Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 06, 2006

അവിശ്വാസം

ചിതയില്‍ ആണ് ഞാന്‍.

അവിശ്വാസത്തിന്റെ വഴുവഴുപ്പുള്ള ചിതയില്‍.

ചന്ദനം പുകയാത്ത, സംശയം പുകയുന്ന ചിതയില്‍.

തിരിച്ച്കയറണമെന്നുണ്ട്.

ആവില്ല.

ചുറ്റും നിന്ന് എന്റെ മനസ്സിലെ ചെകുത്താന്മാര്‍ എന്നെ ചിതയിലേക്ക് തള്ളുകയാണ്.

എനിയ്ക്ക് ഈ ഗര്‍ത്തത്തില്‍ നിന്ന് മുകളിലെത്തണം.

സൌഹൃദത്തിന്റെ സ്വര്‍ഗവാതില്‍ക്കല്‍ നിന്ന്,

തലയടിച്ച് കരയണം.

കണ്ണീരിലിലയിച്ച് ആ വാതില്‍ തുറപ്പിയ്ക്കണം.

എന്നേയ്ക്കുമായി അവിടെ ഒടുങ്ങണം.

അതെന്റെ കുടീരമാവട്ടെ.

പക്ഷെ ചിതയില്‍ ആണ് ഞാന്‍.

സംശയത്തിന്റെ ഭൂതങ്ങള്‍ വസിക്കുന്ന മനസ്സിലെ ചിതയില്‍.

വെറുപ്പിന്റെ ദുസ്സഹമായ ഗന്ധം എന്റെ ഹൃദയത്തിന്റെ ഉളളറയില്‍ ഓടിനടക്കുന്നു.

എന്റെ സ്നേഹക്കൂടാരം അവിശ്വാസത്തിന്റെ കൊടുങ്കാറ്റില്‍ ആടിയുലയുന്നു.

എനിയ്ക്ക് കരകയറണം.

ഒരിക്കല്‍ക്കൂടെ സൌഹൃദത്തിന്റെ മലഞ്ചെരുവില്‍ക്കൂടെ മഞ്ഞിന്റെ തണുപ്പില്‍ നടക്കണം.


അവിശ്വാ‍സമെന്ന കാലന്‍ ചിരിച്ച് കൊണ്ടാണോ വന്നത്?

എനിക്ക് നിഷേധിക്കാന്‍ ആവാത്ത വിധം എന്നെ വരിഞ്ഞുമുറുക്കിപ്പോകുമ്പോള്‍

എന്റെ പ്രജ്ഞ നശിച്ചിരുന്നോ?

അറിയില്ല.

എനിക്ക് മോക്ഷം വേണം.

സൌഹൃദത്തിന്റെ നീലക്കുറിഞ്ഞിമലകളിലൂടെ നടക്കണം.

അതില്‍ അലിഞ്ഞ് ഞാന്‍ തീരുമ്പോള്‍ എന്നും പൂക്കുന്ന നീലക്കുറിഞ്ഞിയായി ജനിക്കണം.

ചിതയില്‍ ആണ് ഞാന്‍.

22 Comments:

Blogger വല്യമ്മായി said...

ആരെങ്കിലും എണ്ണയൊഴിച്ച് സൂ ചേച്ചിയെ വീഴ്ത്തിയോ,
അല്ല, ചിതയിലൊരു വഴുവഴുപ്പ്

നന്നായിരിക്കുന്നു,ചങ്കുപറിച്ചാലും ചെമ്പരത്തിയാണോന്നു ചോദിക്കുന്നു ലോകം

Sun Aug 06, 05:51:00 PM IST  
Blogger Raghavan P K said...

Su എഴുതിയ നീലക്കുറിഞ്ഞി എന്നും പൂക്കുന്നതാണല്ലേ?
തമിഴില്‍ പറയാറുള്ള കുറിഞ്ചി മലര്‍ 12 വര്‍ഷത്തില്‍ ഒരു തവണ മാത്രmE പൂക്കാറുള്ളൂ

Sun Aug 06, 06:16:00 PM IST  
Blogger സുമാത്ര said...

സൂ.. എന്നും പൂക്കുന്ന നീലക്കുറിഞ്ഞിയോ? എതായാലും സൌഹൃദ ദിന ആശംസകള്‍ നേരുന്നു.

Sun Aug 06, 06:23:00 PM IST  
Blogger പാര്‍വതി said...

സുവേച്യ്യേ...

ദേ..ഈ കയ്യിലങ്ങോട്ട് പിടിച്ചേ..ഇന്നിട്ടിങ്ങ് കയറിപോര്..ചിതയൊക്കെ നിയമവിരുദ്ധമാണ് :-((

-പാര്‍വതി.

Sun Aug 06, 06:28:00 PM IST  
Blogger ദില്‍ബാസുരന്‍ said...

സു ചേച്ചീ,

സംശയത്തിന്റെ കയ്യില്‍ മനസ്സിനെ കൊടുക്കുന്നത് ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്റെ പാത്രം കൊടുക്കുന്നത് പോലെയാണ്. പാത്രം തിരിച്ച് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടും.

(ഓടോ: ഗര്‍ത്തത്തില്‍ നിന്ന് കേറണം,മലഞ്ചെരിവിലൂടെ നടക്കണം എന്നൊക്കെ തോന്നുന്നത് നാഷണല്‍ ജ്യോഗ്രഫിക്ക് ചാനല്‍ കൂടുതല്‍ നേരം കാണുന്നത് കൊണ്ടാ. :-))

Sun Aug 06, 06:31:00 PM IST  
Blogger ദില്‍ബാസുരന്‍ said...

എന്റെ ദൈവമേ യു ഏ ഇയില്‍ മഴ പെയ്യുന്നോ? ഇടിയും വെട്ടുന്നോ? ആ... വെറുതെയല്ല.സു ചേച്ചി കമന്റ് അപ്രൂവല്‍ മാറ്റിയിരിക്കുന്നു.

എന്ത് പറ്റീ ?

Sun Aug 06, 06:33:00 PM IST  
Blogger മുസാഫിര്‍ said...

സു, ഞാന്‍ നേരത്തെ പറഞ്ഞത് തിരിച്ചെടുത്തു.ഇതു സുവിന്റെ മാറി മാറി വരുന്ന മുഡുകളല്ല.വെറും കവിതയാണ്.

Sun Aug 06, 06:57:00 PM IST  
Blogger ജ്യോതിര്‍മയി said...

മോക്ഷം വേണം. 'ഞാന്‍' അതു ചെയ്തു, ഞാന്‍ ഇങ്ങനെയാണ്‌, ഞാന്‍ കഷ്ടപ്പെടുന്നു....ഈവക 'അഹം'കാരങ്ങളെക്കൊണ്ടാണു ഞാനിനെ കെട്ടിയിടാനുള്ള ചങ്ങലകളുണ്ടാക്കുന്നത്‌. ജനലുകളും വാതിലും കൊട്ടിയടച്ച്‌, ഉള്ളില്‍ ശ്വാസം മുട്ടിയാലും ഞാനിന്‌` ഇതൊന്നും കളയാന്‍ വയ്യ. ചിതയിലെരിഞ്ഞാലും കെട്ടുകള്‍ പൊട്ടുമോ? ശരീരവും മനസ്സും ബുദ്ധിയും ചെയ്യുന്നതൊക്കെ ഒരു സാക്ഷിയായി നിന്നു കാണാന്‍ 'ഞാനിനെ പരിശീലിപ്പിയ്ക്കണം, എന്നാല്‍ ജീവിയ്ക്കുമ്പോള്‍ തന്നെ liberated ആവാമത്രേ.

കൊമ്പില്ലാത്ത സാക്ഷി!!

സു, നന്നായി ചിന്തിപ്പിക്കുന്നു. ചിന്ത നന്നോ :-)

Sun Aug 06, 07:41:00 PM IST  
Blogger ദില്‍ബാസുരന്‍ said...

ശരീരവും മനസ്സും ബുദ്ധിയും ചെയ്യുന്നതൊക്കെ ഒരു സാക്ഷിയായി നിന്നു കാണാന്‍ 'ഞാനിനെ പരിശീലിപ്പിയ്ക്കണം, എന്നാല്‍ ജീവിയ്ക്കുമ്പോള്‍ തന്നെ liberated ആവാമത്രേ

ജ്യോതിര്‍മയി...നല്ല കമന്റ്. 2 ദിവസത്തേയ്ക്ക് ചിന്തിക്കാനുള്ളതായി. നന്ദി.

Sun Aug 06, 07:46:00 PM IST  
Blogger ജ്യോതിര്‍മയി said...

ദില്‍!
"ചിന്തയും വാക്കുമെന്‍ചെയ്തികളും-
കൊണ്ടു ഞാന്‍ നെയ്തൊരിപ്പട്ടുവസ്ത്രം
ഞാന്‍ തന്നെയെന്നേ മമത മൂലം
ഞാനു,മെല്ലാരും നിനച്ചതുള്ളൂ..." എന്ന വരികള്‍(മധുരാജിന്റെ) എനിയ്ക്കിഷ്ടപ്പെട്ടവയാണ്‌

ദില്‍, ചിന്തിയ്ക്കൂ,(കുറേശ്ശെ കുറേശ്ശെയായിട്ടു മതി). എല്ലാ ഭാവുകങ്ങളും:-)

Sun Aug 06, 08:12:00 PM IST  
Blogger ദില്‍ബാസുരന്‍ said...

ജ്യോതിര്‍മയീ,
തീര്‍ച്ചയായും ചിന്തിക്കുന്നുണ്ട്.കുറേശ്ശെയായിത്തന്നെ.(പ്രോസസര്‍ അടിച്ച് പോകരുതല്ലോ :)) ഫിലോസഫിയില്‍ കുറച്ച് കമ്പണ്ടേയ്....

ഓടോ:പറയാനുള്ളത് ഗദ്യരൂപത്തിലായാല്‍ എളുപ്പമായിരുന്നു. :)(തമാശയാണേയ്.. പദ്യമായാലും ഞാന്‍ ഉമേഷേട്ടനോട് മെയിലയച്ച് ചോദിച്ച് മനസ്സിലാക്കും:-))

Sun Aug 06, 08:19:00 PM IST  
Blogger Satheesh :: സതീഷ് said...

ഉള്ളതു പറയണമല്ലോ, എനിക്കിഷ്ടപ്പെട്ടില്ല ഈ കവിത! എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍.. എനിക്കു തന്നെ അറിയില്ല! പക്ഷേ എന്തോ ഒരു അസ്കിത ഉണ്ടിതില്‍!
അടുത്ത പോസ്റ്റിനായി കാക്കുന്നു!

Sun Aug 06, 09:11:00 PM IST  
Blogger ബാബു said...

ചില അതിര്‍ത്തി വരകല്‍ തെളിഞ്ഞുകിടക്കില്ല. അപ്പോള്‍ കാല്‍ വഴുതി വീഴാന്‍ എളുപ്പം. വഴുവഴുപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്റെ കുഴികളില്‍ വീണാലൊ, കരകയറുവാന്‍ എളുപ്പവുമല്ല. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

Sun Aug 06, 09:31:00 PM IST  
Blogger വേണു venu said...

ജ്യോതിര്മയിക്കും ,ദില്ബാസുരനും,
“കൊമ്പില്ലാത്ത സാക്ഷി!!
സു, നന്നായി ചിന്തിപ്പിക്കുന്നു. ചിന്ത നന്നോ :-) “

എനിക്കിപ്പൊള് ഓര്ക്കാന് കഴിയുന്നതു്, നിഷേയുടെ വചനന്ങള് ആണു്.:ഞാന് ചിന്തിക്കുന്നു അതിനാല് ഞാന് ജീവിക്കുന്നു.”.ചിന്തിച്ചാല് ഒരു അന്തവുമില്ലാ,ചിന്തിച്ചില്ലേല് ഒരു കുന്തവുമില്ലാ.
വേണു.

Mon Aug 07, 12:02:00 AM IST  
Blogger സ്വാര്‍ത്ഥന്‍ said...

സൌഹൃദങ്ങള്‍ക്കു പൂക്കുവാനായി വര്‍ഷത്തില്‍ ​ഒരു ദിനം തന്നെ നിശ്ചയിച്ചിരിക്കുന്നു ലോകം...

Mon Aug 07, 12:38:00 AM IST  
Blogger സു | Su said...

വല്യമ്മായീ,

വഴുവഴുപ്പുള്ളതുകൊണ്ടാണല്ലോ കയറി വരാന്‍ പറ്റാത്തത്.

രാഘവന്‍ :) അതെ. ഞാനെഴുതിയത് എന്നും പൂക്കും.

സുമാത്ര :) എന്നും പൂക്കുന്നതാവണം എന്ന് ഒരു ആഗ്രഹം പറഞ്ഞതല്ലേ.

പാറൂ :) എനിക്ക് സ്വയം കയറിപ്പോരുന്നതാണിഷ്ടം. നീട്ടുന്ന കൈ ആഞ്ഞുതള്ളാന്‍ ആണോന്നറിയില്ലല്ലോ.

ദില്‍‌ബൂ:)
അതെ. ചാനലുകള്‍ നോക്കി സന്തോഷമായി ഇരിക്കുന്നതായിരുന്നു നല്ലതെന്ന് തോന്നുന്നു.

ജ്യോതീ:) ഒക്കെ “ഞാന്‍“ കാണുന്നുണ്ട്. പക്ഷെ പ്രതികരിക്കാന്‍ പറ്റില്ല. അപ്പോ ഞാന്‍ ഞാനിന്റെ രൂപത്തില്‍ തന്നെ പ്രതികരിക്കും.

സതീഷ് നന്ദി :) “അടുത്ത പോസ്റ്റിനായി കാക്കുന്നു!"
ഈ വാചകത്തിന്.

മുസാഫിര്‍ :) അങ്ങനെ മനസ്സിലാക്കിയതില്‍ സന്തോഷം.

ബാബു :)തെളിഞ്ഞ് കിടക്കാത്ത വരകള്‍ ഇല്ല. മുകളിലേക്ക് നോക്കി വായുമ്പൊളിച്ച് പോകുന്നതുകൊണ്ട് കാണുന്നില്ല. അത്രയേ ഉള്ളൂ. അതുകൊണ്ട് ലംഘിക്കുന്നു, വീഴുന്നു.

വേണു :)“ചിന്തിക്കുന്നു അതിനാല് ഞാന് ജീവിക്കുന്നു.”

ചിന്തിച്ചില്ലെങ്കില്‍ എനിക്ക് സന്തോഷമായി ജീവിക്കാമായിരുന്നു.

സ്വാര്‍ത്ഥാ :) ആ ദിനം ഞാന്‍ മറന്നു.


w v (shasv)

Mon Aug 07, 08:32:00 AM IST  
Blogger ബിന്ദു said...

'എനിക്കു' പൊള്ളുന്നു.:)

Mon Aug 07, 10:41:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

വെറുതെ നടക്കുകയായിരുന്നു...

പിന്നില്‍ ജന്മജന്മാന്തരങ്ങളുടെ ഭാണ്ഡങ്ങള്‍ ....

ഒരു പൂ വിളിച്ചു
“ഓര്‍മ്മയില്ലേ?”

തികട്ടിവന്ന ഓര്‍മ്മകളില്‍ തിരഞ്ഞുകൊണ്ടിരുന്നു....

ഉവ്വ്....

നിന്നെ...,
വ്യാഴവട്ടങ്ങള്‍ക്കുമുന്‍പേ കണ്ടുകണ്മറഞ്ഞ ബിംബങ്ങളില്‍ നിന്നൊരു ശലാക എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു...
“നീയതായിരുന്നോ?
പിന്നെന്തേ നമുക്കിത്ര വൈകി?”

“നാം എഴുതിവെയ്ക്കപ്പെട്ട സ്വന്തം ഭ്രമണപഥങ്ങളില്‍ കുടുങ്ങിയിരിക്കുന്നു....
വ്യാഴവട്ടങ്ങളിലേ നമുക്കൊത്തുചേരാനാവൂ...“

“നമ്മുടെ സമയം പക്ഷേ വിധിയെടുത്തുകഴിഞ്ഞിരിക്കുന്നു...!“

“എങ്കിലും നിനക്കോര്‍മ്മയുണ്ടാവണം...ഞാനിപ്പോഴും നിന്നെക്കുറിച്ചു ഭ്രമിച്ചുകൊണ്ടേയിരിക്കുന്നു....“

*** *** ***


നീണ്ട കൈകള്‍ക്കറ്റത്ത് ചിതയില്‍ നിന്നൊരു പെണ്‍കുട്ടി പിടി മുറുക്കി.

ഗുരുത്വത്തിന്നെതിരെ ഞാനെന്റെ ഹൃദയത്തെ എന്നോടുതന്നെ ചേര്‍ത്ത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു....

മഴ വീണ ഊടുവഴികളില്‍ പോയ വേനലിന്റെ പായല്‍ വഴുക്കുകള്‍....

ആത്മഹത്യാമുനമ്പുകളില്‍ തിരിച്ചലയടിക്കുന്ന എന്റെ സ്വന്തം പ്രതിബിംബങ്ങള്‍...

ദേവീ, വരൂ... ഉയിര്‍ത്തെഴുന്നേല്‍ക്കൂ‍....

കോടമഞ്ഞുപോലെ ഒരു തേങ്ങല്‍ മനസ്സിനെ കടന്നുപോയി....

*** *** ***
ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്നു മനസ്സ്.
എവിടെനിന്നാണിപ്പോള്‍ ഈ ഉഷ്ണമേഘങ്ങള്‍ പാറിവരുന്നത്?

തുടുത്ത പ്രഭാതത്തിനുമീതെ അവ അഗ്നിയായി തപിച്ചു...തപിപ്പിച്ചു...
വയ്യ. ഇവയ്ക്കപ്പുറം എന്റെ പതിവുള്ള ദിവസങ്ങളിലേക്കു കയറിപ്പോകാനാവുന്നില്ല...
ഉഷസ്സെണീല്‍ക്കുന്നതിനുമുന്നേ അവ ആകാശം മുഴുവന്‍ മൂടിനില്‍ക്കുന്നു....

പെയ്തൊഴിയുകയെങ്കിലും ചെയ്തിരുന്നെങ്കില്‍...
അഥവാ ഇവ വെറും ഉഷ്ണമേഘങ്ങള്‍ തന്നെയോ?

*** *** ***

ഗുരുത്വം വഴുക്കലിനു കീഴടങ്ങി...
ദേശത്തിലും കാലത്തിലും
പിടിച്ചുനില്‍ക്കാനാവാതെ നീലക്കുറിഞ്ഞിപ്പൂക്കള്‍ കീഴെ അഗാധതയിലേക്കു പടിയിറങ്ങിപ്പോയി പിന്നെയും...

Tue Aug 08, 12:29:00 AM IST  
Blogger സു | Su said...

ബിന്ദൂ :)

വിശ്വം :)ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്നു മനസ്സ്.

എന്റെ മനസ്സ് ഇത് വായിച്ച് ശൂന്യമായി.

Tue Aug 08, 02:11:00 PM IST  
Blogger മുല്ലപ്പൂ || Mullappoo said...

സൌഹൃദത്തെ, സംശയം തകര്‍ക്കുമോ...
ഇല്ല എന്നാ‍കട്ടെ ഉത്തരം..

Tue Aug 08, 02:17:00 PM IST  
Blogger സു | Su said...

മുല്ലപ്പൂ :) തകര്‍ക്കും.

Tue Aug 08, 06:28:00 PM IST  
Blogger കൈത്തിരി said...

ന്റെ സൂ, ഞാന്‍ ശൂൂൂ... അല്ല, കൊച്ചു കള്ളീ, ഞങ്ങളെ പറ്റിക്കാന്നു കരുതിയോ? തീ കൊളുത്താതെ ചിതേല്‍ കയറി കിടന്നു പൊള്ളുന്നേന്നു നെലോളിക്യാ? നല്ല പെട മേടിക്കല്ലേ... വിറകു മാറ്റിത്തരാം, മെല്ലെയിറങ്ങി പോരെന്നേ..

Wed Aug 09, 03:41:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home