ഓർമ്മക്കാലം
വീണ്ടുമൊരോണക്കാലം വന്നുപോയി. തുമ്പയും മുക്കുറ്റിയും പതിവുള്ള ഉഷാറോടെത്തന്നെ വിടർന്നുനിന്നു. എന്നിട്ടും വർണ്ണപ്പകിട്ടുള്ള വല്യ വല്യ പൂവുകൾക്കിടയിൽ അവയ്ക്ക് പാവങ്ങളെപ്പോലെ നിൽക്കേണ്ടിവന്നു. എന്നാലും തുമ്പപ്പൂവില്ലാതെ എന്തോണം! എന്തു പൂക്കളം! ചിലതിന്റെയൊക്കെ സ്ഥാനം അപഹരിച്ചെടുക്കാൻ വിഷമമായിരിക്കും. നാട്ടുവഴിയിലൂടെ നടക്കുമ്പോൾ പണ്ടത്തെ ഓണക്കാലം ഓർമ്മ വന്നു. ഓല കൊണ്ടു മെടഞ്ഞുണ്ടാക്കിയ പൂക്കൂടയിൽ പൂ പറിക്കാൻ പോയിരുന്നത്. വയലിലെ കാക്കപ്പൂവും നെല്ലിന്റെ വരിയും പറിച്ചെടുക്കാൻ മത്സരിച്ചിരുന്നത്. ഒരിക്കൽ എല്ലാവരും കൂടെ വയലിൽ ഇറങ്ങി തകൃതിയായി പൂപ്പറിയ്ക്കലും പാട്ടും നടത്തിയപ്പോഴാണ് വയലിന്റെ ഉടമ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. വിളഞ്ഞുയരുന്ന നെല്‍പ്പാടത്തേക്ക് കുസൃതിക്കുരുന്നുകൾ ഇറങ്ങിയത് അയാൾക്കൊട്ടും ഇഷ്ടമായില്ല. ഉറക്കെ ചീത്തയും പറഞ്ഞുകൊണ്ട് അയാൾ ഓടിയടുത്തപ്പോൾ എല്ലാവരും ചിന്നിച്ചിതറി ഓരോ വഴിക്കും രക്ഷപ്പെട്ടു. പിറ്റേന്നും വയലിൽ ഇറങ്ങിയെന്നത് വേറെ കാര്യം. അന്ന്, പൂക്കൂടകൾ കഴിയുന്നത്ര നിറയ്ക്കണം എന്ന, കുഞ്ഞുമനസ്സിന്റെ മോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വയലും നെല്ലും അരിയുമൊന്നും വല്യ കാര്യമായിരുന്നില്ല. ഈ ഓണത്തിന് അതിലൂടെയൊക്കെ നടന്നപ്പോൾ അതിന്റെ വില അറിഞ്ഞുകൊണ്ടു നോക്കുമ്പോൾ വയലില്ല, നെല്ലില്ല, അരിയുമില്ല. അവിടെയൊക്കെ വീടുകളാണ്. പലതരം ജീവികളുടെ ശബ്ദം നിറഞ്ഞുനിന്നിരുന്ന ആ സ്ഥലത്ത്, മനുഷ്യന്റേയും, യന്ത്രങ്ങളുടേയും ഒച്ചകൾ, ചാനലുകളുടെ ബഹളം. മണ്ണിന്റെ മണമുള്ള വയലിനു പകരം, കറികളുടെ മണമുള്ള വീട്. അങ്ങനെയൊക്കെയാവുമെന്ന് ഒരുവട്ടം പോലും ആരും ചിന്തിച്ചിരുന്നില്ലെന്നത് സത്യം! കാലം മാറി, കാഴ്ചകളും മാറി. എങ്കിലും ഓർമ്മയിലുണ്ട്, പച്ച നിറമുള്ള വയൽ. നിറമുള്ള ഉടുപ്പുകളിട്ട് പൂമ്പാറ്റകളെപ്പോലെ, ഓടിച്ചാടിനടക്കുന്ന കുറേ കുട്ടികൾ. തല നരച്ചോട്ടെ. തൽക്കാലം ഓർമ്മകൾ നരയ്ക്കുന്നില്ലല്ലോ. ഓർമ്മകൾക്ക് തെളിച്ചമില്ലാത്തൊരു കാലം വന്നേക്കും. ഇങ്ങനെയുള്ള ഓർമ്മകളൊന്നും ചിലർക്ക് ഇഷ്ടമാവില്ല. പക്ഷേ, ഓർമ്മകൾ വേണം. നഷ്ടപ്പെട്ടതെന്തെന്നും, നേടിയെടുത്തതെന്തെന്നും പറഞ്ഞുതരാനുള്ള ആളാണല്ലോ ഓർമ്മ!
(ബൂലോഗകൂട്ടുകാർക്കെല്ലാം സുഖമെന്നു കരുതുന്നു.)
Labels: ഓണം എന്ന ഓർമ്മ
8 Comments:
സുഖം ആണേ
നല്ല ഓര്‍മ്മകള്‍..
ഒഴാക്കൻ :) സുഖമെന്നറിഞ്ഞതിൽ സന്തോഷം.
ജിഷാദ് :)
വൈകിയ ഓണാശംസകൾ!!
ഓര്‍മകള്‍ക്കെന്തു സുഗന്ധം !!
കരീം മാഷേ :) ഓണം കഴിഞ്ഞു, മാവേലി പോയി. എന്നിട്ടാണോ ആശംസകൾ? (തമാശയ്ക്ക് ചോദിച്ചതാണ്). ആശംസയ്ക്ക് നന്ദി. വൈകിയാണെങ്കിലും ആശംസകൾ കിട്ടുമ്പോൾ/കേൾക്കുമ്പോൾ സന്തോഷമുണ്ട്.
ചെറുവാടി :) നന്ദി.
സുകന്യേച്ചീ :) അതെ. സുഗന്ധം തന്നെ.
ഓര്‍മ്മകളുണ്ടായിരിക്കണം
പാറുക്കുട്ടീ :) ഓർമ്മകൾ ഉണ്ടയായിരിക്കണം എന്നല്ലേ? (പാറുക്കുട്ടിയെ ഓർമ്മയുണ്ട്. കുറേക്കാലം കണ്ടില്ലല്ലോ).
Post a Comment
Subscribe to Post Comments [Atom]
<< Home