Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, January 20, 2006

എനിക്ക് പറ്റിയ പറ്റ്!

അതൊരു ഏപ്രില്‍ മാസമായിരുന്നു. അല്ലെങ്കില്‍ ഈ കഥ നടക്കില്ലേന്ന് നിങ്ങള്‍ സംശയിക്കും. നടക്കുമായിരിക്കും. പക്ഷെ ഇതു നടന്നത്‌ ഒരു ഏപ്രില്‍ മാസത്തില്‍ ആയിരുന്നു. എന്റെ ഒരു കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. ഓ..ഇവളു വല്യ പ്രധാനമന്ത്രി ആണല്ലോ ഇത്രേം തിരക്കുണ്ടാവാന്‍ എന്ന് നിങ്ങള്‍ വിചാരിക്കും. തിരക്കില്‍ ആയിരുന്നെങ്കിലും അല്ലെങ്കിലും എന്റെ മിസ്സ്‌ കസിന്‍ മിസ്സിസ്സ്‌ ആയ സംഭവം മിസ്സ്‌ ആയീന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നൊരിക്കല്‍ പോയി അവളുടെ വീട്‌ സന്ദര്‍ശിക്കുന്നതിനെപ്പറ്റി ആലോചിച്ചുമില്ല. അങ്ങനെ സമയം കടന്നുപോയി. അവള്‍ക്കൊരു കുഞ്ഞ്‌ പിറന്നു. അപ്പോഴാണ് എനിക്ക്‌ വീണ്ടും ബോധം വന്നത്‌. അതിപ്പോഴും വന്നുവെന്ന് തോന്നുന്നില്ല എന്ന് നിങ്ങള്‍ പറയും. അങ്ങനെയെങ്കില്‍ അങ്ങനെ. അവളുടേ വീടിനേം കുഞ്ഞിനേം ഒക്കെ ഒറ്റയടിക്ക്‌ സന്ദര്‍ശിച്ചുകളയാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും അവളുടെ അനിയത്തിയും കൂടെ പുറപ്പെട്ടു. കുറേ ദൂരമുണ്ട്‌. അതിരാവിലെ പുറപ്പെട്ടാല്‍ ഉച്ച തിരിയുമ്പോഴേക്കേ അവിടെ എത്തൂ. അങ്ങനെ എത്തി. എല്ലാം കണ്ടു.

വൈകുന്നേരം അവിടെ തൊട്ടടുത്ത്‌ തന്നെയുള്ള ബന്ധുവീടുകള്‍ എല്ലാം കയറി ഇറങ്ങാം എന്ന് തീരുമാനിച്ച്‌ ഞാനും എന്റെ കൂടെ വന്ന കസിനും ആ വീട്ടിലെ അമ്മയും ഇറങ്ങി. ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘റോഡിലൊന്നും പോവേണ്ടല്ലോ, പറമ്പുകള്‍ കടന്ന് കടന്ന് എല്ലാം വീട്ടിലും എത്താമല്ലോ, ഞാന്‍ ചെരുപ്പ്‌ ഇടുന്നില്ല’ എന്ന്. അമ്മ പറയും, ഇടയ്ക്ക്‌ ചെരുപ്പില്ലാതെ നടക്കണം എന്ന്. ഉപദേശം അനുസരിക്കാന്‍ എനിക്കൊരു ടൈമുണ്ട്‌. പറയുമ്പോഴേക്കും അനുസരിക്കാന്‍ വേറെ ആളെ നോക്കണം. അമ്മ പറഞ്ഞത്‌ അനുസരിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്‌ ആ ടൈം ആണ്. അങ്ങനെ നടന്നു. ഒരു വീടെത്തി. വീട്ടിലുള്ള മുതിര്‍ന്നവര്‍ പുറത്തേക്ക്‌ വന്ന് ലോഗ്യം പറഞ്ഞു. അവരൊക്കെ എന്നെ ആദ്യായിട്ട്‌ കാണുകയാണല്ലോ. എനിക്ക്‌ പിന്നെ അങ്ങനെയൊന്നുമില്ല. ആദ്യായിട്ടായാലും രണ്ടാമതായിട്ടായാലും ഞാന്‍ വല്യ പരിചയക്കേടൊന്നും കാണിക്കില്ല. ഇത്‌ നിങ്ങള്‍ക്കൊക്കെ ഉള്ള മുന്നറിയിപ്പ്‌ ആണ്. ഇനി പറഞ്ഞില്ലാന്നു വേണ്ട. കല്ല്യാണത്തിനു ഞാന്‍ പോവാഞ്ഞത്‌ നന്നായി, അല്ലെങ്കില്‍ ഞാന്‍ പറയുന്നത്‌ കേള്‍ക്കണോ, ചെറുക്കനേം പെണ്ണിനേം നോക്കണോന്നൊരു ആശങ്ക വരുമായിരുന്നു എന്ന ഭാവത്തില്‍ അവരെന്നെ കേട്ടോണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തോ പറഞ്ഞല്ലോ? സഹിച്ചോണ്ടിരിക്കുകയായിരുന്നു എന്നു പറ എന്നല്ലേ. ആ, അതു തന്നെ. വരൂ വരൂ അകത്തിരുന്നു പറയാം എന്ന് അവര്‍ ക്ഷണിച്ചു. അകത്തായാലും പുറത്തായാലും പറയാനുള്ളതൊക്കെ പറയേണ്ടാത്തപ്പോള്‍ പറയും എന്നുള്ളത്‌ എന്റെ ഒരു ശീലം ആയിപ്പോയി. അവര്‍ ക്ഷണിച്ചപ്പോള്‍ കസിന്‍ ആദ്യം അകത്തേക്ക്‌ കയറിപ്പോയി. പിന്നെ ആന്റി കയറി. ഞാന്‍ കയറാന്‍ നോക്കുമ്പോഴല്ലേ സംഭവം. എന്റെ വലതുകാലു അനങ്ങുന്നില്ല. ഈശ്വരാ ....ഒറ്റയടിക്ക്‌ പരാലിസിസ്‌ വരം തരാന്‍ മാത്രം ഇപ്പോ ഞാന്‍ എന്ത്‌ അതിക്രമം പറഞ്ഞു എന്നാലോചിച്ചു. ഇടത്തേക്കാലും പൊന്തിച്ച്‌ മലയും കൈയിലേന്തി നില്‍ക്കുന്ന ഹനുമാരെപ്പോലെ ഞാന്‍ നിന്നു. ആന്റി തിരിഞ്ഞു നിന്ന് വിളിച്ചു വരൂ കുട്ടി ഒന്ന് വേഗം കയറിപ്പോവാം. സ്ലോമോഷന്‍ ഒന്നും വേണ്ട, ഇവരൊക്കെ നമ്മുടെ സ്വന്തക്കാരല്ലേന്ന് എന്റെ പോസ്‌ കണ്ടിട്ട്‌ മനസ്സില്‍ പറഞ്ഞു കാണും. ഞാന്‍ സകലവിധമാന കളരി സീരിയല്‍(പരമ്പരാന്നുള്ളതിന്റെ ഇംഗ്രീസ്‌ ) ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ കാലു ഒന്ന് തിരിച്ചുപൊക്കി. യ്യോ.... ചക്കപ്പശ. പകുതി ഫെവിക്കോള്‍ തേച്ച പോസ്റ്ററുപോലെ ആയി എന്റെ അവസ്ഥ. പറ്റുന്നുമില്ല പോരുന്നുമില്ല. ആന്റി കണ്ടു. ഇന്‍ ഹരിഹര്‍നഗറില്‍ ജഗദീഷ്‌ പറയുന്നതുപോലെ ഞാന്‍ പറഞ്ഞു. ‘ചക്ക....പശ.... പറ്റി....’
ആന്റി പറഞ്ഞു ‘കാല് ദാ കല്ലില്‍ ഉരച്ചുനോക്കൂ, ഞാന്‍ ഇത്തിരി എണ്ണ എടുത്തിട്ട്‌ വരാം’ന്ന്. പിന്നെ അവിടുള്ളവരെല്ലാം കൂടെ സംഭവം വീക്ഷിച്ചു. കുറേ നേരത്തെ കഠിനപരിശ്രമത്തിനു ശേഷം വലതുകാലിന്റെ അടിയില്‍ ഉണ്ടായിരുന്ന പശ ഇടതുകാലിന്റെ മുകളില്‍ക്കൂടെ വ്യാപിപ്പിക്കുക എന്ന പുരോഗതിയില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അതെന്നെ വിട്ടു പോകുന്നില്ല. സാരമില്ല എന്ന ഭാവത്തില്‍ ഞാന്‍ ഞൊണ്ടി ഞൊണ്ടി അകത്തേക്ക്‌ കയറി. അവിടെയിരുന്നു മിണ്ടി. പിന്നെ അടുത്ത വീട്ടില്‍ എത്തി. ഇത്‌ ജന്മനാ ഉള്ളതാണോ അതോ സ്വഭാവഗുണം കൊണ്ട്‌ ആരെങ്കിലും സമ്മാനിച്ചതാണോയെന്ന് അവര്‍ക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നിരിക്കണം. ചോദിച്ചില്ല പക്ഷെ. ആന്റി കാര്യം വിശദീകരിച്ചു. അങ്ങനെ വീടുകള്‍ കയറിയിറങ്ങി കസിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ചക്കപ്പശ ഒരു വല്യ സംഭവം ആയി മാറിയിരുന്നു. ചക്കയെക്കുറിച്ച്‌ പലതും പലരും പറയും പക്ഷെ ചക്കപ്പശ, ചക്കവിളഞ്ഞി, ചക്ക അരക്ക്‌ എന്നൊക്കെ പറയുന്ന പാവത്തിനെപ്പറ്റി ഒരാളും ഒന്നും പറയില്ല. അതിനെക്കൊണ്ട്‌ എന്ത്‌ കാര്യം എന്ന് നിങ്ങള്‍ പറയും. പക്ഷെ ഞാന്‍ ഒന്നിനേം ഉപേക്ഷിക്കുന്ന ടൈപ്പ്‌ അല്ല. ഒന്നിനേം കുറച്ച്‌ കാണരുത്‌ എന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായില്ലേ?

19 Comments:

Blogger aneel kumar said...

ഗുണപാഠം:
ചെരുപ്പിടാതെ നടക്കുമ്പോഴെങ്കിലും
കണ്ണുതുറന്ന് നോക്കി നടക്കണം
(അല്ലെങ്കില്‍ ചക്കേരക്കിലൊട്ടും)

Fri Jan 20, 02:50:00 pm IST  
Blogger അരവിന്ദ് :: aravind said...

എനിക്കും ഇങ്ങനെ ഒന്നു പറ്റി.
അതിവിടെ വായിക്കൂ..സൂക്ഷിച്ചു നടക്കുക

Fri Jan 20, 06:52:00 pm IST  
Blogger ദേവന്‍ said...

എന്റെ പുതിയ ലൂണാര്‍ ഉരുകിയ ടാറില്‍ പുതഞ്ഞുപോയതിനെ തുടര്‍ന്ന് കുന്തി കര്‍ണ്ണനെയെന്നപോലെ ആ വഴിയിലതിനെ ഉപേക്ഷിച്ചിട്ടുണ്ട്‌.. എങ്കിലും അതാരും കണ്ടില്ല..

(അരവിന്ദിട്ട ലിങ്ക്‌ ഇപ്പോഴാ കണ്ടത്‌.അയ്യയ്യോ...)

Fri Jan 20, 07:15:00 pm IST  
Anonymous Anonymous said...

എനിക്കും ആരോടെങ്കിലും സംസാരിക്കണമെങ്കിൽ വല്യ പരിചയം ഒന്നും ആവശ്യമില്ലാ. പിന്നെ ഈ പറഞ്ഞ സാധനത്തിനു "മുളഞ്ഞ്‌" എന്നൊരു പേരു കൂടി ഉണ്ട്‌. എന്തായാലും സംഭവം ഒരു ഗുണപാഠമായി ല്ലെ? നല്ല രസമുണ്ടായിരുന്നു, (അല്ലേങ്കിലും ആരാന്റമ്മക്കു പ്രാന്തു പിടിചാൽ കാണൻ നല്ല ശേല്‌ എന്നാണല്ലൊ) :) :) :)

ബിന്ദു

Fri Jan 20, 07:41:00 pm IST  
Blogger evuraan said...

ചക്കയരക്ക് അല്ലേ പറ്റിയുള്ളൂ? ഇയുള്ളവന്‍ ചെറുപ്പത്തില്‍ മദ്രാസ് നഗരം കാണാന്‍, രണ്ടാം ക്ലാസ്സിലെ യൂണിഫോമിനൊപ്പമുള്ള കറുത്ത ബാറ്റാ ഷൂസും, ചെമന്ന സോക്സുമിട്ടോണ്ട് പോയപ്പോള്‍ സംഭവിച്ചതോര്‍ക്കുന്നു, ഇപ്പഴും.

നാട്യപ്രധാനം നഗരം ദരിദ്രമെന്ന ചൊല്ല് പിന്നെക്കാലങ്ങളില്‍ കേള്‍ക്കുന്നതിന്‍ മുമ്പേ എനിക്ക് ബോധ്യമായിരുന്നു.

ഫുട്ട്‌പാത്തില്‍ ഇരുന്നവരാരോ ഇട്ടിട്ടു പോയ ഒരു വലിയ കണ്ടി -- അത് കാലിനടിയില്‍ ഞെരിയുമ്പോഴത്തെ ഒരനുഭവമുണ്ടല്ലോ....?

അത് അനുഭവിച്ചു തന്നെ അറിയണം..

അയ്യോ..! അയ്യോ..!!

അതീപ്പിന്നെ നമ്മള്‍ സ്കൂളിലാ ഷൂവിട്ടോണ്ട് പോയിട്ടില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ..?

Sat Jan 21, 09:04:00 am IST  
Blogger ചില നേരത്ത്.. said...

ഒരിത്തിരി മണ്ണെണ്ണ(kerosene)തേച്ചാല്‍ പോകുമായിരുന്നില്ലേ ആ ചക്കവിളഞ്ഞി?.
ഏവൂരാന്റെയും അരവിന്ദിന്റെയും അനുഭവങ്ങള്‍ വായിച്ച് വക്കാരി സ്റ്റൈലില്‍ ചിരിച്ചു.
വായനക്കാരന്റെ അഭിപ്രായങ്ങളും സൂ മനോഹരമായി ചേറ്ത്ത് വെച്ചിരിക്കുന്നു ഈ രചനയില്‍.

Sat Jan 21, 10:17:00 am IST  
Blogger സ്വാര്‍ത്ഥന്‍ said...

സു: ആശാന്‌ ഉപദേശങ്ങള്‍ നല്‍കാനുണ്ട്‌. എന്റെ ഈമെയിലിലേക്ക്‌ ഒരു 'മിസ്‌ കോള്‍' ചെയ്യാമോ?

Sat Jan 21, 10:35:00 am IST  
Anonymous Anonymous said...

ബലിച്ചാ നീളണതും ബിട്ടാ ചിങണതും ആയ സാധനത്തിന്റെ പേരെന്താ?
മൊളഞ്‌
അല്ലാ..
പിന്നെ?
ഡബ്ബറ്‌.
..ഓര്‍മ്മയുണ്ടോ ഈ ക്ലാസ്സ്‌റൂം? പുനത്തില്‍ കുഞബ്ദുള്ള ഒരു നോവലേ എഴുതിയിട്ടുള്ളൂ “സ്മാരകശിലകള്‍” അതിലേതാ.
“മൊളഞ്” എന്നാ ഞങടെ നാട്ടില്‍ ഇതിന്റെ പേര്.
-സു-

Sat Jan 21, 11:33:00 am IST  
Blogger സു | Su said...

അനിലേട്ടാ :) ഗുണപാഠം സ്വയം അനുസരിക്കണം കേട്ടോ.

തുളസി :) അതെ അതെ.

അരവിന്ദ് :) സ്വാഗതം.
ദേവന്‍ :)
ബിന്ദു :)
ഏവൂരാന്‍ അയ്യോ അയ്യയ്യോ.
സുനില്‍ :) ഇബ്രൂ :)

Deign :) എന്ത് ഉപദേശം ആണ്?

Sat Jan 21, 06:27:00 pm IST  
Blogger Visala Manaskan said...

:)ഞങ്ങൾക്കിത്‌, 'ചക്ക മുളഞ്ഞീൻ' ആണ്‌.

Sun Jan 22, 10:42:00 am IST  
Anonymous Anonymous said...

“മൊളഞ്‌“ എന്നല്ല “സക്കപ്പസ” (ചക്ക പ്പശ) എന്നായിരുന്നു സ്മാരകശിലകളില്‍.

Sun Jan 22, 10:56:00 am IST  
Blogger കണ്ണൂസ്‌ said...

സക്കപ്പസ കൊള്ളാം :-)

ഓഫ്‌ റ്റോപിക്‌:

പുനത്തില്‍ ഒരു നോവലേ എഴുതീട്ടുള്ളു എന്നു പറഞ്ഞത്‌ sarcasm ആയിരുന്നോ? കട്ട മുതല്‍ ആണെന്ന് ആക്ഷേപം ഉണ്ടെങ്കിലും അങ്ങേരുടെ പേരില്‍ മരുന്ന്, നവഗ്രഹങ്ങളുടെ തടവറ (സേതുവിനോടൊപ്പം), പരലോകം, കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍ എന്നൊക്കെ പറഞ്ഞു കുറെ അഭ്യാസങ്ങള്‍ ഉണ്ടേ.

Sun Jan 22, 12:28:00 pm IST  
Blogger ദേവന്‍ said...

ങേ അപ്പോ സീരിയസ്സായിട്ടാരുന്നോ? ഞാന്‍ കരുതി പണ്ട്‌ "ജി ശങ്കരക്കുറുപ്പ്‌ ഒരു കവിത പോലും എഴുതിയിട്ടില്ല" എന്നുപറഞ്ഞതിനെ അഡാപ്റ്റ്‌ ചെയ്തതാണെന്ന്?

Sun Jan 22, 12:58:00 pm IST  
Blogger അതുല്യ said...

സൂ, നന്നായിട്ടോ. പക്ഷെ അല്പം വെളിച്ചണ്ണ പുരട്ടിയാ അതു പോരൂലേ?

ദേവാ, കലേഷിന്റെ പെൺകൊത വിശേഷം പറ. സദ്യ നന്നായോ? സദ്യാന്ന് പറഞു മോഹൻലാലിനെ ഇലയ്കു മുമ്പിലിരുത്തി, ചിക്കനിങ്ങെടുത്തോ സ്റ്റ്യിലായിരുന്നോ?

Sun Jan 22, 01:06:00 pm IST  
Blogger ഇളംതെന്നല്‍.... said...

കണ്ണൂസേ..."കന്യാവനങ്ങള്‍"(പുനത്തില്‍) മറന്നോ? ...കനകം തേടി കടല്‍ കടന്ന കഥാകാരന്‍ സഞ്ചരിച്ച കന്യാവനങ്ങളിലൂടെയുള്ള ആ യാത്ര....

Sun Jan 22, 01:42:00 pm IST  
Anonymous Anonymous said...

"....അഭ്യാസങ്ങള്‍“
എന്ന്‌ കണ്ണൂസ് തന്നെ പറഞ സ്ഥിതിയ്ക്ക്‌ കൂടുതല്‍ വിശദീകരണം വേണോ? അല്ല ഉണ്ടെങ്കില്‍ പറഞോളൂ.എനിക്ക്‌ കേള്‍ക്കാണാണിഷ്ടം. -സു-

Sun Jan 22, 01:56:00 pm IST  
Blogger സു | Su said...

വിശാലന്‍ :) അതുല്യ :)
ഇളംതെന്നല്‍ :) സ്വാഗതം.
കണ്ണൂസ് :) ദേവന്‍ :)

ഒരു നഴ്സിന്റെ കഥപറയുന്ന ഒരു നോവല്‍ ഉണ്ടായിരുന്നല്ലോ.പുനത്തിലിന്റെ? മനോരമയില്‍ വന്നിരുന്നു.

Mon Jan 23, 11:59:00 am IST  
Blogger അരവിന്ദ് :: aravind said...

അയ്യയ്യോ...ഈ അതുല്യയുടെ ഒരു കാര്യം..
കമന്റൊക്കെ അക്ഷരപിശകില്ലാതെ എഴുതൂ ട്ടൊ..
ഹി ഹി.

Mon Jan 23, 08:20:00 pm IST  
Blogger Adithyan said...

അരവിന്ദേ,
ഇതതല്ല...
ഇത്‌ വേറൊരു ബ്ലോഗിലെ വേറൊരു പോസ്റ്റിലെ വിഷയമായിരുന്നു....ആ ടോപിക്ക്‌ ‘ഫോളോ’ ചെയ്യാഞ്ഞിട്ടാ....

തെറ്റിദ്ധരിക്കല്ലെ,തെറ്റിദ്ധരിക്കല്ലെ :-)

Mon Jan 23, 08:41:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home