Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 29, 2009

റിയാലിറ്റി സ്വയംവരം

സ്വയംവരം വീണ്ടും ഫാഷനാവുമോ? പണ്ടായിരുന്നു സ്വയംവരം. രാജാക്കന്മാരെയൊക്കെ അറിയിച്ച് എല്ലാവരും വന്നുചേർന്ന്, ചിലപ്പോൾ മത്സരം നടത്തി രാജകുമാരി ഒരാളെ സ്വീകരിക്കും. നിങ്ങളല്ലേ കണ്ടുപിടിച്ചത് എന്ന് അച്ഛനമ്മമാരോട് പറയാൻ പറ്റില്ല. പാണ്ഡുവിന് കുന്തിയെ കിട്ടിയതും, കുന്തിയുടെ മക്കളെല്ലാരും കൂടെ സ്വയംവരത്തിനുപോയി പാഞ്ചാലിയെ കൂട്ടിക്കൊണ്ടുവന്നതുമൊക്കെ പഴയ സ്വയംവര കഥ. ദമയന്തിയ്ക്ക് സ്വയംവരം തീരുമാനിച്ച്, നളനെ മാത്രമേ കെട്ടൂ എന്നും വിചാരിച്ച് പോയി നോക്കുമ്പോൾ ഒരുപോലെ അഞ്ചുനളന്മാർ. ഒടുവിൽ ഒറിജിനൽ നളനെത്തന്നെ കെട്ടി. അതും പഴയ കഥ.

ഇപ്പോ പലരും സ്വയംവരം തന്നെ. സ്വയം തീരുമാനിച്ച് വരിക്കുന്നത്. വീട്ടുകാർ സ്വയംവരം തീരുമാനിക്കുന്നില്ല. ഇനി അങ്ങനെ ഒരു ഫാഷൻ ഉടനെ വരുമായിരിക്കും. അപ്പോപ്പിന്നെ, കല്യാണം താൻ കട്ടിക്കിട്ട് ഓടിപ്പോലാമാ, ഓടിപ്പോയി കല്യാണം താൻ കട്ടിക്കലാമാ എന്നൊന്നും പാടേണ്ടിവരില്ല. രാമൻ വില്ലൊടിച്ച് ജയിച്ച് സീതയെ വരിച്ചതുപോലെ, ഇക്കാലത്ത് എന്തൊക്കെ മത്സരങ്ങൾ ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. മ്യൂസിക്കൽ ചെയർ ആയിരിക്കും എന്തായാലും ഒരു ഐറ്റം. അതിൽ ജയിക്കുന്നയാൾക്ക് കല്യാണം. പുതിയ പുതിയ മത്സരങ്ങൾ കൊണ്ടുവരും. എസ് എം എസ് മത്സരം ഉണ്ടാവുമോന്ന് അറിയില്ല.

ഇതൊക്കെ വെറുതേ തമാശയ്ക്ക് പറഞ്ഞുപോകുന്നതാണെന്ന് കരുതരുത്. ടി. വി. ചാനലിൽ റിയാലിറ്റി സ്വയംവരം തുടങ്ങിയിട്ട് കുറച്ചുനാളായി. എൻ ഡി ടി വി ഇമാജിനിൽ രാഖി കാ സ്വയംവർ. ഡാൻസുകാരിയായ രാഖി സാവന്ത് ആണ് സ്വയംവര കന്യക. അവളെ വരിക്കാനായി കെട്ടും കെട്ടി ഇറങ്ങിയിരിക്കുന്നത് പല ദേശത്തുനിന്നുമാണ്. എല്ലാ റിയാലിറ്റി ഷോയിലും ഉള്ളതുപോലെ പല പല ഘട്ടങ്ങളും ഉണ്ട്. ഇത് സ്വയംവരം ആയതുകൊണ്ട്, തമ്മിൽ സംസാരിക്കൽ, പാർട്ടി നടത്തൽ, അമ്മമാർ വന്നു കാണൽ, കുടുംബാംഗങ്ങളെ സന്ദർശിക്കൽ എന്നതൊക്കെയാണ് “റൗണ്ടുകൾ”. പിന്നെ ചില താരങ്ങളും അതിഥികളായിട്ട് എത്തുന്നു. എലിമിനേഷനും ഉണ്ട്. അവസാനം ജയിച്ച് നിൽക്കുന്നയാൾ രാഖിയെ വരിക്കുമോ, അല്ലെങ്കിൽ രാഖി അയാളെ വരിക്കുമോ അതോ ഇതൊക്കെ വെറും ഷോ ആണോ? ആർക്കറിയാം! തീരാറായിട്ടുണ്ട്. അതുകൊണ്ട് കാത്തിരുന്ന് കാണുക തന്നെ. മുഴുവൻ കണ്ടിരിക്കാൻ പറ്റാത്തതുകൊണ്ട് ഇടയ്ക്കൊക്കെ ഒന്ന് നോക്കും. എന്തായി എന്നറിയണമല്ലോ.

എന്തായാലും ടി. വി ക്കാരൊക്കെ എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടിയാൽ മതി എന്ന അവസ്ഥയിലേക്കെത്തിയപോലെയുണ്ട്, ഓരോ റിയാലിറ്റി ഷോയും കാണുമ്പോൾ. മത്സരം തന്നെ. പരസ്യക്കാർക്കും ചാനലുകാർക്കും കോളായി. പ്രേക്ഷകരാണ് ഇതൊക്കെ കണ്ട് അന്തം വിട്ട് ഇരിക്കേണ്ടിവരുന്നത്. വേണ്ടെങ്കിൽ കാണാതിരിക്കാം അത്ര തന്നെ! സ്വയംവരം ഇനി മലയാളം ചാനലുകളിലും കൂടെ വരുമോന്നേ നോക്കേണ്ടിവരൂ.

ഇനിയെന്തൊക്കെ റിയാലിറ്റിഷോകൾ വരുമോയെന്തോ!

Labels: ,

9 Comments:

Blogger ശ്രീ said...

ഇനി നമ്മുടെ ചാനലുകാര്‍ ഇത് മലയാളത്തിലും തുടങ്ങാതിരുന്നാല്‍ ഭാഗ്യം

Wed Jul 29, 04:19:00 pm IST  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്തെല്ലാം കാണാനിരിക്കുന്നു ഇനി..

Wed Jul 29, 04:27:00 pm IST  
Blogger Haree said...

"ഡാന്‍സുകാരിയായ രാഖി സാവന്ത് ആണ് സ്വയംവര കന്യക." - ഇതങ്ങിനെ തന്നെയാണോയെന്ന് ഒരുത്തന്‍ ചോദിച്ചതിനല്ലേ രാഖി ചെരുപ്പൂരിയത്? :-) (വായിച്ചതാണ്, ഷോ കണ്ടു പരിചയമില്ല...)

മലയാളത്തില്‍ പ്രയോഗിക്കാവുന്ന ഒരൈഡിയ; കോണ്ടസ്റ്റന്റുകള്‍ തമ്മില്‍ മത്സരിച്ച്, പെയറിനെ കണ്ടെത്തി കെട്ടുക... :-)
--

Wed Jul 29, 05:46:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സചിനെ പറ്റി കാംബ്ലി പറഞ്ഞൊരു റിയാലിറ്റിഷോ ഇല്ലേ അതൂടെ കാണൂ.

ഓടോ:മൌര്യപുരാണം നന്നായിരുന്നു.

Wed Jul 29, 06:04:00 pm IST  
Blogger smitha adharsh said...

ഞാനും പറഞ്ഞും,വായിച്ചും കേട്ടിരുന്നു..
പക്ഷെ,സംഭവം ടി.വി.യില്‍ കണ്ടില്ല ട്ടോ..
വിശേഷങ്ങള്‍ക്ക് നന്ദി..

Wed Jul 29, 06:47:00 pm IST  
Blogger ഷിബു മാത്യു ഈശോ തെക്കേടത്ത് said...

കാത്തിരിക്കുക :::

‘തങ്കമണി കാ സ്വയവര്‍‘ [ എന്റെ നല്ല പാ‍തി എവിടെ ] ... കൂടുതല്‍ അറിയാന്‍ ശനിയാഴ്ച
http://www.smeaso.blogspot.com/ നോക്കുക...

Wed Jul 29, 07:29:00 pm IST  
Blogger Unknown said...

കൊള്ളാം ഇനിയെന്തോക്കെയാണോ റിയാലിറ്റി ആകാന്‍ പോണത്..

ഓ.ടോ. എന്നിട്ട് ദമയന്തി ശരിക്കുള്ള ആളെ കണ്ടെത്തിയത് കാലു തറയില്‍ തൊട്ടിരിക്കുന്ന ആളെ നോക്കിയാണെന്ന് കേട്ടിട്ടുണ്ട്.. മറ്റുള്ളവര്‍ ദേവന്മാരാണല്ലോ, അവരുടെ കാല്‍ തറയില്‍ തൊടില്ല .. ["എന്ന് വെച്ച് നിങ്ങളൊന്നും കാലു തറയില്‍ തൊടാത്തവരെ ദേവന്മാരാന്നു വച്ച് സ്വയം വരിക്കരുതെ" ന്നും അന്ന് കഥ പറഞ്ഞു തന്ന സാര്‍ പെണ് പിള്ളേരെ ഉപദേശിച്ചു :) ]

Wed Jul 29, 08:26:00 pm IST  
Blogger ബിനോയ്//HariNav said...

ഹ ഹ സന്ധ്യ കഴിഞ്ഞാല്‍ കേരളത്തിലെ മിക്ക പുരുഷന്‍‌മാരും ദേവണമാകും :)

Thu Jul 30, 12:01:00 pm IST  
Blogger സു | Su said...

ശ്രീ :) മിക്കവാറും ഉടനെ തുടങ്ങുമായിരിക്കും.

വഴിപോക്കൻ :)

ഹരീ :) ഞാൻ വായിച്ചില്ല. കുറച്ച് സമയം കാണാറുണ്ട്. തീരാറായി.

കുട്ടിച്ചാത്തൻ :) രഹസ്യം എന്ന സീരിയലിന്റെ ഇടയ്ക്കാണത്. ചേട്ടന് ആ സീരിയൽ കാണണം. അതുകൊണ്ട് പരസ്യത്തിനിടയ്ക്ക് വയ്ക്കും. മാറിമാറി. കാംബ്ലിയുടെ എപ്പിസോഡ് കാണാൻ പറ്റിയില്ല. ഞങ്ങൾ എവിടെയോ പോയിരുന്നു (എന്നാണ് ഓർമ്മ). ഇനി കാണാൻ വിട്ടുപോയതാണോന്ന് അറിയില്ല.

സ്മിത :)

തെക്കേടൻ :)

കുഞ്ഞൻസ് :) അതെ. അങ്ങനെയാണ് കണ്ടുപിടിച്ചത്. സാറിന്റെ ഉപദേശം കൊള്ളാം. ;)

ബിനോയ് :) അതെയോ!

Thu Jul 30, 12:48:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home