ചുമ
“ഇന്നുതന്നെപോയി ഡോക്ടറെ കാണണം. ഇനിയുംവെച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല. കുറേ നാളായില്ലേ തുടങ്ങിയിട്ട്.” അമ്മ എന്നും പറയുന്നതുതന്നെ പറയുന്നു. അവൾ മറുപടിയായി ചുമയ്ക്കുകമാത്രം ചെയ്തു. ചുമയും പനിയും തലവേദനയും. മഴ തുടങ്ങിയപ്പോൾ കൂടെ വന്നതായിരിക്കും. സാരമില്ലെന്ന് കരുതി. പനിയും തലവേദനയും ഭേദമാവുകയും ചെയ്തു. ചുമ പോയില്ല. പോകുന്ന ഒരു ലക്ഷണവും കാണിക്കുന്നുമില്ല. മഴക്കാലത്താണെങ്കിൽ വീടുപണികൾ കുറവ്. അല്ലെങ്കിലും ഭർത്താവിന്റെ കൂടെ കല്ലും മണ്ണും ചുമക്കാൻ അവൾക്ക് പോകാൻ കഴിയുന്നുമില്ല. എല്ലാം കൂടെ ദുരിതം പിടിച്ച നാളുകൾ. അമ്മയാണെങ്കിൽ ദിവസവും ഡോക്ടറെക്കാണുന്ന കാര്യം പറഞ്ഞുകൊണ്ടിരിക്കും.
അവൾ മുറിയിലെ ചെറിയ മേശപ്പുറത്തുനിന്ന് പൈസ എടുത്തുനോക്കി. ഇരുനൂറ് രൂപവച്ചുപോയിട്ടുണ്ട്. പോവുമ്പോൾ ഡോക്ടറെ പോയിക്കാണാൻ പറഞ്ഞിരുന്നു. കൂടെ വരാൻ നിന്നാൽ ഒരുദിവസത്തെ ജോലി പോകും. അതുവേണ്ടെന്ന് പറഞ്ഞത് അവളാണ്. കുട്ടികൾ പൈസയിട്ടുവയ്ക്കുന്ന പാത്രം കുടഞ്ഞിട്ടുനോക്കി. മുപ്പത്തേഴ് രൂപയുണ്ട്. അതെടുക്കട്ടേന്ന് ചോദിച്ചപ്പോൾ അവരുടെ മുഖം വാടിയിരുന്നു. പിന്നെ’ അമ്മയ്ക്ക് ആശുപത്രിയിൽ പോകാനല്ലേ എടുത്തോന്ന്’ പറഞ്ഞു. പൈസ എത്രവേണ്ടിവരുമെന്ന് അറിയില്ല. ബാക്കിയുണ്ടെങ്കിൽ തിരികെക്കൊണ്ടുവയ്ക്കാം.
ഡോക്ടറുടെ വീട്ടിലേക്കാണ് അവൾ പോയത്. ആദ്യം തന്നെ ചെന്ന് ടോക്കൺ എടുക്കാഞ്ഞതുകൊണ്ട് ഇനിയെത്രനേരം ഇരിക്കണമെന്നറിയില്ല. അവൾ ചുമച്ചുകൊണ്ട് അവിടെയിരുന്നു. ഡോക്ടറുടെ മുറിക്കുമുന്നിൽ നിന്നയാൾ ഓരോരുത്തരെയായി വിളിച്ച് കടത്തിവിടുന്നുണ്ട്. അവളുടെ അടുത്ത് ഒരു അമ്മയും കുഞ്ഞും ഇരിക്കുന്നുണ്ട്. വാടിത്തളർന്ന് ദീനയായി അമ്മ. കുഞ്ഞാണെങ്കിൽ ജീവനുണ്ടെന്ന് കാണിക്കുന്നതുപോലെ ഇടയ്ക്ക് ഞരങ്ങും. അവൾ അവരെ നോക്കി. മഴക്കാലം രോഗകാലം തന്നെ. ഒരു രോഗിയെ മുറിക്കുള്ളിലേക്ക് വിട്ട് അയാൾ വന്ന് ആ അമ്മയോടുപറഞ്ഞു. “ഇരുന്നിട്ട് കാര്യമില്ല. വെറുതെ ഡോക്ടറെ കണ്ടിട്ട് കാര്യമെന്താ? മരുന്ന് എഴുതിത്തന്നാൽ അതുവാങ്ങിക്കഴിക്കണം. അല്ലാതെ ഡോക്ടറുടെ സമയം കളയാൻ വരരുത്. ഫീസ് അദ്ദേഹം വേണ്ടെന്നുവയ്ക്കുമായിരിക്കും. എന്തായാലും ഇന്നു കടത്തിവിടില്ല. സ്ഥലം വിട്ടോ.” ആ അമ്മയാണെങ്കിൽ അയാൾ അങ്ങനെ പറഞ്ഞെന്നുകൂടെ ഭാവിക്കുന്നില്ല. എപ്പോഴും കേൾക്കുന്നതായിരിക്കും. കുഞ്ഞിനെ ഒന്നുകൂടെ അടുത്തുപിടിച്ച് ഇരിക്കുന്നു. അവൾക്ക് വിഷമം തോന്നി. അവൾ എണീറ്റ് കർച്ചീഫിൽ പൊതിഞ്ഞ പൈസയിൽനിന്ന് ബസ് ചാർജ് എടുത്ത് ബാക്കി കർച്ചീഫിൽ തന്നെ വച്ച് ആ അമ്മയുടെ കൈ പിടിച്ച് കൊടുത്തു. അതുതുറന്നുനോക്കാൻ നേരമാവുമ്പോഴേക്കും അവൾ മുറ്റത്തുകൂടെ ഗേറ്റിനടുത്തേക്ക് ധൃതിയിൽ നടന്നു.
വീട്ടിലെത്തിയപ്പോൾ ഡോക്ടറെ കണ്ടോന്ന് ചോദിച്ച അമ്മയോട് അവൾ പറഞ്ഞു. “അവിടെ നല്ല തിരക്കായിരുന്നു. ക്ഷീണമായിട്ട് ഇരിക്കാൻ വയ്യാതായി. ഞാനിങ്ങുപോന്നു. അമ്മ കുട്ടികൾക്ക് ചുമ വരുമ്പോൾ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പൊടിയില്ലേ, കൽക്കണ്ടമൊക്കെ പൊടിച്ചിട്ടത്? അതുകുറച്ചുണ്ടാക്കിത്തന്നാൽ മതി. പോവുമായിരിക്കും.” അമ്മയെന്തെങ്കിലും പറയുന്നതിനുമുമ്പ് അവൾ മുറിയിലേക്ക് നടന്നു. ചുമച്ചുകൊണ്ടിരുന്നെങ്കിലും അവൾക്ക് മനസ്സിൽ നല്ല സുഖം തോന്നി.
Labels: കഥ
7 Comments:
കൊള്ളാം! മഴക്കാലം ഇങ്ങനെ ഒരു കഥ തന്നു, ല്ലേ?
എനിക്കിഷ്ടപ്പെട്ടതു് എന്താച്ചാൽ, അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യം പറഞ്ഞുവല്ലൊ, അത്രയും മതി.
ഇതാണ് കഥ!
നല്ല കഥ സൂ..
ശരിക്കും കണ്ടറിഞ്ഞ കാര്യം ആയിരിക്കും അല്ലെ,
നല്ല കഥ!
കൊച്ചു ഫ്രെയിമിൽ നല്ല ആശയങ്ങൾ പ്രകാശിപ്പിക്കുന്നത് ഇങ്ങനയാവണം.നല്ലത്. വിജയാശംസകൾ.....
ചിതൽ :)
ആത്മേച്ചീ :)
ശ്രീ :)
വി.എ. :)
എല്ലാവർക്കും നന്ദി.
നല്ലത്..ഇഷ്ട്ടപെട്ടു...
അനൂപ് :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home