പ്രകാശം ഇല്ലാഞ്ഞപ്പോൾ
ആശാപൂർണ്ണാദേവിയുടെ ഒരു നോവലാണ് പ്രകാശം ഇല്ലാഞ്ഞപ്പോൾ. ജഗൻ അലോഗ് നാ ഹിറെ എന്ന ബംഗാളിനോവലാണ് മലയാളത്തിൽ, പ്രകാശം ഇല്ലാഞ്ഞപ്പോൾ എന്ന പേരിൽ നോവലായത്.
നിസ്സഹായരായ, എന്നാൽ പരസ്പരസ്നേഹമുള്ള ചില ജീവിതങ്ങളാണ് ഈ നോവലിൽ ഉള്ളത്. നോവലിന്റെ ചുരുക്കം എഴുതിയിടുന്നു.
ആദിനാഥൻ എന്ന വൃദ്ധനായ, അന്ധനായ ഒരാളാണ് ഇതിലെ മുഖ്യകഥാപാത്രം. അദ്ദേഹം പുത്രനോടും, പുത്രന്റെ കുടുംബത്തോടുമൊപ്പം താമസിക്കുന്നു. അദ്ദേഹത്തിനു ജോലിയുണ്ടായിരുന്നു, ഇപ്പോൾ പെൻഷനും. വൃദ്ധനാണെങ്കിലും അദ്ദേഹം നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. സമയാസമയങ്ങളിൽ അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ചുള്ള ഭക്ഷണം നൽകുകയാണ് അദ്ദേഹത്തിന്റെ മകന്റെ ഭാര്യയുടെ പ്രധാനജോലി എന്നു പറഞ്ഞാൽപ്പോലും തെറ്റില്ല. ഭക്ഷണക്കാര്യത്തിൽ അതീവശ്രദ്ധാലു ആയതുകൊണ്ടുതന്നെ, അന്ധനെന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ഒരു കുഴപ്പവുമില്ല. അദ്ദേഹം നാടുചുറ്റാൻ ഇറങ്ങുമ്പോൾ, പൌത്രൻ സുബലിനെയാണ് ആശ്രയിക്കുന്നത്. ദേവനാഥനാണ് ആദിനാഥന്റെ മകൻ. അയാൾ ജോലിക്കു പോകുന്നുണ്ട്.
മാധുരിയാണ് ആദിനാഥന്റെ മരുമകൾ. ആദിനാഥന് ഭക്ഷണം ഒരുക്കിക്കൊടുക്കൽ ഒരു കാര്യമായ ജോലിയാണെങ്കിലും സന്തോഷത്തോടെയാണ് അവൾ ചെയ്യുന്നത്. പരാതിയെന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അവൾ മനസ്സിൽ അടക്കിവെച്ച് നല്ല പെരുമാറ്റമേ കാണിക്കുകയുള്ളൂ.
ഡോക്ടർ ബിഹാരി, ഗ്രാമത്തിലെ ഡോക്ടറാണ്. അയാൾ, ആദിനാഥനു കാഴ്ച തിരിച്ചുകിട്ടുമെന്ന് ഉറപ്പുകൊടുക്കുന്നുണ്ട്. പറ്റിയ്ക്കാൻ പറയുന്നതല്ല, സഹതാപം തോന്നിയിട്ട് പറയുന്നതാണ്. ആദിനാഥൻ ദിവസവും ഡോക്ടർക്ക് നാലണ കൊടുക്കും.
അന്ധനായതുകൊണ്ട് മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് ആദിനാഥൻ എല്ലാം അറിയുന്നത്. അതുകൊണ്ടുതന്നെ ചിലതൊക്കെ അറിയാതെപോകുന്നുമുണ്ട്.
ദേവനാഥന് ജോലി നഷ്ടപ്പെടുമ്പോഴാണ് കാര്യങ്ങൾ കുറച്ചു കുഴപ്പത്തിലാവുന്നത്. അയാൾ ആരേയും അറിയിക്കാതെ നോക്കാമെന്നു കരുതിയെങ്കിലും, മാധുരി അറിയുന്നു. പിന്നീട് സുബലും. അച്ഛനോട് ദേവനാഥൻ പറയുന്നത്, ഓഫീസിൽ ഹർത്താലാണെന്നും അതുകൊണ്ട് കുറച്ചുദിവസത്തേക്ക് പോകേണ്ടെന്നുമാണ്. ആദിനാഥന്റെ പെൻഷൻ ഉള്ളതുകാരണം, അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ഒരു കുറവും ഇല്ലാതെ തന്നെ നടന്നുപോകുന്നുണ്ട്.
പിന്നീട് വീട്ടിലെ കാര്യങ്ങളെല്ലാം താളം തെറ്റാൻ തുടങ്ങുന്നു. മാധുരി വീട്ടിലെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ നോക്കുന്നു. കൂട്ടുകാരിയോട് പിണക്കത്തിലാവുകപോലും ചെയ്യുന്നു. ഒടുവിൽ ആദിനാഥൻ എല്ലാ കാര്യങ്ങളും അറിയുന്നു. തന്നെ വല്ല ആശ്രമത്തിലേക്കും അയയ്ക്കാൻ മകനോടു പറയുന്നു. എല്ലാവരും എല്ലാം മറച്ചുവെച്ച്, തെറ്റിദ്ധരിപ്പിച്ച് കഴിയുകയായിരുന്നെന്ന് തനിക്കു ആദ്യമേ മനസ്സിലായെന്ന് അയാൾ പറയുന്നു.
കഷ്ടപ്പാടിനിടയിലും, പരസ്പരസ്നേഹമുള്ള ആളുകൾ. കുടുംബസ്നേഹമുള്ള ആളുകൾ. ഇവരൊക്കെയാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. ഇടയ്ക്ക് വല്ലപ്പോഴുമുണ്ടാകുന്ന മുറുമുറുപ്പുകൾ, ജീവിതത്തിന്റെ ഗതിയിൽ വലിയ വ്യത്യാസമൊന്നും വരുത്തുന്നില്ല. എവിടെയോ ഉള്ള ചിലരുടെ ജീവിതത്തിലേക്കു കടന്നുചെന്നു നോക്കുന്നതുപോലെയുണ്ടാവും ഈ നോവൽ വായന. ഗ്രാമത്തിലെ ചായക്കടക്കാരനും, മത്സ്യവില്പനക്കാരിയും ഒക്കെയുണ്ട് ഈ നോവലിൽ.
ഇത് ആദിനാഥന്റെയോ, ദേവനാഥന്റെയോ, മാധുരിയുടേയോ മാത്രം കഥയല്ല. പേരുകൾ മാറ്റിയാൽ ലോകത്ത് എവിടെയെങ്കിലുമൊക്കെയുണ്ടാവും ഇത്തരം ആൾക്കാർ.
പ്രകാശം ഇല്ലാഞ്ഞപ്പോൾ - ആശാപൂർണ്ണാദേവി. വിവർത്തനം - കെ. രാധാകൃഷ്ണൻ. ഡി. സി. ബുക്സ് - രൂ. 60
Labels: ആശാപൂർണ്ണാദേവി, വായന
3 Comments:
ഈ പരിചയപ്പെടുത്തൽ വളരെ ഇഷ്ടപ്പെട്ടു. ശുഭപര്യവസായിയായ കഥകൾ എന്നും മനസ്സിൽ ഉൾപ്പുളകമുണർത്തുന്നു.
ഇപ്പോള് സൂവിനെ കണ്ട സന്തോഷം അറിയിക്കാന് വന്നതാണ് ട്ടൊ,
ഇന്നലേം വന്നിരുന്നു..
പോസ്റ്റ് പിന്നീട് വായിക്കാം.. ആശപൂര്ണ്ണാദേവിയെ എനിക്കും ഇഷ്ടമാണ്
ചിതൽ :)
ആത്മേച്ചീ :) എനിക്കും സന്തോഷം. പോസ്റ്റ് സമയം കിട്ടുമ്പോൾ വായിക്കൂ.
Post a Comment
Subscribe to Post Comments [Atom]
<< Home