Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 09, 2010

റഷ്യൻ നാടോടിക്കഥകളും മൂന്നു തടിയന്മാരും

റഷ്യൻ നാടോടിക്കഥകൾ

റഷ്യൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൽ കുറേ കഥകളുണ്ട്. വായിച്ചാലും വായിച്ചാലും പിന്നേം വായിക്കണമെന്നു തോന്നുന്നവ. ആ കഥകളെക്കുറിച്ച് പുസ്തകത്തിന്റെ തുടക്കത്തിൽ ഇങ്ങനെ പറയുന്നു.

“ഉള്ളടക്കത്തിലും പ്രതിപാദനരീതിയിലും വൈവിധ്യമുള്ളവയാണ് നാടോടിക്കഥകൾ. മൃഗങ്ങളെക്കുറിച്ചുള്ള എണ്ണമറ്റ കഥകൾ റഷ്യൻ കുട്ടികൾക്കറിയാം. ജന്തുക്കളുടെ ജീവിതരീതിയും സവിശേഷതകളും മനസ്സിലാക്കിയ പ്രാചീനകാലത്തെ നായാട്ടുകാരാണ് ഈ മൃഗകഥകളുടെ രചയിതാക്കൾ. ചില മൃഗങ്ങളുടെ ധൈര്യം പൌരാണികജനതകളുടെ ആദരവിന് പാത്രമായി. ദുഷ്ടബുദ്ധികളായ മൃഗങ്ങൾ അവരുടെ വെറുപ്പിനും നിന്ദയ്ക്കും കാരണമായി. കുതന്ത്രക്കാരും മഠയന്മാരും ദുരാഗ്രഹികളുമായ മനുഷ്യരേയും അവരുടെ ന്യൂനതകളേയും പ്രതീകാത്മകമായി ചൂണ്ടിക്കാട്ടുകയും പരിഹസിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ കഥകളുടെ പ്രാധാന്യം.”

അതിലെ കഥാപാത്രങ്ങളെക്കുറിച്ച് കുറച്ച് പറയുന്നു. പിന്നെ പറയുന്നു.

“കൂടാതെ പുസ്തകത്തിന്റെ അവസാനത്തിൽ ഏതാനും റഷ്യൻ ബിലീനകളുടെ കഥകളും ചേർത്തിട്ടുണ്ട്. ബിലീനകൾ പഴയകാലത്തെ വീരസാഹസിക ഗാനങ്ങളാണ്. അവയുടെ മന്ദമായി ഒഴുകുന്ന സ്വരമാധുര്യം ഇന്നും സോവിയറ്റ് യൂണിയന്റെ വടക്കൻ പ്രദേശങ്ങളിൽ കേൾക്കാം. നിസ്വാർത്ഥമായും ധീരമായും മാതൃഭൂമിക്കുവേണ്ടി പൊരുതിയിട്ടുള്ള ഇതിഹാസപുരുഷന്മാരായ റഷ്യൻ ‘ബൊഗത്തീർ’മാരെക്കുറിച്ചുള്ള കഥകളാണ് ബിലീനകളിൽ വർണ്ണിക്കുന്നത്.”

ഈ പുസ്തകത്തിൽ താഴെപ്പറയുന്ന കഥകളാണുള്ളത്:-

1) പൂവങ്കോഴിയും പയറും.
2) തൂവൽക്കുപ്പായക്കാരൻ.
3) കുറുക്കനും ചെന്നായും.
4) മരക്കാലൻ കരടി.
5) കൃഷിക്കാരനും കരടിയും.
6) ശൈത്യകാലവസതി.
7) ബുദ്ധിമാനായ കൃഷിക്കാരൻ.
8) ഏഴുവയസ്സുകാരി.
9) കോടാലിക്കഞ്ഞി.
10) മരണവും പട്ടാളക്കാരനും.
11) വായാടിയായ ഭാര്യ.
12) ദരിദ്രൻ പ്രഭുവിനോടൊപ്പം ഭക്ഷണം കഴിച്ചത് എങ്ങിനെ.
13) പഞ്ഞം.
14) മഞ്ഞപ്പൂപ്പൻ.
15) ബാലികയും വാത്തകളും.
16) കൊച്ചു ഹവ്‌റോഷെച്ക.
17) അലോനുഷ്കയും ഇവാനുഷ്കയും.
18) തവളരാജകുമാരി.
19) ബുദ്ധിമതിയായ വസിലീസ.
20) ഫീനിസ്റ്റ് എന്ന പ്രാപ്പിടിയൻ.
21) ചെമ്പൻ കുതിര.
22) ഇവാൻ രാജകുമാരനും ചെന്നായയും.
23) അന്ദ്രേയ് എന്ന വില്ലാളി.
24) സമർത്ഥനായ കൊച്ച് ഇവാൻ.
25) വാളമീൻ കൽ‌പ്പിക്കുന്നു.
26) തോൽ‌പ്പണിക്കാരൻ നികീത.
27) മുറൊമിലെ ഇലിയയുടെ ആദ്യപരാക്രമം.
28) മുറൊമിലെ ഇലിയയും കൊള്ളക്കാരൻ സൊലൊവേയും.
29) നികീതയുടെ പുത്രൻ ദൊബ്രീന്യയും സ്മേയ്ഗൊറീനിച്ചും.
30) അലോഷ പൊപ്പോവിച്ച്.
31) ഉഴവുകാരൻ മിക്കുല.


പൂവങ്കോഴിയും പയറും എന്ന കഥയിൽ പറയുന്നത് “ ഒരിടത്ത് ഒരു പൂവങ്കോഴിയും പിടക്കോഴിയും ഉണ്ടായിരുന്നു. ഒരുദിവസം തോട്ടത്തിൽ തിരഞ്ഞുകൊണ്ടിരുന്ന പൂവങ്കോഴിക്ക് ഒരു പയർ കിട്ടി.”

പൂവൻ ആ പയർ തിന്നുകയും തൊണ്ടയിൽ കുടുങ്ങുകയും ചെയ്യുന്നു. പിന്നെ പുഴയിൽ നിന്നു വെള്ളം കൊണ്ടുവന്ന് കുടിക്കാനുള്ള ശ്രമം നടത്തുന്നതാണ്. പലരേയും പലതിനേയും സമീപിക്കും.

ഒടുവിൽ കഥ ഇങ്ങനെ തീരുന്നു.
“വിറകുവെട്ടുകാരൻ പിടക്കോഴിക്ക് കുറേ വിറകു കൊടുത്തു. പിടക്കോഴി വിറക് അപ്പക്കാരനു കൊടുത്തു, അപ്പക്കാരൻ അപ്പം കൊടുത്തു, അപ്പം ചീപ്പുകാരനു കൊടുത്തു, ചീപ്പുകാരൻ ചീപ്പുകൊടുത്തു, ചീപ്പ് കർഷകപുത്രിക്കു കൊടുത്തു, കർഷകപുത്രി നൂലു കൊടുത്തു, നൂൽ നാരകവൃക്ഷത്തിനു കൊടുത്തു, നാരകവൃക്ഷം ഇല കൊടുത്തു, ഇല പുഴയ്ക്കു കൊടുത്തു, പുഴ വെള്ളം കൊടുത്തു. വെള്ളം പൂവൻ കുടിച്ചു. അതിന്റെ തൊണ്ടയിൽ തടഞ്ഞ പയർ ഇറങ്ങിപ്പോയി.”

“കൊക്കരക്കോ!“ പൂവൻ നീട്ടി കൂവി.

തൂവൽക്കുപ്പായക്കാരൻ എന്ന കഥയിൽ കാട്ടിലെ ഒരു കൊച്ചുവീട്ടിൽ കഴിയുന്ന പൂച്ചയേയും കരിംകുയിലിനേയും പൂവൻ‌കോഴിയേയും കുറിച്ചുള്ള കഥയാണ്. പൂച്ചയും കരിംകുയിലും വിറകുവെട്ടാൻ പോകുമ്പോൾ പൂവൻ‌കോഴിയെ സൂത്രത്തിൽ പലതവണ പിടിച്ചുകൊണ്ടുപോവുന്ന കുറുക്കന്റേയും കഥയാണ്. ഒടുവിൽ പൂച്ചയും കരിംകുയിലും പൂവൻ‌കോഴിയെ ഓരോ പ്രാവശ്യവും രക്ഷിച്ചുവരുന്ന കഥയാണ്. പൂവങ്കോഴിയെ പറ്റിക്കാൻ കുറുക്കൻ എന്നും പാടുന്ന പാട്ട് ഇതാണ്.
“കുഞ്ഞിക്കോഴീ, പൂങ്കോഴീ,
തൂവൽക്കുപ്പായക്കാരാ,
ചെന്നിറമാർന്നൊരു നിന്നുടെ പൂവും,
മിനുമിനെ മിന്നും തലയും കാട്ടി,
ഇങ്ങോട്ടൊന്നു കുനിഞ്ഞീടാമോ
പയർമണിമുത്തുകൾ നൽകാം ഞാൻ.”

കുറുക്കനും ചെന്നായയും എന്ന കഥയിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. കുറുക്കനുമുണ്ട് ഒരു ചെന്നായയുമുണ്ട്. കുറുക്കൻ, അപ്പൂപ്പൻ പിടിച്ച മീനെല്ലാം സ്വന്തമാക്കും. ചെന്നായയെ മീൻ പിടിക്കാൻ പഠിപ്പിക്കാം എന്നുപറഞ്ഞ് അതിനു അടി മേടിച്ചുകൊടുക്കും. പിന്നെ ചെന്നായ് ചോദിക്കുമ്പോൾ സൂത്രം പറഞ്ഞ് ഒഴിവാകുകയും ചെയ്യും. തനിക്കു വയ്യെന്നുപറഞ്ഞ് ചെന്നായയുടെ പുറത്തുകയറി യാത്ര ചെയ്യും. എന്നിട്ട് ഒരു പാട്ടും പാടും. ചെന്നായ ചോദിക്കുമ്പോൾ അതിന്റെ വേദന മാറ്റാനുള്ള മരുന്നാണെന്ന് പറയും. ആ മൂളിപ്പാട്ട് ഇങ്ങനെയാണ്. “തല്ലുകൊണ്ടോൻ തല്ലുകൊള്ളാത്തോനെ ചുമക്കുന്നു, തല്ലുകൊണ്ടോൻ തല്ലുകൊള്ളാത്തോനെ ചുമക്കുന്നു.”

മരക്കാലൻ കരടി എന്ന കഥയിൽ ഒരു അമ്മൂമ്മയും അപ്പൂപ്പനും കരടിയുമാണുള്ളത്. തർക്കാരിക്കിഴങ്ങ് പിഴുതുനശിപ്പിക്കുന്ന കരടിയെ കൊല്ലുന്നതാണ് കഥ.

കൃഷിക്കാരനും കരടിയും എന്ന കഥയിൽ തർക്കാരിക്കിഴങ്ങ് നടുന്ന കൃഷിക്കാരനും, അതിന്റെ പങ്കു കൊടുക്കാമെന്നു പറഞ്ഞ് പറ്റിക്കുമ്പോൾ കൃഷിക്കാരന്റെ ശത്രുവാകുന്ന കരടിയുമാണുള്ളത്.

ശൈത്യകാലവസതി എന്ന കഥയിൽ ഒരു വൃദ്ധനും ഭാര്യയും ഒരു കാളയും മുട്ടനാടും, വാത്തയും പൂവങ്കോഴിയും പന്നിയുമാണുള്ളത്. ഓരോ പ്രാവശ്യവും വൃദ്ധനും ഭാര്യയും ഓരോന്നിനെ കൊല്ലാൻ തീരുമാനിക്കുകയും അതു മുമ്പേ അറിയുന്ന അവയൊക്കെ കാട്ടിലേക്ക് ഓടിപ്പോയി അവിടെ ഒന്നിച്ചു ജീവിക്കും. അപ്പോ ഒരു ചെന്നായയും കരടിയും അവരെ ആക്രമിക്കാൻ ചെല്ലുന്നതും അവരൊരുമിച്ച് ചെന്നായയേയും കരടിയേയും ഓടിക്കുന്നതുമാണ് കഥ.
ഇവാൻ രാജകുമാരനും ചെന്നായും എന്ന കഥയിൽ ബെരൻ‌ദേയ് എന്നു പേരുള്ള രാജാവിന്റേയും അദ്ദേഹത്തിന്റെ മൂന്നുപുത്രന്മാരുടേയും കഥയാണ്. ഇളയ പുത്രനാണ് ഇവാൻ. രാജാവിന്റെ തോട്ടത്തിൽ സ്വർണ്ണ ആപ്പിളുകൾ ഉണ്ടായിരുന്നു. ആരോ അതു മോഷ്ടിക്കാൻ വരുന്നു. ആ കള്ളൻ ആരാണെന്ന് ഇവാൻ കണ്ടുപിടിക്കുന്നു. ഒരു തീപ്പക്ഷിയാണത്. അതിനെ അന്വേഷിച്ച് പോകുമ്പോൾ ഇവാനു തന്റെ കുതിരയെ നഷ്ടപ്പെടുകയും ഒരു ചെന്നായയെ കൂട്ടിനു കിട്ടുകയും ചെയ്യും. തീപ്പക്ഷിയെ തെരഞ്ഞ് ഇവാൻ പോയി വിജയിയായി മടങ്ങുകയും ചെയ്യുന്നതാണ് കഥ.


വാളമീൻ കൽ‌പ്പിക്കുന്നു എന്ന കഥ ഇങ്ങനെ തുടങ്ങുന്നു. “പണ്ടൊരിക്കൽ ഒരിടത്ത് ഒരു വൃദ്ധന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. രണ്ടുപേർ ബുദ്ധിമാന്മാരും മൂന്നാമനായ യെമേല്യ ഒരു മണ്ടനും ആയിരുന്നു.” യെമേല്യയുടെ സഹോദരഭാര്യമാർ യെമേല്യയോട് വെള്ളം കൊണ്ടുവരാൻ പറയുന്നതും യെമേല്യ പുഴയിൽ പോയി വെള്ളം തൊട്ടികളിൽ നിറയ്ക്കുകയും ചെയ്യുന്നു. അപ്പോ ഒരു വാളമീനിനെ കിട്ടും. ആ മീൻ യെമേല്യയോട് പറയും, വെറുതെവിട്ടാൽ എന്തെങ്കിലും ഉപകാരം ചെയ്യാമെന്ന്. അപ്പോ യെമേല്യ സമ്മതിക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ “വാളമീൻ കൽ‌പ്പിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞാൽ മതിയെന്ന് വാളമീൻ പറയുന്നു. അങ്ങനെ പല കാര്യങ്ങളും നടത്തിനടത്തി ഒടുവിൽ യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. കഥ തീരുന്നത് ഇങ്ങനെയാണ്. “യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. പിന്നീട് അവനാണ് ആ രാജ്യം ഭരിച്ചത്. അവർ സുഖമായി അനേകകാലം ജീവിച്ചിരുന്നു. എന്റെ കഥയുടെ അവസാനം അതാണ്. ഈ കഥ കേട്ടുകൊണ്ടിരിക്കുന്നയാൾ എന്റെ ആത്മാർത്ഥസുഹൃത്താണ്.”


അങ്ങനെയങ്ങനെ കുറേ രസകരമായ കഥകൾ. ചില കഥകൾ കുറച്ചു വലുതാണ്. ചിലത് ചെറുതും. ഈ പോസ്റ്റിൽ വളരെക്കുറച്ചേ വിസ്തരിച്ച് എഴുതിയിട്ടുള്ളൂ.


മൂന്നു തടിയന്മാർ

മൂന്നു തടിയന്മാർ എന്ന കഥയിൽ തിന്നും കുടിച്ചും ജീവിക്കുന്ന മൂന്നു തടിയന്മാരും, അവരുടെ ഓമനയായ, അവരുടെ അനന്തരാവകാശിയായ തുത്തി എന്ന കൊച്ചുപയ്യനും, അവരുടെ കാവൽക്കാരും, കൊട്ടാരവും, തുത്തിയുടെ പാവയും, ഡോക്ടർ ഗസ്പാർ അർനെറിക്ക് എന്ന ശാസ്ത്രജ്ഞനും, തോക്കുണ്ടാക്കുന്ന പ്രോസ്പേറോയും, അഭ്യാസിയായ തിബുലും, ഒക്കെയുണ്ട്. പാവപ്പെട്ട ജനങ്ങൾ തടിയന്മാരുടെ കൊട്ടാരം ആക്രമിക്കാൻ പദ്ധതിയിടുന്നു. തോക്കുണ്ടാക്കുന്ന പ്രോസ്പേറോയും, തിബുലുമാണ് അവരുടെ നേതാക്കൾ. അവർക്ക് ആദ്യം വിജയിക്കാൻ കഴിയുന്നില്ല. പ്രോസ്പേറോയെ കൊട്ടാരത്തിലുള്ളവർ തടവിലാക്കുന്നു. തുത്തിയ്ക്ക് ഒരു പാവയുണ്ടായിരുന്നു. അതു കേടാവുന്നു. നന്നാക്കാൻ അവരേൽ‌പ്പിക്കുന്നത് ഡോക്ടർ ഗസ്പാറിനെയാണ്. പാവ നഷ്ടപ്പെടുകയും പാവയോട് സാമ്യമുള്ള ഒരു കുട്ടിയെ ഡോക്ടർ കണ്ടെത്തുകയും ചെയ്യുന്നു. സുവോക്ക് എന്നാണ് അവളുടെ പേര്. അവൾ തിബുലിന്റെ സുഹൃത്താണ്. സർക്കസ്സിൽ അവന്റെ സഹനടിയും. അങ്ങനെ സുവോക്കിനെ അവർ മൂന്നു തടിയന്മാരുടെ കൊട്ടാരത്തിലേക്ക് തുത്തിയുടെ പാവയെന്ന ഭാവത്തിൽ കടത്തിവിടുകയും ചെയ്യുന്നു.

അവസാനം എല്ലാവരും കൂടെ പല പദ്ധതികളും നടത്തി മൂന്നു തടിയന്മാരേയും കീഴടക്കുകയും, അവരുടെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചിതരാവുകയും ചെയ്യുന്നു. സുവോക്കിന് കൊട്ടാരത്തിലെ മൃഗശാലയിൽ നിന്ന് ഒരാൾ കൊടുത്ത ചെറിയ പലകക്കഷണത്തിൽ എഴുതിയിരുന്നത്, സുവോക്കും തുത്തിയും സഹോദരീസഹോദരന്മാരായിരുന്നുവെന്നും, അവരെ മൂന്നു തടിയന്മാർക്കുവേണ്ടി അവരുടെ കാവൽ ഭടന്മാർ തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് സുവോക്കിനെപ്പോലെയുള്ള ഒരു പാവയുണ്ടാക്കിയിട്ട്, സുവോക്കിനെ സർക്കസ്സുകാർക്കു കൊടുത്തതാണെന്നുമാണ്. ആ പലകക്കഷണം കൊടുത്തയാൾ ശാസ്ത്രജ്ഞനായ തുബ് ആയിരുന്നു. പാവയുണ്ടാക്കാൻ മൂന്നു തടിയന്മാർ സഹായം തേടിയത്, തുബിന്റെ അടുത്തായിരുന്നു. തുത്തിയ്ക്ക് ഇരുമ്പിന്റെ ഹൃദയം വെച്ചുകൊടുക്കണമെന്നു പറഞ്ഞപ്പോൾ സാധ്യമല്ലെന്നു പറഞ്ഞതുകൊണ്ടാണ് അവർ തുബിനെ കൂട്ടിലടച്ചത്. തുത്തിയോട് അവർ പറഞ്ഞത്, അവനു ഇരുമ്പുഹൃദയം ആണെന്നാണ്. അവൻ അതു വിശ്വസിച്ച് ക്രൂരനും അല്പനുമായിത്തീരണമെന്നുണ്ടായിരുന്നു അവർക്ക്. അവരെപ്പോലെ.


ഇനിയും പല പുസ്തകങ്ങളും വായിച്ചിരുന്നു. ഒക്കെ എവിടെപ്പോയെന്ന് അറിയില്ല. ഒരു ഓപ്പറേഷൻ റഷ്യൻ കഥകൾ നടത്തിനോക്കണം. കിട്ടുമായിരിക്കും.

ബാക്കി പുസ്തകങ്ങൾ കിധർ ഗയാ?
എല്ലാം കിധറോം ഗയാ. (കട:- വക്കാരിജി)

നന്ദി‌:- ഏവൂരാന്. (ഏവൂരാന്റെ പോസ്റ്റിലിട്ട കുട്ടിക്കഥകളെക്കുറിച്ചുള്ള ലേഖനത്തിലേക്കുള്ള ലിങ്കിൽ തൂങ്ങിപ്പിടിച്ച് പോയി അതുവായിച്ചു). ആ ലേഖനമെഴുതിയാൾക്ക്.

കടപ്പാട് :‌- പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ, റാദുഗ പബ്ലിഷേഴ്സ്, മോസ്കോ. പ്രഭാത് ബുക്ക് ഹൌസ്. വിവർത്തനം ചെയ്ത് ഇതൊക്കെ വായിക്കാൻ സൌകര്യമൊരുക്കിയ ഓമന എന്നവർക്കും.

റഷ്യൻ നാടോടിക്കഥകളുടെ പുറം ചട്ടയടക്കം മൂന്നാലു പേജുകളിൽ ഞങ്ങളുടെ ചിത്രകലാപരമായ അഭിരുചികൾ പകർത്തിവെച്ചിട്ടുള്ളതിനാലാണ്, അതിന്റെ ഒരു പേജിന്റെ ചിത്രം ഇടേണ്ടിവന്നത്. കുട്ടിക്കാലത്ത് ഞങ്ങൾക്കറിയില്ലായിരുന്നല്ലോ ഞങ്ങളിലൊരാൾ ബ്ലോഗറായിത്തീരുമെന്ന്. ഹിഹിഹി. പുസ്തകത്തിന്റെ നിറം അല്പം മങ്ങിയെന്നതൊഴിച്ചാൽ വേറെ കുറവൊന്നും ഇല്ല. എല്ലാ കഥകളും വായിക്കാൻ പാകത്തിനുണ്ട്.

പുസ്തകങ്ങളെക്കുറിച്ച് എന്റെ വായനയിൽ എഴുതിയതാണ്. കുറ്റങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കുക.

Labels: ,

14 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏതായാലും മെനക്കെട്ടു എന്നാല്‍ കുറച്ചു കൂടി രസകരമായി ഓരോരോ കഥകള്‍ അങ്ങെഴുതിയിരുന്നെകില്‍ ഞങ്ങളും കൂടി ഒന്നാസ്വദിച്ചേനെ

Fri Dec 10, 09:56:00 PM IST  
Blogger സു | Su said...

പണിക്കർജീ :) മുഴുവൻ എഴുതിയിടാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു. കഥ ചുരുക്കത്തിലല്ലേ എഴുതിയിടാൻ പറ്റൂ. അതുകൊണ്ടു ചില കഥകൾ മാത്രം ചുരുക്കിയെഴുതിയതാണ്. മെനക്കേടൊന്നുമില്ല. ഇതൊക്കെ ചെയ്യാൻ ഇഷ്ടമേയുള്ളൂ.

Tue Dec 14, 09:09:00 AM IST  
Blogger -സു‍-|Sunil said...

സൂ, സുഖം തന്നെയല്ലേ?

ഒരുപാട് കാലമായി ഈ വഴിക്കൊക്കെ വന്നിട്ട്.

എന്തായാലും റഷ്യന്‍ നാടോടിക്കഥകള്‍ തര്‍ജ്ജമ ചെയ്തവരെ പറ്റി ഇവിടെ ഞാന്‍ വായിച്ചത് ഷെയര്‍ ചെയ്യട്ടെ:
http://www.mathrubhumi.com/books/story.php?id=396&cat_id=508&subitem_id=

http://www.mathrubhumi.com/books/story.php?id=395&cat_id=508

സ്നേഹപൂര്‍വ്വം,
-സു-

Wed Dec 15, 06:55:00 PM IST  
Blogger സു | Su said...

സുനിൽ ജീ :) ഏവൂരാന്റെ ബ്ലോഗിൽ നിന്നും ഒരു ലിങ്കിൽ പോയി ഒരു ലേഖനം വായിച്ചിരുന്നു. ഈ ലിങ്കുകൾ അതുതന്നെയാവാനും സാദ്ധ്യതയുണ്ട്. ലിങ്കുകൾ നോക്കിയില്ല. നോക്കാം. നന്ദി.

Thu Dec 16, 07:28:00 PM IST  
Blogger ചേച്ചിപ്പെണ്ണ് said...

yee pusthakangale patti njan buzzil anveshichchirunnu ?
ithevide vangan kittum .. (near by ernakulam )

Sat Dec 18, 11:08:00 AM IST  
Blogger സു | Su said...

ചേച്ചിപ്പെണ്ണ് :) ഈ പുസ്തകങ്ങൾ ഇപ്പോൾ എവിടെയെങ്കിലും കിട്ടുമോന്ന് അറിയില്ല. അറിഞ്ഞാൽ അറിയിക്കാം. ഇവിടെയുള്ളതൊക്കെ പണ്ടുള്ളതാണ്.

Sat Dec 18, 12:25:00 PM IST  
Blogger monu said...

മൂന്ന് തടിയന്‍ മാര്‍ എന്നാ പുസ്തകം എനിക്ക് ചെറുപ്പത്തില്‍ ആരോ സമ്മാനിച്ചിരുന്നു... ആരു തന്നു എന്ന് ഓര്‍മയില്ല :) ,, പക്ഷേ മൂന്ന് തടിയന്മാര്‍ എന്നാ പേരും, യുരി ഒലെഷ എന്നാ പേരും ഒരിക്കിലും മറക്കാന്‍ പറ്റില്ല . ഈ ബുക്ക്‌ ഇപ്പോഴും വീട്ടില്‍ ഉണ്ടാവുമോ എന്തോ... നൊസ്റ്റാള്‍ജിയ :)

Wed Feb 09, 04:02:00 PM IST  
Blogger സു | Su said...

മോനു :) വീട്ടിൽ‌പ്പോയി നോക്കിയാൽ ചിലപ്പോൾ കിട്ടുമായിരിക്കും. നോക്കൂ.

Thu Feb 10, 09:16:00 AM IST  
Blogger monu said...

അടുത്ത പ്രാവശ്യം വീട്ടില്‍ പോവുമ്പോള്‍ നോക്കാം.. :) .. പക്ഷേ അതിനു ഇനി മാസങ്ങള്‍ കഴിയണം

Thu Feb 10, 11:23:00 AM IST  
Blogger Rajaram Vasudevan said...

Madam Surya Gayathri,

I am venturing into scanning of Old Soviet Books.

Please refer the below links

http://www.booksofsovietunion.blogspot.in/

Highly obliged if you could scan share books in your hand

Regards
Rajaram

Sun Sep 01, 06:02:00 PM IST  
Blogger Rajaram Vasudevan said...

Madam Surya Gayathri,

I am venturing into scanning of Old Soviet Books.

Please refer the below links

http://www.booksofsovietunion.blogspot.in/

Highly obliged if you could scan share books in your hand

Regards
Rajaram

Sun Sep 01, 06:02:00 PM IST  
Blogger Krishnan Kartha's Blog said...

എനിക്ക് ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസ്സിലോ ( ) മറ്റോ top boy എന്ന സമ്മാനമായി സമ്മാനമായിക്കിട്ടിയ "മൂന്നു തടിയന്മാരിലൂടെ" ആണ് ഞാൻ സോവിയറ്റ് ബാലസാഹിത്യവുമായി പരിചയപ്പെടുന്നത് . തുടർന്ന് ചുക്കും ഗെക്കും , മരക്കാലൻ കരടി, മരണവും പട്ടാളക്കാരനും. ,ബുദ്ധിമതിയായ വസിലീസ,കോടാലിക്കഞ്ഞി, ഇവാൻ രാജകുമാരനും ചെന്നായയും,വാളമീൻ കൽ‌പ്പിക്കുന്നു ഞാൻ ഇച്ച്ഛി ക്കുന്നു മുതലായ റഷ്യൻ കഥകൾ മനപ്പാഠം ആയി. യൂറിയ് ഒലെഷയുടെ "മൂന്നു തടിയന്മാർ " രാമായണം പോലെ വീണ്ടും വീണ്ടും വായിച്ചു "അമ്പിളി അമ്മാവനും" , അയൽകാരനായ ആനന്ദകൃഷ്ണൻ ബാലഭവനിൽ നിന്ന് കൊണ്ടുവരുന്ന 'തളിര്' മാസികയും മത്സരത്തിനുണ്ടായിരുന്നു . "തളിരിലെ " റ്റെഡിയുടെ കഥ " ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ ! സഹപാഠിയായ കസ്തൂരി അനിരുദ്ധൻ (സഖാവ് അനിരുദ്ധന്റെ മകൻ) "സോവിയറ്റ്‌ ലാൻഡ് " മാഗസീൻ കൊണ്ട് പൊതിഞ്ഞ പുസ്തകങ്ങൾക്ക് നല്ല സുഗന്ധമായിരുന്നു .അന്നിവിടെ ആർട്ട്‌ പേപ്പർ പ്രചാരത്തിലില്ല (ഇപ്പോൾ എല്ലാ ബ്രോഷറുകളും അതിലാണല്ലോ പ്രിന്റ്‌ ചെയ്യുന്നത് .) കാറൽ മാര്ക്സ് പറഞ്ഞത് വേറൊരു അർത്ഥത്തിലാണെങ്കിലും അവസാനം സോവിയറ്റ് 'ഭരണകൂടം പൊഴിഞ്ഞുവീണു' ! ഈ മണമുള്ള പേപ്പറും കഥാപുസ്തകങ്ങളും അപ്രത്യക്ഷമായി . അതുകഴിഞ്ഞ് വന്ന തലമുറ ഇങ്ങനെയൊരു കഥാനിധി ഉണ്ടായിരുന്നെന്നു പോലും അറിഞ്ഞില്ല . ഇപ്പോഴിതാ മനോരമയും തിരുവനന്തപുരത്തെ വാൻറോസ് ജങ്ങ്ഷനിലുള്ള റഷ്യൻ സാംസ്കാരിക കേന്ദ്രവും കൂടി വീണ്ടും അതൊക്കെ ഓർമപ്പെടുത്തുന്നു .നന്ദി !http://epaper.manoramaonline.com/MMDaily/Thiruvananthapuram/2015/04/11/F/MMDaily_Thiruvananthapuram_2015_04_11_F_MT_025/0_1652_1216_2384.jpg

Sat Apr 11, 12:20:00 PM IST  
Blogger Krishnan Kartha's Blog said...

മൂന്നു തടിയന്മാർ എന്നാ കഥയിലെ ഒരു കവിത ഞാൻ ഓർക്കുന്നു . ഡോക്ടർ ഗസ്പാരെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ കവിതയിലൂടെയാണ്‌

ഡോക്ടർ ഗസ്പാറെ
എന്തൊരു വൈഭവശാലി
കൌശലമുള്ളൊരു നരിയെപ്പോലും
കെണിയിൽ വീഴ്ത്തും കെങ്കേമൻ
കൂറ്റൻ പാറ തകർതീടും
ചൊവ്വയിൽ പൊയെതീടും (മറന്നുപോയി)

Sat Apr 11, 11:04:00 PM IST  
Blogger Rajaram Vasudevan said...

madam, Please refer the below links for More Soviet malayalam books

http://www.booksofsovietunion.blogspot.com/

Wed Aug 12, 07:45:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home