വിധി
തീവണ്ടി യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. മുന്നില്‍ ഒരാള്‍ വന്നിരുന്നത് അയാള്‍ അറിഞ്ഞു. കണ്ണടച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനേരമായി. യാത്രക്കാരുടെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അയാള്‍ പണ്ടേ പഠിച്ചിട്ടുണ്ട്. ചൂടുപിടിച്ച ചര്‍ച്ചയും കഴിഞ്ഞ് ഓരോരുത്തരും ഓരോയിടത്ത് ഇറങ്ങിപ്പോകും. പിന്നെ വാക്കുകള്‍ മുഴങ്ങുന്ന തല മാത്രമേ കാണൂ. സ്റ്റേഷനോടടുത്തതും അയാള്‍ കണ്ണു തുറന്നു. വെറുതേ. ആരൊക്കെയാണ് പുതിയ യാത്രക്കാര്‍ എന്നറിയാമല്ലോ.
“എങ്ങോട്ട് പോകുന്നൂ...., സുഹൃത്തേ...” മുന്നില്‍ ഉള്ള ആള്‍ താന്‍ കണ്ണു തുറക്കാന്‍ കാത്തു നിന്നതാണെന്ന് തോന്നി. എന്തായാലും പരിചയം ഭാവിക്കാന്‍ പോലും നേരമില്ലാത്ത ഈ കാലത്ത് ഒരു അപരിചിതന്‍ സുഹൃത്തേ എന്ന് വിളിച്ചത് അയാളെ രസിപ്പിച്ചു.
“ഞാന്‍ ..... ലേക്ക് പോകുന്നു. നിങ്ങളോ?” അയാളും പറഞ്ഞു. താന്‍ പോകുന്നതിനടുത്തേക്ക് തന്നെ. അയാള്‍ വിടാതെ മിണ്ടാന്‍ തുടങ്ങി. ഇനിയൊരു കള്ളയുറക്കത്തിനു സ്കോപ്പില്ല. ജോലി കുടുംബം, നാട്, കാലാവസ്ഥ .അയാള്‍ക്കറിയേണ്ടാത്തതായിട്ട് ഒന്നുമില്ലാത്തപോലെ. ഇറങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ഇത്തരം വിവരങ്ങള്‍ക്ക് എന്ത് പ്രസക്തി? എന്നാലും അയാള്‍ ഒരോന്നിനും മറുപടി കൊടുത്തുകൊണ്ടിരുന്നു. അങ്ങോട്ടും ചോദിക്കാന്‍ താല്‍പര്യം ഒന്നുമില്ലെങ്കിലും ചോദിക്കേണ്ടി വന്നു.
“നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ?”
അയാളുടെ ചോദ്യം തന്നെ ഒന്ന് അമ്പരപ്പിച്ചുവോ. എന്നാലും ഉത്തരം തന്റെ പക്കല്‍ റെഡി ആയിട്ടുണ്ടല്ലോ.
"ഇല്ല. വിധി എന്നൊന്ന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല".
"വിധിയില്‍ വിശ്വസിക്കാന്‍ ഉള്ള അനുഭവവും സന്ദര്‍ഭവും ഉണ്ടായില്ല എന്നു പറയുന്നതല്ലേ നല്ലത് ?”
ഒഴിഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ അയാളുടെ ശബ്ദം കുറച്ച് പൊങ്ങിയോ.
“അല്ല. എനിക്ക് ഞാന്‍ ആണ് എന്തും വിധിക്കുന്നത്. തീരുമാനിക്കുന്നത്. ഓരോ കാര്യവും നിശ്ചയിക്കുന്നു. നടപ്പാക്കുന്നു. അതില്‍ വേറൊരു ഇടപെടലും ഉണ്ടായിട്ടില്ല. നല്ലതായാലും ചീത്ത ആയാലും വരുന്ന കാര്യങ്ങളെ ആരും അയക്കുന്നതല്ല, തനിയെ, മാറ്റം വരാതെ ഓരോന്നും വന്നുചേരുന്നതാണെന്നാണ് എന്റെ വിശ്വാസം.
“അതു തന്നെയല്ലേ വിധി എന്ന് പറയുന്നത് ?”
“അല്ല. നമ്മള്‍ തെരഞ്ഞെടുക്കുന്നത് നമുക്ക് കിട്ടുന്നു. പഠനം, ജോലി ,കല്യാണം, കുട്ടികള്‍, വീട് , ഇതൊക്കെയുള്ള ജീവിതം നമ്മള്‍ തന്നെ തെരഞ്ഞെടുക്കുന്നതല്ലേ. ഇതില്‍ വിധിയ്ക്കെന്ത് സ്ഥാനം”. താന്‍ അല്‍പം ചൂടായോ? ഹേയ്.. അയാള്‍ ചോദിച്ചു പറയിപ്പിക്കുകയല്ലേ.
“നിങ്ങള്‍ പറഞ്ഞ ഓരോന്നും വിധി നിങ്ങള്‍ക്കായിട്ട് നിശ്ചയിച്ചതാണെങ്കിലോ?
“അതിനൊരു സാദ്ധ്യതയുമില്ല. ഈ യാത്ര പോലും ഞാന്‍ തീരുമാനിച്ചതാണ്. കമ്പനിയില്‍നിന്ന് ഒഴിവ് കിട്ടുക, വളരെക്കാലമായി കാണാതെ ഇരിക്കുന്ന സ്നേഹിതന്‍ കാണാന്‍ പെട്ടെന്ന് വിളിക്കുക, ഇങ്ങനെയൊക്കെ അപ്രതീക്ഷിതമായി വന്നിരുന്നെങ്കില്‍ വിധി എന്നു പറയാമായിരുന്നു. ഇത് ഞാന്‍ സ്വയം ലീവ് എടുത്ത്, സ്നേഹിതനെ ഒന്നറിയിക്കുക പോലും ചെയ്യാതെ പുറപ്പെട്ടതാണ്. ഒക്കെ സ്വയം തീരുമാനം. ഇതില്‍ വിധി എവിടെ?”
അയാള്‍ ഒന്നും മിണ്ടിയില്ല. വാദം താന്‍ തന്നെ ജയിച്ചെടുത്തു. ഇതിനെ വേണമെങ്കില്‍ അയാള്‍ വിധി എന്നു വിളിച്ചോട്ടെ. വെറുതെ അപരിചിതന്‍മാരോട് തര്‍ക്കിച്ച് തോല്‍ക്കുന്നതായിരിക്കും വിധി എന്നയാള്‍ ചിന്തിച്ചോട്ടെ. എന്തായാലും സമയം പോയിക്കിട്ടി. അധികം വാദങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് അലോസരം ഉണ്ടായും ഇല്ല. ട്രെയിന്‍ സ്പീഡ് കൂടിക്കൊണ്ടിരുന്നു. അയാള്‍ വീണ്ടും കണ്ണടച്ചു.
അടുത്ത സ്റ്റേഷന്‍ എത്താറായതും അയാള്‍ എണീറ്റ് വാതിക്കല്‍ പോയി നിന്നു. ഭക്ഷണം വാങ്ങിക്കാന്‍ പറ്റിയ സ്റ്റേഷന്‍ ആണ്. വേഗം ഇറങ്ങിയാല്‍ തിരക്കില്ലാതെ വാങ്ങിച്ച് വരാം. കുറച്ച് സമയം വണ്ടി നിര്‍ത്തിയിടുന്ന സ്റ്റേഷന്‍ ആണെന്ന് സ്നേഹിതന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. വണ്ടിയുടെ വേഗം വളരെക്കുറഞ്ഞുകൊണ്ടിരുന്നു. നിര്‍ത്താറായി. വണ്ടി ഒന്നിളകിയതും താന്‍ തെറിച്ചുപോകുന്നതും അയാള്‍ അറിഞ്ഞു.
കണ്ണ് തുറക്കുന്നത് മരുന്നിന്റെ മണത്തിലേക്കായിരുന്നു.
“കണ്ണു തുറക്കുന്നു. വേഗം ഡോക്ടറെ വിളിക്കൂ". ഭാര്യയുടെ സ്വരമാണ്.
അയാള്‍ എന്തൊക്കെയാണ് നടന്നതെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. തലയ്ക്കൊരു ഭാരം. ഓര്‍മ്മിക്കാന്‍ തോന്നുന്നില്ല. അയാള്‍ കണ്ണടച്ച് എന്തെങ്കിലും ശബ്ദത്തിനു കാതോര്‍ത്തു.
" ഇനി കുഴപ്പമില്ല. മരുന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. തെറ്റാതെ കൊടുക്കൂ."
“കൊടുക്കാം. വേറെ എന്തെങ്കിലും വേണമെങ്കില്‍..”
അളിയന്റെ സ്വരമാണല്ലോ. അവന്‍ എപ്പോഴെത്തി.കണ്ണു തുറന്നപ്പോള്‍ ഡോക്ടറും അളിയനും പുറത്തേക്ക് പോയിക്കഴിഞ്ഞിരുന്നു.
ഭാര്യ അടുത്തിരുന്ന് പറഞ്ഞു "എന്തെങ്കിലും കുടിക്കണമെന്നുണ്ടെങ്കില്‍ ആവാം. ഡോക്ടര്‍ പറഞ്ഞു”.
ഒന്നും വേണ്ട എന്നര്‍ഥത്തില്‍ കണ്ണടച്ചു കാട്ടി. ആലോചിച്ചപ്പോള്‍ ഏകദേശം എല്ലാം ഓര്‍മ്മയില്‍ വന്നു തുടങ്ങി. യാത്ര, അപരിചിതന്‍. വാദം, വീഴ്ച. വിധി! ഞെട്ടലോടെ അയാള്‍ ഓര്‍ത്തു. ഇതു വിധി തന്നെ. പുറപ്പെട്ടത് ഒരിടത്തേക്കും എത്തിയത് ഇവിടേയും. വിധി കരുണ കാണിച്ചില്ലെങ്കില്‍ ഇതൊക്കെ ഓര്‍ക്കാന്‍ പോലും താനുണ്ടാവില്ലായിരുന്നെന്ന് ഒരു ഞെട്ടലോടെ അയാള്‍ ഓര്‍ത്തു. താനും വിധിയ്ക്ക് അടിമ ആവുകയാണോ? ആയി എന്നു പറയുന്നതല്ലേ ശരി?
ഭാര്യയെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു " ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് വിചാരിക്കൂ. നിങ്ങള്‍ പോകാനിരുന്ന ഇടം വെള്ളപ്പൊക്കത്തില്‍ നശിച്ചു കഴിഞ്ഞു. നിങ്ങളുടെ സ്നേഹിതന്റേയും കുടുംബത്തിന്റേയും സ്ഥിതി എന്താണെന്ന് പോലും അറിയില്ല. ഇതാ പേപ്പറില്‍ ഉണ്ട്”. അവള്‍ പേപ്പര്‍ ഉയര്‍ത്തിക്കാട്ടി.
അയാള്‍ക്ക് നോക്കാന്‍ തോന്നിയില്ല.
“നിങ്ങളുടെ ലഗ്ഗേജ് തിരിച്ചു കിട്ടാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഈ ട്രെയിന്‍ എവിടേയാണ് നിര്‍ത്തിയിരിക്കുന്നത് എന്നറിയില്ല. ഓഫീസില്‍ നിന്ന് അന്വേഷിക്കുന്നുണ്ട്. എന്നാലും സാരമില്ല. നിങ്ങള്‍ക്ക് ഇത്രയല്ലേ പറ്റിയുള്ളൂ. അവിടെ എത്തിയിരുന്നെങ്കില്‍ എന്തായേനേ? വിധിയെപ്പഴിക്കാന്‍ പോലും ബാക്കിയുണ്ടാവില്ലായിരുന്നു”.
വിധി! ഇവളും അതേപ്പറ്റിയാണ് പറയുന്നത്.
“അതേ ചേച്ചി വിധി തന്നെയാണിത് ”. ഒരു നിമിഷം! വണ്ടിയില്‍ കൂടെയുണ്ടായിരുന്ന അപരിചതന്‍ അല്ലേ അതെന്ന് തോന്നി. അല്ല അളിയന്‍.
“ഇപ്പോ, ഇങ്ങനെയൊരു യാത്രയുടെ ആവശ്യം എന്തായിരുന്നു. ഓരോ തോന്നലുകള്‍”.
അവരുടെ വാദങ്ങള്‍ക്ക് കാതോര്‍ത്ത് കിടക്കവേ വിധി എന്നൊന്നിന് ജീവിതത്തില്‍ സ്ഥാനം കൊടുത്തുവെന്ന് അയാള്‍ക്ക് മനസ്സിലായി. അപരിചിതന്‍ ജയിച്ചതായി അയാള്‍ക്ക് തോന്നി. അത് വിധി ആയിരുന്നിരിക്കണം.
15 Comments:
കഥകള്‍ക്കുള്ളില്‍ ഒളിച്ചുകളിച്ചിരുന്ന സൂര്യഗായത്രി അവയ്ക്കിടയില്‍ നിന്നും പുറത്തു വന്ന് ഒരു കോണില്‍ മാറിയിരിക്കുന്നു ഈയിടെയായി...
അവളിപ്പോള്‍ ഒട്ടകലെയല്ലാതെ ഒരിടത്തു നീങ്ങിയിരുന്ന്, ചെറുചെറുനൂല്‍ച്ചരടുകള്‍ കൊണ്ട് അവളുടെ കഥാപാത്രങ്ങളെ കളിപ്പിച്ചുകൊണ്ടിരിക്കുവാന്‍ തുടങ്ങി.
അടുത്തൊന്നും ചെല്ലാതെ, തൊടാതെ, നോവിക്കാതെ...
ബ്ലോഗുപോസ്റ്റ് എന്നതു മാറി മലയാളബൂലോഗങ്ങള്‍ ഒരു തട്ടുകൂടി ഉയര്‍ന്നുവന്നിട്ടുണ്ട് ഈയിടെയായി. പലരുടേയും രചനകള്‍ എണ്ണം പറഞ്ഞ അച്ചടിമാദ്ധ്യമങ്ങളിലെ കഥകളോട് ഒത്തുവെച്ച് ധൈര്യമായി സമതുലനം ചെയ്യാമെന്നായിട്ടുണ്ട്.
അവരോടൊക്കെ ഒപ്പത്തിനൊപ്പം നിന്ന് എന്നിട്ടും ശൈലീവല്ലഭസ്വകീയത വിട്ടുകളയാതെ സൂര്യഗായത്രിയും വളര്‍ന്നുവരുന്നു...
ഇതു വെറുതെ ഒരു പുകഴ്ത്തലായി പറയുന്നതല്ല. വാക്കുകള്‍ മുഴങ്ങുന്ന തലയുടെ ഒടുങ്ങാത്ത ഭാരവും, ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ പ്രസക്തിയില്ലാതെ പോകുന്ന കുറെയേറെ വിധിവിഹിതമാറാപ്പുകളും താങ്ങി, ഇഴഞ്ഞിഴഞ്ഞു നീളുന്ന ഈ തീവണ്ടിയാത്രക്കിടയില്‍ പടിയില്‍നിന്നു പുറത്തേക്കു നോക്കുമ്പോള്‍, ഈ മൈല്‍ക്കുറ്റികള്‍ എനിക്കു പേര്‍ത്തുകാണാനാവുന്നുണ്ട്.
സൂവിന്റെ ഈ പാചകം കൊള്ളാം. ആവശ്യത്തിനുമാത്രം ഉപ്പും പുളിയും ചേര്‍ത്ത് ഒരു സാമ്പാര്‍ (വിധി, മാമ്പഴക്കാലം,.. ). പിന്നെ ഇടയ്ക്കൊരു ചട്ണിപ്പൊടി (പ്രണയരേഖകള്‍). വല്ലപ്പോഴും വായ് നിറയെ 24 കാരറ്റ് ശുദ്ധനര്‍മ്മത്തിന്റെ ഹലുവ (ചക്കപ്പശ), തൊട്ടുകൂട്ടാന്‍ എരിവ് ഉറ കൂട്ടിയെടുത്ത ചമ്മന്തി ( വനിതാദിനം), കയ്പ്പയ്ക്ക കൊണ്ടൊരു മെഴുക്കുപുരട്ടി (മോക്ഷം, സോണു-സ്വീറ്റി...), നാരകത്തിന്റെ ഇലചേര്‍ത്ത് ഒരു സംഭാരം(ഓപ്പോള്‍), കഴിക്കുന്നതിനിടയ്ക്ക് ആനന്ദാതിശയം പോലെ പല്ലുകള്‍ക്കിടയില്‍ ചെന്നുപെടുന്ന ഒരു കൊത്തു നാളികേരമോ വറുത്ത ഉഴുന്നുതരിയോ പോലെ വീണ്ടും ഒരു കുസൃതിത്തമാശ (ഒച്ച)....
മഞ്ഞും മഴയും വരുമ്പോള്‍ വിരിഞ്ഞും കൊഴിഞ്ഞും ഒടുങ്ങുന്ന അനേകം ബ്ലോഗുകള്‍ക്കിടയില്‍ സൂ കാതല്‍ പൂണ്ടു വാര്‍ഷികവലയങ്ങള്‍ വരച്ചെടുക്കുന്നു...!
ബൂലോഗലോകത്തിന്റെ അശ്വമേധത്തില്‍ ഈ പെണ്‍കുതിര ഏറ്റവും മുന്‍വരിയില്‍ തന്നെയുണ്ട് ഇപ്പോഴും!
അഭിനന്ദനങ്ങള്‍!
സത്യം സു, വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ??? നന്നായി എഴുതി. വിധിയില്‍ വല്ലാതെ വിശ്വസിക്കുന്നു ഞാനും.
ബിന്ദു
പഴയ ഹനുമാന്‍-കുരുവി-യമന്‍-ഖാണ്ഡവ വനം തത്വം തന്നെ.... അതു തന്നെയാണ് സത്യവും..
നിരന്തരമായി എഴുതിക്കൊണ്ടേയിരിക്കുമ്പോഴും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ കാര്യത്തില്‍ സു പുലര്‍ത്തുന്ന വൈവിധ്യം തികച്ചും ശ്രദ്ധേയമാണു.
ഈ വിഷയത്തെക്കുറിച്ച്:
വിധിയെ ജയിപ്പിച്ചേ അടങ്ങു എന്ന വാശിയില്‍ ആ മനുഷ്യനെ ട്രെയിനില്‍ നിന്നും എടുത്തെറിഞ്ഞതുപോലെ. ഒടുവില്‍ വിധിയെ ജയിപ്പിക്കുക തന്നെ ചെയ്തു. പക്ഷെ മനുഷ്യനും അവന്റെ ഇച്ഛാശക്തിയും, ചിന്താസ്വാതന്ത്ര്യവും എല്ലാം തോറ്റു. നിരന്തരമായ തോല്‍വികളിലൂടെ മാനസികമായ അടിമത്തം, എല്ലാത്തിനോടും നിര്‍വികാരമായ വിധേയത്വം ഇങ്ങനെ പലതും നേടിയെടുത്തു. അങ്ങിനെ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും, മനുഷ്യന്‍ ജയിക്കുന്ന, ഇതിനെയെല്ലാം അതിജീവിക്കുന്ന ഒരു കാലം വരുമെന്ന് കരുതാനാണു എനിക്കു താത്‌പര്യം.
പക്ഷേ, മനുഷ്യന്‍ തന്നെ വിധിയുടെ ഫലമാണെങ്കില്‍.... മനുഷ്യന്‍ ജയിക്കുന്നതും വിധി, തോല്‍ക്കുന്നതും വിധി, വിധേയനാകുന്നതും വിധി. വിധിയുടെ വിനീതവിധേയന്‍....
നല്ല കഥ, സൂ... നമ്മെ കുറെയൊക്കെ ചിന്തിപ്പിക്കാനുതകുന്ന കഥ.
വിശ്വപ്രഭയുടെ അവലോകനവും ആസ്വദിച്ചു.
ഒരു സൂ ഫാനെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ അവതരിപ്പിച്ചു കാണുമ്പോള്‍ സന്തോഷം.
വിധിയെപ്പറ്റി എനിക്കു പറയാനുള്ളതെല്ലാം യാത്രാമൊഴി പറഞ്ഞു കഴിഞ്ഞു. വിധേയത്വം അടിച്ചേല്‍പ്പിക്കുന്ന അടിമച്ചങ്ങലകളെ ഞാനും ഇഷ്ടപ്പെടുന്നില്ല.
സൂ-കഥ-സൂ പ്പറായിട്ടുണ്ട്.
എല്ലാം വിധി, എന്ന അഭിപ്രായക്കാരനായിട്ടില്ല ഞാന്‍ ഇതുവരെ. പക്ഷെ, ചിലത് വിധിയല്ലേ എന്നും തോന്നായ്‌കയില്ല.
ഷാര്‍ജ്ജയിലെ മ്യൂസിയത്തിന് മുന്‍പില്‍ രാവിലെ അഞ്ചുമണിക്ക്, തനിച്ച്, തൂങ്ങിപ്പിടിച്ച് കാവല്‍ നില്‍ക്കുന്ന ‘മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ എല്‍ദോനെ അന്വേഷിച്ചുപോകാന്‍ കാറില്‍ സീറ്റ് കിട്ടാതെ പോയ പാവത്തിന്റെ ഛായയുള്ള’ അറബി പോലീസുകാരനെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്,
പിന്നീക്കോടെ ചെന്ന് വട്ടം പിടിച്ച്, ആള്‍ടെ അരയില്‍ ഞാട്ടിയിട്ടേക്കണ തോക്ക് തട്ടിപ്പറിച്ചിട്ട്
‘നിന്നെ ഇന്ന് ഞാന്‍ കൊല്ലൂടാ ഹമുക്കേ...‘എന്ന് പറഞ്ഞ് അങ്ങേരെ മ്യൂസിയത്തിന് ചുറ്റും നാല് റൌണ്ട് ഓടിച്ചാലോന്ന്. ആള്‍ടെ ഉറക്കവും പോകും എനിക്ക് നല്ല എക്സസൈസും ആവും.
പക്ഷെ, എന്റെ എക്സസൈസ് അവിടം കൊണ്ട് ചിലപ്പോള്‍ അവസാനിക്കില്ല... എന്നതുകൊണ്ട് മാത്രം ഞാന്‍ ഇപ്പഴും കണ്ട്രോള്‍ ചെയ്യുകയാ.. എന്നുവേണമെങ്കിലും ട്രൈ ചെയ്യാം.
അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ‘വിധി’യെ ബ്ലെയിം ചെയ്യാന്‍ പറ്റില്ലേയ്.
വിശാലാ,
കൂര്‍മ്മവരാഹ ഭുദ്ധിയുള്ള ഒരു സായിപ്പ് കോടീശ്വരന്‍ (ഓ അവരുടെ നാട്ടില്‍ കോടിയില്ലല്ലോ മില്ല്യേശ്വരന്‍) എളുപ്പത്തില്‍ ആകാന്‍ ഒരു ഫൂള്‍ പ്രൂഫ് വഴി കണ്ടെത്തി.
സിമ്പിള്‍. ചരക്കു കപ്പല്‍ കൊച്ചീലടുക്കുമ്പ്പോള്‍ സായിപ്പ് സ്കൂബാ ഡൈവിംഗ് സ്യൂട്ടുമിട്ട് കടലില്‍ ചാടും. കപ്പലില്‍ അണ്ടര്‍ വാട്ടര്‍ വെല്‍ഡിംഗ് മെഷീന്‍ കൊണ്ട് ഒരു ഇരുമ്പു ഹൂക്ക് വെല്‍ഡ് ചെയ്തു ചേര്‍ക്കും. എന്നിട്ടു അതില്‍ ഹെറോയിന്‍ ബാഗ്ഗ് കൊളുത്തിയിടും. ഫ്ലൈറ്റില്‍ കേറും തിരിച്ചു പോകും. മര്‍ച്ചന്റ് ഷിപ്പ് കുന്തിക്കുന്തി രണ്ടുമൂന്നു മാസത്തിനു ശേഷം സായിപ്പോലാന്‍ഡില്‍ എത്തുമ്പോള്‍ മൂപ്പര്‍ അവിടത്തെ കടലില്‍ ഒരു ഡൈവിംഗ് നടത്തും ഹൂക്കു വെട്ടും, ചാക്കുമായി പോകും. എത്ര ഫൂള്‍ പ്രൂഫ്.. ഒരൊറ്റ ട്രിപ് ചെയ്താല്‍ മതി ജീവിതത്തില്‍ പിന്നെ പണിയെടുക്കേണ്ടാ..
ഈ വെള്ളായി ഇപ്പോ പൂജപ്പുര ജെയിലി കപ്പ നടുന്നു. അടുത്ത 40 വര്‍ഷം അതു ചെയ്യണമത്രേ, ജീവപര്യന്തം കിട്ടിയാല്‍ പോലും പത്തു കൊല്ലത്തില്‍ ഊരാമായിരുന്നു..
സംഭവിച്ചത് ഇതാണ് കപ്പല്‍ ഡോക്ക് ചെയ്തു. വെള്ളക്കാരന്‍ വെള്ളത്തില്‍ ചാടി നീന്തി ചെന്നു പണി തുടങ്ങി. അപ്പോഴല്ലേ ഹള്‍ റിപ്പയറിങ്ങിനു ആളു വന്നത്. ഡ്യൂട്ടിയിലില്ലാത്ത വെല്‍ഡറെക്കണ്ട് ജോലിക്കാര്‍ നീന്തിച്ചെന്നു നോക്കി. ഒരു ചാക്കു ഹെറോയിന്‍ സഹിതം സായിപ്പു കുടുങ്ങി.
25 കൊല്ലത്തിലൊരിക്കലോ മറ്റോ മാത്രേ ഹള്ളില്‍ വെല്‍ഡിംഗ് ഒക്കെ വേണ്ടി വരൂ അത്രേ. സായിപ്പിന്റെ
വിധിയുടെ ബലത്തിനാല്‍ അത് മൂപ്പരുടെ വെല്‍ഡിംഗ് സമയത്തായിപ്പോയി.. ഇല്ലേല്‍ ലാസ് വെഗാസിലൊ മോണാക്കോയിലോ ഇപ്പോ ചൂതു കളിച്ച് നടക്കേണ്ടവനാ..
ഈ വിധി വിധി എന്നു പറയുന്നത് തലേവര എന്നറിയപ്പെടുന്ന സാധനമല്ലേ?
വേറൊരുത്തന്റെ പുരോഗതി കണ്ട് അതവന്റെ തലേവരയുടെ ഗുണമാണെന്നാശ്വസിക്കാനും,
പറ്റിയ പിഴവുകള്‍ക്ക്, ഞാനെന്തു ചെയ്യാന്‍, അത് എന്റെ വിധി എന്ന് പഴിക്കാനും ഞാന്‍
വിധി/തലേവരയില്‍ വിശ്വസിക്കുന്നു.
ഭാഗ്യമുള്ളൊരുത്തനോട്
“ഡാ നിന്റെ തലേവര വരച്ച റീഫില്ലിന്റെ മഷി തീരുമ്പോ അതെന്റെ പറമ്പിലേക്കൊന്നെറിയണേ”
എന്ന മിമിക്സ് ഡൈലോഗടിച്ച് ജീവിക്കുന്നു.
രംഗ ബോധമില്ലാത്ത കോമാളിയാണു മരണം എന്നല്ലേ വെപ്പു.വിധിയും അതുപോലെ തന്നെ. വിധി വഴിനടത്തുന്നു. നാം വണ്ടിമാടുകളായി ജീവിതയാത്റയില്‍. നാം ഇഷ്ടമുള്ളതു പറയുന്നു ചെയ്യുന്നു.
അദ്റുശ്യനായ വിധി കെട്ടിയ ചരടുകളിലെ പാവകള്‍ മാത്റം നമ്മള്‍. വിധിയുടെ നാടകം നാം അഭിനയിക്കുന്നു. അവസരത്തിനൊത്തു വാക്കുകള്‍ നാം മാറ്റി പറയുന്നു:-"നിന്റെ നന്‍മയെ കരുതി, നിന്റെ ധാരണ പിശകു, ഞാന്‍ നിന്നെ ഒഴിവാക്കാന്‍ തിരക്കഭിനയിച്ചതല്ല". അഭിനയം, അഭിനയം, നാടകമേ ഉലകം. ദുറ്‍ഭര ഗറ്‍ബനായ വിധി ഓരോ നിമിഷവും നമ്മളെ പ്റസവിക്കുന്നു. കഴിഞ്ഞ സെകൊന്റിലെ ഞനല്ല ഈ ഞാന്‍, ഈ നിങ്ങള്‍.
വിധിയുടെ ഈ കോമളി കളിയെ സുന്ദരമായി ആഖ്യാനം ചെയ്യുന്നു സു-വിലെ കഥാക്റുത്തു.
ദേവ ഗുരോ!
വി.കെ.എന്‍.ടച്ചില്‍ ഒരു കലക്കന്‍ കമന്റ്. എനിക്കങ്ങിഷ്ടപ്പെട്ടുപോയി കേട്ടോ.
ഇത് വിധി താന്‍.
അരവിന്ദാ, റീഫില്‍ പറമ്പിലേക്കെറിയല്‍ കേട്ടില്ലായിരുന്നു.:)
സൂ നന്നായി. വിശ്വത്തിന്റെ അവലോകനവും രസിച്ചു വായിച്ചു.
തൈക്കാട്ടുശ്ശേരി വഴി 90 70.കി.മി. സ്പ്പീടില്‍ ബെക്കോടിച്ചുവന്നവന്റെ തലയിലു കൃത്യമായി തേങ്ങ വീണു, തലയ്ക് ക്ഷതമേറ്റ് അയാള്‍ മരിച്ചതു,വിധി. കടലുണ്ടി തീവണ്ടി അപകടത്തില്‍, അച്ഛനമ്മാമ്മരോടൊപ്പം യാത്രമുഴുവന്‍ ഉണ്ടായിരുന്ന്, കൂട്ടുകാരോട് രണ്ട് കമ്പാര്‍ട്ട് മെന്റ് അപ്പുറത്തേയ്കു പോയി യാത്ര പറഞ്ഞിട്ടു വരാംന്ന് പറഞ്ഞ് പോയ മകന്‍ - രണ്ട് മിനിറ്റിനുള്ളില്‍ മുങ്ങിയ പോയ ബോഗിയില്‍പെട്ടു. അതും വിധി. വീട് എത്താന്‍ 5 മിനിറ്റ് ബാക്കി നില്‍ക്കെ, കൂളിംഗ് ഗ്ലാസ് എടുക്കാന്‍ ബൈക്കില്‍ തിരികെ സുഹൃത്തിന്റെ വീട്ടില്‍ പോയ എന്റെ അനന്തിരവന്‍, പിന്നെ നേരെ ചെന്നു കയറിയത് റ്റൂറിസ്റ്റ് ബസ്സിന്റെ അടിയിലേയ്ക്, അതും വിധി. ലോട്ടറി റ്റിക്കറ്റ് അടിച്ച വിവരം കേട്ട് വീട്ടിലോട്ട് വന്ന മാത്യൂസ്, പടിക്കലെത്തും മുമ്പ് ഉരുള്‍പൊട്ടലില്‍ ആകമാനം തകര്‍ത്തെറിഞ്ഞ വീടും പറമ്പും കാണുന്നു. അതും വിധി.
വിസ കാന്‍സലാക്കി, ജോലി പോയി, നാട്ടിലേയ്ക് തിരിയ്കാന്‍ എയര്‍പോോട്ടിലെത്തി, പ്ലെയിന്‍ ലേയിറ്റായി എയര്‍പൊട്ടില്‍ കുടുങ്ങി, വെറുതെ സൊറ പറഞ്ഞിരിയ്ക്കുമ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് അപ്പോ തന്നെ കേന്ദ്രത്തിലേയ്ക് വിളിച്ച് പറഞ്ഞ്, 5000 ദിര്‍ഹത്തില്‍ ജോലി നല്‍കി, പിന്നെ തിരിച്ചു പോക്കില്ലാതെ, ദുബായില്‍ ഒരു വലിയ ബിസിനസ്സ് വലയത്തിന്റെ ഉടമയായ സേതുവിന്റേതും വിധി. 25 കൊല്ലത്തിനു ശേഷം, ഗര്‍ഭം ധരിച്ച്, രണ്ടാണ്മക്കള്‍ക് ജന്മം നല്‍കിയ രുക്കിയയേ എത്തി നോക്കിയതും വിധി. നാട്ടില്‍ ഗസ്റ്ററ്റട് പോസ്റ്റ് വിട്ട്, 4 പേജ് സി.വി തയ്യാറാക്കി,ഇവിടെ വന്ന് ആദ്യമായി ടൈപിസ്റ്റ് പോസ്റ്റിനു ബര്‍ദുംബായില്‍ ഇന്റര്‍വിയൂവിന്ന് വന്ന്, ആ ഗുജറാത്തി എമാന്‍ പറഞ്ഞു, : 600 ദിര്‍ഹസ് ശംബളം, വ്യാഴാശ്ച ഫുള്‍ ഓഫീസ് ക്ലീനിംഗ്, എവിരി ഡേ റ്റേബിള്‍ ക്ലീനിംഗ്.... അതും വിധി. പിന്നെങ്ങോട്ട് വിധിയോ വിധി.... അപ്പീസിലോട്ട് എറങ്ങുമ്പോ, ഇന്ന് എത് അപ്പീസിലാ ജോലീന്ന് ചോദിയ്കേണ്ട പരുവത്തിലുള്ള വിധി.
പക്ഷെ വിധിയെന്നത്, സംഭവിച്ചതിനേ നോക്കിക്കാണേണ്ടി വരുമ്പോഴുണ്ടാവുന്ന അവസ്ഥയല്ലേെ എന്നും എനിക്കു തോന്നുന്നു. സംഭവിയ്കാത്തതിനെ എന്റെ വിധിയെന്ന് പറയാറില്ലലോ നമ്മള്‍?
ഓ.. ആ പേരില്ലായിരുന്നേല്‍ നമ്മളു തെണ്ടി പോയേനെ അല്ലേ?
അതുല്യേച്ചിയുടെ എക്സാമ്പിള്‍സ് കേട്ടപ്പോ വെരി ഫേമസ്സ് ആയ ഇത് ഓര്‍മ്മ വന്നു:
കാര്‍ഗ്ഗിലില്‍ ശത്രുവിന്റെ ഷെല്ലുകള്‍ക്കും കൈബോംബുകള്‍ക്കും നേരെ നെഞ്ചും വിരിച്ച്, ചെവിയില്‍ മൂളക്കം നല്‍കി പറന്നു പോകുന്ന ബുള്ളറ്റുകളെ വകവയ്ക്കാതെ മുന്നേറി, യുദ്ധം ചെയ്തു ജയിച്ചിട്ട്, അവധിയെടുത്ത് നാട്ടില്‍ വന്നശേഷം,
പിന്നാംതൊടിയില്‍ മാങ്ങയില ചവച്ചു, ഈര്‍ക്കിളി കൊണ്ട് നാവു വടിച്ചു നില്‍ക്കുമ്പോ ഒണക്കത്തേങ്ങാ തലയില്‍ വീണ് കാറ്റുപോകുന്ന ജവാന്റെ വിധി.
വായനക്കാര്‍ക്ക് നന്ദി.
su,
very good story
Post a Comment
Subscribe to Post Comments [Atom]
<< Home