ഐഹൊളെ
ഹേഹയവംശത്തിലെ രാജാവായിരുന്നു കാർത്തവീര്യാർജ്ജുനൻ. അദ്ദേഹം വ്രതം അനുഷ്ഠിച്ച്, ദത്താത്ത്രേയമുനിയോട് വരം വാങ്ങി. ആ വരത്തിൽ കാർത്തവീര്യാർജ്ജുനന് ആയിരം കൈകൾ കിട്ടി.
അങ്ങനെയിരിക്കുമ്പോൾ രാജാവും അനുയായികളും നായാട്ടിനു പോകാൻ തീരുമാനിച്ചു. പോയി. നായാട്ടൊക്കെക്കഴിഞ്ഞ് ഉച്ചയായപ്പോൾ അവർ നർമ്മദാനദിയിൽ കുളിയൊക്കെക്കഴിഞ്ഞ് നിൽക്കുമ്പോഴാണ് പരശുരാമന്റെ അച്ഛനായ ജമദഗ്നിമഹർഷിയുടെ ആശ്രമം കാണുന്നത്. രാജാവ് പോയി മഹർഷിയെ കണ്ടു. മഹർഷി, കാർത്തവീര്യാർജ്ജുനനും അനുയായികൾക്കും ഭക്ഷം കൊടുത്തു. ഇത്രയും പേർക്ക് ഭക്ഷണം ഒരുക്കുവാൻ മഹർഷിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന് രാജാവ് ശങ്കിച്ചു. അന്നവിടെ താമസിച്ച് പിറ്റേ ദിവസമാണ് രാജാവും അനുയായികളും തിരിച്ചുപോയത്. ആശ്രമത്തിൽ ഒരു പശുവിനെ കണ്ടുവെന്നും, അതിന്റെ സഹായം കാരണമാണ് നമുക്കൊക്കെ ഭക്ഷണം തരാൻ ജമദഗ്നിയ്ക്ക് കഴിഞ്ഞതെന്നും, ആ പശുവിനെ നമുക്കു സ്വന്തമാക്കണമെന്നും, കാർത്തവീര്യാർജ്ജുനന്റെ മന്ത്രി ചന്ദ്രഗുപ്തൻ, അദ്ദേഹത്തോടു പറയുന്നു.
പശുവിനെ കൊണ്ടുവരാൻ രാജാവ് ചന്ദ്രഗുപ്തനെത്തന്നെയാണ് അയച്ചത്. മന്ത്രിയും അനുയായികളും ചെന്ന് ചോദിച്ചപ്പോൾ, പശുവിനെ തരാൻ പറ്റില്ലെന്ന് ജമദഗ്നി പറയുന്നു. കാമധേനുവിന്റെ സഹോദരിയായ സുശീലയായിരുന്നു ആ പശു. പശുവിനെ പിടിച്ചുകൊണ്ടുപോകാൻ നോക്കിയപ്പോൾ പശു അപ്രത്യക്ഷയായി. അപ്പോൾ മന്ത്രിയും അനുചരരും അതിന്റെ കുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ഭാവിച്ചു. അതു തടഞ്ഞ ജമദഗ്നിയെ ചന്ദ്രഗുപ്തൻ കൊന്നു. പരശുരാമൻ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. പരശുരാമൻ തിരിച്ചുവന്നപ്പോൾ അച്ഛൻ മരിച്ചുകിടക്കുന്നതും, അമ്മയായ രേണുക കരയുന്നതും കണ്ടു. രേണുക ഇരുപത്തിയൊന്നു പ്രാവശ്യം മാറത്തടിച്ചു കരഞ്ഞു. കാര്യമൊക്കെയറിഞ്ഞ പരശുരാമൻ ഇരുപത്തിയൊന്നു പ്രാവശ്യം ഭൂമി ചുറ്റാനും, ക്ഷത്രിയരാജാക്കന്മാരെയെല്ലാം ഇല്ലാതാക്കാനും തീരുമാനിച്ചു. അങ്ങനെ കാർത്തവീര്യാർജ്ജുനനടക്കമുള്ള എല്ലാ ക്ഷത്രിയരാജാക്കന്മാരേയും പരശുരാമൻ വധിക്കുന്നു.
ക്ഷത്രിയവധം കഴിഞ്ഞ് പരശുരാമൻ, രക്തം പുരണ്ട മഴു കഴുകിയത് മലപ്രഭ (മുകളിലെ ചിത്രത്തിൽ) നദിയിൽ ആയിരുന്നുവത്രേ. മഴുവിലെ രക്തം പടർന്ന് പുഴ ചുവന്നുവരുന്നതുകണ്ട് അവിടെ വെള്ളമെടുക്കാൻ വന്ന ഒരു സ്ത്രീ “അയ്യോ! നന്ന ഹൊളെ” (അയ്യോ എന്റെ പുഴ) എന്നു നിലവിളിച്ചു. അതു ചുരുങ്ങിയാണത്രേ സ്ഥലത്തിന് ഐഹൊളെ എന്നു പേർ വന്നത്. ഐഹോളെയെന്നും ഐഹോൾ എന്നുമൊക്കെ ആൾക്കാരൊക്കെ പറയുന്നു.
ഐഹൊളെയിൽ കുറേ ക്ഷേത്രങ്ങളാണുള്ളത്. അടുത്തടുത്തായിട്ട്. ദുർഗാക്ഷേത്രം, ലാഡ്ഖാൻ ക്ഷേത്രം, സൂര്യനാരായണ ക്ഷേത്രം, ഗൌഡ ക്ഷേത്രം, ചക്ര ക്ഷേത്രം, ജൈനക്ഷേത്രം, എന്നിങ്ങനെയൊക്കെയുള്ള പത്തിരുപത്തഞ്ച് കൊച്ചുകൊച്ചു ക്ഷേത്രങ്ങളുണ്ട്. കല്ലുകൊണ്ടുള്ളവ.
ലാഡ്ഖാൻ ക്ഷേത്രം
ദുർഗാക്ഷേത്രം
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിലാണ് ഐഹൊളെയും. ബാദാമിയ്ക്കും പട്ടടക്കലിനും അടുത്തുതന്നെ.
സ്ഥലനാമം വന്ന കഥ കേട്ടും വായിച്ചുമൊക്കെ അറിഞ്ഞതാണ്.
Labels: യാത്ര
4 Comments:
പുതിയ സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.
സുകന്യേച്ചീ :) ബാദാമിയും പട്ടടക്കലും ഐഹോളെയും ഒക്കെ ഒരുമിച്ചു കണ്ടതാണ്. വിവരിക്കാൻ വൈകിപ്പോയി. സമയവും സൌകര്യവും ഒക്കെ കിട്ടുമ്പോൾ പോയിക്കാണൂ.
ഹായ് സു വീണ്ടും സ്ഥലം കാണാനിറങ്ങിയല്ലോ.. ഐഹോളയുടെ കഥ ആദ്യമായിട്ടാണു് കേൾക്കുന്നത്... ഇവിടെയൊക്കെ എന്നു പോകുമോയെന്തോ...
[ ബ്ലോഗ് ലോകത്തെ പത്താം വാർഷികമൊന്നും ആരുമറിഞ്ഞില്ലെന്നു തോന്നുന്നു.. ഹാപ്പി ന്യൂ ഇയർ സു :) ]
കുഞ്ഞൻസ് :) കഴിഞ്ഞ വർഷം യാത്ര തന്നെയായിരുന്നു. കഥയൊക്കെ കേട്ടു, വായിച്ചു. പുതുവത്സരാശംസകൾ!
Post a Comment
Subscribe to Post Comments [Atom]
<< Home