപോയത്. ജോലിക്കാരി രണ്ടു ദിവസത്തെ ലീവിൽ ആയിരുന്നതിനാൽ ഒന്നും സഹായിക്കാനില്ലെന്ന് പറഞ്ഞുമില്ല. അവൾക്കൊരു നല്ല സാരി കൊടുത്തിരുന്നു.
സാരി നല്ലതുതന്നെ ആയിരുന്നു. അവർ ഉത്തരേന്ത്യ സന്ദർശിക്കാൻ പോയപ്പോൾ അവൾക്കിഷ്ടപ്പെട്ട നിറത്തിൽ മനസ്സിന് ഇഷ്ടപ്പെട്ടൊരു സാരി. അധികം ഉടുക്കാൻ പറ്റിയില്ല. ഭാഗ്യം കെട്ടൊരു സാരി. ആദ്യത്തെ പ്രാവശ്യം കാറിന്റെ വാതിലടച്ചപ്പോൾ അതിനു പുറമേയ്ക്ക് പോകുകയും, വാതിൽ തുറന്ന് വീണ്ടുമടച്ചപ്പോൾ അവളുടെ കൈ വാതിലിനു മുട്ടുകയും വേദനിക്കുകയും ചെയ്തു. അമ്മേടെ സാരീടെ ഒരു നീളം എന്നു കുട്ടികൾ പറഞ്ഞു. അതിനു നീളം കൂടുതലാണെന്ന് കൂട്ടുകാരികൾ പലരും നോക്കിയിട്ട് പറഞ്ഞു. ബ്ലൗസിനുള്ള തുണി വെട്ടിയെടുക്കാഞ്ഞതിൽ അവൾക്ക് വിഷമവും തോന്നിയിരുന്നു. പിന്നെയൊരിക്കൽ ലിഫ്റ്റിൽ നിന്നിറങ്ങിയപ്പോൾ സാരിയുടെ തുമ്പ് ചവിട്ടിപ്പോയി അവൾ വീഴാൻ പോവുകയും ചെയ്തു. ഒരുങ്ങിയിറങ്ങി നടക്കുമ്പോൾ വീഴാൻ പോയപ്പോൾ മനസ്സിന്റെയൊരു ആന്തൽ ഇപ്പോഴും അവൾക്ക് അതോർമ്മിക്കുമ്പോൾ അനുഭവപ്പെടും. ഏറ്റവും അപകടം ഉണ്ടായത്, ഷോപ്പിംഗ് മാളിലെ കോണിപ്പടികൾ ഇറങ്ങുമ്പോഴാണ്. കൂട്ടുകാരികൾക്കൊപ്പം കളിച്ചുചിരിച്ച് ഇറങ്ങുമ്പോൾ, പെട്ടെന്ന് പിന്നിൽ നിന്ന് സാരിയുടെതുമ്പിൽ ആരോ ചവിട്ടുകയും അവൾ വീണ് മൂന്നാലുപടികൾ ഉരുണ്ടുപോവുകയും ചെയ്തു. അതോടെ ഇഷ്ടപ്പെട്ട് വാങ്ങിയ സാരി അലമാരയ്ക്കുള്ളിൽ കിടന്നു.
രാംലാലിന്റെ ഭാര്യയ്ക്ക് കൊടുക്കാൻ ഒരു സാരി നോക്കിയപ്പോഴാണ് ഈ സാരി കണ്ടത്. ഇനിയും അപകടങ്ങൾ വിളിച്ചുവരുത്തേണ്ടെന്നുള്ള മനസ്സിന്റെ താക്കീതുമൂലം ആ സാരി അവൾക്ക് കൊടുത്തു. മൂന്നുനാലുദിവസം ആ വിഷമം കൂടെയുണ്ടായിരുന്നു. അവൾ അതുംകൊണ്ട് പോയിട്ട് നാലഞ്ച് ദിവസമേ ആയുള്ളൂ.
“ശ്രുതീ”
“എന്താ? ഇറങ്ങിയോ?”
“ഞാനിന്ന് വരുന്നില്ല. രാംലാലിന്റെ ഭാര്യയില്ലേ? അവൾക്ക് പൊള്ളലേറ്റ് ആശുപത്രിയിലാ. ഒന്നു പോയി നോക്കണം. ഇനിയൊരിക്കൽ പോകാം.”
“ഞാനവിടെ ഡ്രോപ് ചെയ്താല്‍പ്പോരേ? ഷോപ്പിംഗ് കഴിഞ്ഞിട്ട് പോകാം.”
“വേണ്ട. ഇന്ന് പോകാൻ തോന്നുന്നില്ല. സോറി.”
“എന്നാൽ ശരി. ഞാൻ ഡ്രൈവാഷ് ചെയ്യാൻ കൊടുത്തതൊക്കെ വാങ്ങീട്ട് വരാം. എന്തായാലും പുറപ്പെട്ടു. ഞാൻ കൂടെ വരണോ?”
“വേണ്ട. ഞാൻ പോയ്ക്കോളാം. നാളെ വിളിക്കാം.”
“ബൈ.”
ഓട്ടോ കിട്ടാൻ കാത്തുനിന്നപ്പോൾ, വന്നോളാം എന്നു പറയേണ്ടതില്ലായിരുന്നെന്ന് അവൾക്ക് തോന്നി. വന്നിട്ട് രണ്ടുപേർക്കും കൂടെ പോകാം എന്നു പറഞ്ഞാൽ മതിയായിരുന്നു.
എത്തിയപ്പോൾ ഭർത്താവ് അവിടെ നില്‍പ്പുണ്ട്.
“ഒന്നും പേടിക്കാനില്ല. കുറച്ചേ പൊള്ളിയുള്ളൂ. പെട്ടെന്ന് ഇവിടെ എത്തിച്ചു.”
അവൾ മുറിയിലേക്ക് ചെന്നപ്പോൾ രണ്ടു സ്ത്രീകൾ നില്‍പ്പുണ്ട്. രാംലാലും. അവരൊക്കെ ഒരുവശത്തേക്ക് മാറിനിന്നു.
“ഒന്നുമില്ല മാഡം. ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല.” രാംലാൽ പറഞ്ഞു.
അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു.
“വീട്ടിൽ വർഷത്തിലൊരിക്കൽ പതിവുള്ള പൂജയിലായിരുന്നു. ചെരാതുകൾ ഉണ്ടായിരുന്നു, നിറയെ. കത്തിച്ചുവെച്ചിട്ട്. തിരക്കിൽ എന്തൊക്കെയോ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ സാരിയുടെ തുമ്പിൽ തീ പിടിച്ചു. കാലിന്റെ അടുത്ത് പൊള്ളിയപ്പോഴേക്കും എങ്ങനെയൊക്കെയോ എല്ലാരും കൂടെ കെടുത്തി. അതുകൊണ്ട് വലുതായൊന്നും പറ്റിയില്ല. മാഡം തന്ന സാരിയ്ക്ക് കുറേ നീളമുണ്ടായിരുന്നു. അതുകൊണ്ട് അതിന്റെ തുമ്പത്ത് തീ പിടിച്ച് ശരീരത്തിലേക്ക് എത്തിയപ്പോഴേക്കും അറിഞ്ഞുകെടുത്താൻ കഴിഞ്ഞു. അല്ലെങ്കിൽ ചിലപ്പോൾ...ആ സാരിയാണ് ഭാഗ്യമായത്.”
അവൾ ഒന്നും പറഞ്ഞില്ല. കുറച്ചുനേരം കൂടെ അവിടെ നിന്നിട്ട് പോരാൻ നേരം കുറച്ചുവാക്കുകൾ പറഞ്ഞു ഇറങ്ങി.
വീട്ടിലേക്കുള്ള യാത്രയിൽ ഭർത്താവ് പറഞ്ഞതൊന്നും അവൾ കേട്ടില്ല. ഭാഗ്യമില്ലാത്ത സാരി, ഭാഗ്യം കൊണ്ടുവന്നതിനെക്കുറിച്ചാണ് അവൾ ചിന്തിച്ചത്. ചിലർക്ക് ചിലത് ഭാഗ്യം. ചിലത് ഭാഗ്യക്കേട്.
പിറ്റേ ദിവസം നേരം കിട്ടിയപ്പോൾ, അവൾ രണ്ടുസാരിയും രണ്ട് ബെഡ് ഷീറ്റുകളും എടുത്തുവെച്ചു. രാംലാലിന്റെ ഭാര്യയ്ക്കു കൊടുക്കാൻ.
ഷോപ്പിംഗിനു തയ്യാറായി വന്ന ശ്രുതിയെ കണ്ടപ്പോൾ അവൾ ഇന്നലത്തെ കാര്യമെല്ലാം പറഞ്ഞു.
“ഓരോരോ വിചിത്രമായ കാര്യങ്ങൾ അല്ലേ?” ശ്രുതി ചോദിച്ചു.
അവളും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.
Labels: കഥ
18 Comments:
നാകിന്റെ നീളമാണ് സാദാരണ പെണ്ണുങ്ങളെ ഫയ്മസ് ആക്കുന്നത്
ഇവിടെ പക്ഷെ സാരി ...!
കൊള്ളാം ട്ടോ :)
ഒരല്പം അന്ധവിശ്വസത്തെ കൂട്ടു പിടിച്ചോ സൂ..................
അതോ ധാനശീലത്തെ എടുത്തു കാട്ടിയതോ.........കൊള്ളാം..........
എവിടെപ്പോയിരുന്നു ഇത്രനാള്‍?!
നല്ല 'കഥ'. കലാകൌമുദിയിലും മാതൃഭൂമിയിലുമൊക്കെ വായിക്കുന്ന കഥകള്‍ പൊലെ തോന്നി.
അഭിനന്ദനങ്ങള്‍!
" ഭാഗ്യമില്ലാത്ത സാരി, ഭാഗ്യം കൊണ്ടുവന്നതിനെക്കുറിച്ചാണ് അവൾ ചിന്തിച്ചത്. ചിലർക്ക് ചിലത് ഭാഗ്യം. ചിലത് ഭാഗ്യക്കേട്. "
ഭാഗ്യം/നിര്‍ഭാഗ്യം കൊണ്ട്വരുന്നു എന്നതിനെക്കാള്‍ അവയെ ഓരോരുത്തരും എങ്ങനെ കാണുന്നു എന്നതും ആവില്ലേ. (സാരിയുടെ നിര്‍ഭാഗ്യത്തിന്റെ കഥ വായിച്ച ഞാന്‍ ആദ്യം തന്നെ മനസ്സില്‍ കണ്ടത് ആ സാരി അവര്‍ക്കും നിര്‍ഭാഗ്യം കൊണ്ട് വന്നു എന്നു തന്നെ. വലിയൊരപകടത്തില്‍ നിന്നു രക്ഷപെട്ടു എന്നല്ല. സു പറയാന്‍ ഉദ്ദേശിച്ചതും അതായിരുന്നോ? :)
സാബിത്തേ :) അങ്ങനെയാണോ?
കണ്ണനുണ്ണീ :)
കുമാരൻ :)
നറുതേൻ :) ദാനശീലം. ധാനശീലമല്ല.
ആത്മേച്ചീ :) തിരക്കോടുതിരക്ക്. ആത്മേച്ചിയ്ക്ക് കഥ ഇഷ്ടമായതിൽ സന്തോഷം.
പ്രിയ :) അതുകൊണ്ടാണ് അവൾ രക്ഷപ്പെട്ടതെന്നു പറയുമ്പോൾ രണ്ടു ഭാഗവും ചിന്തിക്കാം. ഒരു ഭാഗത്തുനിന്ന് നിർഭാഗ്യമെന്നും, അവളുടെ തോന്നലിൽ നിന്ന് ഭാഗ്യമെന്നും. ഇതുമാത്രമല്ല. എല്ലാ കാര്യവും ആൾക്കാർ എങ്ങനെയെടുക്കുന്നു എന്നതിൽ തന്നെ.
എല്ലാർക്കും നന്ദി.
ചാത്തനേറ്: പിന്നേ സാരിയ്ക്ക് തീ പിടിച്ചാല്‍ ആമമാര്‍ക്ക് കൊതുകുതിരി കത്തുന്നപോലെയല്ലേ കത്തുക! - സാരിയെ നിര്‍ബന്ധിച്ച് ഈ കഥയിലെ കഥാപാത്രമാക്കിയപോലെയുണ്ട്.
നല്ല കഥ. ഇതിനു മുമ്പത്തെ മാധവിക്കുട്ടിയെ പറ്റിയുള്ള പോസ്റ്റ്-ഉം നന്ന്.
എനിക്കിഷ്ടായി ഈ കഥ-ഞാനോര്‍ത്തു ശ്രുതി ഷോപ്പിംഗ് നു പോകും എന്ന്..പോകാഞ്ഞത് കൊണ്ട്, കൂടുതല്‍ ഇഷ്ടായി..
കാര്‍ കിട്ടിയില്ല . ഇനീം ഒരു മാസം കൂടെ :(
സൂ, ഓര്‍മ്മയുണ്ടോ? ഞാന്‍ താര. ഒരുപാട് നാളത്തെ ഇടവേളക്കു ശേഷമാണീ വരവ്. കഥ നന്നായിരിക്കുന്നു. നീളമുള്ള സാരി കൊണ്ട് പലതുണ്ട് ഉപയോഗം. കൂടുതലുള്ളത് വെട്ടി മോള്‍ക്കൊരു പാവാടയോ ബ്ലൌസ്സോ തയിച്ചൂടെ?;)
കുട്ടിച്ചാത്തൻ :) അതേയതെ. കഥാപാത്രങ്ങൾക്ക് ക്ഷാമം വന്നപ്പോ സാരിയെ നിർബ്ബന്ധിച്ചു. ;)
രാജി :) സ്വാഗതം. നന്ദി.
മേരിക്കുട്ടീ :)
ബട്ടർഫ്ലൈ :) താരയെന്താ രൂപം മാറി വന്നത്? കുറേക്കാലം എവിടെ പോയിരുന്നു? മറന്നൊന്നും പോവില്ല ആരേയും.
ചേച്ചീ, നല്ല കഥ.. ലളിതം, സുന്ദരം..
കുറെ കാലമായല്ലോ ഈ പച്ഞായത്തില് ഒന്നും ഇല്ലയിരുന്നോ ?
കൊള്ളാം നല്ല എഴുത്ത് മനോഹരം
കഥ ഇഷ്ടമായി, സൂവേച്ചീ.
ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിര്‍ഭാഗ്യം എന്നതിനേക്കാള്‍ ഓരോരുത്തരും ഒരു കാര്യത്തെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം എന്ന് തോന്നുന്നു.
എന്റെ ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയപ്പോള്‍ എല്ലാവരും അവനോട് ചിലവ് ചോദിച്ചു. പക്ഷേ, അവനത് കാര്യമാക്കിയതേയില്ല. പക്ഷേ, തൊട്ടടുത്ത ആഴ്ച അതേ ബൈക്കില്‍ നിന്നും വീണ് ചെറിയ പരിക്കെല്ലാം പറ്റിയ ശേഷം തിരിച്ച് വന്ന് അവന് എല്ലാവര്ക്കും ചെറിയ രീതിയില്‍ ട്രീറ്റ് ചെയ്തു. ‘ബൈക്ക് വാങ്ങിയതിന്റെ ചിലവാണോ’ എന്ന് ചോദിച്ചവരോട് അവന് പറഞ്ഞത് ഇതാണ്
“ബൈക്ക് വാങ്ങിയതിന് എന്തിനാ ചിലവ്? ഇത് അതിനല്ല. ഈ അപകടം പറ്റിയിട്ടും എനിയ്ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ലല്ലോ. അതിന്റെ സന്തോഷത്തിനാണ്” എന്ന്.
പോസിറ്റീവ് തിങ്കിങ്ങ്!
:)
ബാലു :)
പാവപ്പെട്ടവൻ :) കുറച്ചു തിരക്കിലായിരുന്നു. നന്ദി.
ശ്രീ :) പല അവസരങ്ങളിലും, ഇതിനേക്കാളും വലുത് സംഭവിക്കാമായിരുന്നു എന്നു തോന്നിക്കിട്ടിയാൽ രക്ഷപ്പെട്ടു.
നെഗേറ്റെവ് തിങ്കിങ്ങിലൂടെ പോസിറ്റീവ് തിങ്കിങ്ങിലേക്ക് പുരോഗമിക്കുന്ന ഈ കഥ ഇഷ്ടപെട്ടു.ഒപ്പം ശ്രീയുടെ കമന്റും.
ഞാന്‍ കരുതി സാരിത്തുമ്പിന് നീളം കൂടിയതുകൊണ്ടാണ് തീ പിടിച്ചതെന്ന്. വായിച്ചുവന്നപ്പോള്‍ സംഗതി മാറിപ്പോയി, നീളമുള്ള സാരിത്തുമ്പ് രക്ഷിച്ചു. :-)
അരീക്കോടൻ :) നന്ദി.
ബിന്ദൂ :)
Post a Comment
Subscribe to Post Comments [Atom]
<< Home