Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, January 31, 2006

മാമ്പഴക്കാലം

'ഒറ്റ മാങ്ങ തൊട്ടുപോകരുത്‌.'

'നിലത്തുകാണുന്നതേ ഞാന്‍ എടുക്കുന്നുള്ളൂ’

‘അത്‌ നീ എറിഞ്ഞിടുന്നതല്ലേ’

‘ഞാനിപ്പോ വന്നതല്ലേയുള്ളൂ.’

‘നിന്റെ തട്ടിപ്പൊന്നും എന്നോട്‌ വേണ്ട.’

അമ്മയാണ്. തെങ്ങിന്‍ തടത്തില്‍ കയറി എത്തിവെലിഞ്ഞ്‌ റോഡിലേക്ക്‌ നോക്കിയാണ് ശകാരം. പ്രതി 12 വയസ്സുവരുന്ന ഒരു പയ്യനും. സീതയുടെ ഉച്ചസമയം ഇപ്പോള്‍ കടന്നുപോകുന്നത്‌ ഈ സ്ഥിരം കാഴ്ചയുമായിട്ടാണ്.

നിറയെ പൂത്ത മാവ്‌, മാവിനോട്‌ മത്സരിച്ച്‌ ഫലം കായ്ച പ്ലാവ്‌, കുറെ തെങ്ങുകള്‍ ഒക്കെയാണ് വീടിന്റെ ഒന്നാം നിലയില്‍ നിന്ന്- അവളുടെ മുറിയില്‍ നിന്ന്- കാണുന്ന കാഴ്ചകള്‍. പിന്നെ മതിലും റോഡും. വൈകീട്ട്‌ അവരുടെ വീടിന്റെ പിന്‍ വഴിയിലുള്ള കാവിലേക്ക്‌ പോകുന്ന ആള്‍ക്കാരേയും സീത കാണാറുണ്ട്‌. ഊണുകഴിഞ്ഞാല്‍ ജനല്‍പ്പടിയില്‍ എന്തെങ്കിലുമൊക്കെ വായിച്ചു കൊണ്ടിരിക്കുകയാണ് അവളുടെ പതിവ്‌. വൈകീട്ട്‌ ഗോപു ഓഫീസില്‍ നിന്നു വരുന്നതു വരെ.

മാവ്‌ പൂത്ത്‌ കണ്ണിമാങ്ങകള്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് അവന്‍ വന്നുതുടങ്ങിയത്‌. ദിവസവും ഉച്ചതിരിയുമ്പോള്‍ വന്ന് വീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ പെറുക്കിയെടുത്ത്‌ കൊണ്ടുവന്ന പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട്‌ കൊണ്ട്‌ പോവും. ഇടയ്ക്ക്‌ എറിഞ്ഞ്‌ നോക്കാറുമുണ്ട്‌. സീതയെ അവന്‍ കാണാറുണ്ടെങ്കിലും ഒന്നും പേടിക്കാനില്ല എന്ന് തോന്നിയതുകൊണ്ടാവണം അവന്‍ എല്ലാ ദിവസവും വരുന്നത്‌.

വലിയ വലിയ മാങ്ങകള്‍ ആയപ്പോളാണ് പതിവുപോലെ ഗോപുവിന്റെ അമ്മ കാവല്‍ തുടങ്ങിയത്‌. മാമ്പഴത്തിന്റെ സ്വാദ്‌ ആലോചിക്കുന്നതുകൊണ്ട്‌ മാത്രമാണ് പച്ചമാങ്ങകള്‍ പറിപ്പിക്കാത്തതെന്ന് എല്ലാവരോടും അമ്മ പറയും. ശരിയുമാണ്. ആ മാമ്പഴത്തിന്റെ സ്വാദ്‌ അത്രക്കും പ്രിയമാണ്. കാവലിനിടയിലാണ് പയ്യന്‍ വരുന്നതും കൊണ്ടു പോകുന്നതും, പിന്നെ അതൊരു സ്ഥിരം വഴക്കാവുന്നതും. അമ്മ വഴക്കിടുമ്പോള്‍ അവന്‍ സീതയെ പരുങ്ങലോടെ നോക്കും. അമ്മ ഊണുകഴിഞ്ഞ്‌ കാവലിനെത്തുന്നതിനുമുന്‍പ്‌ തന്നെ അവന്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നത്‌ അവള്‍ കാണാറുള്ളത്‌ അവനറിയാമല്ലോ. അവന്‍ നോക്കുമ്പോള്‍ അവള്‍ പുഞ്ചിരിക്കുമെങ്കിലും അവനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാവാറില്ല.

മാങ്ങ പഴുക്കാനും കിളികള്‍ പതിവിലുമധികം ചേക്കേറാനും തുടങ്ങി. പഴുത്ത മാങ്ങയുടെയും ചക്കയുടെയും മണം കാറ്റത്ത്‌ വന്നുകൊണ്ടിരിക്കും. പക്ഷേ അവനെ മാത്രം കണ്ടില്ല. രണ്ടാഴ്ചയായിക്കാണും.

‘ആ ചെറുക്കന്‍ വേറെ ആരുടേലും വീട്ടില്‍ മാങ്ങ മോഷ്ടിക്കാന്‍ പോയിക്കാണും’ എന്ന് ഒരു ദിവസം ഊണുകഴിക്കുമ്പോള്‍ അമ്മ പറഞ്ഞു. ഉണ്ടാവും. താനും കരുതി. പിറ്റേ ദിവസം രാവിലെ ചായ കഴിഞ്ഞ്‌ ജോലിയുടെ ഇടവേളയില്‍ പത്രം എടുത്തപ്പോഴാണ് അവള്‍ കണ്ടത്‌. വീട്ടില്‍ കയറി ആക്രമിച്ചയാളെ വെട്ടിയ 13 കാരന്‍ അറസ്റ്റില്‍. അവന്റെ ഫോട്ടോ കണ്ടതിനു ശേഷം അവള്‍ക്ക്‌ വായിക്കാന്‍ തോന്നിയില്ല. ഊണിരിക്കുമ്പോള്‍ അമ്മയും അവനെപറ്റി എന്തൊക്കെയോ പറഞ്ഞു. ഊണുകഴിഞ്ഞ് പുസ്തകം കൈയിലെടുത്തപ്പോള്‍ ‍ഇടവഴിയില്‍ അവന്‍ വരുന്നുണ്ടാവും എന്ന് അവള്‍ വെറുതേ ആശിച്ചു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ അമ്പലത്തില്‍ പോയി വന്നപ്പോളാണ് അമ്മ വിശദമായി പറഞ്ഞത്‌. ‘അമ്പലത്തില്‍ ലളിതയുടെ അമ്മ ഉണ്ടായിരുന്നു . ആ ചെറുക്കന്റെ അമ്മ അവരുടെ വീട്ടില്‍ ജോലിയെടുക്കുന്നുണ്ടല്ലോ. പണ്ട്‌ അവന്റെ അച്ഛനുള്ള കാലത്ത്‌ കടംകൊടുത്തത്‌ ചോദിക്കാന്‍ ചെന്നപ്പോള്‍ ഭീഷണിപ്പെടുത്തിയവരാ വീടാക്രമിക്കാന്‍ ചെന്നത്‌. കേസ്‌ വലുതായിട്ടൊന്നും ഉണ്ടാവില്ല. വീട്ടില്‍ ഉണ്ടത്രെ ഇപ്പോള്‍. സ്കൂളിന്റെ മുന്നിലിരുന്ന്, പുളി ,മാങ്ങ ഒക്കെ വില്‍ക്കുകയാണ് അവന്‍ ചെയ്യുന്നത്. കാവിന്റെ പിന്നിലാണ് വീടെന്ന് പറഞ്ഞു.’

ഉച്ചയൂണു കഴിഞ്ഞപ്പോള്‍ ‘ലളിതേടെ വീട്ടിലൊന്ന് പോയി വരട്ടെ’ എന്നും പറഞ്ഞ്‌ അവള്‍ ഇറങ്ങി. കാവ്‌ കടന്ന് കുറച്ച്‌ നടന്നപ്പോള്‍ കണ്ടു അവന്റെ വീട്‌. അവന്റെ അമ്മ പുറത്തെ തിണ്ണയില്‍ ഇരിപ്പുണ്ടായിരുന്നു. വേറെ ചില സ്ത്രീകളും. അവര്‍ പരിചയം ഭാവിച്ച്‌ എഴുന്നേറ്റു. അവന്‍ വീടിന്റെ ഒരു ഭാഗത്തുനിന്ന് വന്നത്‌ അപ്പോഴായിരുന്നു. അവളെക്കണ്ട്‌ അവന്‍ അമ്പരന്നു. അവള്‍ പതിവു പുഞ്ചിരി പാസ്സാക്കി. കൈയില്‍ ഉള്ള കടലാസ്സ്‌ പൊതി അവനു നേരെ നീട്ടി. അവന്‍ ഒന്ന് സംശയിച്ചശേഷം വാങ്ങി. തുറന്നുനോക്കി. മാമ്പഴം. അവന്‍ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം അവള്‍ കണ്ടു.
മാമ്പഴക്കാലത്തിന്റെ തിളക്കം...

11 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

പാഠം ഒന്നിന്റെ തുടര്‍ച്ച..! മാമ്പഴക്കാലം. 'സു'ന്റെ ബ്ലോഗില്‍ വീണ്ടും ഇതാ കാത്തിരുന്നൊരു പൂക്കാലത്തിന്റെ തിളക്കം.

Tue Jan 31, 04:27:00 pm IST  
Blogger reshma said...

പഴുത്ത നാടൻ‍ മാങ്ങയുടെ രുചിയുള്ള പോസ്റ്റ്. എനിക്കിഷ്ടായി. നാട്ടിൽ ഇപ്പോ മാവെല്ലാം പൂത്തിട്ടുണ്ടാവും ല്ലെ?

Wed Feb 01, 05:04:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

'സൂര്യഗായത്രിക്കു' 'സീത' എന്നും അര്‍ഥമുണ്ടോ സു? ;-) നന്നായിട്ടുണ്ട്‌..

Wed Feb 01, 05:14:00 am IST  
Blogger ചില നേരത്ത്.. said...

മാമ്പഴക്കാലത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.

Wed Feb 01, 09:35:00 am IST  
Blogger മലയാളം ബ്ലോഗുകള്‍ said...

-:)

Wed Feb 01, 10:54:00 am IST  
Anonymous Anonymous said...

beautiful..something like "to kill a mocking bird" story.. good one.

Wed Feb 01, 04:44:00 pm IST  
Anonymous Anonymous said...

ഓർമ്മകളുടെ മാമ്പഴക്കാലം........... ചിരിക്കണോ.. കരയണോ..അറിയില്ല

ബിന്ദു.

Wed Feb 01, 07:31:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

മാങ്ങകൾ പഴുത്തുതുടുത്തുനിൽക്കുന്ന മാവ്‌.
വടക്കുനിന്നും പാഞ്ഞുവന്ന ഒരു കാക്ക അതിന്റെ കൊമ്പിലിരുന്നു.
നന്നേപഴുത്ത ഒരു മാമ്പഴം കൊത്തി നിലത്തിട്ടു. എന്നിട്ട്‌ കാതോർത്തു.
ഇല്ല.
താഴെ ആരവങ്ങൾ ഇല്ല.
ഒന്നുകൂടി കൊത്തി നിലത്തിട്ടു.

ഇപ്പോഴും കുട്ടികളുടെ ഒച്ചയില്ല.
കാക്ക സാവധാനം താഴേക്ക്‌ നോക്കി.
നിലത്ത്‌ കരിയിലയിൽ അഴുകിപൊട്ടിക്കിടക്കുന്ന മാങ്ങകൾ.
കാക്ക പടിഞ്ഞാറേക്ക്‌ പറന്നു പോയി.
ഇതാണ് ഇവിടുത്തെ മാമ്പഴക്കാലം.

Wed Feb 01, 07:36:00 pm IST  
Blogger സു | Su said...

എല്ലാ വായനക്കാര്‍ക്കും നന്ദി :)

സാക്ഷി :)

രേഷ് :)

ശനിയാ :) സൂര്യഗായത്രിക്ക്, ഒരു തൊഴിലും ഇല്ലാതെ ഇരിക്കുന്നതുകൊണ്ട്, മറ്റുള്ളോരുടെ ക്ഷമ പരീക്ഷിക്കാന്‍ ഓരോന്ന് എഴുതിയുണ്ടാക്കി, അവരുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നവള്‍ എന്നേ അര്‍ത്ഥം ഉള്ളൂന്ന് ഇന്നലെ മനസ്സിലായില്ലേ.

ഇബ്രു :) തുളസി :)
മലയാളം ബ്ലോഗ് (ഡ്രിസ്സില്‍) :)
ബിന്ദു :) ചിരിക്കൂ.

കുമാര്‍ :)അത്രക്കും നിരാശ പാടില്ല. കല്ലുവിനെ അയക്കൂ മാമ്പഴം പെറുക്കാന്‍.

സാജ് :) നന്ദി. ആ ബുക്ക് ഞാന്‍ വായിച്ചിട്ടില്ല. ഇപ്പോ ഗൂഗിള്‍ സേര്‍ച്ച് നടത്തി കണ്ടുപിടിച്ചു. ഇനി വാങ്ങി വായിക്കും.

Wed Feb 01, 10:28:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

സീത ഭൂമീദേവിയുടെ മകളല്ലേ സു? ക്ഷമ സഹജമല്ലെ?

Thu Feb 02, 01:44:00 am IST  
Blogger സു | Su said...

സീത രാവണന്റെ മോള്‍ ആണെന്ന് അറിയില്ലേ ശനിയാ?

Sat Feb 04, 06:13:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home