Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 26, 2006

മിനിക്കുട്ടിയുടെ അച്ഛന്‍

"അമ്മേ... ഇത്‌ ഷബാന തന്നതാ."

അവള്‍ കണ്ടു. കളര്‍പെന്‍സില്‍.

"നിന്നോട്‌ പറഞ്ഞിട്ടില്ലേ മറ്റുള്ളവരോട്‌ ഓരോന്ന് വാങ്ങിക്കൊണ്ടു വരരുതെ‌ന്ന്?"

"അതിനു ഞാന്‍ ചോദിച്ച്‌ വാങ്ങുന്നതൊന്നുമല്ലല്ലോ. അവളുടെ ഉപ്പ ഗള്‍ഫീന്ന് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ കൊണ്ടു വന്നതാ. അമ്മയ്ക്കെന്തിനാ ദേഷ്യം. അച്ഛന്‍ വരുമ്പോള്‍ ഞാനും കൊണ്ടുക്കൊടുക്കില്ലേ എല്ലാവര്‍ക്കും".

അവള്‍ ഒന്ന് ഞെട്ടി. അതെ അച്ഛന്‍ വന്നാല്‍ കൊണ്ടുക്കൊടുക്കാം. പക്ഷെ എന്നാണ് എത്തുക എന്നറിയില്ല. മിനിക്കുട്ടിയ്ക്ക്‌ അച്ഛനെ കേട്ടറിഞ്ഞ്‌ മാത്രമേ ശീലമുള്ളൂ. ഒരു വയസ്സാവുന്നതിനുമുമ്പ്‌ പോയതാണ്‌. വരുമ്പോള്‍ പരിചയപ്പെട്ടോട്ടെ അച്ഛനും മകളും. വൈകുന്നേരം അമ്പലത്തില്‍ നിന്ന് ലക്ഷ്മി അമ്മ ചോദിച്ചു

"എപ്പഴാ കുട്ട്യേ ഇതിന്റെ അച്ഛന്‍ വരുന്നത്‌? വല്ലതും അറിയ്യോ? "

"അടുത്ത മാസം ആദ്യം എന്നാണു പറഞ്ഞിരുന്നത്‌".

"എന്നാലിനിയിപ്പോ കുറച്ച്‌ ദിവസം അല്ലേ ഉള്ളൂ, വരട്ടെ എന്തായാലും. നീ ഇതിനേം കൊണ്ട്‌ ഒറ്റയ്ക്ക്‌ എത്രകാലം കഴിയും?"

"ഉം"വെറുതേ മൂളി. മിനിക്കുട്ടിയെ ഓര്‍ത്ത്‌ മാത്രമാണ് ജീവിക്കുന്നത്‌. അതുകൊണ്ട്‌ എങ്ങനേയും ജീവിക്കും എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ കഴിയില്ല. നാളെ എന്തെങ്കിലും ആവശ്യം വന്നാല്‍ കരുണ കാണിക്കാന്‍ അവരേയുള്ളൂ.

"അമ്മേ അച്ഛന്‍ അടുത്താഴ്ച വരുമെന്ന് എന്നോട്‌ പറഞ്ഞില്ലല്ലോ. എന്നാ വരുന്നത്‌? എനിക്ക്‌ സ്കൂളില്‍ പോയിട്ട്‌ എല്ലാരോടും പറയണം." മിനിക്കുട്ടി ആഹ്ലാദസ്വരത്തില്‍ പറഞ്ഞു.

"ആരോടും എഴുന്നള്ളിക്കേണ്ട. വന്നിട്ട്‌ പറഞ്ഞാല്‍ മതി. വേഗം നടക്ക്‌ അങ്ങോട്ട്‌. ഇരുട്ടി."

എന്തോ ചോദിക്കാന്‍ തുടങ്ങിയെങ്കിലും, വേണ്ടാന്ന് വെച്ചിട്ട്‌, ഇരുട്ട്‌പോലെ മങ്ങിയ മുഖവുമായി മിനിക്കുട്ടി ഓടി, മുന്നോട്ട്‌.

വ്യാഴാഴ്ചയായി.

"ഇന്ന് അച്ഛന്‍ വരും അല്ലേ അമ്മേ? അമ്മ കടയില്‍ നിന്ന് പറയുന്നത്‌ കേട്ടല്ലോ. ഞാനിന്ന് പോകുന്നില്ല സ്കൂളില്‍."മെടഞ്ഞുകൊടുത്തുകൊണ്ടിരുന്ന മുടി ഒറ്റ വലി വലിച്ചു. മിനിക്കുട്ടി ഒന്നു കുതറി. വേദനിപ്പിച്ചതില്‍ ആത്മനിന്ദ തോന്നി അവള്‍ക്ക്‌.

എന്നാലും പറഞ്ഞു. "പോകാതൊന്നും ഇരിക്കുന്നില്ല. വൈകുന്നേരം വരുമ്പോള്‍ ഇവിടെ ഉണ്ടാകും അച്ഛന്‍. പിന്നെ എന്നും കാണാം."മിനിക്കുട്ടി ഒന്നും മിണ്ടാതെ ബാഗും കുടയും എടുത്ത്‌ ഇറങ്ങിപ്പോയി. വൈകുന്നേരം മിനിക്കുട്ടിയുടെ മുഖത്ത്‌ വേനല്‍സൂര്യന്റെ തെളിച്ചം ഉണ്ടായിരുന്നു. ചെരുപ്പഴിച്ച്‌ വെച്ചിട്ട്‌ ബുക്കും കുടയും എറിയുകയാണുണ്ടായത്‌.

"എവിടെ അച്ഛന്‍?"മോളുടെ സ്വരത്തിലെ സന്തോഷത്തിന്റെ വെണ്മ , തന്റെ മുഖത്ത്‌ വന്നില്ലെന്ന് അവളോര്‍ത്തു.

"മുറിയിലുണ്ട്‌". പറയുമ്പോള്‍ ശബ്ദം പോയ പക്ഷിയുടെ തേങ്ങല്‍ പോലെയാണു മിനിക്കുട്ടി കേട്ടത്‌. ഈ അമ്മയുടെ ഒരു കാര്യം. അവള്‍ മുറിയിലേക്കോടി. അവളുടെ ശബ്ദം കേട്ട്‌ കട്ടിലില്‍ എണീറ്റിരുന്ന രൂപത്തിനു, അവള്‍ പ്രതീക്ഷിച്ചിരുന്ന, കടല്‍ കടന്ന് ഒരുപാടു സമ്മാനങ്ങളുമായി വരുന്ന അച്ഛന്റെ രൂപം ഇല്ലെന്ന് മിനിക്കുട്ടിക്ക്‌ തോന്നി. "മോളേ" ന്ന് വിളിച്ചപ്പോള്‍ പിന്തിരിയാന്‍ തോന്നിയെങ്കിലും മിനിക്കുട്ടി അനങ്ങിയില്ല. അച്ഛന്‍ വന്ന് അവളെ എടുത്തപ്പോഴും ഒരു അപരിചിതത്വം അവരുടെ ഇടയില്‍ ഒളിച്ചുകളിച്ചു. അന്ന് മിനിക്കുട്ടി ഉറങ്ങാന്‍ കിടന്നത് ഒരുപാട് ചോദ്യങ്ങളുള്ള ഉറങ്ങാത്ത മനസ്സുമായിട്ടാണ്.

പിറ്റേന്ന് സ്കൂളില്‍ പോയപ്പോള്‍ അവളുടെ ഉറ്റ കൂട്ടുകാരി ഷബാന തന്നെയാണ്‌ അവളുടെ മനസ്സിലെ ചോദ്യത്തിനു ഉത്തരം കൊടുത്തത്‌.

" നിന്റെ അച്ഛന്‍ വന്നുല്ലേ? നന്നായി. ഇനി അച്ഛന്‍ ജോലിയെടുത്ത്‌ ഒക്കെ വാങ്ങിത്തന്നോളും. നിന്റെ അമ്മയ്ക്കിനി കഷ്ടപ്പെടേണ്ട. ഇനിയെങ്കിലും നിന്റെ അച്ഛന്‍ നേരാംവണ്ണം ജീവിക്കും എന്നാ ന്റെ ഉമ്മ പറഞ്ഞത്‌ ."

"അതിനു അച്ഛനു എന്തായിരുന്നു കുഴപ്പം?" ഇത്തിരി വിഷമത്തോടെയാണ്‌ മിനിക്കുട്ടി ചോദിച്ചത്‌. ദേഷ്യപ്പെടുന്ന അമ്മയോട്‌ ചോദിക്കുന്നതിലും ഭേദമാണല്ലോ കൂട്ടുകാരി.

" നിന്റെ അച്ഛന്‍ വഴക്കുണ്ടാക്കി ഒരാളെ കുത്തിയതിനു ജയിലില്‍ ആയിരുന്നു ഇത്രേം കാലം. ശരിക്കൊരു തെളിവില്ലാന്ന് വാദിച്ച്‌ വാദിച്ചാ ശിക്ഷ കുറച്ച്‌ കിട്ടിയത്‌. ഇതൊക്കെ ഉമ്മ ഉപ്പയോട്‌ പറയുന്നത്‌ ഞാന്‍ കേട്ടു. ഇന്നലെ നിന്റെ അമ്മ വന്നിരുന്നു, നിന്റെ അച്ഛന് എന്തെങ്കിലും ജോലി കിട്ടുമോന്ന് ചോദിക്കാന്‍."

ഒക്കെ കേട്ട്‌ നിറഞ്ഞ്‌ വൈകുന്നേരം വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അവള്‍, പക്ഷെ ഓര്‍ത്തത്‌ അച്ഛനും കൂടെ ഇനി വീട്ടില്‍ ഉണ്ടാവുമല്ലോ എന്നാണ്‌.

വീട്ടിലെത്തി ‘അച്ഛാ, അമ്മേ’ന്ന് ഒരുമിച്ച്‌ വിളിക്കുമ്പോള്‍ അവള്‍ക്കും അച്ഛനും ഇടയില്‍ ഉണ്ടായിരുന്ന അപരിചിതത്വം പിന്‍മാറിയെന്ന് മിനിക്കുട്ടിയ്ക്ക്‌ തോന്നി. അമ്മ ഒന്ന് അമ്പരന്നെങ്കിലും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി അവരുടെ മുഖത്തും വന്നു.

21 Comments:

Blogger myexperimentsandme said...

നന്നായിരിക്കുന്നു.

Wed Jul 26, 06:16:00 pm IST  
Blogger ബിന്ദു said...

അതെയതെ അടുത്തച്ഛന്‍ ഉണ്ടാവുമല്ലൊ. :) നല്ല കഥ സൂ.

Wed Jul 26, 06:29:00 pm IST  
Anonymous Anonymous said...

നന്നായിട്ടുണ്ട് സൂവേച്ചി...വളരെ...

Wed Jul 26, 06:36:00 pm IST  
Blogger Visala Manaskan said...

മറ്റൊരു നല്ല സൂ കഥ

Wed Jul 26, 06:38:00 pm IST  
Blogger മുല്ലപ്പൂ said...

നല്ല കഥ സൂ..
പക്ഷേ അവസാന ഭാഗത്ത് ഒരു ഒഴുക്കു കുറവ്...
:) (ചിരി ഇട്ടിട്ടുണ്ടു..)

Wed Jul 26, 06:39:00 pm IST  
Blogger കുറുമാന്‍ said...

പാവം മിനിക്കുട്ടി.......

നന്നായിരിക്കുന്നു സൂ

Wed Jul 26, 06:47:00 pm IST  
Blogger മുസാഫിര്‍ said...

കഥ നന്ന് സൂ,

പ്രതീക്ഷ-ദു:ഖം-പ്രതീക്ഷ.
ജീവിതം പോലെ .

Wed Jul 26, 07:01:00 pm IST  
Blogger ഇടിവാള്‍ said...

ഏകദേശം ഈ സെറ്റപ്പുള്ള ഒരു ഫാമിലിയെ നാട്ടില്‍ നേരിട്ടറിയാം... സങ്കടം തോന്നി..

നന്നായി എഴുതി സൂ !

Wed Jul 26, 07:15:00 pm IST  
Blogger Adithyan said...

ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന നുണകള്‍...
നന്നായിരിക്കുന്നു.

Wed Jul 26, 07:45:00 pm IST  
Anonymous Anonymous said...

രാക്കിളിതന്‍ ചിരിനനയും നോവിന്‍...

Wed Jul 26, 08:09:00 pm IST  
Blogger സു | Su said...

വക്കാരീ :) ബിന്ദൂ :) എല്‍ ജീ :) വിശാലാ :)

ഇടിവാളേ :) കുറുമാനേ :) മുസാഫിറേ :)

ആദീ :) മുല്ലപ്പൂവേ :) കമന്റിനു നന്ദി :)


വായിച്ചവര്‍ക്കും നന്ദി :)

Wed Jul 26, 10:15:00 pm IST  
Blogger മുസാഫിര്‍ said...

ഈ ഹ്രസ്വമായ മറുപടീയുടെ അര്‍ത്ഥം സൂ തിരക്കിലാണെന്നാണു,നാളെ വേറെ ഒന്നു കൂടി പ്രതീക്ഷിക്കാം അല്ലെ ?

Thu Jul 27, 12:24:00 am IST  
Blogger Santhosh said...

പതിവു പോലെ നല്ല കഥ, സൂ.

Thu Jul 27, 05:16:00 am IST  
Blogger സു | Su said...

മുസാഫിര്‍ :) എനിക്ക് തല്‍ക്കാലം ഒരു തിരക്കുമില്ല. എല്ലാവരും കഥ നന്നായിരിക്കുന്നു എന്ന് പറഞ്ഞതിന് നന്ദി എന്നു പറഞ്ഞു . അത്രേ ഉള്ളൂ.

സന്തോഷ് :)നന്ദി.



"ഓമനത്തിങ്കള്‍ക്കിടാവേ
പാടിപ്പാടി ഞാന്‍ നിന്നെയുറക്കാം
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും
അമ്മ ദുഃഖങ്ങളെല്ലാം മറന്നിരിക്കും”

Thu Jul 27, 11:58:00 am IST  
Blogger Raghavan P K said...

മിനിക്കുട്ടീടെ അച്ഛന്റെ കഥ പല NRIക്കും അനുഭവപ്പെട്ടിട്ടുണ്ടാവം.....
പിന്നെ കഥയിലെ ചില വരികള്‍ not legible. Is it a problem of my PC or copy /paste ?

carry on... my best wishes..!

Thu Jul 27, 12:36:00 pm IST  
Blogger സു | Su said...

രാഘവന്‍ :) സ്വാഗതം. നന്ദി. ശരിക്ക് വായിക്കാന്‍ കിട്ടാത്തത് ഈ ടെമ്പ്ലേറ്റിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു. പലരും പറഞ്ഞു.


ഇതിലെ മിനിക്കുട്ടിയുടെ അച്ഛന്‍ വിദേശത്താണെന്ന് പറഞ്ഞിട്ടില്ല. മിനിക്കുട്ടിയോട് അങ്ങനെ പറഞ്ഞ് ധരിപ്പിച്ചിട്ടേ ഉള്ളൂ.

Thu Jul 27, 01:01:00 pm IST  
Blogger Rasheed Chalil said...

നന്നായിരിക്കുന്നു.

Thu Jul 27, 02:07:00 pm IST  
Blogger സു | Su said...

ഇത്തിരിവെട്ടം :)

Thu Jul 27, 06:01:00 pm IST  
Blogger asdfasdf asfdasdf said...

നന്നായിരിക്കുന്നു. ഇനിയും മുന്നോട്ട് ..

Thu Jul 27, 06:20:00 pm IST  
Blogger Satheesh said...

സൂ, വളരെ നന്നായി എഴുതിയിരിക്കുന്നു..കഥയുടെ അവസാനം അല്പം ഫാസ്റ്റ് ഫോര്‍വേഡാക്കിയോന്നൊരു സംശയം. :-)
എന്റെ നാട്ടിലൊരു കുഞ്ഞിരാമേട്ടനുണ്ടായിരുന്നു. ഒരു പാവം മനുഷ്യന്‍. രണ്ട് കുഞ്ഞു പിള്ളേരും ജാനകിയേച്ചിയും അടങ്ങിയ കുടുംബം. എന്നും കൂലിപ്പണികഴിഞ്ഞു വരുമ്പോള്‍ അല്പം അന്തിക്കള്ള് കുഞ്ഞിരാമേട്ടന്റെ ഒരു വീക്നെസ്സായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം സംഭവം കൈവിട്ടുപോയി.വാക്തര്‍ക്കം ഉന്തിലും തള്ളിലും എത്തിയപ്പോള്‍, അറിയാതെ കുഞ്ഞിരാമേട്ടന്റെ കൈ തന്റെ കയ്യിലുള്ള വാക്കത്തിയിലേക്കു നീണ്ടു.. ബാക്കി ചരിത്രം! രാമദാസിനെ കൊന്ന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ കോടതിയില്‍ വായിക്കുമ്പോള്‍ ഇതെന്താണെന്നു പറഞ്ഞുകൊടുക്കാന്‍ പോലും ഒരാളും കൂടെയുണ്ടായിരുന്നില്ല! 12 കൊല്ലം കഷ്ടപ്പെട്ട് ആ കുഞുങ്ങളെ വളര്‍‍ത്തിയ ജാനക്യേച്ചിയെ, ഈ കഥ വായിക്കുമ്പോള്‍ എനിക്കോര്‍മ്മ വന്നു.!

Sat Jul 29, 09:11:00 am IST  
Blogger സു | Su said...

കുട്ടമേനോന്‍ :)സ്വാഗതം

സതീഷ് :) നന്ദി.

Sat Jul 29, 12:20:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home