Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 14, 2006

മിസ്സിസ് പൂവന്റെ മനസ്സ് !!

ശരിക്കും പറഞ്ഞാല്‍ ഈ മനുഷ്യന്മാരെക്കൊണ്ടു തോറ്റു. ആ ‘ലജ്ജാവതിയും, ഫാത്തിമായും’ ഒക്കെ ഒന്ന് പാടാമെന്നു വെച്ചാല്‍ അപ്പോ പറയും “ ദേ, പിടക്കോഴി ഇവിടെ കൂവണ്ട കേട്ടോ” എന്ന്. എന്നാലും ഒരു ഗുണമുണ്ട് കേട്ടോ. കൊച്ചമ്മമാരും കൊച്ചാപ്രിമാരും ആ ടി. വി എന്ന കുന്ത്രാണ്ടത്തിന്റെ മുന്നില്‍ തപസ്സിരിക്കുന്നത് കാരണം ഞങ്ങള്‍ക്ക് മനസ്സമാധാനായിട്ട് എവിടെയും ചിക്കിപ്പെറുക്കാം.

ഞങ്ങള്‍ വെയിലായിട്ടേ എണീറ്റു വരൂ എന്നൊക്കെപ്പറയുന്നത് വെറുതെയാണെന്നേ. ഞങ്ങളുടെ പൂവന്‍ മൂപ്പരുടെ സാധകം കഴിയുമ്പോഴേക്ക് ഞങ്ങളു വന്നാപ്പോരെ.

ഏറ്റവും സഹിക്കാത്ത ഒരു കാര്യം ഉണ്ട്. ചില കൊച്ചമ്മമാര്‍ പറയും “ ദേ മനുഷ്യാ, വസന്ത പിടിച്ച കോഴിയെപ്പോലെ ഇരിക്കാതെ നിങ്ങളങ്ങോട്ട് ചെല്ലുന്നുണ്ടോ എന്ന്” . ഞങ്ങളെന്താ അത്രയ്ക്കും മോശം ആണോ? മനുഷ്യന്മാരു ഉണരുന്നതുപോലും ഞങ്ങളുടെ പൂവാലന്മാര്‍ പാടുന്നതു കേട്ടിട്ടാ.

പക്ഷെ കുറ്റം പറയരുതല്ലോ സമത്വം സമത്വം എന്നൊക്കെപ്പറയുന്നത് ഇല്ലാന്ന് ഇവരു പറയുന്നത് വെറുതെയാ. മുന്തിയ ഫൈവ്സ്റ്റാര്‍ പാലസ്സിലും കൊച്ചാപ്രീസ് തട്ടുകടയിലും ഞങ്ങള്‍ പൂവനും പിടയും തുല്യരാ. മനോഹരമായ പേരുകളും--- ചിക്കന്‍ മഞ്ചൂരിയന്‍, ചിക്കന്‍ ഫ്രൈ, ചില്ലി ചിക്കന്‍, ചിക്കന്‍ 65.


ഞാന്‍ ദേ ഇവിടെ വെയിലും കാഞ്ഞ് നിക്ക്വാ.

ഓ.. കഥ പറഞ്ഞ് നിന്ന് സമയം പോയി. ഞാനങ്ങോട്ട് ചെല്ലട്ടെ. ഇനീം ഇവിടെ നിന്നാല്‍ മെനുകാര്‍ഡില്‍ എന്റെ പേരും പടോം വരും.

“കൊക്കരക്കോ.....”

ദേ, എന്റെ പൂവാലന്‍ന്റൈന്‍ ‍വിളിക്കുന്നു...ഓക്കെ.. സീ യൂ..

11 Comments:

Blogger Santhosh said...

സൂവും കുമാറും കമ്പയിന്‍ സ്റ്റഡിയാ?

സസ്നേഹം,
സന്തോഷ്

Tue Feb 14, 01:36:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഇപ്പഴ്‌ പൂവൻ കോഴിയുടെ കൂവലിനും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ട്‌..
മൊബൈലിൽ നല്ല ഒന്നാന്തരം കൂവൽ...
പിന്നെ സുപ്രഭാതവും,ലജ്ജാവതിയും,രായമാണിക്യവുമൊക്കെയാ അലാറം..!
ഇതെല്ലാം കണ്ട്‌ വാലന്റൈൻസ്‌ ഡേ യ്ക്ക്‌ മാത്രമേ കൂവൂ എന്നെങ്ങാനും വല്ല പൂവനും തീരുമാനിച്ചാൽ...
അവന്റെ കൂവൽ പിന്നെ
നായരച്ചന്മാരുടെ ഗാംഭീര്യം നിറഞ്ഞ ഗ്യാസിന്റെ ഒച്ചയോ,
ആനക്കുട്ടി അമ്മാമ്മമാരുടെ കുക്കറിന്റെ കൂവലോ,
ഇനി ഇതൊന്നുമല്ലെങ്കിൽ കൂവാത്ത പൂവൻ കൂവപ്പൊടിയ്ക്ക്‌ സമനെന്ന മട്ടിൽ അയലത്തെ പൂവനോടൊപ്പം ഷോപ്പിങ്ങിനിറങ്ങുന്ന പിട സുന്ദരിമാരെ കണ്ടുള്ള മുറുമുറുപ്പോ ഒക്കെ ആയി പരിണമിക്കും...
ഇവിടെയും പൂവന്‌ തന്നെ വസന്ത..!!

Tue Feb 14, 02:57:00 pm IST  
Blogger Visala Manaskan said...

:) അതുശരി, ചിക്കൻചാത്തനാണപ്പോ പൂവാലന്റൈൻ ല്ലേ.

Tue Feb 14, 03:10:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

സൂന്റൊരു കാര്യം!
നന്നായിട്ടുണ്ട് :)

Tue Feb 14, 03:10:00 pm IST  
Blogger Kalesh Kumar said...

മൈ ചിക്കൻ ഗോഡ്!
ഈ മനുഷ്യരെകൊണ്ട് തോറ്റു!

വീ ഡീ രാജപ്പൻ ചേട്ടൻ പാടിയതോർമ്മയുണ്ടോ ചികയുന്ന സുന്ദരിയിൽ?
“ജനകോടികളുടെ മുന്നിൽ ഇനി മുട്ടയിടാനായ് മനസ്സില്ല...“

Tue Feb 14, 03:17:00 pm IST  
Blogger സൂഫി said...

അതെ കലേഷെ,
(തൊണ്ടയിടറിക്കൊണ്ടു ….)
മുട്ടയിടാന്‍ ഞങ്ങക്കു മനസില്ലാ..
അ.. മുട്ടയിടാന്‍ ഞങ്ങക്കു മനസില്ലാ..

പിടക്കോഴികളേയ്… കൂവുക.. കൂവിത്തെളിയുക!

Tue Feb 14, 05:08:00 pm IST  
Blogger Adithyan said...

കടമ്മനിട്ടയുടെ ‘കൊക്കോ കൊക്കോ കൊക്കരക്കൊക്കോ‘ കോഴീടെ കസിൻകോഴിയാണ് ഈ കോഴി...അല്ലെ?

നല്ല ലോകവിവരമുള്ള ക്വോഴി.

Tue Feb 14, 05:17:00 pm IST  
Blogger prapra said...

നല്ല നാടന്‍ കോഴി. മുട്ട ഇടുന്ന കാലം വരെ ലൈഫ്‌-നെ പറ്റി പേടിക്കേണ്ട. മഞ്ചൂരിയനും, 65 ഉം ആകാന്‍ ഇവിടെ ബ്രോയിലര്‍ മതി.

Tue Feb 14, 07:37:00 pm IST  
Blogger അരവിന്ദ് :: aravind said...

ചിക്കന്‍ കഥ അസ്സലായീ..:-)

പണ്ടു കോഴിക്കറി വയ്ക്കാന്‍ ഒരു കോഴിയെ വാങ്ങാന്‍ പറഞ്ഞു വിട്ടു അമ്മ.
കോഴിക്കാരന്‍ കോഴിയുടെ കഴുത്ത് കണ്ടിച്ച് വീപ്പക്കുറ്റിയില്‍ ഇട്ടപ്പോ ടപ്പേ ടപ്പേ എന്നു അകത്തു നിന്നു പിടയ്ക്കും ചിറകടി ശബ്ദം.വീപ്പക്കുറ്റിയുടെ വക്കില്‍ തെറിച്ച ചോര.

കോഴി കറിയായി മുന്നില്‍ വന്നപ്പോ പറഞ്ഞു..
“ക്ക് വേണ്ടമ്മേ..ശര്‍ദ്ദിക്കാന്‍ വരുന്നു”
“മര്യാദക്കിരുന്നു തിന്നോ ചെക്കാ..ഇല്ലെങ്കി രണ്ടെണ്ണം വച്ചു തരും..വലിയ കാര്യത്തില്‍ വച്ച് വിളമ്പിത്തരുമ്പോ അവന്റെ ഒരു പത്രാസ്”

പിന്നെ യാതൊരു പ്രശ്നവും ഇതു വരെ ഉണ്ടായിട്ടില്ല.

Wed Feb 15, 04:03:00 pm IST  
Blogger സു | Su said...

വായിച്ച എല്ലാവര്‍ക്കും നന്ദി :)

കുമാറിന് പ്രത്യേകം നന്ദി . കുമാറിന്റെ ബ്ലോഗില്‍ വെച്ച ചിത്രത്തിന് മാത്രം അല്ല. ബ്ലോഗില്‍ ഒരു ലിങ്ക് വെച്ച് ചെയ്യുന്നത് ആദ്യമായിട്ടാണ്. കുമാര്‍ സഹായിച്ചു, ചെയ്യാന്‍ പറ്റി. സ്വയം ചെയ്തതില്‍ എനിക്ക് വല്യ സന്തോഷം ആയി.ചേട്ടനും. എനിക്കതൊന്നും അറിയില്ലായിരുന്നു.

സന്തോഷ് :) സ്വാഗതം.

വര്‍ണം :) ഇതൊരു വാലന്‍ന്റൈന്‍ കോഴിക്കഥ ഒന്നുമല്ലായിരുന്നു കേട്ടോ. പോസ്റ്റ് ചെയ്തത് അന്നായിപ്പോയി.

വിശാലന്‍ :) സൂഫീ :) ആദീ :) അരവിന്ദ് :) പ്രാപ്ര :) സ്വാര്‍ത്ഥന്‍ :) കലേഷ് :) എല്ലാവര്‍ക്കും നന്ദി.

Wed Feb 15, 05:49:00 pm IST  
Blogger Jo said...

kOzhi kattHa kalakki!

Wed Feb 15, 08:14:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home