ഇനിയൊരു ജന്മമുണ്ടെങ്കില്...............
മിസ്സിസ് വേള്‍ഡ് മത്സരം ആരംഭിച്ചതു മുതല്‍ എനിക്കു ഇരിക്കപ്പൊറുതി ഇല്ലായ്മ തുടങ്ങി. മത്സരത്തിനൊന്നും പോയില്ലേലും ബ്യൂട്ടിപാര്‍ലറില്‍ പോയി കുറച്ചു സുന്ദരി ആയാല്‍ കൊള്ളാമെന്നു തോന്നലോടു തോന്നലു. മിസ്സിസ് വേള്‍ഡ് ആയില്ലേലും മിസ്സിസ് വീടു ആയിട്ടിരിക്കാമല്ലൊ. ചേട്ടനോടു എന്തെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാമെന്നു വെച്ചാല്‍ നിയമസഭയിലെ പ്രതിപക്ഷത്തെപ്പോലെയുള്ള നിലപാടു എടുത്തുകളയും. ഒന്നും അങ്ങോട്ടു പറയുന്നതു കേള്‍ക്കുകേം ഇല്ല, ഇങ്ങോട്ടു എന്തെങ്കിലുമൊക്കെ പറഞ്ഞുകേള്പ്പിക്കുകേം ചെയ്യും. ചേട്ടന് അന്നു ഓഫീസിലേക്കു പോകാന്‍ റെഡി ആവുക ആയിരുന്നു. തിരക്കില്‍ ആയതുകൊണ്ടു എന്തെങ്കിലും ചോദിച്ചാല്‍ പെട്ടെന്നു ശരി എന്നു പറയുമല്ലൊ എന്നു ഞാന്‍ കരുതി. ഞാന്‍ പറഞ്ഞു "എനിക്കു ബ്യൂട്ടിപാര്‍ലറില്‍ ഒന്നു പോകണം". ഇലക്ട്രോണിക് മീറ്റര്‍ വെച്ചതില്‍പ്പിന്നെ ആദ്യം വന്ന കറന്റു ബില്‍ കാണുന്നത്പോലെ ചേട്ടന് എന്നെ നോക്കി. ഒന്നും മിണ്ടിയില്ല. ഞാന്‍ പിന്നേം പറഞ്ഞു .കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള് രാവിലെത്തന്നെ വല്ല അമ്പലത്തിലും പോകണം എന്നു ചേട്ടന്. ഞാന്‍ ആശുപത്രിയില്‍ ആണു പിറന്നതു എന്നു ഞാന്‍! എന്തായാലും എനിക്കു പോയേ തീരു എന്നു ഞാന്‍ പറഞ്ഞു. എന്തിനാ ഇപ്പൊ പോകുന്നതു എന്നു ചേട്ടന്.ഞാന്‍ പറഞ്ഞു സൌന്ദര്യം വര്‍ധിപ്പിക്കാന്‍, അല്ലാതെ എന്തിനാ എന്നു. ഹഹഹഹ! പണ്ടു സീതയെ പുഷ്പകവിമാനത്തില്‍ കയറ്റിയിട്ടു രാവണന് പോലും ഇങ്ങനെ ചിരിച്ചിട്ടുണ്ടാകില്ല! ചേട്ടന് ചിരിച്ചപ്പോള്‍ എനിക്കു അങ്ങിനെ തോന്നി. ചേട്ടന് പറയുകയാണു വര്‍ധിപ്പിക്കുക എന്നതു നിലവിലുള്ള ഒരു സാധനത്തിന്റെ അളവു കൂട്ടുക എന്നതാണു. അല്ലാതെ ഇല്ലാത്ത ഒന്നു ഉണ്ടാക്കിയെടുക്കുന്നതിനെ വര്‍ധിപ്പിക്കുക എന്നു പറയാന്‍ പറ്റില്ല. നിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൌന്ദര്യവും ബുദ്ധിയും വര്‍ധിപ്പിക്കണം എന്നു പറയാന്‍ പറ്റില്ല. ഉണ്ടാക്കിയെടുക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. പിന്നെയുള്ളതു വെയ്റ്റ് ആണു. അതു പിന്നെ വേണമെങ്കില്‍ ദിവസോം വര്‍ദ്ധിപ്പിക്കാം. അതിനു എവിടേം പോകേണ്ട, ഇവിടെ ഇരുന്നു വെട്ടിവിഴുങ്ങിയാല്‍ മതി എന്നു!!! ഞാന്‍ പരിധിക്കു പുറത്തായ മൊബൈല്‍ പോലെ ആയി. ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ! ഇദ്ദേഹത്തോടൊത്തു കുറെ ജന്മം ഞാന്‍ ജീവിച്ചോളാം എന്നു എപ്പോഴേലും ഞാന്‍ പറഞ്ഞിട്ടുണ്ടേല്‍ അതു ഞാന്‍ നിരുപാധികം തിരിച്ചെടുക്കുന്നു എന്നു ഞാന്‍ മൌനമായി ദൈവത്തോടു പറഞ്ഞു. ചേട്ടന് പോകാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എന്റെ കഴുതരാഗം തുടങ്ങി. "ഇനിയൊരു ജന്മമുണ്ടെങ്കില്........ ഒരു ബ്യൂട്ടിപാര്‍ലറില്‍ കാണാം"!!!!
3 Comments:
ha ha... nice..
സൂവനെ വായിയ്ക്കുമ്പോള്‍ അസൂയ തോന്നുന്നു. എഴുതുവാനെനിയ്ക്കു നാണം തോന്നുന്നു.
വീണ്ടും വര്‍ഷം വരികയാണ്.
അവിടവിടെ ഇത്തിരിപ്പോന്ന പച്ചപ്പുകള്‍ തലപൊക്കുന്നു...
പെരുമ്പട്ടിണിക്കു ശേഷം മൃഷ്ടാന്നം കാണുന്നതുപോലെ ഞാനിവിടെയൊക്കെ മേഞ്ഞുനടക്കാന്‍ വന്നിരിക്കയാണ്.
ഇവിടൊരു സു. അപ്പുറത്തൊരു പെരിങ്ങോടന്. പിന്നെയും അതിന്റപ്പുറത്തൊരു കെവിന്...
പോള്‍...
കുടിലനീതികള്‍...
ഒരു നീലച്ച വിഷ്ണുഗോപന്..
ചുക്കിച്ചുളിഞ്ഞ ഒരു കടലാസുകെട്ടിനുള്ളില്‍ പുത്തനൊരു Inspiration...
സ്വപ്നത്തില്‍ നിധി കണ്ടെത്തിയ പഴയ സ്കൂള്‍ച്ചെറുക്കനെപ്പോലെ ആര്‍ത്തിപിടിച്ചു തെരയുകയായിരുന്നു...
കാണെക്കാണെ ഇപ്പോള്‍ മുന്നില്‍ വിടര്‍ന്നു വരികയാണ് ഇളംകറുകപ്പുല്‍വനങ്ങള്‍!
പെരുണ്ടുരുണ്ടൊരു തലയും എല്ലുന്തിയ നെഞ്ചിന്‍കൂടും കൊണ്ട് ഞാനും ഇവിടെയൊക്കെ മേഞ്ഞു നടന്നോട്ടേ, കൂട്ടരേ?
Post a Comment
Subscribe to Post Comments [Atom]
<< Home