Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 04, 2010

ഓർമ്മക്കാലം

വീണ്ടുമൊരോണക്കാലം വന്നുപോയി. തുമ്പയും മുക്കുറ്റിയും പതിവുള്ള ഉഷാറോടെത്തന്നെ വിടർന്നുനിന്നു. എന്നിട്ടും വർണ്ണപ്പകിട്ടുള്ള വല്യ വല്യ പൂവുകൾക്കിടയിൽ അവയ്ക്ക് പാവങ്ങളെപ്പോലെ നിൽക്കേണ്ടിവന്നു. എന്നാലും തുമ്പപ്പൂവില്ലാതെ എന്തോണം! എന്തു പൂക്കളം! ചിലതിന്റെയൊക്കെ സ്ഥാനം അപഹരിച്ചെടുക്കാൻ വിഷമമായിരിക്കും. നാട്ടുവഴിയിലൂടെ നടക്കുമ്പോൾ പണ്ടത്തെ ഓണക്കാലം ഓർമ്മ വന്നു. ഓല കൊണ്ടു മെടഞ്ഞുണ്ടാക്കിയ പൂക്കൂടയിൽ പൂ പറിക്കാൻ പോയിരുന്നത്. വയലിലെ കാക്കപ്പൂവും നെല്ലിന്റെ വരിയും പറിച്ചെടുക്കാൻ മത്സരിച്ചിരുന്നത്. ഒരിക്കൽ എല്ലാവരും കൂടെ വയലിൽ ഇറങ്ങി തകൃതിയായി പൂപ്പറിയ്ക്കലും പാട്ടും നടത്തിയപ്പോഴാണ് വയലിന്റെ ഉടമ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. വിളഞ്ഞുയരുന്ന നെല്‍പ്പാടത്തേക്ക് കുസൃതിക്കുരുന്നുകൾ ഇറങ്ങിയത് അയാൾക്കൊട്ടും ഇഷ്ടമായില്ല. ഉറക്കെ ചീത്തയും പറഞ്ഞുകൊണ്ട് അയാൾ ഓടിയടുത്തപ്പോൾ എല്ലാവരും ചിന്നിച്ചിതറി ഓരോ വഴിക്കും രക്ഷപ്പെട്ടു. പിറ്റേന്നും വയലിൽ ഇറങ്ങിയെന്നത് വേറെ കാര്യം. അന്ന്, പൂക്കൂടകൾ കഴിയുന്നത്ര നിറയ്ക്കണം എന്ന, കുഞ്ഞുമനസ്സിന്റെ മോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വയലും നെല്ലും അരിയുമൊന്നും വല്യ കാര്യമായിരുന്നില്ല. ഈ ഓണത്തിന് അതിലൂടെയൊക്കെ നടന്നപ്പോൾ അതിന്റെ വില അറിഞ്ഞുകൊണ്ടു നോക്കുമ്പോൾ വയലില്ല, നെല്ലില്ല, അരിയുമില്ല. അവിടെയൊക്കെ വീടുകളാണ്. പലതരം ജീവികളുടെ ശബ്ദം നിറഞ്ഞുനിന്നിരുന്ന ആ സ്ഥലത്ത്, മനുഷ്യന്റേയും, യന്ത്രങ്ങളുടേയും ഒച്ചകൾ, ചാനലുകളുടെ ബഹളം. മണ്ണിന്റെ മണമുള്ള വയലിനു പകരം, കറികളുടെ മണമുള്ള വീട്. അങ്ങനെയൊക്കെയാവുമെന്ന് ഒരുവട്ടം പോലും ആരും ചിന്തിച്ചിരുന്നില്ലെന്നത് സത്യം! കാലം മാറി, കാഴ്ചകളും മാറി. എങ്കിലും ഓർമ്മയിലുണ്ട്, പച്ച നിറമുള്ള വയൽ. നിറമുള്ള ഉടുപ്പുകളിട്ട് പൂമ്പാറ്റകളെപ്പോലെ, ഓടിച്ചാടിനടക്കുന്ന കുറേ കുട്ടികൾ. തല നരച്ചോട്ടെ. തൽക്കാലം ഓർമ്മകൾ നരയ്ക്കുന്നില്ലല്ലോ. ഓർമ്മകൾക്ക് തെളിച്ചമില്ലാത്തൊരു കാലം വന്നേക്കും. ഇങ്ങനെയുള്ള ഓർമ്മകളൊന്നും ചിലർക്ക് ഇഷ്ടമാവില്ല. പക്ഷേ, ഓർമ്മകൾ വേണം. നഷ്ടപ്പെട്ടതെന്തെന്നും, നേടിയെടുത്തതെന്തെന്നും പറഞ്ഞുതരാനുള്ള ആളാണല്ലോ ഓർമ്മ!

(ബൂലോഗകൂട്ടുകാർക്കെല്ലാം സുഖമെന്നു കരുതുന്നു.)

Labels:

Monday, September 15, 2008

ഒരോണംകൂടെ വന്നു പോയി

ഒരോണംകൂടെ നമ്മുടെ ഇടയിലേക്ക് വന്നുപോയി. വീണ്ടും വരാമെന്നും പറഞ്ഞ് പോയതുതന്നെ. കുട്ടിക്കാലത്തെ ഓണമാണ് ശരിക്കുള്ള ഓണം. ഇന്നത്തെ കുട്ടികളുടെ കാലമല്ല. നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ഓണം. ഇന്നത്തെക്കുട്ടികൾക്ക് അത്രയ്ക്ക് പുതുമയൊന്നുമില്ല ഓണം വരുമ്പോൾ. പൂക്കളം ഇടാൻ നേരവുമില്ല. പൂ പറിക്കാൻ പോകാറുമില്ല. വീട്ടിലിരുന്ന് ഒഴിവുദിനം ആഘോഷിക്കും. അത്ര തന്നെ. നാട്ടിൻപുറത്ത് കുട്ടികൾക്കൊക്കെ ഇന്നും അന്നത്തെപ്പോലെ ഓണം ഉണ്ട്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ഓണത്തെ വരവേൽക്കാൻ നേരമില്ല. വലിയവർക്കു പറ്റില്ലെങ്കിൽ കുട്ടികൾക്കും പറ്റില്ല.

ഐതിഹ്യം

മഹാബലിയങ്ങനെ എല്ലാ ജനങ്ങളേയും ഒരുപോലെയാക്കി, കള്ളവും ചതിയുമൊന്നുമില്ലാത്ത രാജ്യം ഭരിച്ചങ്ങനെ കഴിയുമ്പോൾ, ദേവന്മാർക്കൊക്കെ അസൂയയായി. അപ്പോൾ അവർ മഹാവിഷ്ണുവിനെത്തന്നെ അഭയം പ്രാപിച്ച് ഇയാളെയിങ്ങനെ വിട്ടാൽ എവിടെയെത്തും, നമുക്കൊരു പാര പണിയേണ്ടേ എന്നു ചോദിച്ചപ്പോൾ വിഷ്ണു, വാമനന്റെ രൂപത്തിൽ പുറപ്പെട്ടു ചെന്ന് മൂന്നടി മണ്ണ് ചോദിച്ചു. ഇന്നാണെങ്കിൽ മൂന്നടി മണ്ണാണെങ്കിലും വെറുതേ ചോദിച്ചാൽ മുന്നൂറ് കിട്ടും. മണ്ണല്ല. അടി. ദാനധർമ്മിഷ്ഠനായ മഹാബലി പറഞ്ഞു, മൂന്നടി മണ്ണല്ലേ എടുത്തോളൂ എടുത്തോളൂ എന്ന്. അപ്പോ വാമനന്റെ രൂപം മാറി. മൂപ്പർ ആകാശം പോലെയങ്ങ് വളർന്ന്, രണ്ടടികൊണ്ട് എല്ലാ ലോകങ്ങളും അളന്നു. മൂന്നടിയ്ക്ക് സ്ഥലമില്ല. തലയ്ക്കടിയേറ്റപോലെ നിന്ന മഹാബലിയോട് മൂന്നാമത്തെ അടി എവിടെവയ്ക്കും എന്നു ചോദിച്ചപ്പോൾ, മഹാബലിയ്ക്ക് ദേഷ്യം വന്നിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ നീയെന്റെ തലേലേയ്ക്ക് വെച്ചോ എന്നു പറയില്ലല്ലോ. ഏതായാലും ചാൻസ് കളയാതെ വാമനൻ, മഹാബലിയുടെ തലയും അളന്നു. ഒടുവിൽ പാതാളത്തില്‍പ്പോയി വസിച്ചോ എന്നും പറഞ്ഞു. അപ്പോ ഞാനെന്റെ പ്രജകളെയൊക്കെ എങ്ങനെ കാണും എന്നു ചോദിച്ചപ്പോൾ, വർഷത്തിലൊരിക്കൽ വന്നു കാണാൻ റിട്ടേൺ ടിക്കറ്റും തരമാക്കിക്കൊടുത്തു വാമനൻ. ഓണത്തിനു വന്നോ കണ്ടോ പൊയ്ക്കോന്നു പറഞ്ഞു. അങ്ങനെ പ്രജകളെക്കാണാൻ മഹാബലി വരുമ്പോൾ പ്രജകൾ സന്തോഷമായി ആഘോഷിക്കുന്നതാണ് ഓണം.
ഓണം ഓണമായിട്ട് ആഘോഷിക്കുന്നവർ ശരിക്കും ആഘോഷിക്കും. അത്തം മുതൽ പത്തുദിനം, പൂവൊക്കെപ്പറിച്ചും, പൂക്കളം തീർത്തും, തൃക്കാക്കരപ്പനെ വെച്ചു പൂജിച്ചും, സദ്യയൊരുക്കിയും, ഓണക്കോടിയണിഞ്ഞും, ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കും.

അന്നോണം


എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഓണാഘോഷം അതിഗംഭീരമായിരുന്നു എന്നു പറയാം. ആദ്യമേ അച്ഛനോട് പറയും, ഓണക്കോടിയുണ്ടെങ്കിലേ ഞങ്ങൾ പൂക്കളമിടൂ എന്ന്. പൂക്കളമിടുന്നവർക്കേ കോടിയുള്ളൂന്ന് അച്ഛനും പറയും. വെറുതേ അങ്ങോട്ടുമിങ്ങോട്ടും പുന്നാരം പറയുകയാണെന്നും കോടിയും പൂക്കളവും ഉണ്ടാവും എന്ന് രണ്ട് കൂട്ടർക്കും അറിയാം. പച്ച ഓലകൊണ്ട് പൂക്കൊട്ട ഉണ്ടാക്കിയിട്ടുണ്ടാവും വീട്ടിലെ മുതിർന്നവർ ആരെങ്കിലും. ചെറിയ ഇടുങ്ങിയ കൊട്ടയിൽ/അഥവാ കുട്ടയിൽ തുമ്പപ്പൂ ഇടും. വേറെ രണ്ടെണ്ണം കൂടെയുണ്ടാവും. ഒന്നിൽ വലിയ പൂക്കളൊക്കെ ഇടും. ഒന്നിൽ കാക്കപ്പൂവും, നെല്ലിന്റെ വരിയും ഒക്കെ. നെല്ലാവുന്നതിനുമുമ്പുള്ളത്. വയലിന്റെ ഉടമകളോട് അതിനു ആവശ്യത്തിനു കിട്ടുകയും ചെയ്യും. അതിരാവിലെ എണീറ്റ് പുറപ്പെടും. പൂവിളിയുമായി. പൂവേപൊലിപ്പാട്ടും, ആന പോകുന്ന പൂമരത്തിന്റെ എന്നപാട്ടുമാണ് അധികം പാടുക. ഓരോ വഴികളിലൂടെയൊക്കെപ്പോയി, വരമ്പത്തും വേലിയിലും നിൽക്കുന്ന പൂക്കളൊക്കെ എല്ലാവരും മത്സരിച്ച് കൊട്ടയിലാക്കും. പൂക്കളമിടാത്ത വീടോ, നിറയെ പൂവുള്ള വീടോ ഉണ്ടെങ്കിൽ അവർ, ഞങ്ങളെ കാണുമ്പോൾ ചിലപ്പോൾ പൂവ് തരികയും ചെയ്യും. ദൂരെയൊക്കെ ചുറ്റിക്കറങ്ങി വന്ന്, അടുത്തുള്ള പറമ്പിൽ നിന്നൊക്കെ പൂവൊക്കെ സംഘടിപ്പിച്ച്, കൊണ്ടുവെച്ച് കുളിച്ചമ്പലത്തില്‍പ്പോയി വന്ന്, മുക്കുറ്റിപ്പൂവ് പറിക്കും. ശ്രദ്ധയോടെ ചെയ്യണം. ഓരോ മുക്കുറ്റിപ്പൂവ് ആയിട്ട് പറിച്ചെടുക്കണം. പിന്നെ മുള്ളിന്റെ പൂവ്/ തൊട്ടാവാടിപ്പൂവ് പറിക്കും. അതുകഴിഞ്ഞ് വീട്ടിലെ ചെടികളിൽ എന്തൊക്കെയുണ്ടോ അതൊക്കെ പറിക്കും. അതാരും കൊണ്ടുപോവില്ലല്ലോ. ചെമ്പരുത്തിയുണ്ടാകും, കാശിത്തുമ്പയുണ്ടാവും. സീനിയ എന്ന പൂവുണ്ടാവും. പിന്നെ അപൂർവ്വം ചില പൂക്കൾ ഒന്നോ രണ്ടൊ ഒക്കെയുണ്ടാവും. മന്ദാരവും കോളാമ്പിപ്പൂവും സുഗന്ധരാജ് എന്ന പൂവും ഉണ്ടാവും. അതൊക്കെ കുറച്ചേ ഉണ്ടാവൂ. എന്നാലും പറിച്ചെടുക്കും. പിന്നെ കളർ ഇലകൾ ഒക്കെ അരിഞ്ഞെടുക്കും. മൺ‌വരമ്പിൽ നിന്ന് പച്ച ഇല പറിച്ചെടുക്കും. മുറ്റത്ത് മഴപെയ്താൽ ഒക്കെ പോകില്ലേ? അതുകൊണ്ട് വരാന്തയിലാണ് പൂക്കളം. ഞങ്ങളുടെ ജോലിക്കാരി ചിലപ്പോൾ അടിച്ചുവാരി വൃത്തിയാക്കിയിട്ടിട്ടുണ്ടാവും. അല്ലെങ്കിൽ ഞങ്ങൾ തന്നെ ജോലിക്കാർ ആവും. വൃത്തിയാക്കി പൂക്കളം തീർക്കും. അതുകഴിഞ്ഞാൽ ചായ. ചിലപ്പോൾ പൂവൊക്കെപ്പറിച്ച് കുളിച്ചുവരുമ്പോഴേക്കും വിശന്നിട്ടു കണ്ണുകാണില്ല. അപ്പോൾ ആദ്യം ചായ, പിന്നെ പൂക്കളം. അതുകഴിഞ്ഞാൽ അമ്മയെ ജോലിയിൽ കുറച്ച് സഹായിച്ച് വീടുവിട്ടിറങ്ങും. അതും വീട്ടുകാർക്ക് ഒരു സഹായം തന്നെ. ;) എന്നിട്ട് കൂട്ടുകാരുടെയൊക്കെ വീടുകളില്‍പ്പോയി അവരിട്ട പൂക്കളമൊക്കെ കണ്ട്, അന്നത്തെ പൂവിന്റെ നിലവാരമൊക്കെ ചർച്ച ചെയ്ത് വീട്ടിലെത്തും. പിന്നെ ഉച്ചയ്ക്കുശേഷം കൂട്ടുകാരൊക്കെ വരുമ്പോൾ സാറ്റ് കളി, നീന്തൽ, അങ്ങനെ പോകും. പിറ്റേന്ന് വീണ്ടുമെണീറ്റ് പൂ പറിയ്ക്കൽ. ഉത്രാടത്തിനോ തിരുവോണത്തിനോ ഓണപ്പൊട്ടൻ വരും. ഓണപ്പൊട്ടൻ അല്ലെങ്കിൽ ഓണേശ്വരന്റെ വേഷം കെട്ടി വരുന്നതാണ്. മണികിലുക്കി, ഓലക്കുടയിൽ തൊങ്ങലും തൂക്കി വരും. എല്ലാ വീടും കയറിയിറങ്ങും. അരിയോ പൈസയോ കൊടുക്കണം. ഓണത്തിനു വരുന്ന നല്ല ഏതെങ്കിലും സിനിമ കാണാനും പോകാറുണ്ട്. പിന്നെ സ്കൂൾ തുറക്കുമ്പോഴേക്കും ഓണവിശേഷങ്ങളുമായി, ഓണപ്പുടവയും ഇട്ട് ഓടിച്ചെല്ലാൻ കാത്തിരിക്കും.

ഇന്നോണം


ഇന്ന് മഹാബലി ഓടിക്കിതച്ചുവരുമ്പോഴോ? പണ്ടൊക്കെ നല്ല ഉഷാറായിരുന്നു ആളുകൾ. ഇന്ന് അതിലും ഉഷാർ. പഠിക്കാൻ പോകുന്നു, ജോലിക്കു പോകുന്നു. തിരക്കോടുതിരക്ക്. ഓണത്തിനു പൂക്കളം ഇടേണ്ട സമയത്തോ? പുരുഷന്മാർ മദ്യഷാപ്പിനു മുന്നിൽ ക്യൂ നിൽക്കുന്നു. സ്ത്രീകൾ വസ്ത്രക്കടകളിലും ആഭരണക്കടകളിലും കയറിയിറങ്ങുന്നു. കുട്ടികൾ ടി. വി. യ്ക്കും കമ്പ്യൂട്ടറിനും മുന്നിലിരിക്കുന്നു. പൂക്കളവുമില്ല, പൂവിളിയുമില്ല. എന്നാൽ സദ്യയെങ്കിലും വേണ്ടേന്ന് ചോദിച്ചാൽ ഓണസ്സദ്യക്കിറ്റും വാങ്ങി ഓടിക്കിതച്ചുവരും.
ഇത്തവണ ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകേട്ടാൽ, കുടിക്കാതെതന്നെ മഹാബലി ബോധം കെടും.
ചാനലുകളാണെങ്കിൽ ഞങ്ങളോടൊപ്പം ഞങ്ങളോടൊപ്പം എന്നും പറഞ്ഞ് സകല പടങ്ങളും എടുത്തിട്ട് നമ്മെ അതിനുമുന്നിൽ ഇരിപ്പിക്കും.

അന്നുമിന്നും

അന്നായാലും ഇന്നായാലും ഓണം ഓണമായിട്ട് ആഘോഷിക്കുന്നവർ ഉണ്ട്. അതിന്റെ പ്രാധാന്യത്തോടെ തന്നെ. പൂക്കളമിട്ട് സദ്യയൊരുക്കി സന്തോഷം പങ്കുവെക്കുന്നവർ. എത്ര ദൂരത്തിലായാലും ഒരുവിധം നിവൃത്തിയുണ്ടെങ്കിൽ ഓണത്തിനു നാടും വീടുമണയുന്നവർ. അല്ലെങ്കിൽ ഉള്ളിടത്തുനിന്ന്, ഉള്ളതുപോലെ ഓണമാഘോഷിക്കുന്നവർ. ഓണം സന്തോഷമായി കണ്ട് തന്റെ സന്തോഷത്തിൽ നിന്ന് മറ്റുള്ളവർക്കും ഒരു പങ്കുകൊടുക്കുന്നവർ. പ്രിയപ്പെട്ടവർ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്നറിയുമ്പോൾ ഓണത്തിന്റെ സന്തോഷം ഇരട്ടിക്കുന്നു.
എനിക്ക് അന്നും ഇന്നും ഓണം ആഘോഷിക്കുന്നതാണിഷ്ടം. ഓണം ആഘോഷിക്കുന്നവരെയാണിഷ്ടം. വസ്ത്രത്തിന്റേയും ആഭരണത്തിന്റേയും പൊലിമയിലും, ഓണത്തിനു “പൊടിച്ചു’ കളയുന്ന കാശിലുമല്ല കാര്യം. ഓണം സന്തോഷമായി ആഘോഷിക്കുന്നതിലാണ്. കോടിയുണ്ടെങ്കിൽ ഉടുക്കുക. അല്ലെങ്കിൽ നല്ല വസ്ത്രം ഉടുക്കുക. കൂട്ടുകാരോടൊക്കെ ഓണത്തിന്റെ സന്തോഷം പങ്കുവെക്കുക. നല്ലൊരു സദ്യ, ചെറിയ തോതിലാണെങ്കിലും വീട്ടിലുണ്ടാക്കിക്കഴിക്കുക. ആഘോഷിക്കണമെന്നുണ്ടെങ്കിലും ഒരുപാട്പേർക്ക് അതൊരു സ്വപ്നമായിരിക്കും. സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക. ഓണക്കാലത്തെങ്കിലും എല്ലാവരും സുഖവും സന്തോഷവുമായിരിക്കാൻ പ്രാർത്ഥിക്കുക.

മഹാബലി വരുന്നു എന്നു പറയുന്നത് ഒരു സങ്കല്പം ആയിരിക്കാം. എന്നാലും ഓണമാഘോഷിക്കുമ്പോൾ വരുന്ന സന്തോഷത്തെ മഹാബലിയായി കണക്കാക്കുന്നതിൽ തെറ്റില്ലല്ലോ. ഇനി അടുത്ത ഓണംവരേയ്ക്കും കഴിഞ്ഞുപോയ ഓണക്കാലം മനസ്സിൽ സൂക്ഷിക്കാം.

“പൂവിളി പൂവിളി പൊന്നോണമായീ,
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ....”

നേരിട്ട് ആശംസിക്കാൻ കഴിഞ്ഞില്ലെങ്കിലും ബൂലോകകൂട്ടുകാർക്കൊക്കെ ഞാൻ മനസ്സിൽ ആശംസ നേർന്നു. എന്നെങ്കിലുമൊരു പൊന്നോണം എല്ലാ കൂട്ടുകാരുടേയും കൂടെ ആഘോഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെനിക്ക്.

Labels: