Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 30, 2012

ഇതും കൂടെ

“അവിടെ ഉണ്ടാവ്വോ അമ്മായീ? അതോ വെറുതെയാവുമോ നടത്തം?”

“ഉണ്ടാവുമായിരിക്കും. മൂന്നാലുദിവസം ആയില്ലേ കാണാതെ. എന്തായാലും പോയി നോക്കാം.”

പട്ടണത്തിലെ മിനുസം മാത്രം ചവിട്ടി നടക്കുന്ന നിമ്മിയും, നടത്തം വല്യ ശീലമില്ലാത്ത അമ്മായിയും, അവളുടെ വീട്ടിൽ ചെന്നാലേ കാര്യങ്ങളറിയാൻ പറ്റൂ എന്നതുകൊണ്ടുമാത്രമാണ് നടന്നു തുടങ്ങിയത്. അമ്പലം കഴിഞ്ഞാൽ ആറാമത്തേയോ ഏഴാമത്തേയോ വീടാണ് അവളുടേതെന്നാണ് അമ്മായിയുടെ ഊഹം. അവിടെ പോയിട്ടുമില്ല, അങ്ങനെ ഒരു പതിവും ഇല്ല.

“ആരോടെങ്കിലും ചോദിക്കാം.”

“നോക്കട്ടെ.”

അവൾ, അമ്മായിയുടെ ലോകത്തേക്ക് വന്നുകയറിയതുമുതൽ അമ്മായിയ്ക്ക്, എപ്പോ വിളിക്കുമ്പോഴും അവളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും. വെറുതേ പുകഴ്ത്തുന്നതല്ല, കാര്യമുണ്ടായിട്ടുതന്നെയാണെന്ന് മനസ്സിലാവുകയും ചെയ്തതാണ്.

നടന്നുനടന്ന് ഒരു വീടിന്റെ മുറ്റത്തേക്ക് എത്തി. ഈ വീടുതന്നെയാണെന്ന് അമ്മായിക്കെന്തോ ഉറപ്പും ഉണ്ടായിരുന്നു. അതാണ് ഇടവഴിയിൽനിന്ന് മുറ്റത്തേക്കു കയറിയതും.

ഇവിടാരും ഇല്ലേന്ന് രണ്ടാളും മാറിമാറി ചോദിച്ചതിനുശേഷമാണ് ഒരു വൃദ്ധ വീടിന്റെ പിൻഭാഗത്തുനിന്നും മുറ്റത്തേക്കു വന്നത്.

ആരാ, എന്താ എന്നൊക്കെ ചോദിച്ചതിനുശേഷം അവർ പറഞ്ഞു. “അവരൊക്കെ ഇനി മൂന്നാലുദിവസം കൂടി കഴിഞ്ഞേ വരൂ.”

ഇനിയൊന്നും ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്ന മട്ടിൽ അമ്മായി തിരിഞ്ഞുനടന്നു. നിമ്മിയും. “വിഷമിക്കേണ്ട അമ്മായീ, മൂന്നാലുദിവസം കൂടെയല്ലേ.”

“ങ്ങാ, പറഞ്ഞിട്ടും കാര്യമില്ലല്ലോ. എന്നാലും എന്നോട് ഒരു വാക്ക് പറയാതെ അവൾ പോയല്ലോ. ഞാൻ അങ്ങനെയൊന്നുമല്ലല്ലോ കരുതിയത്.”

ഒരാഴ്ച കഴിഞ്ഞ് അമ്മായി വിളിച്ചു. ഉത്സാഹത്തോടെയാണല്ലോ എന്നു വിചാരിച്ചപ്പോൾ പറഞ്ഞു.

“അവളു തിരിച്ചുവന്നു.”

“അതെയോ! എവിടെപ്പോയിരുന്നെന്ന് ചോദിച്ചില്ലേ?”

“ഏതോ റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ പോയതാ.” അമ്മായി പറഞ്ഞു.

“എന്റമ്മോ!“ നിമ്മി ചിരിച്ചു.

“ഏതോ റൌണ്ട് കഴിഞ്ഞപ്പോ ഔട്ടായത്രേ! അതുകൊണ്ടിങ്ങു പോന്നു.”

“അതേതായാലും അമ്മായിയ്ക്കു നന്നായി.”

“അതെയതെ.”

“അമ്മായി എപ്പോഴും പുകഴ്ത്തിപ്പറയുമ്പോ, ഇത്രയും കാര്യമുണ്ടെന്ന് ഞാൻ കരുതീല.”

“പുകഴ്ത്തിയതൊന്നുമല്ല, സത്യം തന്നെയാ.”

“വന്നിട്ടുണ്ടോ?”

“ഉണ്ട്. ഇന്നു നേരത്തേ വന്നു. ജോലിയൊക്കെ കഴിഞ്ഞാൽ റിയാലിറ്റിഷോയിലെ വിശേഷങ്ങൾ പറയാമെന്നു പറഞ്ഞു. പങ്കെടുക്കാൻ കാരണം തന്നെ എന്റെ പ്രോത്സാഹനമാണത്രേ.”

“ടി. വി.യിൽ വരുമായിരിക്കും അല്ലേ?”

“വരും വരും. എപ്പോഴാണെന്ന് ആദ്യം അറിഞ്ഞാൽ അറിയിക്കാം.”

“അപ്പോ അമ്മായി ഒരു താരത്തെയാണ് ജോലിക്കു വെച്ചിരിക്കുന്നതല്ലേ?”

അമ്മായി അതു കേട്ടു ചിരിക്കുന്നത് നിമ്മി കേട്ടു.

Labels:

5 Comments:

Blogger Diya Kannan said...

:)

Tue Jan 31, 01:20:00 am IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"“വീട്ടുജോലിക്കാർക്കും കൂടെ റിയാലിറ്റിഷോ ആയിപ്പോയി. കാലം പോകുന്ന ഒരു പോക്കേ!“"
ഉള്ളതു തുറന്നു പറയുന്നതു കൊണ്ട് കെറുവിക്കരുത്. ഈ വരി ഇഷ്ടപ്പെട്ടില്ല.

വീട്ടുജോലിക്കാർ മോശക്കാരാണെന്ന് ഒരു ധ്വനി വരുന്നുണ്ടെന്നു തോന്നി.

ജീവിക്കുവാൻ വേണ്ടി അവനവന്റെ ജോലി ചെയ്യുന്ന ആരും ആരെയും കാൾ താഴെ അല്ല എന്നാൽ മറ്റു പലരെക്കാളും വളരെ ഉയരങ്ങളിൽ ആണ് എന്നെന്റെ പക്ഷം

Tue Jan 31, 08:41:00 am IST  
Blogger സു | Su said...

ദിയ :)

പണിക്കർ ജീ :) വീട്ടുജോലിക്കാർ മോശക്കാരാണെന്നോ, ആരെങ്കിലും താഴെയാണെന്നോ ഒന്നും ഞാൻ ഉദ്ദേശിച്ചില്ല.

Tue Jan 31, 04:38:00 pm IST  
Blogger kanakkoor said...

വളരെ നന്നായി. പ്രത്യേകിച്ചും അവതരണം. ഭാവുകങ്ങള്‍.

Wed Feb 01, 07:48:00 pm IST  
Blogger സു | Su said...

കണക്കൂർ :) നന്ദി.

Sat Feb 04, 09:39:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home