വാണിഭം.
‘അവനങ്ങനെയൊന്നും ചെയ്യൂലാ സാറേ’. കദീശുമ്മ വിലപിച്ചു.
‘ചെയ്യാതെയാണോ പരാതിവന്നത്?'
‘അതെന്റെ മോനോട് ഇഷ്ടമില്ലാത്തോര്‍ പറഞ്ഞുണ്ടാക്കുന്നതാ , അവനെ വിട്ടയക്കണം സാറേ'
'ഉം. തല്‍ക്കാലം വിട്ടയക്കാം, പക്ഷെ ഞങ്ങള്‍ ആവശ്യപ്പെടുമ്പോ സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാന്‍ അവനു തോന്നണം. കഴിയുമെങ്കില്‍ പുറത്തുനിന്ന് തന്നെ അവരുമായി ഒരു ഒത്തുതീര്‍പ്പിലെത്തുന്നതാ നല്ലത് '.
‘തീര്‍ച്ചയായിട്ടും സാറേ’.
വീട്ടിലെത്തിയതും അബുവിന്റെ മുഖം നോക്കി നല്ല ഒരു തല്ല് വെച്ചുകൊടുത്തു കദീശുമ്മ.
'എടാ നീയവളെ കടത്തികൊണ്ടുപോയി വിറ്റൂന്നാ എല്ലാരും പറയുന്നത്.'
'പിന്നെ, കടം വാങ്ങിക്കൊണ്ടുപോയ പൈസ തിരിച്ചു ചോദിച്ചപ്പോ ഒരു മാതിരി കണ്ട ഭാവം കാണിക്കാതെ ഇരുന്നിട്ടല്ലേ.’
'അതിനു ആ പാവത്തിനെ വില്‍ക്കുകയാണോ വേണ്ടത്? ആ ജാനുത്തള്ള എത്ര പുന്നാരിച്ച് വളര്‍ത്തുന്നതാണെന്ന് അറിയില്ലേ നിനക്ക്? അവരുടെ മോന്‍ അല്ലേ കാശ് തരാനുള്ളത്? നീ എപ്പഴാ ഇത് ചെയ്തേ ? കേക്കട്ടെ.'
'അവരൊന്നും വീട്ടില്‍ ഇല്ലാത്ത സമയത്താ. ജാനുവമ്മ, “ഞാന്‍ റേഷന്‍ കടയില്‍ പോയി വരട്ടെ മോളേ” ന്ന് അതിനോട് ലോഗ്യം പറയുന്നത് ഞാന്‍ കേട്ടു. അവരു പോയിക്കഴിഞ്ഞപ്പോള്‍ അതിനേം കൂട്ടി ആ തകരപ്പാട്ടക്കാരന്‍ തമിഴന്റെ വീട്ടില്‍ കൊണ്ടുപോയാക്കി. ഞാന്‍ ചോദിച്ച പണം അയാള്‍ തന്നു'.
'എന്നാലും നിനക്കിത് എങ്ങനെ ചെയ്യാന്‍ തോന്നിയെടാ?'
'നടക്കെടാ' അരിശം തീര്‍ക്കാന്‍ കദീശുമ്മ അബുവിന്റെ മുതുകത്ത് ശക്തിയായിത്തന്നെ ഒന്ന് കൊടുത്തു. 'ഇനി അവളേം കൂട്ടിക്കൊണ്ടുവന്നിട്ട് നീ ഇങ്ങോട്ട് കയറിയാ മതി. പാവം ജാനുത്തള്ള. കരഞ്ഞ് കരഞ്ഞ് ഒരു വകയായി'.
മനസ്സില്ലാമനസ്സോടെ അബു പുറപ്പെട്ടു. വിശ്വാസം പോരാഞ്ഞ് കദീശുമ്മയും കൂടെ ചെന്നു. തമിഴന്റെ വീടിനു മുന്‍പില്‍ എത്തി. അബുവിന്റെ കൂടെ കദീശുമ്മയേം കണ്ടതും അയാള്‍ ഒന്ന് പരുങ്ങി. കദീശുമ്മ അബുവിനെ ഒന്ന് തറപ്പിച്ചു നോക്കി. അബു വേഗം പോക്കറ്റില്‍ ഉണ്ടായിരുന്ന കാശെടുത്ത് ത്മിഴന് നേരെ നീട്ടി. കേസിനെപ്പറ്റി നാട്ടുകാരില്‍ നിന്നറിഞ്ഞിരുന്ന തമിഴന്‍ വേഗം കാശു വാങ്ങി.
വീടിനകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു. 'കനകം അവളെ ഇങ്ങു കൊണ്ടുവാ'
ഒരു മിനുട്ട് ആവുന്നതിനു മുന്‍പെത്തന്നെ കനകം വീടിന്റെ ഒരു ഭാഗത്തുനിന്നും വന്നു. കൂടെ അവളുമുണ്ടായിരുന്നു. കദീശുമ്മയെ കണ്ടതും പരിചയം ഭാവിച്ച് അവള്‍ കരഞ്ഞു.
"ബ്ബേ...ബ്ബേ...”
ജാനുവമ്മയുടെ വീട്ടിലെത്തി ആടിനെ തിരിച്ചുകൊടുത്ത് അവരുടെ മോനോട് കേസ് രാജിയാക്കണമെന്ന് പറഞ്ഞ് അവര്‍ മടങ്ങി. അവള്‍ ജാനുവമ്മയോട് ഒട്ടി നിന്നു.
10 Comments:
സു മനസ്സിൽ കാണുമ്പോൽ മാനത്തു കാണുന്ന പണി തുടങ്ങി ഞാൻ. അതുകൊണ്ടു പറ്റിക്കൽ നടന്നില്ല ഇപ്രാവശ്യം. :) :) :)
ബിന്ദു
മാനത്തു നോക്കി നടക്കുമ്പോ ഇടക്കൊന്നു താഴത്തും നോക്കണെ.. ഇല്ലെങ്കില്‍ തട്ടി വീഴും..
സു, ;-) :-)
കഥയുടെ പേരു മുതല്‍ ക്ലൈമാക്സ് വരെ ഗംഭീരം. എല്ലാ ഭാവുകങ്ങളും.
hehehe Bakra .... :)
ബിന്ദു :) എന്നെ പറ്റിച്ചു അല്ലേ?
ശനിയന്‍ :)
ശ്രീജിത്ത് :)
സാജ് :)
എല്ലാ വായനക്കാര്‍ക്കും നന്ദി.
ജാനുവമ്മ ആടു വാങ്ങിയ കാര്യം നമ്മള്‍ അറിഞ്ഞില്ലല്ലോ? പാത്തുമ്മ ആയിരുന്നെങ്ങില്‍ ഒരു സംശയം തോന്നിയേനേ. പീഡന സീസണ്‍ അല്ലെ, ഞാനും വഴി മാറി ചിന്തിച്ചില്ല. നന്നായിട്ടുണ്ടു.
വാണിഭം എന്ന തലകെട്ട് കണ്ടിട്ടു പെണ്‍വാണിഭ
കേസ്സായിരിക്കുമെന്നു തോന്നി,പിന്നെ ക്ലൈമാക്സ്
അടുത്തപ്പോയാണു പിടികിട്ടിയതു....കൊള്ളാം..
നന്നായിട്ടുണ്ട്.
പേരു കേട്ടപ്പോഴേ ഇതൊരു പറ്റിക്കലേഷൻ ആവുമെന്ന വിശ്വാസമുള്ളതുകൊണ്ട്, ഓരോ വരിയിലും 'ഉവ്വുവ്വാ..ഇത് നമ്പരാ..ഇതും നമ്പരാ..'എന്നെന്റെ മനസ്സുപറഞ്ഞോണ്ടിരുന്നു.
ഒരു പറ്റ് പറ്റാത്തവരും നൂറ് പറ്റ് പറ്റിയവരും ഇല്ല എന്നല്ലേ.. (കള്ളുകുടിച്ചുള്ള പറ്റിന്റെ കാര്യല്ലാട്ടാ..ആ പറ്റ് ഒന്നില് നിൽക്കില്ല..!)
എനിവേ, പോസ്റ്റ് നന്നായിരുന്നു.!
prapra യ്ക്ക് സ്വാഗതം :)
സാക്ഷി :)
അജ്ഞാതന്‍ ?
വിശാലാ :)കള്ള് കുടിച്ചുള്ള പറ്റിലും ഭേദം ഇതല്ലേ? ആ പറ്റ് കൂട്ടണ്ടാട്ടോ.
Post a Comment
Subscribe to Post Comments [Atom]
<< Home