Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 30, 2010

കാലം മാറി കഥ മാറി

രാഖി കണ്ണാടിയിൽ നോക്കി, മുടി ഒന്നുകൂടെ ഒതുക്കി. മേശപ്പുറത്തുനിന്ന് ബൈക്കിന്റെ താക്കോലെടുത്തു. ചുവരിലെ ഋത്വിക്ക് രോഷന്റെ ചിത്രത്തിലേക്ക് ഒന്നുനോക്കി മുറിക്കു പുറത്തിറങ്ങി. ചാടിത്തുള്ളിക്കൊണ്ട് പടികൾ ഇറങ്ങി. ഹാളിൽ, ടി വിയ്ക്കു മുന്നിൽ അച്ഛനുമമ്മയും ഉണ്ട്. രാകേഷിനെ പരിസരത്തൊന്നും കണ്ടില്ല. അമ്പലത്തിലെങ്ങാൻ പോയിക്കാണും.

“ങാ.. പുറപ്പെട്ടോ? ഇനിയിപ്പോ നാടുവീടാക്കി കയറിവരുന്നത് ഏതുസമയത്താണ്?” അച്ഛൻ ചോദിച്ചു.

“ഞാനിവിടെ ഇരുന്നിട്ടെന്താ? ബോറ്!” രാഖി വരാന്തയിലേക്കിറങ്ങി ചെരുപ്പിട്ട്, മുറ്റത്തുവച്ചിരുന്ന ബൈക്കിലേക്കു കയറി സ്പീഡിൽ ഓടിച്ചുപോയി.

വയലിന്റെ അറ്റത്തുള്ള കനാല്‍പ്പാലത്തിൽ കൂട്ടുകാരികളൊക്കെ ഇരിക്കുന്നുണ്ട്.

“എന്താ വൈകിയത്?”

“നിങ്ങൾ വന്നിട്ട് ഒരുപാടായോ?”

“ഇല്ല. ഏകദേശം എല്ലാവരും ഒരേസമയത്ത് എത്തി. നിനക്ക് മിസ്സടിക്കണോന്ന് വിചാരിക്കുമ്പോഴേക്കും നീയെത്തി.”

“ബൈക്ക് ഞാൻ രാവിലെയൊന്നു കഴുകി. എങ്ങനെയുണ്ട്?”

“അടിപൊളി.”

കൂട്ടുകാരികൾ വിശേഷങ്ങളൊക്കെപ്പറഞ്ഞ് കളിച്ചും ചിരിച്ചും സമയം നീക്കി.

“ദാ...വരുന്നുണ്ട്, ഗോപുവും കൂട്ടുകാരും. നമുക്കൊന്നു വിരട്ടിയാലോ?”

“വേണ്ടെടീ, രാകേഷിനോട് പറഞ്ഞുകൊടുത്ത് അമ്മയെ അറിയിപ്പിക്കും.”

“അതെ. വേണ്ട.”

“ഛെ! നിങ്ങളിങ്ങനെ ആയാലെങ്ങനെയാ?”

“ഡേയ്... ഇങ്ങോട്ടുവാടാ ഗോപൂ.” കീർത്തി വിളിച്ചു. ഗോപുവും ഷിനുവും കാർത്തിക്കും പരുങ്ങിപ്പരുങ്ങി ചെന്നു.

“എങ്ങോട്ടാ? ഒഴിവുദിവസമായിട്ട്?”

“ഞങ്ങൾക്ക് ട്യൂഷൻ ഉണ്ട്.”

“നിങ്ങൾ ഇന്നലെ ബസ്സിലെ കണ്ടക്ടർ ചേച്ചിയെ പേടിപ്പിച്ചെന്നു കേട്ടു. എന്താ കാര്യം?”

“കോളേജിലെ സീനിയർ ചേച്ചിമാരൊക്കെ ഞങ്ങളെ കളിയാക്കുകയും ചിരിക്കുകയും ചെയ്തു. കണ്ടക്ടർ ഒന്നും പറഞ്ഞില്ല എന്നിട്ട്.”

“വെറുതെയൊന്നുമാവില്ല. നീയൊക്കെ ഇന്നലെ യൂനിഫോമിടാതെ ബർമുഡയും ടീഷർട്ടും ഒക്കെയിട്ടാണ് കോളേജിൽ പോയതെന്നു കേട്ടു. കോളേജിൽ ഫാഷൻ പരേഡൊന്നുമില്ലല്ലോ അല്ലേ? “ രാഖി ചോദിച്ചു.

“അതയെതെ. ഇപ്പഴത്തെ ആൺകുട്ടികളുടെ വേഷവിധാനങ്ങൾ വളരെ മോശമാണെന്നും, സ്ത്രീകളെ അടച്ചു കുറ്റം പറയുന്നത് ശരിയല്ലെന്നും ഏതോ ഒരു പിന്തിരിപ്പൻ ചേട്ടൻ പ്രസംഗിച്ചത് പത്രത്തിൽ കണ്ടല്ലോ. നീയൊക്കെ എന്തിനാ ഇത്ര പ്രകോപനപരമായ വേഷം ധരിക്കുന്നത്? ങേ? എന്നിട്ടു ഞങ്ങളെ കുറ്റം പറയുകയും ചെയ്യും.” മീനു പറഞ്ഞു.

“ഞങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ സ്വാതന്ത്ര്യമില്ലേ? ശരിയല്ലാത്ത വേഷം ധരിക്കുന്നതുകൊണ്ടാണെന്നൊക്കെ ചിലർ പറഞ്ഞുണ്ടാക്കുന്നതാണ്. അല്ലെങ്കിലും നിങ്ങളൊക്കെ ഞങ്ങളെ ഉപദ്രവിക്കും.” ഷിനു ഉറച്ച സ്വരത്തിൽ പറഞ്ഞു.

“വേണ്ടാ...വേണ്ടാ... മര്യാദയ്ക്ക് നടന്നാൽ നിനക്കൊക്കെ നല്ലത്. പിന്നെ സ്ത്രീകളെ കുറ്റം പറയരുത്. നിനക്കൊക്കെ തോന്നിയതുപോലെ നടന്നിട്ട് ഞങ്ങൾ നോക്കി, കമന്റടിച്ചു എന്നൊന്നും പറയരുത്.” കീർത്തി പറഞ്ഞു. മീനുവും രാഖിയും ജീനയും ‘അതെയതെ’ എന്നും പറഞ്ഞ് ശരിവച്ചു.

“ നിന്നെ ഒരുത്തിയുടെ കൂടെ ഇന്നലെ വൈകുന്നേരം പാർക്കിൽ കണ്ടല്ലോ.” കാർത്തിക്കിനോട് മീനു ചോദിച്ചു .

“അത്...ഞങ്ങളുടെ കല്യാണം പണ്ടേ പറഞ്ഞുവെച്ചതാ.”

“അതെയോ? എന്നാലും നീയൊക്കെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അവളെ കണ്ടിട്ട് എനിക്കത്ര ഇഷ്ടമായില്ല.”

“ഹാ..നീയെന്തിനാടീ അതൊക്കെ അന്വേഷിക്കുന്നത്? അവന്റെ വീട്ടുകാർ നോക്കിക്കോളും” രാഖി പറഞ്ഞു.

“എന്നാലും നമുക്കുമൊരു കടമയുണ്ടല്ലോ?”

രാഖിയും കൂട്ടുകാരികളും ആർത്തുചിരിച്ചു. ഗോപുവും കൂട്ടുകാരും പതുക്കെ അവിടെനിന്ന് രക്ഷപ്പെട്ടു.

“നമ്മൾ നാളെ ഈ വഴി വരണ്ട.” ഗോപു പറഞ്ഞു.

“നമ്മളെന്തിനാ പേടിക്കുന്നത്? അങ്ങനെ എപ്പോഴും പേടിച്ചാൽ ശരിയാവില്ലല്ലോ.” കാർത്തിക്ക് പറഞ്ഞു.

“എന്തായാലും ഇപ്പോ വേഗം പോകാം.”

രാഖി വീട്ടിലെത്തുമ്പോൾ സന്ധ്യയായിരുന്നു. അച്ഛനുമമ്മയും വരാന്തയിൽ ഇരിക്കുന്നുണ്ട്.

“നീ രാവിലെയെങ്ങാനും പോയതല്ലേ. രാത്രിയും പകലുമില്ലാതെ കറങ്ങിക്കോ. പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ.”

രാഖി ഒന്നും മിണ്ടിയില്ല.

“ചേച്ചി എന്നെ ഒന്ന് പാട്ടു ടീച്ചറിന്റെ വീട്ടിൽ കൊണ്ടുവിടുമോ?” രാകേഷ് പുറത്തേക്കുവന്നു ചോദിച്ചു.

“നിനക്ക് തനിച്ചങ്ങു പോയാലെന്താ?”

“സന്ധ്യ കഴിഞ്ഞില്ലേ. ഇനിയവൻ ഒറ്റയ്ക്കു പോകണ്ട. നിനക്കൊന്ന് കൊണ്ടുവിട്ടാലെന്താ? ബൈക്കിൽ രണ്ടുമിനുട്ടല്ലേ വേണ്ടൂ?” അച്ഛൻ പറഞ്ഞു.

“എന്നാൽ വാ. കൊണ്ടുവിട്ടുവരാം.” രാഖി വീണ്ടും ബൈക്കിൽ കയറി. രാകേഷും.

“ക്ലാസ് വിട്ടാൽ തനിച്ചുവരുമോ?”

“ചേച്ചി വരണം. ഇല്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ച് വരാൻ പറയും. എനിക്കൊറ്റയ്ക്കു വരാൻ പേടിയാ.”

“ഇങ്ങനെയൊരു പേടിത്തൊണ്ടൻ.”

രാഖി ബൈക്ക് പറപ്പിച്ചുവിട്ടു. സന്ധ്യ ഇരുട്ടിലേക്ക് പോവുന്നുണ്ടായിരുന്നു.

Labels:

14 Comments:

Blogger പുസ്തകപുഴു said...

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !!!

Thu Jul 01, 11:04:00 AM IST  
Blogger Naushu said...

ഹ ഹ ഹാ .... കൊള്ളാം....

Thu Jul 01, 12:08:00 PM IST  
Blogger സു | Su said...

പുസ്തകപുഴു :) നടക്കുമോന്ന് അറിയില്ല. നടന്നേക്കാനും സാദ്ധ്യതയുണ്ട്.

നൗഷു :)

രണ്ടാൾക്കും നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

Thu Jul 01, 01:16:00 PM IST  
Blogger Manju Manoj said...

ഹോ ... ഇങ്ങനെ ഒരു കാലം വന്നെങ്കില്‍.... എനിക്ക് ആ കലുങ്കില്‍ ചെന്ന് ഇരുന്നു കാണുന്ന ആണുങ്ങളെ ഒക്കെ കമെന്റടിക്കാന്‍ തോന്നണു.... നല്ല ഭാവന സു ....

Thu Jul 01, 01:31:00 PM IST  
Blogger Sukanya said...

അങ്ങനെയും ഒരു കാലം വരുമായിരിക്കും.
ഈ കഥ വായിച്ച് ഇപ്പോള്‍ തൃപ്തിപ്പെട്ടു. ;)

Thu Jul 01, 03:11:00 PM IST  
Blogger കുഞ്ഞൂസ് (Kunjuss) said...

സൂര്യഗായത്രീ, മോഹിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ പങ്കു വെക്കുന്ന കൂട്ടുകാരീ, ആദ്യമായാണ് ഇവിടെ....
ആ കലുങ്കില്‍ ഒന്നിരിക്കാന്‍ ഏറെ കൊതി തോന്നുന്നു.ഈ കഥ വായിച്ചപ്പോള്‍ തന്നെ തൃപ്തിയായി.എന്നെങ്കിലും നടക്കുമായിരിക്കും ല്ലേ...?

Thu Jul 01, 06:53:00 PM IST  
Blogger ശ്രീ said...

പുസ്തകപ്പുഴു പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...

Thu Jul 01, 07:04:00 PM IST  
Blogger കൂതറHashimܓ said...

എവ്ട്യാ നാട്..??
ചാന്ത് പൊട്ട് ആമ്പിള്ളേര്‍ മാത്രേ ഒള്ളൂ അവിടെ.
നല്ല പേര് ഗോപു
പിന്നെ പെന്‍പിള്ളേര്‍ ഇപ്പോ ആമ്പില്ലേര്‍ ചെയ്യുന്നതിലും കൂടുതല്‍ ചെയ്യുന്നുണ്ട് എല്ലാം നൈസ് ആയിട്ടാണെന്ന് മാത്രം (എല്ലാരും ഇല്ലാ, എന്നാലും ഒത്തിരി ഉണ്ട്).

ഇത്തിരി ഇഷ്ട്ടായി കഥ, ഇത്തിരി മാത്രം

Thu Jul 01, 09:57:00 PM IST  
Blogger Diya Kannan said...

nannayi suvechi...

ingane oru kalam vennekkam ... :)

Fri Jul 02, 02:39:00 AM IST  
Blogger സു | Su said...

മഞ്ജു :) മഞ്ജുവിനു ഞാൻ മുൻ‌കൂർജാമ്യം എടുക്കേണ്ടിവരും എന്നാൽ.

സുകന്യേച്ചീ :) കഥ യാഥാർത്ഥ്യമായി മാറുമോ?

കുഞ്ഞൂസ് :) സ്വാഗതം. നടക്കുമായിരിക്കും.

ശ്രീ :) പിന്തിരിപ്പൻ നയം സ്വീകരിച്ചു അല്ലേ?

ഹാഷിം :) ഇത് എന്നെങ്കിലും, കാലം മാറുമ്പോൾ നടക്കുന്ന കാര്യമാണ്. ഇപ്പോഴത്തേതല്ല.

ദിയ :) വന്നേക്കും.

എല്ലാർക്കും നന്ദി.

Fri Jul 02, 09:01:00 AM IST  
Blogger Sankar said...

സ്വപ്നം ??

Fri Jul 09, 01:43:00 PM IST  
Blogger സു | Su said...

ശങ്കർ :) കഥ.

Mon Jul 12, 10:24:00 AM IST  
Blogger ആത്മ said...

പെണ്ണൊരുമ്പെട്ടാല്‍.. അല്ലെ സൂ,

ഇന്ന് മാതൃഭൂമിയില്‍ കണ്ടു തനിച്ച് താമസിച്ചിരുന്ന 70 വയസ്സായ ഒരു മുത്തശ്ശിയെ കൊന്ന് കവര്‍ച്ച നടത്തി എന്നൊക്കെ..

കഥയിലെ പോലെ കാര്യങ്ങള്‍ പോയാല്‍‍ ഒരുപക്ഷെ, ഈ ഭൂമിയില്‍ എല്ലാവര്‍ക്കും നിര്‍ഭയമായി ജീവിക്കാനാകുമായിരിക്കും അല്ലെ,

Mon Jul 12, 11:15:00 AM IST  
Blogger സു | Su said...

ആത്മേച്ചീ :) കഥ കാര്യമാകുമോന്ന് അറിയില്ലല്ലോ.

Tue Jul 13, 06:29:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home