Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 03, 2005

ബാങ്കിലേക്കു ഒരു യാത്ര.

ബാങ്കില്‍ ഒന്നു പോകണം. ചേട്ടന്‍ തരുന്ന പോക്കറ്റ്‌ മണി അവിടെ നിക്ഷേപിച്ചില്ലെങ്കില്‍ തന്ന് രണ്ട്‌ ദിവസം കഴിയുന്നതിനു മുന്‍പു തന്നെ തിരിച്ചു ചോദിക്കും. എപ്പോഴും സംഭവിക്കുന്നതു അതാണ്. ആവര്‍ത്തനവിരസത ഒഴിവാക്കണമല്ലോ. പിന്നെ ബാങ്കിന്റെ നിക്ഷേപസമാഹരണ യജ്ഞത്തില്‍ കുറച്ചു അര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നൊരു നിര്‍വൃതിയും ഉണ്ടാവുമല്ലൊ എന്നു കരുതി. ഒരുങ്ങി ഇറങ്ങി. വലിയ പൂട്ടു കണ്ടു അതു പൊളിച്ചു അകത്തു കടന്നു വിഡ്ഡിയായേക്കാവുന്ന കള്ളന്‍മാരെ പുച്ഛിച്ചു മനസ്സു ചിരിച്ചു. റോഡില്‍ എത്തി. മുന്നിലുള്ള ചായക്കടക്കാരന്‍ ഒന്നു നോക്കി. എങ്ങോട്ടാ എന്നൊരു ഭാവം ആ മുഖത്തില്ല. കാരണം, കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ മൈക്രൊവേവില്‍ എന്നതു എന്നെക്കുറിച്ചാണെന്നു അദ്ദേഹത്തിനു അറിയാം. കാല്‍ നീട്ടിവെലിച്ചു നടന്നു. ചെരുപ്പു കമ്പനിക്കാര്‍ക്കും ജീവിക്കേണ്ടേ? ഓട്ടോക്കാരന്‍ പയ്യന്‍ ഒന്നു കണ്ട ഭാവം കാണിച്ചു. വേള്‍ഡ്‌ പിശുക്കിക്കുള്ള നമ്പര്‍ വണ്‍ അവാര്‍ഡ്‌ വാങ്ങാന്‍ പോവുമ്പോളെങ്കിലും ചേച്ചി എന്റെ ഓട്ടോയില്‍ 5 മിനുട്ടെങ്കിലും കയറണേ എന്നൊരു ഭാവം ആ മുഖത്ത്. "നിനക്കൊന്നുമറിയില്ല മോനേ കാരണം നീ കുട്ടിയാണ്" എന്ന ലാലേട്ടന്‍ ഡയലോഗ് മനസ്സില്‍ ഓര്‍ത്തു ഞാനും ഒന്നു കണ്ട ഭാവം കാണിച്ചു. കുറച്ചു നടന്നപ്പോള്‍ കുറച്ചു അകലെയുള്ള വീട്ടിലെ ചേച്ചി എതിരേ വരുന്നു. ലാക്മെ, റെവലോണ്‍, മേബിലൈന്‍, വാട്ടിക, നിവിയ, ആയുര്‍ എന്നൊക്കെയുള്ള രാഷ്ട്രവും അന്താരാഷ്ട്രവും ആയ സൌന്ദര്യവര്‍ധക വസ്തു ഉത്പാദന കമ്പനികളുടെ ഉയര്‍ച്ചയില്‍ താന്‍ വഹിക്കുന്ന പങ്കിനെപ്പറ്റി ചേച്ചി ബോധവതിയല്ലാത്തതു ആ കമ്പനികളുടെ ഭാഗ്യം. നിന്നോടു സംസാരിക്കുന്ന നേരത്തു പുതിയൊരു കോസ്മെറ്റിക്‌ ട്രൈ ചെയ്തുനോക്കാം എന്ന ഭാവത്തില്‍ ചേച്ചി എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. ഞാന്‍ ധന്യയായി, പ്രിയയായി, പ്രീതിയായി. ഇനിയും എന്തേലും ആകാന്‍ നിന്നാല്‍ ബാങ്ക്‌ അടച്ചു ജോലിക്കാര്‍ വീട്ടില്‍ പോകും. അതുകൊണ്ടു അങ്ങോട്ടും ഒരു പുഞ്ചിരി സമ്മാനിച്ചു. അതിനു ചിലവൊന്നും ഇല്ലല്ലൊ. പിന്നെയും നടത്തം. അല്ല!!!!!! !ഇതാരു?????? വീര്‍സാറായുടെ പോസ്റ്ററില്‍ ഷാറുഖ്‌. കൈ പിടിച്ചിരിക്കുന്നതു പ്രീതി സിന്റയുടെ ആണെങ്കിലും നോക്കുന്നതു എന്നെയാണല്ലോ. മനസ്സില്‍ ഒരു കുളിര്‍മ. ഞാന്‍ ഇവിടെ വിലസാന്‍ തുടങ്ങിയിട്ടു കുറെ നാളായല്ലൊ കാണാന്‍ ഇല്ലല്ലോ എന്നു ഷാരുഖ്‌ ചോദിക്കുന്നതു പോലെ തോന്നി. 15‌-‌ാം തീയ്യതി കഴിഞ്ഞാല്‍ പോക്കറ്റ്‌ പൂജ്യമാവുന്ന ഒരു പാവം സര്‍ക്കാരുദ്യോഗസ്ഥന്റെ പാവമല്ലാത്ത ഭാര്യയല്ലേ ഞാന്‍ എന്നു ഞാനും അങ്ങോട്ടു മൌനമായി പറഞ്ഞു. ഇനി എല്ലാ ഫിലിംസും 15നു മുന്‍പു ടാക്കീസില്‍ എത്തിയാല്‍ ഞാന്‍ വരാം എന്നു ഉറപ്പു നല്‍കി. ഗൌരിയോടുള്ള അസൂയയില്‍ മനസ്സ് ആഫ്റ്റര്‍ഷേവ്‌ ലോഷന്‍ ഒഴിച്ച മുറിവു പോലെ നീറി. 'എവരി വൈഫ്‌ ഹാസ്‌ ഹേര്‍ ഓണ്‍ ഡേ' എന്നോര്‍ത്തപ്പോള്‍ നീറ്റല്‍ കുറച്ചു കുറഞ്ഞു. വീണ്ടും മുന്നോട്ടു. ബാങ്കില്‍ എത്തി. ഓ.... ഇനി നീ നിന്റെ പൈസ ഇവിടെ അടച്ചിട്ടു വേണമല്ലോ ഞങ്ങള്‍ക്കു സാലറി വാങ്ങാന്‍ എന്നൊരു ഭാവം കൌണ്ടറില്‍ ഉള്ള ലേഡിയുടെ മുഖത്ത്‌. അതിനെ അവഗണിച്ചു പൈസ അടച്ചു. വീട്ടിലേക്കു തിരിച്ചു നടന്നു .

1 Comments:

Blogger jay menon said...

oru ATM card vangiyal porre ethraa kashta pedanooo SUN ;)

Tue Jan 04, 03:54:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home