സ്വപ്നഭവനം
മോഹൻകുമാർ, രാമാനുജത്തെ സൂക്ഷിച്ചുനോക്കി. ഒരു വീടുവയ്ക്കണം എന്നും പറഞ്ഞുകൊണ്ട് കുറച്ചുനാൾ മുമ്പ് രാമാനുജം, ആർക്കിടെക്റ്റ് മോഹൻകുമാറിന്റെ സ്ഥാപനത്തിലേക്കു കയറിവരുമ്പോൾ, ഇങ്ങനെയാവും കാര്യങ്ങളെന്ന് മോഹൻകുമാറിനു ഒരു സൂചന പോലുമുണ്ടായില്ല. ഒരു പ്ലാൻ, ആലോചിച്ച് തെരഞ്ഞടുത്തശേഷം രാമാനുജം വരുന്നത് എത്രാമത്തെ തവണയാണെന്ന് മോഹൻകുമാറിന് അറിയില്ല. എന്നൊക്കെ കൂടിക്കാഴ്ചയ്ക്കു വന്നിരുന്നുവോ അന്നൊക്കെ ഓരോ ആവശ്യങ്ങൾ, പലപ്പോഴും വിചിത്രമെന്നു തോന്നുന്നതു തന്നെ, രാമാനുജം അറിയിച്ചിട്ടുണ്ട്. ബെഡ്‌റൂമിലെ ചുവരിൽ വെള്ളപ്പെയിന്റ് അടിച്ച് അതിൽ ചെറിയ ചെറിയ ഹൃദയചിഹ്നങ്ങൾ വരച്ചു ചേർക്കണം എന്നുപറഞ്ഞപ്പോൾ, മോഹൻകുമാർ ചോദിച്ചു, വരച്ചുചേർക്കുന്നതിനു പകരം വാൾപേപ്പർ വാങ്ങി ഒട്ടിച്ചാല്‍പ്പോരേന്ന്. പോരെന്ന് മറുപടിയും കിട്ടി. അത് ആദ്യത്തെ ആവശ്യമൊന്നും അല്ലാത്തതുകൊണ്ട് മോഹൻകുമാറിന് പ്രത്യേകത ഒന്നും തോന്നിയില്ല. പ്ലാൻ മാറ്റി മറിയ്ക്കുന്നത് എത്ര പ്രാവശ്യമാണെന്ന് അറിയില്ല. ഇക്കണക്കിനു പോയാൽ എല്ലാ പേപ്പറുകളും ശരിയാക്കി വീടുപണി എന്നും തുടങ്ങും എന്നും അറിയില്ല.
അവളു പറഞ്ഞിട്ടുണ്ട് എന്ന തുടക്കത്തോടെ രാമാനുജം എന്തെങ്കിലും പറയാൻ തുടങ്ങിയാൽ, മോഹൻകുമാറിന് അറിയാം, അതൊരു സാധാരണ ആവശ്യം ആയിരിക്കില്ല, പ്ലാനിൽ മാറ്റം വരുത്താറായി എന്ന്.
“അയാളുടെ ഭാര്യ മരിച്ചുപോയിക്കാണും.” മോഹൻകുമാറിന്റെ അസിസ്റ്റന്റ് ഒരുദിവസം പറഞ്ഞു. രാമാനുജം വന്നുപോയതിനുശേഷമായിരുന്നു അത്.
“അല്ലാതെന്ത്? എന്നിട്ട് വീടുപണിതു കഴിയുമ്പോൾ എല്ലാ മുറിയിലും അവരുടെ ഓരോ ചിത്രവും തൂക്കി മാലയിട്ടുവയ്ക്കും. അയാളുടെ പ്ലാൻ അതു മാത്രം ആയിരിക്കും. ബാക്കിയൊക്കെ ഭാര്യ പറഞ്ഞുവെച്ചുപോയ ഐഡിയയും.” മോഹൻകുമാർ ചിരിച്ചു. അസിസ്റ്റന്റും.
രാമാനുജത്തിന്റെ മുഖത്തു പക്ഷെ, വീടുനിർമ്മിക്കുന്ന ഒരാളുടെ ഉത്സാഹം ഒരിക്കലും കണ്ടിരുന്നില്ല. എത്ര വലിയ കഷ്ടപ്പാടായാലും വീടുവയ്ക്കുക എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കും. രാമാനുജം വലിയ പിരിമുറുക്കം ഉള്ളതുപോലെയാണ് പെരുമാറിയത്.
പിന്നീട് വന്ന ദിവസം രാമാനുജം പറഞ്ഞു.
“അടുക്കളയിൽ ജനലിനടുത്ത് കുറച്ചു ചെടിച്ചട്ടികളെങ്കിലും വയ്ക്കണം. അതിനു പ്രത്യേകമായിട്ട് സൗകര്യം വേണം.”
“ഇത്രേം വലിയ വീട്ടിൽ അടുക്കളയിൽ എന്തിനാണു ചെടികൾ? ടെറസ്സിലും പറമ്പിലും ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ. അടുക്കളയ്ക്കു പുറത്തുള്ള മുറ്റത്തും നല്ല വെയിൽ കിട്ടുന്ന സ്ഥലം തന്നെ.”
“അവൾക്ക് അതാണിഷ്ടമെന്ന് ഒരിക്കൽ സൂചിപ്പിച്ചിരുന്നു.”
“മിസ്റ്റർ രാമാനുജം, മോഹൻകുമാർ ഈർഷ്യയോടെ വിളിച്ചു. “നിങ്ങളുടെ വീട്, നിങ്ങളുടെ പണം. പക്ഷെ, ഒരു പ്ലാൻ തെരഞ്ഞെടുത്തതിനുശേഷം, വീടുപണിക്കുവേണ്ട കാര്യങ്ങൾ ചെയ്യാനുള്ള യാതൊരു ഭാവവുമില്ലാതെ നിങ്ങൾ പ്ലാൻ മാറ്റിമറിച്ചുകൊണ്ട് ഇരിക്കുകയാണോ?”
രാമനുജം ആ ഈർഷ്യ മനസ്സിലാക്കിയെങ്കിലും വളരെ സൗമ്യനായിട്ട് പറഞ്ഞു.
“വീടെന്നുപറയുന്നത് ഒരു ചെറിയ കാര്യമല്ല. ഒരുപാടുകാലം അതിലാണ് നമ്മുടെ ഓർമ്മകളും മറവികളും ദുഃഖങ്ങളും ആഹ്ലാദവും, സ്വപ്നങ്ങളും ഒക്കെ വന്നും പോയും ഇരിക്കുന്നത്. വെറും കല്ലും മരവും പോലെ കാണുന്നത് ശരിയാവില്ല. അതുകൊണ്ടുതന്നെ വീട് നമുക്കിഷ്ടപ്പെടണം. എപ്പോഴും കയറിച്ചെല്ലാൻ തോന്നിക്കണം. ഇറങ്ങിപ്പോകാനാണെങ്കിൽ സ്വന്തമായിട്ട് എന്തിനു വീട്?” അയാൾ ഏതോ ഓർമ്മകളിലായിരുന്നു.
അയാളുടെ സൗമ്യതയോട് എതിർത്തുനിൽക്കാൻ മോഹൻകുമാറിനായില്ല.
“നിങ്ങളുടെ ആവശ്യങ്ങൾ അല്പം വിചിത്രമല്ലേന്ന് തോന്നിയതുകൊണ്ടാണ് പറഞ്ഞത്. അല്ലെങ്കിൽ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ പറഞ്ഞുതരേണ്ട ജോലിയേ ഉള്ളൂ. അങ്ങനെയാവാം ഇങ്ങനെയാവാം എന്നു പറയാറുണ്ടെന്നു മാത്രം.”
രണ്ടുദിവസം കഴിഞ്ഞുവരാമെന്നു പറഞ്ഞ് രാമാനുജം ഇറങ്ങിപ്പോയപ്പോൾ മോഹൻകുമാർ അസിസ്റ്റന്റിനോടു പറഞ്ഞു.
“ഇക്കണക്കിനു പോയാൽ അയാളുടെ വീട് അയാൾ തന്നെ കെട്ടേണ്ടിവരും. ആവശ്യങ്ങൾ ഓരോ ദിവസവും കൂടിവരികയാണ്.”
“അയാളുടെ ഭാര്യയുടെ ഓർമ്മയ്ക്കു കെട്ടുന്നതല്ലേ? അതാവും ഇങ്ങനെയൊക്കെ.”
“നോക്കാം. പ്ലാൻ മാറ്റിമറിച്ചുകൊണ്ടിരുന്നാൽ വീടുപണി നീണ്ടുപോകുമെന്നു മാത്രം.”
“ഇനി അയാൾ വരുമ്പോൾ സാർ അക്കാര്യം സൂചിപ്പിച്ചാൽ മതി.”
“അതാണ് ചെയ്യാൻ പോകുന്നത്.”
രണ്ടുദിവസം കഴിഞ്ഞുവരാമെന്നു പോയ രാമാനുജം ഒരാഴ്ച കഴിഞ്ഞാണ് വന്നത്. ഇനി പ്ലാനിൽ മാറ്റമൊന്നും വേണ്ടിവരില്ലെന്നും, വീടുപണി ഉടനെ തുടങ്ങാനുള്ളതൊക്കെ തയ്യാറാക്കായിട്ടാവും അയാൾ വരുന്നതെന്നും കണക്കാക്കിയിരുന്ന മോഹൻകുമാറിനോട് അയാൾ പറഞ്ഞു.
“അല്പം മാറ്റമുണ്ട്.” ഒരു പഴയ, മങ്ങിയ വെള്ളക്കടലാസ്സ് എടുത്തു നീട്ടി. മോഹൻകുമാർ അതുവാങ്ങി നോക്കി.
“ബാൽക്കണിയാണ്. അവിടെ സൈഡിൽ ഒരു ഷെൽഫ് വേണം.”
“ബാൽക്കണിയിൽ ഇങ്ങനെ ഒരു ഷെൽഫോ? അങ്ങനെ...”
“അതുവേണം. അതുകൊണ്ടാണ് ഇങ്ങനെയൊരു ഡിസൈൻ. പണ്ട് അവൾ വരച്ചതാണ്. വേറെയും ഉണ്ടായിരുന്നു. അപ്പോ വേറെയും ചിലതു മാറ്റേണ്ടിവരും.”
“നോക്കൂ, മിസ്റ്റർ രാമാനുജം...” മോഹൻകുമാർ പ്ലാൻ നോക്കിയിട്ട് പറഞ്ഞുതുടങ്ങി “നിങ്ങളുടെ മരിച്ചുപോയ ഭാര്യ..”
“എന്റെ ഭാര്യ മരിച്ചിട്ടില്ല” രാമാനുജം പെട്ടെന്ന് പറഞ്ഞു.
മോഹൻകുമാർ മുഖമുയർത്തി അയാളെ ഒന്നു നോക്കിയശേഷം മുറിയിൽ വേറൊരു ഭാഗത്തിരുന്ന അസിസ്റ്റന്റിനെ നോക്കി. അയാൾ മോഹൻകുമാറിനെ നോക്കി കണ്ണടച്ചു കാണിച്ചു.
“ങ്ങാ...നിങ്ങളുടെ ഭാര്യ...അവരുടെ പ്ലാൻ പുതുമയുള്ളതുതന്നെ. പക്ഷേ ഇത്രയൊക്കെ പുതുമ വേണമോ എന്നേ സംശയമുള്ളൂ. പോരാത്തതിനു നിങ്ങൾ ആദ്യം ഒരു പ്ലാൻ അംഗീകരിച്ചിരുന്നു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ആവശ്യങ്ങളൊക്കെ പറഞ്ഞ് അങ്ങനെയൊരു പ്ലാൻ വരപ്പിച്ചത്.”
“അത് എന്റെ മാത്രം പ്ലാൻ ആയിരുന്നു. അവളുടേതും കൂടെ ആയിരുന്നില്ല. ഇത് അവളുടെ സ്വപ്നത്തിൽ എന്നുമുണ്ടായിരുന്ന വീടാണ്.”
ദേഷ്യം വന്നെങ്കിലും മോഹൻകുമാർ, രാമാനുജത്തിന് ഒരു തിയ്യതി കൊടുത്തു. അതിനുമുമ്പ് എങ്ങനെ മാറണമെങ്കിലും അറിയിക്കാൻ. മാറ്റി വരച്ച് മാറ്റി വരച്ച് വീടിന്റെ പണി തുടങ്ങാൻ താമസിച്ചാൽ സമയനഷ്ടം മാത്രമേയുള്ളൂ എന്നും പറഞ്ഞു. ശരിയെന്നു മാത്രം പറഞ്ഞ് രാമാനുജം പോയി.
നല്ലൊരു ആർക്കിടെക്റ്റെന്ന നിലയിൽ മോഹൻകുമാറിനു തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു എപ്പോഴും. കൂടെപ്പഠിച്ച, അക്കാലത്ത് ഒരു നല്ല സുഹൃത്തായിരുന്ന ദേവികയെ കണ്ടുമുട്ടിയതും അങ്ങനെയൊരു ദിവസമായിരുന്നു.
“നിന്നെ കണ്ടിട്ട് പതിനഞ്ചോ പതിനാറോ വർഷങ്ങളായി. മാറ്റമൊന്നുമില്ല. എവിടെയാ ഇപ്പോ?”
“അച്ഛന്റേം അമ്മയുടേം കൂടെയായിരുന്നു കുറച്ചുദിവസം ഇന്നലെ എത്തിയതേയുള്ളൂ.”
“അവരിപ്പോഴും വിദേശത്താണോ?”
“അതെ.”
“ഭർത്താവ്? കുട്ടികൾ?”
“ഭർത്താവ് ഇവിടെയുണ്ട്. കുട്ടികൾ രണ്ടുപേർ. മോനും മോളും. ഹോസ്റ്റലിലാണ്.”
“ഒരു ദിവസം ഓഫീസിലേക്കു വാ. ഓഫീസൊക്കെയൊന്നു കാണാമല്ലോ.”
മോഹൻകുമാറിന്റെ വീട്ടുകാര്യങ്ങളും ജോലിക്കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞ് അവർ പിരിഞ്ഞു.
മോഹൻകുമാറിന്റെ ഓഫീസിൽ ദേവിക എത്തിയപ്പോൾ, അയാൾ രാമാനുജത്തിന്റെ പ്ലാൻ നോക്കുകയായിരുന്നു.
“തിരക്കിലാണോ?”
“തിരക്കുതന്നെ. ഇയാൾക്കാണെങ്കിൽ കിറുക്കും.” പ്ലാൻ കാണിച്ചുകൊണ്ട് മോഹൻകുമാർ പറഞ്ഞു.
പ്ലാൻ ഒന്നു നോക്കിയിട്ട് ദേവിക പറഞ്ഞു. “വലിയ വീടാണല്ലോ.”
“ഒരു രാമാനുജം. അയാളുടെ ഭാര്യയുടെ ഓർമ്മയ്ക്കു കെട്ടുന്നതാണ്. താജ്മഹൽ.”
“അങ്ങനെ പറഞ്ഞോ?”
“പറഞ്ഞില്ല. അതൊക്കെ മനസ്സിലാക്കിയെടുത്തു. കുറേ നാളായി ഇതിനുപിന്നാലെ.”
കുറച്ചുനേരം കൂടെ അവിടെ ചെലവഴിച്ചിട്ട് ദേവിക ഇറങ്ങി. ടാക്സിയിൽ ഇരിക്കുമ്പോൾ അവൾ ആലോചിച്ചു. വീട്! ക്വാർട്ടേഴ്സുകളിലും ഹോസ്റ്റലുകളിലെ ചെറിയ മുറികളിലും കഴിഞ്ഞുകൂടിയ കാലം. വീടെന്നു പറഞ്ഞാൽ അതൊരു സ്വാതന്ത്ര്യത്തിന്റെ കൂടായിരിക്കണം. വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്ക് സഞ്ചരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഓരോ വീടും ഓരോ തരം. എല്ലാത്തിലും എന്തെങ്കിലുമൊക്കെ കുറവ് അവൾ എന്നും കണ്ടുപിടിച്ചു. എപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നറിയില്ല. സ്വന്തം വീടെന്ന ആഗ്രഹത്തിന്റെ പേരിലാവണം വഴക്കുകൾ തുടങ്ങിയത്. ഒടുവിൽ മക്കളെ ഹോസ്റ്റലിലാക്കി അവൾ അച്ഛന്റേയും അമ്മയുടേയും അടുത്തേക്കു പോയി. വീടിന്റെ പേരിൽ ഒരു കുടുംബം നാലു സ്ഥലത്ത് താമസിക്കാൻ തുടങ്ങി. ഇടയ്ക്കു വല്ലപ്പോഴും കണ്ടുമുട്ടുന്നവരായി മാറി. അവൾ ഓർമ്മകളിൽ മയങ്ങി യാത്ര ചെയ്തു.
പിറ്റേന്ന് കുട്ടികളെ കാണാൻ പോയി. ആറുമാസം കൂടുമ്പോൾ അവൾ വന്നുകാണാറുണ്ട്. അച്ഛൻ കൂടെയില്ലെന്നു കണ്ട് അവരുടെ മുഖം വാടിയത് ദേവിക ശ്രദ്ധിച്ചു. പുറത്ത് കറങ്ങിനടക്കുന്നതിനിടയിലാണ് മോൻ ചോദിച്ചത്.
“അച്ഛനു തിരക്കാണോ?”
“അതെ. അല്ലെങ്കിൽ വരുമായിരുന്നു. ഞാൻ ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ച വന്നുവെന്നു പറഞ്ഞു.”
വൈകുന്നേരം അവരെ ഹോസ്റ്റലിൽത്തന്നെ വിട്ട് മടങ്ങുമ്പോൾ രണ്ടാളും ഒരുമിച്ചുചോദിച്ചു.
“അമ്മയ്ക്കിനി തിരിച്ചുപോകാതിരുന്നുകൂടെ? അച്ഛൻ, അമ്മ പറഞ്ഞതുപോലെയുള്ള വീട് ഉണ്ടാക്കുന്നുണ്ടല്ലോ.നമ്മുടെ സ്വന്തം വീട്? അമ്മയുടെ സ്വപ്നത്തിലുള്ളതുപോലെത്തന്നെയുണ്ടാവുമെന്ന് അച്ഛൻ പറഞ്ഞു. അച്ഛനിപ്പോൾ എങ്ങനെയെങ്കിലും നമ്മളെല്ലാവരുമൊരുമിച്ച് താമസിച്ചാൽ മതിയെന്നായി. വരുമ്പോൾ എപ്പോഴും പറയും.”
ഒന്നും പറയാതെ ഇറങ്ങിയപ്പോൾ അവളോർത്തു. മോഹൻ കാണിച്ചപ്പോൾത്തന്നെ അവൾക്കു മനസ്സിലായി അത് അവൾ വരച്ച, അവൾ ആഗ്രഹിച്ച വീടിന്റെ ഡിസൈൻ ആണെന്ന്. അതിനുവേണ്ടിയാണ് മനസ്സുകളില്‍പ്പോലും ഇത്ര അകൽച്ച ഉണ്ടായത്. അതും അനാവശ്യമായിട്ട്. അതു പണി തീർന്നാൽ തീർച്ചയായും ഒരു നല്ല വീടാവട്ടേയെന്നും, കാലം, അതിന്റെ ചുവരുകളിലെ തെളിച്ചം കുറച്ചാലും, അവിടെയുള്ള മനസ്സുകളിൽ തിളക്കം എന്നും ഉണ്ടാവുന്ന വീടാകട്ടെ എന്നും അവൾ പ്രാർത്ഥിച്ചു. എത്ര ദൂരെപ്പോയാലും കാന്തം പോലെ തിരിച്ചുവിളിച്ച് ഒന്നിപ്പിക്കുന്ന വീട്.
പിറ്റേന്ന് അവൾ രാമാനുജത്തിന്റെ കൂടെ കയറിച്ചെന്നപ്പോൾ മോഹൻകുമാർ അമ്പരന്നു.
“ഇതാണെന്റെ മരിച്ചുപോകാത്ത ഭാര്യ. പ്ലാനിന്റെ കാര്യം ഇവളോടു ചോദിച്ചാൽ മതി. സ്വന്തമായിട്ട് ഒരു വീടുവേണമെന്നുപോലും തോന്നാത്ത ആളാണു ഞാൻ. അത് ശരിയല്ലെന്ന് പിന്നീട് മനസ്സിലാക്കി” രാമാനുജം പറഞ്ഞ് അവർ രണ്ടുപേരും ചിരിച്ചപ്പോൾ ജാള്യത മറന്ന് മോഹൻകുമാർ അവരോടൊപ്പം ചിരിച്ചു.
Labels: കഥ
7 Comments:
കഥയില്‍ പുതുമയുണ്ട്...
ഒപ്പം ഞാനും ചിരിച്ചു.
അതിന്റെ ചുവരുകളിലെ തെളിച്ചം കുറച്ചാലും, അവിടെയുള്ള മനസ്സുകളിൽ തിളക്കം എന്നും ഉണ്ടാവുന്ന വീടാകട്ടെ ..
best wishes
ശ്രീ :) പുതുമയുണ്ടെന്നു പറഞ്ഞതിൽ സന്തോഷം. കഥ ഇഷ്ടമായെന്നു കരുതുന്നു.
പാറുക്കുട്ടി :) വായിക്കാൻ വന്നതിൽ സന്തോഷം.
the man to walk with :) നന്ദി.
ഭാര്യയെ പറഞ്ഞുമനസ്സിലാക്കാനോ നിലക്കുനിർത്താനോ അറിയാത്ത ഒരു ഭർത്താവ്.. അല്ലാതെന്ത് പറയാൻ?
കുട്ടികളെ കാണാൻ അവർ ഒരുമിച്ചു പോയില്ലെന്നോ? കഷ്ടം.
കഥ തരക്കേടില്ല.
Home is where the heart is - ഇതാണ് മനസ്സില്‍വന്നത് ഈ കഥ വായിച്ചപ്പോള്‍ :)
ചിതൽ :) കഥ തരക്കേടില്ലെന്നറിഞ്ഞതിൽ സന്തോഷം.
ബിന്ദൂ :) ഗണപതിഭഗവാനെയൊക്കെ പറഞ്ഞയച്ചോ? കാണാൻ വരണംന്ന് ഉണ്ടായിരുന്നു. പറ്റിയില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home