Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, May 18, 2006

വിശ്വാസ്യത

എന്തു ചെയ്യുന്നതും മറ്റുള്ളവര്‍ക്ക്‌ വിശ്വാസ്യമായ രീതിയില്‍ ചെയ്യണമെന്ന് അവള്‍ക്ക്‌ കുട്ടിക്കാലത്തേ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ സമയത്തിനു സ്കൂളില്‍ പോകുന്നുണ്ടെന്ന് അയല്‍ക്കാരെ കാണിക്കാന്‍ അവള്‍ വീട്ടിലെ ഓരോരുത്തരെയായി പേരെടുത്ത്‌ വിളിച്ചു യാത്ര പറയാറുണ്ടായിരുന്നു. "ന്റെ കുട്ട്യേ, നീയിങ്ങനെ കിന്നാരം പറയാതെ പോകാന്‍ നോക്ക്‌" എന്ന് കോലായില്‍ ഇരിക്കുന്ന മുത്തശ്ശി പറയുന്നത്‌ കേട്ടാലേ അവള്‍ പോകൂ. പിന്നെ കോളേജില്‍ ആയപ്പോഴും അവള്‍ പതിവു തുടര്‍ന്നു. വൈകുന്നേരം അവിടെയും ഇവിടെയും കറങ്ങി നടക്കുകയല്ല താനെന്ന് കാണിക്കാന്‍ ദീപാരാധന സമയത്ത്‌ അമ്പലത്തില്‍ ഹാജര്‍ വെക്കാനും അവള്‍ മറന്നില്ല. പഠിപ്പ്‌ കാരണം കിട്ടിയ ജോലിയാണെന്ന്, ജോലി കിട്ടിയപ്പോള്‍ അവള്‍ക്ക്‌ ആരേയും വിശ്വസിപ്പിക്കേണ്ടി വന്നില്ല. കാരണം ഉയര്‍ന്ന മാര്‍ക്കോടെ ഓരോ പരീക്ഷയും പാസ്സാവുന്നതിനു നാട്ടുകാര്‍ സാക്ഷികള്‍ ആയിരുന്നു.

ജോലി കിട്ടിയപ്പോഴാണ് ശീലം അവള്‍ക്ക്‌ തന്നെ പാരയായത്‌. വീട്ടില്‍ നിന്ന് വിട്ട്‌ നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഫ്ലാറ്റ്‌ കൂട്ടത്തിലെ ഒരു ഫ്ലാറ്റ്‌ ആണ് അവള്‍ക്ക്‌ കിട്ടിയത്‌. പക്ഷെ ജോലിത്തിരക്കിനിടയിലും പല കാര്യങ്ങളും ചെയ്ത്‌ അവള്‍ വിശ്വാസം നേടിയെടുത്തുകൊണ്ടിരുന്നു. പാചകം തനിക്കിണങ്ങും എന്ന് കാണിക്കാന്‍ ഫ്ലാറ്റില്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നവളില്‍ നിന്നു തന്നെ പച്ചക്കറി വാങ്ങിച്ചു. നാട്ടിനുപുറത്തെ വീട്ടില്‍പ്പോകാന്‍ കഴിയാത്ത ആഘോഷദിവസങ്ങളില്‍ മധുരം ഉണ്ടാക്കി എല്ലാവര്‍ക്കും കൊടുത്തു. തനിക്കും ഇതൊക്കെ ആഘോഷിക്കുന്നത്‌ ഇഷ്ടമാണെന്ന് തെളിയിച്ചു. പാലുകാരനേയും കേബിള്‍ ടി.വിക്കാരനേയും പൈസ വാങ്ങിക്കാന്‍ വരുന്ന സമയത്ത്‌ പുറത്ത്‌ തന്നെ നിര്‍ത്തി. അകത്ത്‌ വിളിച്ച്‌ കിന്നാരം പറയുന്നെന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നാതിരിക്കാന്‍. പുരുഷസുഹൃത്തുക്കള്‍ വരുമ്പോള്‍ വാതില്‍ തുറന്നിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന അയല്‍പക്കക്കാരോടും ഇടയ്ക്ക്‌ മിണ്ടി. സാമൂഹ്യമര്യാദ ഉണ്ടെന്ന് അറിയിച്ചു. വരാന്‍ വൈകുന്ന ദിവസങ്ങളില്‍ മിക്കവാറും രാവിലെത്തന്നെ വീട്ടിലെ ലൈറ്റ്‌ തെളിയിക്കണം, വരാന്‍ വൈകും എന്ന് ആരെയെങ്കിലും താക്കോല്‍ കൊടുത്ത്‌ പറഞ്ഞേല്‍പ്പിച്ചു. സംശയത്തിന്റെ കണ്ണുകള്‍ വൈകി ക്ഷീണിച്ച്‌ വന്നു കയറുമ്പോള്‍ കാണേണ്ടല്ലോ.

വണ്ടിക്കാളയെപ്പോലെ ജോലി ചെയ്ത്‌ മടുത്തു തുടങ്ങി അവള്‍. ജോലി വിടുന്നത്‌ മടുപ്പുകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു. എല്ലാവരോടും ജോലിയുടെ വിഷമവശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കി. ഇക്കാലത്ത്‌ ജോലി കിട്ടാന്‍ നെട്ടോട്ടം ഓടുമ്പോള്‍ അഹങ്കാരം കൊണ്ടാണു ജോലി ഉപേക്ഷിച്ചതെന്ന് ആരും കുറ്റം പറയരുതല്ലോ. എല്ലാവരേയും പറഞ്ഞ്‌ വിശ്വസിപ്പിച്ചുകൊണ്ട്‌ അവള്‍ ജോലി രാജി വെച്ചു. അങ്ങനെയങ്ങനെ ജീവിച്ചുകൊണ്ടിരുന്നു. പിന്നെ മടുത്തത്‌ ജീവിതം ആണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതും അക്കാരണം കൊണ്ടുതന്നെയാണ്. പലര്‍ക്കും കത്തുകള്‍ എഴുതിവെച്ചു. ജീവിതം മടുത്തത്‌ കൊണ്ടാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് അതില്‍ വ്യക്തമായി എഴുതിവെച്ചിരുന്നു. വിശ്വസിപ്പിക്കാന്‍ ഉതകുന്ന വാക്കുകളും ഉണ്ടായിരുന്നു. വെട്ടിപ്പൊളിക്കേണ്ട എന്ന് കരുതി വാതില്‍ തുറന്നിട്ടാണ് ആത്മഹത്യയ്ക്കൊരുങ്ങിയത്‌. പക്ഷെ ആത്മഹത്യ കഴിഞ്ഞ്‌ പരിശോധനയ്ക്കും തെളിവെടുപ്പിനും വന്ന പോലീസുകാരുടെ മുന്നില്‍ ഫ്ലാറ്റിലെ ആള്‍ക്കാര്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ അവളുടെ ആത്മാവ്‌ ഞെട്ടി. വാതില്‍ തുറന്നു കിടന്നത്‌ കൊണ്ട്‌ ഇത്‌ ആത്മഹത്യയാണെന്ന് അവരൊന്നും വിശ്വസിക്കുന്നില്ലെന്നും കൊലപാതകം ആകാന്‍ സാദ്ധ്യതയുണ്ടെന്നും കൂടുതല്‍ വിശദമായിട്ട്‌ അന്വേഷണം വേണമെന്നും അവര്‍ കൂട്ടായി ആവശ്യപ്പെട്ടു.

15 Comments:

Blogger സ്വാര്‍ത്ഥന്‍ said...

ഗ്രെയ്റ്റ്, സൂ

“നിന്റെ വിശ്വാസം നിനെ രക്ഷിക്കട്ടെ” എന്ന് കേട്ടിരുന്നു. ഇതിപ്പോ....????

എഴുത്ത് നന്നായിരിക്കുന്നു :)

Thu May 18, 12:19:00 pm IST  
Blogger കുറുമാന്‍ said...

ഇന്നലെ അടി, ഇന്നു കൊല, കൊള്ളാം സു.
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം,
തല്ലാന്‍ പാടില്ലെന്നാലും.
നാളെ ഒരു പോസ്റ്റ്മാര്‍ട്ടമാകുമോ?

Thu May 18, 12:26:00 pm IST  
Anonymous Anonymous said...

സൂവിന്റെ വൈവിധ്യം, അതിലെനിക്ക്‌ അസൂയയുണ്ട്‌ സൂ.സമ്മതിക്കാതെ വയ്യ. അഭിനന്ദനങള്‍.-സു-

Thu May 18, 12:40:00 pm IST  
Blogger അതുല്യ said...

ഒരുപാട്‌ തട്ടിപ്പറിയാവുന്ന ഒരുവളാവും അവള്‍. വിശ്വാസ്യതയ്കു വേണ്ട്‌ പങ്കപാടു പെടുന്നവര്‍ ഒരുപാട്‌ അടിയൊഴുക്കിനു കോപ്പുള്ളവരാകും. എന്തും കൃത്യമെന്ന് കാട്ടി അതിലേറേ കൃത്രിമം കാട്ട്ടുന്നു അവര്‍ വിശ്വസിപ്പിയ്കാന്‍ കോപ്പ്പ്പ്‌ കൂട്ടുന്നവരെ കണ്ടാലപ്പോ മനസ്സില്‍ പറഞ്ഞോണം, മോനെ.. കാലേ ചുറ്റിയ ഈ പാമ്പ്‌ കടിച്ചുത്താന്‍ വിടും.

സൂവേ ഇന്നലെയോ അടിച്ചു സമയം കളഞ്ഞു. ചേട്ടനു സദ്യ വിളമ്പിയ ബ്ലോഗ്ഗ്‌ കാട്ടികൊടുത്തോ അല്ല വല്ലതു ഉണ്ടാക്കാനും സമയം കിട്ടിയോ? ഇന്ന് ഒരു ദിനം ഒരു ക്യാഷ്വല്‍ ലീവ്‌ എടുക്കായിരുന്നു.

അല്ലാ മറ്റേ -സു- വേ വല്ലപ്പോഴും ഞങ്ങള്‍ടെ വേലിക്കെട്ടിലും ഒക്കെ എത്തി നോക്കൂട്ടോ. ആളുകള്‍ എന്തു കരുതും അല്ലെങ്കില്‍. ഒന്ന് വന്ന് രണ്ട്‌ കുത്തും ഒരു ചെരിഞ്ഞ ചന്ദ്രക്കലയും എങ്കിലും വച്ചിട്ട്‌ പോകു. അഭിനന്ദനം ഒന്നും പറഞ്ഞിലെങ്കിലും.

Thu May 18, 01:09:00 pm IST  
Blogger അഭയാര്‍ത്ഥി said...

അതുല്യക്കു ഇന്നു അര ദിവസമല്ലേ- പുഗ്ഗാറായില്ലേ?

ശറ്‍മാജിക്കും അപ്പുവിനുമൊക്കെ വിശക്കില്ലേ?. ഇഷ്ടം പോലെ കറികളുടെ പടങ്ങള്‍ ഉള്ളതു കൊണ്ടും ഷാറ്‍ജായില്‍ നിറയെ ഹോട്ടലുകള്‍ ഉള്ളതു കൊണ്ടും അവറ്‍ക്കെന്നും ഓണമാണല്ലേ?.

എനിക്കുള്ള എന്തു മരുന്നാണു അരച്ചു വച്ചിരിക്കുന്നതു.

ഭ്രാന്തെന്ന ഒറ്റ അസുഖമെ എനിക്കുള്ളു. അതിനു അതുല്യയുടെ അര പോര. കോട്ടക്കലും, തൈക്കാട്ടു മൂസും, തന്ന മരുന്നു കഴിച്ചു തങ്കമ്മ നേശ്യാരുടെ സുഖ ചികിത്സയിലാണെ.

കാലത്തേ ക്ഷീര ധാര, പിന്നെ ക്ഷീര ബലം. പിന്നെ പ്റഹരാദി കഷായം, പൂക്കുല ലേഹ്യം, യോഗ രാജ ഗുലുഗുലു, മഹാതിക്തം, സഹചരാദി ഗോമൂത്റം, ബെലഗുളിച്ച്യാദി നല്ലെണ്ണ- ഇനിയും ഒരു പാടുണ്ടു.

ഇതു വിട്ടു ഏതെങ്കിലും ചികിത്സ അറിയുമോ?. ഇല്ലെങ്കില്‍ ഒരു ജഗതി മരുന്നു പറഞ്ഞു തരാം- ക്റോസിനാതി വടഹം-കഴിച്ചു ഉച്ച ഉറക്കം നടത്തിക്കോളു.

സീ യു സണ്ഡെ. നിങ്ങളില്ലെങ്കില്‍ ശുന്യമീ ബ്ളോഗ്‌

Thu May 18, 01:40:00 pm IST  
Anonymous Anonymous said...

എപ്പോഴും പെര്‍ഫെക്ട്‌ ആകാന്‍ ആര്‍ക്കും പറ്റില്ലാന്നു മനസ്സിലാക്കാന്‍ അവര്‍ക്കു മരിക്കേണ്ടി വന്നു അല്ലേ?? പാവം !

ബിന്ദു

Thu May 18, 07:35:00 pm IST  
Blogger ഉമേഷ്::Umesh said...

നല്ല കഥ. വ്യത്യസ്തമായ പ്രമേയം.

ഇതിനോടു സാദൃശ്യമുള്ള ഒരു പ്രമേയം പത്തുപതിന്നാലു കൊല്ലമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. കഥയെഴുതി ശീലമില്ലാതതുകൊണ്ടു് ഇതുവരെ എഴുതാന്‍ പറ്റിയില്ല. ഇനി എഴുതിയാല്‍ സൂവിന്റെ ആശയം അടിച്ചുമാറ്റിയെന്നു് ആളുകള്‍ പറയുമോ?

അല്പം കൂ‍ടി തേച്ചുമിനുക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ടു്. ക്ലൈമാക്സ് വളരെപ്പെട്ടെന്നു വന്ന പോലെയും അല്പം കൂടി നല്ല കലാശവാക്യങ്ങളാവാമായിരുന്നു എന്നും തോന്നി.

Thu May 18, 11:12:00 pm IST  
Blogger Santhosh said...

വെട്ടിപ്പൊളിക്കേണ്ട എന്ന് കരുതിയാണ് വാതില്‍ തുറന്നിടുന്നതെന്നുകൂടി എഴുതി വയ്ക്കാമായിരുന്നു, മണ്ടിപ്പെണ്ണിന്. അപ്പോള്‍ അവളുടെ ആത്മാവ് കേള്‍ക്കുക, ‘കൊല്ലുന്നതിനുമുമ്പ് ഇത് ഇവളെക്കൊണ്ട് ആരോ എഴുതിപ്പിച്ചതാവും’ എന്നാവും. എന്നാല്‍ അതുംകൂടി എഴുതാമെന്നു വച്ചാലോ...

ഈ നാവിന് എല്ലില്ലാത്തവരുടെ ഓരോ കാര്യങ്ങളേ!

Thu May 18, 11:45:00 pm IST  
Anonymous Anonymous said...

കൊസ്റ്റിന്‍ മാര്‍ക്കു്

Fri May 19, 09:12:00 am IST  
Blogger സു | Su said...

സ്വാര്‍ത്ഥന് നന്ദി. പുതിയ കവിതയൊന്നും ഉണ്ടാക്കിക്കണ്ടില്ലല്ലോ?

കുറുമാനേ, അറിയില്ല.

സുനില്‍, എന്തിനാ അസൂയ? പൂതപ്പാട്ട് അവതരിപ്പിച്ചത് വായിച്ചു. കണ്ടതുപോലെ തോന്നി.

അതുല്യ, അഭിപ്രാ‍യത്തിന് നന്ദി.

ഗന്ധര്‍വാ :)

ബിന്ദു :)അതെ പാവം.

ഉമേഷ്‌ജീ :) കഥ എഴുതൂ. എന്തായാലും ഇതിനേക്കാള്‍ മെച്ചമായിരിക്കും.

സന്തോഷ് :)
അതും എഴുതിവെച്ചു കാണും.

എല്‍ ജി :) എന്ത് പറ്റി? നാലുകെട്ടിലേക്ക് വരാറുണ്ട് കേട്ടോ.

Fri May 19, 06:13:00 pm IST  
Blogger പാപ്പാന്‍‌/mahout said...

സു എഴുതുന്ന മിക്കവാറും എല്ലാം പോലെ ഇതും എനിക്കിഷ്ടപ്പെട്ടു. ഇതു പോലത്തെ ഒരു കക്ഷിയെ എനിക്കു നേരിലറിയും എന്നതിനാല്‍ വായനയ്ക്കു രസം കൂടി.

Mon May 22, 11:49:00 pm IST  
Anonymous Anonymous said...

എന്റെ സൂവേച്ചി
ഞാനൊരു ആരാണ്ടു ഇവിടെ പറഞ്ഞപോലെ ഒരു അള്‍ട്രാ മോഡേണ്‍ കമന്റാക്കന്‍ നോക്കിയതാ:)ഏറ്റില്ല അല്ലേ?

ആ കൊച്ചിന്റെ ജീവിതം ഒരു കൊസ്റ്റിന്‍ മാര്‍ക്കു എന്നു എനിക്കു തോന്നി. അതാണു.

Mon May 22, 11:53:00 pm IST  
Blogger സു | Su said...

പാപ്പാന്‍ :) സന്തോഷം.

എല്‍.ജി :) അതെയോ.

Tue May 23, 08:44:00 am IST  
Blogger അശരീരി...| a said...

സു-ന്റെ കണ്ണുകള്‍ കൊണ്ട് ലോകം നൊക്കി കാണുമ്പോല്‍, ഞാന്‍ അന്ധനാണെന്നു തോന്നുന്നു
...
സു - നല്ല അവതരണം
...
ബോദ്ധ്യപ്പെടുത്താല്‍ എത്ര ശ്രമിച്ചാലും
ബോദ്ധ്യപ്പെടാന്‍ തയ്യാറല്ലെങ്കില്‍
വാതില്‍ തുറന്നാലും, അടഞ്ഞാലും
പാതി ചാരിയാലും
വെട്ടിപ്പൊളിക്കുക തന്നെ ചെയ്യും!

Tue May 23, 10:31:00 pm IST  
Blogger സു | Su said...

അശരീരി :) നന്ദി.

Thu May 25, 02:48:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home