സീതാരാമവിവാഹം
“വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ?
ചൊല്ലുകെ”ന്നതു കേട്ടു ചൊല്ലിനാൻ വിശ്വാമിത്രൻ
“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടുമല്ലോ”
മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
മന്ദമന്ദം പോയ്ചെന്നു നിന്നുകണ്ടിതു ചാപം
ജ്വലിച്ചതേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
നിന്നരുളുന്ന നേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടു ജനം.
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
കൂട്ടമേവാദ്യങ്ങളും മംഗലസ്തുതികളും
ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെ സ്തുതിക്കയുമപ്സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭാഘോഷം കണ്ടു കൗതുകം പൂണ്ടാർ
ജനകൻ ജഗത്സ്വാമിയാകിയ ഭഗവാനെ
ജനസംസദിഗാഢാശ്ലേഷവും ചെയ്താനല്ലോ
ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്പ്പേടപോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായ്വന്നു ചേതസികൗശികനും
മൈഥിലി തന്നെപ്പരിചാരികമാരും നിജ
മാതാക്കന്മാരും കൂടിനന്നായിച്ചമയിച്ചാർ
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദമന്ദ-
മർണ്ണോജനേത്രൻ മുമ്പിൽ സത്രപം വിനീതയായ്
വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പല കാന്തിതേടും
ബാലകൻ ശ്രീരാമനുമേറ്റം വിളങ്ങിനാൻ
ഭൂമിനന്ദനയ്ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലക ബാലൻ തന്നെക്കണ്ടവർകളും
ആനന്ദാംബുധി തന്നിൽ വീണുടൻ മുഴുകിനാർ
മാനവവീരൻ വാഴ്കെന്നാശിയും ചൊല്ലീടിനാർ.
ശ്രീരാമനേയും സീതയേയും ഞാൻ വണങ്ങുന്നു.
(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ രാമായണമാസത്തിൽ.)
2 Comments:
ഉത്തമനും ഉത്തമിയും ആയിട്ടും എന്തെല്ലാം പരീക്ഷണങ്ങള്‍.
സുകന്യേച്ചീ :)
Post a Comment
Subscribe to Post Comments [Atom]
<< Home