Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, January 27, 2006

പാഠം ഒന്ന്...

അതൊരു യാത്ര ആയിരുന്നു. ഞങ്ങളുടെ കൊച്ച്‌ കൊച്ച്‌ യാത്രകളിലെ ഒന്ന്. 10-12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അതിരാവിലെ ട്രെയിനില്‍ കയറി. 4-5 മണിക്കൂര്‍ കൊണ്ട്‌ വീട്ടിലെത്തും. തലേ ദിവസം മുഴുവന്‍ യാത്രയില്‍ ആയതു കൊണ്ടും 7 മണിക്ക്‌ മുന്‍പു തന്നെ അത്താഴം കഴിച്ചതുകൊണ്ടും രാവിലെ ആയപ്പോള്‍ എനിക്ക്‌ നന്നായി വിശക്കാന്‍ തുടങ്ങി. ട്രെയിന്‍ പുറപ്പെടാന്‍ ആവുമ്പോഴെങ്കിലും എന്തെങ്കിലും കൊണ്ടുവരുമായിരിക്കും എന്ന് ചേട്ടന്‍ പറഞ്ഞു. സ്റ്റേഷനില്‍ വാങ്ങാന്‍ കിട്ടുന്ന ചിപ്സിലും ബ്രഡ്ഡിലും എനിക്ക്‌ വല്യ താല്‍പര്യം തോന്നിയില്ല. എണ്ണയൊലിക്കുന്ന ഉഴുന്നുവടയും പരിപ്പുവടയും പഴംപൊരിയും തിന്നില്ലാന്ന് ദൃഢപ്രതിജ്ഞയൊക്കെ എടുക്കുമെങ്കിലും വയറു പിണങ്ങുമ്പോള്‍ പ്രതിജ്ഞ തെറ്റിക്കും.

വിശന്നു കണ്ണുകാണാന്‍ വയ്യാഞ്ഞിട്ട്‌ മിനുട്ടിനു മിനുട്ടിനു 'വിശക്കുന്നേ വിശക്കുന്നേ വിശന്നിട്ടെനിക്ക്‌ വയ്യായേ' എന്ന് പാടിക്കൊണ്ടിരുന്നു. കുറുക്കന്റെ മുന്നില്‍ കോഴി പ്രത്യക്ഷപ്പെട്ടതുപോലെ ഒടുവില്‍ ‘വടേയ്‌ വടേയ്‌ വാടേയ്‌ വാടേയ്‌ ’എന്നും പറഞ്ഞ്‌ ഒരാള്‍ വന്നു. ചേട്ടന്‍ വേഗം വാങ്ങിത്തന്നു. ഞാന്‍ കൈയില്‍പ്പിടിച്ച്‌ ആ പൊതി തുറന്നതും പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു കൈ നീണ്ടു വന്നു. ഞെട്ടി നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍. 25 വയസ്സുണ്ടാവും. ഒരു സുന്ദരന്‍. ക്ഷീണിച്ചു വലഞ്ഞ ഭാവം. അവ്യക്തമായ സ്വരത്തില്‍ താ എന്നു പറഞ്ഞു. ഈശ്വരാ... വിശന്ന് പൊറുതിമുട്ടി ഒടുവില്‍ കിട്ടിയ ഭക്ഷണം. ഇനി വേറെ വാങ്ങാമെന്നു വെച്ചാല്‍ വടക്കാരന്‍ എവിടേയോ പോയിക്കഴിഞ്ഞിരുന്നു. ഞാന്‍ പൊതി കൂട്ടിപ്പിടിച്ചു. ആകെ കുറച്ച് വടയും ആനയെത്തിന്നാനുള്ള വിശപ്പും. അവന്‍ പോകുന്ന ലക്ഷണമില്ല. ചേട്ടനെ നോക്കി. നിനക്ക്‌ വേണമെങ്കില്‍ അവനു കൊടുക്കാം എന്നുള്ള ഭാവം ആ മുഖത്ത്‌. ചേട്ടനെ നോക്കി ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. പിന്നെ അനങ്ങാതെ ഇരുന്നു. ഇടംകണ്ണിട്ട്‌ അവന്‍ പോയോ പോയോന്നു നോക്കി. അവസാനം അവന്‍ പോയി. വടപ്പൊതി തുറന്ന് ഒരു കഷണം പൊട്ടിച്ച്‌ ചട്‌ണിയില്‍ മുക്കിയതും തീ കൊടുത്ത വാണം പോലെ വടപ്പൊതി മുകളിലേക്ക്‌ പൊങ്ങി. അവന്‍ ട്രെയിനിനുള്ളില്‍ കടന്ന് വടപ്പൊതി തട്ടിയെടുത്തതാണ്. ചേട്ടന്‍ അടുത്ത്‌ ഇരിക്കുന്നുണ്ട്‌. ഒരാള്‍ മുന്‍പിലെ സീറ്റിലും ഉണ്ട്‌. അവന്‍ തട്ടിപ്പറിച്ചതും അപ്രത്യക്ഷനായതും പെട്ടെന്നായിരുന്നു.

ആ ഞെട്ടല്‍ മാറാന്‍ കുറച്ചു ദിവസം എടുത്തു. പിന്നെ എപ്പോഴും ആലോചിക്കും, അവനു ട്രെയിനില്‍ കയറിവന്നപ്പോള്‍ സീറ്റില്‍ വെച്ചിരുന്ന എന്റെ ബാഗ്‌ എടുത്ത്‌ ഓടാമായിരുന്നു, എന്റെ മാല പൊട്ടിച്ചു കൊണ്ടുപോവാമായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു ഞങ്ങള്‍ക്ക്‌. അവന്‍ കൊണ്ടുപോയതോ ഭക്ഷണപ്പൊതി. ഇടയ്ക്കൊക്കെ ആലോചിക്കുമ്പോള്‍ തോന്നും അവന്‍ ചോദിച്ചപാടെ കൊടുത്തിരുന്നെങ്കില്‍ ദൈവം എനിക്ക്‌ വിശപ്പേ ഇല്ലാതാക്കിമാറ്റിയേനെയെന്ന്.

ആ സംഭവത്തോടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഒന്ന്, നമ്മളില്‍ നിന്ന് ചിലര്‍ക്ക്‌ വേണ്ടത്‌ നമുക്ക്‌ ആലോചിക്കാതെ നിസ്സാരമായി കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍,ഒരു നുള്ള് സ്നേഹം, ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്‌ , ഒരു തുണ്ട് ഭക്ഷണം, ഇവയൊക്കെ ആയിരിക്കും എന്ന് പഠിച്ചു. രണ്ട്‌, ആ സംഭവത്തിനുശേഷം ഒരു ഭക്ഷണവും പാഴാക്കാതിരിക്കാന്‍ ഞാന്‍ 99% ശ്രമിക്കാറുണ്ട്‌. നമ്മള്‍ നിസ്സാരമായി എറിഞ്ഞുകളയുന്ന ഒരു കപ്പ്‌ ചോറ്, ഒരു തവി സാമ്പാര്‍, ഒരു കഷ്ണം ദോശ, ഒരു നുള്ള്‌ ഉപ്പുമാവ്‌ എന്നിവയ്ക്കൊക്കെ നമ്മളറിയാതെ നീളുന്ന കൈകള്‍ അനവധി ആയിരിക്കും. ഭക്ഷണം കഴിക്കാതിരിക്കാനാവില്ലെങ്കിലും പാഴാക്കാതിരിക്കാമല്ലോ.ഓരോ സമയത്തും നിറച്ചും ഭക്ഷണം കഴിക്കുമ്പോള്‍ , ഹോട്ടലിലും പാര്‍ട്ടിക്കും പോവുമ്പോള്‍ അവന്‍ എന്റെ ഓര്‍മ്മയില്‍ വരും. ഇത്‌ എല്ലാവരോടും പറഞ്ഞപ്പോള്‍ എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട്‌ അവരെല്ലാം ശരിക്കും ആശ്ചര്യപ്പെടുകയാണുണ്ടായത്‌. ഞാന്‍ കൊടുത്തില്ലാന്നു പറഞ്ഞത്‌ വിശ്വസിക്കാത്ത ഭാവത്തില്‍, എല്ലാവരും എന്നെ നോക്കി. പിന്നെ ഒരു കുറ്റപ്പെടുത്തല്‍ ആ നോട്ടങ്ങളില്‍ തെളിഞ്ഞു. ഒരു നിമിഷത്തെ ആലോചനയില്ലായ്മ ജീവിതത്തിനു നല്‍കുന്ന പാഠം വലുതായിരിക്കും. അന്നേരം എനിക്ക്‌ ചെകുത്താന്റെ മനസ്സായിരുന്നുവോ?

20 Comments:

Blogger സ്വാര്‍ത്ഥന്‍ said...

“കൈ കഴുകുമ്പോള്‍ പോലും, ഒരു വറ്റ് ചോറ് വെറുതേ കളയാന്‍ ഇടവരുത്തരുതേ. അതുപോലും കിട്ടാന്‍ മാര്‍ഗമില്ലാത്ത നിരവധി പേര്‍ നമ്മുടെ ചുറ്റുമുണ്ട്.”
-മദര്‍ തെരേസ-

Fri Jan 27, 01:37:00 pm IST  
Blogger ചില നേരത്ത്.. said...

യാത്ര, അനുഭവങ്ങള്‍ നല്‍കുന്ന പാഠശാലയാണ്.
നല്ല പാഠം. പങ്കുവെച്ചതിന് നന്ദി.

Fri Jan 27, 03:56:00 pm IST  
Blogger അരവിന്ദ് :: aravind said...

തീറ്റയുടെ കാര്യത്തില്‍ മാത്രം അല്ല സൂ..
എല്ലാക്കാര്യത്തിലും ഉള്ളവന്‍ ധൂര്‍ത്തടിക്കും..ഇല്ലാത്തവന്‍ ഇരക്കും..
പൈസ,പവര്‍..എല്ലാം അങ്ങനെ തന്നെ.

Fri Jan 27, 05:12:00 pm IST  
Blogger ഇളംതെന്നല്‍.... said...

വിശക്കുന്നവന്റെ വേദാന്തം , അത്‌ എരിയുന്ന വയറിന്‌ ഒരല്‍പം ഭക്ഷണം തന്നെ.....

Fri Jan 27, 05:34:00 pm IST  
Blogger സൂഫി said...

‘കഴിക്കാതെ പോയ ഒരു നേരത്തെ ആഹാരത്തിന്റെ ഓര്‍മ്മ‘ മാത്രമാണ് നമുക്കു വിശപ്പ്.
എന്നാല്‍ പലര്‍ക്കും അങ്ങനെയല്ല!

Fri Jan 27, 06:34:00 pm IST  
Anonymous Anonymous said...

വളരെ നന്നായി ഇതെഴുതിയതു, സു. ആഹാരം മാത്രമേ കൊടുത്തു തൃപ്തിപ്പെടുത്താൻ പറ്റു, വയറു നിറഞ്ഞിരുന്നിട്ടു കൊടുക്കുന്ന ആഹാരത്തേക്കാൽ വിശന്നിരിക്കുംബോൽ കൊടുത്താൽ അത്‌ ത്യാഗം. ആഹാരം മാത്രമല്ല വെള്ളവും ഒരു തുള്ളി പോലും പാഴാക്കാതിരിക്കൻ ശ്രമിക്കാം.

ബിന്ദു.

Fri Jan 27, 07:37:00 pm IST  
Blogger Unknown said...

വിശപ്പാണ് പരമമായ സത്യം. ബാക്കിയെല്ലാം വെറും പൊങ്ങച്ചമാണ്. (ചിദംബരസ്മരണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്)

Fri Jan 27, 07:50:00 pm IST  
Blogger reshma said...

ഓർ‍മ്മപ്പെടുത്തലായി, നന്ദി സൂ.

Fri Jan 27, 08:39:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

എല്ലാം 'ഉദരനിമിത്തം' ആണ്‌, അല്ലാതെ മനസ്സ്‌ ചെകുത്താന്റെയായതു കൊണ്ടല്ലാ സു. നാമെല്ലാം ജീവിതത്തില്‍ പല വേഷങ്ങളും ഭാവങ്ങളും കെട്ടുന്നതും പല നാട്ടില്‍ കിടന്നു 'കഞ്ഞി കുടിക്കാതെ' കഷ്ടപ്പെടുന്നതും അതു കൊണ്ടുമാത്രമല്ലെ?

എന്റെ അച്ഛന്‍ എപ്പോഴും പറയാറുള്ളതു പോലെ, ഒരാള്‍ വിശക്കുന്നു എന്ന് പറഞ്ഞാല്‍, കയ്യില്‍ കാശുണ്ടെങ്കില്‍ ചോറു വാങ്ങിക്കൊടുക്കണം, അതു അവനവന്‍ പട്ടിണി കിടന്നായാലും എന്നതാണ്‌ എന്റെ പ്രമാണം.

എനിക്കു കഴിക്കാന്‍ പറ്റുന്നതേ ഞാന്‍ വിളമ്പാറുള്ളൂ. അതു ഒരുപാടേറെ പരാതികള്‍ക്കു വഴി വെക്കാറുണ്ടെങ്കിലും. ജീവിക്കാനാണു ഭക്ഷണം കഴിക്കുന്നതു, അല്ലാതെ ഭക്ഷണം കഴിക്കാനായി ജീവിക്കാറില്ല (കടപ്പാട്‌: എഴുത്ത്ച്ഛന്‍ ആണെന്ന് തോന്നുന്നു).

Sat Jan 28, 12:28:00 am IST  
Anonymous Anonymous said...

അറബി സംസ്കാരം:
വിളമ്പിയ ഭക്ഷണം മുഴുവന്‍ കഴിച്ചാല് അതിഥി ത്രുപ്തനായില്ല എന്ന് സൂചന. എത്രയധികം ഭക്ഷണം അതിഥി ബാക്കി വയ്ക്കുന്നുവോ, അത്രയധികം ആതിഥേയന്‍ ത്രുപ്തന്‍!

Sat Jan 28, 11:50:00 am IST  
Blogger Unknown said...

വിധിനിര്‍ണ്ണയ നാളില്‍ ദൈവം നിന്നോട്‌ ചോദിക്കും 'ഒരിക്കല്‍ ഞാന്‍ വിശന്നു കൊണ്ട്‌ നിന്റെ അരികില്‍ വന്നു. അന്നു നീ എന്നെ ആട്ടിയകറ്റി.' അപ്പോള്‍ നീ ചോദിക്കും 'ദൈവമേ.. ലോകസൃഷ്ടാവായ നിനക്ക്‌ വിശപ്പോ.!!' ദൈവം മറുപടി പറയുന്നു.. 'അന്നൊരിക്കല്‍ നിന്റെ അരികില്‍ വന്ന ഒരു ബാലന്‍ ഭക്ഷണത്തിനു ചോദിച്ചിരുന്നില്ലെ.. അന്നു നീ അവനെ ആട്ടിയകറ്റി. അതു ഞാനായിരുന്നു.'

Sat Jan 28, 01:42:00 pm IST  
Blogger nalan::നളന്‍ said...

വിശപ്പാണു് പരമമായ സത്യം, ബാക്കിയെല്ലാം വെറും പൊങ്ങച്ചമാണ്.

ചുള്ളിക്കാടു് പറഞ്ഞതെത്ര സത്യമാണ് യാത്രാമൊഴി..

Sat Jan 28, 02:40:00 pm IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

വിശക്കുന്നവനാണു ഭക്ഷണത്തിന്റെ അവകാശി. അതു പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്കും ട്രെയിനിലിരിക്കുന്നവര്‍ക്കും ഒരു പോലെ ബാധകമാണു്‌. സു അതു കൊടുക്കാതിരുന്നതില്‍ യാതൊരു കുഴപ്പവുമില്ല.

പക്ഷേ അവനു ഭക്ഷണം വാങ്ങി തിന്നാനുതകുന്ന പൈസ സു വിന്റെ കൈയിലുണ്ടായിരുന്നില്ലേ? അതു മറന്നതാണെങ്കില്‍ അതാണു പാഠം.

Sat Jan 28, 04:00:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"ചോദിക്കുമ്പോള്‍ നല്‍കുന്നത്‌ വിശിഷ്ടം.ചോദിക്കാതെ അറിഞ്ഞു നല്‍കുന്നത്‌ അതിവിശിഷ്ടം." - ഖലീല്‍ ജിബ്രാന്‍.

ചോദിച്ചിട്ടു നല്‍കാത്തതും നല്‍കാത്തത്‌ പിടിച്ചു പറിക്കുന്നതും തെറ്റ്‌.

Sat Jan 28, 04:37:00 pm IST  
Blogger സു | Su said...

സ്വാര്‍ത്ഥന്‍ :) ഒരു വറ്റ് കളഞ്ഞാല്‍ ഒരാഴ്ച്ച പട്ടിണികിടക്കേണ്ടിവരുമെന്ന് പറയാറുണ്ട്.

ഇബ്രു :) ഇനിയും ഉണ്ട്. യാത്രകളും പാഠങ്ങളും.കഴിഞ്ഞവയും വരാന്‍ പോകുന്നവയും.

അരവിന്ദ് :) ശരിയാണ്. പക്ഷെ ഉള്ളവര്‍ ഒക്കെ ധൂര്‍ത്തടിക്കില്ല. ഇല്ലാത്തവരൊക്കെ ധൂര്‍ത്ത് വേണ്ടാന്നു വെക്കുകയുമില്ല.

ഇളംതെന്നല്‍ :) അതെ.

സൂഫി :)

ബിന്ദു :) മറക്കാത്ത ചില കാര്യങ്ങളില്‍ ഒന്ന്. അതു പങ്കുവെച്ചു.

യാത്രാമൊഴി :)
രേഷ് :)

ശനിയന്‍ :) ആ നിമിഷത്തില്‍ തോന്നിയില്ലെങ്കിലും പലപ്പോഴും തോന്നാറുണ്ട്, അന്നെനിക്ക് ചെകുത്താന്റെ മനസ്സായിരുന്നുവെന്ന്.

തുളസി :) നന്നായി.

ഡ്രിസ്സില്‍ :) ചോദിക്കുമായിരിക്കും. ദൈവം തന്നെ ആയിരിക്കില്ലേ കൊടുക്കണ്ടാന്ന് തോന്നിപ്പിച്ചതും?

നളന്‍ :)

സിദ്ധാര്‍ഥന്‍ :) ശരി ആയിരിക്കും. പക്ഷെ എനിക്ക് ഇഷ്ടം പോലെ ഭക്ഷണം കിട്ടുമായിരുന്നു കുറച്ചു വൈകിയാലും. അവനോ? കൊടുക്കാഞ്ഞത് മോശമായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു പക്ഷെ അവന്‍ തട്ടിപ്പറിയ്ക്കാതെ പോയിരുന്നെങ്കില്‍ ഒരു പാഠം ഉണ്ടാവില്ലായിരുന്നു. അനുഭവം ഗുരു.

സാക്ഷി :) ചോദിച്ചിട്ടും നല്‍കാത്തത് വിചിത്രം. അല്ലേ ?

Sun Jan 29, 05:29:00 pm IST  
Blogger Visala Manaskan said...

എന്നാലും സൂ, ഇത്‌ ഇത്തിരി കടുപ്പായിപ്പോയി.. :(

എന്തായാലും നല്ലവനായ ആ സഹോദരൻ പൊതി തട്ടിപ്പറിച്ചോണ്ട്‌ പോയി സൂനെ ഒരു മഹാപാപത്തിൽ നിന്നും രക്ഷപ്പെടുത്തി..

സൂ ന്റെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിൽ ഗഡിയെ ഓടിച്ചിട്ട്‌ പിടിച്ച്‌ 'ഫിഫ്റ്റി ഫിഫ്റ്റി' എന്ന് പറഞ്ഞ്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ കഴിച്ചേനെ..!

Sun Jan 29, 05:43:00 pm IST  
Blogger കെവിൻ & സിജി said...

വിശപ്പിനു മുന്നില്‍ ആരും ഒരു നിമിഷം സ്വാര്‍ത്ഥരായിപോകും. ബുദ്ധനുപോലും ബോധിവൃക്ഷതണലിലിരുന്നു് ബോദ്ധ്യം വന്ന കാര്യം, വിശപ്പാണു് എല്ലാ ദുഃഖത്തിന്റെയും ആണി. പക്ഷേ എല്ലാവരും ബുദ്ധന്മാരായി മാറുന്നില്ലെന്നുള്ളതാണു് ലോകത്തിന്റെ ഈ ക്രമത്തിനു (അക്രമം) കാരണം.

Sun Jan 29, 06:49:00 pm IST  
Blogger സു | Su said...

വിശാലാ :) ഓട്ടം. അതെനിക്ക് പറഞ്ഞിട്ടുള്ളതല്ല. അതെ. അവന്‍ എന്നെ ഒരു കൊടും പാപത്തില്‍ നിന്ന്
രക്ഷിച്ചു. അല്ലെങ്കില്‍ വിശാലന്‍ എന്നെയും പാപി എന്നു വിളിക്കില്ലായിരുന്നോ?

കെവിന്‍ :) വിശപ്പ് ആര്‍ക്കും സഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. വിശപ്പില്ലായിരുന്നെങ്കില്‍ പലരും ഒരു ജോലിയും ചെയ്യുമായിരുന്നില്ല എന്നാ എനിക്കു തോന്നുന്നത്.

Sun Jan 29, 07:04:00 pm IST  
Anonymous Anonymous said...

great entry. Thought provoking. It comes as a good reminder for me :)

ps: surprised to see so many malayalam comment. boolokam is growing up so fast ..great to see!

Mon Jan 30, 08:21:00 pm IST  
Blogger സു | Su said...

Saj :) thanks.

Mon Jan 30, 11:23:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home