Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 07, 2006

മറിയക്കുട്ടിയുടെ മിന്നുകെട്ട്‌!

മാത്തച്ചന്റെ ഒറ്റ മോളാണ് മറിയക്കുട്ടി. ഇരട്ടകള്‍ ഇല്ലാഞ്ഞിട്ടും നല്ല അച്ചടക്കത്തോടെയും ദൈവഭയത്തോടെയും ആണ്‌ മാത്തച്ചനും പൊന്നമ്മയും മറിയക്കുട്ടിയെ വളര്‍ത്തിയത്‌. മറിയക്കുട്ടിയ്ക്ക്‌ 19 വയസ്സായി. പഞ്ചായത്ത്‌ ഓഫീസില്‍ ക്ലാര്‍ക്ക്‌ ആയ മാത്തച്ചനു കല്യാണപ്രായം ആയ മകള്‍ വീട്ടില്‍ ഉള്ളതുകൊണ്ട്‌ സാധാരണ പിതാക്കന്മാര്‍ക്ക്‌ വരുന്ന തരത്തിലുള്ള ആധിയൊന്നും ഇല്ല. കാരണം മറിയക്കുട്ടി സുന്ദരി. അതിലുപരി നല്ല നടപ്പുകാരി. പിന്നെ പൊന്നമ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയ സ്വത്തും ഉണ്ട്. നല്ല സ്വഭാവഗുണമുള്ള, ജോലിയും, കൂലിയും ഉള്ള ഒരു ചെറുപ്പക്കാരനു മാത്രമേ മറിയക്കുട്ടിയുടെ ഭര്‍ത്താവാകാന്‍ മാത്തച്ചന്‍ വില കല്‍പ്പിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ കണ്ട ഒസാമയുടെയും ബുഷിന്റേയും ആലോചനയുമായി ഈ വഴിക്ക്‌ വന്നു പോകരുതെന്ന് ബ്രോക്കര്‍ തങ്കപ്പനെ മാത്തച്ചന്‍ താക്കീത്‌ ചെയ്തിരുന്നു.

മറിയക്കുട്ടി പത്താം ക്ലാസ്സില്‍ പത്ത്‌ വിഷയത്തിനു തോറ്റ്‌ പഠിപ്പു മതിയാക്കിയതാണ്. ഇപ്പോ വീട്ടില്‍ നല്ല നടപ്പും പാചകവും. വീടും നാടും നാട്ടിലെ അഭ്യസ്തവിദ്യരും അല്ലാത്ത വിദ്വാന്മാരും ആയ ചെറുപ്പക്കാരുടേയും മനസ്സും നിറഞ്ഞ്‌ അങ്ങനെ നില്‍ക്കുകയാണ്. കുറേ നാളായി ചെക്ക്‌ ചെയ്യാത്ത മെയില്‍ ബോക്സിലെ കത്തുകള്‍ പോലെ.

ചെറുപ്പക്കാര്‍ക്കാവട്ടെ, കടാക്ഷങ്ങള്‍ കൊണ്ടുള്ള പ്രേമോസ്ഫിക്കേഷനു മാത്രമേ ചാന്‍സ്‌ ഉള്ളൂ. കത്തോ ഫോണോ വഴി ആരെങ്കിലും ഡാറ്റാ ട്രാന്‍സ്ഫര്‍ നടത്തി എന്ന് അറിഞ്ഞാല്‍ ആ നിമിഷം മാത്തച്ചന്‍ വൈറസിന്റെ രൂപത്തില്‍ എന്റര്‍ ചെയ്യും. ചെറുപ്പക്കാരുടെ വീട്ടില്‍ പോയി അവരുടെ മാതാപിതാക്കളോട്‌ പറയും നിങ്ങളുടെ മകന് എന്റെ മകളെ ഇഷ്ടമായ മട്ടുണ്ട്‌ , ഒന്നാലോചിച്ചാലോ എന്ന്. മകനു ചിലവിനു കൊടുത്തിരിക്കുന്ന അച്ഛനും അമ്മയും ഞെട്ടും. അതോടെ ദി എന്‍ഡ്‌.
അങ്ങനെയിരിക്കുന്ന കാലത്തിങ്കലാണ് കുമരേശന്‍ ആ ഗ്രാമത്തിലേക്ക്‌ വരുന്നത്‌. കുമരേശന്‍ തമിഴ്‌ നാടന്‍ അല്ല, തനി നാടന്‍. കുമാരിയുടേയും നടേശന്റേയും രണ്ടാം സന്തതി. നടേശനു കള്ളു ചെത്തായിരുന്നു ജോലി. തെങ്ങ്‌ ചെത്താന്‍ അനുവദിച്ചിരിക്കുന്ന വീടുകളില്‍ പോയി കള്ളെടുത്ത്‌ നാട്ടിലെ കള്ളുഷാപ്പില്‍ കൊടുക്കുക. ഇതാണു മെയിന്‍ ജോലി. കെട്ടിടജോലിയ്ക്കു പോവുക, പാചകത്തിനു പോവുക, ഇത്‌ സബ്‌. കുമരേശന്റെ ഒറ്റപ്പെങ്ങള്‍ കുമുദിനി. പുരയിലും അവളുടെ തലയിലും വല്യ സ്ഥലം ഇല്ലാത്തതുകൊണ്ട്‌ പുര നിറയുന്നതിനു മുന്‍പേ തന്നെ കെട്ടിച്ചു കൊടുത്തു. ഇതിനു മുന്‍പു വേറൊരു നാട്ടില്‍ ആയിരുന്നു, നടേശന്‍‍ ആന്‍ഡ്‌ ഫാമിലി. ഇപ്പോ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചു വന്നു.

കര്‍ഷകന്‍ എന്ന സ്ഥിതിയിലും ഒരു പേരുള്ളതുകൊണ്ട്‌ , മാത്തച്ചന്റെ വീട്ടിലും കുറെ തെങ്ങുള്ളത്‌ കൊണ്ട്‌ കള്ളു ചെത്താന്‍ അനുവാദം കൊടുത്തിരുന്നു. രാവിലേ തന്നെ "ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍" എന്ന പാട്ട്‌ എട്ടരക്കട്ടയ്ക്ക്‌ ഇട്ട്‌ പിടിച്ച്‌ തെങ്ങില്‍ നിന്ന് കള്ളെടുക്കുമ്പോഴാണ് കുമരേശന്റേയും മറിയക്കുട്ടിയുടേയും ഫസ്റ്റ്സൈറ്റ് നടന്നത്‌. മറിയക്കുട്ടി മുറ്റത്തിന്റെ അരികില്‍ അയയില്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ വന്നപ്പോഴാണ് ലജ്ജാവതി കേട്ടത്‌. മറിയക്കുട്ടിയുടെ കണ്ണുകള്‍ തന്റെ കണ്ണുകളുമായി കൂട്ടിമുട്ടിയതും കുമരേശന്റെ ഹൃദയത്തില്‍ ഒരു മിന്നല്‍ വെട്ടി, പാട്ട്‌ താനേ മാറി. ചെന്താര്‍മിഴീ, പൂന്തേന്മൊഴീ തുടങ്ങി. അങ്ങനെ ഒരു ലവ്‌ ട്രാക്കില്‍ കയറി.
അങ്ങനെയങ്ങനെ കുമരേശനും മറിയക്കുട്ടിയും തമ്മിലുള്ള പ്രണയം മനസാ.. ജോറായിട്ട്‌ നടന്നു കൊണ്ടിരുന്നു.അപ്പന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടും, നല്ല നടപ്പുകാരി ആയതുകൊണ്ടും വാചാ കര്‍മണാ വലുതായൊന്നും സംഭവിച്ചില്ല.

പ്രേമം യുദ്ധം പോലെ കൊടുമ്പിരിക്കൊണ്ടു എന്നൊക്കെ പറയാം. ഇത്തവണ വൈറസ്‌ വന്നത്‌ മാത്തച്ചന്റെ രൂപത്തില്‍ അല്ല, കുമരേശന്റെ അബദ്ധം വാ സുബദ്ധം വാ രൂപത്തില്‍ ആണ്. ഒരു ദിനം കുമരേശന്‍ കള്ളെടുക്കാന്‍ വന്നപ്പോള്‍ കുറച്ച്‌ അടയ്ക്ക്‌ കൂടെ പറിച്ച്‌ കൊടുക്കാമോ എന്ന് ഭാവി അമ്മായി അപ്പന്‍ കുമരേശനോട്‌ ചോദിച്ചു. കുമരേശന്‍ അടയ്ക്ക പറിച്ച്‌ താഴെ ഇട്ടതിനു ശേഷം കവുങ്ങില്‍ നിന്ന് ഊഞ്ഞാലാടി അടുത്തുള്ള പ്ലാവിലേക്ക്‌ ലാന്‍ഡ്‌ ചെയ്യാന്‍ ഭാവിച്ചതും മറിയക്കുട്ടി പറമ്പില്‍ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ച്‌. കുമരേശന്റെ കണ്ണും ഹൃദയവും ഊഞ്ഞാലാടി. പ്ലാവിലേക്ക്‌ ലാന്‍ഡ്‌ ചെയ്തു എന്നത്‌ നേര്. പക്ഷേ കൊമ്പിലെ കടന്നല്‍ക്കൂട്ടില്‍ ടച്ചിങ്ങ്‌ നടത്തി എന്നത്‌ നെറികേട്‌. കടന്നല്‍ക്കൂട്‌ കൈയില്‍ വന്നതും ബോധം വന്ന കുമരേശന്‍ അതു താഴേക്കിട്ടതും ഒരുമിച്ച്‌. അത്‌ ലാന്‍ഡ്‌ ചെയ്തത്‌ അടയ്ക്കക്കുലകള്‍ സൈഡിലേക്കൊതുക്കുകയായിരുന്ന മാത്തച്ചന്റെ ജനറല്‍ ബോഡിയില്‍. തേനീച്ച കുത്തലിനു ആശുപത്രിയില്‍ കിടക്കുന്നത്‌ സ്റ്റാറ്റസ്സിനും കീശയ്ക്കും ചേരാഞ്ഞതിനാല്‍ മാത്തച്ചന്‍ വീട്ടില്‍ കഴിഞ്ഞു. മാത്തച്ചന്റെ ഹൃദയപുസ്തകത്തില്‍ മൈനസ്‌ മാര്‍ക്ക്‌ വാങ്ങി കുമരേശന്‍ ഇടം നേടി.

രണ്ടാം തവണ വില്ലനായത്‌ കാലിലെ തളയാണ്. തെങ്ങില്‍ നിന്ന് കള്ളുചെത്തി ഇറങ്ങി തള അഴിച്ചെടുക്കാന്‍ ഒരു തടസ്സം വന്നിട്ട്‌ കുമരേശന്‍ കുനിഞ്ഞ്‌ നിന്ന് തള അഴിച്ചെടുക്കാന്‍ ശ്രമിക്കലും മൂക്കും കുത്തി വീണതും ഒരുമിച്ച്‌. ബാലന്‍സ്‌ ഒപ്പിക്കാന്‍ ഒപ്പിക്കാന്‍ കയറിപ്പിടിച്ചത്‌ പശുവിനെ കെട്ടിയ ടെമ്പററി കുറ്റിയില്‍. കുറ്റി കുമരേശന്റെ കൈയില്‍, റിലീസ്‌ ആയ പശു മാരത്തോണില്‍. പോകുന്ന വഴിക്ക്‌ കിണറ്റുവക്കിലെ വാഴത്തടത്തിനടുത്ത്‌ പല്ലും തേച്ച്‌ നിന്ന് ഭാവി കണക്കു കൂട്ടല്‍ നടത്തുന്ന മാത്തച്ചനെ തട്ടി, മുന്നിലുള്ള വാഴത്തടത്തിലെ വെണ്ണീറില്‍.

അങ്ങനെ കുമരേശന്റെ ഇന്‍ ബോക്സില്‍ മൈനസ്‌ പോയന്റുകള്‍ കൂടിക്കൊണ്ടിരുന്നു.
എന്നാലും അനുരാഗം ഒഴുകിക്കൊണ്ടിരുന്നു. മനസാ ഉള്ളത്‌ വാചായില്‍ എത്തി നില്‍ക്കുന്നു.
ഒരു ദിവസം വന്നപ്പോള്‍ മറിയക്കുട്ടി വരാന്തയില്‍ ഇരിക്കുന്നു. ഈ ഇരുപ്പു പതിവില്ലാത്തതാണല്ലോ എന്ന് കരുതി കുമരേശന്‍ ചോദിച്ചു.

“അപ്പനും അമ്മച്ചിയും....”

‘അവര്‍ പരുമലയ്ക്ക്‌ പോയി. നേര്‍ച്ച.’ --മറിയക്കുട്ടി മൊഴിഞ്ഞു.

കുമരേശന്‍ പറഞ്ഞു
“നമ്മുടെ മനസ്സുപോലെ വീട്ടുകാരും എന്തൊരു ഐക്യം. അവരും പോയിരിക്കുന്നു.”

“എങ്ങോട്ട്‌ ?”

“ശബരിമല..”

“നമുക്കും പോകാം.”

“എങ്ങോട്ട്‌.”മറിയക്കുട്ടി നാണിച്ചു.

“മാലയിടാന്‍.”

എന്തിനു പറയുന്നു നേര്‍ച്ചയും ദര്‍ശനവും കഴിഞ്ഞു രണ്ട്‌ ഫാദേഴ്സും, രണ്ട്‌ മദേഴ്സും വന്നപ്പോഴേക്കും കുമരേശനും മറിയക്കുട്ടിയും ഒരേ നെസ്റ്റിലെ ബേര്‍ഡ്സ്‌ ആയിക്കഴിഞ്ഞിരുന്നു.

11 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഒരേ നെസ്റ്റിലെ ബേര്‍ഡ്സ്‌ കൊള്ളാം
രസമുണ്ട്‌ വായിക്കാന്‍.
കുമരേശനും മറിയക്കുട്ടിയും ..
നല്ല ജോഡി തന്നെ.
എന്തായാലും അഛനുമമ്മയും മലയ്ക്ക്‌ പോയപ്പോള്‍ തന്നെ കുമരേശനും മാലയിട്ടില്ലേ .. ഉത്തമ സന്തതി.

Wed Jun 07, 06:17:00 pm IST  
Blogger Vempally|വെമ്പള്ളി said...

എന്തിനു പറയുന്നു നേര്‍ച്ചയും ദര്‍ശനവും കഴിഞ്ഞു രണ്ട്‌ ഫാദേഴ്സും, രണ്ട്‌ മദേഴ്സും വന്നപ്പോഴേക്കും കുമരേശനും മറിയക്കുട്ടിയും ഒരേ നെസ്റ്റിലെ ബേര്‍ഡ്സ്‌ ആയിക്കഴിഞ്ഞിരുന്നു.

വിവരണം വെരി ഗുഡ്ഡ്!!!

Wed Jun 07, 06:46:00 pm IST  
Blogger ബിന്ദു said...

ഹ.. ഹാ.. അതു കൊള്ളാം. ഏതു നെസ്റ്റിലേക്കാണു ചേക്കേറിയത്‌? ആണ്‍കിളിയുടേതോ, പെണ്‍കിളിയുടേതോ??? ;)

Wed Jun 07, 07:37:00 pm IST  
Blogger aneel kumar said...

ആശംസകള്‍ മറിയക്കുമരേശര്‍ക്ക്!

അല്ലാ, കുമരേശന്‍ എപ്പോഴാ ചെത്തുകാരനായത്?
ഗ്രൂപ്പ് ലെവല്‍ റൈറ്റ്സ്‍ അക്വയര്‍ ചെയ്തതാണോ?

Wed Jun 07, 08:11:00 pm IST  
Blogger Unknown said...

അതെന്ത്‌ ചോദ്യമാ ബിന്ദൂ, ഒരു കൂടും ഒരിക്കലും ആണ്‍കിളിയുടേതൊ പെണ്‍കിളിയുടേതോ അല്ല. അത്‌ അവരുടെ കൂടാണ്‌.

സു നല്ല കഥ ട്ടോ.. ഒത്തിരി ഇഷ്ടായി...

Wed Jun 07, 08:13:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

പാവം മാത്തച്ചന്‍! അയാളുടെ ദു:ഖം ആരുകണ്ടു.

Wed Jun 07, 08:17:00 pm IST  
Blogger Santhosh said...

ഇത് നല്ല ‘നല്ല നടപ്പായിപ്പോയി. അച്ഛനുമമ്മയും ഒന്നു മാറി നില്‍ക്കേണ്ട താമസം, മോള് ദാ ഒളിച്ചോടുന്നു. സൂ, കുമാരിയുടേയും നടേശന്റേയും ആദ്യ സന്തതിയുടെ പേരെന്താ? :)

Thu Jun 08, 06:24:00 am IST  
Blogger Unknown said...

കഥ കൊള്ളാം സു..

Thu Jun 08, 06:54:00 am IST  
Blogger Unknown said...

സൂ,
അതുകൊണ്ടു തന്നെ കണ്ട ഒസാമയുടെയും ബുഷിന്റേയും ആലോചനയുമായി ഈ വഴിക്ക്‌ വന്നു പോകരുതെന്ന് ബ്രോക്കര്‍ തങ്കപ്പനെ മാത്തച്ചന്‍ താക്കീത്‌ ചെയ്തിരുന്നു.

കൊള്ളാം..!

Thu Jun 08, 07:05:00 am IST  
Blogger Adithyan said...

ദെന്‍ ദെ ബോത്ത്‌ ലിവ്ഡ് ഹാപ്പിലി എവെര്‍ ആഫ്റ്റര്‍ ഇന്‍ ദ നെസ്റ്റ്!!!

Thu Jun 08, 07:23:00 am IST  
Blogger സു | Su said...

വര്‍ണം :)
വെമ്പള്ളി :)
താര :)
ബിന്ദു :)
അനിലേട്ടന്‍ :)
കുഞ്ഞന്‍സ് :)
കുമാര്‍ :)
യാത്രാമൊഴി :)
സന്തോഷ് :)
സപ്തവര്‍ണങ്ങള്‍ :)
ആദി :)

Thu Jun 08, 11:52:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home