Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, July 06, 2009

ഇന്ത്യ എന്റെ രാജ്യമാണ്

“ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.”

ഇന്ത്യയിലെ നിരത്തുകൾ എന്റെ സ്വന്തമാണ്. നിരത്തിനു നടുവിലേക്ക് ഞാൻ മുറുക്കിത്തുപ്പും, മൂക്കു കറക്കും, വെറുതേ തുപ്പും, തിന്നുകഴിഞ്ഞ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ കടലാസ് വലിച്ചെറിയും, പഴത്തിന്റെ തോലെറിയും, നിലക്കടലയുടെ തോല് ഊതിപ്പറപ്പിക്കും. സഹോദരീസഹോദരന്മാരുടെ വീട്ടുമതിലോ, വേറെ ഏതെങ്കിലും മതിലോ കണ്ടാൽ, അവിടേക്ക് മാറിനിന്ന് മൂത്രമൊഴിക്കും. വൃത്തിയായിക്കിടക്കുന്ന മതിലിൽ വെറുതേ ഒരു രസത്തിന് എന്തെങ്കിലും എഴുതിയിടും, മരമോ ചെടിയോ നിരത്തുവക്കിൽ നിൽക്കുന്നതുകണ്ടാൽ, അതിന്റെ കൊമ്പൊടിച്ച് റോഡിലിടും. റോഡിലെ കുഴിയിൽ വെള്ളം കണ്ടാൽ, അതിൽ വാഹനം കയറ്റി, സൈഡിൽ പോകുന്നവരെ കുളിപ്പിച്ച് ആനന്ദിക്കും. നടന്നുപോകുകയാണെങ്കിൽ, നിരത്തിലെ കുഴിയിൽനിന്ന് ഒരുകല്ലുകൂടെ എടുത്ത് നിരത്തിൽ വയ്ക്കും. നിറുത്തിയിട്ടിരിക്കുന്ന, സഹോദരീസഹോദരന്മാരുടെ വാഹനങ്ങളുടെ ചില്ലിൽ വരയ്ക്കുകയും എഴുതുകയും ചെയ്യും. കണ്ണാടിയുടെ സ്റ്റാൻഡ് പിടിച്ചൊടിച്ച് തിരിച്ചുകളിക്കും. അതൊക്കെ ഒരു രസമല്ലേ? ഏതെങ്കിലും ബോർഡുകൾ കാണുകയാണെങ്കിൽ അതിൽനിന്ന് ചില അക്ഷരങ്ങൾ ഉരച്ചുമായ്ച്ചുകളയും.

റെയിൽ‌വേസ്റ്റേഷൻ, തീവണ്ടി, ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലെ മൂത്രപ്പുരകളിൽ കയറിയാൽ, അവിടെയൊന്നും വെള്ളമൊഴിച്ച് വൃത്തിയാക്കില്ല. പിറകെ വരുന്ന സഹോദരീസഹോദരന്മാർക്ക് ആ ജോലി കൊടുക്കും. ഇവിടങ്ങളിലെ ചുമരുകളിൽ പരമാവധി എഴുതിനിറയ്ക്കും. കൈയെഴുത്ത് അവിടെയൊക്കെ പതിക്കുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെ. ഹോട്ടലിൽ ഭക്ഷണം കഴിഞ്ഞ് കൈകഴുകിയാൽ ഒരൊറ്റ കുടയൽ ആണ്. സഹോദരീസഹോദരന്മാരുടെ മേലും അവർക്കുമുന്നിൽ വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും വെള്ളം ചെന്ന് വീഴും. അവർക്ക് നല്ല ക്ഷമയാണെന്ന് അറിയാമല്ലോ. പുകവലി പൊതുസ്ഥലങ്ങളിൽ നിരോധിച്ചിരിക്കുന്നുവത്രേ. ഒന്നു പോണം ഹേ. റെയിൽ‌വേ‌സ്റ്റേഷനിലെ ബെഞ്ചിൽ വണ്ടിവരുന്നതും കാത്തിരിക്കുമ്പോൾ ഒന്നു വലിച്ചാലെന്താ? അതിന്റെ പുക സഹോദരീസഹോദരന്മാരുടെ അടുത്തേക്ക് പോയാലെന്താ? അവർക്ക് നല്ല ക്ഷമയാണെന്നോർക്കണം. സ്നേഹവും. ഒന്നും പറയില്ല. ട്രെയിനിൽ പുകവലിക്കരുതെന്നേയുള്ളൂ. ട്രെയിൻ എവിടെയെങ്കിൽ ആളൊഴിഞ്ഞ സ്റ്റേഷനിൽ നിർത്തിയാൽ, പ്ലാറ്റ്ഫോമിൽ ഇറങ്ങിനിന്ന് ബീഡിയോ സിഗരറ്റോ കത്തിക്കും. പുക ട്രെയിനിൽ ഇരിക്കുന്ന സഹോദരീസഹോദരന്മാരുടെ മുഖത്തേക്കാണ് പോകുന്നതെന്നോർത്താല്‍പ്പോരേ? അവരെന്തു പറയാൻ? ഇനി ട്രെയിൻ പെട്ടെന്ന് വിട്ടാൽ, ചാടിക്കയറി വലിച്ചുകഴിഞ്ഞ്, കുറ്റി, വാഷ്ബേസിനിൽ ഇടണം. അല്ല പിന്നെ. ഇന്ത്യ എന്റെ രാജ്യമാണ്. ട്രെയിൻ എന്റെ രാജ്യത്തിന്റെയാണ്. വാഷ്ബേസിൻ ഉപയോഗിക്കേണ്ടത് എന്റെ സഹോദരീസഹോദരന്മാരാണ്. ഓർക്കണം. ച്യൂയിംഗം തിന്നു തുപ്പിയാൽ അതിന്റെ ബാക്കി ഏതെങ്കിലും ഒരു സഹോദരന്റെയോ സഹോദരിയുടേയോ ചെരുപ്പിന്റെ അടിയിൽ പറ്റും. ആലോചിച്ചാൽ ചിരി വരുന്ന കാര്യമല്ലേ? ബീച്ചുകളിൽ കുപ്പികൾ, ഭക്ഷണപ്പൊതികൾ തുടങ്ങിയ സകല വേസ്റ്റുകളും ഇട്ടിട്ടുപോരും. പിന്നീട് സന്ദർശിക്കാനെത്തുന്നത്, സഹോദരീസഹോദരന്മാരാണെന്ന് ഓർക്കണം. അവരൊന്നും വിചാരിക്കില്ല. വേസ്റ്റ് ഇടാൻ വെച്ച് പെട്ടിക്കു ചുറ്റും പരമാവധി ഇടും. അതിന്റെ ഉള്ളിലേക്കിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. അല്ലെങ്കിലും ഇതിനൊക്കെ ആർക്ക് നേരം.

ഇന്ത്യ എന്റെ രാജ്യമായതിൽ ഞാൻ അഭിമാനിക്കുന്നു. പാവം രാജ്യം. ഞാൻ വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ! ഹോ...ഓർക്കാൻ പോലും വയ്യ. വൃത്തികെട്ടവന്മാര്. ഒന്നു സൗകര്യമായി സ്വാതന്ത്ര്യത്തോടെ തുപ്പാനും തൂറാനും സമ്മതിക്കില്ല. ഫൈനടിച്ചുകളയും. ഇന്ത്യാരാജ്യത്തെ സഹോദരീസഹോദരന്മാരിൽ ആരെങ്കിലും ഒന്ന് പ്രതികരിച്ചാലോ, പിന്നെയൊരിക്കൽ അവനോ അവളോ പ്രതികരിക്കില്ല. പ്രതികരിക്കാൻ തോന്നില്ല.

ദൈവമേ നിനക്ക് നന്ദി. ഇന്ത്യ തന്നെ എന്റെ രാജ്യമാക്കിയതിന്!

Labels:

17 Comments:

Blogger ശ്രീ said...

അര്‍ത്ഥവത്തായ പോസ്റ്റ്. വേറെ ഒന്നും പറയാനില്ല.

Mon Jul 06, 11:51:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

ഇന്ത്യ എന്റെ സ്വന്തം രാജ്യം ..അവിടത്തെ ട്രെയിനിലെ ടോയ് ലറ്റില്‍ ഞാനല്ലാതെ വേറെ ആര് ചിത്രം വരയ്ക്കും , സാഹിത്യ രചന നടത്തും ?

Mon Jul 06, 03:25:00 pm IST  
Blogger Unknown said...

നല്ല പ്രതികരണം സു (ഇടയ്ക്ക് നടത്തിയ യാത്രകളുടെ സ്വാധീനമാണോ? )

Mon Jul 06, 06:18:00 pm IST  
Blogger Balu said...

ഇന്ത്യ എന്റെ രാജ്യം തന്നെയാണ്.. സഹോദരങ്ങള്‍ കുരുത്തക്കേട് കാണിക്കുമ്പോള്‍ തല്ലി നന്നാക്കേണ്ടവര്‍ അത് ചെയ്യാത്തത് കൊണ്ടല്ലേ ഈ അവസ്ഥ?

പാവം ഇന്ത്യ!

Mon Jul 06, 11:34:00 pm IST  
Blogger മുക്കുവന്‍ said...

hello mr Pravasi,

when you back home will you follow the same rules you follow other country? will teach your kid to do the same? I doubt! may be a week you will follow some of them.. later you will change back to normal :)

population is the basic trouble in india.

after katrina, did you see the behaviour of americans? its same as indian.. ie shortage of food/shelter/water and etc....

may be let us teach our kids not to behave like others in india while we visit 20 days out there!

Mon Jul 06, 11:58:00 pm IST  
Blogger സു | Su said...

ശ്രീ :)

മേരിക്കുട്ടീ :) അതുതന്നെ.

കുഞ്ഞൻസ് :) യാത്ര തന്നെ ആയിപ്പോയി. അതിലിടയ്ക്ക് എന്തൊക്കെ കാണണം!

ബാലു :) നമ്മളും നമ്മുടെ ചുറ്റുമുള്ളവരും ഇതൊക്കെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽത്തന്നെ കുറച്ച് നന്നാവും.

മുക്കുവൻ :) താങ്കൾ എന്തിനാണ് പ്രവാസികളോട് ഇതൊക്കെ ചോദിക്കുന്നത്? അവർ വിദേശത്തുള്ളതുപോലെത്തന്നെ ഇവിടെയും പെരുമാറാനാണ് സാദ്ധ്യത. അല്ലെങ്കിലും അവർക്കിതൊന്നും നോക്കാനും സമയം ഉണ്ടാവില്ല. ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യക്കാരിയായ എന്റെ യാത്രയ്ക്കിടയിൽ കിട്ടിയതാണിതൊക്കെ. പറയാറുണ്ട് ഞാൻ കുട്ടികളോട്. നമ്മുടെ രാജ്യം നമ്മൾ വൃത്തിയാക്കിവെക്കണംന്ന്. അത്രയല്ലേ പറ്റൂ. പ്രവാസികളെ വെറുതേ വിട്ടേക്കൂ. കുറച്ചുദിവസം നാട്ടിൽ വരുമ്പോൾ സന്തോഷമായി വന്ന് ജീവിച്ച് തിരിച്ചുപൊയ്ക്കോട്ടെ. ഇനിയിപ്പോ താങ്കൾ മിസ്റ്റർ പ്രവാസി എന്നുവിളിച്ചത് എന്നെയൊന്നും അല്ലല്ലോ അല്ലേ? ;)

Tue Jul 07, 10:14:00 am IST  
Blogger Balu said...

ചുറ്റുമുള്ളവരുടെ കാര്യം അറിയില്ല. നമ്മളായിട്ട് ചെയ്യാറുമില്ല.. “അന്യന്‍” സിനിമ കണ്ട ശേഷം കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്.. :) ആരെങ്കിലും വന്ന് കൊല്ലുമെന്ന് പേടിച്ചിട്ടൊന്നുമല്ല. നമ്മള്‍ ചെയ്യേണ്ടതാണെന്ന് തോന്നിയത് കൊണ്ടാണ്..

Tue Jul 07, 11:12:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ചിരിച്ചു ചിരിച്ചു മതിയായി. അപ്പോ നല്ല കരച്ചില്‍ വന്നു. പാവം പാവം എന്റെ രാജ്യം. എന്റെ സഹോദരീസഹോദരന്മാരുടെ രാജ്യം.


“അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നു സുഖത്തിനായ് വരേണം”

“ഈ ഭൂമി നമുക്കു പൂര്‍വികര്‍ തന്ന സ്വത്തല്ല, ഇതു നാം നമ്മുടെ കുട്ടികളുടെ കയ്യില്‍നിന്നും കടമെടുത്തതാണ്‌“

ഇതൊക്കെ ചില സഹോദരര്‍ പറഞ്ഞുതന്നിരുന്നു ഇല്ലേ? ഒക്കെ മറന്നുപോയി.

നല്ല പോസ്റ്റ്.

Tue Jul 07, 07:08:00 pm IST  
Blogger സു | Su said...

ബാലു :) അങ്ങനെ മതി. മറ്റുള്ളവരോട് പറയാൻ പോയിട്ടും വല്യ കാര്യം ഉണ്ടാവില്ല.

ജ്യോതീ :) അപരന്നസുഖത്തിനായ്‌ വരേണം എന്നു മാറി അത്.

കുമാരൻ :)

Wed Jul 08, 10:02:00 am IST  
Blogger Bindhu Unny said...

ആത്മരോഷം സരസമായി അവതരിപ്പിച്ചിരിക്കുന്നു. Civic pride തീരെയില്ലാത്ത ഒരു കൂട്ടരാണ് നാം ഇന്ത്യാക്കാര്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. :-)

Wed Jul 08, 07:52:00 pm IST  
Blogger സു | Su said...

ബിന്ദു :)

Thu Jul 09, 01:04:00 pm IST  
Blogger ആത്മ/പിയ said...

This comment has been removed by the author.

Thu Jul 09, 09:15:00 pm IST  
Blogger ആത്മ/പിയ said...

സത്യം പറഞ്ഞാലേ സൂജീ,
ആത്മ തലതിരിഞ്ഞാണ് ചിന്തിക്കുന്നത്!

ഇന്ത്യയിലെ മനുഷ്യരാണ് യധാര്‍ത്ഥത്തില്‍ ജീവിക്കുന്നത്
എന്നാണ് ആത്മയ്ക്ക് തോന്നീട്ടുള്ളത്!

എതിര്‍പ്പ് എന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. നമ്മോടാരെങ്കിലും ടി.വി കാണെരുതെന്നു കര്‍ശ്ശനമായി പറന്നു എന്നിരിക്കട്ടെ, ഹോ! ഒളിച്ചെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ പിന്നെ ഉറങ്ങാന്‍പറ്റില്ല.ബ്ലോഗെഴുതരുന്നെന്നാരെങ്കിലും പറഞ്ഞാലോ! ചിന്തിക്കാന്‍ കൂടി സാധ്യമല്ല.

ഈ രാജ്യത്ത് ആളുകള്‍ വരച്ച വരയില്‍ എന്നപോലെയാണ് ജീവിക്കുന്നത്. അതുകൊണ്ട്തന്നെ ഒരു യാന്ത്രികത തോന്നും പലപ്പോഴും..
ഉദാഹരണത്തിന്: ബസ്സില്‍ ഒരു സീറ്റ് വൃദ്ധജനങ്ങള്‍ക്ക് ഒഴിച്ചിട്ടിട്ടുണ്ട്. ആരെങ്കിലും അബദ്ധത്തില്‍ ആ സീറ്റില്‍‍ ഇരുന്നാല്‍ വൃദ്ധജനങ്ങള്‍ വന്നാല്‍ ഉടന്‍ എഴുന്നേറ്റു കൊടുക്കും(നിയമം)
അല്ലാതെ മറ്റൊരു സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ ഒരു വൃദ്ധനോ, ഗര്‍ഭിണിയോ കയറിയാല്‍ ഒറ്റമനുഷ്യര്‍ അനങ്ങില്ല.

ഇന്ത്യയില്‍ നിയമം ഇല്ലാതെ മനുഷ്യത്വം ജയിക്കുന്നതുകൊണ്ടല്ലെ ഇത്രദൂരമെങ്കിലും പോകാന്‍പറ്റിയത്.

മറ്റു രാജ്യങ്ങളിലെ ഈ നിയമങ്ങളൊക്കെ എടുത്തു മാറ്റിയാല്‍ പിന്നെ മനുഷ്യത്വമേ ഇല്ലാത്ത വെറും യന്ത്രങ്ങളെ മാത്രമെ കാണാന്‍ കഴിയൂ..

സൂജീ, ആത്മ കുറേ എഴുതിപ്പോയി. ഉദ്ദേശിച്ചതൊക്കെ വന്നോന്നും അറിയില്ല
കൂടുതല്‍ സ്വാതന്ത്രം എടുത്തെങ്കില്‍ ക്ഷമിക്കണേ :)

Thu Jul 09, 09:20:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) അതൊക്കെ ശരിയായിരിക്കും. പക്ഷേ നമ്മുടെ രാജ്യത്തെക്കുറിച്ച് നമുക്കൊരു നല്ല ചിന്തയുണ്ടാവണ്ടേ? അതു നന്നായിരിക്കണംന്നൊരു ചിന്ത വേണ്ടേ? നിയമം വേണ്ട. സ്വയം തോന്നിക്കൂടേ?

Fri Jul 10, 02:18:00 pm IST  
Blogger ആത്മ/പിയ said...

സൂജിയെപ്പോലെ ഓരോരുത്തര്‍ ചിന്തിച്ചിരുന്നെങ്കില്‍
ഇന്ത്യ ശരിക്കും ദൈവത്തിന്റെ നാടാകുമായിരുന്നേനെ :)
പക്ഷെ, സൂജി, ആരൊക്കെ എന്തൊക്കെ ചെയ്താലും
(കൊള്ളയടിച്ചാലും അക്രമം കാട്ടിയാലും..) ഇന്ത്യ
ഒരിക്കലും നശിക്കില്ല എന്ന് ആത്മയുടെ ഉള്ളിലിരുന്നാരോ പറയുമ്പോലെ..
അത്രമാത്രം വിശാലത(?) എന്തോ ഉണ്ട് ആ രാജ്യത്തിന്.

Fri Jul 10, 09:44:00 pm IST  
Blogger MaAtToOsS said...

വളരെ നന്നായിട്ടുണ്ട്..മാത്രമല്ല...ഇത് വായിച്ചപ്പോള്‍..നമ്മള്‍ കുട്ടിക്കാലത്ത് ചെയ്താ ഒരു പാട് കുറുംബുകളും തെറ്റുകളും എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ പറ്റി.മാത്രമല്ല..നല്ലൊരു ഭാവിക്ക് വേണ്ടി നമ്മുടെ മക്കളെയെങ്കിലും ഇങ്ങനെയുള്ള കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും ഞാന്‍ പ്രതിഞ്ഞ എടുത്തു ...

Tue Jul 21, 01:39:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) ഇന്ത്യ നശിച്ചുപോകും എന്നൊന്നും ഞാനും പറഞ്ഞില്ല. ആർക്കും കഴിയുന്നതുപോലെ വൃത്തിയാക്കിവെക്കുകയൊക്കെ ചെയ്യാം. അത്രയേ പറഞ്ഞുള്ളൂ. പറഞ്ഞിട്ടും വല്യ കാര്യമൊന്നുമില്ലെന്നു മനസ്സിലായി.

മുജീബ് :)

Tue Jul 21, 03:07:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home