ആർപ്പുവിളിയും വള്ളപ്പാട്ടും
ഞങ്ങളുടെ കുടുംബത്തിൽ വേളി അഥവാ വിവാഹം കഴിഞ്ഞാൽപ്പിന്നെ കുടിവെപ്പാണ്. വധുവിനെ വരന്റെ വീട്ടിലേക്ക് സ്വീകരിക്കുന്ന പരിപാടി. താലവും വിളക്കും വെച്ച് രണ്ടു കൂട്ടരും കൂടെ വധുവിനേയും വരനേയും വീട്ടിലേക്ക് കയറ്റി പാലും പഴവും കൊടുക്കുക. ഇതാണ് പരിപാടി. ആ സമയത്ത് രണ്ടു കൂട്ടരും മത്സരം പോലെ, സ്ത്രീകൾ കുരവയിടുകയും, പുരുഷന്മാർ രണ്ടു ഭാഗത്തുള്ളവരും മാറിമാറി ആർപ്പുവിളിക്കുകയും ചെയ്യും. എല്ലാ വേളിക്കും പതിവുതന്നെ. പക്ഷെ ഇത്തവണ അല്പം മാറ്റം വന്നു. അഞ്ചാറുമാസം മുമ്പ് അനിയന്റെ (കസിൻ) വിവാഹമായിരുന്നു. വടക്കുള്ള ചെക്കന് തെക്കുള്ള പെണ്ണ്. അതു ഞങ്ങളുടെ കുടുംബത്തിൽ സർവ്വസാധാരണമാണ്. ജാതകവും കുടുംബവും പഠിപ്പും ജോലിയുമൊക്കെ നോക്കുമ്പോൾ പലപ്പോഴും ദൂരവും കൂടും. ഈ അനിയത്തിയുടെ വീട് വള്ളംകളിയുടെ നാട്ടിലാണ്. ആലപ്പുഴയിൽ. വള്ളംകളിയൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്. ടി. വി യിൽ. കടലാസുതോണി എല്ലാ മഴക്കാലത്തും ഉണ്ടാക്കാറുമുണ്ട്. അങ്ങനെ വേളി കഴിഞ്ഞു. കുടിവെപ്പിനു സമയമായി. എല്ലാവരും തൊണ്ടയൊക്കെ ശരിയാക്കി നിന്നു. ഞാൻ കുരവയൊന്നും ഇടേണ്ടെന്നുവെച്ച് മാറിനിന്നു. വെറുതേ ആളുകളെ പേടിപ്പിക്കേണ്ടല്ലോ. അങ്ങനെ കുരവയിടലും ആർപ്പുവിളിയും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾ സർവ്വശക്തിയും പ്രയോഗിച്ച് ആർപ്പ് വിളിക്കുന്നുണ്ട്. അവരു നിർത്തുമ്പോൾ മറ്റവർ വിളി തുടങ്ങും. ഊണുകഴിക്കാത്തവരൊക്കെ ഇതൊന്നു തീർന്നിട്ടുവേണം ഊണുകഴിക്കാൻ എന്ന നിലയിലാണ്. ഊണുകഴിഞ്ഞവർ ഉഷാറോടെ നോക്കിനിൽക്കുന്നു. അപ്പോഴാണ് അതു സംഭവിച്ചത്. വധുവിന്റെ ആൾക്കാർ വള്ളപ്പാട്ട് തുടങ്ങി. അതാണവിടത്തെ പതിവുപോലും. ജനഗണമനയൊഴിച്ച് വേറെയൊന്നും പാടാനറിയാത്ത ഞങ്ങളുടെ ഭാഗക്കാർ (എന്റെ ഫോണുകളൊക്കെ ഓഫാണ് ;)) വള്ളംകളി ആദ്യമായിട്ടു കാണുന്ന വിദേശികളെപ്പോലെ വിവിധരസങ്ങൾ മുഖത്ത് പ്രതിഷ്ഠിച്ചുനിന്നു. അങ്ങനെ ആർപ്പുവിളിയിൽ ഇഞ്ചോടിഞ്ചു പൊരുതിനിന്നവർ വള്ളപ്പാട്ട് തുടങ്ങിയപ്പോൾ നിശബ്ദരായി. തിരുവാതിരക്കളി തുടങ്ങുമ്പോൾ ഇതിന്റെ ചമ്മൽ തീർക്കാം എന്ന ഭാവത്തിൽ ഞങ്ങൾ പെണ്ണുങ്ങളൊക്കെ നിന്നു. കുടിവെപ്പു കഴിഞ്ഞു. ഇനിയും ഉണ്ട് അനിയന്മാരും അനിയത്തിമാരും. എന്തായാലും വള്ളപ്പാട്ട് പഠിക്കാൻ ഞങ്ങളൊക്കെ തീരുമാനിച്ചു. ഇനി അവരൊക്കെ കൊണ്ടുവരുന്നതും അവരെയൊക്കെ കൊടുക്കുന്നതും കൊടുങ്ങല്ലൂരാണെങ്കിൽ, സദ്യ കഴിഞ്ഞിട്ടുമതി കുടിവെപ്പ് എന്നാണെന്റെ അഭിപ്രായം. അവരുടെ രീതി നമുക്കറിയില്ലല്ലോ.
Labels: ജീവിതം
3 Comments:
അവര് വള്ളപ്പാട്ട് പാടിയപ്പോള് നിങ്ങള് വടക്കന്മാര് വടക്കന്പ്പാട്ട് പാടായിരുന്നില്ലേ? :-)
സുകന്യേച്ചീ :) പാട്ടുപാടിയില്ല. പഠിച്ചിട്ടുവേണം ഇനി പാടാൻ. ;)
:)
Post a Comment
Subscribe to Post Comments [Atom]
<< Home