Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 08, 2006

വനിതാദിനം!

ഇന്ന് വനിതാ ദിനം.

പുരോഗമനം ഏറെയുള്ള ഇക്കാലത്ത് വനിതകള്‍ ഒരു മേഖലയിലും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.

വനിതകള്‍ക്ക് വേണ്ടി, അവരുടെ കഴിവുകളും പ്രവൃത്തികളും കണ്ടറിയാന്‍ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഇല്ല. എന്നും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കാളികളാകാന്‍ തീരുമാനിക്കുകയും ചെയ്യേണ്ടത് ഓരോ ആളുടേയും കടമയാണ്.

ലോകത്തെവിടെയും ആള്‍ക്കാര്‍, മഹിളകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ തന്നെ ചിലര്‍ സ്ത്രീകളുടെ മഹത്വം അറിയാതെ, അറിയാന്‍ ശ്രമിക്കാതെ ,അപമാനിക്കുകയും ചെയ്യുന്നുണ്ട്.

അവര്‍ അമ്മയായും, സഹോദരിയായും, കൂട്ടുകാരിയായും, ഭാര്യയായും, മകളായും, സഹപ്രവര്‍ത്തകയായും, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പല സംഭാവനകളും ചെയ്ത് ജീവിക്കുന്നു.

എതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ട്. ആ‍ സ്ത്രീയുടെ പിന്നാലെ അയാളുടെ ഭാര്യയും എന്ന ചൊല്ല് എല്ലാവരും കേട്ടുകാണും. ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടില്ലേ. സ്ത്രീകളെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും നന്മകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. “പെണ്‍ചൊല്ല് കേള്‍ക്കുന്നവന്‍ പെരുവഴിയില്‍” എന്നത് അനുസരണയില്ലാത്തവര്‍ വെറുതെ ഉണ്ടാക്കിവെച്ച ഒരു പഴഞ്ചൊല്ലാണ്. വീട്ടിലുള്ള സ്ത്രീകളെപ്പോലെ തന്നെ മറ്റുള്ള സ്ത്രീകളേയും കാണാനും ബഹുമാനിക്കാനും കഴിയുന്നവര്‍ക്ക് അതൊരു ഭാഗ്യം തന്നെയാണ്.

സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കള്‍ ആവുന്നതായിട്ടാണ് പലപ്പോഴും കണ്ടുവരുന്നത്. മറ്റുള്ളവരെ ദ്രോഹിച്ചും ചതിച്ചും സ്വയം അപമാനിതരാവുകയാണ് ചിലര്‍.

ഭാരതത്തില്‍ ഒരുപാട് ആദരണീയരായ മഹിളകള്‍ ഉണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിച്ചും നന്മ മാത്രം ചെയ്തും ജീവിച്ചവര്‍.

കൌമാരത്തില്‍ പിതാവും, യൌവനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും രക്ഷിക്കും നഹി നഹി എന്നെഴുതിയിട്ട് ശരിക്ക് കുത്തും കോമയും പാരഗ്രാഫും തിരിക്കാ‍തെ വെച്ച ഒറ്റ കാരണത്തില്‍ ആണ് സ്ത്രീകള്‍ സ്വാതന്ത്ര്യം ഇല്ലാത്തവരെപ്പോലെ കഴിയാന്‍ വിധിക്കപ്പെട്ടത്. (അതുകൊണ്ട് ബ്ലോഗെഴുതുന്നവര്‍ പാരഗ്രാഫും, കുത്തും, കോമയും ഒക്കെ ശ്രദ്ധിച്ച് വെക്കേണ്ടതാണ്. നിങ്ങളുടെ മഹദ്വചനങ്ങള്‍ക്ക് നിങ്ങള്‍ കാണാത്ത അര്‍ത്ഥം വന്നു പോകും ഇല്ലെങ്കില്‍).

സ്ത്രീകള്‍ എല്ലാം സഹിച്ച് കഴിയുന്നത് ഭീരുത്വം കൊണ്ടാണെന്ന് ആരും കരുതരുത്. അതവരുടെ നന്മ മാത്രം ആയിരിക്കും. നാരികള്‍ക്ക് നരിയാവാനും കഴിയും( ഭീഷണി). അതിനിട വരുത്താതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
“ഇഷ്ടമല്ലെടാ.. എനിക്കിഷ്ടമല്ലെടാ” എന്ന പാട്ട് പാടിപ്പിക്കരുതെന്നര്‍ത്ഥം.

മറ്റുള്ളവര്‍ക്ക് വേണ്ടി എല്ലാം സഹിച്ചും ത്യജിച്ചും മനസ്സില്‍ ഒരുപാട് നന്മ സൂക്ഷിച്ചും, ജീവിച്ച് മരിക്കുന്ന സ്ത്രീജന്മങ്ങളെക്കുറിച്ച് - സ്വന്തം വീട്ടിലേത് ആയാലും, നാട്ടിലേത് ആയാലും- ഇടയ്ക്കെങ്കിലും ഓര്‍ക്കുക. അവര്‍ അബലകള്‍ അല്ലെന്നും നിങ്ങളുടെ ജീവിതത്തിന്റെ ബലം തന്നെ അവരാണെന്നും ഓര്‍ക്കുക.

അമ്മയെപ്പോലെ, സഹോദരിയെപ്പോലെ, കൂട്ടുകാരിയെപ്പോലെ സ്നേഹിക്കുക, മകളെപ്പോലെ ലാളിക്കുക. കണ്ണില്‍ കണ്ണുനീരിന് ഇടകൊടുക്കാതെ, മുഖത്ത് പുഞ്ചിരിയും മനസ്സില്‍ സന്തോഷവും എന്നും ഉണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്.

ലോകത്തുള്ള എല്ലാ വനിതകള്‍ക്കും ഒരു നല്ല ദിനം ആശംസിക്കുന്നു.


34 Comments:

Blogger ചില നേരത്ത്.. said...

ഞാന്‍ എല്ലാ സ്ത്രീകളേയും ആദരിക്കുന്നു.ബഹുമാനിക്കുന്നു.
അതുകൊണ്ട് തന്നെ ഒരു സ്ത്രീയും എന്നെ ചൊല്ലി കണ്ണീരൊഴുക്കിയിട്ടില്ല.
അതുകൊണ്ടു സൂ-വിന്റെ ഉപദേശം സ്വീകരിച്ച് ഭീഷണികള്‍ എന്നോടല്ല എന്ന് കരുതി, എല്ലാ മഹിളാരത്നങ്ങള്‍ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു.

Wed Mar 08, 02:35:00 pm IST  
Blogger അതുല്യ said...

ഇന്ദ്രന്‍ കെട്ടതും പെണ്ണാലെ
ചന്ദ്രന്‍ കെട്ടതും പെണ്ണാലെ
സ്വാമി ജയേന്ദ്ര സരസ്വതി കെട്ടതും പെണ്ണാലെ...

Wed Mar 08, 02:44:00 pm IST  
Blogger അരവിന്ദ് :: aravind said...

ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്...
ഷ്യൂ ഷ്യൂ ഷ്യൂ..

പ്രസംഗം കഴിഞ്ഞപ്പോ കൈയ്യടിയും വിസിലടിയുമാ..

Wed Mar 08, 02:47:00 pm IST  
Blogger Sreejith K. said...

എനിക്കറിയാവുന്ന രണ്ടു പഴഞ്ചൊല്ലുക്കള്‍ ചുവടെ.

പെണ്‍ബുദ്ധി പിന്‍ബുദ്ധി.
പെണ്ണൊരുമ്പെട്ടാല്‍ കുലം മുടിയും.

ഇതു പോലെ മനോഹരങ്ങളായ പഴഞ്ചൊല്ലുകള്‍ ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അതിവിടെ പോസ്റ്റ് ചെയ്യണം. നല്ല പഴഞ്ചൊല്ലിനു നാരങ്ങാമുട്ടായി സമ്മാനം.

Wed Mar 08, 02:48:00 pm IST  
Blogger അതുല്യ said...

തന്നെ ഊട്ടാനും ഉറക്കാനും വേണ്ടി രാപകലന്യേ കടിനധ്വാനം ചെയ്ത്‌ തളര്‍ന്ന് ഉറങ്ങുന്ന തന്റെ ഭര്‍താവിന്റെ മാറില്‍ തല ചേര്‍ത്ത്‌, കാമുകനെ കുറിച്ച്‌ സ്വപ്നം കാണുവാന്‍ കഴിവുള്ളവരാണ്‍ സ്ത്രീകള്‍....

Wed Mar 08, 02:51:00 pm IST  
Blogger ചില നേരത്ത്.. said...

ഇന്നാ‍ ശ്രീജിത്തേ പിടിച്ചോ മറ്റൊരു ചൊല്ല്.
പിടക്കോഴി കൂവിയാല്‍ നേരം വെളുക്കില്ല.

Wed Mar 08, 02:57:00 pm IST  
Blogger ദേവന്‍ said...

ഇന്നത്തെക്കാലത്ത് സ്ത്രീ, പുരുഷന്‍ എന്ന വിവേചനത്തിന്‍റെ കാര്യമുണ്ടെന്ന് തോന്നുന്നില്ല. പുരുഷന്‍റേതെന്നോ സ്ത്രീയുടെതെന്നോ ഉറപിച്ചു പറയാവുന്ന ഒരുപാടു കാര്യങ്ങളൊന്നും ഇന്നില്ല. കണ്ടാൽപ്പോലും പുരുഷനാണോ സ്ത്രീയാണൊ സ്വാര്‍ഥന്‍ പറഞ്ഞ ചക്കയും മാങ്ങയുമാണോ എന്നറിയാന്‍ വയ്യാ ഇപ്പോഴത്തെ ആളുകളെ. പരിണാമം മൂത്തുവരുന്നതനിസരിച്ച് ആണും പെണ്ണുമൊന്നുമില്ലാതെ മനുഷ്യരാശി യൂണിസെക്സ് ജന്തുക്കളായേക്കാനും സാദ്ധ്യതയുണ്ടെന്ന് തോന്നും ചിലപ്പോള്‍.

ശ്രീജിത്തേ,
നാരകം നട്ടിടം കൂവളം പട്ടിടം
നായ പെറ്റിടം നാരി ഭരിച്ചിടം
എന്ന് കേട്ടിട്ടില്ലേ?

(മുടിയാന്‍ പോകുന്നു എന്നാണ് അര്‍ത്ഥം)

അതുല്യ എഴുതിയത് ഞാന്‍ കണ്ടില്ല കേട്ടോ!

Wed Mar 08, 02:58:00 pm IST  
Blogger അതുല്യ said...

എല്ലാ അവളുന്മാരും പറയും, വിവേചനം പാടില്ലാ, വേണ്ടാ... പിന്നെ കേക്കാം, സംവരണ ബില്ല്... പിന്നെ ട്രെയിനാപ്പീസിലു പോകുമ്പോ എന്തിനാ വേറെ ക്യു...

Wed Mar 08, 03:02:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

“എതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ട്.” സമ്മതിച്ചു.

“ഏതൊരു പുരുഷന്റെ പരാജയത്തിനു പിന്നിലും സ്ത്രീയുണ്ട്. ഒന്നല്ല, രണ്ടെണ്ണം. അവന്റെ അമ്മയും ഭാര്യയും.”

ഇവര്‍ക്കെല്ലാം മൊത്തത്തില്‍ ആശംസകള്‍

Wed Mar 08, 03:13:00 pm IST  
Blogger അതുല്യ said...

സ്വാര്‍ത്താ, അമ്മയ്കും ഭാര്യയ്കും ഇടയിലേ പുരുഷന്‍ : ബ്രെഡ്‌ സാന്റ്വിച്ചിനു ജാം,മുട്ട എന്നിവ ആദ്യം കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍, ജാമിനു പകരം അവര്‍ പുരുഷനെ വച്ചേനേ...

Wed Mar 08, 03:22:00 pm IST  
Blogger അതുല്യ said...

എന്നിട്ടിപ്പ്പോ പ്രിയന്‍ വെള്ളാനീടെ ഭാര്യ വീട്ടിലുണ്ടോ അതോ അപ്രത്തേ വേലായുധന്റെ കൂടെയോ? പകലെന്ന് പറയുമ്പോ ദേ സൂര്യനെ ഞാനും കാണുന്നു എന്നും, രാത്രീന്ന് പറയുമ്പോ, എന്താ ഇപ്പോ ഇവിടെ ഇരുട്ട്‌ എന്നും പറയുന്ന കാലവും ഒക്കെ പോയി പ്രിയാ... എപ്പോ അണയ്ക്‌ എട്ടാ, ശാദി.കുത്ത്‌. കോമിലു പോയാ.

Wed Mar 08, 04:10:00 pm IST  
Blogger കണ്ണൂസ്‌ said...

സ്ത്രീകളോ..

അവരല്ലേ വിപ്ലവത്തിന്റെ പാതയിലെ കാട്ടുകല്ലുകള്‍, കാരമുള്ളുകള്‍, കാളസര്‍പ്പങ്ങള്‍????

Wed Mar 08, 04:33:00 pm IST  
Blogger അതുല്യ said...

priya, ഈ തേന്‍ പുരട്ടാന്‍ നിക്കണ നേരത്തിന്റെ പകുതി മതി www.shaadi.com ന്നു നെക്കാന്‍..

Wed Mar 08, 04:35:00 pm IST  
Blogger സൂഫി said...

എത്തറ ഓതി എണ്ണറ വായിച്ചാലും
പെണ്മതി പീ തൂക്കും എന്നാണെന്റെ ഉമ്മുമ്മ പറയാറ്‌...

സൂഫിയുടെ നേരുകള്‍ കാണുക


അതായതു സമത്വത്തിന്റെ കഥയും പറഞ്ഞു ഏതു കൊമ്പത്തു കയറി നിന്നാലും പെണ്ണ്‍ പെണ്ണ്‌ തന്നെയാണ്‌. അവള്‍ ചെയ്യേണ്ട റോളുകള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ആ ജന്മത്തിനു അര്‍ഥമില്ലാതാകുന്നു.

ലോകം മുഴുവന്‍ കീഴടക്കി വരുന്നവള്‍ക്കും, തല ചായ്ച്ചു സ്വന്തം ആത്മനൊമ്പരങ്ങള്‍ കരഞ്ഞു തീര്‍ക്കാന്‍ ഒരു ആണ്‍ ചുമലു തന്നെ വേണം.അവള്‍ക്കു താലോലിക്കാനും പരിചരിക്കാനും ഒരു കുഞ്ഞും.
ഞാനൊരു മെയില്‍ഷോവനിസ്റ്റ്‌ പന്നിയായി ആര്‍ക്കെങ്കിലും തോന്നിയോ എങ്കില്‍ മാപ്പ്‌.
വക്രബുദ്ധിയില്‍ സ്ത്രീ രത്നങ്ങളെ കവച്ചു വെക്കാന്‍ പിറന്ന ഒരു പുരുഷനും ലോകത്തിലില്ല ഇന്നു വരെ.

Wed Mar 08, 04:50:00 pm IST  
Blogger അരവിന്ദ് :: aravind said...

കാര്യത്തിനാണെങ്കിലും അല്ലെങ്കിലും പെണ്ണുങ്ങളെ അടിയ്ക്കുന്നവന്‍ അതു ഭര്‍ത്താവായാലും ആരായാലും (അച്ചനല്ലെങ്കില്‍) വെറും ഏഭ്യന്‍ ആണെന്നാണെന്റെ അഭിപ്രായം.
soldiers should fight with soldiers എന്നല്ലേ...

പപ്പു പറയും പോലെ..
അയ്യയ്യയ്യയ്യേ..ചേചേചേചേച്ചേ..

Wed Mar 08, 04:56:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

"അവര്‍ അമ്മയായും, സഹോദരിയായും, കൂട്ടുകാരിയായും, ഭാര്യയായും, മകളായും, സഹപ്രവര്‍ത്തകയായും, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പല സംഭാവനകളും ചെയ്ത് ജീവിക്കുന്നു."
സംഭാവന തന്നെയോ...?
ജനിപ്പിക്കപ്പെട്ടപ്പോൾ തലവരയിൽ എഴുതി വിട്ടതും, ഉടയോൻ തീർപ്പാക്കി വിട്ടതുമായ കാര്യങ്ങളിൽ ഭാഗഭാക്കാകുയല്ലേ അവരും.. സ്വയമറിയാതെയും, അറിഞ്ഞും...!

Wed Mar 08, 05:26:00 pm IST  
Blogger അരവിന്ദ് :: aravind said...

അയ്യയ്യയ്യയ്യേ.....ദേ ഇപ്പോ എന്റെ നേരെ..സാരമില്ല..പെണ്ണുങ്ങളുടെ നേരെയല്ലല്ലോ പരാക്രമം.

ഞാന്‍ കെട്ടി കുട്ടിയാകാന്‍ കാത്തിരിക്കുകയാണ് കാരണവരേ..ഒരു കൊല്ലത്തില്‍ കൂടുതലായി, ഞാന്‍ സീനിയറായിട്ട്..
ക്ഷണിക്കാന്‍ പറ്റിയില്ല. ക്ഷമിക്കണം ട്ടോ.

സുഹൃത്തേ, ലാത്തിചാര്‍ജ്ജും ടിയര്‍ഗ്യാസിനും പകരം സുന്ദരമായ കുടുംബജീവിതത്തിനു വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ടെന്നു മനസ്സിലാക്കുക.

ഇനി കെട്ട്യോളുടെ മുന്നില്‍ തിരിച്ചടിക്കില്ല എന്നുറപ്പിന്മേല്‍ തിണ്ണ മിടുക്ക് കാണിച്ചാലേ ആത്മാഭിമാനമുണ്ടാകൂ എന്നാണെങ്കി, അതു താങ്കളുടെ വഴി, ഇതെന്റെ വഴി.

ചേട്ടനു മസിലുള്ള അളിയന്മാരില്ലാത്തതു ഭാഗ്യം.

(എന്റെ അളിയനു മസിലുണ്ട് കേട്ടോ, പക്ഷെ എന്റെ അത്രേം ജിം അല്ല :-)))

Wed Mar 08, 05:31:00 pm IST  
Blogger Kalesh Kumar said...

എല്ലാ‍ ബൂലോഗിണികള്‍ക്കും വനിതാ ദിനാശംസകള്‍!

Wed Mar 08, 06:57:00 pm IST  
Anonymous Anonymous said...

വനിതാ ദിനം തീരാറായി എന്നാലും..... ഓര്‍മിപ്പിച്ചു എഴുതിയതിനു നന്ദി.

:)
ബിന്ദു

Wed Mar 08, 11:47:00 pm IST  
Blogger Unknown said...

------------------------------
എതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ട്. ആ‍ സ്ത്രീയുടെ പിന്നാലെ അയാളുടെ ഭാര്യയും എന്ന ചൊല്ല് എല്ലാവരും കേട്ടുകാണും

കൌമാരത്തില്‍ പിതാവും, യൌവനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും രക്ഷിക്കും നഹി നഹി
---------------------------------
സു.. നല്ല തമാശ കേട്ടോ..ഞാന്‍ ചിരിച്ചു.

Thu Mar 09, 07:11:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

പിതാ രക്ഷതി ബാലകേ,
ഭര്‍ത്തോ രക്ഷതി യൌവനെ,
പുത്രോ രക്ഷതി വാര്‍ദ്ധക്യേ,
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ

എന്നൊ മറ്റൊ അല്ലെ? മനുസ്മൃതി ആണെന്നെവിടെയോ കേട്ട ഒരു ഓര്‍മ്മ... എനിക്കൊന്നുമറിയാമ്പാടില്ലേ!! ഞാന്‍ ഈ നാട്ടുകാരനാണേ!!!! (ഞാന്‍ ഓടി) ;-)

Thu Mar 09, 07:19:00 am IST  
Blogger ഉമേഷ്::Umesh said...

മനുസ്മൃതി തന്നെ ശനിയാ. പക്ഷേ ശ്ലോകം ഇങ്ങനെയാണു്:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി


ഇതിനു് എന്റെ വക ഒരു പാരഡിയുണ്ടു്. ഇന്നത്തെ പുരുഷന്റെ സ്ഥിതി:


മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി


അമ്മ ബാല്യത്തിലും, ഭാര്യ യൌവനത്തിലും, പുത്രി വാര്‍ദ്ധക്യത്തിലും ശാസിക്കുന്നതുകൊണ്ടു മനുഷ്യനു സുഖം അനുഭവിക്കാന്‍ അര്‍ഹതയില്ല എന്നര്‍ത്ഥം.

:-)

Thu Mar 09, 08:36:00 am IST  
Blogger Visala Manaskan said...

ഹഹഹഃ
ഹുഹുഹുഃ

ഉമേഷ്‌ ജി പറഞ്ഞതാണ്‌ കാര്യം.

Thu Mar 09, 08:57:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

അതെനിക്കിഷ്ടമായി ഉമേഷ്ജീ.. അതിവിടെ എന്റെ ആപ്പീസിലെ തലമുതിര്‍ന്നവര്‍ കൊച്ചുകുട്ടിയായ (എന്റെ കൂടെ ഇരുന്നു പണിയെടുക്കുന്ന ആള്‍ക്ക്‌ എന്റെ അച്ഛന്റെ പ്രായം ഉണ്ട്‌ - തമാശയല്ല, സത്യം!) എനിക്കുപദേശിക്കാറുള്ളതാണ്‌, തമാശക്കെങ്കിലും..

:-)

Thu Mar 09, 09:20:00 am IST  
Blogger സു | Su said...

വായിച്ചവര്‍ക്കും, ആശംസിച്ചവര്‍ക്കും, നാടകം നടത്തിയവര്‍ക്കും, നന്ദി.

Thu Mar 09, 11:48:00 am IST  
Blogger ഉമേഷ്::Umesh said...

വിശാലനു് എന്താ സുഖത്തിനൊരു കുറവു്?


മാതാ സ്നേഹതി കൌമാരേ
സോനാ സ്നേഹതി യൌവനേ
സ്നേഹാ സ്നേഹതി വാര്‍ദ്ധക്യേ
വിശാലഃ സുഖലോലുപഃ


എന്നല്ലേ തന്റെ സ്ഥിതി?

(

അമ്മ സ്നേഹിപ്പു ബാല്യത്തില്‍
സോനയോ യൌവനത്തിലും
സ്നേഹയും പ്രായമാകുമ്പോള്‍
വിശാലന്‍ സുഖലോലുപന്‍


എന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വൃത്താനുവൃത്തപരിഭാഷ.
)

Thu Mar 09, 09:18:00 pm IST  
Blogger സു | Su said...

ഉം അതു കൊള്ളാം :)

ഇങ്ങനേം ആവാം.

മാതാ സ്നേഹതി കൌമാരേ
സിന്ധു സ്നേഹതി യൌവനേ
വിശാഖ് സ്നേഹതി വാര്‍ദ്ധക്യേ
ഉമേഷന്‍ ഉന്മേഷവാന്‍!

(ഞാന്‍ രണ്ട് ദിവസം ഒളിവിലാ ഇനി)

Thu Mar 09, 09:42:00 pm IST  
Blogger ഉമേഷ്::Umesh said...

കളഞ്ഞില്ലേ സൂ. വിശാഖ് പുത്രി അല്ല്ല്ലല്ലോ. സ്ത്രീജനത്തെക്കൊണ്ടു് പുരുഷന്മാര്‍ക്കുള്ള പ്രശ്നങ്ങളല്ലേ നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നതു്?

Thu Mar 09, 11:34:00 pm IST  
Blogger evuraan said...

പപ്പു പറയും പോലെ..
അയ്യയ്യയ്യയ്യേ..ചേചേചേചേച്ചേ..



അരവിന്ദേ... അയ്യോ.. എനിക്ക് ചിരിക്കാന്‍ മേലേ..

Fri Mar 10, 12:02:00 am IST  
Blogger evuraan said...

അതു മാത്രമെഴുതിയങ്ങ് പോയി ഞാന്‍.

സൂ, ആശംസകള്‍.

എന്നോ കേട്ടൊരു തമാശ് കൂടെയെഴുതാന്‍ ഞാനൊരുമ്പെടുന്നു.

സൃഷ്ടിയുടെ ദിനങ്ങളിലൊന്നില്‍ ദൈവം മനുഷ്യനെയുരുവാക്കി. തന്റെ സൃഷ്ടി നല്ലതെന്ന് കണ്ടിട്ട് ദൈവം വിശ്രമിച്ചു. അടുത്ത ദിവസം മനുഷ്യന്‍ അലസനും ഏകനെന്നും കണ്ടിട്ട് അവന്റെ സാദൃശ്യത്തില്‍ ദൈവം സ്ത്രീയെ സൃഷ്ടിച്ചു.

അതിനു ശേഷം, ഇന്നേവരെ വിശ്രമം എന്തെന്ന് ദൈവവും മനുഷ്യനും അറിഞ്ഞിട്ടില്ല...!

:)


തമാ‍ശാണേ. എന്റെ ജീവിതത്തിലേക്ക്‌ പല റോളുകളിലായി കടന്നു വന്നിട്ടുള്ള സ്ത്രീ രത്നങ്ങളെ, നിങ്ങള്‍ക്ക് നമോവാകം.

Fri Mar 10, 12:13:00 am IST  
Blogger nalan::നളന്‍ said...

പുരുഷജന്മം പുണ്യജന്മം
അടുക്കളയിലൊരുത്തി ജീവിക്കുന്നതുകൊണ് ബ്ലോഗാനും കമന്റാനും സമയം കിട്ടുന്നു, ഹായ് എന്തു രസം..
അപ്പൊ പറഞ്ഞുവന്നത് ഈ ആഗോളവല്‍ക്കരണമെന്നു പറയുന്നത്...

Fri Mar 10, 12:36:00 am IST  
Blogger സു | Su said...

ഉമേഷ് :) അതൊരു പ്രശ്നം അല്ലല്ലോ. പിന്നെ വിശാഖ് എന്നല്ലാതെ ഞാനിപ്പോ എന്തെഴുതും?

ഏവൂ :) തമാശയൊക്കെ കൊള്ളാം. അവിടൊരാള്‍ വായിക്കുമേ.

നളന്‍ :) അതൊക്കെ ഇടയ്ക്ക് ഓര്‍ത്താല്‍ നല്ലത്.

Fri Mar 10, 02:27:00 pm IST  
Blogger Salil said...

ആണുങ്ങള്‍ പെണ്ണുങ്ങളാവനും, പെണ്ണുങ്ങള്‍ ആണുങ്ങള്‍ ആവനും ആയി കഠിനാമായി ശ്രമിക്കുന്ന കാഴ്ചയാണ്‌ കാണുന്നത്‌ ഇക്കാലത്ത്‌

Wed Apr 12, 06:53:00 am IST  
Blogger സു | Su said...

സലില്‍,
അങ്ങനെയുണ്ടോ? അറിഞ്ഞതില്‍ സന്തോഷം.

Wed Apr 12, 11:28:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home